Pages

കൂട്ടായ്മകളുടെ ആനന്ദം

ആദ്യകാല മലയാളം ബ്ലോഗിലെ  ദമ്പതികളാണ്  മാവേലികേരളവും  ആവനാഴിയും.  അന്ന് ഇങ്ങനെയൊക്കെയാണ് ബ്ലോഗര്‍മാര്‍ തങ്ങളുടെ ബ്ലോഗ് പേരുകള്‍ സ്വീകരിക്കാറ്.  പ്രസന്ന ടീച്ചറും രാഘവന്‍ മാഷും എന്ന ഇവരുടെ യഥാര്‍ത്ഥ പേരുകള്‍ ബ്ലോഗില്‍ എല്ലാവര്‍ക്കും അറിയാവുന്നത്കൊണ്ട് ഇവിടെ അത് പ്രകാശിപ്പിക്കുന്നതില്‍ അവര്‍ക്ക് പ്രയാസം ഉണ്ടാവില്ല എന്ന് കരുതുന്നു.  സൌത്ത് ആഫ്രിക്കയില്‍ താമസിക്കുന്ന ഇവര്‍ ഒരു മാസത്തെ അവധിക്ക് നാട്ടില്‍ വരുന്നുണ്ട്.  അപ്പോള്‍  എവിടെയെങ്കിലും ഒരു ബ്ലോഗ് മീറ്റ് നടക്കുകയാണെങ്കില്‍  പങ്കെടുക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് മാവേലികേരളം  ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇവിടെ.  ആദ്യകാലത്ത് ബ്ലോഗില്‍ നല്ലൊരു  സാഹോദര്യബന്ധം നിലനിന്നിരുന്നു. ആ നൊസ്റ്റാള്‍ജിയ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് അവര്‍ തങ്ങളുടെ ആഗ്രഹം വ്യക്തമാക്കുന്നത്.  ആ പോസ്റ്റ്  അധികം പേരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. മുന്‍പായിരുന്നെങ്കില്‍ അവിടെ അനേകം കമന്റുകള്‍ ഇതിനകം പ്രത്യക്ഷപ്പെട്ടേനേ.

എന്തൊക്കെ സൌഭാഗ്യങ്ങള്‍ ജീവിതത്തില്‍ നേടിയാലും  മറ്റുള്ളവരുമായി കൂടിച്ചേരുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥമായ ആനന്ദം അനുഭവിക്കുന്നത് എന്നതിന് ഇക്കാലത്തും മാറ്റം വന്നിട്ടില്ല.  ശരിക്ക് പറഞ്ഞാല്‍ നമ്മള്‍ ഓരോന്ന് നേടുന്നത് തന്നെ ആരെയെങ്കിലും തന്നിലേക്ക് ആകര്‍ഷിച്ച് അവരുടെ പ്രീതി സമ്പാദിക്കുന്നതിന് വേണ്ടിയല്ലേ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.  നമ്മളുടെ ഓരോ പ്രവര്‍ത്തിയും മറ്റുള്ളുവരുടെ അംഗീകാരം പിടിച്ചുപറ്റാന്‍ വേണ്ടിയാണെന്ന്  ഡെയില്‍ കാര്‍ണഗി തന്റെ പ്രശസ്തമായ പുസ്തകത്തില്‍  പറഞ്ഞിട്ടുണ്ട്.  അങ്ങനെ നോക്കുമ്പോള്‍  മനുഷ്യന് തന്റെ നിലനില്പിന്  വളരെ കുറച്ച് ആവശ്യങ്ങളേയുള്ളൂ.  ബാക്കിയൊക്കെ അവന്‍ കഷ്ടപ്പെട്ട് ആര്‍ജ്ജിക്കുന്നത്  മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിച്ച് അങ്ങനെ ലഭിക്കുന്ന സംതൃപ്തിക്ക് വേണ്ടി തന്നെയാണ്.  ആഡംബരപൂര്‍ണ്ണമായ വീട് നിര്‍മ്മിക്കുന്നത് പിന്നെ എന്തിനാണ്?  ഗൃഹപ്രവേശ ദിനത്തിലും പിന്നീട് വല്ലപ്പോഴും വരുന്ന അതിഥികളുടെ അംഗീകാരം  നല്‍കുന്ന സന്തോഷമാണ് വീട് ആ‍വശ്യത്തിലുമധികം ആഡംബരബഹുലമാക്കുന്നതിന്റെ കാരണം. ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത്  ആരുടെയെങ്കിലും സ്നേഹവും അംഗീകാരവും ഇല്ലാതെ ആര്‍ക്കും ജീവിയ്ക്കാന്‍ കഴിയില്ല എന്നാണ്.

മുന്‍പൊക്കെ സ്നേഹം ആര്‍ക്കും  നിരുപാധികം ലഭിച്ചിരുന്നു. കൂട്ടുകുടുംബം ഇന്നത്തെ പോലെ ശിഥിലമായിരുന്നില്ല. അന്യോന്യം ബന്ധമുണ്ടായിരുന്നു. ഇടക്കിടെ വിരുന്ന് പോവുക പതിവായിരുന്നു. അയല്പക്കബന്ധങ്ങളും  നല്ല നിലയിലായിരുന്നു.  പുരോഗതിയുടെ ഫലമായി ആനന്ദദായകമായ നിരവധി ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് വില കൊടുത്ത് വാങ്ങാന്‍ പറ്റുമെങ്കിലും യഥാര്‍ത്ഥ ആനന്ദം ഉളവാക്കുന്ന സ്നേഹം എന്നത് കിട്ടാക്കനിയായി.  കുടുംബബന്ധങ്ങള്‍ വെറും ഔപചാരികം മാത്രമാണിന്ന്. കല്യാണം , വീട്ടില്‍ കൂടല്‍ , മരണം എന്നിങ്ങനെ മൂന്നോ നാലോ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കുടുംബസന്ദര്‍ശനങ്ങള്‍ നടക്കുന്നത്.  സൌഹൃദബന്ധങ്ങളിലാണ്  ഇന്ന് സ്നേഹസംഗമങ്ങള്‍ നടക്കുന്നത്.  അത്കൊണ്ട് സുഹൃദ്ബന്ധം എന്നത് ഇക്കാലത്ത് കുടുംബബന്ധത്തെക്കാളും  പ്രധാനമാണ്.  സൊഹൃദബന്ധങ്ങള്‍ നിരുപാധികമാണ് എന്നതും പ്രത്യേകതയാണ്.  സൌഹൃദക്കൂട്ടായ്മകളുടെ പ്രസക്തി ഇതാണ്.

ഞാന്‍ മാവേലികേരളത്തിന്റെ പ്രസ്തുത പോസ്റ്റില്‍ കമന്റ് എഴുതിയ പോലെ അപരിചിതരായ സുഹൃത്തുക്കളെ നേരില്‍ കാണുന്നതിന്റെ ത്രില്‍ ആണ് ബ്ലോഗ് കൂട്ടായ്മകളുടെ സവിശേഷത. അതിന്  ബ്ലോഗ് മീറ്റ് തന്നെ വേണമെന്നില്ലല്ലൊ.  ഓര്‍ക്കുട്ട് മീറ്റ്, ഫേസ് ബുക്ക് മീറ്റ് , “കൂട്ടം”കൂട്ടായ്മ, അതുമല്ലെങ്കില്‍ വിശാലാര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റ് കൂട്ടായ്മ അങ്ങനെയൊക്കെ ഒന്നിച്ചുകൂടാലോ. ഞാന്‍ ഇത് വരെയിലും ബ്ലോഗ് മീറ്റില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ മറ്റ് മീറ്റുകളില്‍ പങ്കെടുത്ത് ഊഷ്മളമായ സൌഹൃദത്തിന്റെ ആനന്ദം അനുഭവിച്ചിട്ടുണ്ട്. ബ്ലോഗ് മീറ്റുകളെ കുറിച്ച് ബ്ലോഗില്‍ വായിച്ച അറിവേയുള്ളൂ. ഒന്നോ രണ്ടോ മീറ്റുകളില്‍ പങ്കെടുത്ത ബ്ലോഗ്ഗര്‍മാര്‍ പിന്നീട് അത്തരം മീറ്റുകളില്‍ പങ്കെടുക്കാന്‍ ആ‍ാവേശം കാണിക്കുന്നതായി ബ്ലോഗില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.  ബ്ലോഗ് കൂട്ടായ്മകള്‍ ഇനി നടക്കുമോ എന്ന് ചോദിച്ചാല്‍ നടന്നേക്കാം എന്നേ പറയാന്‍ പറ്റുകയുള്ളൂ. ബ്ലോഗര്‍മാരില്‍ അധികം പേരും പ്രവാസികളാണ്.  ബ്ലോഗ് മീറ്റുകള്‍ സംഘടിപ്പിക്കുക എന്നത് ദുഷ്ക്കരമാവുന്നത് അത്കൊണ്ടാണ്.  നാ‍ട്ടിലുള്ളവര്‍ക്ക് കൂടാനും മറ്റും  അവസരങ്ങള്‍ സുലഭമായത്കൊണ്ട് ബ്ലോഗ് മീറ്റ് നിര്‍ബന്ധമില്ല. ബ്ലോഗര്‍മാരിലെ പിണക്കങ്ങളും അവിശ്വാസങ്ങളും  ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നതില്‍ പ്രയാസമുണ്ടാക്കാറുണ്ടോ എന്ന് അറിയില്ല. നേരില്‍ കണ്ടാല്‍ പിണക്കങ്ങള്‍ മാറാനും സാധ്യത ഇല്ലാതില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും  ഒരു ബ്ലോഗ് മീറ്റ് കൂടി നടക്കുകയും ആ മീറ്റില്‍ മാവേലികേരളത്തെയും ആവനാഴി മാഷെയും കാണാനും മറ്റ് ബ്ലോഗര്‍മാരെയും നേരില്‍ കാണാനും എനിക്കും നിഗൂഢമായ ആഗ്രഹമുണ്ട്. ഒരു അഖില കേരള ബ്ലോഗേര്‍സ് മീറ്റ് തന്നെയാകാമായിരുന്നു.  കണ്ണൂരില്‍ സംഘടിക്കുകയാണെങ്കില്‍ എനിക്ക് സംഘാടനത്തില്‍ നല്ല പങ്ക് വഹിക്കാന്‍ കഴിയും.  ബ്ലോഗര്‍മാര്‍ക്ക് ,  പത്രക്കാര്‍ക്ക് പ്രസ്സ് കൌണ്‍സില്‍ ഉള്ള പോലെ ഒരു ഔപചാരിക ഫോറം ഉണ്ടെങ്കില്‍ നന്നായിരുന്നു എന്ന ആഗ്രഹം ഞാ‍ന്‍ ബ്ലോഗില്‍ പല തവണ എഴുതിയിട്ടും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബ്ലോഗിനെ ബ്ലോഗര്‍മാര്‍ പോലും ഗൌരവമായി കാണുന്നില്ല എന്ന് തോന്നുന്നു. ഇതിനിടയില്‍ മലയാളം ബ്ലോഗ് കൌണ്‍സില്‍ എന്നൊരു സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയതായി അവരുടെ ബ്ലോഗില്‍ കണ്ടിരുന്നു. മൂന്നോ നാലോ ബ്ലോഗര്‍മാരും അതില്‍ ചേര്‍ന്നതായും കണ്ടു. പിന്നെ എന്തായി എന്നറിയില്ല.

ഏതായാലും നാട്ടിലേക്ക് അവധി ആഘോഷിക്കാന്‍ വരുന്ന മാവേലികേരളത്തിനും ആവനാഴിമാഷിനും ഞാന്‍ ആസംസകള്‍ നേരുന്നു!

9 comments:

  1. ബ്ലോഗേഴ്സ് മീറ്റുകള്‍ പോലുള്ള കൂട്ടായ്മകള്‍ക്ക് ഒരു പ്രവാസി മലയാളി ആയ എന്‍റെ എല്ലാ ആശംസകളും... നാട്ടില്‍ വരുന്ന സമയത്ത് ഇത്തരത്തില്‍ ഉള്ള കൂട്ടായ്മകളില്‍ പങ്കെടുത്തു എല്ലാവരെയും നേരില്‍ കാണാനും അതിയായ ആഗ്രഹമുണ്ട്!

    ReplyDelete
  2. മുഖം മൂടി അണിഞ്ഞ ഞങ്ങൾ തലയിൽ മുണ്ടിട്ട് വരാം. സാറിനു ഇഷ്ടാവോ എന്തോ?


    ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam free Video Tips

    ReplyDelete
  3. സോറി, തിരിച്ചറിയോ എന്തോ? എന്നു തിരുത്തി വായിക്കുക.

    ReplyDelete
  4. അവനാഴി മാഷിനും മാവേലി കേരളത്തിനും ആശംസകള്‍. അവരുടെ അവധി ദിവസങ്ങള്‍ സാര്‍ത്ഥകമാവട്ടെ.

    ReplyDelete
  5. ബ്ലോഗിങ്ങും സര്‍ഗാത്മക പ്രക്രിയയുടെ രൂപം ആയാണ് ഞാന്‍ കണക്കാക്കുന്നത്..അതില്‍ കൂട്ടായ്മയ്ക്ക്..എന്ത് പ്രസക്തി എന്നാണ് എന്റെ ആലോചന..മറ്റൊന്ന് സൗഹൃദം സംഘടന ആകും ..സംഘടനകള്‍..അനാവശ്യപ്രവണതകള്‍ക്ക് വഴിവയ്ക്കും(ഇന്ന് എല്ലാ സംഘടനകളും ആ വഴിക്കാണ്) പരസ്പരം ഉള്ള വെള്ള പൂശലും .ഇഷ്ടപ്പെടാത്തവര്‍ക്കു എതിരെയുള്ള ചെളി വാരി എറിയലും..തുറന്നു പറയുന്നത് കൊണ്ട് ആരും പരിഭവിക്കരുത് .."നമ്മട ആള്‍ ..ഞങ്ങള്‍ട കക്ഷി" ഈ പരിഗണന വച്ചാണ് ബൂലോകത്തിന്റെയും പോക്ക് ..എന്ന് തോന്നിപോകും ...പിന്നെ ബ്ലോഗിങ്ങിലും ചിലര്‍ പറഞ്ഞ പോലെ മുഖം മൂടിക്കാരാണ് ഏറെയും..ഒളിച്ചു വയ്ക്കാന്‍ പലതും ഉള്ളവര്‍ (?)..

    ReplyDelete
  6. ഈ പോസ്റ്റ് കെ.പി.എസ് പോലും അവഗണിച്ചോ.:)

    ReplyDelete
  7. കെ.പി.എസ്സേ..നടക്കട്ടേ,ഒരു മിനികൂട്ടായ്മ.. അതിങ്ങ് കണ്ണൂരാണെങ്കില്‍ ആനന്ദനിര്വൃതിക്ക് ഇനിയെന്ത് വേണം !! ചെറായിക്കും,ഇടപ്പള്ളിക്കും ശേഷം ഛലോ ഛലോ കണ്ണൂര്‍..ഒന്ന് കൊണ്ട്പിടിച്ചാല്‍ അത് നടക്കും. ആശംസകളോടെ,ഹാറൂണ്‍ക്ക.

    ReplyDelete
  8. മാഷേ,
    സന്തോഷം ഞങ്ങള്‍ റെഡി.

    മാഷ് എന്നും സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് എഴുതാറുണ്ട്. വളരെ നല്ലതാണ്.

    മാഷ് പറഞ്ഞതുപോലെ മലയാള കൌണ്‍സില്‍ രൂപീകരിച്ചു എന്നു ഞാനും വായിച്ചിരുന്നു.പിന്നീടെ ഒന്നും കേട്ടില്ല.
    ബ്ലോഗിനെ സോഷ്യല്‍ നെറ്റ് വക്കിങ് എന്നാണല്ലോ പറയുന്നത്, അപ്പോള്‍ തന്നെ സമൂഹ്യകൂട്ടായ്മ അതില്‍ അടങ്ങിയിരിക്കുന്നു.നമ്മള്‍ ബ്ലോഗെഴുതുന്നുണ്ട്,അതോടൊപ്പം സാമൂഹ്യ കൂട്ടായ്മയും ആവശ്യമാണ്.

    അതിനെകുറിച്ചും കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യാം, അങ്ങനെയൊരു കൂട്ടയ്മ ഉണ്ടായാല്‍.

    എന്റെ അഭിപ്രായത്തില്‍ നമുടെ ഇടയില്‍ ലോബി ഗ്രൂപ്പുകളാണ് കൂടുതല്‍. അത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ കുഴപ്പമാണ്. മനുഷ്യനെ തട്ടുകളില്‍ നിര്‍ത്തുന്ന വ്യവസ്ഥ. അതിനെതിരായി ബ്ലോഗുകൂട്ടായ്മക്കെന്തു ചെയ്യാന്‍ കഴിയുന്നു എന്നുള്ളത് ഒരു ചലഞ്ച് ആണ്.അതിനു സമയം എടുക്കും.(ലെവെല്ലിങ് ദ് ഫീല്‍ഡ്.)വ്യക്തികളുടെ താലര്യമല്ല സംഘനക്കു വേണ്ടത്. ഒരു പ്രിന്‍സിപ്പിള്‍ ആണ്. അതെന്താണ് എന്ന് ആദ്യം തീരുമാനത്തിലെത്തണം.
    സസ്നേഹം

    ReplyDelete
  9. കേരളം മുഴുവന്‍ വേരുകളുളുള ഒരു സംഘടനയുടെ
    സംസ്ഥാന അദ്ധ്യക്ഷ പദവി വരെയെത്തിയ ഒരാ
    ളെന്ന നിലയില്‍ പറയട്ടെ ബ്ളോഗ് ഒരു സര്‍ഗ്ഗ
    പ്രക്രിയ വേദിയാകുന്നതാണ് നല്ലത്.

    ReplyDelete