2G/3G സ്പെക്ട്രം എന്താണെന്ന് വിശദമാക്കുന്ന ഒരു ബ്ലോഗ് താങ്കളില്‍ നിന്ന് പ്രതീക്ഷിക്കട്ടെ. ആര്‍ക്കും എന്താണെന്ന് വലിയ പിടിയൊന്നുമില്ല എന്ന് നിലമ്പൂരാന്‍ (കരീം) എന്ന ബ്ലോഗര്‍ എന്നോട് കമന്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സ്പെക്ട്രം എന്ന വാക്ക് ഇപ്പോള്‍ ഏറെ ബഹളങ്ങള്‍ക്ക് കാരണമായ ഒന്നാണല്ലൊ. അഴിമതി ഇന്ന് എല്ലാ തലങ്ങളിലും ഉണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ അഴിമതി ഇല്ലാതാക്കാനല്ല അതും ആഘോഷമാക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. ഏ.രാജ എന്ന മുന്‍മന്ത്രി അഴിമതി നടത്തി എന്ന് സി.ഏ.ജി. പറഞ്ഞിട്ടില്ല. എന്നാല്‍ രാജയുടെ തീരുമാനം നിമിത്തം ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ നഷ്ടമായി എന്നാണ് സി.ഏ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്. നഷ്ടം എന്നത് വേറെ, അഴിമതി എന്നത് വേറെ. അഴിമതി എന്നത് നമ്മുടെ നാട്ടില്‍ സ്വാഭാവികമായ ഒന്നായതിനാല്‍ രാജ സ്പെക്ട്രം അനുവദിക്കുമ്പോഴും അഴിമതി നടന്നിരിക്കാം. എന്നാല്‍ രാജ ഈ ഒന്നേമുക്കാല്‍ ലക്ഷം കോടി ഖജനാവില്‍ നിന്ന് അടിച്ചുമാറ്റി എന്നാണ് അഴിമതി ആഘോഷക്കാര്‍ വിളിച്ചുകൂവുന്നത്. രാജ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതിനിയും തെളിയിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. സി.ഏ.ജി. പറഞ്ഞ കണക്ക് ഒരു സാങ്കല്‍പ്പിക കണക്ക് ആണ്. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ എന്നത് ഒരു മായപണത്തിന്റെ കണക്കാണ്, യഥാര്‍ഥ മുല്യത്തിന്റേതല്ല. അതൊക്കെ ഈ ഒച്ചയും ബഹളവും അടങ്ങിയാല്‍ എല്ലാവര്‍ക്കും ബോധ്യമാവും. അതിന് മുന്‍പ് നമുക്ക് ഈ സ്പെക്ട്രം എന്താണെന്ന് നോക്കാം.
തരംഗങ്ങളെക്കുറിച്ച് നമുക്കറിയാം. ശബ്ദതരംഗം, പ്രകാശതരംഗം, റേഡിയോ തരംഗം അങ്ങനെ ഒട്ടേറെ തരംഗങ്ങള്‍ . ഇതില്‍ ശബ്ദതരംഗങ്ങള്‍ ഒഴികെയുള്ള മറ്റ് തരംഗങ്ങള്‍ എല്ലാം വൈദ്യുതകാന്തികതരംഗങ്ങളാണ്. എല്ലാ തരംഗങ്ങള്‍ക്കും പൊതുവായ സംഗതിയാണ് തരംഗദൈര്‍ഘ്യം, ഫ്രീക്വന്‍സി, വേഗം എന്നിവ. ഇതില്‍ ശബ്ദതരംഗം ഒഴികെയുള്ള എല്ലാ വൈദ്യുതകാന്തിക (ഇലക്ട്രോ-മാഗ്നറ്റിക്) തരംഗങ്ങളുടെയും വേഗത പ്രകാശം സഞ്ചരിക്കുന്നതിന്റെ വേഗതയാണ്. സെക്കന്റില്‍ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്റര്‍. പ്രകാശവും വൈദ്യുതകാന്തിക തരംഗമാണെന്ന് പറയേണ്ടല്ലൊ. എല്ലാ തരംഗങ്ങള്‍ക്കും അതിന്റേതായ ഊര്‍ജ്ജവും ഉണ്ട് എന്നതും ഓര്‍ത്ത് വയ്ക്കണം. വൈദ്യുതകാന്തികതരംഗങ്ങള്‍ സൃഷ്ടിക്കുന്നത് സുര്യനും മറ്റ് നക്ഷത്രങ്ങളും മാത്രമല്ല പലരുടെയും അടുക്കളയില്‍ കാണുന്ന മൈക്രോ വേവ് അടുപ്പിലും സൃഷ്ടിക്കപ്പെടുന്നത് വൈദ്യുതകാന്തിക തരംഗങ്ങളാണ്. വൈദ്യുതിയും കാന്തവും തമ്മിലുള്ള ബന്ധം ജേംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചതിന് ശേഷമാണ് ഇതൊക്കെ സാധ്യമായത്. അതായത് വൈദ്യുതകാന്തിക തരംഗവും സ്പെക്ട്രവും ഒക്കെ പ്രകൃതിയിലെ പ്രതിഭാസങ്ങളാണ്. മനുഷ്യന്‍ അത് കണ്ടുപിടിച്ച് മെരുക്കിയെടുത്ത് പ്രയോജനപ്പെടുത്തുന്നു എന്ന് മാത്രം. സ്പെക്ട്രം സര്‍ക്കാരിന്റെ സ്വന്തമാകുന്നത് അത് ഉപയോഗിക്കാന്‍ കഴിയുന്ന മനുഷ്യരുടെ മേല്‍ അധീശാധികാരം ചെലുത്താന്‍ സര്‍ക്കാരിന് സാധിക്കുന്നത്കൊണ്ടാണ്. സ്പെക്ട്രം എന്ന വാക്കിന്റെ മലയാളം വര്‍ണ്ണരാജി എന്നോ മറ്റോ ആണെന്ന് തോന്നുന്നു. എന്നാല്‍ സ്പെക്ട്രം എന്നതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാന്‍ താഴെ കാണുന്ന ചിത്രം നോക്കുക:
തരംഗത്തിന്റെ നീളവും ആവൃത്തിയും(ഫ്രീക്വന്‍സി) പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. ഫ്രീക്വന്‍സി കൂടുമ്പോല്‍ തരംഗനീളം കുറയുന്നു. തരംഗദൈര്‍ഘ്യം വര്‍ദ്ധിക്കുമ്പോള്‍ ഫ്രീക്വന്‍സി കുറയുന്നു. ഏറ്റവും കുറഞ്ഞ തരംഗനീളമുള്ള അഥവാ ഫ്രീക്വന്‍സി ഏറ്റവും കൂടിയ തരംഗങ്ങള്‍ക്കാണ് കൂടുതല്‍ ഊര്‍ജ്ജം. അതായത് ഫ്രീക്വന്‍സി കുറയുന്തോറും ഊര്‍ജ്ജവും കുറയുന്നു. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ശക്തി കൂടിയത് ഗാമ കിരണങ്ങള്‍ ആണെന്നും ശക്തി കുറഞ്ഞത് റേഡിയോ അലകള്‍ക്കും ആണെന്ന് ചിത്രത്തില്‍ കാണാം. ഇതിന്റെ ഇടയിലാണ് നമ്മള്‍ കാണുന്ന പ്രകാശത്തിന്റെ സ്പെക്ട്രം ഉള്ളത്. ദൃശ്യപ്രകാശത്തില്‍ ഏറ്റവും ശക്തി കൂടിയത് അല്ലെങ്കില്‍ ഫ്രീക്വന്‍സി കൂടിയത് വയലറ്റ് നിറവും കുറഞ്ഞത് ചുകപ്പ് നിറവുമാണെന്ന് നിങ്ങള്‍ക്കറിയാവുന്നതും ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതുമാണ്. മേലെ കാണുന്ന ചിത്രത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന മൊബൈല്‍ സ്പെക്ട്രത്തിന്റെ സ്ഥാനം എവിടെയാണെന്ന് നോക്കാം. അതിന് മുന്‍പ് തരംഗദൈര്‍ഘ്യം , ഫ്രീക്വന്‍സി എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതിനിടയില്‍ , തരംഗദൈര്‍ഘ്യവും ഫ്രീക്വന്‍സിയും പ്രകാശവേഗതയും തമ്മിലുള്ള ബന്ധം പറയാന്‍ വിട്ടുപോയി. തരംഗദൈര്‍ഘ്യം X ഫ്രീക്വന്‍സി = പ്രകാശ വേഗത എന്നതാണ് ആ ബന്ധത്തിന്റെ ഫോര്‍മ്യൂല. അപ്പോള്‍ പ്രകാശവേഗതയെ ഫ്രീക്വന്‍സി കൊണ്ട് ഹരിച്ചാല്‍ തരംഗനീളവും, നീളം കൊണ്ട് ഹരിച്ചാല്‍ ഫ്രീക്വന്‍സിയും കിട്ടുമെന്ന് പറയേണ്ടല്ലൊ. തരംഗദൈര്‍ഘ്യവും ആവൃത്തി അല്ലെങ്കില്‍ ഫ്രീക്വന്‍സിയും എന്താണെന്ന് താഴെയുള്ള ചിത്രത്തില്‍ നോക്കി മനസ്സിലാക്കാം.
തരംഗത്തിന്റെ ഉയരം എന്ന ഗുണം ഇവിടെ പരാമര്‍ശിച്ചിട്ടില്ല. റേഡിയോ നിലയങ്ങളെ പറ്റി പറയുമ്പോള്‍ AM സ്റ്റേഷന്‍, FM സ്റ്റേഷന്‍ എന്ന് വിശേഷിപ്പിക്കാറില്ലേ. അവിടെ തരംഗത്തിന്റെ ഉയരം (amplitude) പ്രധാനമാണ്. ചിത്രത്തില്‍ ഒരു തരംഗം ആരംഭിച്ച് മേലോട്ടും താഴോട്ടും പോകുന്നത് കാണുന്നില്ലേ? ഇങ്ങനെയുള്ള രണ്ട് ഉയര്‍ച്ചകള്‍ക്കോ താഴ്ചകള്‍ക്കോ ഇടയിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം അഥവാ വേവ് ലംഗ്ത്ത്. ഈ അകലം ഒരു മില്ലിമീറ്ററിന്റെ , നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും കുറവാകാം, കിലോമീറ്ററുകള്‍ അധികവുമാകാം. ഫ്രീക്വന്‍സി എന്നാല്‍ ഒരു ക്ലോക്കിലെ പെന്‍ഡൂലം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കണ്ടിട്ടില്ലേ. ഒരു പ്രാവശ്യം അങ്ങോട്ട് പോയി ഇങ്ങോട്ട് വന്നാല്‍ ഒരു ആവൃത്തിയായി. അല്ലെങ്കില്‍ ഒരു സെക്കന്റ് ആയി. അപ്പോള്‍ പെന്‍ഡൂലത്തിന്റെ ഫ്രീക്വന്‍സി 1 സൈക്കിള്‍ പെര്‍ സെക്കന്റ് ആണ്. ഈ ആവൃത്തി നമ്മള്‍ ഹെര്‍ട്ട്സ് എന്ന യൂനിറ്റിലാണ് പറയുന്നത്. മേലെ കാണുന്ന തരംഗം അത് ആരംഭിച്ച് സെക്കന്റില്‍ 14 പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. അത്കൊണ്ട് അതിന്റെ ഫ്രീക്വന്‍സി 14 ഹെര്‍ട്ട്സ് ആണ്. ഹെര്‍ട്ട്സ് എപ്പോഴും കിലോ ഹെര്‍ട്ട്സ്, മെഗാഹെര്‍ട്ട്സ്, ടെറാഹെര്‍ട്ട്സ് എന്ന കണക്കിലാണ് പറയാറ്. 1000 ഹെര്‍ട്ട്സ് = 1 കിലോ ഹെര്‍ട്ട്സ്, 1000 കിലോ ഹെര്‍ട്ട്സ് = 1 മെഗാഹെര്‍ട്ട്സ്, 1000 മെഗാ ഹെര്‍ട്ട്സ് = 1 ഗിഗാഹെര്‍ട്ട്സ്, 1000 ഗിഗാഹെര്‍ട്ട്സ് = 1 ടെറാഹെര്‍ട്ട്സ് - അങ്ങനെ പോകുന്നു കണക്ക്. കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഫ്രീക്വന്‍സിയുടെ ആനിമേഷന്‍ ഇമേജ് ഇവിടെ കാണുക.
നമ്മുടെ നാട്ടിലെ കരണ്ടിന് 240 വോള്‍ട്ടേജും 50 ഹെര്‍ട്ട്സ് ഫ്രീക്വന്‍സിയുമാണ്. ഇതിന്റെ അര്‍ത്ഥം എന്താണ്? വോള്‍ട്ടേജിന്റെ കാര്യം ഇവിടെ പറയേണ്ടതില്ല. എന്നാല്‍ 50 ഹെര്‍ട്ടിസിന്റെ അര്‍ത്ഥം മനസ്സിലാക്കിയേ പറ്റൂ. കരണ്ടിന്റെ ഉല്പാദനകേന്ദ്രം മുതല്‍ വീട്ടിലെ കരണ്ടുമായി ബന്ധിപ്പിക്കപ്പെട്ട ഉപകരണം വരെ വൈദ്യുതി സെക്കന്റില്‍ 50 പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു എന്നാണ് അര്‍ത്ഥം. വൈദ്യുതിയും തരംഗമാണ്. തരംഗമാണ് പോയി വരുന്നത്. അല്ലാതെ ചെമ്പ് കമ്പിയിലെ ഇലക്ട്രോണുകള്‍ എങ്ങും പോകുന്നില്ല. അവ ഒന്നോടൊന്ന് മുട്ടി ചാഞ്ചാടിക്കൊണ്ടിരിക്കുന്നു എന്ന് മാത്രം.
ശരി , ഇനി നമുക്ക് മൊബൈല്‍ സ്പെക്ട്രത്തിലേക്ക് വരാം. 800, 900, 1800 എന്നീ മെഗാ ഹെര്‍ട്ട്സിലാണ് (MHz) ഇന്ത്യയില്‍ മൊബൈല്‍ സേവനങ്ങള്‍ നടത്തപ്പെടുന്നത്. മൊബൈല്‍ ഫോണുകള്‍ പ്രചാരത്തില്‍ വരുന്നതിന് മുന്‍പ് ഈ സ്പെക്ട്രം മുഴുവനും സൈനികാവശ്യത്തിന് നീക്കി വെച്ചതായിരുന്നു. പൊതുവെ ഈ സ്പെക്ട്രം എന്ന് പറയുന്ന ഫ്രീക്വന്‍സി ബാന്‍ഡുകള്‍ ഇന്ത്യയില്‍ എന്തിനൊക്കെയാണ് നീക്കി വെച്ചിരുന്നത് എന്ന് താഴെ പട്ടികയില്‍ കാണുക:
മൊബൈല്‍ ഫോണുകള്‍ പ്രചാരത്തില്‍ വരികയും മൊബൈല്‍ സേവനം സ്വകാര്യമേഖലയ്ക്ക് അനുവദിക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സൈന്യത്തിന്റെ കൈയ്യില്‍ നിന്ന് കുറെ സ്പെക്ട്രം എടുത്ത് ബി.എസ്.എന്‍ . എല്‍ മറ്റും സ്വകാര്യ സേവന ദാതാക്കള്‍ക്ക് അലോട്ട് ചെയ്യുകയും ചെയ്തു. എന്നിട്ടും സൈന്യത്തിന്റെ അധീനതയില്‍ ഉപയോഗപ്പെടുത്താതെ കുറെ ഫ്രീക്വന്‍സികള്‍ ചുമ്മാ കിടന്നിരുന്നു. അതാണ് രാജ എന്ന മന്ത്രി എടുത്ത് ചില കമ്പനികള്‍ക്ക് കൊടുത്തത്. അതിന്റെയൊക്കെ ചരിത്രം പിന്നീട് പറയാം. സ്പെക്ട്രത്തെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടായാലേ അക്കാര്യം ഒക്കെ വിശദമായി ചര്‍ച്ച ചെയ്യാന്‍ പറ്റുകയുള്ളൂ. GSM , CDMA എന്നീ രണ്ട് ടെക്നോളജിയിലാണ് ഇവിടെ 2G മൊബൈല്‍ സേവനം നല്‍കി വരുന്നത്. 1G, 2G, 3G, 4G എന്നൊക്കെ പറയുന്നത് പരിഷ്ക്കരിച്ച വെര്‍ഷനുകളാണ്. 1G എന്നത് അനലോഗ് സമ്പ്രദായവും 2G എന്നത് ഡിജിറ്റല്‍ സങ്കേതവുമാണ്. 3G-യില്‍ വീഡിയോ കോള്‍ , ഹൈസ്പീഡ് ഇന്റര്‍നെറ്റ് ബ്രൌസിങ്ങ് ഒക്കെ സാധ്യമാണ്. 2G സങ്കേതമാണ് ഇന്ത്യയിലെ മുക്കിലും മൂലയിലും എല്ലാവര്‍ക്കും ആശയവിനിമയം സാധ്യമാക്കിയത് എങ്കിലും അടുത്ത രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ 2G പൂര്‍ണ്ണമായും കാലഹരണപ്പെടും. ഇപ്പോഴത്തെ ബഹളങ്ങള്‍ക്ക് അത്രയേ ആയുസ്സുള്ളൂ. 3 ജി പൂര്‍ണ്ണമായി നടപ്പിലായാലും ആ സങ്കേതത്തില്‍ 2ജിയും ഉപയോഗിക്കാമെന്നുള്ളത്കൊണ്ട് 3ജി ഫോണോ സിം കാര്‍ഡോ ഇല്ലാത്തവര്‍ക്കും പ്രശ്നമില്ല.
GSM , CDMA എന്നീ ടെക്നോളജിയെ കുറിച്ച് പറഞ്ഞു. ഇതില്‍ GSM 900, 1800 എന്നീ മെഗാഹെര്‍ട്ട്സ് ഫ്രീക്വന്‍സി ബാന്‍ഡിലും CDMA 800 മെഗാഹെര്‍ട്ട്സ് ഫ്രീക്വന്‍സി ബാന്‍ഡിലുമാണ് പ്രവര്‍ത്തിക്കുന്നത്. അതേ സമയം 3ജി 2100 MHz ഫ്രീക്വന്‍സി ബാന്‍ഡിലുമാണ് പ്രവര്‍ത്തിക്കുക എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിവാദമായ സ്പെക്ട്രം കുംഭകോണത്തെ പറ്റി മറ്റൊരു പോസ്റ്റ് എഴുതാം. അതിന് മുന്‍പ് നിലമ്പൂരാന്‍ ആവശ്യപ്പെട്ട പോലെ ചില അടിസ്ഥാനപരമായ വിവരങ്ങള്‍ നല്‍കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. അഴിമതി ക്യാന്‍സര്‍ പോലെ നമ്മുടെ രാജ്യത്തെ സര്‍വ്വമേഖലകളെയും ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അത് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങളാണ് എല്ലാവരുടെയും ഭാഗത്ത്നിന്ന് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ എല്ലാവരും അഴിമതിയുടെ സൌഭാഗ്യം അനുഭവിക്കുകയും തനിക്കെതിരെ ആരോപണം വരുമ്പോള്‍ ഞഞ്ഞാമിഞ്ഞ പറയുകയും മറ്റുള്ളവരുടെ അഴിമതികള്‍ ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇപ്പോഴത്തെ പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍ നാടകം ആഘോഷമല്ലാതെ മറ്റെന്താണ്. ലാവലിന്‍ കേസില്‍ സി.പി.എമ്മിന്റെയും യെദ്ദ്യൂരപ്പയുടെ കാര്യത്തില്‍ ബി.ജെ.പി.യുടെയും നിലപാടുകള്‍ ഞഞ്ഞാമിഞ്ഞ അല്ലാതെ വേറൊന്നുമല്ല.
നമ്മുടെ രാഷ്ട്രീയക്കാര്‍ അഴിമതിയുടെ ഗുണഭോക്താക്കളാണ്. അവര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് തനിക്ക് ഇത്രയല്ലേ കഴിയുന്നുള്ളൂ, അവനെ പോലെ കഴിയുന്നില്ലല്ലോ എന്ന് മാത്രമായിരിക്കും. എന്നാല്‍ ഇത് എല്ലാവരെയും അടക്കി പറയുന്നത് ഒരിക്കലും ശരിയല്ല. അഴിമതി വിരുദ്ധരായ രാഷ്ട്രീയക്കാര്‍ എല്ലാ പാര്‍ട്ടികളിലും , ഉദ്യോഗസ്ഥര്‍ എല്ലാ വകുപ്പുകളിലുമുണ്ട്. നമ്മള്‍ എല്ല്ലാ വസ്തുതകളും മുന്‍വിധിയില്ലാതെ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ അനുയായി ആയി നിന്നിട്ട് ആ പാര്‍ട്ടിയിലെ നേതാക്കളെ വെള്ള പൂശുകയും മറ്റ് പാര്‍ട്ടിയില്‍ പെട്ടവരുടെ അഴിമതികള്‍ പെരുപ്പിച്ച് കാട്ടി ഒച്ച വെക്കുകയും ചെയ്യുന്നത്കൊണ്ട് അഴിമതി വര്‍ദ്ധിക്കുകയേയുള്ളൂ.
വിശദമായ പോസ്റ്റു നന്നായി....ഫിസിക്സ് പുസ്തകത്തെ ഓര്‍മിപ്പിച്ചതിനു നന്ദി,പുസ്തകം തുറന്നിട്ട് കുറേ നാളായി .........
ReplyDeleteലളിതമായ വിവരണത്തിലൂടെ വലിയ ശാസ്ത്രതത്വങ്ങള്‍ പറഞ്ഞ് സുകുമാര്‍ജി പ്രിയങ്കരനാവുന്നു. നല്കിയ പുത്തനറിവുകള്‍ക്ക് നന്ദി.
ReplyDeleteആട്ടെ കഴിഞ്ഞാഴ്ച എവിടെയായിരുന്നു.
ഒരു രഹസ്യം പറയട്ടെ,ഈ റൈറ്റ്ക്ലിക്ക് ഇല്ലാണ്ടാക്കുന്ന പരിപാടികൊണ്ട് വല്യ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല.....ക്രോമില്‍ റൈറ്റ്ക്ലിക്ക് ഇനേബിള്‍ ചെയുന്ന ഒരു ആഡ്ഓണ്‍ ഉണ്ട് അതല്ലെങ്കില്‍ ജാവാസ്ക്രിപ്റ്റ് ബ്രൌസെരില്‍ ഡിസ്എബിള്‍ ചെയുക വഴിയും ഇതിനെ മറികടക്കാം....ഫീഡ്‌ലി ഉപയോഗിക്കുന്നവര്‍ക്ക് ഈ പൊല്ലാപ്പുകള്‍ ഒന്നും തന്നെ നേരിടണ്ട.പ്രസ്തുത ബ്ലോഗിലേക്ക് കടക്കാതെ തന്നെ ഫീഡ്‌ലിയില്‍ ബ്ലോഗ് വായിക്കാം....(കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട്)പകര്‍ത്തുവാന്‍ എല്ലാവരെയും അനുവദിക്കുക...
ReplyDeleteസ്പെക്ട്രം കുംഭകോണത്തെപറ്റി എഴുതാൻ ഞാനും ഒരു ശ്രമം നടത്തിവരുന്നു, ഗൂഗിൾ ബസ്സിൽ. ഇതാ ഇവിടെ ഖണ്ഡശ: പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.ഏ.ജി. റിപ്പോർട്ട് വായിക്കുന്നതനുസരിച്ച് മുറിച്ച് മുറിച്ച് എഴുതുന്നു എന്നുമാത്രം. ശ്രദ്ധിക്കുമല്ലോ.
ReplyDeleteഅയ്യോ ലിങ്ക് ഇടാൻ മറന്നു പോയി. ഇതാ ഇവിടെ ആണു.
ReplyDeleteഅല്പം ലളിതമായി പറഞ്ഞാല്‍ , സ്പെക്ട്രം എന്നത് അടുത്തടുത്തായി നിരത്ത്തിവചിരിക്കുന്ന അനേകം ചെറു നാടകളുടെ (bands ) ഒരു കൂട്ടമായ ഒരു വലിയ നാട (band ) ആകുന്നു .എളുപ്പം മനസ്സിലാകുന്ന ഒരു ഉദാഹരണം പറഞ്ഞാല്‍ മഴവില്ല് എന്നത് ഏഴു നിറങ്ങളുടെ ഒരു സ്പെക്ട്രം ആകുന്നു . അതിനെ നമ്മുക്ക് ഏഴു ഫ്രിക്വന്സികളുടെ ഒരു സ്പെക്ട്രം ആയി കണക്കാക്കാം .(ഓരോ നിറവും ഓരോ ഫ്രിക്വന്സി ആണ് ). അത് പോലെ ആണ് ഇപ്പറഞ്ഞ ടെലികോം സ്പെക്ട്രവും , അതില്‍ ഏഴല്ല , ഒരുപാടു ഫ്രിക്വന്സികള്‍ ഉണ്ട് എന്ന് മാത്രം .
ReplyDeletePS : കൃത്യമായി പറഞ്ഞാല്‍ മഴവില്ളിലും ഏഴല്ല..അനെകായിരമാണ് - പക്ഷെ ഏഴു എന്നത് സൌകര്യത്തിനു വേണ്ടി പറയുന്ന aproximation ആണ് . നമ്മുടെ കണ്ണിന്റെ പരിമിതിയും ആണത് )
നീരയും ബർഖയും രാജയും കോർപ്പൊറേറ്റുകളും വാണരുള്ളുന്ന ഡൽഹിയുടെ വർത്തമാന ചരിത്രം ആരേയും നാണിപ്പിക്കും... ഈ കോക്കസ്സുകൾ വാർഡ് തലത്തിൽ നിന്ന് ആരംഭിക്കുന്നില്ലെ... ചുറ്റും ഒന്ന് സൂക്ഷിച്ച് നോക്കിയെ...
ReplyDeleteലളിതമായ ശൈലി, നല്ല ലേഖനം, നന്ദി...
ReplyDeleteവിശദമായ ലേഖനം. പോസ്റ്റു നന്നായി
ReplyDeleteഭായിയെ സമ്മതിച്ചിരിക്കുന്നു ..കേട്ടൊ
ReplyDeleteസകല വിഷയത്തെ കുറിച്ചും എഴുതാനുള്ള ഈ പ്രാവീണ്യത്തെ...
നന്നായിട്ടുണ്ട് കേട്ടൊ ഈ ലേഖനം.
സാങ്കേതികമായ തെറ്റുകള്‍ താഴെ കൊടുക്കുന്നു.
ReplyDelete1) 1000 മെഗാ ഹെര്‍ട്ട്സ് = 1 ഗിഗാ ഹെര്‍ട്ട്സ് ആണ്.
2) FM -ല്‍ തരംഗത്തിന്റെ ഉയരത്തിന് തീരെ പ്രസക്തിയില്ല.
3) 50 Hz എന്നാല്‍ കരണ്ടിന്റെ ഉല്പാദനകേന്ദ്രം മുതല്‍ വീട്ടിലെ കരണ്ടുമായി ബന്ധിപ്പിക്കപ്പെട്ട ഉപകരണം വരെ വൈദ്യുതി സെക്കന്റില്‍ 50 പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു എന്നല്ല അര്‍ത്ഥം. വൈദ്യുതി സെക്കന്റില്‍ 50 പ്രാവശ്യം ആന്തോളനം ചെയ്യുന്നു എന്നല്ലാതെ വൈദ്യുതി
ഉല്പാദനകേന്ദ്രത്തിനും വീട്ടിനുമിടയില്‍ ഓടി നടക്കുന്നില്ല.
4) കരണ്ട് എന്നത് ഇലക്ട്രോണുകളുടെ ഒരേ ദിശയിലുള്ള ചലനം കോണ്ട് തന്നെയാണ് ഉണ്ടാകുന്നത്.
ഇനി സി.ഏ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
ഏ.രാജ എന്ന മുന്‍മന്ത്രി അഴിമതി നടത്തി എന്ന് സി.ഏ.ജി. പറഞ്ഞിട്ടില്ലെന്നു താങ്കള്‍ പറയുന്നു.
"The DoT's action of applying the rates approved for the existing operators for
migrating to UAS regime, to new applicants also by relying on the clarification of the Chairman TRAI in his individual capacity was inconsistent with the
recommendations of the TRAI (2003) and went beyond the authority given by the
Cabinet. It also violated all canons of financial propriety" എന്ന് സി.ഏ.ജി .
para(3.1.7)
ബാക്കി കാര്യങ്ങള്‍ പിന്നെയൊരവസരത്തിലാകാം.
വളരെയധികം നന്ദിയുണ്ട് സുകുമാരൻ സാർ.
ReplyDeleteവിജ്ഞാന പ്രദമായ നല്ല പോസ്റ്റുകൾ താങ്കൾ എപ്പോഴും എഴുതുന്നതിനാലാൺ ഈ വിഷയത്തെ ക്കുറിച്ചൊരു പോസ്റ്റ് താങ്കളിൽ നിന്നും പ്രതീക്ഷിച്ചത്. പ്രതീക്ഷിച്ചിരുന്നതിലും നന്നായി. ഒരുപാട് സന്തോഷവും നന്ദിയും.
കരീം-ജിദ്ദ
മുന്‍മന്ത്രി രാജ അഴിമതി നടത്തി എന്നു പറയാനാകില്ല എന്നു പറഞ്ഞതില്‍ വിയോജിക്കുന്നു. ഇത്രയും വലിയ തുകയുടെ ആനുകൂല്യം സ്വകാര്യ കംബനികള്‍ക്കു കൊടുത്തപ്പോള്‍ ഒരു 1% തിരിച്ചു വാങ്ങിയാല്‍ തന്നെ ഉദ്ദേശം 1750 കോടി ആകുമല്ലൊ. പിന്നെ പഴയ ഗവര്‍മെണ്റ്റിലെ ഇതേ വകുപ്പു കൈകാര്യം ചെയ്തിരുന്ന മാരന്‍ ഇന്‍സാറ്റ് ട്രാന്‍സ്പോണ്ടറുകള്‍ വിതരണം ചെയ്യുമ്പോള്‍ 80% ട്രാന്‍സ്പോണ്ടറുകള്‍ സണ്‍ ടി.വി ക്കു നല്‍കിയതു ഒരു പഴയ കഥ.
ReplyDelete2G സ്പെക്ട്രം പോലെയുള്ള വിഷയങ്ങള്‍ എഴുതുമ്പോള്‍ കുറച്ചു കൂടി ഗൃഹപാഠം ആവശ്യമാണ് . .എന്നാലും ഈ വിഷയം എഴുതാന്‍ കാണിച്ച ആത്മാര്‍ഥതയ്ക്ക് നൂറു മാര്‍ക്ക് .
ReplyDeleteനല്ല ലേഖനം.. ലളിതം..
ReplyDelete@ ബ്ലോഗുണ്ണി , വായനയ്ക്ക് നന്ദി. എളുപ്പത്തില്‍ കോപ്പി ചെയ്ത് എന്റെ ലേഖനങ്ങള്‍ ചിലര്‍ സ്വന്തം ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചിലര്‍ അനുവാദം ചോദിച്ചാല്‍ ഞാന്‍ അത് നല്‍കാറുണ്ട്. കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് ആര് പകര്‍ത്തിയാലും സന്തോഷമേയുള്ളൂ. ആളുകള്‍ വായിക്കുകയല്ലേ വേണ്ടത്. ചുളുവില്‍ മോഷ്ടിക്കുന്നത് തടയാനാണ് റൈറ്റ് ക്ലിക്ക് ഡിസേബിള്‍ ചെയ്തിട്ടുള്ളത്.
ReplyDelete@ ജനാര്‍ദ്ധനന്‍ മാഷ്, നല്ല വാക്കുകള്‍ക്ക് നന്ദി. നെറ്റില്‍ നിന്ന് അവധി എടുത്ത് ഒരു മാസത്തേക്ക് ബാംഗ്ലൂരില്‍ കഴിയുകയാണ് ഇപ്പോള്‍ . മുന്‍പ് നാലഞ്ച് വര്‍ഷമായി ബാംഗ്ലൂരില്‍ തന്നെയായിരുന്നെങ്കിലും ഇപ്പോള്‍ നാട്ടില്‍ മകളുടെ കൂടെയാണ് താമസം. നിലമ്പൂരാന്റെ കമന്റാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതാന്‍ കാരണം. അല്ലായിരുന്നെങ്കില്‍ നാട്ടില്‍ വരുന്നത് വരെ ബ്ലോഗില്‍ ഇടപെടില്ലായിരുന്നു.
@ അങ്കിള്‍ , ബസ്സ് ശ്രദ്ധിക്കുന്നുണ്ട്. അവിടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുന്നത് ഫോളോ ചെയ്യാന്‍ നേരിയ പ്രയാസമുണ്ട്. മറ്റൊന്ന് , രാജയുടെ ഭാഗത്ത് ചില ശരികളുണ്ട്, അത് കണ്ടെത്തുക എന്നതും എന്റെ ലക്ഷ്യമാണ്. സര്‍ക്കാരിന്റെ അത് കേന്ദ്രമായാലും സംസ്ഥാനമായാലും എല്ലാ ഇടപാടുകളിലും അഴിമതി നടക്കുന്നുണ്ട് എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. അത്കൊണ്ട് രാജയുടെ കാര്യത്തിലും സ്വാഭാവിക അഴിമതിയുണ്ടാവും. രാജയുടെ മുന്‍ഗാമികള്‍ ആയ പ്രമോദ് മഹാജന്‍ തൊട്ട് ദയാനിധി മാരന്‍ വരെയുള്ളവര്‍ നടത്തിയ മട്ടിലുള്ള അഴിമതിയാണ് രാജയും നടത്തിയിരിക്കുക. അത്തരം അഴിമതികള്‍ ആരായാലും നടത്തിയിരിക്കും. ഈ വക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഈ പോസ്റ്റ്. താങ്കളുടെ ബസ്സില്‍ അതിനുള്ള സാധ്യത കാണാത്തത് കൂടി ഈ പോസ്റ്റിന്റെ നിമിത്തങ്ങളില്‍ ഒന്നാണ് :)
@ Chethukaran Vasu , കുറച്ചു കാര്യങ്ങള്‍ കൂടി ലളിതമായി ഉദാഹരണസഹിതം വിവരിച്ചിരുന്നുവെങ്കില്‍ ഈ പോസ്റ്റ് സമ്പന്നമായേനേ എന്ന് ആഗ്രഹിച്ചുപോകുന്നു :) വായനയ്ക്ക് നന്ദി, സ്നേഹം.
ReplyDelete@ കാക്കര, എവിടെ നോക്കിയാലും അഴിമതി തന്നെ. അത് പെരുകി വരുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നു. എന്നാല്‍ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ആര്‍ജ്ജവം ആരും കാണിക്കുന്നില്ല. അഴിമതി ചെയ്യുന്നവര്‍ തന്നെയാണ് ഉളുപ്പില്ലാതെ അഴിമതിക്കെതിരെ ബഹളം വെക്കുന്നത് എന്നതാണ് വിരോധാഭാസം. ഒരു പാര്‍ട്ടിയിലെ ഉന്നതനേതാവ് അഴിമതി ചെയ്താല്‍ അത് പാര്‍ട്ടിക്ക് മൊത്തം ബാധകം തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ എല്ലാ പാര്‍ട്ടികളും അഴിമതിയില്‍ കുളിച്ച് നില്‍ക്കുകയാണ്. അത് കാക്കര പറഞ്ഞ പോലെ വാര്‍ഡ് തലം തൊട്ട് തുടങ്ങുന്നുമുണ്ട്.
ഷഹറാസ് , റ്റോംസ് , മുരളിമുകുന്ദന്‍ ഭായ് , നിലമ്പൂരാന്‍ എന്നിവര്‍ക്ക് നന്ദി.
@ Nodichil ,
ReplyDelete1000 മെഗാ ഹെര്‍ട്ട്സ് = 1 ഗിഗാ ഹെര്‍ട്ട്സ് എന്ന് വേണ്ടിടത്ത് ടെറഹെര്‍ട്ട്സ് എന്ന് എഴുതിയത് നോട്ടപ്പിശക് ആയിരുന്നു. ചൂണ്ടിക്കാട്ടിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഗൃഹപാഠം ചെയ്യണം. അത് ചെയ്യാത്തതിന്റെ തെറ്റ് നൊടിച്ചിലിന്റെ കമന്റില്‍ ഉണ്ട്. റേഡിയോ സ്റ്റേഷനുകളെ കുറിച്ച് വിസ്താരഭയത്താല്‍ കൂടുതല്‍ എഴുതാതിരുന്നതാണ്. AM എന്നാല്‍ ആ സങ്കേതത്തില്‍ ആംപ്ലിറ്റ്യൂഡ് മോഡ്യുലേഷന്‍ ആണ് നടക്കുന്നത്. അതായത് തരംഗത്തിന്റെ ഉയരം മോഡ്യുലേറ്റ് ചെയ്യപ്പെടുന്നു. എഫ് എമ്മില്‍ ഫ്രീക്വന്‍സിയും. ലളിതമായ ഇക്കാര്യം നൊടിച്ചിലും വ്യക്തമാക്കിയില്ല.
കരണ്ട് എന്നത് ഇലക്ട്രോണുകളുടെ ഒരേ ദിശയിലുള്ള ചലനം കൊണ്ട് തന്നെയാണ് ഉണ്ടാകുന്നത് എന്ന നൊടിച്ചിലിന്റെ വാദം വായനക്കാരെ തെറ്റിദ്ധരിപ്പിക്കും. അത് ഡയരക്റ്റ് കരണ്ട് (DC) ആണ്. ആരംഭകാലത്ത് ഡി സി ആയിരുന്നു വൈദ്യുതബോര്‍ഡ് സപ്ലൈ ചെയ്തിരുന്നത്. ഇന്ന് ആള്‍ട്ടര്‍നേറ്റിങ്ങ് കരണ്ട് (AC) ആണ് സപ്ലൈ ചെയ്യുന്നത്. ഡി സി എവിടെയുമില്ല. ഏ.സി.യില്‍ വൈദ്യുതതരംഗം സെക്കന്റില്‍ 50 എന്ന നിരക്കില്‍ ആന്ദോളനം ചെയ്യപ്പെടുകയാണ്. തരംഗമാണ് സഞ്ചരിക്കുന്നത്. ഇലക്ട്രോണുകള്‍ ഈ സഞ്ചാരം തുടങ്ങിവെച്ച് അങ്ങോട്ടും ഇങ്ങോട്ടും വൈബ്രേറ്റ് ചെയ്യുന്നേയുള്ളൂ ഏ.സി.യില്‍ . തരംഗങ്ങള്‍ ഏതായാലും അതില്‍ ഊര്‍ജ്ജം ഉള്ളടക്കിയിരിക്കുന്നു. ആ ഊര്‍ജ്ജമാണ് പ്രവര്‍ത്തി ചെയ്യുന്നത്. വൈദ്യുത തരംഗോര്‍ജ്ജമാണ് നമ്മുടെ വീടുകളിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ചില ഉപകരണങ്ങള്‍ ഡി സി യിലേ പ്രവര്‍ത്തിക്കൂ. അത്തരം ഉപകരണങ്ങളില്‍ ആള്‍ട്ടര്‍നേറ്റിങ്ങ് കരണ്ട് ഡി സി ആക്കി മാറ്റുന്ന അഡാപ്റ്റര്‍ ഉണ്ടാകും.
സി.ഏ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വഴിയെ പറയാം :)
സി.ഏ.ജി യുടെ കണക്കുകള്‍ സാങ്കല്പികം എന്നെഴുതിയതിനോട് യോജിക്കാന്‍ കഴിയുന്നില്ല മാഷേ.
ReplyDeleteഞാന്‍ ഒരു പ്രവാസിയാണ്. എനിക്ക് ഏറ്റവും കുറഞ്ഞത് സെന്റിന് അഞ്ചു ലെക്ഷം രൂപ വച്ച് കിട്ടുന്ന പത്തു സെന്റു ഭുമി ഉണ്ട്. ഞാന്‍ അത് വിശ്വസ്തനായ ഒരാളെ വില്കാന്‍ ഏല്‍പിക്കുന്നു. അയാള്‍ അതിനെ സെന്റിന് പതിനായിരം രൂപ വച്ച് വില്കുന്നു. എനിക്കുണ്ടായ നഷ്ടം സാങ്കല്പികം ആണോ?
അത് തന്നെയാണ് ഇവിടെയും നടന്നത്. 2001 ല് ലേലം വിളിച്ചു കിട്ടിയ അതേ തുകക്ക് 2008 ല്‍ സ്പെക്ട്രം വിട്ടു. 1,76,000 കോടി രൂപ കിട്ടുമായിരുന്ന നാടിന്റെ പ്രകൃതി വിഭവത്തെ വെറും 12,386 കോടിക്ക് ഡി.എം.കെ. മന്ത്രി എ.രാജ മുന്‍കൈ എടുത്ത് വിറ്റ് തുലച്ചു. അത് നാടിന്റെ നഷ്ടം അല്ലെ?
ഈ ഇടെ എന്നോറ്റും ഒരു സുഹ്രുത്ത് ഈ ചോദ്യം ചോദിച്ചിരുന്നു. എനിക്ക് അറിയാവുന്ന വിധം ഞാൻ പറഞ്ഞ് കൊടുത്തു. ഇനി ഈ ലിങ്ക് സുഹ്രുത്തുമായി പങ്കിടാമല്ലൊ. നന്ദി സുകുമാരൻ.
ReplyDeleteവിക്രമൻ
ഒരേ ദിശയിലുള്ള ചലനം എന്നെഴുതിയത് , എല്ലാ ഇലക്ട്രോണുകളും ഒരേ സമയം ഒരേ ദിശയില്‍ സഞ്ചരിക്കുന്നു എന്ന അര്‍ത്‌ഥത്തിലാണ്.
ReplyDelete" അല്ലാതെ ചെമ്പ് കമ്പിയിലെ ഇലക്ട്രോണുകള്‍ എങ്ങും പോകുന്നില്ല...അവ ഒന്നോടൊന്ന് മുട്ടി ചാഞ്ചാടിക്കൊണ്ടിരിക്കുന്നു എന്ന് മാത്രം" എന്നത് സാങ്കേതികമായി തെറ്റാണ് എന്നു ചൂണ്ടിക്കാണിക്കാനാണ് അത് പറഞ്ഞത്. ലോഹങ്ങളില്‍ ഇലക്ട്രോണുകള്‍ ഒരു ദ്വീപ സമൂഹത്തിനിടയിലെ വെള്ളം പോലെ ഒഴുകി നടക്കകയാണ് ചെയ്യാറ്. അല്ലാതെ ക്ര്ത്യമായ സ്ഥലങ്ങളില്‍ ഇരിപ്പുറപ്പിക്കുകയോ അത്തരമൊരു കേന്ത്രത്തെ ആധാരമാക്കി ആന്തോളനം ചെയ്യുകയോ അല്ല ചെയ്യുന്നത്. സാധാരണ ഗതിയില്‍ ലോഹങ്ങളില്‍ എപ്പൊഴും ഇലക്ട്രോണുകള്‍ ഇങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെങ്കിലും, ഇലക്ട്രോണുകള്‍ പല ദിശയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ വൈദ്യുതി സ്രഷ്ടിക്കപ്പെടുന്നില്ലെന്നു മാത്രം.
എന്നാല്‍ ഈ ഇലക്ട്രോണുകളെ ഒരേ ദിശയില്‍ സഞ്ചരിക്കുമാറ് ഒരു electric potential പ്രയോഗിക്കുകയാണെങ്കില്‍ വൈദ്യുതി സ്രഷ്ടിക്കപ്പെടുന്നു. (തുടര്‍ച്ചയായി ഒരേ ദിശയില്‍ മാത്രം ഇത്തരത്തില്‍ 'electric potential' പ്രയോഗിക്കുകയാണെങ്കില്‍ DC യും ,electric potential ന്റെ ദിശ മാറിക്കൊണ്ടിരിക്കുകയാണെങ്കില്‍ AC യും സ്രഷ്ടിക്കപ്പെടുന്നു.)
വിനു , രമേശ് അരൂര്‍ , വിജയകുമാര്‍ ബ്ലാത്തൂര്‍ , വിക്രമന്‍ എന്നിവരുടെ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ReplyDelete@ Nodichil , സയന്‍സ് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ലളിതമായി വിവരിക്കുക എന്നതാണ് എന്റെ ശൈലി. ഒരു ധാരണ കിട്ടലാണ് പ്രധാനം. വസ്തുതാപരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും മറ്റുള്ളവര്‍ക്ക് മനസിലാകും വിധം കാര്യങ്ങള്‍ ലളിതമായി വിവരിക്കാനും അഭ്യര്‍ത്ഥിക്കുന്നു.
@ അങ്കിള്‍ , താങ്കള്‍ക്കുള്ള മറുപടി ഒരു പോസ്റ്റ് തന്നെയാക്കി. അത് വായിച്ച് അവിടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ :)
ലളിതമായി കാര്യങ്ങള്‍ പറയാനുള്ള ശ്രമത്തിന് ആശംസകള്‍ . താങ്കള്‍ ആധികാരികമായി എഴുതിയത് കണ്ട്പ്പോള്‍ താങ്ക്ള്‍ ഈ മേഖലയില്‍ അറിവുള്ള ആളാണെന്ന് തോന്നിയിട്ട് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. വിഷയവ്യാപ്തി വലുതായതിനാല്‍ പറഞ്ഞതില്‍ എന്താണ് അവ്യക്‌തമെന്നു പറഞ്ഞാല്‍ വിശദീകരിക്കാന്‍ ശ്രമിക്കാം.വെറുതേ തര്‍ക്കത്തിനാണെങ്കില്‍ ഞാനില്ല.(രാജയുടെ കാര്യത്തില്‍ തര്‍ക്കമാവാം)
ReplyDelete@ Nodichil , തര്‍ക്കത്തിന്റെ കാര്യം ഇതില്‍ ഇല്ലല്ലോ. വൈദ്യുതിയുടെ കാര്യത്തില്‍ ആധികാരികമായ അറിവ് ആവശ്യത്തിന് എനിക്കുണ്ട്. അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുത്ത് മനസ്സിലാക്കിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം. നമ്മുടെ നാട്ടില്‍ വിതരണം ചെയ്യുന്ന കരണ്ടിന്റെ (AC) ആവൃത്തി 50 ഹെര്‍ട്ട്സ് ആണ്. ആവൃത്തി അഥവാ ഫ്രീക്വന്‍സി എന്നത് തരംഗങ്ങളുടെ മാത്രം പ്രത്യേകതയാണ്. ആവൃത്തി എന്നത് ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെയുള്ള ആന്ദോളനവുമാണ്. ഇലക്ട്രോണുകള്‍ ഒരേ ദിശയില്‍ സഞ്ചരിക്കുന്ന ഡയരക്റ്റ് കരണ്ടില്‍ (DC) ആവൃത്തിയുടെ പ്രശ്നം വരുന്നില്ലല്ലൊ. അപ്പോള്‍ നമുക്ക് ലഭിക്കുന്ന കരണ്ടിന്റെ (AC ആണ് DCഅല്ല) ആവൃത്തി 50 ഹെര്‍ട്ട്സ് എന്ന് പറയുമ്പോള്‍ അര്‍ത്ഥം കരണ്ടിന്റെ ഉല്പാദന കേന്ദ്രം മുതല്‍ ഉപകരണം വരെ വൈദ്യുതി തരംഗം സെക്കന്റില്‍ 50 പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു എന്ന് തന്നെയാണ്. ശരിക്ക് പറഞ്ഞാല്‍ നമ്മള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണത്തില്‍ സെക്കന്റിന്റെ 50ല്‍ ഒരു അംശം സമയം വൈദ്യുതി ഇല്ലാത്ത അവസ്ഥയുണ്ട്. എന്നാല്‍ അത്രയും സമയം വൈദ്യുതി ഉള്ള അവസ്ഥയുമുള്ളത് കൊണ്ട് ആ ഉപകരണത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോകുന്നില്ല എന്നേയുള്ളൂ. ഉദാ: ഫാന്‍ . എന്നാല്‍ ചില ഉപകരണങ്ങള്‍ക്ക് ഈ അവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനാണ് അഡാപ്റ്റര്‍ വേണ്ടി വരുന്നത്.
ReplyDeleteരാജയുടെ കാര്യത്തില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ കണക്കിന്റെ കാര്യത്തിലേ ഞാന്‍ തര്‍ക്കത്തിനുള്ളൂ. അഴിമതിയുടെ കാര്യത്തില്‍ തര്‍ക്കത്തിനില്ല. എന്നാല്‍ രാജയെ മാത്രം വേട്ടയാടുന്ന കാര്യത്തില്‍ തര്‍ക്കത്തിനുണ്ട് താനും.
ത്രീ ജി ലേലത്തിനു വച്ചപ്പോള്‍ കിട്ടിയ കണക്കനുസരിച്ചാണു ടു ജീയും വച്ചിരുന്നെങ്കില്‍ ഇത്ര കോടി എന്ന കണക്കു വരുന്നത്
ReplyDeleteവയ്ക്കതിരുന്നത്‌ന്നാല്‍ റിലയന്‍സിനും മറ്റും അനുകൂലമായി ബീ എസ് എന്‍ എലിനെ കൂച്ചു വിലങ്ങിട്ടു പിടിച്ചു പൊതു മേഖല തളര്‍ത്തി സ്വ്കാര്യമേഖലക്കു പണം കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കി സാങ്കേതികമായി അഴിമതി ഇല്ല, പണം കൈമാറി എന്നു തെളിയിക്കാന്‍ പ്രയാസം
നീര റാഡിയ സുനന്ദ പുഷ്കര്‍ പ്രീറ്റി സിണ്റ്റ ഇവരൊക്കെ നിന്ന നിലയില്‍ കോടീശ്വരികള്‍ ആകുന്നു, ഗ്ളാമര്‍ മാത്രമാണു അവരുടെ മൂലധനം, പഴയ വ്യവസ്ഥയില്‍ ഇതൊന്നും സാധ്യമായിരുന്നില്ല
ക്രിക്കറ്റ് വാതുവെയ്ക്കുമ്പോള്‍ കോടികര്‍ മറിയുന്നു ഇതു പക്ഷെ ആരുടെ? വാത് വെക്കുന്നവരുടെ? വാത് വെയ്ക്കാന്‍ ആരാണു പോകുന്നത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ദിവസ വേതനക്കാരനോ അല്ല പിന്നെ പണം കുമിഞ്ഞിരിക്കുന്നവര്‍
രാജ അഴിമതിക്കാരന്‍ അല്ല എന്നു കേ പി പറഞ്ഞാല്‍ പിണറായിയും അല്ല, പിണറായി മുന്‍ ഗവണ്‍മണ്റ്റ് റെക്കമണ്റ്റു ചെയ്ത ഫോറിന്‍ കമ്പനിക്ക് കോണ്ട്രാക്റ്റ് കൊടുത്തു, അവര്‍ പെര്‍ഫോം ചെയ്തില്ല കറണ്റ്റു കിട്ടിയില്ല, ഇവിടെയും അഴിമതി സാങ്കേതികം അല്ലേ ?
ചോദിക്കുന്നത് എന്തു കൊണ്ടു പൊതുമേഖല ആയ ഭെലിനു കൊടുത്തില്ല? ഭെലും പറഞ്ഞപോലെ പണിഞ്ഞില്ലെന്നു വയ്ക്കുക എങ്കിലോ?
ബീ എന്‍ എന്‍ എലിനു സ്പെക്രം മൊത്തം നല്‍കാനുള്ള അധികാരം കൊടുത്തിരുന്നു എന്നു വയ്ക്കുക അപ്പോഴും അതില്‍ നിന്നും അലോട്ട് കിട്ടാന്‍ റിലയന്‍സും വോഡോഫോണും ഒക്കെ പണം നല്‍കും അഴിമതി നടക്കും ഇടനിലക്കാര്‍ കോടികള്‍ ഉണ്ടാക്കും
എന്നാലും വലിയ ഒരു പങ്ക് രാജ്യത്തിനു തന്നെ കിട്ടുമായിരുന്നില്ലേ ബീ എസ് എന്‍ എല്‍ വളരില്ലേ? ബീ എന്‍ എന്‍ എലിണ്റ്റെ പണം നമ്മള്‍ ടാക്സ്പേയറുടെ പണം അല്ലേ? റിലയന്‍സ് വളര്‍ന്നാല്‍ അംബാനിക്കല്ലേ ഗുണം?
"ആവൃത്തി എന്നത് ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെയുള്ള ആന്ദോളനവുമാണ്". അതായത് താങ്കള്‍ പറയുന്നതനുസരിച്ച് ഉത്പാദന കേന്ദ്രം മുതല്‍ ഉപകരണം വരെ 50 ആന്തോളനങ്ങള്‍ ഉണ്ടാകുന്നു ?
ReplyDeleteഇതാണോ താംങ്കള്‍ ഉദ്ദേശിച്ചത്?
കുറെ നാളായി ഈ 2G സ്പെക്ട്രം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇപ്പൊ കത്തി..!നന്ദി മാഷെ...
ReplyDeleteവളരെ നന്ദി, വിവരണത്തിന്.
ReplyDeletea good article
ReplyDeleteit is simple
with clarity and depth
conrats
sukumarji
പത്മനാഭന്‍ മാഷേ , കുറെക്കാലത്തിന് ശേഷം താങ്കളുടെ കമന്റ് കണ്ടതിലും ഇപ്പോഴും ബ്ലോഗുകള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാനായതിലും ഏറെ സന്തോഷം. താങ്കളുടെ “പൊടിപ്പും തൊങ്ങലും” വായിച്ചിട്ടും കുറെയായി :)
ReplyDelete@ Nodichil , അക്കാര്യത്തില്‍ കൂടുതലായി എനിക്കൊന്നും പറയാനില്ല.
@ ആളവന്‍താന്‍ , വായനയ്ക്ക് നന്ദി ..
സലാഹിനും നന്ദി.
സൂര്യനു കീഴെയുള്ള എന്തിനെക്കുറിച്ചും എഴുതുമ്പോള്‍ അല്പം പ്രാധമികമായ ജ്ഞാനം നല്ലതാ സാറേ! കാര്യങ്ങള്‍ അറിയില്ലെങ്കില്‍ അറിയുന്നോര് പറയണത് കേട്ട് പഠിക്കുന്നതില്‍ ഒരു തെറ്റുമില്ല. അങ്കിളും നൊടിച്ചിലും തന്ന വിശദീകരണങ്ങള്‍ക്ക് നന്ദി. സാറിന്റെ ഉദ്യമത്തിനും.
ReplyDeleteനൊടിച്ചിലിനോട്,
പറ്റുമെങ്കില്‍ കാര്യങ്ങള്‍ വിശദീകരിച്ച് ഒരു ബ്ലോഗിട്ടുകൂടെ. (എഞ്ചിനിയറാണെങ്കില്‍ക്കൂടി എനിക്ക് ശാസ്ത്രകാര്യത്തില്‍ മലയാളമെഴുത്ത് വഴങ്ങില്ല എന്നതിനാലാണ് ഈ അഭ്യര്‍ത്തന )
@ Ram Kumar , ഓ , ആയ്ക്കോളാമല്ലോ . പ്രാഥമിക ജ്ഞാനം പറയൂ കേള്‍ക്കാം. പറഞ്ഞു തരാന്‍ കെല്പുള്ള ഒരാളെ തെരയുകയായിരുന്നു ഞാന്‍ . ഇംഗീഷില്‍ പറഞ്ഞാലും മതി. അങ്ങോട്ട് പറയാന്‍ ഇച്ചിരി പ്രയാസമാണെങ്കിലും കേള്‍ക്കുന്നതും വായിക്കുന്നതും പച്ചവെള്ളം പോലെ എനിക്ക് മനസ്സിലാകും.
ReplyDeleteസാധാരണക്കാരനായ ഏത് ആത്മാവിനും ഇന്ന് സ്പെക്ട്രം ഇന്ന് പറഞാല്‍ രാജയാണ്. ആദര്‍ശ് ഫ്ലാറ്റ് എന്തെന്ന് പടിക്കുന്നതിനുള്ളില്‍ സ്പെക്ട്രം എത്തി . അടുത്തത് യെദൂരപ്പ എത്തി . എല്ലാം ശാസ്ത്രിയമായി പഠിക്കുവാന്‍ ഒരു ആത്മാവിനെയും ഈ നാടുവാഴികള്‍ അനുവദിക്കില്ല. പക്ഷെ ഒന്ന് അറിയാം . ആദര്‍ശ് ഫ്ലാറ്റ് + സ്പെക്ട്രം + യെദൂരപ്പ + ഇനിവരുന്നെതെല്ലാം = അഴിമതി !
ReplyDeleteവിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുകയാണെന്ന് തോന്നരുത്..താങ്കളുടെ ലേഘനങ്ങള്‍ നിലവാരത്തില്‍ വളരെയേറെ മികച്ചവ തന്നേ എന്ന് പറയാതെ വയ്യ , പക്ഷെ പല സാമൂഹിക പ്രസക്തി ഉള്ളതും പൊതു വികാരം മറ്റൊന്നായതുമായ വിഷയങ്ങളില്‍ മനപുര്‍വമോ അല്ലാതെയോ താങ്കള്‍ വ്യത്യസ്തമായ നിലപാടെടുക്കുന്നു. ..അഭിപ്രായ സ്വാതന്ത്ര്യം ഏവര്‍ക്കും ഉണ്ടെങ്കിലും പൊതു വികാരത്തോടും ഭൂരി പക്ഷ അഭിപ്രായത്തോടും എല്ലാ വിഷയങ്ങളിലും വ്യതിരിക്തത പുലര്‍ത്താന്‍ തക്കതായ എന്തെങ്കിലും കാരണം ഉണ്ടോ ? അത്തരം ഒരു ഫീല്‍ ആണ് ലേഘനങ്ങളില്‍ കൂടി കടന്നു പോകുമ്പോള്‍ കിട്ടുന്നത്....ബ്ലോഗിന് publicity കിട്ടാന്‍ അത്തരം സമീപനം സഹായകമാനെങ്കിലും താങ്കള്‍ അത്തരം വില കുറഞ്ഞ എര്പാടിനു നില്കുമെന്നു തോന്നുന്നില്ല. കാരണം, എന്ത് പറയുമ്പോഴും വളരെ ആധികാരികമായി പറയാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ട്..പൊതു ജനാഭിപ്രായം കൂടി മാനിക്കാനും അതിന്റെ കാരണങ്ങളെ കൂടി വിശകലനം ചെയ്തു ബ്ലോഗില്‍ ഉള്‍പെടുതാനും ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. തുറന്നു എഴുതിയതില്‍ വിരോധം തോന്നരുത് എന്ന അപേക്ഷയോടെ..
ReplyDeleteപ്രിയ കുഞ്ഞാവ , ആധികാരികമായി തന്നെയാണ് ഞാന്‍ കാര്യങ്ങള്‍ പറയുന്നത് എന്ന് സമ്മതിക്കുന്നുണ്ടല്ലോ. പിന്നെ എനിക്ക് എന്താണ് ചെയ്യാന്‍ പറ്റുക? പൊതു ബോധം പലപ്പോഴും തെറ്റായ ദിശയിലേക്കാണ് സഞ്ചരിക്കുന്നത് എന്ന് തോന്നുന്നത് കൊണ്ടാണ് ഞാന്‍ ബ്ലോഗില്‍ പ്രതികരിക്കുന്നത്. അല്ലാതെ എനിക്ക് പബ്ലിസിറ്റിയോ കൈയ്യടിയോ വേണമെന്ന ഉദ്ദേശ്യത്തിലല്ല.
ReplyDeleteവളരെ ഉപകാരപ്രദം .
ReplyDelete