Pages

ഹൃദയദിനം ഇന്ന്

ന്ന് (26.9.2010) പത്താമത്തെ ലോക ഹൃദയദിനമാണ്.   ഓരോ വര്‍ഷവും സെപ്റ്റമ്പര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ് ഹൃദയദിനമായി കൊണ്ടാടുന്നത്. ലോക ഹൃദയ സംഘടനയുടെ  നിര്‍ദ്ദേശപ്രകാരം 2000 സെപ്റ്റമ്പര്‍ മുതലാണ് ഈ ദിനം തുടങ്ങിയത്.  ഹൃദ്രോഗത്താലും പക്ഷാഘാതത്താലും ഉണ്ടാകുന്ന വിഷമതകള്‍ കുറച്ചുകൊണ്ട്‌ വരുന്നതിന് ഈ വര്‍ഷവും ശ്രമിക്കാന്‍ രാജ്യാന്തര സര്‍ക്കാറുകളെയും , തൊഴില്‍ ഉടമകളെയും, സന്നദ്ധസംഘടനകളെയും, ഓരോ വ്യക്തികളെയും ലോകഹൃദയ സംഘം ആഹ്വാനം ചെയ്യുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന ശീലങ്ങളും നടപടികളും വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴില്‍ ശാലകളിലും പിന്തുടരേണ്ടതുണ്ട്.  ഹൃദയത്തെ ആരോഗ്യപൂര്‍ണ്ണമായി സംരക്ഷിക്കുന്നതിന് തൊഴില്‍ ഇടങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പരിശ്രമിക്കുകയാണ് ഈ വര്‍ഷം ലോക ഹൃദയ സംഘം.  അതിനായി ഈ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘം ആസൂത്രണം ചെയ്യുന്നത്.  ഈ ഹൃദയദിനത്തില്‍ ഓരോ വ്യക്തിയും തന്റെ ഹൃദയത്തിന്റെ  ആരോഗ്യം സൂക്ഷിക്കുന്നത് തന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കാന്‍ ഈ സംഘം നമ്മോട് ആവശ്യപ്പെടുന്നു.


ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഹൃദ്രോഗ ബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.  ഹൃദയസ്തംഭനം മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല അതിന്റെ നിരക്ക് വര്‍ദ്ധിക്കുകയാണ് താനും. ഈ സ്ഥിതിയിലാണ് പരമ്പരാഗത ചികിത്സയെ മാത്രം ആശ്രയിക്കാതെ രോഗം വരുന്നതിന് മുന്‍പേ തടുക്കാനും ,  രോഗലക്ഷണത്തെ മുന്‍‌കൂട്ടി കണ്ടറിഞ്ഞ് വൈദ്യസഹായം തേടാനും ഹൃദയസംഘം നിര്‍ദ്ദേശിക്കുന്നത്.  ശരിക്ക് പറഞ്ഞാല്‍ ഹൃദ്രോഗ ബാധ എന്നത് ഒരു ജീവിതശൈലിരോഗമാണ്. അത്കൊണ്ട് ജീവിതശൈലിയിലും ഭക്ഷണരീതിയിലുമാണ് ആളുകള്‍ മാറ്റം വരുത്തേണ്ടത്. ഇന്ന് ലോകം മുഴുക്കെ മരണകാരണമായ മുഖ്യരോഗം ഹാ‍ര്‍ട്ട് അറ്റാക്ക് തന്നെയാണ്.  ആധുനിക ജീവിതശൈലി തന്നെയാണ് ഇവിടെ വില്ലന്‍ .

ആരോഗ്യകരമായ ജീവിതത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ,

ആഹാരം:  ഭക്ഷണത്തില്‍ ദിവസേന പഴങ്ങളും പച്ചക്കറികളും നിര്‍ബ്ബന്ധമായും ഉള്‍പ്പെടുത്തണം. കൊഴുപ്പുള്ള പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം.  ഉപ്പ് കൂടുതലാകാതിരിക്കാനും ശ്രദ്ധിക്കണം.  കടയില്‍ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണങ്ങള്‍ കഴിയുന്നതും കുറക്കുക.

വ്യായാമം :  വ്യായാമം കൊണ്ട് ഉദ്ദേശിക്കുന്നത്  ഉത്സാഹത്തോടെയും ചുറുചുറുക്കോടെയും ഇരിക്കുക എന്ന് കൂടിയാണ്. ഹൃദയത്തെയും ഈ വ്യായാമത്തില്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. അത്കൊണ്ട് ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും  എന്തെങ്കിലും വ്യായാമം ചെയ്തിരിക്കണം.

ഭാരം :  ഭാരം കൂടാതെ നോക്കണം.  അധിക ഭാരം എന്നത് ശരീരകോശങ്ങളില്‍ ശേഖരിക്കപ്പെടുന്ന കൊഴുപ്പാണ്. ആ കൊഴുപ്പാണ് രക്തസമ്മര്‍ദ്ധം കൂട്ടുന്നത്. അത്കൊണ്ട് ഭാരം കൂടാതെ ശ്രദ്ധിക്കുന്നത് രക്തസമ്മര്‍ദ്ധം കുറയാന്‍ സഹായിക്കും.

പുകവലി : മനുഷ്യന്‍ പുക വലിക്കുന്നതിന് ഒരു ന്യായവുമില്ല.  എന്തൊരു വൃത്തിയില്ലാത്ത ശീലമാണത്.  പുക വായിലേക്ക് വലിച്ചു കയറ്റുക, അതില്‍ ഒരു ഭാഗം ശ്വാസകോശത്തിലേക്ക് ഉള്‍ക്കൊള്ളുക, ബാക്കി പുറത്തേക്ക് ഊതി വിടുക. ഇത് ഒഴിവാക്കിയാല്‍ നഷ്ടം ഒന്നുമില്ല എന്നാല്‍ ആ‍യുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും.  മാത്രമല്ല ഹൃദ്രോഗം വരാനുള്ള സാധ്യത പകുതി കുറയുകയും ചെയ്യും. പുക വലിക്കുന്ന ആരെങ്കിലും ഇത് വായിക്കുകയാണെങ്കില്‍ ഇനി പുക വലിക്കില്ല എന്ന് തീരുമാനമെടുക്കുക.

മദ്യപാനം :  മദ്യപാനം ഇന്ന് മലയാളിയുടെ ദേശീയപാനീയമായിട്ടുണ്ട്. എന്തിനാണ് ഇത്രയും കയ്പ്പുള്ള ദ്രാവകം കഷ്ടപ്പെട്ട് അന്നനാളത്തില്‍ കൂടി ഇറക്കുന്നത് എന്നത് വിചിത്രമായി തോന്നുന്നു. സുഖം എന്നത് നമുക്ക് ബോധാവസ്ഥയില്‍ തോന്നുന്ന ഒരു ഫീലിങ്ങ് അല്ലെ. സുബോധം നഷ്ടപ്പെടുന്നതില്‍ എന്ത് സുഖമാണുള്ളത്?  മദ്യത്തില്‍ ഉയര്‍ന്ന കലോറി ഉണ്ട്. അത്കൊണ്ട് ഭാരം കൂടാനും രക്തസമ്മര്‍ദ്ധം വര്‍ദ്ധിക്കാനും ഇടയുണ്ട്.   ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും ഒരു പ്രധാനകാരണം മദ്യപാനമാണ്. അത്കൊണ്ട് പെട്ടെന്ന് നിര്‍ത്താന്‍ പറ്റില്ലെങ്കില്‍ ഉപയോഗം കുറച്ചുകൊണ്ട് വന്ന് ക്രമേണ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്.

പ്രത്യക്ഷത്തില്‍ രോഗം ഒന്നും ഇല്ലെങ്കിലും  ബ്ലഡ് പ്രഷര്‍ , ഷുഗര്‍ , കൊളസ്‌ട്രോള്‍ , വെയിറ്റ് എന്നിവ  എപ്പോഴും ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ്. ഞാന്‍ ഇപ്പറഞ്ഞതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍ തന്നെ. ഇന്ന് ലോകഹൃദയദിനമാണെന്ന് ഓര്‍മ്മപ്പെടുത്താനും എല്ലാവര്‍ക്കും നല്ല ഹൃദയാരോഗ്യം ആശംസിക്കുവാനും മാത്രമാണ് ഈ പോസ്റ്റ്.

2 comments:

  1. നല്ല ചിന്തകള്‍ .ആശംസകള്‍..

    ReplyDelete
  2. സെക്കെണ്ടുകള്‍ തോറും സ്പന്ദിക്കുന്ന ഹൃദയത്തിനെണ്ടിനാണ് ഒരു ഹൃദയ ദിനം .. ? :-)

    യഥാര്‍ത്ഥത്തില്‍ , നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ ആരോയ പ്രശ്നമാണ് ഹൃദയാരോഗ്യം .അതിന്റെ ഒരു പ്രശ്നം , പലരും വളരെ വൈകി ആണ് തന്റെ അസുഖം ത്രിച്ചരിടുന്നത് എന്നതാണ് .

    യതാര്‍ത്ഥത്തില്‍ ഇന്ന് വിപണിയില്‍ ബ്ലഡ് പ്രെഷര്‍ അളക്കുന്ന ഡിജിറ്റല്‍ മീടരുകള്‍ വളരെ സുലഭമാണ് . വലിയ വിലയും ഇല്ല . പലര്‍ക്കും വീട്ടില്‍ നങ്ങി വച്ച് ആഴ്ചയില്‍ ഒരിക്കല്‍ ചെക്ക്‌ ചെയ്യവുന്നത്തെഒള്ളൂ

    ReplyDelete