Pages

ബ്ലോഗര്‍ സുഹൃത്തിന് ഒരു തുറന്ന കത്ത്

പ്രിയ സുഹൃത്തെ,

ഇനിയും നേരിട്ട് കണ്ടിട്ടില്ലെങ്കിലും നെറ്റില്‍ നമ്മള്‍ നല്ല സുഹൃത്തുക്കളാണ്.  എന്റെ ചില നിലപാടുകളോട് താങ്കള്‍ക്ക് വിയോജിപ്പുണ്ട്. അത് താങ്കള്‍ എന്റെ ബ്ലോഗില്‍ കമന്റായി രേഖപ്പെടുത്താറുമുണ്ട്. എന്നാലും നമ്മുടെ സൌഹൃദബന്ധത്തിന് കോട്ടം തട്ടിയിട്ടില്ല. ഭാവിയിലും ആ സൌഹൃദം തുടരുമെന്ന് പ്രത്യാശിച്ചുകൊണ്ടാണ് ഈ തുറന്ന കത്ത് എഴുതുന്നത്.  താങ്കളുടെ ബ്ലോഗിലെ  ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു “ലഗാന്‍‌” പുരാണം  എന്ന പോസ്റ്റ്  മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയില്‍  (2010 ആഗസ്റ്റ്15-31) പ്രസിദ്ധീകരിച്ചുവല്ലൊ. എനിക്ക് അങ്ങേയറ്റം സന്തോഷം തോന്നി ആ പോസ്റ്റ് ബ്ലോഗനയില്‍ കണ്ടപ്പോള്‍. എന്നാല്‍ അല്പം നിരാശയും തോന്നാതിരുന്നില്ല. താങ്കള്‍ക്കും തോന്നിക്കാണുമോ എന്നറിയില്ല. അത്കൊണ്ടാണ് ഈ കത്ത്. ആ സൃഷ്ടിയുടെ കര്‍ത്താവായി മനോവിഭ്രാന്തികള്‍ എന്ന പേരാണ് ബ്ലോഗനയില്‍ അച്ചടിച്ചു വന്നിരിക്കുന്നത്. മനോവിഭ്രാന്തികള്‍ എന്നതിന് പകരം താങ്കളുടെ യഥാര്‍ഥ പേരായിരുന്നു അച്ചടിച്ചു വന്നതെങ്കില്‍ ഞാന്‍ നിരാശപ്പെടേണ്ടി വരുമായിരുന്നില്ല.  മനോവിഭ്രാന്തികള്‍ എന്നത് താങ്കളുടെ ബ്ലോഗിന്റെ പേരാണ്. ബ്ലോഗര്‍ പേരായും താങ്കള്‍ ആ പേരു തന്നെ സ്വീകരിച്ചത്കൊണ്ടാണ് ബ്ലോഗനയില്‍ അങ്ങനെ പേര് വന്നത്.  താങ്കളുടെ യഥാര്‍ഥ ഫോട്ടോ ബ്ലോഗ് പ്രൊഫൈലില്‍ കൊടുക്കുകയും  , താങ്കളുടെ വായനക്കാ‍ര്‍ക്കെല്ലാം  യഥാര്‍ത്ഥ പേരു അറിയാമെന്നിരിക്കുകയും ചെയ്യുമ്പോള്‍  ബ്ലോഗര്‍ നാമം സ്വന്തം പേര് തന്നെ നല്‍കുന്നതില്‍ എന്താണ് പന്തികേട് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

ബ്ലോഗനയില്‍  സ്വന്തം പോസ്റ്റ് അച്ചടിച്ചു വരുന്നത് ആ‍ഗ്രഹിക്കാത്ത ബ്ലോഗര്‍മാര്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.  അല്പം പ്രശസ്തി അത്കൊണ്ട് കിട്ടുന്നത് ആരെങ്കിലും വേണ്ടെന്ന് വെക്കുമോ?  എല്ലാ മാതൃഭുമി വാരികാ വായനക്കാരും ബ്ലോഗ് നോക്കുന്നവരായിരിക്കുകയില്ല.  ആരെങ്കിലും ബ്ലോഗന വായിക്കുമ്പോള്‍ ആരാണ് അതെഴുതിയത് എന്ന് എത്തും പിടിയും കിട്ടുകയില്ല.  മറ്റെല്ലാ ലേഖനങ്ങള്‍ക്കും  സൃഷ്ടികള്‍ക്കും കര്‍ത്താവിന്റെ പേര് ഉണ്ടായിരിക്കുമ്പോള്‍  ബ്ലോഗ് പോസ്റ്റ് എഴുതിയ ആള്‍ക്ക് മാത്രം വ്യവസ്ഥാപിതമായ പേരില്ല എന്നത് അനൌചിത്യമായി തോന്നുന്നത് എന്റെ പിശകാണോ?  ബ്ലോഗനയില്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ട പോസ്റ്റുകളില്‍ മിക്കതും പേരുകള്‍ ഇപ്രകാരമായിരുന്നു.  ബ്ലോഗിലെ പോസ്റ്റുകള്‍ ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍  താല്പര്യമുണ്ടെങ്കില്‍ ആ എഴുത്തുകാരന്റെ യഥാര്‍ഥ പേരും അവിടെ നല്‍കണമെന്ന് ഞാന്‍ വാരികയുടെ എഡിറ്റര്‍ക്ക് ഒന്ന് രണ്ട് വട്ടം മെയില്‍ അയച്ചിരുന്നു.  വെറും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ചെയ്യുന്ന നടപടി മാത്രം. എന്റെ മെയില്‍ ശ്രദ്ധിച്ചിരിക്കാ‍ന്‍ വഴിയില്ല. ചില ബ്ലോഗര്‍മാരോടും മെയിലിലൂടെ പറഞ്ഞിരുന്നു.

ബ്ലോഗ് ഉണ്ടാക്കുമ്പോള്‍ അപരനാമം സ്വീകരിക്കണമെന്ന്  ചിലര്‍ ഉണ്ടാക്കി വെച്ച കീഴ്വഴക്കമാണ്. അത് അതേ പോലെ എല്ലാവരും പാലിക്കണമെന്നില്ല.  ചിലര്‍ക്ക് തങ്ങളുടെ പ്രൈവസി സൂക്ഷിക്കണമായിരിക്കും.  അത് വേറെ കാര്യം. അത്തരക്കാര്‍ക്ക് തൂലികാനാമം പോലെ വേറെ പേരില്‍ എഴുതാം.  പക്ഷെ മറഞ്ഞിരുന്ന് എഴുതാന്‍ വേണ്ടി മാത്രമാണ് ചിലര്‍ മറ്റ് പേരുകള്‍ സ്വീകരിക്കുന്നത്. ഭൂരിപക്ഷം പേരും  ഒരു കീഴ്വഴക്കം പോലെയാണ് അപരനാമം സ്വീകരിക്കുന്നത്.  എന്തിനാണ്? നമുക്ക് സുതാര്യമായി ബ്ലോഗിലൂടെ സംവദിച്ചുകൂടേ എന്ന എന്റെ ചോദ്യം പലരും തെറ്റിദ്ധരിക്കുകയാണ് ഉണ്ടായത്.  ഞാന്‍ കൂടെക്കൂടെ ബ്ലോഗില്‍ ഈ പ്രശ്നം ഉന്നയിക്കുന്നതില്‍ വായിക്കുന്നവര്‍ക്ക് അരോചകമായി തോന്നുന്നുണ്ട് എന്നെനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാലും ചിലപ്പോഴൊക്കെ പിന്നെയും പറഞ്ഞു പോകുന്നു. നമ്മുടെ പേര്, നമ്മുടെ അഡ്രസ്സ് അങ്ങനെ നമ്മെ സംബന്ധിക്കുന്ന എല്ലാം നമുക്ക് പ്രിയപ്പെട്ടതാണ്.  നമ്മുടെ അഭിപ്രായങ്ങളും സൃഷ്ടികളും എല്ലാം നമ്മുടെ പേരില്‍ വെളിച്ചം കാണുമ്പോഴല്ലെ നമുക്ക് സന്തോഷം ഉണ്ടാവുക. ചിലര്‍ ചോദിക്കുന്നു വിലാസിനി , പാറപ്പുറത്ത്, പൊറ്റക്കാട് എന്നീ പേരുകളില്‍ സാഹിത്യകാരന്മാര്‍ അറിയപ്പെട്ടിട്ടില്ലേ എന്ന്. ശരിയാണ്. പക്ഷെ അപ്പോഴും വായനക്കാര്‍ക്ക് അവര്‍ ആരാണെന്ന് പരിചയം ഉണ്ടായിരുന്നു. ആ പരിചയം തൂലികാനാമാക്കളായ സാഹിത്യകാരന്മാരും കാംക്ഷിച്ചിരിക്കും.  മാധവിക്കുട്ടിയെന്നോ കമലാദാസ് എന്നോ പേര് വെച്ച് എഴുതുമ്പോള്‍ അവര്‍ ആരാണെന്ന് പൊതുസമൂഹത്തിന് അറിയാമായിരുന്നു.  കീര്‍ത്തിമോഹമാണ് തന്നെ എഴുത്തിന്റെ ലോകത്ത് എത്തിച്ചത് എന്ന് മാധവിക്കുട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. ഇതൊക്കെ മനുഷ്യസഹജമായ പൊതുവികാരമാണ്. തന്റെ പേര് ഒന്ന് അച്ചടിച്ച് കാണാന്‍ ആരാണ് ആ‍ഗ്രഹിക്കാത്തത്. സാഹിത്യത്തില്‍ തൂലികാനാമം എന്നത് ഒളിഞ്ഞിരിക്കാനുള്ള ഉപാധിയായിരുന്നില്ല.

ബ്ലോഗ് എന്നത് എഴുതാനുള്ള ഒരു നവമാധ്യമമല്ലെ. ബ്ലോഗില്‍ എഴുതുമ്പോള്‍ മറഞ്ഞിരുന്ന് എഴുതണം എന്ന് തോന്നുന്നതിന്റെ അയുക്തികത ചോദ്യം ചെയ്യുന്നത് ഒരു നിലപാടിന്റെ ഭാഗമായിട്ടാണ്. അല്ലാതെ വ്യക്തിപരമായി എനിക്കിതില്‍ കാര്യമുണ്ടായിട്ടല്ല.  ഇപ്രാവശ്യത്തെ ബ്ലോഗനയില്‍ തന്റെ സൃഷ്ടിയാണ് പ്രസിദ്ധീകരിച്ചു വന്നിരിക്കുന്നത് എന്ന് ബ്ലോഗിന് പുറത്തുള്ള വായനക്കാരെ ബോധ്യപ്പെടുത്താന്‍ താങ്കള്‍ക്ക് പണിപ്പെടേണ്ടി വരും.  താങ്കള്‍ക്ക് അയത്നലളിതമായി എഴുതാനുള്ള കഴിവുണ്ട്. കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയില്‍ ബ്ലോഗിന് വേണ്ടി നീക്കിവെക്കാനുള്ള സമയം പരിമിതമാണെന്നും അറിയാം.  എന്നാലും ഇനിയും താങ്കളുടെ സൃഷ്ടികള്‍ ബ്ലോഗനയില്‍ വരും എന്ന് പ്രതീക്ഷിക്കട്ടെ. അപ്പോള്‍ ആ‍ സൃഷ്ടികള്‍ മനോവിഭ്രാന്തികള്‍ എന്ന പേരില്‍ അല്ലാതെ താങ്കളുടെ സ്വന്തം പേരില്‍ ആയിരിക്കട്ടെ എന്നും ഞാന്‍ ആഗ്രഹിക്കുന്നു.

തല്‍ക്കാലം നിര്‍ത്തുന്നു.
സസ്നേഹം,
കെ.പി.എസ്.