Pages

ഇടത്പക്ഷം എന്ന വാക്കിനെ അശ്ലീലമാക്കുന്നവര്‍

ഇക്കഴിഞ്ഞ ഹര്‍ത്താല്‍ (5/7/10)ദിനത്തില്‍ ഒരു കുടുംബത്തിന് സഹിക്കേണ്ടി വന്ന അപമാനം ലജ്ജയോടുകൂടി മാത്രമേ ഏതൊരു മലയാളിക്കും ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ.  ആ കുടുംബനാഥന്റെ വേദനകള്‍ ഇന്നത്തെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  അത് കോപ്പി എടുത്ത് താഴെ പേസ്റ്റ് ചെയ്യുന്നു.  നാളെ പത്രത്തിന്റെ ആ ലിങ്ക് കിട്ടിയില്ലെങ്കിലോ. എത്ര ആസൂത്രണമായാണ് സഖാക്കള്‍ തങ്ങള്‍ക്ക് അനഭിമതരായവരെ തേജോവധം ചെയ്യാന്‍ വേണ്ടി കരുക്കള്‍ നീക്കുന്നത്.  ക്യാമറയുള്ള മൊബൈലുമായി ചില സഖാക്കള്‍ അബ്ദുള്ളക്കുട്ടി എം.എല്‍ . ഏ. യെ വളയുന്നു.  അപ്പോള്‍ തന്നെ കൈരളിയിലും പീപ്പിള്‍ ചാനലിലിലും ഫ്ലാഷ് വാര്‍ത്തകള്‍ തെളിയുന്നു.  ഒരു സീപീയെം എമ്മെല്ലേ അസംബ്ലിയില്‍ സംഗതി പ്രഖ്യാപിക്കുന്നു. പോലീസിന്റെ റിപ്പോര്‍ട്ട് സഭയില്‍ വായിച്ച ആഭ്യന്തരമന്ത്രി ഹര്‍ത്താല്‍ അനുകൂലികളെ പേടിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിയതാണ് അബ്ദുള്ളക്കുട്ടിയെന്നും വേറൊരു കാറിലാണ് സ്ത്രീയും കുടുംബവും എന്നും പറഞ്ഞെങ്കിലും ഗണ്‍‌മാന്‍ ഇല്ലാതെ നടത്തിയ ആ യാത്രയില്‍ ദുരൂഹതകള്‍ ഉണ്ടെന്നും പറയാന്‍ മറന്നില്ല. അതാണ് മാര്‍ക്സിസ്റ്റ് തന്ത്രം. എന്തിലും ദുരൂഹത ആരോപിക്കുക.  അപ്പോള്‍ ഒക്കെ നിരപരാധിയായ ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവും മകനും അനുഭവിക്കേണ്ടി വരുന്ന മന:പ്രയാസം സഖാക്കള്‍ക്ക് പ്രശ്നമേയല്ല.  ഇരയെ എങ്ങനെ തേജോവധം ചെയ്യാം എന്നത് മാത്രമാണ് ചിന്ത.  ഇനി റിപ്പോര്‍ട്ടിലേക്ക്:

രണ്ടര മണിക്കൂറിലേറെ നീണ്ട അപമാനിക്കലിനൊടുവില്‍ വിതുര സ്റ്റേഷനിലെ വയര്‍ലെസില്‍ സന്ദേശമെത്തി- ''വിട്ടേയ്ക്കൂ. അതയാളുടെ ഭാര്യ തന്നെ. കൂടെയുള്ളത് മകനും''.  ഭാര്യയുടെയും മകന്റെയും കൈപിടിച്ച്, കൂക്കിവിളിക്കാന്‍ തയ്യാറായിനിന്ന ഹര്‍ത്താല്‍ ഗുണ്ടകളുടെ മുന്നിലൂടെ സ്റ്റേഷന്റെ പടിയിറങ്ങുമ്പോള്‍ പ്രസാദ് ഒരു തീരുമാനമെടുത്തിരുന്നു- ''അമ്മ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലം ഉള്‍പ്പെടെ എല്ലാ സ്വത്തുക്കളും കിട്ടുന്ന വിലയ്ക്ക്‌വിറ്റ്, പെരിങ്ങമ്മല എന്ന എന്റെ ഗ്രാമത്തിലേക്കുള്ള വഴിപോലും വേദനയോടെ മറക്കണമെനിക്ക്...അല്ലെങ്കില്‍ ഭാര്യയ്ക്കും മകനുമൊപ്പം സഞ്ചരിക്കുമ്പോള്‍ തെളിവും വിവാഹസര്‍ട്ടിഫിക്കറ്റുമൊക്കെ കരുതേണ്ടിവരില്ലേ..'' ഒരപരാധിയെപ്പോലെ കുടുംബത്തിനൊപ്പം വിതുര പോലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്ന നിമിഷങ്ങളില്‍ ഈ യുവ വ്യവസായിയെടുത്ത തീരുമാനമിതാണെന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്കാകെ തലകുനിക്കാം.

ഹര്‍ത്താല്‍ ദിനത്തിലെ പൊന്‍മുടിയാത്രക്കിടെ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറിന് പിന്നാലെകാറില്‍ യാത്രചെയ്തതിന്റെ പേരില്‍ അപവാദകഥകള്‍ സഹിക്കേണ്ടിവന്ന ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ കെ.എസ്. പ്രസാദ് എന്ന പ്രസാദ് പണിക്കര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല തന്നെയും കുടുംബത്തെയുമെന്തിന് ഇരയാക്കിയെന്ന്. ഭാര്യ ജസീന്താ പ്രസാദിനും മകന്‍ സഞ്ജയ്‌യ്ക്കുമൊപ്പം പൊന്‍മുടിയിലേക്കും അവിടെനിന്ന് പെരിങ്ങമ്മലയിലെ വീട്ടിലേക്കും പോകാനിറങ്ങിയതായിരുന്നു പ്രസാദും കുടുംബവും. ഉല്ലാസയാത്ര തനിക്കൊരിക്കലും മറക്കാനാകാത്ത ദുരന്തമായി മാറിയതെങ്ങനെയെന്ന് ദുബായിയിലെ വ്യവസായിയായ ഇദ്ദേഹംതന്നെ വിവരിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം കാട്ടിയേക്കുമെന്നതിനാല്‍ തന്റെ സുഹൃത്തുകൂടിയായ എസ്.ഐ.
വിനോദിന്റെ നിര്‍ദേശപ്രകാരം വിതുര സ്റ്റേഷനില്‍ കാര്‍ ഒതുക്കിയിട്ട് കുടുംബത്തോടൊപ്പം ഹര്‍ത്താല്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു.

എസ്.ഐയുടെ മുറിയില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി എം.എല്‍.എയും പോലീസ് സഹായത്തിനായി അവിടെയെത്തിയിരുന്നു. തിളങ്ങി നില്‍ക്കുന്ന എം.എല്‍.എയായ അബ്ദുള്ളക്കുട്ടിയോട് താന്‍ കുശലാന്വേഷണം നടത്തുകയും ചെയ്തു. അബ്ദുള്ളക്കുട്ടി മടങ്ങിയശേഷം പൊടുന്നനെ അന്തരീക്ഷമാകെ മാറുകയായിരുന്നു. പുറത്ത് ആള്‍ക്കൂട്ടം.. ചിലര്‍ ജനാലയിലൂടെയും മറ്റും ഭാര്യയുടെയും മകന്റെയുമൊക്കെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു. കര്‍ണാടകക്കാരിയായ ഭാര്യയ്ക്കും മകനും മലയാളം അറിയാത്തതിനാല്‍ ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍ മനസ്സിലായില്ല എന്നൊരു സമാധാനം. ഇതിനിടെ പാര്‍ട്ടി ചാനലിലെ 'എക്‌സ്‌ക്ലൂസീവ്' വാര്‍ത്തകണ്ട് ചില സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് തനിക്കും കാര്യം മനസ്സിലായത്. അബ്ദുള്ളക്കുട്ടിയും സംഘവും ഒരു സ്ത്രീയ്‌ക്കൊപ്പം പൊന്‍മുടിയാത്ര നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയെന്നാണ് വാര്‍ത്തയെന്ന് കേട്ടാല്‍ ആരാണ് തകര്‍ന്നുപോകാത്തത്. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്‌തേനെ-പ്രസാദ് വികാരാധീനനായി.

''എന്നെയും അമ്മയെയും മൊബൈല്‍ ക്യാമറയിലും മറ്റും പകര്‍ത്തുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. അനുവാദംപോലും ചോദിക്കാതെ പത്രക്കാരാണെന്നു പറഞ്ഞ് ചിലരും ഫോട്ടോകള്‍ എടുത്തുകൊണ്ടിരുന്നു''- തനിക്ക് ഏറെ പ്രിയപ്പെട്ട പൊന്‍മുടി കാണാനിറങ്ങി അപമാനിതനായ സഞ്ജയ് പറയുന്നു. ഡല്‍ഹിയില്‍ സിവില്‍സര്‍വീസ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന സഞ്ജയിനും അമ്മ ജസീന്തയ്ക്കും ഇപ്പോള്‍ ക്യാമറ കാണുന്നതുതന്നെ ഭയമാണ്. സ്റ്റേഷനില്‍ കോലാഹലം നടക്കുന്നതിനിടെ പെരിങ്ങമ്മലയിലെ വീട്ടിലെത്തി പോലീസ് സംഘം പ്രസാദിന്റെ വൃദ്ധനായ അച്ഛന്‍ കൃഷ്ണപ്പണിക്കരെയും ചോദ്യം ചെയ്തു. അടുത്തിടെ വീട്ടില്‍ നടന്ന മോഷണം അന്വേഷിച്ച തന്റെ സുഹൃത്തുകൂടിയായ പാലോട് എസ്.ഐ. അച്ഛന്റെ മുന്നിലെത്തി, പ്രസാദ് മകനാണോയെന്നും കൂടെയുള്ളത് ഭാര്യയാണോ എന്നുമൊക്കെ ചോദ്യം ചെയ്തത് മറ്റൊരു വിരോധാഭാസം. തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും കാട്ടിയത് മുഖവിലയ്‌ക്കെടുക്കാതെ പോലീസ് ഈ നാടകം കളിച്ചതിനുപിന്നില്‍ രാഷ്ട്രീയ ഇടപെടല്‍തന്നെയെന്ന് പ്രസാദ് തറപ്പിച്ചുപറയുന്നു. പക്ഷേ അതിന് നിരപരാധിയായ തന്റെ കുടുംബത്തെ എന്തിന് കരുവാക്കിയെന്ന ചോദ്യം ബാക്കി.

പ്രസാദിന് മുന്തിയ ഓഹരിയുള്ള കൈരളി ചാനല്‍ ആ സമയത്തൊക്കെ രാഷ്ട്രീയാന്ധതയോടെ കൈയില്‍കിട്ടിയ 'വാര്‍ത്ത' ആഘോഷിക്കുകയായിരുന്നു. ഒരു ചാനല്‍ ഉണ്ടെങ്കില്‍ എന്തുമാകാമെന്ന അവസ്ഥ താന്‍ തിരിച്ചറിയുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഇതിനിടെ ഇവരെ തടഞ്ഞുവെയ്ക്കാന്‍ കൂടിയ സി.പി.എം-കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍ തങ്ങള്‍ അറിയുന്ന ആളാണിതെന്ന് പോലീസിനോട് പറഞ്ഞു. പക്ഷേ അപ്പോഴേക്കും സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ സ്ഥലത്തെത്തി ചോദ്യംചെയ്യല്‍ തുടങ്ങി. അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്ക്‌ക്കൊപ്പം ദുരൂഹസാഹചര്യത്തില്‍ പിടിക്കപ്പെട്ടതാണ് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം.

ഒടുവില്‍ വിട്ടയക്കും മുന്‍പ് ഒരു സ്റ്റേറ്റ്‌മെന്റ് എഴുതിക്കൊടുക്കാന്‍ പറഞ്ഞു. പോലീസ് സംരക്ഷണംതേടി സ്റ്റേഷനില്‍ കയറിയതാണ് താനെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ എഴുതിക്കൊടുത്തപ്പോള്‍ അവര്‍ക്കതുപോരാ. അബ്ദുള്ളക്കുട്ടിക്കൊപ്പം വന്നതാണ് എന്നമട്ടില്‍ എഴുതിക്കൊടുക്കണമെന്ന പോലീസിന്റെ ആവശ്യം പ്രസാദ് നിരാകരിച്ചു.

ഈ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെങ്കില്‍ വിവാഹസര്‍ട്ടിഫിക്കറ്റും മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുമൊന്നുമില്ലാതെ കേരളത്തിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നതിന്റെ തെളിവാണ് താനും കുടുംബവും നേരിട്ട അനുഭവമെന്ന് പ്രസാദ് പറഞ്ഞു. മംഗലാപുരത്തുള്ള തന്റെ ഫാംഹൗസിന് 'പൊന്‍മുടി കോട്ടേജെ'ന്ന് പേരിടുകയും കണ്ടുമുട്ടുന്നവരോടൊക്കെ പൊന്‍മുടിയെന്ന സുന്ദരഭൂമിയില്‍ പോകണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു താന്‍. പെരിങ്ങമ്മലയില്‍ ജനിച്ച് ഇവിടെ പഠിച്ചുവളര്‍ന്ന തനിക്ക് ഇതാണവസ്ഥയെങ്കില്‍ മറുനാട്ടില്‍നിന്നെത്തുന്നവര്‍ എന്തൊക്കെ സഹിക്കേണ്ടിവരും. അച്ഛന്റെ കാലശേഷം പെരിങ്ങമ്മലയിലെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റ് ഇവിടേയ്ക്ക് ഒരിക്കലും വരാതെ കഴിയണം. ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ക്കെത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് നാട്ടിലെത്തിയാല്‍ മറ്റൊരു മുഖമാണ്. അപമാനിക്കലിനെതിരെ കേസ്സിനും ബഹളത്തിനുമൊന്നുമില്ല. പക്ഷേ താനും കുടുംബവും ഒരിക്കലും മറക്കില്ല ആ ഹര്‍ത്താല്‍ദിനം - വേദനയോടെ പ്രസാദ് പറയുന്നു.

അബ്ദുള്ളക്കുട്ടി സീപീയെമ്മിന്റെ നോട്ടപ്പുള്ളിയാണ്.  സാധാരണഗതിയില്‍ സി.പി.എമ്മില്‍ നിന്ന് പുറത്ത് പോയ ഒരാളെ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടി അനുവദിക്കാറില്ല. ഇക്കാര്യത്തില്‍ ഒരു തരം മാഫിയനീതി തന്നെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടപ്പാക്കാറ്.  അബ്ദുള്ളക്കുട്ടിക്കും ഇക്കാര്യം നന്നായി അറിയാം. പെണ്ണ്കേസില്‍ കുടുക്കുകയാണ് ഒരാളെ കരിവാരിത്തേക്കാന്‍ കേരളത്തില്‍ ഏറ്റവും എളുപ്പം. തരം കിട്ടിയാല്‍ കൊല്ലും. അത് അത്ര എളുപ്പമല്ലാത്തത്കൊണ്ടാണ് ഈ രീതി പരീക്ഷിക്കുന്നത്.  ഇനിയിപ്പോള്‍ കേരളത്തില്‍ കുടുംബസമേതം സഞ്ചരിക്കുകയെന്നത് അത്യന്തം റിസ്ക് ഉള്ള ഏര്‍പ്പാടാണ്.  സീപീയെമ്മിന് പഴി തീര്‍ക്കാനുള്ള ആരെങ്കിലും മുന്നിലോ പിന്നിലോ സഞ്ചരിക്കുന്നുണ്ടെങ്കില്‍ ആ കുടുംബത്തിന്റെ ഗതി ഗോവിന്ദ തന്നെ.  സീപീയെം ഇത്ര അധ:പതിച്ചു പോയല്ലോ എന്നാരെങ്കിലും പറഞ്ഞാല്‍ കോണ്‍ഗ്രസ്സ് അന്ന് അങ്ങനെ  ചെയ്തില്ലേ എന്നാണ് ന്യായീകരിക്കുന്നത്. ഒരു കോണ്‍ഗ്രസ്സ് ഉള്ളത്കൊണ്ട് സഖാക്കള്‍ക്ക് എന്ത് ചെറ്റത്തരവും കാട്ടിക്കൂട്ടാനുള്ള ലൈസന്‍സ് കിട്ടിയ പോലെയാണ്.

ഈ ഇടത് പക്ഷം എന്ന് പറഞ്ഞാല്‍ എന്താണ് പ്രത്യേകത. കോണ്‍ഗ്രസ്സ് ഇങ്ങനെയെല്ലാം ചെയ്തത്കൊണ്ടും  ചെയ്യുന്നത്കൊണ്ടും ഞങ്ങളും നിങ്ങള്‍ പറയുന്ന എല്ലാ വൃത്തികേടുകളും ചെയ്യുന്നു എന്നല്ലാതെ എന്തെങ്കിലും നന്മകള്‍ ചെയ്യുന്നതായി മാര്‍ക്സിസ്റ്റുകള്‍ പോലും അവകാശപ്പെടുന്നില്ല.  സമരം ചെയ്ത് സകല തൊഴില്‍ശാലകളും പൂട്ടിച്ച് മലയാളികളെ മൊത്തം നാട് കടത്തി. നാട് വിട്ട പ്രവാസികള്‍ക്ക്  നാട്ടില്‍ വീടുകള്‍ നിര്‍മ്മിക്കാമെന്നല്ലാതെ സ്വന്തം നാട്ടില്‍ തിരിച്ചു വന്നു ഇനി ജീവിയ്ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. മദ്യവും ലോട്ടറിടിക്കറ്റും പ്രചരിപ്പിച്ച് ഇവിടെ ബാക്കിയുള്ളവരെ ലഹരിയിലും വ്യാമോഹത്തിലും കുടുക്കിയിട്ടു.  സ്വാശ്രയസമരം ചെയ്തും മറ്റും വിദ്യാഭ്യാസരംഗം കലുഷിതമാക്കി. ഇന്ന് വിദ്യാഭ്യാസം വെറും കച്ചവടം മാത്രമായി.  കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത് സകല ഐടി പ്രൊഫഷണലുകളെയും ഓടിച്ചു.  എല്ലാം പതിനഞ്ച് വര്‍ഷം കഴിഞ്ഞാണ് അംഗീകരിക്കുക.  അപ്പോഴേക്കും ആരാണിവിടെ തിരിച്ചു വരിക? വന്നാല്‍ വരുന്ന ദിവസം തന്നെയുണ്ടാവും ഒരു ഹര്‍ത്താല്‍ . ഞാന്‍ പറഞ്ഞു വരുന്നത് എന്തെന്നാല്‍ ഇടത്പക്ഷം എന്ന് പറയുന്നതിന്റെ മേന്മയോ മികവോ എന്താണ് എന്നാണ്.  ഒരു നല്ല കാര്യം എന്തെങ്കിലും ഈ ഇടത്പക്ഷം ചെയ്യുന്നത് നമ്മുടെ ശ്രദ്ധയില്‍ പെടുന്നുണ്ടോ?  കേരളത്തില്‍ ഏറ്റവും അധികം കൊലപാതകങ്ങള്‍ നടത്തിയതും ആളുകളുടെ കൈയ്യും കാലും വെട്ടിയതും സി.പി.എം.കാരാണ്.  എന്നിട്ടെന്താ അവര്‍ അതൊക്കെ നിര്‍ത്തിയോ? ഇല്ല.  ഇനിയിപ്പോ ഭരണം അവസാനിച്ചാല്‍ എത്ര പേരെ അവര്‍ കൊല്ലുമെന്ന് വല്ല കണക്കുമുണ്ടോ? സീപീയെംകാരുടെ ആക്രമണങ്ങള്‍ മുഴുവനും എഴുതാന്‍ തുടങ്ങിയാല്‍  അതിന് ആയിരക്കണക്കിന് പേജുകള്‍ വേണ്ടി വരും.  മറ്റേത് തീവ്രവാദ-ഭീകരവാദ സംഘടനകളേക്കാളും കേരളം പേടിക്കേണ്ടത് മാര്‍ക്സിസ്റ്റുകളെയാണ്. വഴി നടക്കാന്‍ പോലും.  ഇതൊക്കെയാണ് ഈ ഇടത്പക്ഷമെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ, വലത്പക്ഷത്തെ നമ്മള്‍ പേടിക്കേണ്ടി വരുന്നില്ലല്ലൊ. അപ്പോള്‍ ഇടത്പക്ഷത്തേക്കാളും എത്രയോ ഭേദമല്ലേ വലത്പക്ഷം.