വ്യക്തിപരമായി ഞാന്‍ ബന്ദിനും ഹര്‍ത്താലിനും എതിരാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ അടിക്കടി യാതൊരു തത്വദീക്ഷയുമില്ലാതെ ദേശീയപാര്‍ട്ടികള്‍ തൊട്ട് ഈര്‍ക്കിലിപാര്‍ട്ടികള്‍ വരെ ബന്ദ് നടത്തുന്നതിനാലാണ് അങ്ങനെ എതിര്‍പ്പ് തോന്നാന്‍ കാരണം. എന്നാല്‍ ഗവണ്മേണ്ട് എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ അതിനെ ചോദ്യം ചെയ്യാനും ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നയിക്കാനും പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ജനാധിപത്യത്തില്‍ ഭരണകക്ഷിയേക്കാളും ഒട്ടും കുറവല്ല പ്രതിപക്ഷത്തിന്റെ ചുമതലകളും കടമകളും. ജനാധിപത്യം എന്ന് പറയണമെങ്കില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷവും ഉണ്ടായേ പറ്റൂ. പ്രതിപക്ഷങ്ങള്‍ സര്‍ക്കാരിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയപ്രേരിതമായാല്‍ ആ സമരങ്ങളുടെ വിശ്വാസ്യത കുറയും. നെല്ലും പതിരും വേര്‍തിരിച്ചുകാണാനുള്ള കഴിവ് ജനങ്ങള്‍ക്കുണ്ടെന്ന് എല്ലാ പാര്‍ട്ടികളും മനസ്സിലാക്കേണ്ടതാണ്.
ഭരിക്കുന്ന സര്‍ക്കാരിന്റെ തെറ്റുകുറ്റങ്ങള്‍ പ്രതിപക്ഷങ്ങളിലൂടെയേ ജനങ്ങള്‍ക്ക് മനസ്സിലാവുകയുള്ളൂ. ആ അര്‍ത്ഥത്തില്‍ ചിലപ്പോള്‍ സര്‍ക്കാരിനേക്കാളും ജനങ്ങളോട് ബാധ്യത പ്രതിപക്ഷത്തിനാണെന്ന് പറയേണ്ടി വരും. നമ്മുടെ നാട്ടില്‍ പ്രതിപക്ഷരാഷ്ട്രീയം വെറും അന്ധമായ സര്‍ക്കാര്‍ വിരുദ്ധവും കക്ഷിരാഷ്ട്രീയപ്രേരിതവുമായാണ് പ്രവര്‍ത്തിക്കാറ് എന്നതിനാല്‍ പ്രതിപക്ഷ പ്രക്ഷോഭങ്ങളെ നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ ഗൌരവമായി കാണാറില്ല. അതാത് പാര്‍ട്ടികളുടെ അണികള്‍ മാത്രമേ അത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാറുള്ളൂ. പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി പൊതുപ്രക്ഷോഭങ്ങള്‍ ഇവിടെ നടക്കാറില്ല എന്ന് തന്നെ പറയണം. ചില പാര്‍ട്ടികളെ ചില ലേബല്‍ ചാര്‍ത്തി അയിത്തം കല്‍പ്പിക്കുന്നത്കൊണ്ട് ഇവിടെ പ്രതിപക്ഷ ഐക്യം ഉണ്ടാകാറില്ല. ജൂലായ് അഞ്ചിന് ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍ ഡി ഏ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നു. ഇടത് പക്ഷങ്ങള്‍ അതേ ദിവസം ദേശീയ ഹര്‍ത്താലും പ്രഖ്യാപിച്ചിരിക്കുന്നു. രണ്ട് പ്രഖ്യാപനങ്ങളും ഒരേ ദിവസമാണ് ഉണ്ടായിട്ടുള്ളത്, ഒരേ കാരണത്തിന്റെ പേരില്‍ . പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായി ആലോചിച്ച് ഇത്തരമൊരു പ്രക്ഷോഭപരിപാടി ആലോചിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. മാത്രമല്ല കേരളത്തില്‍ മാത്രം ഇതേ കാരണത്തിന് ഒരു ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. ഇതൊക്കെ പ്രക്ഷോഭങ്ങളെ പ്രഹസനമാക്കുന്ന വൃത്തികേടുകളാണ്. ഇന്ത്യയൊട്ടുക്ക് പെട്രോളിനും മറ്റും വില ഉയര്‍ത്തുക. അതിനെതിരെ ചില അഖിലേന്ത്യാപാര്‍ട്ടികള്‍ കേരളത്തില്‍ മാത്രം എടുത്തുചാടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുക. ഇതിന്റെ പേരാണ് സമരാഭാസം.
ഇപ്പോള്‍ കേന്ദ്രഗവണ്മേണ്ട് ചെയ്തിരിക്കുന്നത് വില വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പെട്രോള്‍ ഉല്പന്നങ്ങള്‍ക്ക് വില നിര്‍ണ്ണയിക്കാനുള്ള അധികാരം കൈയ്യൊഴിയുക കൂടിയാണ്. ഇത് വളരെ ദൂരവ്യാപകമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടിയാണ്. ചുളുവിലാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. പ്രതിപക്ഷം ഒറ്റക്കെട്ടല്ലാതെ ദുര്‍ബ്ബലമായത്കൊണ്ടാണ് സര്‍ക്കാരിന് ഇത് സാധിക്കുന്നത്. ആഗോളവല്‍ക്കരണവും ഉദാരീകരണവും രാജ്യത്തെ വളരെ പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം വളരെ വലിയൊരു വിഭാഗത്തിന് ഇനിയും കിട്ടിയിട്ടില്ല. കിട്ടുന്നവര്‍ ധൂര്‍ത്തടിക്കുകയും ചെയ്യുന്നു. കൂടുതല്‍ ഉദാരവല്‍ക്കരണത്തിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ സാധാരണക്കാരന്റെ ജീവിതം ഭദ്രമാക്കുന്നതിന് ഒരു നടപടിയും തുടങ്ങാനുള്ള ആലോചന പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാണുന്നില്ല. നികുതിപ്പണം ചെലവഴിക്കാന്‍ ചില ക്ഷേമപദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും അതൊക്കെ ദുര്‍വ്യയമാകാനുള്ള സാധ്യതയാണ് കാണുന്നത്. ഒരു പദ്ധതിയും ലക്ഷ്യം കാണുന്നില്ല. ഇടത്തരക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്.
ജനങ്ങള്‍ക്ക് ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ തോന്നിയ പോലെ പെരുമാറുന്നു. പ്രതിപക്ഷങ്ങള്‍ വെറും രാഷ്ട്രീയം കളിക്കുന്നു. ജൂലായ് അഞ്ചിന് മുഴുവന്‍ പ്രതിപക്ഷപാര്‍ട്ടികളും ചേര്‍ന്ന് സംയുക്തമായി ദേശീയ ബന്ദ് നടത്തുകയും തുടര്‍ന്ന് കൂട്ടായി പ്രക്ഷോഭപരിപാടികള്‍ ആലോചിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അതൊരു നല്ല തുടക്കമാവുമായിരുന്നു. ഭരണവും പ്രതിപക്ഷവും ജനങ്ങളും എല്ലാം തെറ്റായ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് എനിക്കും ബാധകമാണ്.
എന്തായാലും ജൂലായ് അഞ്ചിന്റെ ഭാരത് ബന്ദിന് ഞാന്‍ പിന്‍തുണ രേഖപ്പെടുത്തുന്നു. എന്തെന്നാല്‍ സര്‍ക്കാരിന്റെ നടപടിയെ നിരുത്തരവാദപരമായാണ് ഞാന്‍ കാണുന്നത്. എനിക്കതില്‍ അമര്‍ഷമുണ്ട്.
ജനതാ ദള്‍ അതിനു ശ്രമിച്ചിരുന്നു ..ബി ജെ പി അത് നിരാകരിക്കുകയായിരുന്നു ..ഇത് പത്ര വാര്‍ത്ത
ReplyDeleteപ്രതിഷേധിക്കേണ്ടത് അനാവശ്യമാണെന്ന് ആരും എന്തായാലും പറയില്ല. പക്ഷേ അതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍...
ReplyDeleteബനദ് കൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുകയെ ഉള്ളൂ . വേണ്ടത് അധികാരികളെ വഴിയില്‍ തടഞ്ഞു തീരുമാനം പിന്‍വലിപ്പിക്കലാണ് . അതൊന്നും നടപ്പില്ലെന്ന് അറിയാം .എങ്കിലും പൊതു ജനമെന്ന കഴുതയെ ഭരിക്കുന്നവര്‍ ഭയക്കുന്ന അവസ്ഥ വന്നില്ലെങ്കില്‍ ഇനിയുള്ള കാലം അങ്ങോട്ടും ഇങ്ങോട്ടും പതംപറഞ്ഞു കഴിച്ചു കൂട്ടാം ....
ReplyDeleteബന്ത് ന്യായീകരിക്കാനാകാത്ത
ReplyDeleteഒരു തരം
റിമോട്ട് ഉപയോഗിച്ചുകൊണ്ടുള്ള
സമരാഭാസമാണ്.
ജനജീവിതം കൊണ്ട് , ജന ജീവിതത്തിനെതിരെ...
സമരം സംഘടിപ്പിക്കുക.
ആത്മഹത്യക്കു പ്രേരിപ്പിക്കുന്നതുപോലെ...
കൈ നനയാതെ മീന്‍ പിടിക്കാനുള്ള
കക്ഷിരാഷ്ട്രീയത്തിന്റെ മുതല്‍മ്മുടക്ക് ആവശ്യമില്ലാത്ത ബിസിനസ്സ് !!!
ഷിജു , വാസു, നൌഷാദ്, ചിത്രകാരന്‍ എന്നിവരുടെ കമന്റുകള്‍ക്ക് നന്ദി. ചിത്രകാരന്റെ അഭിപ്രായം ശരിയാണ്. അറ്റകൈക്ക് പ്രയോഗിക്കേണ്ട അവസാനത്തെ സമരമുറയായിരുന്നു ബന്ദ്. അതിനെ പാര്‍ട്ടികള്‍ ഒരു കുട്ടിക്കളിയാക്കി മാറ്റി. ഒരു ദിവസം ബന്ദ് നടത്തി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് പാര്‍ട്ടികള്‍ ഒളിച്ചോടുന്നതാണ് കാണാറ്. അങ്ങനെ ബന്ദ് ജനങ്ങള്‍ വെറുക്കുന്ന ഒരു സമരാഭാസമായി. ബന്ദിന്റെ പ്രയാസങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുകയെന്നല്ലാതെ മറ്റൊരു ഫലം അത്കൊണ്ടുണ്ടാവുന്നില്ല. പലപ്പോഴും തങ്ങളുടെ നിലനില്‍പ്പ് ജനങ്ങളെ ഓര്‍മ്മിപ്പിക്കാനാണ് ബന്ദ് ആഹ്വാനം ചെയ്യപ്പെടുന്നത് തന്നെ.
ReplyDeleteഎന്ത് തന്നെയായാലും ഇപ്പോഴത്തെ വിലവര്‍ദ്ധനവ് ന്യായീകരിക്കാനാവില്ല. സ്പെക്ട്രം ലേലത്തിലൂടെയും മറ്റും സര്‍ക്കാരിന് വന്‍പിച്ച വരുമാനമാണ് ഈ അടുത്ത് ലഭിച്ചത്. ആ പണം ഒക്കെ സര്‍ക്കാര്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്ന് ജനങ്ങള്‍ അറിയേണ്ടേ? സബ്‌സിഡിയുടെയും നഷ്ടത്തിന്റെയും ഒക്കെ കണക്കുകള്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നതല്ലെ. അതെല്ലാം എത്ര മാത്രം വിശ്വസനീയമായിരിക്കും. വിപണിയില്‍ പല ഉല്പന്നങ്ങള്‍ക്കും ഉല്പാദനച്ചെലവിന്റെ പത്തിരട്ടിയാണ് എം.ആര്‍ .പി. ചുമത്തുന്നത്. വിലകള്‍ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ല. വ്യാപാരിസമൂഹത്തിന്റെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞുകൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍ . ഇവിടെ ഭരണകക്ഷികളെക്കാളും മോശമാണ് പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയമുതലെടുപ്പ് ആഭാസസമരങ്ങള്‍ . നമ്മള്‍ ജനങ്ങള്‍ ചെകുത്താന്റെയും കടലിന്റെയും നടുക്ക് തന്നെ... എന്റെ രോഷം പ്രകടിപ്പിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ തല്‍ക്കാലം ഈ ബന്ദിനെ അനുകൂലിക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാവുന്നു.
ഭാരത ബന്ദിനോടും ദേശീയ ഹര്താലിനോടും അനുകൂലിക്കുന്നതില്‍ സന്തോഷമുണ്ട്,ഞാനും പങ്കുചേരുന്നു. നമുക്ക് പ്രതിഷേധിക്കാതിരിക്കാന്‍ ആവില്ല ,അതിനു ചില സമരമുറകള്‍ നമ്മള്‍ തിരഞ്ഞെടുത്തെപറ്റൂ.ദല്‍ഹിയില്‍ നേര്സുമാര്‍ തൊഴില്‍ നിഷേധ ത്തിനെതിരെ തൊഴില്‍പീഡനത്തിനെതിരെ സമരം നടത്തിയത് ഓര്‍മയുണ്ടോ അതില്‍ എത്രപേര്‍ കോളേജില്‍ പഠിക്കുമ്പോള്‍ സമരത്തിനോടു പുച്ഛം വച്ചുപുലര്ത്തിയവര്‍ ഉണ്ടായിരുന്നിരിക്കും പക്ഷെ സ്വന്തം കാര്യം വന്നപ്പോള്‍ സമരത്തിലേക്ക് വരേണ്ടിവന്നു.
ReplyDeletetracking
ReplyDeleteഈ സുകുമാരേട്ടന്‍ ഒരു പാവമാണു സീ പീ എമ്മിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും സീ പീ എമ്മിണ്റ്റെ തറാവേലകള്‍ ഇനിയും ശരിക്കു പിടി കിട്ടിയിട്ടില്ല
ReplyDeleteഒന്നു ഹര്‍ത്താലും ബന്ദും ഓണം പോലെ എല്ലാവര്‍ക്കും ഇഷ്ടമാണു
ഏതു ഹര്‍ത്താലും ബിവറേജസ് കോര്‍പ്പറേഷന്‍ സെയിത്സ് കൂട്ടും സര്‍ക്കാരിനു പണം കിട്ടും
ഓഫീസില്‍ പോകുന്നവരും എപ്പഴെങ്കിലും ചെന്നു ഒപ്പിട്ട് നേരത്തെ പോകാന്‍ പറ്റും
പിള്ളേര്‍ക്കു റ്റ്യൂഷന്‍ ഇല്ല കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് കാണാം
ഇനി തിരക്കിട്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്
അതേ ശനിയാഴ്ച സാധാരണ ഹര്‍ത്താല്‍ പ്രഖാപിക്കാറില്ല പക്ഷെ പിറ്റേ ദിവസം മില്‍മ പാല്‍ മൂന്നു രൂപ കൂട്ടി
പെട്രോള്‍ ഗള്‍ഫില്‍ നിന്നും വരുന്നതാണല്ലോ
മില്‍മാ പാലോ ? കര്‍ണ്ണാടകയില്‍ നിന്നോ മഹാരാഷ്ട്രയില്‍ നിന്നോ വളിച്ച പാല്‍ പൊടി വാങ്ങി കെമിക്കല്‍ ഒക്കെ ചേര്‍ത്തു മില്‍മാ പാല്‍ ആയി ഇറക്കും
കേരളം കണി കണ്ടുണരുന്ന നന്‍മ പോലും
പശു വില്ലാതെ പാല്‍ ഉല്‍പാദിപ്പിക്കുന്നു
മദ്യപിച്ചു കരളു പോയ ജനതക്കു പാലിലെ കാന്‍സര്‍ ഉണ്ടാക്കിയേക്കാവുന്ന കെമിക്കല്‍ സ് ഏല്‍ക്കില്ല
അപ്പോള്‍ മൂന്നര പെട്രോള്‍ കൂട്ടിയപ്പോള്‍ മൂന്നു രൂപ മില്‍മ പാലിനു കൂട്ടി
അതു ഞായറാഴ്ച
അപ്പോള്‍ അതിനു മുന്‍പ് ഹര്‍ത്താല്‍ അങ്ങു പ്രഖ്യാപിച്ചാല്‍ ആരും ഇതു ചൂണ്ടിക്കാട്ടുക ഇല്ലല്ലോ എങ്ങിനെ ഉണ്ടെണ്റ്റെ പുത്തി?
ഭാരത ബന്ദെന്നു പേരെ ഉള്ളു നടക്കുന്നത് ബംഗാളിലും കേരളത്തിലും
തമിഴ് നാട്ടില്‍ പോലും ഇല്ല ഈ നായ്ക്കളുടെ ലോകം എന്ന പോലെ ഈ നായക്കളുടെ ഒരു സ്റ്റേറ്റ്
വളരെ നല്ല പോസ്റ്റ്.സർക്കാറുകൾ നയപരമായ തീരുമാനങ്ങൾ എടുക്കാൻ കുത്തകക്കമ്പനികളെ ഏൽപ്പിക്കുന്ന കാഴ്ച ദയനീയമാണ്.ഒടുവിൽ രാഷ്ട്രത്തെത്തന്നെ ഇവർ കുത്തകകൾക്ക് പണയം വെയ്ക്കും.ഒട്ടുമുക്കാലും ഇതു നടന്നു കഴിഞ്ഞു.ഊർജ്ജത്തിന്റെ കുത്തക എന്നും സർക്കാരിന്റെ കയ്യിലായിരിക്കണം.അല്ലെങ്കിൽ നമ്മുടെ ജീവിതം നിയന്ത്രിക്കുന്നത് കുത്തക മുതലാളികളായിരിക്കും.പ്രതിഷേധിക്കേണ്ടത് അത്യ്യാവശ്യമായി വരുമ്പോൾ ബന്ദായാലും ഹർത്താലായാലും അത് മുഴുവൻ ജനതയുടെയും പ്രതിഷേധമായി മാറുന്നു...
ReplyDelete