Pages

മൊബൈല്‍ ഫോണില്‍ നിന്ന് ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ്

ലൈവ് സ്ട്രീമിങ്ങിനെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു.  അത് പക്ഷെ യൂസ്ട്രീം എന്നൊരു വെബ്‌സൈറ്റ് മുഖാന്തിരമായിരുന്നു. എന്നാല്‍ നാം സഞ്ചരിച്ചുകൊണ്ടിരിക്കവേ നമുക്ക് നമ്മുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലൈവ് സ്ട്രീം ചെയ്യാം. അത് അപ്പോള്‍ തന്നെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഷേര്‍ ചെയ്യാം. യൂട്യൂബ് , ട്വിറ്റര്‍ , ഫേസ്ബുക്ക് എന്നിവയിലും ഷേര്‍ ചെയ്യാം. മാത്രമല്ല നമ്മുടെ ബ്ലോഗിലും ലൈവായി കാണിക്കാം. ആലോചിച്ചു നോക്കൂ. നമ്മള്‍ മൊബൈല്‍ ഫോണുമായി എവിടെയെങ്കിലും പോകുന്നു. വഴിയില്‍ കാണുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു. അത് അപ്പോള്‍ തന്നെ ലൈവായി ബ്ലോഗില്‍ സ്ട്രീം ചെയ്യപ്പെടുന്നു. ഇങ്ങനെ ബ്ലോഗിന്റെ സാധ്യതകള്‍ അനന്തമായി വര്‍ദ്ധിച്ചു വരുമ്പോള്‍ ആളുകള്‍ ബ്ലോഗില്‍ നിന്ന് പിന്നോട്ട് പോകുന്നതും പുതിയ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താതിരിക്കുന്നതും കഷ്ടമാണ്. വെറും വിവാദങ്ങള്‍ക്കും അടികൂടാനും മാത്രമല്ല ബ്ലോഗ്. അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കാന്‍ കൂടിയാണ്. തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ മാത്രമായി ബ്ലോഗിന്റെ സാധ്യത ചുരുക്കിക്കളയരുത്. വിശ്വസിക്കുന്ന ആശയങ്ങള്‍ക്കപ്പുറത്ത് അനുഭവവേദ്യമായൊരു വ്യക്തിജീവിതവും നമുക്കെല്ലാവര്‍ക്കുമുണ്ട്. അത് പരസ്പരം പങ്ക് വയ്ക്കാനും നമുക്ക് കഴിയണം. അതിന് ചിലപ്പോഴെങ്കിലും ആ‍ശയങ്ങളുടെ ഭാരം ഒന്നിറക്കി വയ്ക്കണം. സന്തോഷിക്കാനുള്ള ഫോര്‍മ്യൂലകള്‍ ഏവര്‍ക്കും ഏറെക്കുറെ സമാനമാണ്.

എങ്ങനെയാണ് മൊബൈലില്‍ ലൈവ് സ്ട്രീം ചെയ്യുന്നത് എന്ന് നോക്കാം. കിക്ക് ഡോട്ട് കോം എന്നൊരു സൈറ്റാണ് അതിന് സൌകര്യം ചെയ്തു തരുന്നത്. കിക്ക് ഡോട്ട് കോമില്‍ എന്റെ പ്രൊഫൈല്‍ ഇവിടെ കാണുക. qik.com ല്‍ അക്കൌണ്ട് തുറക്കുക. എന്നിട്ട് ഏത് ഫോണ്‍ ആണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ആ ഫോണിന് പറ്റിയ ആപ്ലിക്കേഷന്‍സ് അവിടെ നിന്ന് ഡൌണ്‍‌ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. എല്ലാ ഫോണുകളും QIK സപ്പോര്‍ട്ട് ചെയ്യുന്നില്ല. ബാക്കി കാര്യങ്ങളൊക്കെ അവിടെ സൈറ്റില്‍ നിന്ന് വായിച്ച് മനസ്സിലാക്കേണ്ടതാണ്. ഒന്ന് പരിചയപ്പെടുത്തുക മാത്രമാണ് എന്റെ ഉദ്ദേശ്യം. എനിക്ക് ഒരു ബ്ലാക്ക്ബെറി (ബോള്‍ഡ് 9700) കിട്ടിയിട്ടുണ്ട്. അതില്‍ പരീക്ഷിച്ച് നോക്കി. ശരിക്ക് പഠിച്ചു വരുന്നതേയുള്ളൂ. പ്രൊഫൈലില്‍ My Live Channel എന്നൊരു ലിങ്ക് കാണും. അതില്‍ ക്ലിക്ക് ചെയ്താല്‍ വിഡ്ജറ്റിന്റെ എംബഡ് കോഡ് ലഭിക്കും. അത് താഴെ കാണുന്ന പോലെ ബ്ലോഗില്‍ പോസ്റ്റ് ചെയ്താല്‍ നമ്മള്‍ മൊബൈലില്‍ പകര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ബ്ലോഗില്‍ ലൈവായി കാണുകയും സേവ് ആവുകയും ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യാം.