Pages

പാലേരിയില്‍ പറയാതെ പോയത് ....

സി.ആര്‍  നീലകണ്ഠനെ പോലെ ശുദ്ധന്മാരായ ചില മനുഷ്യസ്നേഹികളുണ്ട്. അരുന്ധതിറോയിയും മേധാപട്കറും ഒക്കെ ഈ ഗണത്തില്‍ പെടുന്നവരാണ്. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നത് ചിലപ്പോള്‍ ഇക്കൂട്ടരുടെ വാക്കും പ്രവര്‍ത്തിയും ഒക്കെ കാണുമ്പോള്‍ തോന്നാറുണ്ട്.  പാലേരിയില്‍ സി.ആര്‍ പ്രസംഗം തുടങ്ങുമ്പോഴേക്കും ഡിഫിക്കാര്‍ അദ്ദേഹത്തെ കൈകാര്യം ചെയ്ത് ആശുപത്രിയിലാക്കി. എന്താണ് അദ്ദേഹം പാലേരിയില്‍ പ്രസംഗിക്കുക എന്ന് വിഷയം മുന്‍‌കൂട്ടി പ്രഖ്യാപിച്ചിരുന്നത്കൊണ്ട്, ദേശാഭിമാനി റിപ്പോര്‍ട്ടര്‍ക്ക് വാര്‍ത്ത എഴുതാന്‍ എളുപ്പമായി. മാവോയിസ്റ്റുകളെ അനുകൂലിച്ച്കൊണ്ട് പാലേരിയില്‍ ഏതോ വിദ്വാന്‍ പ്രസംഗിച്ചത്കൊണ്ട് നാട്ടുകാര്‍ പ്രതികരിച്ചു എന്നാണ് പിണറായിയും അതേപറ്റി പ്രതികരിച്ചത്. ഈ തൊട്ടതിനും പിടിച്ചതിനും നാട്ടുകാര്‍ ഇങ്ങനെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇവിടെ ഈ പോലീസും നീതിന്യായവ്യവസ്ഥയും ഒക്കെ എന്തിനാണ്? നമുക്ക് നേരിട്ടങ്ങ് പ്രാകൃതസമൂഹത്തിലേക്ക് തിരിച്ചു പോകാവുന്നതല്ലേയുള്ളു. ഇതിനെ പറ്റി മറ്റൊരു പോസ്റ്റ് എഴുതാം. തല്‍ക്കാലം നമുക്ക് നീലകണ്ഠനിലേക്ക് വരാം.


പാലേരിയില്‍ പ്രസംഗിക്കാന്‍ കഴിയാതെ പോയത് എന്തൊക്കെയാണെന്ന് നീലകണ്ഠന്‍ കേരള ഫ്ലാഷ് ലേഖകനോട് പറഞ്ഞത്  ഇവിടെ  ഞാന്‍ വായിച്ചു. അത് തയ്യാറാക്കിയ വരുണ്‍ രമേഷ് തന്നെയാണ് എനിക്ക് പ്രസ്തുത ലേഖനത്തിന്റെ ലിങ്ക് അയച്ചുതന്നത്. അത് വായിച്ചപ്പോഴാണ് ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നെനിക്ക് ബോധ്യമായത്.  നീലകണ്ഠന്റെ ബൌദ്ധികമായ സത്യസന്ധതയിലും ആത്മാര്‍ത്ഥതയിലും എനിക്ക് അശേഷം സംശയമില്ല. അദ്ദേഹത്തിന്റെ ആര്‍ജ്ജവത്തിന്റെ മുന്നില്‍ തല കുനിക്കുകയും ചെയ്യുന്നു. എന്നാല്‍ മവോയിസ്റ്റുകളെ ന്യായീകരിക്കാന്‍ അദ്ദേഹം കണ്ടെത്തിയ കാരണങ്ങളും, മാവോയിസ്റ്റുകളുടെ ജനാധിപത്യനിഷേധത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചതും ആത്മഹത്യാപരമാണെന്ന് അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  പാലേരിയില്‍ ആക്രമിക്കപ്പെട്ടതിന്റെ അടിസ്ഥാനപരമായ കാരണം അദ്ദേഹം ആഴത്തില്‍ വിശകലനം ചെയ്യാന്‍ മുതിര്‍ന്നിട്ടില്ല.  കേവലം സി.പി.എം. ആക്രമണം എന്നേ ധരിച്ചിട്ടുണ്ടാകൂ. മറ്റുള്ളവരുടെ പൌരാവകാശ-ജനാധിപത്യാവകാശങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ , അത് സി.പി.എം. ആയാലും മാവോയിസ്റ്റുകളായാലും ആര്‍ക്കും അനുവദിച്ചുകൊടുക്കുകയില്ല എന്നതാണ് നീലകണ്ഠന്‍ പാലേരിയില്‍ നിന്ന് പഠിക്കേണ്ടിയിരുന്നത്. നാളെ സി.പി.എമ്മോ മാവോയിസ്റ്റുകളോ ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ പ്രസംഗിക്കാനിരിക്കുന്ന നീലകണ്ഠന്മാരുടെ തലകള്‍ കഴുത്തിന് മീതെ കാണില്ല. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന ജനാധിപത്യം അവരുടെ പാര്‍ട്ടിക്കും നേതാക്കള്‍ക്കും മാത്രമാണ്. അവര്‍ക്ക് അധികാരം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ജനങ്ങള്‍ എന്നാല്‍ അവരുടെ പാര്‍ട്ടിയുടെ ഉപകരണങ്ങള്‍ മാത്രം. എല്ലാം പാര്‍ട്ടി തീരുമാനിക്കും. അനുസരിക്കുക എന്ന ആധിപത്യമേ ജനങ്ങള്‍ക്ക് ബാക്കിയുണ്ടാവൂ. പാലേരിയില്‍ നീലകണ്ഠന്റെ ജീവന്‍ ഡിഫിക്കാര്‍ ഒഴിവാക്കിക്കൊടുത്തത് ഇവിടെ ജനാധിപത്യം നിലവിലുള്ളത്കൊണ്ടാണ്.  ഡിഫിക്കാര്‍ക്ക് പകരം മാവോയിസ്റ്റുകളായാലും ഗതി തഥൈവ.


സി.പി.എമ്മും മാവോയിസ്റ്റുകളും ഒക്കെ ഒരേ സിദ്ധാന്തത്തിന്റെ വക്താക്കള്‍ തന്നെയാണ്.  അവര്‍ തമ്മില്‍ മൂപ്പിളമത്തര്‍ക്കമെയുള്ളൂ. അധികാരം കിട്ടിയാല്‍ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യമാണ് സ്ഥാപിക്കുക. എന്ന് വെച്ചാല്‍ ഏകകക്ഷിഭരണം. പ്രതിപക്ഷമോ, എതിര്‍പ്പോ, ഭിന്നസ്വരമോ, സമരങ്ങളോ സ്വതന്ത്രപത്രപ്രവര്‍ത്തനമോ, ഒന്നുമില്ല. ഇതെന്തേ ഈ ബുദ്ധിജീവികളൊന്നും കാണാത്തത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്. എല്ലാ സാമൂഹികപ്രശ്നങ്ങളും ഒരേ പോലെ തന്നെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ജനാധിപത്യരാജ്യങ്ങളിലുമുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ അതേപറ്റി ആരും ഒന്നും ശബ്ദിക്കാന്‍ പാടില്ല. ജനാധിപത്യരാജ്യങ്ങളില്‍ എല്ലാം തുറന്ന് പറയാം, പ്രക്ഷോഭം നടത്താം. ആ വ്യത്യാസമേയുള്ളൂ.  ചൈനയില്‍ എന്താണ് ഇല്ലാത്തത്? തൊഴിലില്ലായ്മയില്ലേ? അഴിമതിയും കൈക്കൂലിയും ഇല്ലേ? പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരമില്ലേ? എല്ലാം ഉണ്ട്. അവിടെയും  വിപ്ലവം കഴിഞ്ഞിട്ട് അറുപത് വര്‍ഷം കഴിഞ്ഞു.  പ്രശ്നങ്ങളുടെ നീര്‍ച്ചുഴിയില്‍ തന്നെയാണ് അവരും.  പൌരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ ധ്വംസിച്ചിട്ട് അവര്‍ക്ക് മെച്ചമൊന്നുമില്ല.  അപ്പോള്‍ പ്രശ്നങ്ങള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ശ്രമിക്കുന്നതല്ലേ അഭികാമ്യം? തീര്‍ച്ചയായും അതെ. ഒരു പാര്‍ട്ടിക്ക് ഒരു രാജ്യത്തിന്റെ ഭരണക്കുത്തക അനന്തമായി കൈവശം വെച്ചു അനുഭവിച്ചുകൊണ്ടിരിക്കാന്‍ കഴിയുന്നതിന്റെ നീതിയും ധാര്‍മികതയും എന്താണ്? തങ്ങള്‍ ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായം അംഗീകരിക്കുന്നു എന്ന് പരസ്യമായി പറയാത്ത കാലത്തോളം ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ സി.പി.എമ്മും മറ്റ് ഇടത് കക്ഷികളും ഇവിടെ ബാധ്യസ്ഥരാണ്.


തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ മാവോയിസ്റ്റുകള്‍ അവലംബിക്കുന്ന മാര്‍ഗ്ഗം ഇവിടെ സായുധസമരവും ഗറില്ലായുദ്ധമുറയുമാണ്. സി.പി.എം. അവലംബിക്കുന്നത് ധനസമ്പാദനവും കെട്ടിടനിര്‍മ്മാണവുമാണ്. കെട്ടിടങ്ങളുടെ വളര്‍ച്ച പാര്‍ട്ടിയുടെ വളര്‍ച്ചയുടെ പ്രതീകമാണെന്നാണ് പിണറായി പ്രസ്ഥാവിച്ചത്. അങ്ങനെയെങ്കില്‍ ലോകത്ത് അതിവേഗം വളരുന്ന ഒരേയൊരു പാര്‍ട്ടി സി.പി.എം. മാത്രമായിരിക്കും. കെട്ടിടങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാകുമ്പോഴായിരിക്കും ഇന്ത്യയില്‍ ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കാനുള്ള വസ്തുനിഷ്ടവും ആത്മനിഷ്ടവുമായ ഭൌതികസാഹചര്യങ്ങള്‍ പരിപക്വമാവുക. പറയുന്നത് പിണറായി ആയത്കൊണ്ട് നമ്മള്‍ സംശയിക്കേണ്ടതില്ല. എന്നാല്‍ പേടിക്കേണ്ടതുണ്ട്. കാരണം സംഗതി ഏതായാലും നമുക്ക് നഷ്ടപ്പെടാനുള്ളത് നമ്മുടെ സ്വാതന്ത്ര്യമാണ്. അടിമത്വം ആരെങ്കിലും  സംഭാവന കൊടുത്ത് സ്വീകരിക്കുമോ? അതും പറഞ്ഞത് സാക്ഷാല്‍ പിണറായി തന്നെ.  നായനാര്‍ സ്മാരകത്തിന് പണം തന്ന് സഹകരിക്കാന്‍ ഞങ്ങളെയും അനുവദിക്കൂ എന്ന് പ്രവാസികള്‍ മുറവിളി കൂട്ടിയത് കൊണ്ടാണ് പോലും അദ്ദേഹം ഗള്‍ഫ് പര്യടനം നടത്തിയത്. എന്നാലും ഈ പ്രവാസികള്‍ ഇങ്ങനെ ഇരിക്കുന്ന കൊമ്പ് മുറിക്കാമോ? ഇത്തരത്തില്‍ ഇവിടെ പത്ത് സ്മാരകങ്ങള്‍ ഉയര്‍ന്നാല്‍ പാര്‍ട്ടിയുടെ വളര്‍ച്ച വിപ്ലവത്തിന്റെ വക്കിലേക്കല്ലേ എത്തുക? ഗ്രാമങ്ങളില്‍ താവളങ്ങള്‍ ഉറപ്പിച്ച് നഗരങ്ങള്‍ വളഞ്ഞ് പിടിച്ച് അധികാരം പിടിച്ചെടുക്കാം എന്ന മാവോയിസ്റ്റുകളുടെ മോഹം ഏതായാലും പൂവണിയില്ല. അതിനൊക്കെ ഇവിടെ സര്‍വ്വസജ്ജമായ ഇന്ത്യന്‍ പട്ടാളമുണ്ട്. എന്നാല്‍ സി.പി.എമ്മിന്റെ കാര്യം അങ്ങനെയല്ല. അവര്‍ വളര്‍ന്നാല്‍ നമ്മുടെ കാര്യം ഗോപി! അതാണ് പാലേരി നല്‍കുന്ന പാഠം. ഇത് ടി.പി.രാജീവനും ഓര്‍ക്കുന്നത് നന്ന്.


ഒറീസ മുതല്‍ക്കിങ്ങോട്ട് ആന്ധ്ര വരെ നീളുന്ന ചുവപ്പ് ഇടനാഴി എന്ന് പറയുന്ന പ്രദേശത്ത് സ്വാതന്ത്ര്യം കിട്ടിയിട്ട് നാളിത് വരെയായി ഒരു വികസനവും നടന്നിട്ടില്ല എന്നും അത്കൊണ്ട് അവിടത്ത്കാര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് പോയെന്നും അതില്‍ അവരെ കുറ്റം പറയാന്‍ പാടില്ലെന്നുമാണ് നീലകണ്ഠന്‍ പറയുന്നത്. ആര്‍ക്കും മാവോയിസ്റ്റാകാം, ഗാന്ധിയിസ്റ്റ് ആകുന്ന പോലെ ലോഹ്യയിസ്റ്റ് ആകുന്ന പോലെ എന്നും അദ്ദേഹം പറയുന്നുണ്ട്. എത്ര ലാഘവത്തോടെയാണ് അദ്ദേഹം ഇത് പറയുന്നത്. മാവോയിസ്റ്റ് ആധിപത്യത്തില്‍ അദ്ദേഹത്തിന് ഇങ്ങനെ ആര്‍ക്കും ഗാന്ധിയിസ്റ്റ് ആകാം ലോഹ്യയിസ്റ്റ് ആകാം എന്ന് പറയാന്‍ കഴിയുമോ? ഇല്ല. എല്ലാ പ്രശ്നങ്ങളും ജനാധിപത്യരീതിയില്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും നമുക്ക് കഴിയണം നീലകണ്ഠന്‍ സര്‍ .  അഭിപ്രായസ്വാതന്ത്ര്യവും പൌരാവകാശങ്ങളും പ്രദാനം ചെയ്യുന്ന ജനാധിപത്യം ആദ്യം. ബാക്കിയെല്ലാം പിന്നെ. ഇവിടെ എല്ലാ പാര്‍ട്ടികളും ദുഷിച്ചുപോയിട്ടുണ്ടെങ്കില്‍ അതിന് പ്രതിവിധി ജനാധിപത്യം നശിപ്പിച്ച് മാവോയിസ്റ്റുകള്‍ക്കോ മാര്‍ക്സിസ്റ്റുകള്‍ക്കോ ഏകകക്ഷി ഭരണത്തിനുള്ള അവസരം ഒരുക്കലല്ല. നിങ്ങളെ പോലെയുള്ളവര്‍ ശബ്ദമുയര്‍ത്തേണ്ടത് ഈ ഫാസിസ്റ്റ് ശക്തികളെ ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ പ്രവേശിപ്പിക്കുന്നത്തിന് വേണ്ടി കൂടിയാണ്.  തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ഓമനപ്പേരിലുള്ള ഒറ്റപാര്‍ട്ടി ഫാസിസത്തിലൂടെയല്ല ജനാധിപത്യസമ്പ്രദായത്തിലൂടെ മാത്രമേ ഇനി ലോകത്ത് എന്ത് പ്രശ്നവും ഉയര്‍ത്തിക്കാട്ടാവൂ.  അങ്ങനെയേ എന്ത് പ്രശ്നവും പരിഹരിക്കാനും കഴിയൂ.  കമ്മ്യൂണിസ്റ്റുകള്‍ ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് അവ പരിഹരിക്കാനല്ല, മുതലെടുപ്പ് നടത്തി പാര്‍ട്ടി വളര്‍ത്തി ജനങ്ങളില്‍ അടിമത്വം അടിച്ചേല്‍പ്പിക്കാനാണ്. ഇത് മനസ്സിലാക്കാന്‍ താങ്കള്‍ക്ക് ഇനിയും എത്ര പാലേരികള്‍ താണ്ടണം?


(ഫോട്ടോ കടപ്പാട്: കേരള ഫ്ലാഷ് ന്യൂസ്)