Pages

കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..

കണ്ണൂര്‍ തെക്കി ബസാറിലെ വീട്ടമ്മമാര്‍ നടത്തിവന്നിരുന്ന കള്ള് ഷാപ്പ് ഒഴിപ്പിക്കല്‍ സമരം ഒത്ത്
തീര്‍ന്നിരിക്കുന്നു. ജനാധിപത്യത്തില്‍ സമരങ്ങള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യരുത്, ഒത്ത്തീരാനേ പാടുള്ളൂ. ഒത്ത്തീര്‍പ്പിന് എപ്പോഴും ഒരു ശാന്തിയുടെയും സമാധാനത്തിന്റെയും സൌന്ദര്യമുണ്ടാകും. വീടുകള്‍ക്ക് നടുവില്‍ ഷാപ്പ് നിലനിര്‍ത്തി കള്ള് വില്‍ക്കരുത് എന്ന തികച്ചും ന്യായമായ ആവശ്യം മാത്രമായിരുന്നു വീട്ടമ്മമാര്‍ക്ക്. ആ ആവശ്യം നിവര്‍ത്തി ചെയ്യപ്പെട്ടിരിക്കുന്നു. ഇടയില്‍ സംഭവിച്ച തര്‍ക്കങ്ങളും അനിഷ്ടസംഭവങ്ങളും ദൌര്‍ഭാഗ്യകരമെന്ന് കരുതി വിസ്മരിക്കാം. എന്നാല്‍ ഈ സമരം നല്‍കുന്ന മഹത്തായ ഒരു പാഠമുണ്ട്. ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ബാധിക്കപ്പെട്ടവര്‍ തന്നെ മുന്‍‌കൈ എടുത്ത് സമരത്തിനിറങ്ങണം. ആ സമരങ്ങള്‍ അഹിംസയില്‍ ഊന്നിയതായുമിരിക്കണം. സമരം ന്യായവും ധാര്‍മ്മികവുമാണെങ്കില്‍ ബഹുജനങ്ങള്‍ അതേറ്റെടുത്ത് പരിഹാരത്തിലേക്ക് എത്തിച്ചിരിക്കും. അത്തരം കൊച്ചു കൊച്ചു സമരങ്ങള്‍ ജനാധിപത്യത്തിന്റെ മുന്നേറ്റം കൂടിയായിരിക്കും. സമരങ്ങള്‍ തുടങ്ങാന്‍ പ്രൊഫഷണല്‍ നേതാക്കളെ കാത്തിരിക്കുകയോ ആശ്രയിക്കുകയോ വേണ്ട. അവര്‍ ഇങ്ങോട്ട് വന്ന് പിന്‍‌തുണ പ്രഖ്യാപിക്കും. ബാധിക്കപ്പെട്ടവര്‍ക്ക് മാത്രമേ സമരത്തില്‍ തീഷ്ണമായി ഇറങ്ങാന്‍ കഴിയൂ.

നേതാക്കള്‍ പലപ്പോഴും ഇടത്തട്ടുകാരന്റെ ചാഞ്ചാട്ടം കാണിക്കാന്‍ ഇടയുണ്ട്. ആ ചാഞ്ചാട്ടം ചിലപ്പോള്‍ ഒറ്റ്കൊടുക്കലിലും എത്തിപ്പെടാം. കള്ള്ഷാപ്പ് സമരത്തില്‍ സി.പി.എം. ഒഴികെ മറ്റ് മിക്ക പാര്‍ട്ടികളും ബഹുജനസംഘടനകളും വീട്ടമ്മമാര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. അതിനാല്‍ സമരത്തെ വര്‍ഗ്ഗീയവാദികളും തീവ്രവാദികളും ഹൈജാക്ക് ചെയ്തു എന്ന ആക്ഷേപവുമായാണ് സി.പി.എം. സമരത്തെ നേരിട്ടത്. ഇതൊരു വില കുറഞ്ഞ അടവ് തന്ത്രമാണ്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ബഹുജനസംഘടനകള്‍ സമരത്തിന്  പിന്തുണയുമായി വരുമ്പോള്‍ അവരെ വര്‍ഗ്ഗീയ-തീവ്രവാദ ചാപ്പ കുത്തി സമരത്തെ വികൃതമായി ചിത്രീകരിക്കുക. സമരത്തിലെ മറ്റ് സംഘടനാപങ്കാളിത്തം ചൂണ്ടിക്കാട്ടി സമരത്തിന്റെ ന്യായത്തെ മറയ്ക്കാന്‍ ശ്രമിക്കുക. സമരത്തിന് ആധാരമായ പ്രശ്നമല്ല, തീവ്രവാദ-വര്‍ഗ്ഗീയതയാണ് ഏറ്റവും വലുത് എന്ന് വരുത്തി തീര്‍ക്കുക. കിനാലൂരിലും ഇത് കാണാം.

 ഒരു സംഘടന ഈ രാജ്യത്ത് നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന കാലത്തോളം അതിന്
ഏത് ജനകീയസമരത്തിന് പിന്തുണ നല്‍കാനോ ഏറ്റെടുത്ത് നടത്താനോ അവകാശമുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും നിറവ്യത്യാസമില്ല. ഇടത്തട്ടുകാരന് എറിഞ്ഞുകൊടുക്കാതെ ബാധിക്കപ്പെട്ടവര്‍ മുന്നിട്ടിറങ്ങിയാല്‍ സമരങ്ങള്‍ ഒത്ത്തീര്‍പ്പാകാതിരിക്കാന്‍ സാധ്യതയില്ല. ബംഗാളിലെ സിംഗൂര്‍ , നന്ദിഗ്രാം തൊട്ട് ഇങ്ങേയറ്റത്ത് തെക്കി ബസാറിലെ കള്ള് ഷാപ്പ് മുതല്‍ കിനാലൂര്‍ വരെ ഏത് ജനകീയസമരങ്ങള്‍ എടുത്താലും സി.പി.എം. എന്ന പാര്‍ട്ടി ജനങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ജനകീയസമരങ്ങളെ പോലീസിനൊപ്പം ചേര്‍ന്ന് അടിച്ചമര്‍ത്താനാണ് സി.പി.എം. ശ്രമിക്കുന്നത്. എന്ത്കൊണ്ടാണ് സി.പി.എം. ഇങ്ങനെ മാറിപ്പോയത്? കാരണം സുവ്യക്തം.

സി.പി.എം. ഇന്ന് സാധാരണക്കാരന്റെ മാത്രം പാര്‍ട്ടിയല്ല. അത് ബ്യൂറോക്രാറ്റുകളുടെയും, വ്യാപാരി-വ്യവസായികളുടെയും, റീയല്‍ എസ്റ്റേറ്റുകാരുടെയും എല്ലാം പാര്‍ട്ടിയാണ്. എല്ലാവരും ഒരു കുടക്കീഴില്‍ എന്നതാണവരുടെ നയം ഇപ്പോള്‍ . അപ്പോള്‍ ആ‍ പാര്‍ട്ടിയില്‍ നിന്ന് സാധാരണക്കാ‍രന് നീതി കിട്ടാനോ, സാധാരണക്കാരന്റെ നീതിയ്ക്ക് വേണ്ടി നിലകൊള്ളാന്‍ ആ പാര്‍ട്ടിക്കോ സാധിക്കാതെ വരുന്നു. അങ്ങനെ എല്ലാ വിഭാഗത്തിന്റെയും പാര്‍ട്ടിയായത്കൊണ്ട് സാധാരണക്കാരന്റെ വോട്ട് വാങ്ങി അധികാരം കരസ്ഥമാക്കാനും സമ്പന്നന്മാരുടെ പക്കല്‍ നിന്ന് അവിഹിതമായി പണം കൈപറ്റി കൂറ്റന്‍ കെട്ടിടസമുച്ചയങ്ങളും തീം പാര്‍ക്കുകളും മറ്റും പണിയാനും കഴിയുന്നു. മിക്കവാറുമെല്ലാ നേതാക്കള്‍ക്കും ഇപ്പോള്‍ നല്ല വീടുകളും മറ്റെല്ലാ സൌകര്യങ്ങളുമുണ്ട്. ഇതൊക്കെ അവരുടെ രേഖകളില്‍ പറയുന്ന കാര്യം തന്നെയാണ്.

സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിന് സമരം ചെയ്യാന്‍ സി.പി.എം.കാരെ കിട്ടുന്നില്ല എന്ന് മാത്രമല്ല അത്തരം സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ (ഇത് സി.പി.എം.ഭാഷയാണ്. അതാണ് അതിശയോക്തി കലരാന്‍ കാരണം) സി.പി.എം.കാര്‍ കോടാലിക്കൈകളായി വര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. അത്കൊണ്ട് സമരം ചെയ്യുന്നവര്‍ അത് മുതലാളിയോടായാലും സര്‍ക്കാരിനോടായാലും ആദ്യം നേരിടേണ്ടി വരുന്നത് സി.പി.എം.കാരോടാണ്. അത്കൊണ്ട് നന്ദിഗ്രാമിലായാലും കിനാലൂരിലായാലും തെക്കി ബസാറിലായാലും സമരം ഒത്ത് തീരുക എന്ന് വെച്ചാല്‍ സി.പി.എമ്മിന്റെ കുതന്ത്രങ്ങള്‍ പരാജയപ്പെടുക എന്ന് കൂടിയാണ് അര്‍ത്ഥം.

കേരളത്തിലെ സി.പി.എമ്മില്‍ ഇപ്പോള്‍ ഒരു ദേവാസുര യുദ്ധം നടക്കുകയാണ്. അച്യുതാനന്ദനെ കുറിച്ച് എന്ത് എതിരഭിപ്രായമുണ്ടെങ്കിലും അദ്ദേഹമാണ് ദേവഗണത്തെ ഇന്ന് പ്രതിനിധീകരിക്കുന്നത്. അസുരഗണത്തെ ചേര്‍ന്നവര്‍ പാര്‍ട്ടിയെ കൈയ്യടക്കിയെങ്കിലും കേന്ദ്രനേതൃത്വം ഒന്ന് ഉള്ളത്കൊണ്ട് ഒരടി പിന്നോട്ട് രണ്ടടി മുന്നോട്ട് എന്ന സോ കോള്‍ഡ് കമ്മ്യൂണിസ്റ്റ് തന്ത്രമാണ് പയറ്റുന്നത്. ഈ യുദ്ധത്തില്‍ അസുരവര്‍ഗ്ഗമേ ജയിക്കുകയുള്ളൂ. എന്നാല്‍ ആത്യന്തികമായി വിജയിക്കുക ദേവഗണമായിരിക്കുമെന്നത് അനിവാര്യമായൊരു കാവ്യനീതിയാണ്. അച്യുതാനന്ദരും കൂട്ടരും സി.പി.എമ്മില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടാലും പാര്‍ട്ടിക്ക് പുറത്ത് ജനങ്ങളുണ്ട്. അവരാണ് യഥാര്‍ത്ഥ ദേവന്മാര്‍ . ഇന്നല്ലെങ്കില്‍ നാളെ ഈ അസുരന്മാര്‍
ജനങ്ങളോട് അടിയറവ് പറഞ്ഞേ തീരൂ.

9 comments:

  1. ഞാന്‍ സുകുമാരേട്ടന്റെ കൂടെയാ....കാരണം ഞാന്‍ കണ്ണൂര്‍ കാരനാ..:) സസ്നേഹം

    ReplyDelete
  2. “ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ബാധിക്കപ്പെട്ടവര്‍ തന്നെ മുന്‍‌കൈ എടുത്ത് സമരത്തിനിറങ്ങണം.”

    “ബാധിക്കപ്പെട്ടവര്‍ക്ക് മാത്രമേ സമരത്തില്‍ തീഷ്ണമായി ഇറങ്ങാന്‍ കഴിയൂ.“
    ---
    അതെ, അത്‌ തന്നെയാണ്‌ കാക്കര കിനാലുർ സംഭവത്തിൽ ”പദ്ധതി നേരിട്ട് ബാധിക്കുന്നവരെ വിശ്വസത്തിലെടുക്കണമെന്ന്‌ പറയുന്നത്‌. രാഷ്ട്രീയ പാർട്ടികളേയും മറ്റു സംഘടനകളേയും രണ്ടാം സ്ഥാനത്ത്‌ നിറുത്തണം. അവർക്ക്‌ സ്ഥാപിത ലക്ഷ്യമുണ്ടാകും പക്ഷെ നേരിട്ട് ബാധിക്കുന്നവർക്ക്‌ ഒറ്റ ലക്ഷ്യമേയുള്ളു, വിജയം അല്ലെങ്ങിൽ ഏറ്റവും നല്ലൊരു ഒത്തുതീർപ്പ്‌.

    ReplyDelete
  3. ശരിയാണ്. ജയവും തോൽവിയുമൊന്നുമല്ല കാര്യം.നീതി നടപ്പാക്കപ്പെടണം എന്നതു മാത്രമാണ്...തെക്കീബസാറിലെ വീട്ടമ്മമാർക്ക് അതു ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നു.
    സുകുമാരേട്ടന്റെ നിരീക്ഷണം തികച്ഛും ശരിയാ‍ണ്.ജനകീയസമരമെന്നാൽ പ്രശ്നബാധിതർ ഏറ്റെടുത്തു നടത്തുന്ന സമരം തന്നെയാണ്.അത് തികച്ഛും സത്യം,അഹിംസ എന്നിവയിൽ അധിഷ്ഠിതമാകുമ്പോൾ വിജയിക്കുകതന്നെ ചെയ്യും.അതിന് ആയിരങ്ങൾ അണിനിരക്കണം എന്നുപോലുമില്ല. കേവലം ഒരാൾക്ക് ഒരു സമരം വിജയിപ്പിക്കാനാകും,സംഘടന പോലും വേണമെന്നില്ല....
    ഒരു കാലത്ത് ജനകീയസമരങ്ങൾ നടത്തി വിജയിപ്പിച്ചവർതന്നെ ഇന്ന് ജനകീയ സമരങ്ങൾക്ക് എതിരായി വരുന്നത് ,അല്ലെങ്കിൽ ജനകീയ സമരങ്ങൾ അവർക്കെതിരായി ഉയരേണ്ടി വരുന്നത് ,വൈരുദ്ധ്യമുള്ള കാര്യമാണ്...ഇതിനു കാരണം ജീർണ്ണതയാണ്..നൈമിഷികമായ ധനത്തിന്റെ പിറകെ പോകുമ്പോൾ എന്തും ജീർണ്ണിക്കും...

    ReplyDelete
  4. സുകുമാരേട്ടന്‍ പറഞ്ഞത് നൂറു ശതമാനം സത്യമാണ്, “ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ബാധിക്കപ്പെട്ടവര്‍ തന്നെ മുന്‍‌കൈ എടുത്ത് സമരത്തിനിറങ്ങണം. ബാധിക്കപ്പെട്ടവര്‍ക്ക് മാത്രമേ സമരത്തില്‍ തീഷ്ണമായി ഇറങ്ങാന്‍ കഴിയൂ.“

    ReplyDelete
  5. സുകുമാരേട്ടന്‍െറ കാലിക പ്രസക്തിയുള്ള കുറിപ്പുകള്‍ ഈ സമൂഹത്തിന് ആവശ്യമാണ്. ഇത്തരം സാമൂഹ്യപ്രശ്നങ്ങളിന്‍മേല്‍ ഈ വയസ്സിലും കേരളത്തില്‍ അല്ലാതിരുന്നിട്ടും അദ്ദേഹം പ്രതികരിച്ചുകൊണ്ടേയിരിക്കുന്നു എന്നത് നമ്മെയൊക്കെ അത്ഭുതപ്പെടുത്തുന്നു. ആ കര്‍മകുശലതയുടെ അനര്‍ഗളപ്രവാഹം ഇനിയുമിനിയും പ്രസരിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  6. മേലെ കമന്റ് എഴുതിയിരിക്കുന്ന ആളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. ആ കമന്റര്‍ എന്റെ ബ്ലോഗില്‍ എഴുതുന്ന എല്ലാ കമന്റുകളും ഡിലീറ്റ് ചെയ്യുകയാണ് പതിവ്. പ്രശംസിക്കുന്ന പോലെ എഴുതിയാല്‍ അത് ഡിലീറ്റ് ചെയ്യുമോ എന്ന് പരീക്ഷിക്കുകയാണ് ഉദ്ദേശ്യം എന്ന് അതില്‍ ഒളിഞ്ഞിരിക്കുന്ന പരിഹാസത്തില്‍ നിന്ന് വ്യക്തമാണ്. ഏതായാലും ഈ കമന്റ് ഞാനായിട്ട് ഡിലീറ്റ് ഇപ്പോള്‍ ചെയ്യുന്നില്ല. ആ ആളിന്റെ ആശംസ സ്വീകരിക്കുന്നുമില്ല. മാര്‍ക്സിസ്റ്റ് അനുഭാവികളുമായി ആരോഗ്യകരമായ സംവാദം അസാദ്ധ്യമായ ഒന്നാണ്. കാരണം പാര്‍ട്ടിയുടെ മെഗാഫോണ്‍ പോലെയേ അവര്‍ക്ക് ശബ്ദിക്കാന്‍ കഴിയുകയുള്ളൂ. സമാനചിന്താഗതിക്കാരെ കണ്ടെത്താനും അവരോട് ആശയവിനിമയം നടത്താനുമാണ് ഞാന്‍ ബ്ലോഗ് ഉപയോഗപ്പെടുത്തുന്നത്. മാര്‍ക്സിസ്റ്റ് അനുഭാവികളുമായി നമ്മള്‍ ജനാധിപത്യവിശ്വാസികള്‍ക്ക് പൊതുവായി ഒന്നുമില്ല.

    ReplyDelete
  7. വ്യക്തമായ അഭിപ്രായം. നമ്മുടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ സാധാരണ ജനങ്ങളില്‍ നിന്നും അകന്നു പോകുന്നു എന്നതിന് നമ്മുടെ സമകാലിക ജനകീയ സമരങ്ങളോട് അവര്‍ കാണിക്കുന്ന സമീപനത്തില്‍ നിന്നും വ്യക്തമാണ്‌ അധികാരം രുചിച്ച കമ്മ്യൂണിസ്റ്റുകാര്‍ പ്രതിപക്ഷത്ത് എത്തുമ്പോള്‍ മാത്രമേ സമരാവേശം കാണിക്കുകയുള്ളൂ അത് ഇടതു പക്ഷം എന്ന വാക്കിനെ തന്നെ മലിന പെടുതിയിരിക്കുകയാണ്
    എങ്കിലും സമരത്തിന്‌ ഗാന്ധിയന്‍ രീതി മത്രംമാണ് ഫലപ്രദംമെന്നു തോനുന്നുന്നില്ല കാരണം നമ്മുടെ മുന്നില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട് കാരണം മവോഇസ്റ്റകളുടെ സമരം ശ്രദ്ധിക്കപ്പെട്ടതും എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂര്‍ ധീര വനിത ഇറോംശര്‍മിളയുടെ സമരം ശ്രദ്ധ കുറയാനുള്ള കാരണം സമര രീതിയിലുള്ള വ്യത്യാസം കൊണ്ടാണ്

    ReplyDelete
  8. ഞാന്‍ സുകുമാരേട്ടന്റെ കൂടെയാ....

    ReplyDelete