Pages

സോഷ്യല്‍ ഐഡന്റിറ്റി

ലയാളികളില്‍ ഇന്ന് ഏറിയ പങ്കും പ്രവാസികളാണ്. വിദേശങ്ങളില്‍ മാത്രമല്ല ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും ധാരാളം മലയാളി കുടുംബങ്ങള്‍ ജീവിച്ചു വരുന്നുണ്ട്. അത്കൊണ്ട് സോഷ്യല്‍ ഐഡന്റിറ്റിയുടെ പ്രാധാന്യം മലയാളികളെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. മനുഷ്യന് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും പോലെ തന്നെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാനാവശ്യമാണ് സോഷ്യല്‍ ഐഡന്റിറ്റി അഥവാ സാമൂഹികാസ്തിത്വം.  നാട്ടില്‍ ജീവിയ്ക്കുന്നവര്‍ക്ക് അത് സ്വമേധയാ ലഭിക്കുന്നത് കൊണ്ട് തങ്ങള്‍ക്ക് ഇങ്ങനെയൊരാവശ്യം ഉണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അല്ലെങ്കിലും എന്താണ് തന്റെ ആവശ്യങ്ങള്‍ എന്ന് അധികമാരും ആലോചിക്കാറില്ല.  സമൂഹത്തിന്റെ ഒഴുക്കില്‍ അങ്ങനെ ഒഴുകിപ്പോകുന്നു എന്ന് മാത്രം. അത്കൊണ്ടാണ് പല അനാവശ്യങ്ങളും ആവശ്യങ്ങളായി കരുതി ആളുകള്‍ പാട് പെടുന്നത്. എന്താണോ തനിക്ക് സംതൃപ്തി തരുന്നത് അതാണ് ഒരാളുടെ ആവശ്യം. എന്നാല്‍ മറ്റുള്ളവര്‍ക്കുള്ളത് ഒക്കെ അതിലധികം തനിക്കും വേണം എന്ന വെപ്രാളത്തില്‍ ഒന്നും മുഴുവനും നേടാനാകാതെയും സംതൃപ്തി കണ്ടെത്താനാകാതെയും ഉഴറുകയാണ് ആളുകള്‍ ഇന്ന്.




പ്രവാസികുടുംബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ പല കൂട്ടായ്മകളും പരിപാടികളും ഉള്ളത്കൊണ്ട് ഈ സോഷ്യല്‍ ഐഡന്റിറ്റിയുടെ ആവശ്യകത ഒരു പരിധി വരെ നിവര്‍ത്തി ചെയ്യപ്പെടുന്നുണ്ട്. എന്നാലും ഇത്തരം കൂട്ടായ്മകള്‍ക്ക് പുറത്തും നിരവധി പേരുണ്ട്. അവരൊക്കെ ഈ ഒരു ദാഹം കടിച്ചമര്‍ത്തിക്കൊണ്ട് തന്നെയാണ് അവിടങ്ങളില്‍ കഴിഞ്ഞു വരുന്നത്. എന്താണ് ഈ സോഷ്യല്‍ ഐഡന്റിറ്റി എന്ന് വെച്ചാല്‍ ? എന്നെ എന്റെ നാട്ടില്‍ ഉള്ളവര്‍ക്കെല്ലാം അറിയാം. അത് തന്നെ ചുരുക്കത്തില്‍ സാമൂഹികാസ്തിത്വം എന്നത്. കണ്ടാല്‍ എല്ലാവരും പരിചയം ഭാവിക്കുമോ, എത്ര സുഹൃത്തുക്കളുണ്ട് എന്നതൊക്കെ വേറെ കാര്യം. നാട്ടില്‍ ഞാന്‍ എണ്ണപ്പെടുന്ന ഒരാളാണ് പല അവസരങ്ങളിലും. അതാണ് ഏവര്‍ക്കും കാര്യമായ സംഗതി. അത്കൊണ്ടാണ് ജനിച്ച നാടുമായി അഭേദ്യമായ ഒരു പൊക്കിള്‍കൊടി ബന്ധം നമുക്കുണ്ടാവുന്നത്. മറ്റെവിടെ എന്ത് സമൃദ്ധിയില്‍ ജീവിച്ചാലും ഈ ഒരു കുറവ് എല്ലാവര്‍ക്കും അനുഭവപ്പെടുക തന്നെ ചെയ്യും. എന്നാല്‍ ദൈനംദിനജോലികളില്‍ വ്യാപൃതരായി തിരക്കുകളില്‍ ജീവിയ്ക്കുന്നവര്‍ക്ക് ഈ അന്തര്‍ദ്ദാഹം പ്രത്യക്ഷത്തില്‍ അനുഭവവേദ്യമാകണമെന്നില്ല.  പെണ്‍‌മക്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കല്യാണപ്രായമാകുമ്പോഴോ അല്ലെങ്കില്‍ പ്രായമാകുമ്പോഴോ ആയിരിക്കും ഈ സോഷ്യല്‍ ഐഡന്റിറ്റി ഒരു പ്രതിസന്ധിയായി അവരെ അലട്ടുക.

ബാംഗ്ലുരില്‍ എത്തിപ്പെട്ട ഉടനെ എന്നെ ഈ പ്രശ്നം അലട്ടാന്‍ തുടങ്ങിയിരുന്നു.  ഓര്‍ക്കുട്ട്, ബ്ലോഗ്, ചാറ്റ് ഇത്യാദി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവമായാണ് ഈ പ്രതിസന്ധി ഞാന്‍ ഒരളവ് തരണം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ തീര്‍ത്തും ഈ വെര്‍ച്വല്‍ ആക്റ്റിവിറ്റീസില്‍ എനിക്ക് മടുപ്പ് വന്നു കഴിഞ്ഞു. ഇപ്പോള്‍ നാട്ടില്‍ എനിക്കെന്റെ സോഷ്യല്‍ ഐഡന്റിറ്റി തിരിച്ചു പിടിക്കണം എന്ന ആലോചനയിലാണ് ഞാന്‍. എന്താണ് പോംവഴി?  അങ്ങനെയാണ് നാട്ടില്‍ ഒരു ബ്ലോഗ് ശില്പശാല നടത്തിക്കൊണ്ട് അതിന് തുടക്കമിടാം എന്ന് തോന്നിയത്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒക്കെ എല്ലാവര്‍ക്കും സുപരിചിതമായെങ്കിലും  അത് കൈകാര്യം ചെയ്യാന്‍ പലര്‍ക്കും ഇന്നും അറിയില്ല. മലയാളത്തില്‍ കമ്പ്യൂട്ടറില്‍ എഴുതാനും വായിക്കാനും കഴിയുമെന്ന് അധികമാരും മനസ്സിലാക്കിയിട്ടില്ല. ഇന്ന് മിക്ക പഞ്ചായത്തുകള്‍ക്കും  എന്റെ ഗ്രാമം എന്ന വെബ്‌പോര്‍ട്ടല്‍ ഉണ്ട്. ഞാന്‍ അഞ്ചരക്കണ്ടി എന്റെ ഗ്രാമം പോര്‍ട്ടല്‍ നോക്കി. അത് തുടങ്ങിയതിന് ശേഷം അപ്‌ഡേറ്റ് ചെയ്തിട്ടേയില്ല. നാട്ടില്‍ ഒരാളും അതില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല.

നാട്ടില്‍ ഒരു ബ്ലോഗ് ശില്പശാല നടത്തണം എന്ന് ഞാന്‍ ചിത്രകാരനെ വിളിച്ചു പറഞ്ഞപ്പോഴാണ് ഒരു ബ്ലോഗ് കൌണ്‍സില്‍ റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് എന്ന് അറിയിച്ചത്. അത് എന്തോ ആകട്ടെ, തിങ്ക് ഗ്ലോബലി ആക്റ്റ് ലോക്കലി എന്നൊരു മനോഭാവത്തിലാണ് ഞാനിപ്പോള്‍ .  പത്ത് ആളുകളെ നാട്ടില്‍ കമ്പ്യൂട്ടറില്‍ മലയാളത്തില്‍ എഴുതാനും വായിക്കാനും ശീലിപ്പിച്ചാല്‍ അത്രയുമായല്ലൊ.  ബ്ലോഗ് അക്കാദമി തുടങ്ങുമ്പോള്‍ ഇത് തന്നെയായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. അല്ലാതെ എല്ലാ ബ്ലോഗര്‍മാരെയും ഏകോപ്പിച്ചുകൊണ്ടൊരു സംഘടന ആയിരുന്നില്ല. ലോകത്തിന്റെ ഏതോ കോണില്‍ ഇരുന്ന്കൊണ്ട് ബ്ലോഗ് എഴുതുകയും വായിക്കുകയും ചെയ്യുന്നവരെ എങ്ങനെ ഒരു സംഘടനയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ കഴിയും? അതിന്റെ ആവശ്യം എന്ത്? നാട്ടിലാണ് ആളുകള്‍ ബ്ലോഗ് എഴുതാനും വായിക്കാനും തയ്യാറാവേണ്ടതും അതിന് അവരെ സജ്ജരാക്കാന്‍ പ്രവര്‍ത്തിക്കേണ്ടതും. ഇപ്പോള്‍ എന്റെഗ്രാമം പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത് തദ്ദേശീയര്‍ക്ക് അവിടെ ബ്ലോഗ് എഴുതാം. മാത്രമല്ല പഞ്ചായത്തിലെ കാര്യങ്ങള്‍ അവര്‍ക്ക് അഭിപ്രായങ്ങളായി അവിടെ രേഖപ്പെടുത്താം. അപ്പോള്‍ പഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് പരിശീലനം അനിവാര്യമായിത്തീരുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ നിലവില്‍ സന്നദ്ധസംഘടനകള്‍ ഒന്നുമില്ല. അക്ഷയകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്കിപ്പോള്‍ മറ്റ് ബിസിനസ്സ് കാര്യങ്ങളുണ്ട്. മാത്രമല്ല അക്ഷയ കേന്ദ്രങ്ങള്‍ പബ്ലിക്ക്-പ്രൈവറ്റ് എന്ന ഒരു സംരംഭരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

അപ്പോള്‍ പറഞ്ഞു വന്നത് ബ്ലോഗ് ശില്പശാല, ബ്ലോഗ് അക്കാദമി, ബ്ലോഗ് കൌണ്‍സില്‍ .  ഒരു ശില്പശാല നടത്തി എല്ലാവരേയും ഇന്റര്‍നെറ്റ് സാക്ഷരരാക്കാന്‍ പറ്റുമോ? അപ്പോള്‍ ഒരു സ്ഥിരം ഇന്റര്‍നെറ്റ് പരിശീലനകേന്ദ്രം നല്ലതാണ്. ബ്ലോഗ് വായനശാലകള്‍ എന്നൊരു ആശയം മുന്‍പ് ചിത്രകാരന്‍ മുന്നോട്ട് വെച്ചിരുന്നു. അത് വികസിപ്പിച്ചു ഇന്റര്‍നെറ്റ് ക്ലബ്ബ് ഒന്ന് നാട്ടില്‍ തുടങ്ങുക എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. എന്റെ വീട് പൂട്ടിക്കിടക്കുകയാണ്. വീട്ടിലെ ഓഫീസ് മുറി ഇതിനായി ഉപയോഗപ്പെടുത്താം. ഒന്നോ രണ്ടോ സിസ്റ്റവും കാശ് മുടക്കി വാങ്ങാം. ഇന്റര്‍നെറ്റ് കണക്‍ഷന്റെ ചാര്‍ജ്ജ്  ബ്ലോഗ് വായനക്കാരില്‍ നിന്ന് അല്ലെങ്കില്‍ ബ്ലോഗ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാം. മണിക്കൂറിന് അഞ്ച് രൂപ നിരക്കില്‍ വാങ്ങിയാല്‍ ആര്‍ക്കും നഷ്ടമില്ലാതെ മുന്നോട്ട് കൊണ്ട് പോകാം.  ഇത്രയേ എനിക്ക് കഴിയൂ. അല്ലാതെ നാട് മുഴുക്കെ ഓടി നടന്ന് ഇന്റര്‍നെറ്റും ബ്ലോഗും പ്രചരിപ്പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ ബ്ലോഗ് കൌണ്‍‌സിലിന്റെ സൈറ്റില്‍ പോയി അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഒക്കെ വായിച്ചു നോക്കി. നല്ലതാണ്. ആളുകള്‍ മുന്നോട്ട് വന്നെങ്കില്‍ .

സോഷ്യല്‍ ഐഡന്റിറ്റിയില്‍ തുടങ്ങി ബ്ലോഗ് ശില്പശാലയില്‍ അവസാനിപ്പിക്കുകയല്ല.  മലയാളി ഈ പ്രതിസന്ധി അനുഭവിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ദശാബ്ദങ്ങളായി. കൂട്ടപ്രവാസം തുടങ്ങിയിട്ട് രണ്ടോ മൂന്നോ പതിറ്റാണ്ടുകളെ ആയിട്ടുള്ളു എന്നേയുള്ളൂ.  വയസ്സ് കാലത്ത് നാട്ടില്‍ എത്തിപ്പെടാന്‍ ഓരോ പ്രവാസിയും കൊതിക്കും.  നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി  അന്യനാട്ടില്‍ സ്ഥിരതാമസമാക്കിയ എത്രയോ പേര്‍ അവസാനകാലത്ത് നാട്ടില്‍ ഒരു പുര വയ്ക്കാന്‍ സ്ഥലത്തിന് അലയുന്ന കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്.  എന്നെ സംബന്ധിച്ച് എന്തെങ്കിലും പ്രവര്‍ത്തിക്കണം, നാട്ടില്‍ ഐഡന്റിറ്റി പുന:സ്ഥാപിക്കണം എന്ന ഒരു ത്വര എന്നെ വേട്ടയാടുന്നു. അതിനുള്ള ഉപാധിയാണ് എനിക്ക് ഈ ബ്ലോഗ് ശില്പശാലയും ഇന്റര്‍നെറ്റ് പരിശീലനകേന്ദ്രവും. മിക്കവാറും വരുന്ന മെയ് മാസത്തില്‍ ഞാനത് പ്രാവര്‍ത്തികമാക്കും.

12 comments:

  1. തീർച്ചയായും നല്ലൊരു സംരംഭം. വിജയിക്കാതിരിക്കാൻ കാരണമില്ല, മാഷേ.

    എന്റെ അഭിനന്ദനങ്ങൾ. പുരോഗതി അറിയിക്കണേ. ഇതേ തരത്തിലുള്ള ചിന്ത എന്നെയും അലട്ടികൊണ്ടിരിക്കുന്നു.

    ReplyDelete
  2. സര്‍ ...തീര്‍ച്ചയായും ഈ സംരംഭം നല്ല വിജയമായിരിക്കും ...

    ReplyDelete
  3. Cheers to the thoughts. But let me say certain apprehensions I have about the plan.

    Not to disregard my birth place or anything, but it is a known fact that Kerala is blessed with a population who are negatively critical about any new project. Anything new is viewed with suspicion of being right wing. And not to mention, something based on Internet, which is looked upon as something completely right wing.

    And another problem might be the general population thinking of Internet as the place which leads everyone awry. Internet is all about porn for a large section. You would have a hard time convincing them. I wonder how many parents will actually give that pocket money for their children to read blogs under the suspicion that they might be watching or reading 'asleelam!!'

    These problems come along with some deep rooted convictions among the masses. Very hard to change.

    All this I said not to dishearten your praise-worthy attempt. Just pointing out the issues you might face. Setting up space is not everything in itself. But I really hope the Blog Workshop you are designing could address these. Along with help from those among the populace who are open to things.

    Good luck sukumaranji. I am really happy for you. For such thoughts which I have come to think have dried up. Marubhoomiyile maruppachha poole, people like you get things going in our world. And hope to see more updates from you on this :)

    ReplyDelete
  4. സോഷ്യൽ ഐഡന്റിറ്റി ഒഴിവാക്കാനാവത്തതാണ്‌.

    ---

    http://www.kerala.gov.in/dept_norka/archievements.htm

    "This Department organized a Global NRK Meet in 08/2001 in Kochi (Samavayam 2001) and finalized and 'Action Plan' for the welfare and venture of the NRKs. The next Global NRK Meet will be organized at Dingdon, Germany during 08/2002. "

    ഗ്രാമത്തിന്റെ വെബ്സൈറ്റിന്റെ കാര്യം എഴുതിയപ്പോൾ, ചൂണ്ടികാണിച്ചതാണ്‌.

    8 വർഷമായി മാറ്റമില്ലാതെ കിടക്കുന്നു. C-DIT ന്റെ കാര്യക്ഷമത!!!

    ReplyDelete
  5. @അങ്കിള്‍മാഷേ,ഞാന്‍ ഒരു ആവേശത്തിന് എഴുതിയ പോസ്റ്റ് ആണിത്. ഇത് നടപ്പിലാക്കാന്‍ ഞാന്‍ തയ്യാറുമാണ്. എന്നാല്‍ നാട്ടില്‍ മദ്യം വിക്കുന്നവനാണ് മുഖ്യസ്ഥന്‍ . മദ്യത്തിന്റെ പിറകെയാണ് ശരാശരി ചെറുപ്പക്കാര്‍ മുഴുവനും. അവരുടെയിടയില്‍ ഇന്റര്‍നെറ്റ് എത്ര കണ്ട് വിജയിക്കും എന്ന് അറിയില്ല. ഒന്ന് ശ്രമിച്ചു നോക്കട്ടെ. ആരെങ്കിലും പിന്തുണയ്ക്കുമോ എന്നും അറിയേണ്ടതുണ്ട്.

    ReplyDelete
  6. @pottichiri paramuനന്ദി സുഹൃത്തെ..

    ReplyDelete
  7. @gayathriThank you very much gayathri for your regular reading and this valuable comment..

    ReplyDelete
  8. ‘’നാട്ടില്‍ ഒരു ബ്ലോഗ് ശില്പശാല നടത്തണം എന്ന് ഞാന്‍ ചിത്രകാരനെ വിളിച്ചു പറഞ്ഞപ്പോഴാണ് ഒരു ബ്ലോഗ് കൌണ്‍സില്‍ റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് എന്ന് അറിയിച്ചത്. അത് എന്തോ ആകട്ടെ, തിങ്ക് ഗ്ലോബലി ആക്റ്റ് ലോക്കലി എന്നൊരു മനോഭാവത്തിലാണ് ഞാനിപ്പോള്‍ . പത്ത് ആളുകളെ നാട്ടില്‍ കമ്പ്യൂട്ടറില്‍ മലയാളത്തില്‍ എഴുതാനും വായിക്കാനും ശീലിപ്പിച്ചാല്‍ അത്രയുമായല്ലൊ. ബ്ലോഗ് അക്കാദമി തുടങ്ങുമ്പോള്‍ ഇത് തന്നെയായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. “”

    സുകുമാരേട്ടോ

    ഞാന്‍ തൃശ്ശൂരില്‍ ഒരു ബ്ലോഗ് ക്ലബ്ബ് തുടങ്ങിവെച്ചു.
    http://trichurblogclub.blogspot.com/
    ഒന്ന് രണ്ട് മീറ്റിങ്ങുകള്‍ നടത്തി.15 ല്‍ കൂടുതല്‍ ആളുകളെ ഒരുമിച്ച് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല.
    ഈ സംഘടനയെ ഒന്ന് പുനര്‍ജ്ജീവിപ്പിക്കാന്‍ നോക്കണം. മൂഖ്യ കാരണം എന്തെന്നാല്‍ ഞാനൊഴിച്ച് ആരും അതിന് വേണ്ടി മുന്‍ കൈയുടുക്കുന്നില്ലാ എന്നതാണ്.
    ചേട്ടന്റെ അഭിപ്രായവും നിര്‍ദ്ദേശങ്ങളും കിട്ടിയാല്‍ കൊള്ളാമായിരുന്നു.
    ++ പിന്നെ രാജേഷും അഞ്ജലിയും കൂടി 10 ദിവസം മുന്‍പ് എന്റെ വസതിയില്‍ വന്നിരുന്നു. സബിതയെ കണ്ടിട്ട് ഒരു പാട് നാളായി. അവിടെ എല്ലാര്‍ക്കും സുഖമെന്ന് കരുതട്ടെ.
    തൃശ്ശൂര്‍ പൂരം ഏപ്രില്‍ 25 ന്. വരുമല്ലോ?

    ReplyDelete
  9. ഒരു ആവേശത്തിന് ചെയ്യുന്ന കാര്യങ്ങള്‍
    അതിന്റെ പൂര്‍ണമായ അര്‍ഥത്തിലും വ്യാപ്തിയിലും നിര്‍വഹിക്കുവാന്‍ ആവുമോയെന്നു
    സംശയമാണ്.എങ്കിലും പിന്തുണ ലഭിച്ചാല്‍ മുന്നോട്ടു ഇറങ്ങാമെന്ന താങ്കളുടെ
    ആത്മവിശ്വാസത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
    പിന്നെ കേരളത്തില്‍ ജീവിക്കുന്നവര്‍ക്കും ബ്ലോഗ്ഗുകളില്‍ താത്പര്യം ഉണ്ടുയെന്നും
    ബ്ലോഗ്ഗുകള്‍ പ്രവാസികള്‍ക്ക് വേണ്ടി മാത്രമുള്ളതല്ലയെന്നും
    ഓര്‍ക്കുക.
    എല്ലാതരതിലുമുള്ള പിന്തുണയും ഈ വൃദ്ധന്റെ ഭാഗത്തുനിന്നുമുണ്ട്.

    ReplyDelete