Pages

ഗൂഗ്‌ളും ചൈനയും


ഗൂഗ്‌ള്‍ ചൈനയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമോ അതോ അവര്‍ ചൈനയിലെ കച്ചവടം പൂട്ടിക്കെട്ടി പോകുമോ എന്നൊന്നും പറയാറിട്ടില്ല. കാരണം ചൈനയുടെ ഉപാധി സ്വീകരിച്ചു കൊണ്ട് ഗൂഗ്‌ള്‍ അവിടെ പ്രവര്‍ത്തിക്കുന്നത് തന്നെ ബിസിനസ്സ് താല്പര്യം മുന്‍‌നിര്‍ത്തിയാണ്. ചൈന നിര്‍ദ്ദേശിക്കുന്ന വാക്കുകള്‍ google.cn സൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ സെര്‍ച്ച് ഫലം ഫില്‍ട്ടര്‍ ചെയ്യാമെന്നാണ് ഗൂഗ്‌ള്‍ സമ്മതിച്ചത്. ചൈനയ്ക്ക് മാത്രമായി ഇത്തരമൊരു ഇരട്ടത്താ‍പ്പ് നിലപാട് സ്വീകരിച്ചതില്‍ ഗൂഗ്‌ള്‍ നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോള്‍, ചൈനയ്ക്ക് വേണ്ടി സെര്‍ച്ച് ഫലങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നത് നിര്‍ത്തി വെക്കാനാണ് ഗുഗ്‌ള്‍ തീരുമാനിച്ചിട്ടുള്ളത്. ഗൂഗ്‌ളിന്റെ ഈ തീരുമാനത്തെ പറ്റി കുറിഞ്ഞി ഓണ്‍‌ലൈനില്‍ എഴുതിയിട്ടുണ്ട്, ഇവിടെയും വായിക്കാം. ഇക്കാര്യം ഗൂഗ്‌ളുമായി ചര്‍ച്ച ചെയ്യുമെന്ന് ചൈനീസ് അധികാരികള്‍ സൂചിപ്പിച്ചതായി കണ്ടു. എന്നാല്‍ ഗൂഗ്‌ളിന്റെ ഈ തീരുമാനം ലോകത്തെ അത്ഭുതപ്പെടുത്തിയപ്പോള്‍ ചൈനയില്‍ ഒരു ചലനവും ഉണ്ടായില്ലെന്ന് മാത്രമല്ല ഈ വാര്‍ത്തയും അവിടെ സെന്‍സര്‍ ചെയ്യപ്പെട്ടു.

ഗൂഗ്‌ളില്‍ നമ്മള്‍ ഒരോ വാക്ക് സെര്‍ച്ച് ചെയ്യുമ്പോളും നമ്മുടെ ഐ.പി.അഡ്രസ്സും തേടപ്പെട്ട വാക്കും ഗൂഗ്‌ള്‍ സൂക്ഷിച്ചു വെക്കുന്നുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. സെര്‍ച്ച് ചെയ്യുന്ന ഒരാളെ ഗൂഗ്‌ളിന് എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും. മാത്രമല്ല ഈ വിവരങ്ങള്‍ ഒരിക്കലും നശിപ്പിക്കുന്നുമില്ല. ജിമെയില്‍ തൊട്ട് എല്ലാ ഗൂഗ്‌ള്‍ സര്‍വ്വീസിനും ഇത് ബാധകമാണ്. ചൈനയില്‍ മനുഷ്യാവകാശങ്ങള്‍ അനുവദിച്ചു കിട്ടാന്‍ വേണ്ടി ചൈനക്കകത്തും പുറത്തും നിരവധി ചൈനക്കാര്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ചാര്‍ട്ടര്‍ 8 എന്ന പേരില്‍ ഒരു രേഖ തന്നെ അവര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ചൈനീസ് ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ചൈന ഏറ്റവും ഭയപ്പെടുന്നത് സ്വന്തം ജനതയ്ക്ക് അറിയാനുള്ള അവകാശവും അഭിപ്രായം പറയാനുള്ള അവകാശവും നല്‍കുന്നതിനാണ്. നമ്മുടെ നാട്ടിലും കമ്മ്യൂണിസം വന്നാല്‍ ഇതൊക്കെ തന്നെയാണ് ഗതി എന്ന് എല്ലാവരും മനസിലാക്കണം. രണ്ട് രണ്ടേകാ‍ല്‍ സംസ്ഥാനത്ത് മാത്രം ഒതുക്കപ്പെട്ടത് കൊണ്ടാണ് കമ്മ്യൂണിസത്തിന്റെ ഭീകരത നമുക്ക് മനസ്സിലാകാത്തത്. ജനാധിപത്യത്തിന്റെ മുഖം മൂടിയണിഞ്ഞ ഫാസിസ്റ്റുകളാണ് കമ്മ്യൂണിസ്റ്റുകാര്‍. ഫാസിസം എന്നത് ഒരു ക്ലീഷേ ആയിപ്പോയത് കൊണ്ട് ഭീകരതയുടെ ഏറ്റവും ഉയര്‍ന്ന രൂപമായി നാം ഫാസിസം എന്ന വാക്ക് ഉപയോഗിച്ചു വരുന്നു. എന്നാല്‍ ഫാസിസത്തിന്റെ വല്യേട്ടനാണ് കമ്മ്യൂണിസം.
സെര്‍ച്ച് ഫലം ഫില്‍ട്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച ചൈനീസ് സര്‍ക്കാര്‍, സെര്‍ച്ച ചെയ്ത വ്യക്തിയെ കാട്ടിക്കൊടുക്കാനും നിര്‍ദ്ദേശിച്ചു കൂടായ്കയില്ല. യാഹൂ മെയില്‍ അക്കൌണ്ടിന്റെ ഉടമയായ ഒരു പത്രപ്രവര്‍ത്തകനെ ചൈന പത്ത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. യാഹൂ ആണ് അയാളെ ഭരണകൂടത്തിന് കാട്ടിക്കൊടുത്തത്. ചാര്‍ട്ടര്‍ 8 ന്റെ കരട് ഓണ്‍‌ലൈനില്‍ ലഭ്യമാക്കിയെന്ന് സംശയിക്കുന്ന ലിയൂ ഷിയാബോ ഇപ്പോള്‍ ജയിലിലാണ്. ഗൂഗ്‌ള്‍ സെര്‍ച്ച് ഫില്‍ട്ടര്‍ ചെയ്യുക മാത്രമല്ല ബ്ലോഗ്ഗര്‍, ഫേസ്ബുക്ക്, ട്വിറ്റര്‍,ഓര്‍ക്കുട്ട് തുടങ്ങി സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എല്ലാം ചൈനയില്‍ നിരോധിതമാണ്.

എന്തൊക്കെ വാക്കുകളാണ് നിരോധിച്ചിട്ടുള്ളത് എന്നതിന്റെ ഏകദേശ പട്ടികയാണ് ഇത്. ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. google.com ല്‍ tiananmen square എന്ന് സെര്‍ച്ച് ചെയ്താല്‍ 1989ല്‍ ടിയാന്‍‌മെന്‍ സ്ക്വയറില്‍ നടന്ന മുഴുവന്‍ സംഭവങ്ങളും നമുക്ക് ഗൂഗ്‌ളില്‍ നിന്ന് കിട്ടും. എന്നാല്‍ google.cn ല്‍ സെര്‍ച്ച് ചെയ്താല്‍ ഒന്നും ലഭിക്കില്ല. അതേ പോലെ അന്നത്തെ സംഭവത്തെ കുറിച്ച് വിക്കിപീഡിയയില്‍ ലേഖനങ്ങളുണ്ട്. വിക്കിപീഡിയയും ചൈനയില്‍ നിരോധിതമാണ്. അതേ പോലെ images.google.com ലും images.google.cn ലും ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്താലും വ്യത്യാസം മനസ്സിലാകും. നോക്കണം , പാര്‍ട്ടി ഭരണം കുത്തകയാക്കി വെക്കാന്‍ ചൈനീസ് ഭരണകൂടം എന്ത് പാടാണ് പെടുന്നത്. ഇവിടെ കമ്മ്യൂണിസ്റ്റ് ഭരണം വന്നാല്‍ ഇപ്പോള്‍ കേരളത്തിലും ബംഗാളിലും ഭരിക്കുന്ന പോലെയേ ഭരിക്കൂ , ഇവിടെ ജനാധിപത്യമാണ് പാര്‍ട്ടി നടപ്പാക്കുക പിന്നെ എന്തിനാണ് നിങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നത് എന്നും മറ്റും ചിലര്‍ എന്നോട് കമന്റിലൂടെ ചോദിക്കാറുണ്ട്. നല്ല കാര്യായിപ്പോയി. ഇന്ത്യയില്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ രണ്ടാമത്തെ പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അക്കണക്കിന് പാര്‍ട്ടി ക്രമപ്രവൃദ്ധമായി ഇവിടെ വളര്‍ന്നിരുന്നുവെങ്കില്‍ കാണാമായിരുന്നു അവരുടെ ജനാധിപത്യം. ഇപ്പോള്‍ തന്നെ ചില പാര്‍ട്ടി ഗ്രാമങ്ങളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രത്തിനും പ്രവേശനമില്ല.

കമ്മ്യൂണിസം ഒറ്റ ഇസമാണ്. അത് നടപ്പാക്കുന്നതിനും ഒറ്റ രീതിയേയുള്ളൂ. അധികാരം കിട്ടുന്നത് വരെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പുരോഗമനത്തിന്റെയും ഒക്കെ സംരക്ഷകരാണെന്ന് നടിക്കും അവര്‍. അധികാരം കിട്ടിയാലോ, പിന്നെ എല്ലാ അവകാശങ്ങളും പാര്‍ട്ടിക്കും സര്‍ക്കാറിനും മാത്രം. ഇടത് കമ്മ്യൂണിസ്റ്റ്,വലത് കമ്മ്യൂണിസ്റ്റ്, നക്സല്‍, മാവോയിസ്റ്റ് എന്നെല്ലാം പറയുന്നത് അവര്‍ സ്വീ‍കരിക്കുന്ന മാര്‍ഗ്ഗങ്ങളിലെ വ്യത്യാസം കൊണ്ടാണ്. അധികാരം കിട്ടിയാല്‍ സംഗതി എല്ലാം ഒന്ന് തന്നെ. സ്റ്റാലിനില്‍ നിന്ന് പ്രചണ്ഡക്കും,പ്രചണ്ഡയില്‍ നിന്ന് പിണറായിക്കും വലിയ വ്യത്യാസം ഒന്നുമുണ്ടാകില്ല. നേപ്പാളില്‍ പ്രചണ്ഡയുടെ പ്രധാന ആവശ്യം കേട്ടില്ലെ. ഒളിപ്പോരാളികളായ തന്റെ മുഴുവന്‍ അനുകൂലികളെയും പട്ടാളത്തില്‍ ലയിപ്പിക്കണമെന്ന്. എന്താ ഉദ്ദേശ്യം? നേപ്പാള്‍ മാവോയിസ്റ്റ് ഏകകക്ഷിഭരണത്തില്‍ കൊണ്ടുവരാനുള്ള കൌശലം. പരിഷ്കൃതലോകത്ത് ഇത്തരം ഒരാവശ്യം ആരെങ്കിലും മുന്നോട്ട് വെക്കുമോ? അതാണ് കമ്മ്യൂണിസ്റ്റ്കാരുടെ സോ കോള്‍ഡ് അടവ്-തന്ത്രം. ഇങ്ങനെ പൌരന്മാരെ അവിശ്വസിച്ച് കൊണ്ട് ഭരണം നടത്തിയിട്ട് ആര്‍ക്ക് എന്ത് നേട്ടം? ഇന്റര്‍നെറ്റിനെതിരെ ഇരുമ്പ് മറ തീര്‍ക്കുന്ന ചൈനയുടെ കാര്‍ക്കശ്യം ആധുനികലോകം എത്ര കാലം അനുവദിക്കും എന്ന് കാത്തിരുന്ന് കാണാം.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ളത് ചൈനയിലാണ്. ഏകദേശം 36 കോടിയിലധികം നെറ്റ് ഉപഭോക്താക്കള്‍ എന്നാണ് കണക്ക്. ചൈനയിലെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഇന്‍ഡസ്ട്രിയില്‍ 30 ശതമാനം മാത്രമാണ് ഗൂഗ്‌ളിന്റെ പങ്ക്. ചൈനയുടെ സെര്‍ച്ച് എഞ്ചിന്‍ ആയ baidu.cn വിനാണ് 60 ശതമാനത്തിലധികം പങ്കും. വ്യാജ സോഫ്റ്റ്‌വേര്‍ അധികം ഉപയോഗിക്കുന്നതും ചൈനയില്‍ തന്നെ. മൈക്രോസോഫ്റ്റ് വളരെ വില കുറച്ചാണ് അവിടെ സോഫ്റ്റ്‌വേറുകള്‍ നല്‍കുന്നത്. എന്നിട്ടും സോഫ്റ്റ്‌വേര്‍ മോഷണത്തിന് കുറവൊന്നുമില്ല എന്ന് പറയപ്പെടുന്നു. സെര്‍ച്ച് ഫലം ഫില്‍ട്ടര്‍ ചെയ്യുന്നത് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത് ഗൂഗ്‌ളിന്റെ വ്യാപാരതന്ത്രമായും കരുതപ്പെടുന്നുണ്ട്. 2006 മുതല്‍ തീവ്രമായി പരിശ്രമിച്ചിട്ടും baidu.cn നെ പിന്തള്ളാനോ ബിസിനസ്സില്‍ കാര്യമായ ലാഭം ഉണ്ടാക്കാനോ ഗൂഗ്‌ളിന് സാധിച്ചിട്ടില്ലെന്ന് വിലയിരുത്തപ്പെടുന്നു. ഗൂഗ്‌ളിന്റെ ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍ കിട്ടാത്ത മുന്തിരി പുളിക്കും എന്ന നിലപാടാണ് എന്നും വാദിക്കുന്നവരുണ്ട്. ലോകത്ത് അതിവേഗം വളര്‍ന്ന് വരുന്ന സാമ്പത്തികശക്തിയായ ചൈനയില്‍ നിന്ന് പിന്മാറിയാല്‍ അതിനാല്‍ ബാധിക്കപ്പെടുക ഗൂഗ്‌ള്‍ തന്നെയായിരിക്കും എന്നും അവര്‍ കരുതുന്നു. അത്കൊണ്ടാണ് ഗൂഗ്‌ളിന്റെ ഇപ്പോഴത്തെ തീരുമാനത്തിന്റെ പര്യവസാനം പ്രവചിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ ആദ്യം പറഞ്ഞത്. ഗൂഗ്‌ള്‍ ചൈനയില്‍ നിന്ന് പിന്മാറി എന്ന മട്ടിലാണ് ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത്. ഗൂഗ്‌ളും ചൈനീസ് ഗവണ്മെന്റും സന്ധി ചെയ്യും എന്നാണ് ഞാന്‍ കരുതുന്നത്. എന്നാലും ജനാധിപത്യവ്യവസ്ഥിതിയോട് പുറം തിരിഞ്ഞു നില്‍ക്കുന്ന ചൈനയ്ക്ക് എത്ര കാലം അതിന് കഴിയും? ചൈനയില്‍ നിന്ന് നമുക്ക് കുറെ കാണാനും പഠിക്കാനുമുണ്ട്. കണ്ണുള്ളപ്പോള്‍ കാഴ്ചയുടെ വില അറിയില്ല.

(ഇമേജുകള്‍ക്ക് ഗൂഗ്‌ളിനോട് കടപ്പാട്)

സക്കറിയ പറഞ്ഞത്





ണ്ണിത്താന്‍ പ്രശ്നത്തില്‍ സക്കറിയ പറഞ്ഞത് ഡിഫിക്കാര്‍ക്ക് രസിച്ചില്ല. അത്കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിന് പിടിച്ചു കൈയേറ്റം ചെയ്തത് സി.പി.എമ്മിന്റെ മുന്‍ എം.പി. യുടെ മകനും കൂട്ടാളികളുമാണത്രെ. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ മക്കളെ കുറിച്ചു അത്ര നല്ല ഇമേജ് അല്ല ഉള്ളത്. മന്ത്രിപുത്രന്‍,എമ്മെല്ലെ പുത്രന്‍ എന്നീ ഗണത്തില്‍ ഇപ്പോള്‍ എം‌പി പുത്രന്‍ എന്ന് കൂടി ചേര്‍ക്കപ്പെടുന്നു.

ഞ്ചേരിയില്‍ സംഭവിച്ചത് എന്താണ് എന്ന് നോക്കാം. അഷറഫ് എന്നാളുടെ വീട്ടില്‍ ഒരു രാത്രി ഉണ്ണിത്താനും ജയലക്ഷ്മിയും കാറില്‍ എത്തുന്നു. കൊല്ലത്ത് നിന്നാണ് അവര്‍ വരുന്നത്. വീട്ടുടമയായ അഷറഫ് തന്നെയാണ് വാതില്‍ തുറന്ന് കൊടുക്കുന്നത്. വീട്ടില്‍ വെളിച്ചം കണ്ട ഉടനെ മൂന്ന് നാലു പേര്‍ കടന്ന് വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണിത്താന്‍ അവരോട് കയര്‍ക്കുന്നു. വന്നവര്‍ പിന്‍‌വാങ്ങുകയും മിനിറ്റുകള്‍ക്കകം ആള്‍ക്കൂട്ടം വീട് വളയുകയും ചെയ്യുന്നു. വളഞ്ഞവര്‍ ഡിഫിയുടെയും പി.ഡി.പി.യുടെയും പ്രവര്‍ത്തകര്‍ ആണെന്ന് പറയപ്പെടുന്നു. അതാരും നിഷേധിച്ചിട്ടുമില്ല. പോലിസ് എത്തുന്നതിന് മുന്‍പ് ആള്‍ക്കൂട്ടം ഉണ്ണിത്താനെ കൈയേറ്റം ചെയ്യുകയും ഒപ്പമുള്ള സ്ത്രീയെ അധിഷേപിക്കുകയും ചെയ്യുന്നു. പോലീസ് വന്ന് ഉണ്ണിത്താനെയും ഒപ്പമുള്ള ജയലക്ഷ്മി എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്യുന്നു. പിറ്റേന്ന് രാവിലെ അല്പം ആശയക്കുഴപ്പത്തിന് ശേഷം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് ഉണ്ണിത്താനെയും ജയലക്ഷ്മിയെയും കോടതിയില്‍ ഹാജരാക്കുകയും കോടതി അവര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു. അന്ന് ഈ സംഭവം കൈരളി ചാനല്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ണിത്താനെതിരെയും ജയലക്ഷ്മിക്കെതിരെയും പോലീസ് റജിസ്റ്റര്‍ ചെയ്ത അനാശാസ്യ കേസില്‍ ഒന്നാം പ്രതി വീട്ടുടമയായ അഷറഫ് ആണ്. ഒന്നാം പ്രതിയായ അഷറഫിനെ പോലീസ് ഇത് വരെ അറസ്റ്റ് ചെയ്യുകയോ കോടതിയില്‍ ഹാജരാക്കുകയോ അയാള്‍ ജാമ്യം സമ്പാദിക്കുകയോ ചെയ്തിട്ടില്ല. അഷറഫ് സ്ഥലത്തെ മലഞ്ചരക്ക് കച്ചവടക്കാരനാണ്. അപ്പോള്‍ ചില ചോദ്യങ്ങള്‍ സ്വാഭാവികമായും നമ്മള്‍ ഇപ്പോള്‍ ചോദിക്കേണ്ടതുണ്ട്.

പോലീസ് റജിസ്റ്റര്‍ ചെയ്ത ആ കേസിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണ്?

ന്ത്കൊണ്ട് ഒന്നാം പ്രതിയായ അഷറഫിനെ ഇത് വരെയായി അറസ്റ്റ് ചെയ്തില്ല?

ണ്ണിത്താനും ജയലക്ഷ്മിയും അഷറഫിനോടൊപ്പം രാത്രി അയാളുടെ വീട്ടില്‍ എത്തിയത് ആള്‍ക്കൂട്ടം അന്ന് ആരോപിച്ചത് പോലെ അനാശാസ്യം നടത്താന്‍ വേണ്ടിയാണോ? എങ്കില്‍ അഷറഫിന്റെ ആള്‍ത്താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് പെണ്‍‌വാണിഭം നടക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ പ്രമാദമായി മാറേണ്ട ഒരു പെണ്‍‌വാണിഭ കേസല്ലെ ഇത്?

ന്നാല്‍ മേപ്പടി ചോദ്യങ്ങള്‍ അന്നത്തെ ദിവസം കഴിഞ്ഞ് ആരും ഉന്നയിച്ചില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് സംഭവത്തില്‍ നിന്ന് തലയൂരി. കേസിന്റെ തുടര്‍‌നടപടികള്‍ക്കായി അന്നത്തെ ആവേശത്തിന് ശേഷം ഡിഫിയോ,ജനാധിപത്യമഹിളാ അസോസിയേഷനോ, പിഡിപിയോ തുടര്‍ പ്രക്ഷോഭം ഒന്നും നടത്തിയില്ല. ആളുകള്‍ സംഭവം വിസ്മരിക്കുകയും ചെയ്തു. ചാനലുകളില്‍ കാണുമ്പോഴും പത്രങ്ങളില്‍ വായിക്കുമ്പോഴും മാത്രമേ ആളുകള്‍ എന്തും ഓര്‍ക്കാറുള്ളൂ. പിന്നെ മറക്കുകയാണ് പതിവ്. എന്നാല്‍ സക്കറിയ അത് മറന്നില്ല.

തിനിടക്ക് ഉണ്ണിത്താന്‍ സംഭവത്തെക്കുറിച്ച്, ഉണ്ണിത്താന്‍ പറഞ്ഞതുംഎനിക്ക് ലഭിച്ച സ്ഥിരീകരിക്കാന്‍ കഴിയാത്ത ചില വിവരങ്ങളും നോക്കാം. ഉണ്ണിത്താന്റെ അകന്ന ബന്ധത്തില്‍ പെട്ട സ്ത്രീയാണ് ജയലക്ഷ്മി. അവരുടെ കുടുംബം നല്ല ബന്ധത്തിലാണ്. ജയലക്ഷ്മി വിവാഹിതയാണ്. ഒരു ആയുര്‍വേദ വൈദ്യനാണ് ഭര്‍ത്താവ്. അവര്‍ സേവാദള്‍ പ്രവര്‍ത്തകയായിരുന്ന കാലത്ത് കേരളം മുഴുക്കെ സഞ്ചരിച്ചിട്ടുണ്ട്. ആയിടക്ക് മഞ്ചേരിയില്‍ അഷറഫുമൊത്ത് പാര്‍ട്ടണര്‍ ഷിപ്പില്‍ സ്റ്റിച്ചിങ്ങ് സെന്റര്‍ തുടങ്ങി. എന്നാല്‍ ആ സ്ഥാപനം ശ്രദ്ധിക്കാന്‍ ജയലക്ഷ്മിക്കോ അഷറഫിനോ കഴിഞ്ഞില്ല. അഷറഫിന് മറ്റ് ബിസിനസ്സ് ഉണ്ട്, ജയലക്ഷ്മിക്ക് കൊല്ലത്ത് നിന്ന് വന്ന് അത് നടത്തിക്കൊണ്ട് പോകാനും കഴിഞ്ഞില്ല. അത് തുടങ്ങാന്‍ ജയലക്ഷ്മിക്ക് തന്റെ വിഹിതം മൂലധനമായി നല്‍കാന്‍ പണം വായ്പ നല്‍കിയത് ഉണ്ണിത്താനാണെന്നും , പകരമായി ജയലക്ഷ്മി ഉണ്ണിത്താന് ചെക്ക് നല്‍കിയിരുന്നെന്നും ആ ഇടപാടില്‍ തന്റെ ഷേര്‍ മടക്കിക്കിട്ടാന്‍ അഷറഫുമായി സംഭാഷണം നടന്നു വരികയാണെന്നും അത് സെറ്റ്‌ല്‍ ചെയ്യാനാണ് ജയലക്ഷ്മി ഉണ്ണിത്താനോടൊപ്പം എത്തിയതെന്നും, ഉണ്ണിത്താന് അന്ന് രാത്രി തന്നെ മകനെ കാണാന്‍ ബാംഗ്ലൂരിലേക്ക് തിരിക്കേണ്ടതുണ്ടായിരുന്നു എന്നുമാണ് എനിക്ക് ലഭിച്ച വിവരം. സത്യമാണോ എന്ന് അറിയില്ല. ഉണ്ണിത്താനുമായി പരിചയമുള്ള ഒരു കൊല്ലക്കാരന്‍ പറഞ്ഞതാണ്. അനാശാസ്യത്തിന് കൊല്ലത്ത് നിന്ന് മഞ്ചേരി വരെ എന്തിന് ഉണ്ണിത്താന്‍ വരണം എന്നാണയാള്‍ ചോദിക്കുന്നത്. സ്റ്റിച്ചിങ്ങ് സെന്റര്‍ കൊണ്ട് അഷറഫിന് ലാഭമൊന്നുമില്ല. എന്നാല്‍ അയാള്‍ ജയലക്ഷ്മിയുടെ മൂലധനവിഹിതം മടക്കിക്കൊടുക്കാന്‍ നിര്‍ബ്ബന്ധിതനായപ്പോള്‍ അന്നേ ദിവസം അവരെ ചതിക്കുകയായിരുന്നോ, ആളുകള്‍ക്ക് അവര്‍ വരുന്ന വിവരം ചോര്‍ത്തിക്കൊടുത്തുകൊണ്ട് എന്ന് കൊല്ലത്ത് ചിലര്‍ സംശയിക്കുന്നു. സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ പോലീസ് പിന്നെയൊന്നും ചെയ്തതുമില്ല. ഞങ്ങള്‍ അറിഞ്ഞുകൊണ്ടാണ് അവര്‍ മഞ്ചേരിക്ക് പുറപ്പെട്ടതെന്ന് ഉണ്ണിത്താന്റെ ഭാര്യയും ജയലക്ഷ്മിയുടെ അച്ചനമ്മമാരും പറഞ്ഞിട്ടുമുണ്ട്.

സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്താലോ എവിടെയെങ്കിലും രാത്രി താമസിക്കാനിടയായാലോ ആള്‍ക്കൂട്ടം അവരെ വളയുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് അപകടമാണെന്നും ഇക്കണക്കിന് പോയാല്‍ അച്ചനും മകള്‍ക്കും ഒരുമിച്ചു യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ സംജാതമാകുമെന്നുമാണ് സക്കറിയ പയ്യന്നൂരില്‍ പറഞ്ഞത്. പുരോഗമനം പറയുന്ന ഡിഫിക്കാറും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ജനാധിപത്യമഹിളക്കാരും സംഭവത്തില്‍ അധിക്ഷേപിക്കപ്പെട്ട സ്ത്രീയുടെ പൌരാവകാശം പരിഗണിച്ചില്ല എന്നതാണ് സ്വതന്ത്രചിന്തകനും മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ത്ത ആളുമായ സക്കറിയയെ ചൊടിപ്പിച്ചത്. ഡിഫിയുടെ ആദ്യത്തെ മനുഷ്യച്ചങ്ങലയില്‍ കേരളത്തിലെ മുഴുവന്‍ സാംസ്ക്കാരികപ്രവര്‍ത്തകരും സ്വതന്ത്രചിന്തകരും നിഷ്പക്ഷക്കാരും പ്രതീക്ഷയോടെ പങ്കെടുത്തിരുന്നു. കേരളത്തില്‍ ഒരു സാംസ്ക്കാരിക നവോത്ഥാനത്തിന് ഇടത് യുവത നേതൃത്വപരമായ പങ്ക് വഹിക്കും എന്ന പ്രതീക്ഷയാണ് അന്ന് അവര്‍ക്കെല്ലാമുണ്ടായിരുന്നത്. മഞ്ചേരിയില്‍ പിഡിപിയോടൊപ്പം സദാചാരപോലീസിന്റെ വേഷം കെട്ടിയ നടപടി പുരോഗമനല്ല, അധ:പതനത്തിന്റെ അവസാനത്തെ പടിയാണെന്ന് ചിന്തിക്കുന്ന ആര്‍ക്കും തോന്നും. ആ അപ്രിയസത്യം പയ്യന്നൂരില്‍ തുറന്ന് പറഞ്ഞതതാണ് സക്കറിയയ്ക്ക് വിനയായത്. പരാതി കൊടുക്കാന്‍ വിസമ്മതിച്ച സക്കറിയ ഡിഫിയെ പറ്റി പറഞ്ഞത് , അതിന്റെ മുഖം അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും മനസ്സ് വൈകൃതവുമാണെന്നാണ്. ഇന്നത്തെ അവസ്ഥയില്‍ പരാതി കൊടുത്താല്‍ താനാണ് പ്രതിയാവുക എന്നും പറഞ്ഞുവെച്ചു.

ക്കറിയയ്ക്ക് നേരെ നടന്ന കൈയ്യേറ്റത്തില്‍ പ്രതിഷേധം വ്യാപകമായപ്പോള്‍ ഡിഫി നേതൃത്വം പതിവ് പോലെ സംഭവത്തെ അപലപിച്ചു. കൈയേറ്റശ്രമത്തില്‍ ഡിഫിക്കാര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചു. സക്കറിയ പ്രശസ്തനായത് കൊണ്ട് ഇത് വാര്‍ത്താപ്രാധാന്യം നേടുകയും വ്യാപകമായ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. എന്നാല്‍ സക്കറിയയുടെ കഴുത്തിന് പിടിച്ചു അവര്‍ ആക്രോശിച്ച വാക്കുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പയ്യന്നൂരില്‍ വന്ന് ഇമ്മാതിരി പ്രസംഗിച്ചാല്‍ ജീവനോടെ തിരിച്ചു പോകാന്‍ കഴിയുമെന്ന് കരുതേണ്ടെന്ന്. അപ്രശസ്തരും സാധാരണക്കാരുമായ ആളുകള്‍ ഡിഫിക്കാരുടെ ഇംഗിതത്തിനെതിരായി പ്രതികരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാമല്ലൊ. അതാണവരുടെ ജനാധിപത്യവും പൌരാവകാശവും! കേരളത്തില്‍ ഭരണം മാറി മാറി വരുന്നത്കൊണ്ടാണ് അവരുടെ ഫാസിസ്റ്റ് മുഖം എല്ലാവര്‍ക്കും കാണാന്‍ കഴിയാത്തത്. ഇടക്കൊക്കെ സക്കറിയാമാര്‍ക്ക് ദര്‍ശനഭാഗ്യം കിട്ടുന്നു എന്ന് മാത്രം.

രു സംഘടന പുരോഗമനമാകുന്നത്, അതിന്റെ പ്രസ്ഥാവനകളില്‍ കൂടിയോ പ്രസംഗങ്ങളില്‍ കൂടിയോ അല്ല. അവരുടെ പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ്. ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന അനാചാരങ്ങള്‍ക്കെതിരെ ഡിഫിക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല അവരും അതിന്റെ പ്രചാരകരും പ്രയോക്താക്കളുമാണ്. കുടിച്ചു വറ്റിക്കുന്ന മദ്യത്തിന്റെ നല്ലൊരു ഭാഗം ഉപഭോക്താക്കള്‍ ഡിഫിക്കാരാണ്. സമൂഹത്തെ വരിഞ്ഞുമുറുക്കുന്ന വിവാഹധൂര്‍ത്തിലും ജാതകം നോക്കലിലും മറ്റും ഡിഫിക്കാര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ഒരു വ്യത്യാസവുമില്ല. കൈയ്യൂക്കും റൌഡിയിസവും സംഘടനയ്ക്ക് വേണ്ടി പ്രയോഗിക്കും എന്നതൊഴിച്ചാല്‍ മറ്റുള്ളവരില്‍ നിന്ന് ഡിഫിക്കാര്‍ ഒട്ടും വ്യത്യസ്തരല്ല. പിന്നെ എവിടെയാണ് ഈ പുരോഗമനം?

ണ്ണിത്താനെ കോണ്‍ഗ്രസ്സില്‍ നിന്ന് സസ്പന്‍ഡ് ചെയ്യുകയും സംഭവത്തെ കുറിച്ചു അന്വേഷിക്കാന്‍ എന്‍.പി.മൊയ്തീനെ കെ.പി.സി.സി. ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടെന്തായി? മൊയ്തീന്‍ അന്വേഷിച്ചോ? റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ? അറിയില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. സസ്പന്‍ഷന്‍ വേഗത്തില്‍ പിന്‍‌വലിക്കാന്‍ പോകുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാനും പോകുന്നില്ല. ഉണ്ണിത്താന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ ഡിഫിക്കാരോ പിഡിപിക്കാരോ അല്ല. സാക്ഷാല്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണ്. മരണം വരെ, മാറിമാറി വരുന്ന മുഖ്യമന്ത്രി പദവിയും പ്രതിപക്ഷനേതാവ് സ്ഥാനവും തനിക്ക് പതിച്ചു കിട്ടിയ മട്ടിലാണ് ഉമ്മന്‍ ചാണ്ടി. ആ ചാണ്ടിയുടെ നിഴലില്‍ നിന്നാലേ അദ്ധ്യക്ഷപദവി തനിക്ക് നിരന്തരമായി ലഭിക്കൂ എന്ന് ചെന്നിത്തലയ്ക്ക് അറിയാം. അതിന്റെ പേരാണ് സമവായം. അതാണ് കോണ്‍ഗ്രസ്സ് സംസ്ക്കാരം. പണ്ട് ശ്രീ. കെ.കരുണാകരന്റെ നിഴലായി ഒരു കെ.എം.ചാണ്ടിയുണ്ടായിരുന്നു. കരുണാകരനും മുരളിക്കും രാഷ്ട്രീയത്തില്‍ അടി തെറ്റി. അത് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും പാഠമാണ്. ഉണ്ണിത്താന്റെ വാഗ്‌ശരങ്ങള്‍ ചെന്നുകൊണ്ടത് പിണറായിക്കോ മദനിക്കോ അല്ല, ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നെഞ്ചത്താണ്. പ്രസംഗത്തില്‍ ഉണ്ണിത്താനെ വെല്ലാന്‍ കഴിയുന്ന പ്രാസംഗികര്‍ കോണ്‍ഗ്രസില്‍ അധികമില്ല. ആ ഉണ്ണിത്താനെ തഴയാന്‍ നല്ല അവസരമാണ് ചാണ്ടിക്കും ചെന്നിത്തലയ്ക്കും ലഭിച്ചത്. സമവായം നീണാള്‍ വാഴ്ക!

ബ്ലോഗ് 2010 ല്‍ ....




മയം കളയാന്‍ മറ്റ് ഉപാധികള്‍ തല്‍ക്കാലം കണ്ടെത്താന്‍ കഴിയാത്തത്കൊണ്ടാണ് ഞാന്‍ ഇപ്പോഴും ബ്ലോഗ് എഴുതുന്നതും വായിക്കുന്നതും. ഇത് പറയാന്‍ കാരണം, ഞാന്‍ എഴുതി തുടങ്ങുമ്പോള്‍ ബ്ലോഗില്‍ സജീവമായി ഉണ്ടായിരുന്നവര്‍ മിക്കവരും ബ്ലോഗെഴുത്ത് നിര്‍ത്തി. ഇതിന് കാരണമായി ഞാന്‍ കാണുന്നത്, ബ്ലോഗ് വായിക്കാനും കമന്റുകള്‍ എഴുതാനും ആളുകള്‍ വര്‍ദ്ധിച്ചില്ല എന്നത് ബ്ലോഗര്‍മാരെ നിരാശപ്പെടുത്തി എന്നാണ്. പ്രതിഭയും മൌലികമായ ചിന്താശേഷിയും ഉള്ള നിരവധി ബ്ലോഗര്‍മാര്‍ മലയാളത്തില്‍ ഉണ്ടായിരുന്നു. ആരെയും പേരെടുത്ത് പറയുന്നില്ല. സമയവും ഊര്‍ജ്ജവും മെനക്കെടുത്തിയാണ് അവരൊക്കെ ബ്ലോഗ് എഴുതിക്കൊണ്ടിരുന്നത്. എന്നാല്‍ ആദ്യമൊക്കെ ബ്ലോഗര്‍മാര്‍ തന്നെ പല ബ്ലോഗുകളും സന്ദര്‍ശിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും കമന്റുകള്‍ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ബ്ലോഗ് ഐഡി ഉണ്ടാക്കി ബ്ലോഗ് തുടങ്ങുന്നവര്‍ തന്നെയായിരുന്നു മിക്ക ബ്ലോഗ് വായനക്കാരും. ബ്ലോഗിന് പുറത്ത് മറ്റ് മാധ്യമങ്ങളെ പോലെ ബ്ലോഗിന് വായനക്കാരെ ലഭിച്ചില്ല. പ്രിന്റ് മീഡിയയ്ക്ക് വായനക്കാരെ കിട്ടുന്നത് പോലെയോ, ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രേക്ഷകരെ കിട്ടുന്ന പോലെയോ ബ്ലോഗിന് വായനക്കാരെ ലഭിക്കാന്‍ സാധ്യത വിരളമാണ്. കാരണം ഇതൊരു ചെലവേറിയ ഏര്‍പ്പാടാണെന്നത് തന്നെ. ഒരു ടിവി ഇന്ന് ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയും. മാസം നൂറിലധികം രൂപ വരിസംഖ്യ കൊടുത്താല്‍ കേബിള്‍ കണക്‍ഷനും കിട്ടും. അതല്ലെങ്കില്‍ മൂവായിരമോ നാലായിരമോ ചെലവാക്കി സ്വന്തമായി ഡിഷ് ആന്റിനയും ഡിജിറ്റല്‍ സാറ്റലൈറ്റ് റസീവറും വാങ്ങിയാല്‍ ഫ്രീയായി ചാനലുകള്‍ ലഭിക്കും. മിക്കവാറും വീടുകളില്‍ ഇന്ന് പത്രവും വരുത്തുന്നുണ്ട്. എന്നാല്‍ ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്‍ഷനും സ്വന്തമാക്കാന്‍ മധ്യവര്‍ഗ്ഗത്തിന്റെ പോലും ഗൃഹബജറ്റ് അനുവദിക്കുന്നില്ല. ഇന്റര്‍നെറ്റ് കഫേകളില്‍ പോയി ബ്ലോഗ് വായിക്കാന്‍ ആരും മെനക്കെടുകയുമില്ല.

ചുരുക്കത്തില്‍ ഞാന്‍ പറഞ്ഞുവരുന്നത് 2010 എന്ന വര്‍ഷം ബ്ലോഗിനെ സംബന്ധിച്ചു അത്ര ആശാവഹമായ ഒന്നല്ല എന്നാണ്. ആഴവും പരപ്പും ഉള്ള പോസ്റ്റുകളും കഴമ്പുള്ള ചര്‍ച്ചകളും ഈ വര്‍ഷം ബ്ലോഗില്‍ കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും പത്തോ ഇരുപതോ പേര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും അതൊക്കെ നൂറോ ഇരുനൂറോ പേര്‍ വായിക്കുകയും ചെയ്യുന്നത്കൊണ്ട് എന്ത് പ്രയോജനമാണുള്ളത്. കേരളത്തിലെ ഓരോ ജില്ലകളിലും എത്ര ബ്ലോഗ് വായനക്കാര്‍ ഉണ്ടാവും? വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ കാണുകയുള്ളൂ. ഇന്ന് മലയാളം ബ്ലോഗ് വായനക്കാരില്‍ ഭൂരിപക്ഷവും പ്രവാസികളാണ്. ഇന്നെന്നല്ല എന്നും അങ്ങനെയായിരുന്നു. പ്രവാസിമലയാളികള്‍ തന്നെയാണ് മലയാളം ബ്ലോഗിനെ വളര്‍ത്തി വലുതാക്കി ഇത്രയെത്തിച്ചത് എന്ന് പറഞ്ഞാല്‍ അത് ശരി തന്നെയാണ്. അവരൊക്കെ ഇന്ന് മലയാളം ബ്ലോഗിനെ ഉപേക്ഷിച്ചു എന്ന് പറഞ്ഞാലും അതൊരു ശരികേടല്ല. വായനക്കാരില്ലാതെ എങ്ങനെയാണ് ബ്ലോഗിന് മുന്നോട്ട് പോകാന്‍ കഴിയുക? വെറുതെ ആത്മസാക്ഷാല്‍ക്കാരത്തിന് വേണ്ടി മാത്രം ഒരാള്‍ എത്രകാലം മെനക്കെട്ട് ബ്ലോഗ് എഴുതും?

വായനക്കാരെ കൂടുതലായി കണ്ടെത്താനും ആകര്‍ഷിക്കാനും എന്തെങ്കിലും ഫലപ്രദമായ പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ കഴിയുമോ? ഞാന്‍ ആലോചിട്ട് ഒരു വഴിയും കാണുന്നില്ല. ബ്ലോഗ് അക്കാദമി ശില്പശാലകള്‍ നടത്തി കുറെ ആളുകളെ ബ്ലോഗ് എഴുതാന്‍ പഠിപ്പിച്ചിരുന്നു. അപ്പോള്‍, ബ്ലോഗ് എഴുതാന്‍ മാത്രമല്ല വായിക്കാനും ശില്പശാലകള്‍ നടത്തണം എന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ അതിലൊന്നും കാര്യമില്ല. ആളുകളുടെ താല്പര്യമാണ് പ്രധാനം. വളരെ തുച്ഛമായ ഒരു ശതമാനം ആളുകള്‍ക്ക് മാത്രമേ ഇത്തരം സര്‍ഗ്ഗാത്മകവും സൃഷ്ടിപരവുമായ കാര്യങ്ങളില്‍ താല്പര്യമുണ്ടാവാന്‍ തരമുള്ളൂ. മദ്യപാനം ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടോ? ഇല്ലല്ലൊ, എന്നിട്ടും എത്ര വേഗത്തിലാണ് കൌമാരപ്രായക്കാര്‍ പോലും മദ്യപാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്! ഇന്റര്‍നെറ്റ് , ബ്ലോഗ് ഇതൊക്കെ അല്പം സര്‍ഗ്ഗാ‍ത്മകതയും സാമൂഹ്യബോധവുമെല്ലാം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്.

എല്ലാം തന്നെ ആരംഭത്തില്‍ മാത്രമേ നല്ലതായ , ശ്രേഷ്ടമായ രൂപത്തില്‍ അവതരിപ്പിക്കപെടുകയുള്ളു എന്നൊരു നിയമം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നെനിക്ക് സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു ഇപ്പോഴൊക്കെ. ക്രമേണ എല്ലാം മൂല്യം കുറഞ്ഞ് പാഴായി പോകുന്ന ഒരവസ്ഥ. ഉദാഹരണങ്ങള്‍ നിരത്തണമെന്നില്ല. ഓരോ കാര്യങ്ങളും എടുത്തു പരിശോധിച്ചു നോക്കൂ. ഉദാത്തമാ‍യി തുടങ്ങി ഒടുക്കം ജീര്‍ണ്ണതയില്‍ അവസാനിക്കുന്ന കാഴ്ച എല്ലാറ്റിലും കാണാന്‍ കഴിയുന്നില്ലെ. നമുക്കിന്ന് ഏത് രംഗത്താണ് മാതൃകകള്‍ കാണാന്‍ കഴിയുന്നത്? ബ്ലോഗിനും ഈ നിയമം ബാധകമാണോ എന്ന് രണ്ടാ‍യിരത്തിപത്തിന്റെ തുടക്കം എന്നെ സംശയിപ്പിക്കുന്നു.

ന്യൂട്ടനും ഗൂഗ്‌ള്‍ ലോഗോവും

ന്നത്തെ ഗൂഗ്‌ള്‍ ഹോം പേജില്‍ താഴേക്ക് പതിക്കുന്ന ഒരു ആപ്പിള്‍ പഴത്തിന്റെ ലോഗോ കാണാം. എത്ര മനോഹരമായിട്ടാണ്, സര്‍ ഐസക്ക് ന്യൂട്ടന്റെ ജന്മദിനം ഗൂഗ്‌ള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്! മഹാന്മാരുടെ ഓര്‍മ്മക്കായി സ്മാരകങ്ങള്‍ പണിയാറുണ്ട്, ജയന്തിദിനങ്ങളും കൊണ്ടാടാറുണ്ട്. എന്നാല്‍ ഇന്നത്തെ ആധുനികകാലത്ത് ഇത്തരം സവിശേഷമായ ദിവസങ്ങള്‍ ഗൂഗ്‌ള്‍ ഇമ്മാതിരി ലോഗോകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ലോകജനതയെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല.

ഭൌതികശാസ്ത്രത്തിന്റെ പിതാവായ ന്യൂട്ടനെ ഓര്‍മ്മപ്പെടുത്തിയ ഗൂഗ്‌ളിന് ഞാന്‍ എന്റെ നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ !

പിണറായിയും പി.ഡി.പി.യും പിന്നെ ലാവലിനും

ങ്ങനെ ഒടുവില്‍ പിണറായി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. താന്‍ അഴിമതിക്കേസില്‍ ഒരു പ്രതിയാണെന്നെങ്കിലും സമ്മതിക്കുകയായിരുന്നു അദ്ദേഹം ഈ നടപടിയിലൂടെ. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കോടതി ഒരാളെ കുറ്റവാളി എന്നു വിധിക്കുന്നത് വരെ പ്രതിപ്പട്ടികയിലുള്ള ഏതൊരാളും നിരപരാധിയാണ്. എന്നാല്‍ ഈ കേസില്‍ നിന്ന് തടി തപ്പാന്‍ പിണറായി ഇത് വരെ നടത്തിയിട്ടുള്ള വഴി വിട്ട ശ്രമങ്ങള്‍ വീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകുന്ന കാര്യം അദ്ദേഹം നിരപരാധിയല്ലെന്നാണ്. നിരപരാധി ആയിരുന്നെങ്കില്‍ ധൈര്യപൂര്‍വ്വം എത്രയും വേഗം നിയമനടപടികളുമായി സഹകരിച്ചു തന്റെ നിരപരാധിത്വം തെളിയിക്കാനായിരിക്കും അദ്ദേഹം ശ്രമിച്ചിരിക്കുക. ഇപ്പോള്‍ കേസ് എങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകാമെന്നാണ് കൌശലപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ അദ്ദേഹം പറയുന്നത് ലാവലിന്‍ ഗൂഢാലോചന ആന്റണി സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയായിരുന്നു എന്നാണ്. ഈ പ്രസ്ഥാവനയോടെ ശരിക്കും വെട്ടില്‍ വീണിരിക്കുന്നത് ആരാണ്, ആന്റണിയോ അതോ പിണറായി തന്നെയോ? ഒന്നാമത്, ലാവലിനുമായ ഇടപാടില്‍ ഗൂഢാലോചന ഉണ്ടായിരുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നു. അങ്ങനെ ഒരു ഗൂഢാലോചന നടന്നിരുന്നു എന്ന് മനസ്സിലാ‍യെങ്കില്‍ ആ കരാര്‍ റദ്ധാക്കി ആന്റണിയെയും കാര്‍ത്തികേയനെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയായിരുന്നില്ലേ കമ്മ്യൂണിസ്റ്റുകാരനായ പിണറായി ചെയ്യേണ്ടിയിരുന്നത്. അപ്രകാരം ചെയ്യാതെ, ഗൂഢാലോചന പൂര്‍ത്തിയായ ഒരു കരാറുമായി മുന്നോട്ട് പോവുകയും, ഇപ്പോള്‍ ആന്റണിയെയും കാര്‍ത്തികേയനെയും കൂട്ടുപ്രതികളാക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന പിണറായി, താനും കുറ്റവാളി തന്നെയാണെന്ന് സമ്മതിക്കുകയല്ലെ ചെയ്യുന്നത്. അപ്പോള്‍ ഗൂഢാലോചന പൂര്‍ത്തിയായ ഒരു കരാറില്‍ സ്വാഭാവികമായും അഴിമതി നടന്നിട്ടുണ്ടാവുമല്ലൊ. ആ അഴിമതിയുടെ പങ്ക് പറ്റാന്‍ തന്നെയായിരിക്കുമല്ലൊ പിണറായിയും കരാറുമായി മുന്നോട്ട് പോയിരിക്കുക. എത്ര നല്ല അവസരമാണ് പിണറായി നഷ്ടപ്പെടുത്തിയത്? ആ ഗൂഢാലോചന അന്ന് വെളിപ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്ന് ആന്റണിക്ക് കേന്ദ്രത്തില്‍ പ്രതിരോധമന്ത്രിയായിരിക്കാന്‍ കഴിയുമായിരുന്നോ?

ആന്റണി സര്‍ക്കാര്‍ ഗൂഢാലോചോന പൂര്‍ത്തീകരിച്ചതിന്റെയും അത് പിന്നീട് പിണറായി സാക്ഷാല്‍ക്കരിച്ചതിന്റെയും ഒരു സാമ്പിള്‍ ഇതാ: കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കെ ഉണ്ടാക്കിയ കണ്‍‌സല്‍ട്ടന്‍സി കരാറില്‍ കെ.എസ്.ഇ.ബി. 1948ലെ ഇലക്‍ട്രിസിറ്റി സപ്ലൈ ആക്റ്റ് പ്രകാരം രൂപവല്‍ക്കരിക്കപ്പെട്ട സ്ഥാപനമാണ്. എന്നാല്‍ പിണറായിയുമായുണ്ടാക്കിയ സപ്ലൈ കരാറില്‍ കെ.എസ്.ഇ.ബി. എന്നത് 1965ലെ കമ്പനി ആക്റ്റ് പ്രകാരം രൂപവല്‍ക്കരിച്ച ഒരു കമ്പനിയാണ്. എന്തിനാണ് പിണറായി കെ.എസ്.ഇ.ബിയെ ഇല്ലാത്ത കമ്പനിയാക്കിയത്? പൂര്‍ത്തീ‍കൃതമായ ഗൂഢാലോചന സാക്ഷാല്‍ക്കരിക്കാനല്ലെങ്കില്‍ മറ്റെന്തിന്?

ആന്റണിയെയും സാക്ഷിയായി വിസ്തരിക്കണം എന്ന പിണറായിയുടെ ഹരജി, സി.ബി.ഐ.യുടെ സത്യവാങ്‌മൂലപ്രകാരം കോടതി തള്ളിയാല്‍ പിന്നെ പിണറായി, ഗൂഢാലോചന പൂര്‍ത്തിയാക്കിയവരെ കൂട്ടാളികളായി ലഭിക്കാതെ എത്രയോ കാലം കോടതി വരാന്ത കയറിയിറങ്ങണം. അത്രയും കാലത്തോളം അദ്ദേഹത്തിന് പാര്‍ട്ടി സെക്രട്ടരി സ്ഥാനത്ത് തുടരാന്‍ കഴിയുമെങ്കില്‍ സാരമില്ല. സില്‍ബന്ധികള്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളുമല്ലൊ. ഒരു കാര്യം പൊതുസമൂഹത്തിന് വ്യക്തമായി. ലാവലിന്‍ കരാര്‍ സുതാര്യമല്ല. അതില്‍ ഗൂഢാലോചനയുണ്ട്. അപ്പോള്‍ അതില്‍ അഴിമതിയും ഉണ്ട് എന്ന് ന്യായമായും ഉറപ്പിക്കാം. ആ ഗൂഢാലോചന തക്ക സമയത്ത് പുറത്ത് കൊണ്ടുവരാതെ ആ കരാറുമായി മുന്നോട്ട് പോയത് പിണറായിക്കും അഴിമതിയില്‍ പങ്ക് പറ്റാന്‍ വേണ്ടി തന്നെയാണെന്ന്, ആളുകള്‍ ഉറപ്പിച്ചാല്‍ അത് തെറ്റെന്ന് പറയാന്‍ പറ്റില്ല.

അഴിമതിക്കേസ് കെട്ടുമായി ഇങ്ങനെ കോടതി കയറിയിറങ്ങുന്ന ഒരാളെ പാര്‍ട്ടി സെക്രട്ടരി സ്ഥാനത്തും പി.ബി.അംഗമായും എത്ര കാലം സി.പി.എമ്മിന് കൊണ്ടുനടക്കാന്‍ പറ്റും? പിണറായി നിരപരാധിയാണെന്നും അദ്ദേഹം വേട്ടയാടപ്പെടുകായെണെന്നും ഒരു കുട്ടി പോലും ഇന്ന് കരുതുകയില്ല. ലാവലിന്‍ ഇടപാടില്‍ ഗൂഢാലോചന ആന്റണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി എന്ന പ്രസ്ഥാവനയോടെ, താനും ആ ഗൂഢാലോചനയുടെ പിന്‍‌തുടര്‍ച്ചാവകാശിയാണെന്ന് പിണറായി അസന്നിഗ്ദ്ധമായി സമ്മതിച്ചല്ലൊ. തീര്‍ച്ചയായും ആ‍ കരാറില്‍ കാര്‍ത്തികേയന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ ആ കരാര്‍ ഒഴിവാക്കി, സുതാര്യമായ മറ്റൊരു കരാറില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടി മന്ത്രിയെയായിരിക്കും മാര്‍ക്സിസ്റ്റുകാര്‍ അംഗീകരിക്കുക. ആ കരാറില്‍ നിന്ന് പിന്മാറാന്‍ പിണറായിക്ക് കഴിയുമായിരുന്നില്ല എന്നൊക്കെ ചില പിണറായി ഭക്ത്ന്മാര്‍ മുന്‍പ് തര്‍ക്കിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയായിരുന്നാല്‍ പോലും ഒരവിഹിത കരാറുമായി ശുദ്ധനാണെങ്കില്‍ പിണറായിക്ക് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയും? ചുരുക്കത്തില്‍, തെളിവുണ്ടെങ്കിലേ കോടതി പിണറായിയെ ശിക്ഷിക്കുകയുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമല്ല എന്ന് തന്റെ പ്രസ്ഥാവനകളിലൂടെയും, കേസിനെ നേരിടുന്ന രീതികളിലൂടെയും തെളിയിച്ചിരിക്കുന്നു. ഇത്തരം ഒരു കേസില്‍ അകപ്പെട്ട ആളെ, കേസ് കഴിയുന്ന വരെ പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയുന്നില്ല എന്നത്, മറ്റൊരു പാ‍ര്‍ട്ടിക്കും ഇത്ര വലിയൊരു ഗതികേട് ഇല്ല എന്നതിന്റെ തെളിവാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എത്ര മാറിപ്പോയി അല്ലേ?

പി.ഡി.പി.യുമായി വേദി പങ്കിട്ടത് തെറ്റായിപ്പോയെന്നും, അത്തരം തെറ്റുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും എം.കെ.പാന്ഥേ ഡല്‍ഹിയില്‍ പറഞ്ഞപ്പോള്‍ കോടിയേരി പ്രതികരിച്ചത് എന്താണ്? പാന്ഥേ പറഞ്ഞതില്‍ പുതുമയൊന്നുമില്ല എന്ന്. ഇരുവരും പി.ബി.അംഗങ്ങളാണ്. ഇപ്പോള്‍ പി.ഡി.പി. ബന്ധത്തെ കുറിച്ച് അതിലപ്പുറമോ പുതുതായോ അച്യുതാനന്ദന്‍ ഒന്നും പറഞ്ഞിട്ടില്ല. പി.ഡി.പി.യുമായി ഭാവിയില്‍ സഹകരിക്കുമോ ഇല്ലയോ എന്ന് പിണറായി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കാത്തത് കൊണ്ട്, അച്യുതാനന്ദന്‍ ഇനി ഒരിക്കലും പിഡിപിയുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടാകില്ല എന്ന് വ്യക്തമാക്കിയെന്നേയുള്ളൂ. അതാകട്ടെ പാന്ഥേ പറഞ്ഞതിന്റെ ബലത്തില്‍ അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു എന്ന് മാത്രം. ഭാവിയിലെ കാര്യങ്ങള്‍ പറയുന്നത് സംഘടനാശൈലിക്ക് നിരക്കുന്നതല്ല എന്നാണ് പാര്‍ട്ടി ഔദ്യോഗികപക്ഷം ഇപ്പോള്‍ പറയുന്നത്. പിണറായി ഒഴികെ മറ്റാരും ഇപ്പോള്‍ കേരള സി.പി.എമ്മില്‍ അഭിപ്രായം പറഞ്ഞുകൂട എന്നാണോ അവസ്ഥ? പി.ഡി.പി.യുമായി സി.പി.എമ്മിനുള്ള കെട്ടുപാടും ബാധ്യതയും സംശയിക്കേണ്ട അവസ്ഥയാണിപ്പോള്‍.

ജയിലില്‍ നിന്ന് വന്ന മദനി തീര്‍ത്തും മാറി എന്ന് സ്ഥാപിക്കാന്‍ സി.പി.എം. ഔദ്യോഗികവിഭാഗം കാണിക്കുന്ന വെപ്രാളം അരോചകമാണ്. താന്‍ മാറി എന്ന് വാക്കാല്‍ പറഞ്ഞാല്‍ മായുന്നതാണോ മദനിയുടെ ഭൂതകാല പ്രവര്‍ത്തനങ്ങള്‍? നിഗൂഢതകള്‍ ഇന്നും മദനിയെ ചുറ്റിപ്പറ്റിയുണ്ട്. കേരളത്തിലെ തീവ്രവാദ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി തുടരന്വേഷണം നടത്തുമ്പോള്‍ ഒരു പക്ഷെ മദനി വീണ്ടും പ്രതിയായിക്കൂടെന്നില്ല. അപ്പോള്‍ താന്‍ മാറിയെന്നും ആത്മീയ പാത സ്വീകരിച്ചെന്നും തന്റെ കാല് നഷ്ടപ്പെടുത്തിയവര്‍ക്ക് കോടതിയില്‍ പോയി മാപ്പ് കൊടുത്തെന്നും പറഞ്ഞാല്‍ മദനിയെ അവര്‍ ഒഴിവാക്കുമോ? മദനി മാപ്പ് കൊടുത്തത്കൊണ്ടല്ല ആ കേസിലെ പ്രതികള്‍ വെറുതെ വിടപ്പെട്ടത്. അങ്ങനെയൊരു കീഴ്വഴക്കമില്ല. കുറ്റം ആരോപിക്കപ്പെട്ട പ്രതികള്‍ക്കെതിരെ ഒരു തെളിവും ഇല്ലായിരുന്നു. എങ്ങനെയാണ് തന്റെ ഒരു കാല്‍ നഷ്ടപ്പെട്ടതെന്ന സത്യം മദനിക്കേ അറിയൂ. ചില ആളുകളുടെ പേരു പറഞ്ഞുകൊടുത്തു, പോലീസ് അവരെ പ്രതിയാക്കി കേസ് ചാര്‍ജ്ജ് ചെയ്തു, പ്രോസിക്യൂഷന് തെളിയിക്കാനാകാതെ പ്രതികളെ വെറുതെ വിട്ടു.

തടിയന്റവിട നസീര്‍ പിടിയിലായത് മുതല്‍ മദനിയുടെ നീക്കങ്ങള്‍ ദുരൂഹമായിരുന്നു. ചികിത്സയിലായിരുന്ന മദനി ഒളിച്ചു പോയത് അന്‍‌വാര്‍‌ശ്ശേരിയിലെ യത്തീംഖാനയിലേക്കാണ്. മൂന്ന് നാല് ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആ യത്തീംഖാനയുടെ ചുറ്റുമതില്‍ ഏത് സെന്‍‌ട്രല്‍ ജയിലിന്റെ മതിലിന്റേതിനേക്കാളും ഉയരം കൂടിയതാണ്. മദനി അവിടെ എത്തിയത് മുതല്‍ മണി എന്ന യൂസഫ് മട്ടനൂര്‍ കോടതിയില്‍ പി.ഡി.പി. നേതാക്കള്‍ക്കൊപ്പം കീഴടങ്ങിയത് വരെ എന്തെല്ലാം കാര്യങ്ങളാണ് സംഭവിച്ചത്. ഈ മദനിയെയും പി.ഡി.പി.യെയും തള്ളിപ്പറയുകയല്ലെ യഥാര്‍ഥത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. പി.ഡി.പി.എന്നത് മദനിയുടെ ഒരു രക്ഷാകവചം മാത്രമാണ്. മദനിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവാണ് പൂന്തുറ സിറാജ്. ആ സിറാജിന്റെ ബന്ധുവാണ് കൊല്ലം ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷാ എന്നയാള്‍. മദനിയെ രക്ഷിക്കാന്‍ നോക്കുക എന്നതല്ലാതെ എന്ത് രാഷ്ട്രീയ ദൌത്യമാണ് പി.ഡി.പി. എന്ന പാര്‍ട്ടിക്ക് കേരളത്തില്‍ നിര്‍വ്വഹിക്കാനുള്ളത്? പി.ഡി.പി.യെ സി.പി.എം. ഔദ്യോഗികപക്ഷം തള്ളാത്തതിന്റെ കാരണം വോട്ട് മാത്രമാകാന്‍ വഴിയില്ല. കാരണം ആ ബന്ധം ഉപേക്ഷിച്ചാലാണ് ഇടത് കക്ഷികള്‍ക്ക് മതേതരവോട്ടുകള്‍ കൂടുതല്‍ ലഭിക്കുക എന്ന് സുബോധമുള്ള ആരും പറയും.

പിണറായിയെയും പി.ഡി.പി.യെയും താങ്ങിക്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇനി എത്ര നാള്‍ മുന്നോട്ട് പോകാന്‍ കഴിയും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കാലത്തിന് മാത്രമേ കഴിയൂ. കാരണം ഇവിടെ ഒരസാധരണ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സാധാരണഗതിയിലാണെങ്കില്‍ പിണറായിയോട് തല്‍ക്കാലം മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പാര്‍ട്ടിക്ക് ഈ പാപഭാരത്തില്‍ നിന്ന് മാറി നില്‍ക്കാം. എന്നിട്ട് പാര്‍ട്ടിക്ക് അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം. ഇന്നത്തെ സാഹചര്യത്തില്‍ പിണറായിയോട് മാറി നില്‍ക്കാന്‍ പറയുന്നതിനെ കുറിച്ച് ദേശീയ നേതൃത്വത്തിന് ആലോചിക്കാന്‍ പോലും കഴിയില്ല. എന്തെന്നാല്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം പിണറായിയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. നിഷ്കളങ്കരായ അണികള്‍ക്ക് പിന്നെ സ്ഥാനം അലങ്കരിക്കുന്ന നേതാക്കളെ ന്യായീകരിക്കുക എന്ന സംഗതിയേ അറിയാവൂ. ഇതൊക്കെ നോക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് കൂട്ടായ രാഷ്ട്രീയപ്രവര്‍ത്തനമോ അതോ കൂട്ടുകച്ചവടമോ? കളങ്കിതമായ ധനം നേതാക്കളെ നിയന്ത്രിക്കുന്നു എന്ന് നമുക്ക് നിസ്സംശയം പറയാന്‍ കഴിയും.