Pages

ബ്ലോഗ് 2010 ല്‍ ....




മയം കളയാന്‍ മറ്റ് ഉപാധികള്‍ തല്‍ക്കാലം കണ്ടെത്താന്‍ കഴിയാത്തത്കൊണ്ടാണ് ഞാന്‍ ഇപ്പോഴും ബ്ലോഗ് എഴുതുന്നതും വായിക്കുന്നതും. ഇത് പറയാന്‍ കാരണം, ഞാന്‍ എഴുതി തുടങ്ങുമ്പോള്‍ ബ്ലോഗില്‍ സജീവമായി ഉണ്ടായിരുന്നവര്‍ മിക്കവരും ബ്ലോഗെഴുത്ത് നിര്‍ത്തി. ഇതിന് കാരണമായി ഞാന്‍ കാണുന്നത്, ബ്ലോഗ് വായിക്കാനും കമന്റുകള്‍ എഴുതാനും ആളുകള്‍ വര്‍ദ്ധിച്ചില്ല എന്നത് ബ്ലോഗര്‍മാരെ നിരാശപ്പെടുത്തി എന്നാണ്. പ്രതിഭയും മൌലികമായ ചിന്താശേഷിയും ഉള്ള നിരവധി ബ്ലോഗര്‍മാര്‍ മലയാളത്തില്‍ ഉണ്ടായിരുന്നു. ആരെയും പേരെടുത്ത് പറയുന്നില്ല. സമയവും ഊര്‍ജ്ജവും മെനക്കെടുത്തിയാണ് അവരൊക്കെ ബ്ലോഗ് എഴുതിക്കൊണ്ടിരുന്നത്. എന്നാല്‍ ആദ്യമൊക്കെ ബ്ലോഗര്‍മാര്‍ തന്നെ പല ബ്ലോഗുകളും സന്ദര്‍ശിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും കമന്റുകള്‍ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ബ്ലോഗ് ഐഡി ഉണ്ടാക്കി ബ്ലോഗ് തുടങ്ങുന്നവര്‍ തന്നെയായിരുന്നു മിക്ക ബ്ലോഗ് വായനക്കാരും. ബ്ലോഗിന് പുറത്ത് മറ്റ് മാധ്യമങ്ങളെ പോലെ ബ്ലോഗിന് വായനക്കാരെ ലഭിച്ചില്ല. പ്രിന്റ് മീഡിയയ്ക്ക് വായനക്കാരെ കിട്ടുന്നത് പോലെയോ, ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രേക്ഷകരെ കിട്ടുന്ന പോലെയോ ബ്ലോഗിന് വായനക്കാരെ ലഭിക്കാന്‍ സാധ്യത വിരളമാണ്. കാരണം ഇതൊരു ചെലവേറിയ ഏര്‍പ്പാടാണെന്നത് തന്നെ. ഒരു ടിവി ഇന്ന് ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയും. മാസം നൂറിലധികം രൂപ വരിസംഖ്യ കൊടുത്താല്‍ കേബിള്‍ കണക്‍ഷനും കിട്ടും. അതല്ലെങ്കില്‍ മൂവായിരമോ നാലായിരമോ ചെലവാക്കി സ്വന്തമായി ഡിഷ് ആന്റിനയും ഡിജിറ്റല്‍ സാറ്റലൈറ്റ് റസീവറും വാങ്ങിയാല്‍ ഫ്രീയായി ചാനലുകള്‍ ലഭിക്കും. മിക്കവാറും വീടുകളില്‍ ഇന്ന് പത്രവും വരുത്തുന്നുണ്ട്. എന്നാല്‍ ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്‍ഷനും സ്വന്തമാക്കാന്‍ മധ്യവര്‍ഗ്ഗത്തിന്റെ പോലും ഗൃഹബജറ്റ് അനുവദിക്കുന്നില്ല. ഇന്റര്‍നെറ്റ് കഫേകളില്‍ പോയി ബ്ലോഗ് വായിക്കാന്‍ ആരും മെനക്കെടുകയുമില്ല.

ചുരുക്കത്തില്‍ ഞാന്‍ പറഞ്ഞുവരുന്നത് 2010 എന്ന വര്‍ഷം ബ്ലോഗിനെ സംബന്ധിച്ചു അത്ര ആശാവഹമായ ഒന്നല്ല എന്നാണ്. ആഴവും പരപ്പും ഉള്ള പോസ്റ്റുകളും കഴമ്പുള്ള ചര്‍ച്ചകളും ഈ വര്‍ഷം ബ്ലോഗില്‍ കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും പത്തോ ഇരുപതോ പേര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും അതൊക്കെ നൂറോ ഇരുനൂറോ പേര്‍ വായിക്കുകയും ചെയ്യുന്നത്കൊണ്ട് എന്ത് പ്രയോജനമാണുള്ളത്. കേരളത്തിലെ ഓരോ ജില്ലകളിലും എത്ര ബ്ലോഗ് വായനക്കാര്‍ ഉണ്ടാവും? വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ കാണുകയുള്ളൂ. ഇന്ന് മലയാളം ബ്ലോഗ് വായനക്കാരില്‍ ഭൂരിപക്ഷവും പ്രവാസികളാണ്. ഇന്നെന്നല്ല എന്നും അങ്ങനെയായിരുന്നു. പ്രവാസിമലയാളികള്‍ തന്നെയാണ് മലയാളം ബ്ലോഗിനെ വളര്‍ത്തി വലുതാക്കി ഇത്രയെത്തിച്ചത് എന്ന് പറഞ്ഞാല്‍ അത് ശരി തന്നെയാണ്. അവരൊക്കെ ഇന്ന് മലയാളം ബ്ലോഗിനെ ഉപേക്ഷിച്ചു എന്ന് പറഞ്ഞാലും അതൊരു ശരികേടല്ല. വായനക്കാരില്ലാതെ എങ്ങനെയാണ് ബ്ലോഗിന് മുന്നോട്ട് പോകാന്‍ കഴിയുക? വെറുതെ ആത്മസാക്ഷാല്‍ക്കാരത്തിന് വേണ്ടി മാത്രം ഒരാള്‍ എത്രകാലം മെനക്കെട്ട് ബ്ലോഗ് എഴുതും?

വായനക്കാരെ കൂടുതലായി കണ്ടെത്താനും ആകര്‍ഷിക്കാനും എന്തെങ്കിലും ഫലപ്രദമായ പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ കഴിയുമോ? ഞാന്‍ ആലോചിട്ട് ഒരു വഴിയും കാണുന്നില്ല. ബ്ലോഗ് അക്കാദമി ശില്പശാലകള്‍ നടത്തി കുറെ ആളുകളെ ബ്ലോഗ് എഴുതാന്‍ പഠിപ്പിച്ചിരുന്നു. അപ്പോള്‍, ബ്ലോഗ് എഴുതാന്‍ മാത്രമല്ല വായിക്കാനും ശില്പശാലകള്‍ നടത്തണം എന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ അതിലൊന്നും കാര്യമില്ല. ആളുകളുടെ താല്പര്യമാണ് പ്രധാനം. വളരെ തുച്ഛമായ ഒരു ശതമാനം ആളുകള്‍ക്ക് മാത്രമേ ഇത്തരം സര്‍ഗ്ഗാത്മകവും സൃഷ്ടിപരവുമായ കാര്യങ്ങളില്‍ താല്പര്യമുണ്ടാവാന്‍ തരമുള്ളൂ. മദ്യപാനം ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടോ? ഇല്ലല്ലൊ, എന്നിട്ടും എത്ര വേഗത്തിലാണ് കൌമാരപ്രായക്കാര്‍ പോലും മദ്യപാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്! ഇന്റര്‍നെറ്റ് , ബ്ലോഗ് ഇതൊക്കെ അല്പം സര്‍ഗ്ഗാ‍ത്മകതയും സാമൂഹ്യബോധവുമെല്ലാം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്.

എല്ലാം തന്നെ ആരംഭത്തില്‍ മാത്രമേ നല്ലതായ , ശ്രേഷ്ടമായ രൂപത്തില്‍ അവതരിപ്പിക്കപെടുകയുള്ളു എന്നൊരു നിയമം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നെനിക്ക് സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു ഇപ്പോഴൊക്കെ. ക്രമേണ എല്ലാം മൂല്യം കുറഞ്ഞ് പാഴായി പോകുന്ന ഒരവസ്ഥ. ഉദാഹരണങ്ങള്‍ നിരത്തണമെന്നില്ല. ഓരോ കാര്യങ്ങളും എടുത്തു പരിശോധിച്ചു നോക്കൂ. ഉദാത്തമാ‍യി തുടങ്ങി ഒടുക്കം ജീര്‍ണ്ണതയില്‍ അവസാനിക്കുന്ന കാഴ്ച എല്ലാറ്റിലും കാണാന്‍ കഴിയുന്നില്ലെ. നമുക്കിന്ന് ഏത് രംഗത്താണ് മാതൃകകള്‍ കാണാന്‍ കഴിയുന്നത്? ബ്ലോഗിനും ഈ നിയമം ബാധകമാണോ എന്ന് രണ്ടാ‍യിരത്തിപത്തിന്റെ തുടക്കം എന്നെ സംശയിപ്പിക്കുന്നു.

18 comments:

  1. മലയാളികള്‍ എല്ലാവരും ബ്ലോഗ് വായിക്കണമെന്നത് അസംഭവ്യം തന്നെ.. എങ്കിലും ബ്ലോഗ് വയനക്കാര്‍ കൂടിയിട്ടേ ഉള്ളൂ എന്നാണ് എന്റെ പക്ഷം. പിന്നെ പ്രവാസികള്‍ ആണ് ബ്ലോഗ് വായനകാരും ബഹു ഭൂരിപക്ഷം ബ്ലോഗര്‍മാരും. ഒരു പക്ഷെ അതിനുള്ള സൌകര്യം കൂടുതലും ഗള്‍ഫില്‍ അല്ലെങ്കില്‍ അത്തരം രാജ്യങ്ങളില്‍ ലഭ്യമാണ് എന്നതു കൊണ്ടാവാം.. പ്രവാസികളില്‍ ബ്ലോഗ് സന്ദര്‍ശകര്‍, ബ്ലൊഗേഴ്സ് കുറഞ്ഞു വരുന്നു എന്നതില്‍ സത്യമുണ്ടോ? സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷെ നമ്മുടെ മലയാളം ഭാഷക്ക് ഇത് വലിയ ഒരു മുതല്‍ക്കൂട്ടാണ് എന്നതില്‍ യാതൊരു സംശയത്തിനും വകയില്ല. പ്രിന്റ് മീഡിയകള്‍ വിസ്മൃതിയിലേക്ക് പോകുന്ന കാലം വിദൂരമല്ല. ചിലവു കുറഞ്ഞ രീതിയില്‍ ആശയങ്ങള്‍ വായനക്കാരില്‍ എത്തിക്കുകയും, അപ്പപ്പോള്‍ യോജിക്കാനും വിയോജിക്കാനും ഉള്ള സൌകര്യം നിലനില്‍ക്കുമ്പോള്‍ ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തപ്പെടുക തന്നെ വേണം..

    ReplyDelete
  2. ബ്ലോഗ് വായിക്കുന്നവരില്‍ മിക്കവരും ബ്ലോഗെഴുതുന്നവരും കൂടിയാണ്. നല്ല പോസ്റ്റിടാന്‍ കാര്യമായി ബുദ്ധിമുട്ടണം , അപ്പോള്‍ ബ്ലോഗ് വായനയ്ക്ക് സമയം വേറേ കണ്ടെത്തണം, കമന്റിടാന്‍ തര്‍ക്കിക്കാന്‍ വാദിക്കാന്‍ ഒക്കെ പിന്നെയും പിന്നെയും സമയം വേണം. ഇതിനൊക്കെ തയ്യാറെടുക്കുകയും വേണം.ചുരുക്കത്തില്‍ ബ്ലോഗര്‍മാര്‍ക്ക് ഓവര്‍ലോഡ് ആവുന്നൊ എന്ന് സംശയമൂണ്ട്.

    ഒഴിവ്സമയത്ത് വേണം അണ പൈ വരുമാനമില്ലാത്ത ഈ ഏര്പാട് ചെയ്യാന്‍.
    ജോലി കഴിഞ്ഞുള്ള സ്മയം ബ്ലോഗിനു നീക്കി വെയ്ക്കാന്‍ , ബ്ലോഗിനു മാത്രമായി നീക്കിവെയ്ക്കാന്‍ ഒറ്റയാന്മാര്‍ക്കാണ് കൂടുതല്‍ സൌകര്യം , അതു കൊണ്ടു കൂടിയാവും ബ്ലോഗില്‍ പ്രവാസി ആധിപത്യം

    ബ്ലോഗ് ഇപ്പോള്‍ ഉപയോഗിക്കുന്ന ചില കാര്യങ്ങള്‍ കണ്ടാല്‍ എല്ലാം പൂര്‍ണമാ‍വും.

    !! മുസ്ലിം വധുവിനെ ആവശ്യമുണ്ട്!!

    ReplyDelete
  3. സര്‍, താങ്കളുടെ നിരീക്ഷണം തീര്‍ത്തും ന്യായമാണ്.
    എങ്കില്‍ കൂടിയും മറ്റ് മാധ്യമങളേക്കാള്‍ ഏറെ കലയും സാഹിത്യവും വാര്‍ത്തകളും നിരൂപണങളും... അങിനെയെല്ലാം സാധാരണക്കാരന്റെ ഭാഷയില്‍, വളച്ചുകെട്ടില്ലാതെ മുന്‍വിധികളില്ലാതെ പറയുന്ന ഒന്നാണ് ബ്ലോഗ്.ഈ ഒരു മാധ്യമം വളര്‍ന്ന് വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്.അത് നാം ചെയ്യണം

    താങ്കള്‍ ദയവായി ചിത്രകാരന്‍ എന്ന ബ്ലോഗറുടെ
    “ബ്ലോഗും അച്ചടി-ദൃശ്യ മാധ്യമങ്ങളും“ എന്ന പോസ്റ്റ് വായിച്ചുനോക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    http://chithrakarans.blogspot.com/2010/01/blog-post_05.html

    പരിചയപ്പെടാന്‍ കഴിഞതില്‍ അതിയായ സന്തോഷം!
    :-)

    ആശംസകള്‍.

    ReplyDelete
  4. പ്രിയ സുകുമാരേട്ടാ,
    ബ്ലോഗിനെക്കുറിച്ച് അത്തരം ആശങ്കക്കൊന്നും
    വകയില്ല. ബ്ലോഗ് വളരുകതന്നെയാണ്.നാടിന്റെ സാങ്കേതിക വളര്‍ച്ചക്കനുസരിച്ചേ ബ്ലോഗിനു വളരാനാകു.അല്ലാതെ വരുംബോള്‍ വെറും എന്‍.ആര്‍.ഐ മാധ്യമമാകും ബ്ലോഗ്.
    മുന്‍ കാലങ്ങളില്‍ ബ്ലോഗെഴുതിയിരുന്നവരെ ഇപ്പോള്‍ ബ്ലോഗില്‍ കാണാനില്ലെന്നതു നേരാണ്.
    കാരണം ബ്ലോഗെഴുത്ത് ഏകപക്ഷീയമായ സമൂഹത്തിനുള്ള ഒരു സംഭാവനയാണ്.
    ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലകളും അത്തരമൊരു സംഭാവനയായി കേരളത്തിലെ വിവിധ പട്ടണങ്ങളില്‍ 9 പരിപാടികള്‍ സംഘടിപ്പിച്ച് താല്‍ക്കാലികമായെങ്കിലും പിന്‍‌വലിയേണ്ടി വന്നു.
    ഏറെക്കാലം ആര്‍ക്കും ഒരു സംഭാവന തുടര്‍ന്നു കൊണ്ടുപോകാനാകില്ല.ആര്‍ക്കും അതു പ്രതീക്ഷിക്കാനും അവകാശമില്ല.ആത്മാര്‍ത്ഥമായ ഒരു നന്ദിവാക്കുപോലും ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കരുതെന്നാണ് ചിത്രകാരന്‍ പഠിച്ചത്. അതിനൊക്കെ സമൂഹം അത്രക്ക് സാംസ്ക്കാരികമായി പ്രബുദ്ധത നേടണം. അച്ചടി മാധ്യമങ്ങളെപ്പോലെ വില വാങ്ങിക്കൊണ്ട് വിവരം നല്‍കുന്ന ഏര്‍പ്പാട് ബ്ലോഗിന്റെ അന്തസത്തക്കുതന്നെ നിരക്കാത്തതയതിനാല്‍
    ബ്ലോഗിനെക്കുറിച്ച് ... അതിന്റെ വളര്‍ച്ചയെക്കുറിച്ച്... സ്ഥാപന വല്‍ക്കരണത്തെക്കുറിച്ച്... പഴയ ബ്ലോഗര്‍മാരിലൂടെ അടയാളപ്പെടുത്താനാകില്ല.
    സുകുമാരേട്ടന്‍ പുഴയെക്കുറിച്ച് ഏഴുതിയിരുന്നതുപോലെ ബ്ലോഗ് ഇപ്പോഴും വികസിക്കുന്നുണ്ട് അതില്‍ പഴയ ബ്ലോഗര്‍മാരില്ലായിരിക്കാം പുതിയ ധാരാളം പേര്‍ ബ്ലോഗെഴുതുന്നുണ്ട്...വായിക്കുന്നുണ്ട്. നിറഞ്ഞു നില്‍ക്കാന്‍ അസൌകര്യം നേരിടുംബോള്‍ അവരേയും നാളെ കാണാതായേക്കും. ബ്ലോഗ് നദിയായും സമുദ്രമായും വികസിച്ചുകൊണ്ടിരിക്കുകതന്നെ ചെയ്യും എന്നാണ് ചിത്രകാരന്റെ പ്രതീക്ഷ.

    ReplyDelete
  5. കെ പി തങ്കൽക്കും എനിക്കും ചിത്രകാരനും അഭിപ്രായം പറയാം. പക്ഷെ, വളരണം എന്നു നമ്മൾ ആഗ്രഹിക്കുന്ന ഒന്ന് തളരുകയാണെന്ന് പരഞുകൊണ്ടിരുന്നാൽ വളരുമൊ ? തളരുമൊ? അപ്പൊൾ നമുക്ക് പരഞു തളർത്താതിരിക്കാം.
    സമയക്കുറവാണ് ബ്ലൊഗ് വയനയും എഴുത്തും നടക്കാതിരിക്കാൻ കാരണമെന്ന് നമുക്കു വിശ്വസിക്കാം

    “ജോലി കഴിഞ്ഞുള്ള സ്മയം ബ്ലോഗിനു നീക്കി വെയ്ക്കാന്‍ , ബ്ലോഗിനു മാത്രമായി നീക്കിവെയ്ക്കാന്‍ ഒറ്റയാന്മാര്‍ക്കാണ് കൂടുതല്‍ സൌകര്യം , അതു കൊണ്ടു കൂടിയാവും ബ്ലോഗില്‍ പ്രവാസി ആധിപത്യം“
    ഇത് തീർത്തും ശരിയല്ല!

    താങ്കൽ എഴുതൂ ! ഞങൽ ഇടപെടുന്നുണ്ട്.
    നന്മകൽ നേരുന്നു.
    നന്ദന

    ReplyDelete
  6. ഞാന്‍ ബ്ലോഗുന്നത് എനിക്ക് പ്രഷര്‍ റിലീസ് ചെയ്യാനാണ്!,പ്രത്യേകിച്ചും ചിന്തകളില്‍.
    ഓര്‍മ്മകളാണെങ്കില്‍ തറവാടിയില്‍ എഴുതും. സാങ്കേതികമായി ആരെങ്കിലും വിവരക്കേട് കാണിക്കുന്നത് കണ്ടാല്‍ അത് സാങ്കേതികത്തിലും.

    ബ്ലോഗ് തുടങ്ങിയ കാലത്ത് കമന്റിന് വേണ്ടി കുറെ നെലോളിച്ചിട്ടുണ്ട് പിന്നീടാ നിലപാട് മാറ്റി. സൗകര്യമുള്ളവര്‍ അഭിപ്രായം പറഞ്ഞാല്‍ മതി. ഒരു പോസ്റ്റിട്ടാല്‍ യുണീക്കായി അത്യാവശ്യം ആളുകള്‍ വായിക്കുന്നുണ്ട് എനിക്കതേ വേണ്ടൂ!

    പോസ്റ്റിന് വേണ്ടി എഴുതാറില്ല എഴുത്ത് പോസ്റ്റുകയാണ് രീതി. കമന്റുകള്‍ തുടക്കക്കാരന് അത്യാവശ്യം തന്നെയാണ്, എന്നാല്‍ കമന്റിന് വേണ്ടി എഴുതുമ്പോളാണ് പ്രശ്നം.

    വ്യക്തിപരമായി പറയുകയാണെങ്കില്‍ വായിക്കാന്‍ കൊള്ളുന്ന(എനിക്ക്) പോസ്റ്റുകള്‍ ചിന്തയില്‍ നിന്നോ തനിമലയാളത്തില്‍ നിന്നോ എടുക്കുന്നത് ഒരു വലിയ സംഭവം തന്നെയാണ്. പത്തോ പതിനഞ്ചോ തുറന്നുവെക്കും ഓരോന്നും ഒറ്റ നോട്ടത്തില്‍ മനസ്സിലാവും വായിക്കാതെ ക്ലോസ് ചെയ്യും. അവസാനം ഒന്നോ രണ്ടോ മാത്രം കാണും വായിക്കാന്‍ കൊള്ളുന്നത്! ഈ പ്രയത്നത്തിനിടക്ക് വായിക്കാന്‍ പറ്റുന്ന പലതും കാണാതെ പോകും എന്നതാണ് സത്യം.

    പിന്നെയുള്ളത് താങ്കളെപ്പോലെ എനിക്ക് അറിയുന്നവരുടെ പോസ്റ്റ് കണ്ടാല്‍ നോക്കും എന്തെങ്കിലും കാണുമെന്ന പ്രതീക്ഷയില്‍ ;). മലയാളം വായിക്കാന്‍ ഇഷ്ടമുള്ള ബ്ലോഗ് എന്തെന്നറിയാത്ത ഒരാള്‍ക്ക് ചിന്തയുടേയും തനിയുടേയും ലിങ്കുകള്‍ കൊടുക്കുക അയാള്‍ എല്ലാ ലിങ്കുകളും നോക്കും വായിക്കും പിന്നെ ആ ഭാഗത്തേക്ക് വന്നൊളണമെന്നില്ല ;), . അതേ സമയം കുറച്ച് ദിവസം അയാള്‍ ഇത് തുടര്‍ന്നാല്‍ അയാള്‍ ചിലരുടെ പേരുകള്‍ ഓര്‍മ്മിക്കും പിന്നെ അവരെ മാത്രം വായിക്കും അതാണ് യാഥാര്‍ത്ഥ്യം! നേരിട്ടനുഭവമുണ്ട്.

    ഇതൊക്കെയാണെങ്കിലും മലയാളം ബ്ലോഗ് വളരുകയാണ്, അത് കുറെ മീറ്റുകളും ചാറ്റുകളും ഗ്രൂപ്പുകളും. മാത്രമല്ലെന്നും തിരിച്ചറിയുക.

    എത്ര പോസ്റ്റെഴുതിയെന്നാഘോഷിക്കാത്ത, തോന്നിയത് പോസ്റ്റുന്ന, പോസ്റ്റിന് വേണ്ടി പോസ്റ്റാത്ത, യാതൊരു മുന്‍‌ധാരണയും കോക്കസ്സും ഗ്രൂപ്പും ഇല്ലാത്ത എന്നെപ്പോലെയുള്ളവര്‍ ബ്ലോഗിലുള്ളപ്പോള്‍ എന്തിനാ കെ.പി.എസ് ഈ ഭയം? ;)

    ഓ.ടി:

    'ഫ്രീ'യായി കമന്റെഴുതാന്‍ സാധിക്കുന്ന കുറച്ച ബ്ലോഗുകളേയുള്ളു അതിനാലാണ് ഇതുപോലൊക്കെ കാച്ചിയത് ;)

    ReplyDelete
  7. ബൈജു, എന്റെ എല്ലാ പോസ്റ്റുകളും വായിക്കുന്നതിനും പ്രസക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും നന്ദിയുണ്ട്...

    സമീര്‍, ബ്ലോഗിന്റെ പ്രസക്തി ഞാന്‍ കുറച്ചു കാണുന്നില്ല. തീര്‍ച്ചയായും ഈ നവമാധ്യമം ഭാഷയ്ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെ. ബ്ലോഗെഴുത്തിലെ ചില അനഭിലഷണീയ പ്രവണതകള്‍ ബ്ലോഗര്‍മാരെയും വായനക്കാരെയും ബ്ലോഗില്‍ നിന്ന് അകറ്റിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും ബ്ലോഗ് നിലനില്‍ക്കുക തന്നെ ചെയ്യും. പക്ഷെ പ്രിന്റ് മീഡിയകള്‍ വിസ്മൃതിയിലാകും എന്ന നിരീക്ഷണത്തോട് എനിക്ക് തീരെ യോജിക്കാന്‍ നിവൃത്തിയില്ല. പ്രിന്റ് മീഡിയകളുടെ റീച്ചബിലിറ്റി ഒരിക്കലും ബ്ലോഗ് പോലുള്ള തിരമൊഴിമാധ്യമങ്ങള്‍ക്ക് ലഭിക്കുകയില്ലെന്നാണ് എന്റെ അഭിപ്രായം. മാത്രമല്ല അച്ചടി മാധ്യമങ്ങള്‍ എന്നത് മനുഷ്യസംസ്കൃതിയുടെ നെടുംതൂണുകള്‍ ആയിരിക്കും എക്കാലവും എന്ന് കരുതാനാണെനിക്ക് ഇഷ്ടം.

    വായനക്കും അഭിപ്രായത്തിനും നന്ദി!

    ReplyDelete
  8. പ്രിയ അരുണ്‍, നമുക്ക് മറ്റുള്ളവരോട് എന്തെങ്കിലും പറയാന്‍ ഉണ്ടാവുകയും അത് ഭംഗിയായി അവതരിപ്പിക്കാനും കഴിയുമെങ്കില്‍ ബ്ലോഗ് ഒരനുഗ്രഹം തന്നെയാണ്. ഈ അടുത്ത കാലത്തായി ബ്ലോഗെഴുത്തിന്റെ നിലവാരം കുറഞ്ഞുവരുന്നു എന്ന നിരീക്ഷണമാണ് എന്നെ ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചത്. എന്തൊക്കെ തിരക്കുണ്ടെങ്കിലും ബ്ലോഗ് എഴുതാനും അല്പസമയം നീക്കിവെക്കണം എന്നേ ഞാന്‍ പറയൂ.

    പ്രിയ ഭായി, ചിത്രകാരന്റെ പോസ്റ്റ് വായിച്ചിരുന്നു. അവിടെ ഭായി എഴുതിയ കമന്റും കണ്ടു. ഇവിടെ ചിത്രകാരന്‍ എഴുതിയത് കണ്ടല്ലൊ. ബ്ലോഗ് അക്കാദമി എന്ന സംരംഭം ഒരു മൂവ്‌മെന്റ് ആയി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പറ്റിയില്ല. അത് കഴിഞ്ഞിരുന്നുവെങ്കില്‍ ബ്ലോഗ് ശരിക്കും ഒരു ജനകീയമാധ്യമപ്രസ്ഥാനമാവുമായിരുന്നു.

    രണ്ടു പേര്‍ക്കും നന്ദി!

    ReplyDelete
  9. ആത്മാര്‍ത്ഥമായ ഒരു നന്ദിവാക്കുപോലും ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കരുതെന്നാണ് ചിത്രകാരന്‍ പഠിച്ചത്.

    പ്രിയ ചിത്രകാരന്‍, നന്ദി എന്നത് ഇപ്പോള്‍ നമ്മുടെ സാമൂഹ്യജീവിതത്തില്‍ ഇല്ലല്ലൊ. ഒരുപാട് മൂല്യങ്ങള്‍ ആധുനികജീവിതത്തിന്റെ ഓട്ടപ്പന്തയത്തില്‍ ഒലിച്ചുപോയില്ലേ? ഉപകാരസ്മരണ എന്നത് ഒരു അസൌകര്യമായ ഏര്‍പ്പാടായി മാറിയ ആസുരകാലമല്ലേ ഇത്! നാം വ്യക്തികള്‍ക്കോ സമൂഹത്തിനോ നമ്മാല്‍ കഴിയുന്നത് നല്‍കുക, അതില്‍ നിന്ന് ലഭിക്കുന്ന സംതൃപ്തി മാത്രമേ നാം പ്രതീക്ഷിക്കാവൂ, ബ്ലോഗിലായാലും ദൈനംദിനജീവിതത്തിന്റെ ഏത് മേഖലയിലായാലും.

    ബ്ലോഗ് വളരുക തന്നെ ചെയ്യും എന്നതില്‍ എനിക്കും സംശയം ഇല്ല. പക്ഷെ ക്വാണ്ടിറ്റി കൂടുമ്പോള്‍ ക്വാളിറ്റി കുറയും എന്നൊരു ദോഷം എല്ലാറ്റിലുമുള്ളത് പോലെ ബ്ലോഗിലും ഉണ്ടാകാം. അതില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. ശില്പശാലകളില്‍ നിന്നുള്ള പിന്മാറ്റം താല്‍ക്കാലികമാണെന്ന പ്രസ്താവന സ്വാഗതം ചെയ്യുന്നു.

    പ്രിയ നന്ദന, വായനക്കും കമന്റിനും നന്ദി!

    പ്രിയ തറവാടി, എഴുതിയതിനോട് നൂറ് ശതമാനവും യോജിക്കുന്നത്കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല :)

    ReplyDelete
  10. ബ്ലോഗിന്റെ പരിമിതി കൂടി പരിഗണിക്കേണ്ടതുണ്ടന്നു തോന്നുന്നു.വായനശാലേന്ന് വാരികകളും പുസ്തകങ്ങളുമെടുത്തു വായിക്കുന്ന,കമ്പ്യൂട്ടറും നെറ്റുമില്ലാത്ത ഒരുവലിയ ജനസമൂഹം പുറത്തുള്ളതറിയാമല്ലോ..?അവരുടെ കാലിബറൊന്നും ബ്ലോഗേഴ്സിനില്ലന്ന് എനിക്കുറപ്പുണ്ട്.
    കഴിഞ്ഞ ദിവസം കെ.എം .സലീം കുമാര്‍ വീട്ടില്‍ വന്നപ്പോള്‍ ഇതെല്ലാമൊന്നു കാണിച്ചു.പുള്ളി ഇതുവരെ കമ്പ്യൂട്ടറില്‍ തൊട്ടിട്ടില്ല.അതായത് പലരും കാണിക്കുന്ന മിടുക്ക് ,സാഹചര്യത്തിന്റെതാണ്‌.

    ReplyDelete
  11. 1. ഇന്റർനെറ്റിലൂടെ പൊട്ടിപ്പുറപ്പെടുന്ന പുത്തൻ‌കൌതുകങ്ങളുടെ, അതുപോലെ ഊറിവരുന്ന ആധുനിക ടെക്നോളജിക്കൽ കളിപ്പാട്ടങ്ങളുടെ, ശരാശരി കുട്ടിക്കളിയായുസ്സ് രണ്ടുവർഷമാണു്. അതുകഴിഞ്ഞാൽ പിന്നെയും തുടർന്നുപോകുന്ന ഒരു ന്യൂനപക്ഷമേ ഉണ്ടാവൂ. പക്ഷേ എല്ലാ സംസ്കൃതികളും ഒടുവിൽ കൊണ്ടുനടത്തുക ആ ന്യൂനപക്ഷം തന്നെയാവും.
    അതുകൊണ്ടു്, വേവലാതി വേണ്ട.
    എണ്ണ തിളയ്ക്കുന്നതുപോലെയാണതു്. ആദ്യം കാണുന്ന ബഹളത്തിലൊന്നും കാര്യമില്ല. അതിലുള്ള വെള്ളമാണു് തിളച്ചുപുളയുന്നതു്. ഇത്തിരികഴിഞ്ഞ് കയ്യിട്ടുനോക്കിയാൽ അറിയാം ശാന്തമായി ഉരുകിക്കിടക്കുന്ന എണ്ണയുടെ ചൂടു്.

    2. പ്രവാസികൾക്ക് സമയം കൂടുതലുണ്ടായിട്ടല്ല അവർ കൂടുതൽ എഴുതുന്നതു്. വേറെ ഇഷ്ടപ്പെട്ട ക്രൂരവിനോദങ്ങൾക്കു നേരം തികയാത്തതുകൊണ്ട് നാട്ടിലെ ജനം ഇടപാടു കുറയ്ക്കുന്നതുകൊണ്ടാണു്. ഗൾഫുകാരെപ്പോലുള്ള ദരിദ്രവാസികൾക്ക് വേറെ എന്തുവിനോദം?

    മേമ്പൊടിക്കു വേണമെങ്കിൽ ഇതും ഇതും വായിക്കാം.

    ReplyDelete
  12. സുകുമാരേട്ടാ, പൂർണ്ണമായും യോജിക്കുന്നു. ഇന്ന് അബുദാബിയിൽ സാഹിത്യ ചർച്ചയായ ‘കോലായ’യിൽ മുഖ്യ ചർച്ചാവിഷയം ബ്ലോഗിലെ പോസ്റ്റുകളും അവയ്ക്കുള്ള പുകഴ്ത്തിപ്പറച്ചിലുകളും അവ മൂലമുണ്ടാകുന്ന എഴുത്തുകാരന്റെ വളർച്ചമുരടിക്കലിന്റെ അപകടവും ഒക്കെയായിരുന്നു.

    ഒരുത്തന്റെ പോസ്റ്റിൽ പോയി മോശമായത് പറയാൻ മടിയോ പേടിയോ കൊണ്ട് കെങ്കേമം, അപാരം, സൂപ്പർ എന്നൊക്കെ കമന്റിടുകയും നല്ലതിനെ കാണാതെ നടിക്കുകയും ചെയ്യുന്ന കോക്കസ്സുകളെ കുറിച്ചെല്ലാം ചൂടേറിയ ചർച്ചയുണ്ടായി.

    ഭാവുകങ്ങൾ..

    ReplyDelete
  13. ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ്. സമയം ചിലവഴിക്കാന്‍ വേറെ വഴികളില്ലാത്തത് കൊണ്ട് ബ്ലോഗില്‍ സമയം ചിലവഴിക്കുന്നു എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ അത് അസൂയയോടെ വായിച്ച ഒരു ബ്ലോഗ്ഗര്‍. :)

    എത്ര കാലം എന്റെ ഈ ബ്ലോഗ്‌ എഴുത്ത് ഉണ്ടാവും എന്ന് എനിക്കും പറയാനാവില്ല. പക്ഷെ, അത് എഴുതാതിരിക്കുന്ന കാലമൊക്കെ ഞാന്‍ ബ്ലോഗ്‌ എഴുത്ത് മിസ്സ്‌ ചെയ്യും എന്നുറപ്പാണ്. പിന്നെ എഴുത്തില്‍ സജീവമായി നില്‍ക്ക്കാതിരിക്കുന്ന കാലത്ത് ഒരു സൈലന്റ് വായനക്കാരിയായിരിക്കുകയും ചെയ്യും എന്നുറപ്പാണ്. കാലം അനുകൂലമാകുമ്പോള്‍ എഴുത്തില്‍ തിരിച്ചെത്തുകയും ചെയ്യും. (ithokke എന്റെ kaaryangal )

    മനുഷ്യരല്ലേ? priorities ഓരോ കാലത്തും മാറി വരുമല്ലോ? അത് കൊണ്ട് തന്നെ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തി പോയവരൊക്കെ അവരുടെ ജീവിതത്തില്‍ കൂടുതല്‍ ഗൌരവം കൊടുക്കേണ്ട കാര്യങ്ങളിലായിരിക്കും എന്ന് വിശ്വസിക്കാം. അത് കഴിയുമ്പോള്‍ അവര്‍ തിരിച്ചു വരുമെന്നും. :)

    ReplyDelete
  14. ചാര്‍വ്വാകന്‍ പറഞ്ഞതാണ് കാര്യം. കമ്പൂട്ടറും ഇന്റര്‍നെറ്റും ഇന്നും ഒരുവകപ്പെട്ട ആള്‍ക്കാര്‍ക്കെല്ലാം അപ്രാപ്യമാണ്. ഒരു കാലത്ത് വായനശാലകളാണ് വായന സാര്‍വ്വത്രികവും ജനകീയവുമാക്കിയത്. ബ്ലോഗ് ക്ലബ്ബുകള്‍ എന്നൊരാശയം ചിത്രകാരന്‍ മുന്നോട്ട് വെച്ചിരുന്നു. ഇന്റര്‍നെറ്റ് സൌജന്യ വായനശാലകള്‍ എന്നൊരു ആശയം ഞാനും ആലോച്ചിരുന്നു. സംഭാവന പിരിച്ചു നാലോ അഞ്ചോ കമ്പ്യൂട്ടറുകള്‍ സംഘടിപ്പിച്ചു അങ്ങനെ തുടങ്ങാമല്ലൊ. നെറ്റ് കണക്‍ഷന്റെ ചാര്‍ജ്ജ് പഞ്ചായത്തോടും വഹിക്കാന്‍ പറയാം. എന്നാല്‍ അത് അപ്രായോഗികമാണെന്ന് മനസ്സിലായി. വരുന്നവര്‍ സിസ്റ്റത്തിന്റെ മുന്‍പില്‍ നിന്ന് എഴുന്നേല്‍ക്കാതിരുന്നാല്‍ എന്ത് ചെയ്യും? ഇപ്പോള്‍ നഗരങ്ങളിലെ പബ്ലിക്ക് ലൈബ്രറികളില്‍ ആളുകള്‍ ചുമ്മാ പത്രത്തിന്റെ ഷീറ്റുകളും കൈയില്‍ പിടിച്ചു നേരം കളയാന്‍ ഇരിക്കുന്നത് കാണാം. ഒരു പത്രം മുഴുവനും വായിക്കാന്‍ ആര്‍ക്കും കഴിയില്ല. മനുഷ്യരുടെ മനസ്സ് വികസിക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യും?

    വിശ്വപ്രഭയും ഞാനും കോഴിക്കോട് വെച്ച് കണ്ടുമുട്ടിയപ്പോള്‍ ഹ്രസ്വസംഭാഷണത്തിനിടയില്‍ ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടിരുന്നു എന്ന് ഓര്‍ക്കുന്നു. വിശ്വപ്രഭയും സമകാലികബ്ലോഗര്‍മാരും ബ്ലോഗില്‍ സജീവമായി ഇടപ്പെട്ടിരുന്ന ആ കഴിഞ്ഞ കാലം മലയാളം ബ്ലോഗിന്റെ സുവര്‍ണ്ണകാലമായിരുന്നു എന്ന് അല്പം ഖേദത്തോടെ ഓര്‍ക്കാ‍തിരിക്കാന്‍ എനിക്കാവുന്നില്ല. കാമ്പുള്ള പോസ്റ്റുകള്‍ ഇന്ന് അപൂര്‍വ്വമാണ് എന്ന് ആരെയും കുറ്റപ്പെടുത്താ‍തെ പറയട്ടെ.

    ഏറനാടന്‍, “കോലായ”യിലെ ചര്‍ച്ചാവിഷയം ബ്ലോഗിനെ സംബന്ധിച്ച് തികച്ചും പ്രസക്തം തന്നെ. അപക്വമായ കമന്റിങ്ങ് ശൈലി ബ്ലോഗിനെ മരവിപ്പിച്ചിട്ടുണ്ട്. സമൂഹമനസ്സിന്റെ തന്നെ വളര്‍ച്ച മുരടിച്ചത് ബ്ലോഗിലും പ്രതിഫലിക്കുമല്ലൊ.

    പ്യാരി, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    "എത്ര കാലം എന്റെ ഈ ബ്ലോഗ്‌ എഴുത്ത് ഉണ്ടാവും എന്ന് എനിക്കും പറയാനാവില്ല. പക്ഷെ, അത് എഴുതാതിരിക്കുന്ന കാലമൊക്കെ ഞാന്‍ ബ്ലോഗ്‌ എഴുത്ത് മിസ്സ്‌ ചെയ്യും."

    ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്.

    ReplyDelete
  15. തീര്‍ച്ചയായും ബ്ലോഗ്‌ തളരുകയല്ല എന്ന് തന്നയാണ് എന്റെ അഭിപ്രായം. വളരുക തന്നെയാണ് . ബ്ലോഗേര്സ്ന്റെയും പോസ്റ്റുകളുടെയും എണ്ണം നാള്‍ക്കു നാള്‍ കൂടി വരുന്നുണ്ടല്ലോ. പക്ഷേ, ബ്ലോഗിന്റെ ഏറ്റവും വലിയ ശക്തി കമന്റുകളാണ് എന്ന് ഞാന്‍ കരുതുന്നു. എണ്ണത്തിലുള്ള വലിപ്പമല്ല, മറിച്ച്, അര്‍ത്ഥ പൂര്‍ണ്ണമായ കമെന്റുകള്‍. പക്ഷെ, നമ്മള്‍ ഈ സൗകര്യം എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ബാലിശമായ തേങ്ങയുടക്കലുകളും മാറ്റുമായും നമ്മള്‍ തകര്‍ക്കുകയാണല്ലോ. റെസ്പോണ്‍സിബിള്‍ കമെന്റിംഗ് ബ്ലോഗേര്‍സ് ഒരു ശീലമാക്കേണ്ടിയിരിക്കുന്നു. (എന്റെ എഴുത്തിനെകുറിച്ചും, ആശയങ്ങളെക്കുറിച്ചും സ്വയം സംശയങ്ങളുള്ള തുടക്കക്കാരനായ ഒരാളെന്ന നിലക്ക്, അര്‍ത്ഥ പൂര്‍ണമായ കമെന്റുകള്‍ ഞാന്‍ എന്നും പ്രതീക്ഷിക്കുന്നു. ആരെങ്കിലും എന്നെയൊന്നു തിരുത്തിയിരുന്നെന്കില്‍ എന്ന് നിലവിളിക്കുന്നു. പക്ഷെ പ്രതീക്ഷകള്‍ എന്നും അസ്ഥാനത്താകുന്നു.)
    പിന്നെ സുകുമാരേട്ടന്‍ പറഞ്ഞത് പോലെ സ്ഥാപനവ്ത്കരിക്കപ്പെട്ട അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ ഇവിടെ തുടരുക തന്നെ ചെയ്യും, ചിലപ്പോള്‍ അച്ചടി നാമവശേഷമായാലും, അവര്‍ ഓണ്‍ലൈന്‍ ആയും മറ്റും പുതിയ രൂപങ്ങള്‍ സ്വീകരിക്കും. അവ നിലനില്‍ക്കാന്‍ കാരണം, ഒരു സ്ഥാപനം എന്ന നിലയില്‍, അവയില്‍ നിന്നും നാം ധാര്‍മികതയും, വിശ്വാസ്യതയും, ഉത്തരവാദിത്തവും പ്രതീക്ഷിക്കും. (മാര്‍ക്കറ്റുമായും, രാഷ്ട്രീയ അജണ്ടകളുമായും അവയ്ക്കുള്ള അമിത ആശ്രയത്വം അടുത്ത കാലത്ത് ഈ പ്രതീക്ഷകളെ മങ്ങലേല്‍പ്പിക്കുന്നുണ്ടെങ്കിലും) തികച്ചും വ്യക്തിനിഷ്ടമായ ബ്ലോഗുകള്‍ക്ക് ഒരിക്കലും ആ വിശ്വാസ്യത നേടുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അനോണിമസ് ആയി ലോകത്തിന്റെ ഏതോ കോണിലിരുന്ന് ടൈപ്പ് ചെയ്യപ്പെടുന്ന വാര്‍ത്തകളെക്കാള്‍, പേരുള്ള ഒരു പത്രത്തിന്റെ ഓണ്‍ലൈന്‍ വെര്‍ഷന്‍ ആകും കൂടുതല്‍ വിശ്വാസ്യത നേടുക.(അനോണികള്‍ ഇവിടെ വിഷയമല്ല.)

    ReplyDelete
  16. ബ്ലോഗർക്ക്‌ ബ്ലോഗറുടെ ആശയങ്ങൾ എഴുതുവാനുള്ള ഒരു മാധ്യമമാണി ബ്ലോഗ്‌. ഒരു പക്ഷെ ഒരു പത്രത്തിന്റെയോ ചാനലിന്റെയോ സഹായമില്ലാതെ വായനക്കാരിലേക്ക്‌ എത്തുക, എഴുത്ത്‌ കളരി.

    ബ്ലോഗ്‌ ഒരു ഏകാങ്ക മീഡിയയാണ്‌. അതിനെ ഡയറി കുറിപ്പുകൽ എന്ന്‌ വിളിച്ചാലും, അതിന്റെ ലക്ഷ്യം വായനക്കാർ തന്നെ. ലക്ഷങ്ങളും കോടികളും മുടക്കി പ്രസിദ്ധികരിക്കുന്ന പത്രങ്ങളുടെയോ ചാനലുകളുടെയോ പ്രസക്തി ഒരിക്കലും ഒറ്റയാനായ ബ്ലോഗിനുണ്ടാവില്ല.

    കൂടുതലും ബ്ലോഗും എഴുതുന്നത്‌ കാലികമായ ഏതെങ്ങിലും ഒരു വിഷയത്തിലുള്ള നമ്മുടെ വീക്ഷണമാണ്‌. പക്ഷെ അത്‌ വാർത്തയല്ല, അതിനുള്ള വാർത്തകൾക്ക്‌ നാം ആധാരമാക്കുന്നത്‌ പത്രങ്ങളെയും ചാനലുകളെയുമാണ്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിമർശനവും വീക്ഷണവുമാണ്‌ ബ്ലോഗ്ഗിൽ.

    നാളെ ഒരു ബ്ലോഗർ, ക്യാമറയും തൂക്കി എക്സ്ലുസിവ്‌ ആയി വല്ലതും കണ്ടെത്തി ബ്ലോഗിയാൽ, ആ ബ്ലോഗറുടെ ബ്ലോഗ്‌ ശ്രദ്ധിക്കപ്പെടുമല്ലോ. തെഹൽകയെ ഓർമയുണ്ടല്ലോ!

    പൊതുവെ നാം എന്താണ്‌ ചെയ്യുന്നത്‌ ഒരു ഹോംവർക്കും ചെയ്യാതെ ദിനപ്രതിയെന്നോണം പോസ്റ്റുകൾ, പത്രക്കാരോ ചാനലുകാരോ തന്ന വാർത്തയുടെ പരിപ്പെടുക്കുക, അല്ലെങ്ങിൽ, കേട്ടു പഴകിയ വിഷയങ്ങളിൽ പോസ്റ്റുക.

    ഫ്രീലാൻസ്‌ ജേർണലിസത്തിന്റെ വളർച്ചപോലും മലയാളം ബ്ലോഗിനായിട്ടില്ല (ഞാൻ വായിച്ച ബ്ലോഗുകൾ). ഒരു അമച്വർ രീതി. പക്ഷെ ഈ അമച്വർ എഴുത്തുകാരും ബ്ലോഗ്ഗും വളരുകയാണ്‌, നാളെ പ്രോഫഷണൽ എഴുത്തുകാരാവും, തീർച്ചയായും പ്രിന്റ്‌ മിഡിയയിലേക്കും, ചാനലിലേക്കും പറിച്ച്‌ നടപ്പെടും, അതിനായി എസ്റ്റാബ്ലിഷ്‌ മീഡിയയുടെ റിക്രുട്ടിംഗ്‌ ഏജന്റുമാർ ബ്ലോഗുകൾ വായിക്കും, അവർക്ക്‌ വേണ്ട ബ്ലോഗേർസിനെ, അവർ റാഞ്ചും.

    മറ്റൊരു കൂട്ടം ബ്ലോഗേർസ്‌, സ്വന്തമായി ബ്ലോഗ്‌ പത്രങ്ങളുണ്ടാകും, ബ്ലോഗേർസിന്റെ കൂട്ടം.

    പിന്നേയും ബ്ലോഗ്ഗേർസ്‌ ബാക്കിയാവും, കുറച്ച്‌ ബ്ലോഗ്ഗെർസ്‌ പുതിയ മേച്ചിൽപുറം തേടും, പുതിയ ബ്ലോഗ്ഗേർസ്‌ വരും, ഒരു പക്ഷെ ടെക്നോളജി വളരുമ്പോൽ, ബ്ലോഗ്‌ എന്ന പേർ മാറുമായിരിക്കാം, പക്ഷെ, ആശയസംവാദവും വാർത്തകളും നിലനിൽക്കും.

    അയ്യോ ഒരു അബദ്ധം പറ്റി, ഈ കമന്റ്‌ ഒരു പോസ്റ്റായി ഇട്ടിരുന്നുവേങ്ങിൽ പോസ്റ്റിന്റെ എണ്ണം കൂടിയേനെ, ഇതല്ലേ "കാക്കര"യെ പോലെയുള്ള തരികിട ബ്ലോ‍ാഗെർസ്സ്‌ ചെയ്യുന്നത്‌. പിന്നെങ്ങനെ, ബ്ലോഗ്‌ വളരും.

    ReplyDelete
  17. സാംഷ്യ റോഷ് , കാക്കര വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

    ReplyDelete