തലക്കെട്ട് വേണ്ടാത്തത് എന്ന തലക്കെട്ടില്‍ മയൂര എന്ന ബ്ലോഗ്ഗര്‍ ഒരു കവിത തന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട് ഇതിന് മുന്‍പ്. എനിക്കെന്തെങ്കിലും ഇപ്പോള്‍ എഴുതണമായിരുന്നു. ഇതിന് യഥാര്‍ഥത്തില്‍ ഒരു തലക്കെട്ട് ആവശ്യമില്ല. ഒന്നാമത് ആരെങ്കിലും ഇത് വായിക്കണം എന്ന് എനിക്ക് നിര്‍ബന്ധമില്ല. മറ്റൊന്ന് ഇതൊരു വിഷയമല്ല. വെറുതെ എന്ന് വെച്ചാല്‍ വെറും വെറുതെ ഒരു കുത്തിക്കുറിക്കല്‍. പിന്നെന്തിന് ഒരു തലക്കെട്ട്. എന്നാല്‍ പിന്നെ ഇങ്ങനെ ഒരു തലക്കെട്ട് നില്‍ക്കട്ടെ എന്ന് വെച്ചപ്പോഴാണ് മയൂരയില്‍ നിന്ന് എനിക്ക് ഈ തലക്കെട്ട് കടം വാങ്ങേണ്ടി വന്നത്. ഒന്നോര്‍ത്താല്‍ ഈ ജീവിതത്തില്‍ നമുക്ക് സ്വന്തമായി എന്താണുള്ളത്? എല്ലാം ആരില്‍ നിന്നെങ്കിലും കടം വാങ്ങുന്നതല്ലേ? തീര്‍ച്ചയായും ജീവിയ്ക്കുക എന്നത് തന്നെ നിരന്തരമായ ഒരു കടം വാങ്ങലാണ്. ഒരിക്കലും തിരിച്ചു കൊടുക്കാത്ത കടങ്ങള്‍.
ബ്ലോഗ് എന്നത് ഒരു നല്ല സുഹൃത്താണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. അതങ്ങനെയാണ്, മനസ്സിലാക്കലിന് അവസാനമില്ല. ഓരോ ദിവസവും നാം ഓരോന്ന് പുതുതായി മനസ്സിലാക്കൊണ്ടിരിക്കുന്നു. മറ്റാരെങ്കിലും വായിച്ച് മനസ്സിലാക്കേണ്ടതും കമന്റ് എഴ്തേണ്ടതുമായ ഒന്നാണ് ബ്ലോഗ് എന്നായിരുന്നു എന്റെ ധാരണ. അത്കൊണ്ട് പലപ്പോഴും ഞാന്‍ ബ്ലോഗിനെ പ്രണയിക്കുകയും, പലപ്പോഴും ബ്ലോഗോട് കലഹിക്കുകയും ചെയ്തു വന്നു. ബ്ലോഗ് ഡിലീറ്റ് ചെയ്താലോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷെ ഇപ്പോള്‍ മനസ്സിലാക്കുന്നു, എനിക്ക് ആരോടെങ്കിലും പറഞ്ഞേ തീരൂ എന്ന കാര്യങ്ങള്‍ ബ്ലോഗോട് പറയാം. എല്ലാം ക്ഷമയോടെ കേള്‍ക്കുന്ന ഒരു ഉത്തമ സുഹൃത്താണ് ബ്ലോഗ്.
ജിവിതത്തിന് എത്രയെത്ര നിര്‍വ്വചനങ്ങള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. അതൊക്കെ തെറ്റാണെന്ന് പറയണമെങ്കില്‍ അസാമാന്യമായ ചിന്താശൂന്യത വേണം. ആനയെ കുരുടന്‍ കണ്ടത് പോലെയാണ് പലരും ജീവിതത്തെ കണ്ടത് എന്ന് ചിലപ്പോഴൊക്കെ എന്റെ ചെറിയ ബുദ്ധിക്ക് തോന്നാറുണ്ട്. ഓരോ ആളും എന്താണ് സദാ ചുമക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ആലോചിട്ടുണ്ട്. നോക്കുമ്പോള്‍ അവനവനെ തന്നെയാണ് എല്ലാവരും ചുമക്കുന്നത്. ഇതൊരു പുതിയ കണ്ടുപിടുത്തമല്ല. സ്വന്തം അറിവുകളുടെ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടാണ് മനുഷ്യന്‍ മുടന്തുന്നത് എന്ന മട്ടില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി പറഞ്ഞിട്ടുണ്ട്. ആ ചുമട് ഉപേക്ഷിച്ച് വര്‍ത്തമാനകാലം അഘോഷിക്കാനാണ് അദ്ദേഹം നമ്മോട് പറഞ്ഞത്. പറയാന്‍ എന്തെളുപ്പം. അനുസരിക്കാന്‍ നോക്കിയാല്‍ വിവരം അറിയും. ഉപേക്ഷിക്കാന്‍ പോയിട്ട് ഒരു നിമിഷം ഒന്നിറക്കി വെക്കാന്‍ പോലും നമുക്കാവില്ല. കാരണം ആ ഭാരം തന്നെയാണ് നമ്മള്‍. കൃഷ്ണമൂര്‍ത്തി ഇറക്കിവെച്ചിട്ടുണ്ടാവുമോ? ഓഷോ അനുയായികളോട് ആഹ്വാനം ചെയ്തത് സ്വയം അനുഭവിച്ചിട്ടുണ്ടാകുമോ? എനിക്ക് സംശയിക്കാം. അല്ലെങ്കില്‍ ഞാനെന്തിനിങ്ങനെ എഴുതണം. പറയുന്നതല്ല നമ്മള്‍. നാം പറയുന്നത് നാം പ്രസരിപ്പിക്കുന്ന ഗന്ധമാണ്. അത് സുഗന്ധമോ ദുര്‍ഗന്ധമോ ആകാം. അതിന് ഭാരമില്ല. ഭാരത്തിന് സ്വയം ഭാരമല്ലാത്താകാന്‍ കഴിയാത്തത്കൊണ്ട് ഒന്നും ഇറക്കി വെക്കാന്‍ പറ്റില്ല.
എന്റെ ചിന്തകള്‍, ആശയങ്ങള്‍,അറിവുകള്‍,വിശ്വാസങ്ങള്‍ ഇങ്ങനെ എന്നെ സംബന്ധിക്കുന്ന എല്ലാം ഞാനാണ്. ഞാന്‍ എന്ന ഭാരമാണ്. ഞാന്‍ തന്നെ സ്വയം ഒരു ഭാരമായത്കൊണ്ടാണ് ഭാരം എനിക്ക് ഫീല്‍ ചെയ്യാത്തത്. അപ്പോള്‍ എന്നില്‍ നിന്ന് എനിക്ക് ഒന്നും മൈനസ് ചെയ്യാന്‍ പറ്റില്ല. അത് തന്നെയാണ് എല്ലാവരുടെയും പ്രശ്നം. ഹ ഹ ഹ ഞാന്‍ അല്പം ചിരിക്കട്ടെ. ഏറ്റുമുട്ടല്‍, സംഘര്‍ഷം ഉണ്ടാകുന്നത് ഇവിടെയാണ്. സംഘര്‍ഷം ഇല്ലാത്ത ഒരു സ്പേസ് എവിടെയുമില്ലെന്നാണ് മാര്‍ക്സ് നിരീക്ഷിച്ചത്. അവനവനിലും സംഘര്‍ഷമുണ്ട്. അതാണ് ആത്മസംഘര്‍ഷം. കേള്‍ക്കാന്‍ എത്ര നല്ല വാക്ക്. എന്നാല്‍ അനുഭവിക്കാനോ? നമ്മള്‍ മറ്റാരോടെങ്കിലും സംഘര്‍ഷിക്കുമ്പോള്‍ നമ്മുടെ ആത്മാവില്‍ സംഘര്‍ഷമില്ല. ഒരേ സമയം ഒന്നേ നമുക്ക് ഫീല്‍ ചെയ്യൂ. അത്കൊണ്ട് കലഹിക്കുക എന്നത് ആത്മസംഘര്‍ഷം ലഘൂകരിക്കാന്‍ നല്ല മാര്‍ഗ്ഗമാണ്. കലഹത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു എന്നതാണ് കലഹങ്ങളുടെ പ്രത്യേകത. ആത്മസംഘര്‍ഷം വിസ്മൃതമാകുന്ന അപൂര്‍വ്വാവസരങ്ങളാണ് കലഹവേളകള്‍! അത്കൊണ്ട് നമ്മുടെ മനസ്സ് സദാ കലഹസാധ്യതകള്‍ ആരായുന്നു.
പ്രായം മനുഷ്യനില്‍ പല മാറ്റങ്ങളും വരുത്തിവെക്കുന്നുണ്ട്. പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. മക്കള്‍ വലുതാകുന്നു എന്നതാണ് പ്രധാനപ്പെട്ട സംഗതി. മക്കള്‍ വലുതാവുക മാത്രമല്ല ചെയ്യുന്നത്,അവര്‍ വലിയ ഒരു ഭാരമായി സ്വയം പരിണമിക്കുന്നുമുണ്ട്. അപ്പോള്‍ നമുക്കവരെ വഴി നടത്താന്‍ പണ്ടേ പോലെ പറ്റില്ല. അത് ഉള്‍ക്കൊള്ളുക എന്നത് വയസ്സാകലിലെ വലിയൊരു വെല്ലുവിളിയാണ്. ഞാന്‍ മക്കളെ മലയാളം മീഡിയത്തിലാണ് പഠിപ്പിച്ചത്. എന്ന് വെച്ച് അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിലല്ലാതെ അവര്‍ക്ക് പഠിപ്പിക്കാന്‍ പറ്റുമോ? മലയാളം മീഡിയത്തില്‍ മക്കളെ അയയ്ക്കുക എന്നതില്‍ പരം ഒരു നാണക്കേട് ഇന്നത്തെ അച്ഛനമ്മമാര്‍ക്ക് ഉണ്ടാകാനില്ല. എന്റെ മക്കളായി പോയി എന്ന് വെച്ച് അവര്‍ക്ക് അവരുടെ മക്കളുടെ അച്ഛനമ്മമാര്‍ ആകാതിരിക്കാന്‍ കഴിയുമോ? ഇംഗ്ലീഷ് മീഡിയം എന്നത് സമകാലിക ഭാരങ്ങളില്‍ ഒഴിവാക്കാനാകാത്തതാണ്.
മാതൃഭാഷയിലേ അധ്യയനം നടത്താവൂ എന്നത് ഒരു പഴഞ്ചന്‍ വാക്കാണു. അത്കൊണ്ട് ഇന്നത്തെ യു.കെ.ജി. കുട്ടി ഒരേ സമയം ഇംഗ്ലീഷും മലയാളവും പഠിക്കണം. ഇംഗ്ലീഷും പഠിപ്പിക്കുന്നത് മലയാളത്തിലാണ് എന്നതാണ് പഠിപ്പിക്കലിലെ ഒരു വിരോധാഭാസം. സി-ഏ-ടി ക്യാറ്റ് ,ക്യാറ്റ് എന്നാല്‍ പൂച്ച എന്ന മാതിരി ഒരു ശൈലി. കുട്ടി ആദ്യം തന്നെ പൂച്ച എന്നാല്‍ എന്തെന്ന് പഠിച്ചു കഴിഞ്ഞിരുന്നു. ആദ്യം തന്നെ ക്യാറ്റ് എന്നാല്‍ ക്യാറ്റ് ആണെന്നും പൂ-ച്ച സമം പൂച്ച, പൂച്ച എന്നാല്‍ ക്യാറ്റ് എന്നാണെന്നും പഠിക്കുന്ന കുട്ടിയെ ആയിരുന്നു സത്യത്തില്‍ ഇംഗ്ലീഷ് മീഡിയം എല്‍.കെ.ജി,യു.കെ.ജി സ്കൂളുകള്‍ക്ക് ആവശ്യം. ക്യാറ്റ് എന്നാല്‍ പൂച്ച എന്ന് ഉരുവിടുന്ന കുട്ടിക്ക് മലയാളം മീഡിയമാണ് അഭികാമ്യം. പക്ഷെ ഇന്ന് യൂനിഫോം, സ്കൂള്‍ വാന്‍, കനം തൂങ്ങുന്ന ബാഗ് എന്നിവയൊക്കെ ഞാന്‍ നടേ പറഞ്ഞ ഭാരത്തിന്റെ ഭാഗമാകുമ്പോള്‍ ആര്‍ക്ക് അതൊക്കെ ഇറക്കി വെച്ച് സ്വയം ഇല്ലാത്താവാന്‍ കഴിയും?
ഒരു അഭിപ്രായം എഴുതട്ടെ?
ReplyDeleteതാങ്കള്‍ പറഞ്ഞതുപോലെ, ജിദ്ദു കൃഷ്ണമൂര്‍ത്തി, ഓഷോ, ആദി ശങ്കരന്‍, വിവേകാനന്ദന്‍, തുടങ്ങിയവരും ഋഷിമാരും ലോകത്തിലെ മറ്റനേകം തത്ത്വചിന്തകരും ഈ വേദാന്ത ചിന്തകള്‍ പല രൂപത്തില്‍ നമുക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ, അവയെ അവ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്ത് ചിന്തിയ്ക്കാന്‍ നാം ഓരോരുത്തരും കൂട്ടാക്കാറില്ല, കാരണം അവ നമ്മുടെ പ്രിയോരിറ്റിയില്‍ വരുന്നില്ല. വളരെ നാള്‍ ജീവിച്ചു അവസാനം ഇനി മുന്നോട്ടു പോയി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ചിന്ത വരുമ്പോള്‍ മാത്രമാണ് നാം തിരിഞ്ഞു നോക്കുന്നതും ഇതൊക്കെ ആഴത്തില്‍ ചിന്തിക്കുന്നതും, എന്ന് തോന്നുന്നു. ആദ്യമൊക്കെ ആ ചുമട് ഉപേക്ഷിച്ചില്ലെങ്കിലും അതിനെ ലൈറ്റ് വെയിറ്റ് ആയി കാണാന്‍ നാം പരിശീലിച്ചാല്‍ ചിലപ്പോള്‍ കാലക്രമത്തില്‍ ഭാരം ഉള്ളതായി തോന്നുകയില്ല. ഭാരം തോന്നിയില്ലെങ്കില്‍ ഭാരമില്ല എന്നതുപോലെയാണല്ലോ അവസ്ഥ.
ജീവിതത്തെ അത്രയൊന്നും സീരിയസ്സായി കാണരുത് എന്നു ഞാന്‍ സീരിയസ്സായി തന്നെ ചിന്തിച്ച് തീരുമാനിച്ചത് വില്ല്യം ഷേക്സ്പീയറിന്റെ വരികള്‍ കോളേജ് ലൈബ്രറിയില്‍ വച്ചു വായിച്ചപ്പോള്‍.."Life is a tale told by an idiot, full of sound and fury, signifying nothing"..അതുകൊണ്ട് തന്നെ ജീവിതം ഒരിക്കലും ഒരു ഭാരവുമല്ല..expectations are the reason for disappointment..
ReplyDeleteAfter all, life is not something based on a plan designed by an architect.
Anyway we all met here, let us not worry much about what is going wrong..We can choose to be happy.
Full of sound and fury- ജീവിതത്തില്‍ ദുഖിക്കാനും, നിരാശപ്പെടാനും ഒരുപാട് കാരണങ്ങളുണ്ട്..but should we?
പറയാന്‍ എന്തെളുപ്പം എന്ന് തോന്നാം..പറയാന്‍ മാത്രമല്ല, ഒരു പരിധി വരെ ഇതൊക്കെ പ്രവര്‍ത്തിക്കാനും കഴിയും..നല്ല ഇച്ഛാശക്തിയുണ്ടാവണം...
മുന്‍പത്തെ കമന്റില്‍ പറഞ്ഞതുപോലെ ലൈറ്റ് വെയിറ്റ് ആയി കാണാന്‍ പരിശീലിക്കാം..
നന്നായിരിക്കുന്നു.
ReplyDeleteരാഷ്ട്റീയ കാര്യങ്ങള്‍ മാറ്റിനിര്‍ത്തി ഇത്തരം കാര്യങ്ങള്‍ എഴുതുമ്പോള്‍, ആശയം കൂടുതല്‍ വ്യക്തമാകുന്നു.
വീണ്ടും ഇത്തരം വിഷയങ്ങള്‍ എഴുതാന്‍ ശ്രമിക്കുക.
അഭിനന്ദനങ്ങള്‍
തീര്‍ച്ചയായും അറിവ് നമുക്ക് നല്‍കുന്നത് ലഘുത്വം തന്നെയാണ്..
ReplyDeleteകേവലനാണ് ഞാനെന്ന ചിന്ത കേവലമല്ല... !!!
പലപ്പോഴും നമുക്ക് തിരിച്ചറിവ് ലഭിക്കുന്നത് ജീവിത ഓട്ടത്തിണ്റ്റെ വേഗത അല്‍പ്പമൊന്ന് കുറയുമ്പോളാണ്.. അറിവിണ്റ്റേയും ദുരഭിമാനത്തിണ്റ്റെയും അസൂയയുടേയും ഭാരവും പേറി നാം ഓടുന്നു.. !!
ഓടി അവസാനിപ്പിക്കാറായവരുടെ വാക്കുകള്‍ അപ്രസക്തമാണ്...ജീവിതത്തിണ്റ്റെ ആദ്യറൌണ്ടുകള്‍ ഓടുന്നവന്‍ കാലം കൊണ്ടുമാത്രം മനസ്സിലാക്കേണ്ട അഥവാ തിരിച്ചറിയേണ്ടുന്നതാണത് അത്.. മനസ്സുകൊണ്ട് വയോവൃദ്ധനായതിനാലാവും...എല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട് സുകുമാരേട്ടാ...
ഈ പോസ്റ്റ് എനിയ്ക്കിഷ്ടപ്പെട്ടു
ReplyDeleteOh sukumaretta....i love you....
ReplyDeletehi Sukumaretta....
ReplyDeleteI like this post very much....wants to say some thing...
ദൈവത്തിന്റെ അമുലിയ സമ്മാനമാണ് ജീവിതം.ഓഷോയോ ജിദ്ദു കൃഷ്ണമൂര്‍ത്തിയോ ഷേക്സ്പീരോ.......പറയുന്നത് കേട് ജീവിതത്തെ നിസ്സാരവല്‍കരിച്ചു കാണുന്നത് വലിയ നഷ്ടമായിരിക്കും.
ReplyDeleteThalakkettu vendaathathu thanne...!
ReplyDeleteManoharam, Ashamsakal...!!!
തമഗുണ പ്രധാനമായ സ്വഭാവമുള്ളവരാണ് യക്ഷസ്സുകളും രക്ഷസ്സുകളും പിശാചുക്കളും അവരെ ഭജിക്കുന്നവരും താമസഗുണ സ്വഭാവമുള്ളവരാണ്. അതു കാരണം ആ തമോദേവതകളെ ഞാന്‍ പൂജിക്കുന്ന ഭാവത്തോടെ മാംസവും മദ്യവുംകൊണ്ട് പൂജയില്‍ നിവേദ്യമായി അര്‍പ്പിക്കുന്നു. മൃഗങ്ങളെ മാത്രമല്ല, മനുഷ്യരെയും ബലികൊടുക്കുന്നു. ഈ ലോകത്തില്‍ തന്നെ, ശത്രുക്കളെ സംഹരിക്കുക, നാടുവിട്ട് പോകാന്‍ നിര്‍ബന്ധിതരാക്കുക തുടങ്ങിയ ദുഷ്പ്രവൃത്ത്കള്‍ ചെയ്തു സുഖിക്കുന്നു. ആ ദുര്‍ഭൂതങ്ങളുടെ ലോകങ്ങളില്‍ സുഖിക്കുന്നു, മനുഷ്യരായി ജനിക്കുന്നു, ഈ ദുര്‍ദേവതകളുടെ ആരാധന ഒരു തരത്തിലും ഒരു സ്തകര്‍മ്മമായിട്ടു ശാസ്ത്രങ്ങള്‍ അംഗീകരിക്കുന്നില്ല.
ReplyDeleteമദ്യാജിനഃ അപി മാം യാന്തി- ഈ ശ്ലോകത്തിലെ ”മദ്യാജിനഃ എന്ന പദത്തിന് മദ്യജനശീലഃ വൈഷ്ണവാഃ” എന്ന ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു. എന്നെ ആരാധിക്കുക ശീലമാക്കിമാറ്റിയിട്ടുള്ള വൈഷ്ണവന്മാര്‍-വിഷ്ണുഭക്തന്മാര്‍ എന്ന് അര്‍ത്ഥം.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ മായയുടെ ത്രിഗുണങ്ങള്‍ കടന്നു ചെല്ലാത്ത ആത്മീയാവസ്ഥയില്‍ സച്ചിദാനന്ദ സ്വരൂപനായി നില്‍ക്കുന്നു. ഭഗവാനെ ഭജിക്കുന്ന ഉത്തമഭക്തന്മാരും ഗുണാതീതന്മാരാണ്; ത്രിഗുണങ്ങള്‍ അവരെ കീഴ്‌പ്പെടുത്തി ഭൗതികതയിലേക്കു താഴ്ത്തുവാന്‍ കഴിയില്ല. ആ ഭക്തന്മാര്‍ എല്ലാ ദേവന്മാരിലും ഭഗവദ് ഭാവം ദര്‍ശിക്കുന്നു; ഭഗവാനെ നിര്‍വ്യാജമായി, ഒരു ഫലവും ആഗ്രഹിക്കാതെ ഭജിക്കുന്നത് ശീലമാക്കിമാറ്റിയവരാണ്; ഒരു ക്ഷണനേരം പോലും ഭഗവാനെ കീര്‍ത്തിക്കാതെയോ ഭഗവാന്റെ ഗുണനാമകഥകള്‍ കേല്‍ക്കാതെയോ പൂജിക്കാതെയോ ജീവിക്കാന്‍ കഴിയില്ല.
”മത്സ്യാനാം ഉദകം യഥാ”- എന്ന ഉദാഹരണമാണ് ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളത്. മത്സ്യങ്ങള്‍ വെള്ളത്തില്‍ നീന്തിക്കളിച്ചാല്‍ മാത്രമേ ജീവിക്കുകയുള്ളൂ. കരയിലോ പൂമെത്തയിലോ കിടത്തിയാല്‍ അവ മരിച്ചുപോകും. അതുപോലെ ഭഗവദ് ഭക്തന്മാര്‍ക്ക് എപ്പോഴും ഭഗവാനില്‍- ഭഗവത്-ശ്രവണ-കീര്‍ത്തനാദികളില്‍ ആമഗ്നരായി തന്നെ നില്‍ക്കുവാന്‍ തീരുമാനിച്ച് അങ്ങനെ ചെയ്യുന്നു.
മാംയാന്തി- അവര്‍ എന്നെ പ്രാപിക്കുന്നു. എന്റെ ലോകത്തില്‍ എത്തിച്ചേരുന്നു. ദേവലോകത്തില്‍ എത്തിച്ചേരുന്ന ജീവാത്മാക്കള്‍ക്ക് ദേവന്മാര്‍ക്ക് തുല്യമായ ദേഹം കിട്ടും. എങ്കില്‍ മാത്രമേ അവര്‍ക്ക് ആ ലോകത്തില്‍ ജീവിക്കാന്‍ കഴിയൂ. പിതൃലോകത്തില്‍ ജീവിക്കേണ്ടുന്നവര്‍ക്ക് പിതൃക്കള്‍ക്ക് തുല്യമായ ദേഹം കിട്ടണം. യക്ഷരക്ഷഃ പിശാചുക്കളുടെ ലോകത്തില്‍ താമസിക്കുന്നവര്‍ക്ക് തത്തുല്യമായ ദേഹം കാട്ടണം.
ത്രിഗുണാതീതനായ ഭഗവാന്റെ ലോകത്തില്‍ ചെയ്യണമെങ്കില്‍, ജീവിക്കണമെങ്കില്‍, ഭഗവാന്റെ രൂപത്തിന് തുല്യമായരൂപം കിട്ടണം; കിട്ടുകയും ചെയ്യും. മേഘ ശ്യാമളമായ രൂപവും പീതവസ്ത്രവും നാലുകൈകളില്‍ ശംഖചക്രഗദാപദ്മങ്ങളും വനമാലയും മുത്തുമാലയും കിരീടവും ധരിച്ച് വൈകുണ്ഠ ലോകത്തില്‍ ഭക്തന്മാര്‍ വിഹരിക്കുന്നതായി ഭാഗവതത്തില്‍ വര്‍ണിച്ചിട്ടുണ്ട്. അജാമിളനെ വൈകുണ്ഠത്തിലേക്കു കൊണ്ടുപോകാനും, ധ്രുവകുമാരനെ ധ്രുവലോകത്തിലേക്ക് കൊണ്ടുപോകാനും ഭഗവത്സമാന രൂപം കിട്ടിയ അത്തരം ഭകതന്മാരാണ് ഭൂമിയിലേക്ക് വന്നത് എന്നും നമുക്ക് സ്മരിക്കാം.