Pages

എന്തിനായിരുന്നു ഈ ബ്ലോഗ് ?

ഞാന്‍ നാട്ടിലുള്ള ചില സുഹൃത്തുക്കളോട് പറയാറുണ്ട്,

“ നിങ്ങള്‍ക്കറിയ്യോ ഞാന്‍ ബ്ലോഗ് എഴുതിക്കഴിയുമ്പോഴേക്കും അത് വായിക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എന്റെ ബ്ലോഗിലേക്ക് വരാറുണ്ട്... അങ്ങനെ ഞാന്‍ എന്റെ മുറിയില്‍ ഇരുന്നുകൊണ്ട് എനിക്കജ്ഞാതരായ പല സുഹൃത്തുക്കളുമായും സംവദിക്കുന്നു.... കുറഞ്ഞ പക്ഷം നൂറ് പേരെങ്കിലും എന്റെ ഓരോ ബ്ലോഗ് പോസ്റ്റുകളും വായിക്കാറുണ്ട്... മാത്രമല്ല എന്റെ നാട്ടിലുള്ള യുവാക്കളുമായി ഞാന്‍ ഓര്‍ക്കുട്ട് മുഖേന സൌഹൃദം സ്ഥാപിക്കുന്നു......”

പലര്‍ക്കും അത്ഭുതമാണ്. ഇതെങ്ങനെ സാധിക്കുന്നു എന്ന മട്ടില്‍. കമ്പ്യൂട്ടര്‍ എന്നാല്‍ ഇന്ന് എല്ലാവര്‍ക്കും അറിയാം. ഓര്‍ക്കുട്ടിനെപറ്റിയും ബ്ലോഗ്ഗിങ്ങിനെ പറ്റിയും ഇപ്പോഴൊക്കെ ആളുകള്‍ മനസ്സിലാക്കി വരുന്നുണ്ട്. എന്നാല്‍ ബ്ലോഗ് എഴുതാന്‍ പലര്‍ക്കും കഴിയുന്നില്ല. പത്രങ്ങളില്‍ ബ്ലോഗിനെ പറ്റി വരുന്ന ലേഖനങ്ങളും വാര്‍ത്തകളും വായിക്കുന്നു എന്നല്ലാതെ ബ്ലോഗ് വായിക്കാന്‍ അധികമാരും മെനക്കെടാറില്ല.

ഞാന്‍ വെറും നേരമ്പോക്കിന് വേണ്ടിയായിരുന്നു ബ്ലോഗ് തുടങ്ങിയത്. ബ്ലോഗ് എഴുതി ആരെയും കുറ്റം പറയരുതെന്നും, എതിര്‍ക്കരുതെന്നും, വിമര്‍ശിക്കരുതെന്നും ഒക്കെ ഞാന്‍ മനസ്സില്‍ കരുതിയിരുന്നു. എന്തെങ്കിലും അപ്പപ്പോള്‍ തോന്നുന്നത് ഡയറിക്കുറിപ്പ് പോലെ എഴുതി വെക്കാമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷെ എഴുതി വന്നപ്പോള്‍ ബ്ലോഗിലെ ഏറ്റവും വലിയ വിമര്‍ശകന്‍ ഞാനായിപ്പോയി. എല്ലാറ്റിനെയും എതിര്‍ക്കുന്ന റോളിലാണ് ഞാന്‍ എത്തിപ്പെട്ട് പോയത്. ഒന്നാലോചിച്ചാല്‍ എല്ലാവരുടെയും ഒരു ദുശ്ശീലമാണിതെന്ന് തോന്നുന്നു. എതിര്‍പ്പുകളല്ലെ നാം എങ്ങും എപ്പോഴും കേള്‍ക്കുന്നത്?

മനുഷ്യന്‍ സാഹചര്യങ്ങളുടെ സൃഷ്ടിയല്ലെ? സാഹചര്യങ്ങളല്ലെ അയാളെ അയാളാക്കി സൃഷ്ടിക്കുന്നത്. മാത്രമല്ല അയാളില്‍ പാരമ്പര്യവും, പൈതൃകവും, ചരിത്രവും, സമൂഹവും,കാലവും എല്ലാം സ്വാധീനം ചെലുത്തുന്നുണ്ട്. അയാള്‍ക്ക് അയാളാകാനേ കഴിയുമായിരുന്നുള്ളൂ. അങ്ങനെയേ അയാള്‍ക്ക് പെരുമാറാനും സംസാരിക്കാനും ഒക്കെ കഴിയുമായിരുന്നുള്ളൂ. അയാള്‍ അയാളായി ജീവിയ്ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. അയാളുടെ ജീവിതം അയാളായി അയാള്‍ക്ക് ജീവിച്ചു തീര്‍ക്കേണ്ടതുണ്ട്. കുറ്റവും കുറവുകളും അവഗണിച്ചുകൊണ്ട് അയാളിലുള്ള പോസിറ്റീവ് ആയ വശങ്ങളെ അംഗീകരിച്ചും അഭിനന്ദിച്ചുംകൊണ്ട് അയാളെ നിരുപാധികമായി നമുക്ക് സ്നേഹിക്കാമായിരുന്നു. പക്ഷെ നമുക്ക് നമ്മുടെ തെറ്റുകള്‍ ആവര്‍ത്തിക്കാനല്ലാതെ സ്വയം തിരുത്തുവാന്‍ കഴിയുന്നില്ല. എന്ത് മാത്രം തെറ്റുകള്‍ ഓരോ ദിവസവും ചെയ്തുകൂട്ടിയിട്ടാണ് നാം മറ്റുള്ളവരുടെ തെറ്റുകളെ പെരുപ്പിച്ചു കാട്ടി കുറ്റപ്പെടുത്തുന്നത്?

ഏറ്റവും വലിയ തെറ്റുകാരന്‍ നമ്മളില്‍ തന്നെയുള്ള നമ്മള്‍ തന്നെ ആണെന്ന് ആലോചിച്ചാല്‍ മനസ്സിലാകും. ഈ കുറ്റബോധം ഓരോരുത്തരിലുമുണ്ടാകും എന്ന് തന്നെ ഞാന്‍ കരുതുന്നു. ഇതൊക്കെത്തന്നെയാണ് ജീവിതം എന്ന് സമാധാനിക്കാനേ കഴിയൂ !

11 comments:

  1. ഭൂതകാലത്തിലേക്കുള്ള ചിന്താ പ്രയാണത്തിനു തടയിടാന്‍ വേണ്ടിയാണ്‌ ബ്ളോഗ്‌ വായന തുടങ്ങിയത്‌. മൂന്നു കൊല്ലത്തോളമായി അതു മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുന്നുമുണ്ട്‌. , മറ്റുള്ളവരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ഏറ്റുവാങ്ങി നമുക്കു പറയാനുള്ളത്‌ എതോ അതു ലോകത്തോടു വിളിച്ചുപറയാന്‍, ഒട്ടുംതന്നെ കോട്ടമില്ലാതെ അതൊക്കെ വായിച്ചെടുക്കാന്‍ മനസ്സിലാക്കാന്‍.... അങ്ങനെയങ്ങനെ... ബൂലോഗത്തല്ലാതെ വേറെ എവിടയാണ്‌.... ?

    ReplyDelete
  2. ഇങ്ങനെ ഒക്കെ എഴുതാനും കൂടിയാകാം ബ്ലോഗ് തുടങ്ങിയത് എന്നും സമാധാനിക്കാം.ഇതൊക്കെ തന്നെയാണു് ജീവിതമെന്നും.:)

    ReplyDelete
  3. ഒരു പത്തു കൊല്ലം മുന്‍പ് മൊബൈല്‍ ഫോണ്‍ പൊതുസ്ഥലത്ത് ഉപയോഗിക്കുംബോള്‍ ഒരു കൌതുകവും,അത്ഭുതവുമായിരുന്നു.
    ഇന്നിപ്പോള്‍ മൊബൈല്‍ ചെവിയില്‍ ഒരു അവയവം പോലെ ചേര്‍ത്തുപിടിച്ചാണ് ആള്‍ക്കൂട്ടം പൊതുസ്ഥലത്ത് നടക്കുന്നത്. ആരും ഗൌനിക്കാറുമില്ല.
    ബ്ലോഗും അതുപോലെ , സര്‍വ്വ സാധാരണമായ ജനകീയ മാധ്യമമായിത്തീരുമെന്നതില്‍ സംശയമില്ല.

    എത്ര നിയന്ത്രണം പാലിച്ചാലും ബ്ലോഗിന്റെ സുതാര്യത നമ്മുടെ വ്യക്തിത്വങ്ങളുടെ കാപട്യത്തെ നിര്‍വീര്യമാക്കും.
    ജാട എഴുത്തുകാര്‍ ബ്ലോഗിലേക്ക് വരാന്‍ ഭയപ്പെടുന്നതും അതുകൊണ്ടുതന്നെ !

    ReplyDelete
  4. Theerchayayum anginethanneyanu... Nannayirikkunnu. Ashamsakal...!!!

    ReplyDelete
  5. എഴുതുക.എഴുതിക്കൊണ്ടേ ഇരിക്കുക
    അനുമോദനങ്ങള്‍

    ReplyDelete
  6. മറുമൊഴിലൂടെ ബ്ലോഗിങ്ങിന്റെ തറവാടിത്തത്തെ കുറിച്ചുള്ള ഹെഡിങ്ങ് കണ്ടപ്പോള് വായിക്കാനിറങ്ങിയതാണ്.
    താങ്കളുടെ ബ്ലോഗ് internet explorer ല് Operation aborted പറയുന്നു.
    എങ്കിലും ക്രോം കനിഞ്ഞതിനാല് വായിച്ചു.

    ബ്ലോഗെഴുതുന്നു, ആള്കാരുമായി സംവദിക്കുന്നു. ഓര്കുട്ടില് കുറെ ഫ്രന്റ്സിനെ ഉണ്ടാവുന്നു. നാട്ടുകാരോട് ഇതേകുറിച്ചു പറയുമ്പോള് അവര് അത്ഭുതപ്പെടുന്നു. കുമാര്ജി ഇതൊക്കെ എന്തിനുവേണ്ടിയാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്. ഞാനും ഇതൊക്കെ ചെയ്യുന്ന ആള് തന്നെ.

    വെറുംനേരമ്പോക്കിനു തുടങ്ങി പിന്നെ ഒരു ദുശ്ശീലമായി എന്നുപറഞ്ഞാല് ഞാന്പോളും പൊറുക്കില്ല മാഷെ. 

    ReplyDelete
  7. പ്രിയപ്പെട്ട കൊട്ടോട്ടിക്കാരന്‍,വേണു,ചിത്രകാരന്‍,സുരേഷ് കുമാര്‍, കാനം സര്‍, ബായെന്‍ എല്ലാവര്‍ക്കും നന്ദി!

    ബായനോട്: ബ്ലോഗ് എഴുതുന്നത് ദുശ്ശീലമാണെന്നല്ല ഞാന്‍ പറഞ്ഞത്. എന്തിനെയും എതിര്‍ക്കുക എന്ന സ്വഭാവത്തെപ്പറ്റി പറഞ്ഞതാണ് :)

    ReplyDelete
  8. വിമര്‍ശനം നന്മയുദ്ദേശിച്ചാകുമ്പോള്‍ അതില്‍ വിഷമമെന്തിന്?...
    നന്മകള്‍ നേരുന്നു...!

    ReplyDelete
  9. "ബ്ലോഗ് എഴുതുന്നത് ദുശ്ശീലമാണെന്നല്ല ഞാന്‍ പറഞ്ഞത്. എന്തിനെയും എതിര്‍ക്കുക എന്ന സ്വഭാവത്തെപ്പറ്റി പറഞ്ഞതാണ്.."

    എന്റെ സുകുമാരൻ മാഷെ.എതിർക്കപ്പെടേണ്ടത് എന്താണോ അതിനെ അല്ലെ എതിർക്കുന്നത്, മാഷ് അംഗീകരിക്കുന്ന കാര്യം എനിക്ക് ചിലപ്പോൾ എതിർക്കേണ്ടതായിരിക്കും, അങ്ങനെ വരുമ്പോൾ എതിർക്കേണ്ടേ! (മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി പോലെ :)) പിന്നെ മാഷിന്റെ ഈ ബ്ലോഗാണ് എങ്കിൽ തരക്കേടില്ലാത്ത ബ്ലോഗ്. പല ആശയങ്ങളും എതിർക്കപ്പെടേണ്ടത്, കമന്റ് അർഹിക്കുന്നത്, മാഷ് അതിന് സൌമ്യമായി മറുപടി നൽകുന്നു, ഞങ്ങൾ ( കമന്റിടുന്നവർ) അതിൽ തൃപ്തരല്ലങ്കിൽ വീണ്ടും കമന്റുന്നു അങ്ങനെ ആശയ സംവാദം നടക്കുന്നു ഇതൊക്കെ വേണ്ടതു തന്നെയല്ലെ. മാഷ് റിട്ടയർമെന്റ് ജീവിതത്തിലാണ് പോസ്റ്റുന്നതും കമന്റുന്നതും ഞാൻ (ഞങ്ങൾ പ്രവാസികൾ) അറബിയുടെ അല്ലെങ്കിൽ യൂറോപ്യന്റെ കണ്ണുവെട്ടിച്ച് കമന്റുന്നു, പോസ്റ്റുന്നു അതിന്റെ പ്രതികരണം സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു, കിട്ടുന്നു ചിലർ തെറിവിളിക്കും വ്യാജപ്രൊഫൈൽ ഉണ്ടാക്കി ഉമ്മാക്കി കാണിക്കും (ജബ്ബാർ മാഷിന് പറ്റിയപോലെ) അങ്ങനെ വ്യത്യസ്ഥരായ ആളുകൾ ഉള്ള ആഴക്കടൽ ആണ് ഈ ബൂലോകം..... മാഷ് വിഷമിക്കേണ്ടാ ഈ ബ്ലോഗുകൾ വേണ്ടതുതന്നെ......... മാഷ് നിരാശപ്പെടാതെ എഴുതുക.....എഴിതിക്കൊണ്ടേ ഇരിക്കുക,ചരമകോളത്തിൽ കയറും വരെ :)
    കാലനെ കണ്ടാൽ പറയുക എനിക്ക് മരിക്കാൻ മനസ്സില്ല, ഇവിടെ ഈ ബൂലോകത്തിൽ എന്റെ കുട്ടികൾ ഉണ്ട്, കൂട്ടുകാർ അങ്ങനെ എല്ലാവരും ഉണ്ടെന്ന്
    ആസംസകൾ....

    ReplyDelete
  10. പാവം ഞാന്‍ നന്ദി!

    ജബ്ബാര്‍ മാഷേ നല്ലവാക്കുകള്‍ക്ക് നന്ദി....

    വീ.കെ.ബാലയ്ക്ക് നന്ദി പ്രസക്തമായ കമന്റിനും ആശംസകള്‍ക്കും :)

    ReplyDelete