Pages

സോമനാഥ് ചാറ്റര്‍ജീ , അങ്ങയ്ക്ക് അഭിവാദ്യങ്ങള്‍ !




ഏറ്റവും ഒടുവിലത്തെ സൂചനകള്‍ അനുസരിച്ച് പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് കഴിയുന്നത് വരെ സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ സ്ഥാനത്ത് തുടരും . എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മേല്‍ ഉണ്ടാകാവുന്ന അതിശക്തമായ സമ്മര്‍ദ്ധങ്ങള്‍ അദ്ദേഹം എങ്ങനെ അതിജീവിയ്ക്കും എന്നത് കണ്ടു തന്നെ അറിയണം . ബി.ജെ.പി.യോടൊപ്പം വോട്ട് ചെയ്യാന്‍ താന്‍ ഒരുക്കമല്ല എന്നും തന്റെ രാഷ്ട്രീയ ഗുരു ജ്യോതിബസു പറയുന്നതല്ലാതെ ആര് പറയുന്നതും കേള്‍ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . വിശ്വാസ വോട്ടില്‍ ഏത് പക്ഷം ജയിച്ചാലും സോമനാഥ് ചാറ്റര്‍ജി ജൂലായ് 23 എന്ന ഒരു തീയ്യതിയ്ക്ക് ശേഷം സ്പീക്കര്‍ പദവിയിലോ സി.പി.എം . എന്ന പാര്‍ട്ടിയിലോ ഉണ്ടാവില്ല എന്നിടത്തേക്കാണ് കര്യങ്ങള്‍ നീങ്ങുന്നത് .

വിശ്വാസവോ‍ട്ടെടുപ്പ് കഴിയുന്നത് വരെ അദ്ദേഹം സ്പീക്കര്‍ സ്ഥാനത്ത് തുടരുകയാണെങ്കില്‍ , നമ്മുടെ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ നാമം സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെടും . അതേ സമയം കക്ഷിരാഷ്ട്രീയത്തിനതീതമായ ഒരു പദവിയില്‍ നാല് വര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിന് ശേഷം രാജി വെച്ച് ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനെപ്പോലെ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായേനേ . ഇവിടെ പക്ഷെ തന്റെ യശ്ശസ്സിനെപറ്റിയല്ല അദ്ദേഹം ചിന്തിക്കുന്നത് . ബി.ജെ.പി.യോടൊപ്പം വോട്ട് ചെയ്യാനുള്ള മന:സാക്ഷിക്കുത്ത് ആണ് അദ്ദേഹത്തിന്റെ പ്രശ്നം .

അല്പം അവധാനതയോടെ പാര്‍ട്ടി നേതൃത്വം ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഈ ധര്‍മ്മസങ്കടം ഒഴിവാക്കാമായിരുന്നു . കുറഞ്ഞ പക്ഷം പിന്‍‌തുണ പിന്‍‌വലിക്കുന്ന കത്തില്‍ സ്പീക്കറുടെ പേര് കൂടി ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് അദ്ദേഹവുമായി കൂടിയാലോചിക്കാമായിരുന്നു . എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത പാര്‍ട്ടിക്ക് സ്പീക്കര്‍ പദവിയുടെ മാന്യതയോ മഹത്വമോ മനസ്സിലാകണമെന്നില്ല . മാത്രമല്ല സര്‍ക്കാരിനെതിരെ ബി.ജെ.പി.ക്ക് വേണ്ടി പട നയിക്കുന്ന പ്രകാശ് കാരാട്ടിന് ഓരോ വോട്ടും ജീവന്മരണപ്രശ്നമായ അവസ്ഥയില്‍ അദ്ദേഹത്തിന്റെ ഒരു വോട്ട് ഒഴിവാകുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല .

സോമനാഥ് ചാറ്റര്‍ജിയുടെ അദ്ധ്യക്ഷതയില്‍ വിശ്വാസപ്രമേയം ഒരു വോട്ടിനോ മറ്റോ പാസ്സാവുകയാണെങ്കില്‍ പാവം സോമനാഥ് ചാറ്റര്‍ജിയുടെ ഗതി , മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശൈലി വെച്ച് നോക്കിയാല്‍ എം.വി.ആര്‍ നേരിട്ടത് പോലെ ആയിരിക്കും . ഇപ്പോള്‍ തന്നെ ബംഗാളില്‍ നിന്ന് അദ്ദേഹത്തെ പറ്റി വഞ്ചകന്‍ എന്ന മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ടെന്ന് സൂചനകളുണ്ട് . പക്ഷെ സ്വാഭിമാനം എന്ന ഒന്ന് എല്ലാവര്‍ക്കും പാര്‍ട്ടിക്കോ നേതൃത്വത്തിനോ പണയം വെക്കാന്‍ കഴിയില്ലല്ലൊ . വിശ്വാസ പ്രമേയം പാസ്സായാലും തോറ്റാലും സ്പീക്കര്‍ തല്‍ക്ഷണം രാജി നല്‍കും . രാജി സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാത്രമല്ല . പാര്‍ലമെന്റ് എം.പി.സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജി വയ്ക്കും . സാധാരണ ഗതിയില്‍ സി.പി.എം. ആരേയും രാജി വെക്കാന്‍ അനുവദിക്കാറില്ല . പുറത്താക്കാറേയുള്ളൂ . കത്തിന്റെ കാര്യം കേട്ടില്ലേ ? തന്റെ പാര്‍ട്ടിയില്‍ കത്തെഴുതുന്ന ഹേബിറ്റ് ഇല്ല എന്നാണ് കാരാട്ട് പറഞ്ഞത് . രാജി വെച്ചാലും പുറത്താക്കി എന്നാണ് പറയാറ് . സ്പീക്കറുടെ കാര്യം കണ്ടറിയണം .

ഏതായാലും വിശ്വാസപ്രമേയം പാസ്സായാലും ഇല്ലെങ്കിലും സോമനാഥ് ഇഫക്റ്റ് ആ പാര്‍ട്ടിക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്നല്ലാതെ രാഷ്ട്രീയമായി യാതോരു നേട്ടവുമുണ്ടാക്കില്ല . ബി.ജെ.പി.ക്ക് ഇടതിന്റെ ചെലവില്‍ നല്ല മൈലേജ് കിട്ടുകയും ചെയ്യും . ഇതിനിടയില്‍ , ഞങ്ങള്‍ ഭാ‍വിയില്‍ ഇനിയും കോണ്‍ഗ്രസ്സിന് പിന്‍‌തുണ നല്‍കും എന്ന ചില നേതാക്കളുടെ ഉളുപ്പില്ലാത്ത പ്രസ്ഥാവനയും വായിക്കാനിടയായി . ഉളുപ്പിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും അത്ര മോശമല്ലാത്തത് കൊണ്ട് പിന്‍‌തുണ സ്വീകരിച്ചാലും ആശ്ചര്യമില്ല . ഇപ്പോള്‍ മന്‍‌മോഹന്‍ സിങ്ങിന്റെ ഇച്ഛാശക്തി ഒന്ന് മാത്രമാണ് നമ്മുടെ ആത്മാഭിമാനം രക്ഷിച്ചത് . സോണിയാ ഗാന്ധി ആയിരുന്നെങ്കില്‍ ആണവക്കരാര്‍ പുല്ല് പോലെ വലിച്ചെറിഞ്ഞ് ഇടതിന്റെ അടിമയായി , നമ്മുടെ മാനം കപ്പലേറിയേനേ . ഒരു പക്ഷെ സംഗതി ഇങ്ങനെ കൈ വിട്ടുപോകുമെന്ന് ഇടത് പക്ഷം പ്രതീക്ഷിച്ചിരിക്കില്ല . അവര്‍ സോണിയാ ഗാന്ധിയില്‍ അഭയം പ്രതീക്ഷിച്ചിരിക്കാം . അത് കൊണ്ടാണ് മന്‍‌മോഹന്‍ സിങ്ങിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് .

ബി.ജെ.പി.ക്കാര്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ ഒപ്പം യാത്ര ചെയ്യാന്‍ ഞാനേതായാലും ഇല്ല എന്ന് സധൈര്യം പ്രഖ്യാപിച്ച ബഹുമാനപ്പെട്ട സോമനാഥ് ചാറ്റര്‍ജി സര്‍ , താങ്കള്‍ക്ക് എന്റെ അഭിവാദനങ്ങള്‍ !

( വൈകിക്കിട്ടിയത് : സ്പീക്കറുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് തെറ്റായിപ്പോയി എന്ന് സീതാറം യെച്ചൂരി )

14 comments:

  1. കൊള്ളാം മാഷെ,
    വൊട്ടെടുപ്പു കഴിയും വരെ ഇതിലുള്ള അഭിപ്രായം “reserved”

    ReplyDelete
  2. താങ്കള്‍ സ്ഥിരമായി കമന്റു മൊഡറേഷന്‍ എര്‍പ്പെടുത്തിയതില്‍ സന്തൊഷമുണ്ടു. കമ്മ്യൂണിസ്റ്റുകാര്‍ രാജ്യത്തു അഭിപ്രായങ്ങള്‍ക്കു സെന്‍സറിങ് ഏര്‍പ്പെടുത്തുന്നു എന്നു ആരോപിച്ച ആളാണു താങ്കള്‍ എന്നു ഒര്‍മിപ്പിക്കട്ടെ.

    ReplyDelete
  3. മാഷെ സ്പീക്കറുടെ നിലപാട് ഭരണഘടനയ്ക്ക് എതിരല്ല......

    ReplyDelete
  4. 'സഖാവ് സോമനാഥ് ചാറ്റര്‍ജി' ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും എന്ന് പറഞ്ഞത് സാക്ഷാല്‍ സഖാവ് പ്രകാശ് കാരാട്ട് തന്നെയാണ്. ചാറ്റര്‍ജി രാജിവെക്കാന്‍ വിമുഖത കാട്ടിയതിനു ശേഷം ഈ 'സഖാവ്' പ്രയോഗം വാക്കിലെ ബലക്കുറവായിട്ടന്നേ തോന്നിയിരുന്നു, വാക്കുകളിലെ ബലക്കുറവ് മനസ്സാക്ഷിക്കുത്തിന്‍റെ നോവാണ്. ഇടതുപക്ഷ മുന്നണിയില്‍, ഇത്രയും നാള്‍ കൊണ്ട് നടന്ന മതേതര കപട മുഖം ബി ജെ പിക്ക് വേണ്ടി അടിയറവ് വെക്കുന്നതില്‍ സി പി എം പാര്‍ട്ടിക്കുള്ളിലും ഇടതുപക്ഷത്തിനുള്ളിലും ബലപ്പെട്ടു വരികയാണെങ്കിലും ജീവനില്‍ കൊതിയുള്ളൊരാളും എതിര്‍ പറയാതെ ബി ജെ പി യുടെ പെട്ടിയില്‍ തന്നെ ബി ജെ പി ക്കെതിരെയുള്ള വോട്ടുവാങ്ങി ജയിച്ചവന്‍റെ (എം പി യുടെ) വോട്ട് വന്ന് വീഴും. ഈ ചതിയെക്കുറിച്ച് ഒരു പൌരനും ചോദിക്കാന്‍ പാടില്ല, കാര്യമെന്തന്നോ പോളണ്ടിനെ തൊട്ടുകളിക്കരുത്, കാരണം അതെനിക്കിഷ്ടമില്ല. സുകുമാര്‍ജി പറഞ്ഞതു പോലെ യു പി എ ഈ ബലപ്പരീക്ഷണത്തില്‍ ജയിച്ചാലും തോറ്റാലും അത്യന്തികമായി സി പി എംല്‍ ഈ സംഭവ വികാസങ്ങളുണ്ടാക്കിയ അലയൊലികള്‍ നിരന്തരമായി സി പി എം നെ വേട്ടയാടിക്കൊണ്ടിരിക്കും, അദ്ദേഹം ബലപരീക്ഷക്ക് മുമ്പ് രാജി വെച്ചില്ലെങ്കില്‍. അതു കൊണ്ട് തന്നെ വോട്ടെടുപ്പ് കഴിഞ്ഞാലെ ഇതിന്‍റെ ക്ലൈമാക്ക്സ് ആവുകയുള്ളൂ, അനില്‍ പറഞ്ഞതുപോലെ അതു കഴിഞ്ഞാകും യഥാര്‍ത്ഥത്തിലുള്ള കമന്‍റെസ്.

    ReplyDelete
  5. വര്ക്കല മുതല് സെബാസ്റ്റ്ന് പോള് വരെ സ്പീക്കര്‍ ക്കെതിരേ ഉറഞ്ഞുതുള്ളുകയാണു

    ReplyDelete
  6. സ്പീക്കറാകുമ്പോള്‍ ബിജെപി യുടെ പിന്തുണ തനിക്ക് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം ‘സഖാവിന്’ ഇല്ലാതെ പോയതെന്തേ.
    (വര്‍ക്കല)

    സുകുമാര്‍ജീ താങ്കളുടെ അഭിപ്രായത്തില്‍ ഇനി ഇന്ത്യയില്‍ എല്ലാത്തിനും സെക്രട്ടറിമാര്‍ മാത്രം മതി , കോടികള്‍ മുടക്കി നമ്മള്‍ നടത്തുന്ന ഇലക്ഷന്‍ മാമങ്കങ്ങള്‍ നമുക്ക് ഇനി ഒഴിവാക്കാം.ഐ.എ.എസൂ കാരെ എല്ലാ പൊസിഷനുകളിലും നിര്‍ത്താം (ഒരു അമേരിക്കന്‍ സ്റ്റൈല്‍) എന്താണ് താങ്കളുടെ അഭിപ്രായം.സെക്രട്ടറിമാര്‍ നാടുഭരിക്കട്ടെ.ഇടതും വലതും എല്ലാം കൂടി ചേര്‍ന്ന് നടത്തുന്ന ഈ കെട്ടിയാടലുകള്‍ അവസാനിക്കുമല്ലോ.

    സോമനാഥിനായാലും,മന്മോഹനയാലും,പ്രകാശിനായാലും,മുലായത്തിനായാലും, അഹമ്മദിനായലും എല്ലാവര്‍ക്കും അധികാരം തന്നെ പ്രധാനം.എം.പ്.മാരുടെ ലിസ്റ്റ് കൊടുത്തപ്പോള്‍ തന്റെ പേര്‍ ചോദിക്കാതെ ഉള്‍പ്പെടുത്തി എന്നതാണ് ചാറ്റര്‍ജിയുടെ ഈഗോ ക്ലാഷ്.ഈ ആവേശം ഇടത് ടിക്കറ്റില്‍ ജയിച്ച് വരുമ്പോഴും സോമനാഥ് കാണിക്കാഞ്ഞതെന്തേ എന്നതാണ് കൌതുകം.

    ‘എല്ലാവര്‍ക്കും‘ വലുത് പേരുമ്പ്രശസ്തിയും അധികാരവും തന്നെ.കഷ്ടം തന്നെ ക്കഷ്ടം.

    ഓ.ടോ.കമന്റ്റ്റ് മോഡറേഷന്‍ ഏതയാലും നന്നായി.നന്ദി

    ReplyDelete
  7. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത പാര്‍ട്ടിക്ക് സ്പീക്കര്‍ പദവിയുടെ മാന്യതയോ മഹത്വമോ മനസ്സിലാകണമെന്നില്ല .

    Reading these kind of sentences are tiring. Communists parties are very much there in the parlimentory democracy of our nation. Please name the first opposition leader of our loksabha???

    ഇവിടെ പക്ഷെ തന്റെ യശ്ശസ്സിനെപറ്റിയല്ല അദ്ദേഹം ചിന്തിക്കുന്നത് . ബി.ജെ.പി.യോടൊപ്പം വോട്ട് ചെയ്യാനുള്ള മന:സാക്ഷിക്കുത്ത് ആണ് അദ്ദേഹത്തിന്റെ പ്രശ്നം .

    But he can be unanimously elected speaker of the loksabha which has BJP as the second largest party!!!!

    ഇപ്പോള്‍ മന്‍‌മോഹന്‍ സിങ്ങിന്റെ ഇച്ഛാശക്തി ഒന്ന് മാത്രമാണ് നമ്മുടെ ആത്മാഭിമാനം രക്ഷിച്ചത് .

    So, Manmohansing doesn't have to respect the Parliamentory democracy!!!! With his 'Ichashakthi' he can move away from the common minimum programme which he had with the left parties

    Both Manmohan Singh & Sukumarettan has one thing in common. Both believe blindly in the text books they have studied. Both of them just studied the text books. Hasn't learned anything.

    It is intersting to compare Mr Mohd Younis, the Bangladeshi Economist(Nobel Laurette last year) with our Manmohansingh. Both of them studied the same theorums of Economics in western universities.

    Mohd Younis applied rules which are totally contradicitng the banking theories he studied. (in his bank in Bangladesh). The result is the starving masses of Bangladeshi farmers are grown to prosperity to a very considerable extent.

    Manmohan Singh started implementing the economic rules as he studied in the text books in India when he was the finance minister. 14yrs from then the number of indian farmers who give up there life exceeds 150,000

    You still admire Manmohan Singh, Sukumarettan????

    ReplyDelete
  8. സ്പീക്കര്‍ സ്ഥാനത്തേക്കു ജയിച്ചു കയറാന്‍ നേരത്ത് ബിജെപി വോട്ട് വേണ്ടെന്ന് ചാറ്റര്‍‌ജി പറഞ്നു കേട്ടില്ല. സി പി എമ്മിന്റെ എം പി ആയതിനു ശേഷമല്ലേ മാഷേ അദ്ദേഹം സ്പീക്കര്‍ ആയത്. ഏതു പാര്‍ട്ടി ആയാലും സംഘടന ആയാലും ഒരു തീരുമാനം എടുത്താല്‍ അതിന്റെ അനുയായികളും നേതാക്കളും എങ്കിലും അതു അനുസരിക്കണം. ഇതിന്റെ പുറകില്‍ യഥാര്‍‌ത്ഥ രാഷ്ട്രീയമുണ്ട്. ആണവ കരാറിനെ അനുകൂലിക്കുന്ന സിപീം ബംഗാള്‍ ലോബിയുടെ കളി.

    ReplyDelete
  9. കെ.പി.എസ്.

    സോമനാഥിന്റെ ചങ്കൂറ്റമുള്ള നിലപാടിനോട് ഒരു ഐക്യദാര്‍ഢ്യം ഇന്നലെ ബ്ലോഗ്ഗില്‍ പോസ്റ്റു ചെയ്യണമെന്ന് കരുതിയതായിരുന്നു. നടന്നില്ല. എന്തായാലും അത് ചെയ്തുവല്ലോ.

    അദ്ദേഹം എന്തായാലും വിശ്വാസപ്രമേയത്തെ അനുകൂലിക്കും എന്നു കരുതാനാവില്ല. ഇവിടെ സ്പീക്കര്‍ എന്ന ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന്റെ മൊറാലിറ്റി മാത്രമേ അദ്ദേഹം നോക്കിയിട്ടുള്ളു. ബി.ജെ.പി.യുമായി ചേരുന്നതിനെതിരെ അദ്ദേഹം എടുത്ത നിലപാട് ശ്ലാഘിക്കപ്പെടേണ്ടതാണ്. അത് പറയാന്‍ സോമനാഥ് മാത്രമേ ഉണ്ടായുള്ളു എന്നതും അത്ഭുതം ഉളവാക്കുന്നു.

    എങ്കിലും, ഇതുപോലുള്ള ഘട്ടങ്ങളില്‍ ചിലപ്പോള്‍ മറ്റു നിവൃത്തിയൊന്നും ഇല്ലെന്നും വരാം. ഇവിടെ യു.പി.എ.ക്കെതിരെയാണോ അല്ലേ എന്ന നിലപാടിനു മാത്രമേ പ്രസക്തിയുള്ളു. ബി.ജെ.പി. അവരുടെ വഴിക്കും, ഇടതുകക്ഷികള്‍ അവരുടെ വഴിക്കും നീങ്ങട്ടെ.

    മറ്റൊന്ന്, “ഇപ്പോള്‍ മന്‍‌മോഹന്‍ സിങ്ങിന്റെ ഇച്ഛാശക്തി ഒന്ന് മാത്രമാണ് നമ്മുടെ ആത്മാഭിമാനം രക്ഷിച്ചത് . സോണിയാ ഗാന്ധി ആയിരുന്നെങ്കില്‍ ആണവക്കരാര്‍ പുല്ല് പോലെ വലിച്ചെറിഞ്ഞ് ഇടതിന്റെ അടിമയായി , നമ്മുടെ മാനം കപ്പലേറിയേനേ . ഒരു പക്ഷെ സംഗതി ഇങ്ങനെ കൈ വിട്ടുപോകുമെന്ന് ഇടത് പക്ഷം പ്രതീക്ഷിച്ചിരിക്കില്ല “ എന്നൊക്കെയുള്ള നിരീക്ഷണങ്ങളില്‍ യാതൊരു യുക്തിയും തോന്നുന്നില്ല

    അഭിവാദ്യങ്ങളോടെ

    ReplyDelete
  10. സുകുമാരേട്ടാ... കണ്ണുമടച്ച് വിശ്വസിയ്ക്കാറായിട്ടില്ല, തികഞ്ഞ രാഷ്ട്രീയക്കാരനാണ് അദ്ദേഹം കാസ്റ്റിങ്ങ് വോട്ടിന്റെ സാധ്യതകളുണ്ട് , കേരളത്തില്‍ ലോനപ്പന്‍ നമ്പാടന്‍ ഉദാഹരണം...., പിന്നെ മനസ്സുമാറിയിട്ടാണെങ്കില്‍ സി.പി.എം പരിഷ്കരിക്കുകയാണ് , ഇരുമ്പു മറയ്ക്കുളില്‍ നിന്നും പാര്‍ട്ടിയെ രക്ഷിയ്കുകയാണ് സോമനാഥ് ചാറ്റര്‍ജി, വിപ്ലവങ്ങള്‍ ഇരുമ്പു മറയ്കുള്ളിലും ആവാം

    ReplyDelete
  11. സോമനാഥ് ചാറ്റര്‍‌ജി ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് അദ്ദേഹം വഹിക്കുന്ന പദവിയോടു പൂര്‍‌ണ്ണമായും നീതിപുലര്‍‌ത്തുന്ന ഒന്നാണെന്നു ഞാന്‍ കരുതുന്നില്ല. കാരണം ലോകസഭയുടെ അധ്യക്ഷന്‍ എന്നനിലയില്‍ എല്ലാ അംഗങ്ങളെയും, വിഭാഗങ്ങളെയും തുല്യമായി കാ‍ണേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ട്‌. ഇവിടെ സ്പീക്കര്‍‌സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹം പറഞ്ഞ ന്യായം ഉചിതമാണെന്നു കരുതാന്‍ വയ്യ. പദവി രാജിവെക്കാതിരിക്കുന്നതിന് അദ്ദേഹം പറഞ്ഞന്യായീകരണം താന്‍ ബി ജെ പിയോടൊപ്പം വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ആ ന്യായീകരണമാണ് എനിക്കു സ്വീകാര്യമായി തോന്നത്തത്‌. കാരണം സ്പീക്കര്‍ എന്ന പദവി ആവശ്യപ്പെടുന്ന നിഷ്പക്ഷത അദ്ദേഹത്തിനില്ല. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍‌ത്തകന്‍ എന്ന നിലയില്‍ തന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍കുന്ന സോമനാഥ് ചാറ്റര്‍ജി എന്ന രാഷ്ട്രീയക്കാരനോടു എനിക്ക് ആദരവുണ്ട്. തന്റെ സുദീര്‍ഘമായ രാഷ്‌ട്രീയജീവിതത്തില്‍ മികച്ച പാര്‍‌ലമെന്റേറിയന്‍ എന്നനിലയില്‍ സോമനാഥ് ചാറ്റര്‍‌ജിയോടു എനിക്കു ആദരവുണ്ട്. കഴിഞ്ഞ നാലരവര്‍‌ഷക്കാലം നല്ലനിലയില്‍ തന്റെ ചുമതലകള്‍ കാഴ്ചവെച്ച സ്പീക്കര്‍ സോമനാഥ് ചാറ്റര്‍‌ജിയോടും എനിക്കു ആദരവുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന ന്യായീകരിക്കാന്‍ എനിക്കു സാധിക്കുന്നില്ല.

    നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തില്‍ ഏതെങ്കിലും സ്‌പീക്കര്‍ സ്വീകരിച്ചിട്ടുള്ള നിഷ്പക്ഷമായ ഒരു നിലപാടിനു എന്നോടു ഒരു ഉദാഹരണം ആവശ്യപ്പെട്ടാല്‍ ഞാന്‍ പറയുക 1998 അടല്‍ ബിഹാരി വാജ്‌പേയി കൊണ്ടുവന്ന വിശ്വാസപ്രമേയത്തില്‍ മനഃസാക്ഷിക്കനുസരിച്ചു പ്രവര്‍‌ത്തിക്കാന്‍ ശ്രീ ഗിരിധര്‍‌ ഗോമാങിനോടു ആവശ്യപ്പെട്ട അന്നത്തെ ലോകസഭാസ്പീക്കര്‍ ശ്രീ ജി എം സി ബാലയോഗിയുടെ നടപടിയാവും. പാര്‍ലമെന്റെ അംഗമായിരിക്കെ ഒറീസ്സാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഗിരിധര്‍ ഗോമാങ് പാര്‍ലമെന്റ് അംഗത്വം രാജിവെക്കണം എന്നതായിരുന്നു കീഴ്‌വഴക്കം. എന്നാല്‍ ഈ വിശ്വാസപ്രമേയം സഭ ചര്‍ച്ചക്കെടുത്ത ഘട്ടത്തില്‍ ശ്രീ ഗിരിധര്‍ ഗോമാങ് തന്റെ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നില്ല. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കുശേഷം പ്രമേയം വോട്ടിനിടുന്നതിനു മുന്‍പ് ശ്രീ ഗിരിധ ഗോമാങിന് വോട്ടുചെയ്യാനുള്ള അവകാശത്തെപ്പറ്റി ചൂടേറിയ വാഗ്വാദങ്ങള്‍‌ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. പലതരത്തിലുമുള്ള ക്രമപ്രശ്നങ്ങള്‍ പല മുതിര്‍ന്ന അംഗങ്ങളും ഉന്നയിച്ചു. എന്നാല്‍ ഇത്തരം ഒരു അവസരത്തില്‍ അനുവര്‍‌ത്തിക്കേണ്ട വ്യക്തമായ മാര്‍‌ഗ്ഗ നിര്‍ദ്ദേശങ്ങളോ കീഴ്‌വഴക്കങ്ങളോ സഭാധ്യക്ഷനായ ശ്രീ ബാലയോഗിക്കു മുന്‍പില്‍ ഇല്ലായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ തീരുമാനം അന്തിമമാവുകയും ചെയ്യും. ഈ ഘട്ടത്തില്‍ കോണ്‍‌ഗ്രസ്സുകാരനായ ശ്രീ ഗിരിധര്‍ ഗൊമാങിനോടു വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍‌ക്കാനല്ല ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിനിധിയായി സ്പീക്കര്‍ പദവിയിലെത്തിയ ശ്രീ ബാലയോഗി നിര്‍‌ദ്ദേശിച്ചത്‌; മറിച്ച് സ്വന്തം മനഃസാക്ഷിക്കനുസരിച്ച് പ്രവര്‍‌ത്തിക്കാന്‍ അദ്ദേഹം ശ്രീ ഗിരിധര്‍ ഗൊമാങിനു നിര്‍‌ദ്ദേശം നല്‍‌കുകയായിരുന്നു. ശ്രീ ഗിരിധര്‍ ഗൊമാങ് വോട്ടെടുപ്പില്‍ പങ്കെടുക്കുകയും കേവലം ഒരു വോട്ടിന് ആ വിശ്വാസപ്രമേയം പരാജയപ്പെടുകയും ചെയ്തു. അങ്ങനെ വാജ്‌പേയ് സര്‍‌ക്കാര്‍ പുറത്തായി. തുടര്‍ന്നു 1999 വീണ്ടും എന്‍ ഡി എ അധികാരത്തില്‍ വന്നപ്പോള്‍ ശ്രീ ജി എം സി ബാലയോഗി തന്നെ സ്പീക്കര്‍ സ്ഥാനത്തേയ്ക്കു നിര്‍‌ദ്ദേശിക്കപ്പെടുകയും അദ്ദേഹം ഏകകണ്ഠമായി ആസ്ഥാനത്തേയ്‌ക്കു തിരഞ്ഞേടുക്കപ്പെടുകയും ചെയ്‌തു.

    ReplyDelete
  12. ഇപ്പോള്‍ മന്‍‌മോഹന്‍ സിങ്ങിന്റെ ഇച്ഛാശക്തി ഒന്ന് മാത്രമാണ് നമ്മുടെ ആത്മാഭിമാനം രക്ഷിച്ചത് . സോണിയാ ഗാന്ധി ആയിരുന്നെങ്കില്‍ ആണവക്കരാര്‍ പുല്ല് പോലെ വലിച്ചെറിഞ്ഞ് ഇടതിന്റെ അടിമയായി , നമ്മുടെ മാനം കപ്പലേറിയേനേ..

    അല്ലാ..അപ്പോ സോണിയേം മന്‍‌മോഹനും ഒരാളല്ലേ?
    ഞാന്‍ വിചാരിച്ചത് ഈ അര്‍ദ്ധനാരീശ്വരന്‍സെന്നൊക്കെ പറേണപോലെ...

    ആവോ...ഒക്കെ സുകുമാരണ്ണന്‍ പറേണപോലെ!!

    ReplyDelete
  13. പ്രിയ സുകുമാരേട്ടാ

    സോമനാഥ് ചാറ്റര്‍ജിയുടെ ഈ നിലപാട് തീര്‍ത്തും പരിഹാസ്യമാണ്, കാരണം ബി.ജെ.പിയുടെ കൂടി പിന്തുണ തേടിയാണ് അദ്ദേഹം സ്പീക്കറായത്. അപ്പോഴില്ലാത്ത ഈ ബേജാറില്‍ എന്തോ ഒരു പന്തികേടുണ്ടെന്നാണ് എന്റെ ബലമായ സംശയം.

    ഇന്ത്യയെ അമേരിക്കക്ക് മുന്‍പില്‍ അടിയറവെക്കുന്നതിനെതിരെ വോട്ട് ചെയ്യുന്നതെങ്ങിനെയാണ് ബി ജെ പി ക്ക് അനുകൂലാമാകുന്നത്. എത്ര ആലോചിച്ചിട്ടും ഒരെത്തും പിടികിട്ടുന്നില്ലാലോ!

    ReplyDelete