അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി(IAEA)യുമായി ഇന്ത്യ ഉണ്ടാക്കിയ സുരക്ഷാ ഉടമ്പടി എന്ത് കൊണ്ടും നല്ലതാണെന്ന് ഇന്നലത്തെ ഹിന്ദു ഇ-പത്രത്തില്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ എഴുതിയ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട് . ഇടത് പക്ഷം ഉന്നയിക്കുന്ന എല്ല്ലാ സംശയങ്ങള്‍ക്കും അക്കമിട്ട് മറുപടി പറയുന്നുമുണ്ട് . പക്ഷെ അതല്ലല്ലോ കാര്യം . സംഗതി രാഷ്ട്രീയമാണ് . ഒരു സര്‍ക്കാരിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതിനെ കാലാവധി തീരുന്നത് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നത് നമ്മുടെ രീതിയല്ല. ഭരണത്തിലില്ലാത്ത പാര്‍ട്ടികള്‍ ഭരണത്തിലുള്ള പാര്‍ട്ടിയെ എങ്ങനെ താഴെ ഇറക്കാം എന്ന് , എന്ത് പറഞ്ഞും പ്രവര്‍ത്തിച്ചും പരിശ്രമിക്കുക എന്നതാണ് ഇവിടത്തെ അംഗീകൃത ശൈലി . ഒരു പാര്‍ട്ടി അനുഭാവിയ്ക്ക് അവന്റെ നേതാവ് ദൈവതുല്യവും മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ നികൃഷ്ടരുമാണ് . മുന്നണിയിലെ ഘടകകക്ഷിനേതാക്കള്‍ക്ക് ഇളവുണ്ട് . ഏറ്റവും പ്രധാനം ഒരു പാര്‍ട്ടിയിലും പെടാതെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് അരാഷ്ട്രീയമാണ് പോലും . ഒരു പാര്‍ട്ടിയുടെ പക്ഷം പിടിച്ചു എന്ത് വിവരക്കേട് പറഞ്ഞാലും അതാണ് പോലും രാഷ്ട്രീയം . രാഷ്ട്രീയക്കാരുടെ പൊതുശത്രുവാണ് ഒരു പാര്‍ട്ടിയിലും ചേരാത്ത കക്ഷിരഹിതന്‍ .
ജൂലായ് 22 ന്റെ വിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ വിജയിക്കുമെന്ന് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ വെച്ചു പ്രവചിക്കാന്‍ സാധ്യമല്ല . അഥവാ വിജയിക്കുകയാണെങ്കില്‍ അത് ഒരു അവിശുദ്ധമായ വിജയമായിരിക്കും . സകല നീര്‍ക്കോലികളും ആവശ്യപ്പെടുന്നത് അനുവദിച്ചു കൊടുക്കാന്‍ മന്‍മോഹന്‍ സിങ്ങ് തയ്യാറാവുമോ , കാറ്റുള്ളപ്പോള്‍ തൂറ്റണം എന്ന രാഷ്ട്രീയ കൌശലം പയറ്റാന്‍ അവസരം നോക്കുന്ന അവറ്റകള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടാതെ പ്രമേയത്തെ തുണക്കുമോ എന്ന് പറയാന്‍ പറ്റില്ല . ഹിന്ദു വര്‍ഗീയ വാദികളും , മുസ്ലീം മൌലികവാദികളും , ഇടതു പക്ഷങ്ങളും , ഒട്ടുമിക്ക ജാതി-പ്രാദേശിക കക്ഷികളും ഒറ്റക്കെട്ടായി സര്‍ക്കാറിനെതിരെ അണിനിരന്ന് നില്‍ക്കുന്ന അസുലഭമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത് . പ്രകാശ് കാരാട്ട് ഓടിനടന്ന് ഉത്സാഹിക്കുന്നുണ്ട് . തെലുങ്കാന സംസ്ഥാനം സ്വന്തമായി കിട്ടാന്‍ വേണ്ടി കേന്ദ്രമന്ത്രി സഭയില്‍ ചേരുകയും , കിട്ടൂല്ല എന്ന് കണ്ട് സകല എം.പിക്കളും എമ്മെല്ലെക്കളും രാജി വെക്കുകയും പിന്നീട് തെരഞ്ഞടുപ്പില്‍ മത്സരിച്ച് പകുതിയിലേറെ സ്ഥാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത TRS ന്റെ നേതാവ് ചന്ദ്രശേഖര റാവു പിന്‍തുണയുമായി രംഗത്തുണ്ട് സംസ്ഥാനം കിട്ടുമെങ്കില്‍ . ഇതൊരു സാമ്പിള്‍ മാത്രം .
India Specific Safeguards Agreement ന്റെ വകുപ്പുകള്‍ എങ്ങനെയൊക്കെയാണ് നമ്മെ ബാധിക്കുക എന്ന് നോക്കാം . അണു ആയുധ നിരോധന ഉടമ്പടി പ്രകാരം ലോകത്ത് രണ്ടു തരത്തിലുള്ള രാജ്യങ്ങളാണ് ഉള്ളത് . അണു ആയുധങ്ങള്‍ ഉള്ളവയും ഇല്ലാത്തവയും . എന്നാല്‍ ഇന്ത്യ പോലെ ത്രിശങ്കുസ്വര്‍ഗ്ഗ രാജ്യങ്ങളും ഉണ്ട് . ആണവ ആയുധങ്ങള്‍ ഉണ്ട് . എന്നാല്‍ ആണവരാജ്യങ്ങള്‍ എന്ന പദവിയുമില്ല . IAEA എന്ന സംഘടന ആണവരാഷ്ട്രങ്ങളോട് മൃദുസമീപനമാണ് കൈക്കൊള്ളാറ് . അവര്‍ ചെയ്യുന്നതെല്ലാം കണ്ടില്ലെന്ന് നടിക്കും . എന്നാല്‍ അണു ആയുധങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളോട് നിലപാട് കര്‍ക്കശമാണ് . അത്തരം രാജ്യങ്ങളിലെ ആണവനിലയങ്ങളെ പരിശോധിക്കും . യൂറേനിയം എവിടെ നിന്ന് , എത്ര വാങ്ങുന്നു ? എന്തൊക്കെ അത് കൊണ്ട് ചെയ്യുന്നു ? എത്ര ചെലവാക്കി , എത്ര ബാക്കിയുണ്ട് ? ഇങ്ങനെ എല്ലാ കണക്കുകളും സൂക്ഷിക്കാനും ചോദിക്കുമ്പോള്‍ കാണിക്കാനും നിഷ്കര്‍ഷിക്കും .
എന്നാല്‍ India Specific Agreement ല്‍ മധ്യമാര്‍ഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത് . ഇന്ത്യ ഒരു ആണവരാഷ്ട്രം എന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത നിലയില്‍ ഇതിനേക്കാളും മെച്ചപ്പെട്ട ഒരു കരാര്‍ നമുക്ക് കിട്ടുകയില്ല . ഒരു പക്ഷെ വിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടന്ന് സര്‍ക്കാര്‍ തറ പറ്റി , അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരത്തില്‍ വന്ന് (സാധ്യത കൂടുതലാണ് ) അവര്‍ ഈ കാരാര്‍ റീ-നെഗോഷ്യേറ്റ് ചെയ്യുമ്പോള്‍ ഈ വസ്തുത എല്ലാവരും ഓര്‍ക്കുന്നത് നന്ന് .
ഇപ്പോഴത്തെ ഉടമ്പടി പ്രകാരം ഇന്ത്യ ചൂണ്ടിക്കാട്ടുന്ന ആണവനിലയങ്ങള്‍ മാത്രമേ IAEA പരിശോധിക്കുകയുള്ളൂ . മറ്റ് രാജ്യങ്ങളുമായി കരാറിലേര്‍പ്പെട്ട് ഇവിടെ ഇറക്കുമതി ചെയ്ത് സ്ഥാപിക്കുന്ന ആണവനിലയങ്ങള്‍ മാത്രമായിരിക്കും ഇങ്ങനെ ചൂണ്ടിക്കാട്ടപ്പെടുക . നമ്മുടെ ആണവനിലയങ്ങളാണെങ്കിലും പുറത്ത് നിന്ന് യൂറേനിയം വാങ്ങി പ്രവര്‍ത്തിക്കുന്ന നിലയങ്ങളും പരിശോധനയ്ക്ക് വിധേയമാവും . ഇതൊക്കെ സിവില്‍ ന്യൂക്ലിയര്‍ പ്രൊജക്റ്റുകള്‍ക്ക് മാത്രമാണ് ബാധകം എന്ന് മറക്കണ്ട . മിലിട്ടറി ആവശ്യങ്ങള്‍ക്ക് വേണ്ടി വേര്‍തിരിച്ച് മാറ്റി വെക്കുന്ന ആണവനിലയങ്ങളില്‍ അന്യര്‍ ആര്‍ക്കും പ്രവേശനമില്ല . അതേ സമയം സൈനികേതരമെങ്കിലും നമ്മുടെ ആണവനിലയം , നമ്മുടെ യൂറേനിയം ആണെങ്കില്‍ IAEA ക്കാരന്‍ ആ പ്രദേശത്ത് വഴിനടക്കാന്‍ പോലും പാടില്ല.
ശരി , കരാര്‍ ഒക്കെ ആയി . നമുക്ക് യൂറേനിയം തന്നുകൊണ്ടിരിക്കുന്ന രാജ്യം പെട്ടെന്ന് അത് നിര്‍ത്തി . നമ്മള്‍ എന്ത് ചെയ്യും ? അതാണ് ഇപ്പോള്‍ പ്രകാശ് കാരാട്ട് പാടി നടക്കുന്നത് . ബാധ്യത ഒന്നുമില്ലല്ലോ . ചാനലുകള്‍ക്ക് മുന്നില്‍ ഇരുന്ന് പ്രസ്ഥാവിക്കുന്നതോടെ തീര്‍ന്നല്ലോ മൂപ്പരുടെ ഉത്തരവാദിത്വം .
അത് നമ്മള്‍ അപ്പോള്‍ നേരിടേണ്ട പ്രശ്നമാണ് . താരാപ്പൂറിന് യൂറേനിയം തന്നുകൊണ്ടിരുന്ന അമേരിക്ക , പൊഖ്‌റാന്‍-1 അണു പരീക്ഷണത്തെ തുടര്‍ന്ന് തരുന്നത് നിര്‍ത്തി . ഇതില്‍ നമ്മള്‍ ദ്വേഷ്യപ്പെട്ട് വല്ല പ്രയോജനവുമുണ്ടോ ? അതേ പോലെ നാളെയും ഏതെങ്കിലും രാജ്യം നിര്‍ത്താം . എന്ത് ചെയ്യാന്‍ പറ്റും ? IAEA യൂറേനിയം സപ്ലൈ ചെയ്യുന്നില്ല്ല . അവരുമായി ഉടമ്പടി ഒപ്പ് വെച്ചാല്‍ തരുന്ന രാജ്യങ്ങളില്‍ നിന്ന് ആ രാജ്യം തരുന്ന കാലത്തോളം വാങ്ങാം . അത്രയേ നിവൃത്തിയുള്ളൂ . എന്താ കാരാട്ടേ താങ്കള്‍ക്കിത് മനസ്സിലാവാത്തത് ?
നമ്മളുമായി കരാരിലേര്‍പ്പെട്ട് യൂറേനിയം തന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ പല കാരണങ്ങള്‍ നിമിത്തം തരുന്നത് നിര്‍ത്തിയേക്കാം . നിര്‍ത്താതെ തന്നുകൊണ്ടുമിരിക്കാം . തരുന്ന കാലത്തോളം വാങ്ങുകയും നിര്‍ത്തുമ്പോള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയുമല്ലാതെ നമുക്കെന്ത് ചെയ്യാന്‍ പറ്റും ? അതല്ലെ ഇത്രകാലവും നമ്മള്‍ ചെയ്തുവരുന്നത് ? എന്താ കാരാട്ടേ ശരിയല്ലേ ?
ആകെ നോക്കുമ്പോള്‍ ഇത്തരം ഒരു കരാറില്‍ എത്തിച്ചേരാന്‍ നമ്മുടെ പ്രധാനമന്ത്രിയും നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥന്മാരും നല്ല ഹോം വര്‍ക്കും പ്രയത്നവും ചെയ്തിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് പദാവലികളില്‍ ഏറെ ഉപയോഗിച്ച് കാണാറുള്ള ഒരു പ്രയോഗമാണ് “ ക്ഷീരമുള്ളോരകിടിലും ചോര തന്നെ ....... ” . അവര്‍ കമ്യുണിസ്റ്റുകാര്‍ മറ്റുള്ളവരുടെ മേലെ ആരോപിക്കാറുള്ള പല തിന്മകളും സത്യത്തില്‍ അവര്‍ക്ക് തന്നെയാണ് ചേരുക . ഇവിടെയും കൊതുകുകള്‍ അവര്‍ തന്നെ !
“ഒരു സര്‍ക്കാരിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതിനെ കാലാവധി തീരുന്നത് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നത് നമ്മുടെ രീതിയല്ല.“
ReplyDeleteമന്മോഹൻ സര്ക്കാരിനെ ആരാണ് തെരെഞ്ഞെടുത്തത്. സിപീയെം തന്നെ. അവർ ഇപ്പൊൾ അതു പിൻവലിച്ചു. ജനങ്ങൾക്കു ഇതിൽ ഒരു കാര്യ്‌വും ഇല്ലായിരുന്നു.
സിപിയെം പിളർന്നൊ? ഒരു ചാറ്റർജി ഗ്രുപ്പു കൂടി പ്രതീക്ഷിക്കാമെന്നു തോന്നുന്നു.
Please read Jagadees' blogs for a comprehensive article on why we should oppose Nuclear projects. It doesn't have direct mention of politics, but it says Nuclear power is NOT the solution!!!!!
ReplyDeleteഹലോഞാന്‍ ,ലിങ്കിന് നന്ദി ... എന്ത് തന്നെയായാലും ആണവക്കരാറിനെതിരെയും ആണവോര്‍ജ്ജത്തിനെതിരെയുമുള്ള വാദങ്ങള്‍ രാഷ്ട്രീയം തന്നെയാണ് എന്നേ കരുതാന്‍ പറ്റൂ . ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആകാമെങ്കില്‍ നമുക്ക് ഇപ്പോള്‍ പറ്റില്ല എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ് ?
ReplyDelete