Pages
പൂര്‍വ്വാശ്രമത്തില്‍ നിന്ന് ഒരേട് ; ഒരനുബന്ധം !
ജീവിതത്തില്‍ കുറെ വര്‍ഷങ്ങള്‍ അവധൂതനായി അലഞ്ഞുനടന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു എനിക്ക് . മനുഷ്യരുടെ ദു:ഖങ്ങളും ദുരിതങ്ങളും ആയിരുന്നു, എന്റെ വിശപ്പ് മാറ്റാന്‍ അടുത്ത നേരത്തെ ആഹാരം എവിടെ നിന്ന് കിട്ടും എന്നതിനെക്കാളുമുപരി എന്നെ അലട്ടിയിരുന്നത് .
ഒരു “സുകുമാരാനന്ദ”യായി പുനര്‍ജ്ജനിക്കാനും സകലമാന മനുഷ്യരുടെയും ദു:ഖങ്ങള്‍ എന്നിലേക്ക് ആവാഹിക്കാനും തീക്ഷ്ണമായി കൊതിച്ച് ക്ഷേത്രങ്ങള്‍ തോറും അലഞ്ഞു തിരിഞ്ഞ കാലം .
എന്ത് കൊണ്ട് മനുഷ്യര്‍ അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും എത്തി ഇങ്ങനെ പ്രാര്‍ത്ഥനാനിരതരായും തൊഴുതും പിറുപിറുത്തും പ്രദക്ഷിണം ചെയ്തും ഉരുണ്ടും ഒക്കെ വഴിപാട് നടത്തുന്നു എന്ന ചിന്ത എന്റെ മന്‍സ്സില്‍ ഉദിച്ചത് ഏതോ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു . അപ്പോള്‍ ഒന്ന് മനസ്സിലായി സ്വന്തം പ്രശ്നങ്ങളാണ് ഓരോരുത്തരെയും അവിടങ്ങളില്‍ എത്തിക്കുന്നത് . വീണ്ടും വീണ്ടും ആലോചിച്ചപ്പോള്‍ മനസ്സിലായി ആര്‍ക്കും പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല . ഒരു പ്രശ്നം തീരുമ്പോള്‍ മനസ്സ് മറ്റൊരു പ്രശ്നം പൊക്കിക്കൊണ്ട് വരുന്നു .
അങ്ങനെ ശാന്തി തേടിയുള്ള യാത്ര ജീവതാവസാനം വരെ തുടരുന്നു . ഇങ്ങനെ ഓരോരുത്തരുടെയും മനസ്സ് ആവശ്യത്തിനും അനാവശ്യത്തിനും അവിരാമം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കാന്‍ കഴിയുന്ന ഒരു ശക്തിയുണ്ടോ ? അവനവന് പരിഹരിക്കാന്‍ കഴിയുന്നതിനപ്പുറം ആവശ്യങ്ങളില്ലെങ്കില്‍ പ്രശ്നങ്ങളില്ലെങ്കില്‍ ആരെങ്കിലും ഇങ്ങനെ ഒരു ശക്തിയെത്തേടി അമ്പലങ്ങളിലും മറ്റും അലയുമോ ? എന്റെ പരിമിതമായ യുക്തിയില്‍ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു . അങ്ങനെ ഒരു ശക്തി ഉണ്ടാവാന്‍ വഴിയില്ല . മാത്രമല്ല മനുഷ്യന്റെ ആവശ്യങ്ങള്‍ ,പ്രശ്നങ്ങള്‍ മ രണം വരെ തീരുകയുമില്ല . അത് മാത്രമല്ല അവനവന്റെ ആവശ്യങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് മാത്രമേ ഓരോരുത്തരും ചിന്തിക്കുന്നുള്ളൂ . അത് പരിഹരിച്ച് കിട്ടാനാണ് ദൈവങ്ങളെ സമീപിക്കുന്നതും. മറ്റുളവരുടെ പ്രശ്നങ്ങള്‍ ആര്‍ക്കും ഒരു പ്രശ്നവുമല്ല .
എനിക്കാണെങ്കില്‍ എന്റേതായി ഒരു പ്രശ്നവും അന്നെനിക്കുണ്ടായിരുന്നുമില്ല . (ഇന്നും എനിക്ക് പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവും എനിക്കില്ല്ല. അല്ല, ഇനിയങ്ങനെ ഉണ്ടായിട്ടും കാര്യമില്ല്ലല്ലോ)അപ്പോള്‍ എനിക്കൊരു ദൈവത്തിന്റെ ആവശ്യവും ഇല്ല എന്നെനിക്ക് ബോധ്യമായി . പ്രശ്നങ്ങള്‍ ജീവിതത്തിന്റെ അഭേദ്യമായ ഭാഗമാണെന്ന് വളരെ പെട്ടെന്ന് മനസ്സിലായതിനാല്‍ ഞാന്‍ മാന്ത്രികവടി എന്ന മോഹവും സന്ന്യാസിയാകണമെന്ന ചിന്തയും ഉപേക്ഷിച്ച് , ജീവിതത്തിന് എന്തെങ്കിലും അര്‍ഥവും ലക്ഷ്യവും കണ്ടെത്താന്‍ കഴിയുമോ എന്ന അന്വേഷണത്തിലായി .
മേലെ എഴുതിയ കമന്റിലെ “(ഇന്നും എനിക്ക് പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവും എനിക്കില്ല്ല. അല്ല, ഇനിയങ്ങനെ ഉണ്ടായിട്ടും കാര്യമില്ല്ലല്ലോ)” എന്ന ഭാഗം ഒരു സുഹൃത്ത് ശരിയായി മനസ്സിലക്കാതെ അദ്ദേഹത്തിന്റെ കമന്റില്‍ പരാമര്‍ശിക്കാനിടയായതിനാല്‍ അതിനൊരു വിശദീകരണവും നല്‍കി . അതിങ്ങനെ :
എന്റെ ജീവിതത്തിന്റെ വിധികര്‍ത്താവ് ഞാന്‍ തന്നെയാണ് . അതായത് എന്റെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ഞാന്‍ തന്നെയാണെന്നര്‍ത്ഥം . അങ്ങനെ ഞാന്‍ ജീവിയ്ക്കുമ്പോള്‍ ഒരു സാമൂഹ്യജീവിയെന്ന നിലയില്‍ എനിക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും . ആ പ്രശ്നങ്ങളെ മൊത്തത്തില്‍ രണ്ട് തരമായി തിരിക്കാം . ഒന്നാമത്തെത് എനിക്ക് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ , രണ്ടാമത്തേത് എനിക്ക് പരിഹരിക്കാന്‍ കഴിയാത്തവ . ഇതില്‍ ഒന്നാമത്തെ ഗണത്തില്‍ പെടുന്നവ ഞാന്‍ പരിഹരിക്കുമല്ലോ . രണ്ടാമത്തെ ഗണത്തില്‍ പെടുന്നത് എനിക്ക് പരിഹരിക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ എനിക്ക് പരിഹരിക്കാന്‍ കഴിയാത്ത അത്തരം പ്രശ്നങ്ങളെ , പ്രശ്നങ്ങളായി ഞാന്‍ ചുമക്കാറില്ല എന്ന് മാത്രമല്ല അതൊക്കെ പരിഹരിച്ച് കിട്ടാനായി ദൈവങ്ങളെയോ മറ്റ് സിദ്ധ-ദിവ്യാദി ആള്‍ അവതാരങ്ങളെയോ സമീപിക്കാറുമില്ല . ആ അര്‍ത്ഥത്തിലാണ് “ഇന്നും എനിക്ക് പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവും എനിക്കില്ല്ല. അല്ല, ഇനിയങ്ങനെ ഉണ്ടായിട്ടും കാര്യമില്ല്ലല്ലോ” എന്നെഴുതിയത് .
(പോസ്റ്റും കമന്റുകളുടെ പൂര്‍ണ്ണരൂപവും വായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് മുകളില്‍ നല്‍കിയ ലിങ്കില്‍ ക്ലിക്കിയാല്‍ മറ്റൊരു ബ്രൌസറില്‍ വായിക്കാവുന്നതാണ് )
ബ്ലോഗ് ശില്പശാലകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു ....
ഇന്ന് കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ നടന്ന ബ്ലോഗ് ശില്പശാല മഹത്തായ വിജയമായിരുന്നു എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇവിടെ ബാംഗ്ലൂരില്‍ നിന്ന് സാകൂതം ശ്രദ്ധിച്ചുകൊണ്ടിരുന്ന എനിക്ക് മനസ്സിലായത്. ശാരീരികമായ അസ്വസ്ഥതകള്‍ കാരണം എനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല . ഏതായാലും ബ്ലോഗ് ഇന്ന് സര്‍വ്വത്ര ഒരു ചര്‍ച്ചാവിഷയമായിട്ടുണ്ട് . അക്കാദമിയുടെ മാത്രം പരിശ്രമം കൊണ്ടല്ല ഇത് സംഭവിക്കുന്നത് . അക്കാദമിയും അതിന്റെ എളിയ പങ്ക് നിര്‍വഹിക്കുന്നു എന്ന് മാത്രം . തത്സമയം എനിക്ക് ഇരുന്നുകൊണ്ട് കൂടുതല്‍ സമയം ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ല. അക്കാദമിയെപ്പറ്റിയും അതിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്തായിരിക്കണം അതിന്റെ ഉദ്ധേശ്യലക്ഷ്യങ്ങള്‍ എന്നതിനെപ്പറ്റിയും എന്റെ കാഴ്ചപ്പടുകള്‍ പിന്നീട് വിശദമായി എഴുതാം .
ഞാന്‍ ഇവിടെ ഇരുന്ന് കൊണ്ട് തൃശൂര്‍ ബ്ലോഗ് ശില്പശാലയ്ക്ക് എന്റെ ആശംസകള്‍ ഒരു പോഡ്‌കാസ്റ്റ് ആയി അയച്ചിരുന്നു . അത് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു .
(1 blog3 എന്ന് കാണുന്ന വെള്ള ബായ്ക് ഗ്രൌണ്ടില്‍ ക്ലിക്കുക)