Pages

ഒരു സുഹൃത്തിന് ഇന്നെഴുതിയ ഒരു സ്ക്രാപ്പ് ....

ചിന്തിക്കുന്ന ആര് പറയുന്ന അഭിപ്രായങ്ങളോടും എനിക്ക് വിയോജിക്കേണ്ട ഒരു കാര്യവുമില്ല അനീഷ്..കാരണം , ചിന്തിക്കുന്നവര്‍ ഏറെക്കുറെ സത്യത്തിന്റെ അടുത്ത് എത്തിച്ചേരുന്നു. എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഒരുപാട് സ്നേഹവും,കരുണയും,ആര്‍ദ്രതയും ഉറങ്ങിക്കിടക്കുന്നുണ്ട്. അത് പക്ഷെ ദൈനംദിന ജീവിതത്തില്‍ അവന് സഹജീവികളോട് കാണിക്കാന്‍ കഴിയുന്നില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. ഇതിനെക്കുറിച്ചാണ് ഞാന്‍ ആഴത്തില്‍ ചിന്തിക്കുന്നതും,വ്യാകുലപ്പെടുന്നതും. വ്യക്തിപരമായി എനിക്ക് പരിഭവങ്ങളോ,പരാതികളോ ഇല്ല. എന്റെ കഴിഞ്ഞ സ്ക്രാപ് അങ്ങിനെയൊരു സൂചന അനീഷിനു നല്‍കിയിട്ടുണ്ടെങ്കില്‍ അതിനു കാരണം എന്റെ ആശയപ്രകാശനത്തിലെ അപര്യാപ്തതയാണ്.സത്യത്തില്‍ ഞാനും അനീഷും പറയുന്നതും, ബാബു പോളും,മറ്റനേകം പേര്‍ പറയുന്നതും ഒന്നു തന്നെയാണ്. എല്ലാവര്‍ക്കും സസന്തോഷം ജീവിക്കാനുള്ള ഇടവും, വിഭവങ്ങളും ഇവിടെയുണ്ടായിട്ടും ആരും സംതൃപ്തരോ സന്തുഷ്ടരോ അല്ല. അതിന്റെ കാരണങ്ങളിലേക്ക് കടക്കുമ്പോഴാണ്, ഇന്ന് സാര്‍വ്വത്രികമായി കാണുന്ന പരദൂഷണം അസൂയ തുടങ്ങിയ സാമാന്യജനങ്ങളുടെ ചില മനോവൈകല്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കേണ്ടി വരുന്നത്. ഇതിനെക്കുറിച്ചൊക്കെ വിശദമായ ഒരു ബ്ലോഗെഴുതി പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു അനീഷ്... ! വാസ്തവത്തില്‍ ഈ ജീവിതം മനുഷ്യന് എന്തു നല്‍കുന്നു, ജീവിതത്തില്‍ നിന്ന് മനുഷ്യന്‍ എന്ത് അവശ്യപ്പെടുന്നു തുടങ്ങിയ അടിസ്ഥാനപരമായ ദാര്‍ശനികസമസ്യകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്...! ഞാന്‍ വീണ്ടും എഴുതാം,സസ്നേഹം,

3 comments:

  1. അസംതൃപ്തി അല്ലെ വികസനത്തിന്റെ അച്ചുതണ്ട്?

    എല്ലാറ്റിനോടും വിരക്തി, അല്ലെങ്കില്‍ ഉള്ള വസ്തുക്കള്‍ ഒന്നും മനസ്സുഖം തരാത്ത അവസ്ഥയല്ലെ പുതിയതു കണ്ടുപിടിക്കാനുള്ള പ്രചോദനം? സംതൃപ്തി എന്നതിനും Stagnation നും നടുവില്‍ നേരിയ മതിലേ ഉള്ളൂ..

    ഇവിടെയാണ് കുഞ്ഞുണ്ണി മാസ്റ്ററുടെ ഒരു വരി ഓര്‍മ്മ വരുന്നത്.

    “ബോറടി എന്നൊന്നുണ്ടായിരുന്നില്ലെങ്കില്‍ ബുദ്ധന്‍ ഇന്നും ബുദ്ധൂസായിതന്നെ തുടരുമായിരുന്നു.”

    എന്റെ അഭിപ്രായത്തില്‍ മനുഷ്യന്റെ പ്രധാന പ്രശ്നം അജ്ഞാനമാണ്. (lack of awareness. NOT lack of knowledge). എങ്ങിനെ തിരിച്ചും മറിച്ചും ചിന്തിച്ചാ‍ലും, അവസാനം, അജ്ഞാനത്തിലെത്തിച്ചേരുന്നു. പിന്നീട് അസംതൃപ്തിയിലേക്കും. അതായത്, “അറിയില്ല” എന്ന വാക്കിലാണ് എല്ലാ ചിന്തകളുടേയും അവസാനം.

    കൂടുതല്‍ ചിന്തിച്ചാല്‍ കൂടുതല്‍ അജ്ഞാനം....

    നമ്മള്‍ എങ്ങിനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചല്ലേ, ജീവിതം നമുക്കു തിരിച്ചു നല്‍കുന്നത്? അല്ലെങ്കില്‍, അങ്ങിനെ വിശ്വസിക്കാനാണ് എനിക്കു ഇഷ്ടം.

    പിന്നെ, ഈ ലോകം വളരെ മനോഹരമാണ് മനോഹരമല്ലാത്ത എന്തു വസ്തുവാണ് ഈ ലോകത്തില്‍ ഉള്ളത് ?.

    ഏറ്റവും കൂടുതല്‍ വൃത്തികേടുകള്‍ നമ്മളുടെ മനസ്സില്‍ തന്നെയാണ്. ലോകത്തിന് യാതൊരു കുഴപ്പവും ഇല്ല. നമ്മള്‍ എങ്ങിനെ അതിനെ കാണുന്നു എന്നതാണ് പ്രധാനം.

    അങ്ങ്, ഈ ലോകത്തിന് ജീര്‍ണ്ണത ബാധിച്ചു എന്നു പറയുന്നു. ലോകം എങ്ങിനെ ആയിരിക്കണം എന്നതിനെ പറ്റി അങ്ങയുടെ മനസ്സില്‍ ഒരു ചട്ടകൂടും ഉണ്ട്. അതില്‍ ഒതുങ്ങാതെ വരുമ്പോള്‍, മനസ്സു അസ്വസ്ഥമാകുന്നു.

    ഈ ലോകം മനോഹരമാണെന്നു ഞാന്‍ ചിന്തിക്കുന്നു, മനസ്സില്‍ അതിനെ ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്നുമില്ല. നല്ലതു സ്വീകരിക്കുന്നു, അല്ലാത്തവ തള്ളുന്നു.

    വ്യക്തിപരമായി വേദനിപ്പിക്കാനല്ല ഇതെഴുതിയത് എന്നു നെഞ്ചില്‍ തൊട്ടുകൊണ്ടു പറയട്ടെ. വ്യക്തിപരമായി എടുക്കുകയും അരുത്. ഇതു രണ്ടു കാഴ്ചപാടുകളുടെ വ്യത്യാസം മാത്രമാണ്. അങ്ങയുടെ മകന്റെ പ്രായമേ എനിക്കുള്ളൂ, അതിന്റെ പരിചയക്കുറവായിരിക്കാം. വേദനിപ്പിച്ചെങ്കില്‍ മാപ്പ്

    ReplyDelete
  2. കുറേക്കാലത്തിനുശേഷം സുകുമാര്‍‌ജിയെ ബ്ലോഗില്‍ കണ്ടെപ്പോള്‍ ഒരു സന്തൊഷം..
    :)

    ReplyDelete
  3. puthiya postukalonnum kaaNunnillallo sukumaarEttaa....!!

    ReplyDelete