Links

സി.പി.എമ്മിന്റെ ഫാസിസത്തിനു കവി കെ.സി.ഉമേഷ് ബാബുവിന്റെ മുഖവുര

ആരായിരുന്നു ഈ കെ.സി.ഉമേഷ് ബാബു ? പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കണ്ണൂര്‍ ജില്ലാക്കമ്മറ്റി മുന്‍ സെക്രട്ടരി. അക്കാലത്ത് കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ തീപ്പൊരി പ്രാസംഗികന്‍. സി.പി.എം. ഭരിക്കുന്ന വായനശാലകളുടെയും കലാസാംസ്ക്കാരിക സമിതികളുടെയും വാര്‍ഷികാഘോഷങ്ങളിലെ സ്ഥിരം സാംസ്ക്കാരികപ്രഭാഷകന്‍. ഞങ്ങളുടെ നാട്ടിലെ വായനശാലയുടെ വാര്‍ഷികത്തിനു ഒരിക്കല്‍ പ്രസംഗിക്കാന്‍ വന്നു. വായനശാല പടുത്തിയര്‍ത്തിയത് നാട്ടിലെ എല്ലാ അക്ഷരസ്നേഹികളും കൂടിയായിരുന്നു എന്നത് ചരിത്രം. വായനശാലകള്‍, കലാസമിതികള്‍, സഹകരണസംഘങ്ങള്‍ എല്ലാം ആദ്യകാലത്ത് കെട്ടിപ്പടുത്തത് എല്ല്ലാ വിഭാഗം സഹൃദയരും ചേര്‍ന്ന് ഐക്യത്തോടെയായിരുന്നു. പില്‍ക്കാലത്ത് ഇപ്പറഞ്ഞത് എല്ലാം സി.പി.എം. കൈയ്യൂക്കും ആള്‍ബലവും കൊണ്ട് പിടിച്ചെടുക്കുകയായിരുന്നു.
അങ്ങനെയാണു വായനശാല വാര്‍ഷികത്തിനു ഉമേഷ് ബാബു പ്രസംഗിക്കാന്‍ എന്റെ നാട്ടിലും എത്തിയത്.

നാട് പാര്‍ട്ടിഗ്രാമം എന്ന് പറയാന്‍ പറ്റില്ലെങ്കിലും കോണ്‍ഗ്രസ്സുകാര്‍ ഭീരുക്കള്‍ ആയത്കൊണ്ട് ഫലത്തില്‍ പാര്‍ട്ടിയാധിപത്യം പുലരുന്നതായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ക്രൂരതകളുടെ ചരിത്രം ഞാന്‍ ആഴത്തില്‍ പഠിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പോരാത്തതിനു , ലോകത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണെന്നും താമസിയാതെ കമ്മ്യൂണിസം ലോകത്ത് മൊത്തം വ്യാപിക്കുമെന്നും സഖാക്കള്‍ പ്രസംഗിച്ചു പേടിപ്പിച്ചുകൊണ്ടിരുന്ന കാലം. ഉമേഷ് ബാബുവിന്റെ പ്രസംഗം എനിക്ക് കേട്ടിരിക്കാന്‍ കഴിഞ്ഞില്ല. കേള്‍ക്കെ കേള്‍ക്കെ കമ്മ്യൂണിസം സര്‍വ്വരാജ്യങ്ങളെയും അടിമത്വത്തിലേക്ക് നയിക്കുന്ന പോലെ ഒരു പ്രതീതി. സോള്‍ സെനിറ്റ്സണ്‍ എഴുതിയ The Gulag Archipelago എന്ന പുസ്തകത്തിലെ വരികള്‍ എന്നെ ഭീതിയിലാഴ്ത്തി. ഉമേഷ് ബാബുവിന്റെ വാക്കുകള്‍ വിഷം വമിക്കുന്ന പോലെ തോന്നിയതിനാല്‍ ഞാന്‍ പ്രസംഗം തുടര്‍ന്ന് കേള്‍ക്കാതെ വീട്ടിലേക്ക് മടങ്ങി.

ലളിതമായ വസ്തുക്കളില്‍ നിന്ന് സങ്കീര്‍ണ്ണമായ പദാര്‍ത്ഥങ്ങളിലേക്കും, ഏകകോശ ജീവികളില്‍ നിന്ന് വളര്‍ച്ച പ്രാപിച്ച തലച്ചോറുള്ള ജീവികളിലേക്കും, പ്രാകൃത മനുഷ്യനില്‍ നിന്ന് ആധുനിക മനുഷ്യനിലേക്കും, രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കും തിന്മയില്‍ നിന്നും നന്മയിലേക്കും ആണ് ലോകം പുരോഗമിക്കുന്നത് എന്നതിനാല്‍, അധികാരകേന്ദ്രീകരണത്തിന്റെ പ്രതിലോമപരപായ തിന്മ ഉള്ളടങ്ങിയതിനാല്‍ പ്രകൃതിനിയമം അനുസരിച്ച് കമ്മ്യൂണിസം ലോകത്ത് നശിക്കേണ്ടതാണെന്ന് ഞാന്‍ അന്ന് വെറുതെ ചിന്തിച്ചിരുന്നു. അതാരോടും പറയാനുള്ള ധൈര്യം ഉണ്ടാ‍യില്ല.

അത് കഴിഞ്ഞ് പത്ത് വര്‍ഷം കൊണ്ട് ലോകത്ത് കമ്യൂണിസം തവിട് പൊടിയായി. പോളണ്ടില്‍ സോളിഡാരിറ്റിയുടെ പ്രക്ഷോഭം ആവേശം വളര്‍ത്തിയെങ്കിലും സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്പിലും കമ്മ്യൂണിസ്റ്റ് സാമ്രാജ്യങ്ങള്‍ ഇത്ര വേഗത്തില്‍ നിലം‌പരിശാകുമെന്ന് സ്വപ്നം പോലും കണ്ടതല്ല. ഈ ജീവിതത്തില്‍ തന്നെ ലോകത്തില്‍ കമ്മ്യൂണിസവും ഇന്ത്യയിലെ ബംഗാളില്‍ സി.പി.എമ്മും തകരുന്നത് കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ഇനി ഒരു ആഗ്രഹം ബാക്കിയുണ്ടായിരുന്നു. അത്, ചൈനയില്‍ ജനാധിപത്യം നിലവില്‍ വരണമെന്നും തിബത്ത് സ്വതന്ത്ര രാജ്യമാകണമെന്നുമാണു. അതിവിദൂരമല്ലാത്ത ഭാവിയില്‍ അത് യാഥാര്‍ഥ്യമാകാതിരിക്കില്ല.
ഇങ്ങനെയെഴുതാന്‍ എങ്ങനെ കഴിയുന്നു എന്ന് എന്റെ ചില സുഹൃത്തുക്കള്‍ക്കെങ്കിലും സംശയം തോന്നാം. പാര്‍ലമെന്ററി ജനാധിപത്യസമ്പ്രദായമാണു നിലവിലെ ഏറ്റവും നീതിപൂര്‍ണ്ണവും യുക്തിസഹവുമായ ഭരണസംവിധാനം എന്ന് കരുതുന്ന ഒരു ജനാധിപത്യവാദിയ്ക്ക് ഇങ്ങനെയല്ലാതെ എങ്ങനെയാണു എഴുതാന്‍ കഴിയുക? ജനാധിപത്യം മഹത്തരവും ഉദാത്തവുമാണു, നമ്മള്‍ ആ സിസ്റ്റം ആവശ്യപ്പെടുന്ന പാകതയും പക്വതയും ആര്‍ജ്ജിച്ചാല്‍.

ഇന്നിപ്പോള്‍ ഉമേഷ് ബാബുവിന്റെ ഈ തുറന്നുപറച്ചിലും വായിക്കാന്‍ ഭാഗ്യമുണ്ടായി. എന്നിട്ടും നേരം വെളുക്കാത്തവരെ പറ്റി സഹതപിക്കാനേ കഴിയൂ..

ഉമേഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍  ഇവിടെ ക്ലിക്ക് ചെയ്ത്  വായിക്കുക.

ഉത്തര ഉണ്ണികൃഷ്ണൻ - ബേബി സാറ - ശൈവം

ശൈവം എന്ന പടത്തിൽ പാടിയ 8 വയസ്സ് മാത്രം പ്രായമുള്ള ഉത്തര ഉണ്ണികൃഷ്ണൻ ഈ വർഷത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിൽ നമുക്ക് അഭിമാനിക്കാം. അത് പോലെ തന്നെ ആ പടത്തിൽ നായികയായി അഭിനയിച്ചതും ബേബി സാറ എന്ന ബാലതാരമാണു. ദൈവത്തിരുമകൾ എന്ന ചിത്രത്തിലാണു ബേബി സാറ ബാലതാരമായി ആദ്യം അഭിനയിക്കുന്നത്. ദിവസത്തേക്ക് ഒരു ലക്ഷം രൂപയാണത്രെ പ്രതിഫലമായി നൽകിയത്. രണ്ടാമത്തെ പടമാണു ശൈവം. ദൈവത്തിരുമകളിനു ശേഷം പടങ്ങൾ ഒന്നും ഇല്ലാ‍ത്തപ്പോൾ പരസ്യചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ പ്രതിദിനം രണ്ട് ലക്ഷം പ്രതിഫലം ലഭിച്ചിരുന്നുവത്രെ.

നാ.മുത്തുകുമാർ എഴുതിയ ഈ ഗാനത്തിലെ വരികൾ അത്യന്തം മനോഹരം മാത്രമല്ല അർത്ഥപൂർണ്ണവുമാണു. കണ്ണദാസനു ശേഷം അപൂർവ്വമാണു ഇത്രയും സാരഗർഭമായ വരികൾ കേൾക്കാൻ കഴിയാറുള്ളത്.

പാട്ടിലെ വരികൾ:

അഴകേ അഴകേ , എതുവും അഴകേ
അൻ‌പിൻ വിഴിയിൽ എല്ലാം അഴകേ
മഴൈ മട്ടുമാ അഴക്
ചുടും വെയിൽ കൂട ഒരു അഴക്
മലർ മട്ടുമാ അഴക്
വിഴും ഇലൈ കൂട ഒരു അഴക്
പുന്നകൈ വീശിടും പാർവൈകൾ അഴക്
വാർത്തൈകൾ കേൾക്കൈയിൽ മൌനങ്കൾ അഴക്
നന്മൈക്ക് ശൊല്ലിടും പൊയ്‌കളും അഴക്
ഉൺ‌മൈയിൽ അതുതാൻ മെയ്യായ് അഴക്

കുയിൽ ഇശൈ അത് പാടിട
സ്വരവരിശൈകൾ തേവൈയാ
മയിൽ നടനങ്കൾ ആടിട
ജതി ഒലികളും തേവൈയാ

നദി നടന്ത് ശെൻ‌റിട
വഴി തുണൈ താൻ തേവൈയാ
കടൽ‌അലൈ അത് പേശിട
മൊഴി ഇലക്കണം തേവൈയാ

ഇയർകൈയോട് ഇണൈന്താൽ
ഉലകം മുഴുതും അഴക്
കവലൈ യാവും മറന്താൽ
ഇന്ത വാഴ്കൈ മുഴുതും അഴക്

അഴകേ അഴകേ എതുവും അഴകേ

ഇദയം ഒരു ഊഞ്ചലേ
ഇടം വലം അത് ആടിടും
ഇൻ‌പത്തിൽ അത് തോയ്‌ന്തിടും
തുൻ‌പത്തിൽ അത് മൂഴ്‌കിടും

നടന്തതൈ നാം നാളുമേ
നിനൈപ്പതിൽ പൊരുൾ ഇല്ലൈയേ
നടപ്പതൈ നാം എണ്ണിനാൽ
അതൈവിട ഉയർവില്ലൈയേ

പൂക്കും പൂവിൽ വീശും
വാസം എന്ന അഴക്
അതൈയും താണ്ടി വീശും
നം നേശം റൊമ്പ അഴക്.

അഴകേ അഴകേ എതുവും അഴകേ
അൻ‌പിൻ വിഴിയിൽ എല്ലാം അഴകേ......

ഗാനരംഗം ഇവിടെ കാണാം.

പൊങ്കാലകൾ .... പൊങ്കാലകൾ !

അങ്ങനെ ഇക്കൊല്ലത്തെ ആറ്റുകാൽ പൊങ്കാല ആർഭാടമായി തന്നെ പര്യവസാനിച്ചു. കഥയിൽ ചോദ്യമില്ല എന്ന പോലെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചോദ്യമില്ല. എത്ര ലക്ഷം പേർ ഇക്കുറി പങ്കെടുത്തു എന്നറിയില്ല. 25 മുതൽ 40 ലക്ഷം വരെ സ്ത്രീകൾ പങ്കെടുക്കുമെന്ന് പത്രങ്ങൾ പ്രവചിച്ചിരുന്നു. പൊങ്കാലയ്ക്ക് വരുന്നവർ ആരും പട്ടിണിപ്പാവങ്ങളോ ദരിദ്രരോ അല്ല. ഒരു കണക്കിനു സമ്പന്നർ എന്ന് തന്നെ പറയാം. കാരണം കേരളത്തിലെ ആളുകളുടെ ക്രയശേഷി വികസിതരാജ്യങ്ങളോട് കിട പിടിക്കുന്നതാണു. പണത്തിനു ഒരു പഞ്ഞവും ഇല്ലാത്ത നാടാണു കേരളം. എന്നിട്ടും എന്ത്കൊണ്ടാണു ആളുകൾക്ക് വിശ്വാസം കൂടി വരുന്നതും ചടങ്ങുകൾ അത്യന്താപേക്ഷിതമാകുന്നതും?

പണ്ട് പണം ഒരപൂർവ്വ വസ്തു ആയിരുന്നപ്പോഴും സർവ്വത്ര ദാരിദ്ര്യവും പട്ടിണിയും നാട്ടിൽ ക്ഷാമവും ഉണ്ടായിരുന്ന കാലത്ത് ഇത് പോലെ വിശ്വാസങ്ങളോ ആചാരങ്ങളോ ഉണ്ടായിരുന്നില്ലല്ലൊ. ഇപ്പോൾ അതിസമ്പത്ത് എന്ന അവസ്ഥ വന്നപ്പോഴാണു വിശ്വാസങ്ങൾക്ക് കടുപ്പം ഏറിയതും പറഞ്ഞ് കേൾക്കാതിരുന്ന  ചടങ്ങുകൾക്ക് പ്രചാരം വർദ്ധിച്ചതും. അതിനനുസരിച്ചാണു ആചാരങ്ങളുടെ ആർഭാടധാരാളിത്തവും. കലവറ നിറക്കൽ എന്നൊരു ചടങ്ങ് മലബാറിൽ ഇപ്പോൾ വ്യാപകമാണു. എത്ര ആർഭാടമായാണു സ്ത്രീകൾ കലവറ നിറയ്ക്കാനുള്ള പദാർത്ഥങ്ങളുമായി ഊർവലം വരുന്നത് എന്നോ. ആരാണു ഇമ്മാതിരി ചടങ്ങുകൾ കണ്ടുപിടിക്കുന്നത് എന്നറിയില്ല.

പൊങ്കാലയ്ക്ക് സമാപനം കുറിച്ചത് വിളംബരം ചെയ്തുകൊണ്ട് ടിവി അവതാരക പറഞ്ഞത് ഇക്കൊല്ലത്തെ പൊങ്കാലയുടെ സമാപനത്തോടെ അടുത്ത പൊങ്കാലയ്ക്കുള്ള കാത്തിരിപ്പിനും തുടക്കമാകുന്നു എന്നാണു. അപ്പോൾ സ്ത്രീജനങ്ങൾക്ക് ഒരിക്കലും ഒഴിവില്ല. പൊങ്കാലയും പൊങ്കാലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും. എന്തുകൊണ്ടായിരിക്കും ഇങ്ങനെ പൊങ്കാലയ്ക്ക് വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്? നിസ്വാർഥമായ ഭക്തിയും ആത്മീയതയും കൊണ്ടായിരിക്കുമോ? ഇത്രയും ഐശ്വര്യവും സൗകര്യങ്ങളും നൽകിയതിനു നന്ദി പ്രകാശിപ്പിക്കാനോ? അതോ ഇനിയും പോര എന്ന ഉദ്വേഗമോ? അതോ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒരുപാട് ബാക്കി കിടക്കുന്നത് കൊണ്ടോ?

ആർക്കും തന്നെ രണ്ട് തരത്തിലുള്ള പ്രശ്നങ്ങളാണു ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരിക. ഒന്നാമത്തെ തരത്തിൽ വരുന്ന പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാൻ കഴിയുന്നതാണു. ചിലപ്പോൾ ആഞ്ഞ് പരിശ്രമിക്കേണ്ടി വരും എന്ന് മാത്രം. എങ്ങിനെയും പരിഹൃതമാകുന്ന പ്രശ്നങ്ങളാണവ, അങ്ങനെയാണു നമ്മളൊക്കെ ഇന്ന് വരെ ജീവിച്ചതും നാളെ ജീവിയ്ക്കാൻ പോകുന്നതും. രണ്ടാമത്തെ തരത്തിലുള്ള പ്രശ്നം നമ്മൾ തലകുത്തി മറിഞ്ഞാലും പരിഹരിക്കാൻ കഴിയാത്തതാണു. അമ്മാതിരി പ്രശ്നങ്ങൾ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വിചാരിച്ചാൽ പോലും നമുക്കായി പരിഹരിച്ച് തരാൻ കഴിയില്ല. പിന്നെയല്ലേ അങ്ങിങ്ങ് സ്ഥലനാമങ്ങളിൽ അറിയപ്പെടുന്ന ലോക്കൽ ദൈവങ്ങൾ പരിഹരിച്ചു തരാൻ. നമ്മൾ പ്രാർത്ഥിക്കുകയും കാണിക്കയും നിവേദ്യവും നൽകിയും എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടുമായിരുന്നെങ്കിൽ ലോകവും മനുഷ്യരും ഇത് പോലെയല്ല ഉണ്ടാവുക. അത്കൊണ്ട്,  പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ പ്രപഞ്ച സൃഷ്ടാവായ സാക്ഷാൽ ദൈവവും അസംഖ്യം പ്രാദേശിക ദൈവങ്ങളും നമ്മെ പോലെ തന്നെ നിസ്സഹായരാണു. അപരിഹാര്യമായ പ്രശ്നങ്ങൾ നമ്മൾ അനുഭവിച്ചേ പറ്റൂ.

പിന്നെ ചില പ്രാർത്ഥനയും കാണിക്കയും ഫലിക്കാറുണ്ട്. അതെങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ പറയാം. ഞങ്ങളുടെ ഒരു ബന്ധു ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് കുറെയായിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. മോഡേൺ മെഡിസിൻ ഡോക്ടരെ കാണിച്ചു. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഡോക്ടർ പറഞ്ഞു, ഇനി മേലിൽ രാവിലെയും വൈകുന്നേരവും ജോലിക്ക് സൈക്കിൾ ഓടിച്ചു പോകുന്നത് നിർത്തണം. സൈക്കിൾ യാത്രയേ വേണ്ട.  ചിലപ്പോൾ വെരിക്കോസ് വെയിൻ എന്ന അസുഖത്തിനു ശസ്ത്രക്രിയ വേണ്ടി വരും. പുള്ളിക്കാരൻ സൈക്കിൾ യാത്ര നിർത്തി. പക്ഷെ ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ല. ഇതിനിടയിൽ ബാംഗ്ലൂരിലെ ഒരു ഹോമിയോ ഡോക്ടരുടെ കീഴിൽ വന്ധ്യതാനിവാരണ ചികിത്സ തുടങ്ങി. രണ്ട് കൊല്ലത്തോളമായിട്ടും ഫലം കണ്ടില്ല. ഒരു പ്രാവശ്യം കണ്ണൂരിൽ വന്ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ശ്രീ മുത്തപ്പനെ ദർശനം നടത്തി. ഭക്തജനങ്ങളിൽ നിന്ന് കൈമടക്ക് പറ്റിക്കൊണ്ട് പ്രശ്നപരിഹാരം ഉറപ്പ് നൽകുന്ന പതിവുണ്ട് മുത്തപ്പനു. അടുത്ത വർഷം കുഞ്ഞിന്റെ ചോറൂണിനു മുത്തപ്പന്റെ സവിധത്തിൽ വരണം എന്നായിരുന്നു ബന്ധുവിനു മുത്തപ്പൻ നൽകിയ ഉറപ്പ്. കൃത്യമായി ഒരു കൊല്ലത്തിനകം ബന്ധു ഒരു പിതാവായി.

ഇവിടെ ബന്ധുവിനു സന്താനഭാഗ്യം കിട്ടിയത് മുത്തപ്പന്റെ ഉറപ്പ് കൊണ്ടാണോ, ഹോമിയോ ചികിത്സ കൊണ്ടാണോ അതോ മോഡേൺ മെഡിസിൻ ഡോക്‌ടർ നിർദ്ദേശിച്ച പോലെ സൈക്കിൾ യാത്ര നിർത്തിയത്കൊണ്ട് ഞരമ്പുകൾക്ക് ബലക്ഷയം എന്ന അവസ്ഥ മാറിയത് കൊണ്ടോ? കുട്ടികൾ ഇല്ലാത്ത എല്ലാ ദമ്പതികളും എത്രയോ അമ്പലങ്ങളിൽകയറിയിറങ്ങുന്നുണ്ട്. അവരിൽ ഒറ്റപെട്ടവർക്ക് പിൽക്കാലത്ത് കുഞ്ഞുങ്ങൾ പിറക്കുന്നു. അത് ദൈവകടാക്ഷം കൊണ്ടാണെന്ന് അവർ കരുതുന്നു. അത്രയേയുള്ളൂ. അപരിഹാര്യമായ വന്ധ്യതയുള്ളവർക്ക് ക്ഷേത്രങ്ങൾ തോറും  ദർശനം നടത്തിയാൽ കുട്ടികൾ ഉണ്ടാവില്ല എന്നും അതിനു ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കുകയോ അല്ലെങ്കിൽ കുഞ്ഞുങ്ങളെ ദത്ത് എടുക്കുകയോ വേണമെന്ന് ആർക്കാണു അറിഞ്ഞുകൂടാത്തത്. എന്നിട്ടും ആളുകൾ പരാതിയും പരിഭവങ്ങളുമായി പ്രാദേശികദൈവങ്ങളെ നിരന്തരം സന്ദർശിക്കുന്നു.  സാക്ഷാൽ ദൈവത്തെ സന്ദർശിക്കാനോ പരാതി പറയാനോ ലോകത്ത് എവിടെയും ഒരു മതവിശ്വാസിക്കും ദേവാലയങ്ങളോ അമ്പലങ്ങളോ പള്ളികളോ ഇല്ല. ഇക്കാര്യം നിങ്ങൾ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ. അങ്ങനെ നോക്കുമ്പോൾ സാക്ഷാൽ ദൈവം പാവമാണു, തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത പാവം പാവം ദൈവം !  

ബജറ്റ് - 2015

മല എലിയെ പ്രസവിച്ച പോലെയാണു മോദി സർക്കാരിന്റെ ബജറ്റ്. യാതൊരു സാമ്പത്തിക പരിഷ്ക്കരണവും ഇല്ല. ഒരു ദിശാബോധവും ബജറ്റ് നൽകുന്നുമില്ല. ആകെ ചെയ്തത് കോർപ്പറേറ്റുകളുടെ ലാഭവിഹിതത്തിനു നികുതി 30 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം കുറച്ച് 25 ശതമാനമാക്കി എന്നതാണു. അതേ സമയം ഇടത്തരം വരുമാനക്കാരായ സാലറൈസ്‌ഡ് ആളുകളുടെ വരുമാനനികുതി അടക്കാനള്ള പരിധി 2.5 ലക്ഷം എന്നുള്ളത് ഒട്ടും ഉയർത്തിയുമില്ല. കോർപ്പറേറ്റുകൾക്ക് ലാഭവിഹിതത്തിനു 5 ശതമാനം നികുതിയിളവ് നൽകുകയും ശമ്പളക്കാർക്ക് വരുമാന പരിധി അല്പം പോലും ഉയർത്താതിരിക്കുകയും ചെയ്തത് ബി.ജെ.പി.ക്കാരുടെ വർഗ്ഗസ്വഭാവം വെളിവാക്കുന്നതാണു. പൊതുവെ ബിസ്സിനസ്സുകാരും കച്ചവടക്കാരും ആണു ബി.ജെ.പി.യുടെ വോട്ട് ബാങ്ക്. അവരെ സന്തോഷിപ്പിക്കുക എന്ന ദൗത്യമാണു അരുൺ ജയറ്റ്‌ലി ഏറ്റെടുത്തത് എന്ന് പറയാം.

രണ്ടര ലക്ഷം രൂപയാണല്ലൊ നിലവിൽ വരുമാന നികുതിക്കുള്ള പരിധി. അതായത്  ഇളവുകൾ കഴിച്ച് പ്രതിദിനം 685 രൂപ റെക്കോർഡ് പ്രകാരം വരുമാനമുള്ള ഒരാൾ ഇൻകം ടാക്സ് അടക്കണം. ഈ 685 രൂപ എന്നത് ഒരു ദിവസം ഒരു പിച്ചക്കാരൻ സമ്പാദിക്കുന്ന കാശേയുള്ളൂ എന്ന് ആർക്കാണറിയാത്തത്. എന്നിട്ടാണു അത്രയും വരുമാനത്തിനു സർക്കാർ നികുതി വാങ്ങുന്നത്. അതേ സമയം രേഖയുള്ള വേതനത്തിനു മാത്രമാണു നികുതി. ഈ തുകയുടെ എത്രയോ ഇരട്ടി പ്രതിദിനം സമ്പാദിക്കുന്നവർക്ക് രേഖ ഇല്ല എന്നതിന്റെ പേരിൽ നയാപൈസ നികുതി കൊടുക്കണ്ട. ഇന്നത്തെ നിലയിൽ വരുമാനപരിധി മിനിമം 5ലക്ഷം ആയെങ്കിലും ഉയർത്തേണ്ടതാണു. എന്നാൽ അരുൺ ജയറ്റ്‌ലി ശമ്പളക്കാരെ പിടിച്ചു പറിക്കുന്നതിൽ ഒരിളവും വരുത്താൻ തയ്യാറായില്ല. കോർപ്പറേറ്റ് മുതലാളിമാർക്ക് ഇളവ് അനുവദിക്കുകയും ചെയ്തു. വർഗ്ഗസ്വഭാവം കാണിക്കുമല്ലോ.  ശമ്പളക്കാർക്ക് ഇതിൽ പ്രതികരിക്കാൻ കഴിയില്ല. അവർ മിണ്ടാപ്രാണികളാണു. നികുതി പിടിച്ചിട്ട് ബാക്കി മാത്രമേ ശമ്പളമായി കൈയിൽ കിട്ടു. ഒരുമാതിരി ഡെമോക്രാറ്റിക്ക് ഫാസിസം.

കോർപ്പറേറ്റുകൾക്ക് ഇളവ് കൊടുത്തതിനെ അൽഫോൻസ് കണ്ണന്താനം ചാനൽ ചർച്ചയിൽ ന്യായീകരിച്ചത് എന്റർപ്രനേഴ്‌സിന്റെ കൈയ്യിൽ പണം സ്വരൂപിക്കാൻ കഴിഞ്ഞാൽ മാത്രമേ പുതിയ വ്യവസായങ്ങൾ തുടങ്ങൂ എന്നും അങ്ങനെ തൊഴിലവസരം വർദ്ധിക്കും എന്നുമാണു. വ്യവസായികളെ സന്തോഷിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ആ യുക്തി മനസ്സിലായിട്ടില്ല. ഇത് വരെ 30 ശതമാനം നികുതി അടയ്ക്കേണ്ടത് കൊണ്ട് വ്യവസായികൾ സംരംഭങ്ങൾ ഒന്നും നടത്താറില്ലേ? കോർപ്പറേറ്റുകളുടെ കീഴിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളി മാസശമ്പളത്തിൽ 30 ശതമാനം നികുതി അടയ്ക്കണം, അതേ സമയം മുതലാളി അയാളുടെ ലാഭത്തിന്റെ 25ശതമാനം നികുതി  അടച്ചാൽ മതി എന്ന ന്യായം എവിടത്തേതാണു മിസ്റ്റർ ധനമന്ത്രീ?  ശൂന്യതയിൽ നിന്ന് തുടങ്ങി കഴിഞ്ഞ 9 മാസം കൊണ്ടാണു രാജ്യത്തെ സാമ്പത്തിക നില ഇക്കാണുന്ന നിലയിലേക്ക് തങ്ങൾ ഉയർത്തിയത് എന്ന് ബജറ്റിന്റെ തുടക്കത്തിൽ മന്ത്രി ഡംഭ് പറയുന്നുമുണ്ട്. ഇമ്മാതിരി ഡംഭ് അല്ലാതെ ബി.ജെ.പി.ക്കാർക്ക് മറ്റൊന്നും ഇല്ല എന്നതിന്റെ ദൃഷ്ടാന്തമായി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഈ ബജറ്റ്.

അതേ സമയം അൽഫോൻസ് കണ്ണന്താനം പറഞ്ഞ ഒരു കാര്യത്തോട് ഞാൻ പരിപൂർണ്ണമായി യോജിക്കുന്നു. അതായത് കോർപ്പറേറ്റുകളെ ശത്രുതാപരമായ മനോഭാവത്തോടെ കാണുന്നത് അവസാനിപ്പിക്കണം. രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്നത് കോർപറേറ്റ് മേഖലയാണു. അവരാണു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. കോർപ്പറേറ്റ് മേഖലയിലെ മുതലാളിമാരും ജീവനക്കാരും നൽകുന്ന നികുതിപ്പണമാണു ഖജനാവിൽ വന്ന് നിറയുന്നത്. അങ്ങനെയാണു നമ്മുടെ ബജറ്റ് തുകയുടെ സൈസ് വർദ്ധിക്കുന്നത്. ഒരു നാല്പതോ മുപ്പതോ വർഷം മുൻപത്തെ ബജറ്റല്ല ഇന്ന് അവതരിപ്പിക്കുന്നത്. മുൻപത്തെ അപേക്ഷിച്ച് ഇന്നത്തെ ബജറ്റ് തുക എത്രയോ വലുതാണു. ആ വലിപ്പം ഉണ്ടാക്കിയത് കോർപ്പറേറ്റ് മേഖലയാണു. 

സർക്കാരിനു എല്ലാവക്കും തൊഴിൽ കൊടുക്കാൻ കഴിയില്ല. മാത്രമല്ല സർക്കാർ തൊഴിൽ പ്രത്യുല്പാദനപരമല്ല. സർക്കാർ ജീവനക്കാർ തിന്ന് മുടിക്കുമ്പോൾ കോർപ്പറേറ്റ് ജീവനക്കാർ സമ്പത്ത് ഉല്പാദിപ്പിക്കുകയാണു. ഒരു മൊട്ടുസൂചി നിർമ്മിക്കാനും കോർപ്പറേറ്റ് മേഖല വേണം. അത്കൊണ്ട് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് പറയുന്നത് കോർപ്പറേറ്റ് മേഖലയാണു. ആ മേഖല നിഷ്ക്രിയമായിക്കൂട. കോർപ്പറേറ്റുകളെ ഉത്തേജിപ്പിക്കുന്ന ഒരു സർക്കാർ നടപടിയും വെറുതെയാവില്ല. പക്ഷെ ഇപ്പോൾ കോർപ്പറേറ്റുകൾക്ക് ലാഭത്തിൽ അഞ്ച് ശതമാനം നികുതിയിളവ് കൊടുത്തതും ശമ്പളക്കാർക്ക് ഇൻകം ടാക്സ് പരിധി ഉയർത്താത്തതും ന്യായീകരണമില്ലാത്തതാണു. അത് ബി.ജെ.പി.ക്കാരുടെ വർഗ്ഗസ്വഭാവമാണു താനും. 

മുല്ലപെരിയാറും ജൈവകൃഷിയും

മുല്ലപെരിയാര്‍ അണക്കെട്ട് പൊട്ടുകയില്ല എന്ന് നമ്മള്‍ മലയാളികള്‍ പൂര്‍ണ്ണമായി അംഗീകരിച്ചുകഴിഞ്ഞതായാണു മനസ്സിലാക്കുന്നത്. അത്കൊണ്ട് ഇപ്പോള്‍ എല്ലാവരും സമാധാനമായി ഉറങ്ങുന്നു. മന്ത്രി പി.ജെ.ജോസഫിനു പോലും ഇക്കാര്യത്തില്‍ ഇപ്പോള്‍ പേടിയില്ല എന്നാണു ശ്രുതി. അത്കൊണ്ട് കേരളത്തിന്റെ ഹരജി ഇന്ന് സുപ്രീം കോടതി തള്ളിയപ്പോള്‍ ആര്‍ക്കും വെപ്രാളം കാണുന്നില്ല. ഇനി തമിഴ്‌നാടിനു 142 അടി ജലം ഡാമില്‍ ധാരാളമായി ഉയര്‍ത്താം. തുടക്കം മുതല്‍ ആ ഡാം പൊട്ടുകയില്ല എന്നും മനുഷ്യസാധ്യമാ‍യ വിധത്തില്‍ ഡാം ബലിഷ്ഠമാക്കിയിട്ടുണ്ട് എന്നുമായിരുന്നു എന്റെ നിലപാട്.  അണക്കെട്ടുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുടെ അഭിപ്രായം മുഖവിലക്കെടുക്കുകയാണു ഞാന്‍ ചെയ്തത്. ആളുകള്‍ ഒരുമിച്ച് കൂവിയാലോ ബഹളം വെച്ചാലോ അതൊന്നും വസ്തുതയാകണമെന്നില്ല. മാത്രമല്ല ആളുകള്‍ ഇപ്പോള്‍ ഒരു കാര്യത്തിലും കോമണ്‍ സെന്‍സ് പ്രയോഗിക്കുന്നില്ല. നാലാള്‍ എന്ത് പറയുന്നുവോ അതിന്റെ ഒപ്പം കൂടി വികാരപരമായി ഒച്ച വെക്കുക എന്നതാണു ഇപ്പോഴത്തെ ട്രെന്‍ഡ്.

കൂടംകുളം ആണവനിലയം  നമ്മുടെ ഊര്‍ജസ്വയം‌പര്യാപ്തിക്ക് അനിവാര്യമാണു എന്നായിരുന്നു അക്കാര്യത്തിലും എന്റെ നിലപാട്. ആളുകള്‍ പക്ഷെ ഉദയകുമാറിനെ അനുകരിച്ചുകൊണ്ട് കൂടംകുളം ആണവനിലയം പൊട്ടിത്തെറിച്ച് ആണവദുരന്തം ഉണ്ടാകും എന്ന് ഉറപ്പിച്ച് പറഞ്ഞ് ആണവനിലയങ്ങളേ പാടില്ല എന്ന് ഘോഷം മുഴക്കി. കൂടംകുളത്ത് ഒന്നാമത്തെ യൂനിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാമത്തെ യൂനിറ്റ് പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു. നാലു യൂനിറ്റ് കൂടി അവിടെ സ്ഥാപിക്കാന്‍ നമ്മുടെ പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡണ്ട് പുടിനും കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ ഞാന്‍ യുക്തിപരമായാണു ചിന്തിച്ചത്.  എന്‍ഡോസല്‍ഫാന്‍ 50 വര്‍ഷം ലോകത്ത് എല്ലാ രാജ്യങ്ങളിലും ഉപയോഗിച്ചതാണു. ഇന്ത്യയിലും വ്യാപകമായി ഉപയോഗിച്ചതാണു. കാസര്‍ക്കോട്ട് സര്‍ക്കാര്‍ വക കശുവണ്ടി തോട്ടത്തില്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണു ഹെലികോപ്റ്റര്‍ മുഖേന സ്പ്രേ ചെയ്തിരുന്നത്. അതായത് ഒരു പ്രാവശ്യം സ്പ്രേ ചെയ്താല്‍ പിന്നെ ആറു മാസം കഴിഞ്ഞിട്ടാണു തളിക്കുക. ആകാശത്ത് നിന്ന് തളിച്ച് മരങ്ങളില്‍ കൂടി ഊര്‍ന്നിറങ്ങി മണ്ണിലെ കരിയിലകള്‍ക്ക് മേല്‍ പതിച്ചാലും എന്‍ഡോസല്‍ഫാനിലെ രാസപദാര്‍ത്ഥങ്ങള്‍ സ്ഥിരമായി അവിടെ ശേഷിക്കുകയില്ല. അത് ഡിഗ്രേഡ് ചെയ്യപ്പെട്ട് മറ്റ് പദാര്‍ത്ഥങ്ങളായി മാറും. ചുരുക്കി പറഞ്ഞാ‍ല്‍ സ്ഥിരമായി എന്‍ഡോസല്‍ഫാന്റെ സാന്നിദ്ധ്യം കാസര്‍ക്കോട്ട് ഉണ്ടായിരുന്നില്ല.

മഹരാഷ്ട്രയിലും മറ്റും പരുത്തിക്കര്‍ഷകര്‍ കൈകൊണ്ട് സ്പ്രേ ചെയ്യുന്ന ഉപകരണങ്ങള്‍ കൊണ്ടാണു വര്‍ഷങ്ങളായി എന്‍ഡോസല്‍ഫാന്‍ തളിച്ചിരുന്നത്. എന്‍ഡോസല്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളിലും തൊഴിലാളികള്‍ വര്‍ഷക്കണായി പണി എടുത്ത് വന്നിരുന്നു. അതായത് കാസര്‍ക്കോട്ടെ ജനങ്ങളെക്കാളും എന്‍ഡോസല്‍ഫാന്‍ കൈകൊണ്ട് കൈകാര്യം ചെയ്തവര്‍ ഇന്ത്യയില്‍ എത്രയോ പേര്‍ ഉണ്ടായിരുന്നു. എവിടെ നിന്നും ഒരു പ്രശ്നവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാസര്‍ക്കോട്ട് തന്നെ എന്‍ഡോസല്‍ഫാന്‍ പീഢ ബാധിച്ചു എന്ന് പറയുന്ന പ്രദേശത്ത് രോഗം ബാധിച്ചവര്‍ അവിടത്തെ ജനസംഖ്യയുടെ ചെറിയ ശതമാനമാണു. എന്ത്കൊണ്ട് 50 വര്‍ഷത്തിലധികം ഉപയോഗിച്ചിട്ടും ലോകത്ത് മറ്റൊരിടത്തും ഇന്ത്യയിലും ഒരു സ്ഥലത്തും എന്‍ഡോസല്‍ഫാന്‍ ദുരിതം ഉണ്ടായില്ല. എന്തായാലും കാസര്‍ക്കോട്ട് പ്രദേശത്ത് എന്ത് രോഗം വന്നാലും അത് എന്‍ഡോസല്‍ഫാന്റെ കണക്കില്‍ വരവ് വെച്ച് ആളുകള്‍ക്ക് സര്‍ക്കാര്‍ വക ധനസഹായം കിട്ടുന്നെങ്കില്‍ നല്ല കാര്യം തന്നെ. പക്ഷെ എന്‍ഡോസല്‍ഫാന്‍ നിമിത്തമാണു തലവണ്ണമുള്ള കുഞ്ഞ് ജനിക്കുന്നത് എന്നത് യാതൊരു ശാസ്ത്രീയ പിന്‍‌ബലവും ഇല്ലാത്ത മുന്‍‌വിധി മാത്രമാണു. ഹൈഡ്രോ സെഫാലസ് എന്ന ആ രോഗാവസ്ഥയ്ക്ക് കാരണം പലതാണു. അത് മുന്‍‌കുട്ടി കണ്ടെത്തി തടയുകയാണു വേണ്ടിയിരുന്നത്. 

ഇപ്പോള്‍ ഒരു ജൈവകൃഷി പ്രചരിച്ചുവരുന്നുണ്ട്. ഉഷ്ണമേഖലാപ്രദേശത്ത് കീടങ്ങളും പുഴുക്കളും ഉപദ്രവകാരികളായ സൂക്ഷ്മജീവികളും പെറ്റുപെരുകാന്‍ അനുകൂലമായ കാലാവസ്ഥയാണുള്ളത്. ഇന്ത്യയിലാണു കീടങ്ങള്‍ ഏറ്റവും സാന്ദ്രീകരിച്ചിട്ടുള്ളത്. ഇവിടെ രാസകീടനാശിനി ഉപയോഗിച്ചില്ലെങ്കില്‍ കൃഷി ചെയ്യുന്നതെന്തും കീടങ്ങള്‍ക്ക് മാത്രമേ തികയുകയുള്ളൂ. നാലു വെണ്ടക്കയും പടവലവും ഉണ്ടാക്കി ക്യാമറയ്ക്ക് പോസ് കൊടുത്ത് പത്രങ്ങളില്‍ ഫോട്ടോ വരുത്തിക്കുന്നതല്ല കൃഷി. 120 കോടി ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ വിവിധ ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതാണു കൃഷി. കേരളത്തിലെ പോലെ ഒരു കൃഷിമന്ത്രി മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്ത്യക്കാര്‍ പട്ടിണി കൊണ്ട് വേഗം ചത്ത് തീര്‍ന്നോളും. അത്കൊണ്ട് ജൈവകൃഷി കേരളത്തിനു പുറത്ത് പ്രചരിക്കരുതേ എന്ന് എല്ല്ലാവരും പ്രാര്‍ഥിക്കുക.

കക്ഷിരാഷ്ട്രീയം ഒഴിക !

കക്ഷിരാഷ്ട്രീയമാണു ജനാധിപത്യത്തിന്റെ ശാപം. നിലവിലെ പാർട്ടികളെല്ലാം കക്ഷിരാഷ്ട്രീയപാർട്ടികളാണു. വോട്ട് ബാങ്ക് ഉണ്ടാക്കുക, മുന്നണിയുണ്ടാക്കി ഭരിക്കുക, ആസ്തികൾ സ്വരുക്കൂട്ടുക, ബിസിനസ്സ് സംരംഭങ്ങൾ നടത്തുക, പോഷകസംഘടനകൾ ഉണ്ടാക്കുക ഇതൊക്കെയാണു നിലവിലെ പരമ്പരാഗത കക്ഷിരാഷ്ട്രീയശൈലി. ഇതിന്റെയൊക്കെ ഗുണഭോക്താക്കൾ അതാത് പാർട്ടിയിലെ മേൽത്തട്ട് നേതാക്കളാണു. ഈ കക്ഷിരാഷ്ട്രീയം നിമിത്തം നമ്മുടെ ജനാധിപത്യം വളർച്ച മുരടിച്ച് സ്തംഭിച്ച് നിൽക്കുകയാണു. ജനങ്ങൾക്ക് ഒരു വിലയും ഇല്ല. ജനങ്ങൾ വെറും വോട്ടുകുത്തി യന്ത്രങ്ങൾ മാത്രം. നേതാക്കൾ വരുമ്പോൾ യജമാനനെ കാണുന്ന പോലെ എഴുന്നേറ്റ് നിന്ന് ഓച്ഛാനിച്ച് തലചൊറിയുന്ന അടിമകൾ മാത്രമാണു ജനങ്ങൾ. ജനങ്ങൾക്ക് തങ്ങളുടെ വില അറിയുന്നില്ല. കക്ഷിരാഷ്ട്രീയം കൊണ്ട് ജനങ്ങൾ ഭിന്നിച്ച് നിൽക്കുന്നതാണു ഈ ദുരവസ്ഥയ്ക്ക് കാരണം.

കക്ഷിരാഷ്ട്രീയത്തിനു എതിരായി ജനങ്ങളുടെ മൂവ്‌മെന്റ് ഉയർന്നുവരണം. അപ്പോൾ ജനങ്ങളായിരിക്കും യജമാനന്മാർ. രാഷ്ട്രീയപ്രവർത്തകർ ജനങ്ങളുടെ സേവകർ മാത്രമായിരിക്കും. ജനങ്ങളെ സേവിക്കാൻ താല്പര്യമുള്ളവർ മാത്രം രാഷ്ട്രീയപ്രവർത്തനത്തിനു വന്നാൽ മതി. രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാൽ നേതാവാകാം , അധികാരം നുണയാം എന്ന് കരുതുന്ന സ്ഥാനമോഹികളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്തണം. അപ്പോഴാണു ശരിയായ ജനാധിപത്യം പ്രവർത്തിക്കുക. നമ്മുടെ കാതലായ പ്രശ്നം കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തമാണു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാം കഷിരാഷ്ട്രീയത്തിന്റെ സൃഷ്ടിയാണു. കക്ഷിരാഷ്ട്രീയത്തിൽ നിന്നുള്ള മോചനം സ്വതന്ത്ര സിവിൽ സമൂഹം ഉരുത്തിരിയുന്നതിലൂടെയാണു സാധ്യമാവുക.

അതിനാണു പുതിയൊരു പൊളിറ്റിക്കൽ മൂവ്മെന്റ് വേണ്ടത്. ആ മൂവ്മെന്റ് പുതിയൊരു പാർട്ടിയുടെ രൂപത്തിൽ തന്നെയാകാം. ആ പാർട്ടി നിലവിലെ കക്ഷിരാഷ്ട്രീയക്കാരുടെ തെറ്റുകൾ ചെയ്യരുത്. ചില ഉദാഹരണങ്ങൾ: പോഷക സംഘടനകൾ ഉണ്ടാക്കരുത്. ഓരോ വിഭാഗവും സ്വതന്ത്രമായാണു സംഘടിക്കേണ്ടത്. അതായത് യുവാക്കളോ വിദ്യാർത്ഥികളോ തൊഴിലാളികളോ അങ്ങനെ ഏത് വിഭാഗമായാലും അവർ സ്വതന്ത്രരായി സംഘടിക്കട്ടെ. പാർട്ടികളുടെ വാലായി അതാത് വിഭാഗങ്ങളെ ഭിന്നിപ്പിക്കാൻ ഇടയാകരുത്. പിന്നെ ബിസിനസ്സ് ചെയ്യരുത്, ആസ്തികൾ സ്വരൂപിക്കരുത്. രാഷ്ട്രീയം തൊഴിലാക്കരുത്. നിലവിലെ കക്ഷിരാഷ്ട്രീയക്കാരുമായി ഭരിക്കാൻ വേണ്ടി മുന്നണിയുണ്ടാക്കരുത്. രാഷ്ട്രീയം ഭരിക്കാനുള്ളതല്ല. ഭരണാധികാരം ഏറ്റെടുക്കുന്നത് ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണു. അധികാരം ജനങ്ങൾക്കാണു. ജനങ്ങളുടെ മുന്നിൽ ജനപ്രതിനിധികൾ തല കുനിക്കണം. ജനങ്ങളെ കൊണ്ട് കുനിപ്പിക്കരുത്.

ഇന്നത്തെ പത്രത്തിൽ ആം ആദ്മി പാർട്ടി നേതാവ് യോഗേന്ദ്ര യാദവ് പ്രസ്താവിച്ച ചില കാര്യങ്ങൾ വായിച്ചു. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശരിയായ ജനകീയരാഷ്ട്രീയമാണു. മൂന്നാം മുന്നണി പോലുള്ള സംവിധാനങ്ങൾ തെരഞ്ഞെടുപ്പിൽ 'സൗകര്യത്തിനു വേണ്ടിയുള്ള ധാരണകൾ' മാത്രമാണെന്നും ഇത് പോലുള്ള സംഘങ്ങളിൽ എ.എ.പി. ചേരില്ല എന്ന് അദ്ദേഹം പറഞ്ഞു. എ.എ.പി. ഒരു കക്ഷിയുമായും ധാരണ ഉണ്ടാക്കില്ല എന്നും ഞങ്ങൾ കക്ഷിരാഷ്ട്രീയത്തിനെതിരായ സംവിധാനമാണെന്നും യോഗേന്ദ്രയാദവ് പറയുകയുണ്ടായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന പാർട്ടിയാണു എ.എ.പി. എന്നും പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം ഉണ്ടാക്കുന്നതിലാണു എ.എ.പി. വിശ്വസിക്കുന്നത് എന്നും യോഗേന്ദ്രയാദവ് കൂട്ടിച്ചേർത്തു.

യോഗേന്ദ്രയാദവിന്റെ വാക്കുകൾ ജനാധിപത്യത്തിനു പ്രതീക്ഷ നൽകുന്നതാണു. കക്ഷിരാഷ്ട്രീയമാണു ജനാധിപത്യത്തിനു ബാധിച്ച അർബുദരോഗമെന്നും അതിനാണു ചികിത്സ വേണ്ടതെന്നും യോഗേന്ദ്ര യാദവ് മനസ്സിലാക്കിയിരിക്കുന്നു. ഒരുപാട് യോഗേന്ദ്രമാർ ഈ സത്യം മനസ്സിലാക്കി രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കാളികളായാൽ നമ്മൾ ആഗ്രഹിക്കുന്ന നേരും നെറിയും നാട്ടിൽ പുലർന്നുകൂടായ്കയില്ല.

യോഗേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞത് വായിക്കാം.

വിവരദോഷം വിൽക്കുന്ന പുത്തൻ ലേഖകന്മാർ

വിദ്യാഭ്യാസവും വിവരവും കൂടുന്തോറും പടുവിഢികളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണു മലയാളികളുടേത്. ഇപ്പോൾ ക്യാൻസറിനു മരുന്ന് കണ്ടുപിടിച്ചുപോലും. അത് ലക്ഷ്മിതരു എന്ന സസ്യവും മുള്ളാത്ത എന്ന പഴവും ആണത്രെ. ക്യാൻസറിനു കീമോതെറാപ്പിയോ റേഡിയേഷനോ സർജറിയോ ഒന്നും ആവശ്യമില്ല എന്നും ഡോക്‌ടർമാർ കൈയൊഴിഞ്ഞ ക്യാൻസർ രോഗികൾ പോലും ലക്ഷ്മിതരുവും മുള്ളാത്തയും കൊണ്ട് രോഗം നിശ്ശേഷം മാറി പൂർണ്ണ ആരോഗ്യവാന്മാരായി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നാണു പ്രചരണം.

ക്യാൻസർ ഭീതിയിൽ വലയുന്ന മലയാളികൾ ലക്ഷ്മിതരുവിന്റെ ചെടി കിട്ടാൻ നെട്ടോട്ടമോടുകയാണു ഇപ്പോൾ. സസ്യങ്ങൾക്ക് ഔഷധഗുണം എന്നൊന്നില്ല. അഥവാ ഔഷധസസ്യങ്ങൾ എന്നൊന്നില്ല. വെറുതെ നമ്മൾ നിത്യവും ഔഷധം കഴിക്കണോ? എന്തെങ്കിലും രോഗം വന്നാലല്ലേ ഔഷധം കഴിക്കേണ്ടതുള്ളൂ. നമുക്ക് വരുന്ന രോഗങ്ങളിൽ അധികവും ബാക്റ്റീരിയകൾ , വൈറസ്സുകൾ ശരീരത്തിൽ പ്രവേശിച്ച് പെറ്റു പെരുകുന്നത് കൊണ്ടാണു. ആ ബാക്റ്റീരിയകളെ നശിപ്പിക്കാനാണു മോഡേൺ മെഡിസിൻ ആന്റിബയോട്ടിക്ക് മരുന്നുകൾ കണ്ടുപിടിച്ചത്. ആന്റിബയോട്ടിക്ക് മരുന്നുകൾ അല്ലാതെ ഒരു സസ്യം കഴിച്ചാലും ബാക്റ്റീരിയകളെ നശിപ്പിക്കാൻ കഴിയില്ല. ശരീരത്തിനു പുറത്ത് ഒരു മുറിവിൽ ബാക്റ്റീരിയ കടന്നുകൂടി പഴുത്ത് വൃണമായാൽ പോലും ആന്റിബയോട്ടിക്ക് കഴിച്ച് പുണ്ണ് മാറ്റുക എന്നല്ലാതെ എന്ത് സസ്യം കഴിച്ചാലും രക്ഷയുണ്ടാകില്ല.

ഇക്കാലത്ത് എല്ലാ ശസ്ത്രക്രിയകളും വിജയിക്കുന്നത് ആന്റിബയോട്ടിക്ക് മരുന്നുകൾ ഉള്ളത്കൊണ്ടാണു. അല്ലായിരുന്നെങ്കിൽ ഓരോ ഓപ്പറേഷനു ശേഷവും രോഗി അണുബാധയാൽ മരണപ്പെട്ടേനേ. ആളുകൾ ഇന്ന് രോഗമില്ലാതെ കഴിയുന്നെണ്ടെങ്കിൽ അതിനു കാരണം ആന്റിബയോട്ടിക്ക് മരുന്നുകൾ കൊണ്ടാണു. ഇക്കാലത്ത് സർവ്വസാധാരണമായത് കൊണ്ട് ആളുകൾ അത് അറിയുന്നില്ല എന്ന് മാത്രം. അറുപത് വർഷങ്ങൾക്ക് മുൻപ് വരെ രോഗമില്ലാത്ത ആളുകളെ കാണാൻ പ്രയാസമായിരുന്നു. പലവിധ രോഗങ്ങൾ. ചൊറിയും ചിരങ്ങുമില്ലാത്ത കുട്ടികൾ അപൂർവ്വം. അന്നും ഈ സസ്യങ്ങളും നാട്ടുവൈദ്യവും വൈദ്യന്മാരും എല്ലാം ഉണ്ടായിരുന്നു. അതൊന്നും പര്യാപ്തമല്ല എന്നത് കൊണ്ടാണു മോഡേൺ മെഡിസിനിൽ കണ്ടുപിടുത്തങ്ങൾ നടക്കുന്നതും പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതും.

ലോകത്ത് നിന്ന് ഒരുപാട് മാരകരോഗങ്ങൾ മോഡേൺ മെഡിസിൻ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും ഓറൽ ഡ്രോപ്സുകളിലൂടെയും തുടച്ചുനീക്കി. ഒരു സസ്യം കൊണ്ടും ഇതൊന്നും സാധ്യമല്ല്ല. ഏത് സസ്യവും പഴവും ധാന്യവും കിഴങ്ങും മറ്റും നമ്മൾ തിന്നാൽ അതിലുള്ള കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ജീവകങ്ങൾ , ധാതുലവണങ്ങൾ, ജലം എന്നിവയാണു ദഹനത്തിനു ശേഷം ചെറുകുടലിൽ നിന്ന് നേരിയ കുഴലുകളിലൂടെ രക്തത്തിൽ കടന്നു ശരീരകോശങ്ങളിൽ എത്തുന്നത്. ബാക്കി വിസർജ്ജ്യങ്ങളായി കുടലിൽ നിന്ന് പുറംതള്ളപ്പെടുകയും ചെയ്യുന്നു. ഔഷധം എന്ന് പറയാവുന്ന ഒന്നും പ്രത്യേകഘടകമായി അപ്പോൾ കിട്ടുന്നില്ല. എന്നാൽ ആകെമൊത്തം ഭക്ഷണം തന്നെയാണു നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നത്.

ബാക്റ്റീയ പോലുള്ള സൂക്ഷ്മജീവികളുടെ കടന്നാക്രമണം കൊണ്ട് ഉണ്ടാകുന്ന രോഗം കൂടാതെ നമുക്ക് പിന്നെ വരുന്ന രോഗങ്ങൾ മുറിവ് , ചതവ് , അപകടങ്ങളിൽ പെടുക എന്നതൊക്കെയാണു. ഈ കാര്യത്തിൽ സസ്യങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നത് എല്ലാവർക്കും അറിയാം. പിന്നെ വരുന്നത് പോഷകഘടങ്ങളുടെയും ധാതുക്കളുടെയും കുറവാണു. ഉദാഹരണത്തിനു ഇരുമ്പ് കാൽസിയം പോലുള്ളവ. അതിനും ടാബ്‌ലറ്റോ കാപ്സ്യൂളോ തന്നെ കഴിക്കണം. വിറ്റാമിനുകൾ കുറഞ്ഞാൽ ടോണിക്ക് കഴിക്കണം. വിറ്റാമിൻ ഏ പ്രധാനമാണു. അതിന്റെ കുറവ് കലശലായാൽ കണ്ണിന്റെ കാഴ്ച തന്നെ പോകും. പക്ഷെ ഇക്കാലത്ത് ആളുകൾക്ക് ഇതിന്റെയൊന്നും കുറവ് വരുന്നില്ല. കാരണം ആവശ്യത്തിനു സമീകൃതാഹാരം മിക്കവരും ഇപ്പോൾ കഴിക്കുന്നുണ്ട്. പറഞ്ഞത് ഇത്രയേയുള്ളൂ, ആഹാരമാണു പ്രത്യേകിച്ചും വൈവിധ്യപൂർണ്ണമായ ആഹാരമാണു പ്രധാനം. ഇന്നതിൽ ഔഷധഗുണമുണ്ട് , ഇന്നത് കഴിച്ചാൽ ഇന്നയിന്ന രോഗങ്ങൾ വരില്ല എന്ന് പറയുന്നത് വെറുതെയാണു. ആഹാരത്തിൽ എല്ലാ ഘടകങ്ങളും ചേർക്കുക.

ശാസ്ത്രത്തിനു നിരക്കാത്ത, ആളുകളെ വിവരദോഷികളാക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും, കുറിപ്പുകളുമാണു ഇപ്പോഴത്തെ ന്യൂജെൻ ലേഖകന്മാർ എഴുതിവിടുന്നത്. അതൊക്കെ പ്രസിദ്ധീകരിക്കുകയും ആളുകൾ വായിക്കുകയും ചെയ്യുന്നു. അങ്ങനെയാണു ഒരു സമൂഹം മുഴുവൻ വിഢികളാക്കപ്പെടുന്നത്. ഈ അവസ്ഥയിൽ ഇനിയും എന്തിനാണു സ്കൂളുകളിലും കോളേജുകളിലും കെമിസ്ട്രിയും ഫിസിക്സും ബയോളജിയും എല്ലാം പഠിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സമകാലിക വിദ്യാഭ്യാസം ഏറ്റവും വലിയ ദേശീയനഷ്ടമാണു വരുത്തിവയ്ക്കുന്നത് എന്ന് പറയാതെ വയ്യ.