Pages

കൊളസ്ട്രോളും വൈറ്റമിൻ ഡി യും പിന്നെ സൂര്യപ്രകാശവും

ഞാൻ ദിവസവും ഒരു 15 മിനിറ്റ് വെയിൽ കൊള്ളുന്നുണ്ട്. പതിനൊന്ന് മണി മുതൽ 11.15 വരെ വെയിൽ കൊള്ളാൻ പാകത്തിൽ ഇരിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ശരീരത്തിൽ അനാവൃതമായ ഭാഗത്ത് സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മി പതിക്കുകയും ആ ഭാഗത്തെ ചർമ്മകോശങ്ങൾ വൈറ്റമിൻ D ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതിന് രാവിലത്തെ ഇളം വെയിൽ കൊണ്ടാൽ പോര. കാരണം അപ്പോൾ വെയിലിൽ അൾട്രാ വയലറ്റ് രശ്മി ഉണ്ടാവില്ല. അധിക സമയം അൾട്രാ വയലറ്റ് രശ്മി ദേഹത്ത് പതിച്ചാൽ അതും അപകടമാണ്. അതുകൊണ്ട് 11 AM to 4 PM ഈ സമയത്ത് ഒരു 15 ടു 20 മിനിറ്റ് വെയിൽ കൊള്ളുന്നതാണ് അഭികാമ്യം.

ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും വൈറ്റമിൻ ഡി അനിവാര്യമാണ്. ഇന്ന് പലർക്കും വൈറ്റമിൻ ഡി യുടെ കുറവ് ഉണ്ട്. അത് പല രോഗങ്ങൾക്കും കാരണമാകുന്നു. ദിവസവും രണ്ട് മുട്ട കഴിച്ചാൽ ആവശ്യത്തിന് മറ്റ് പോഷകങ്ങളോടൊപ്പം വൈറ്റമിനുകളും ലഭിക്കും. മുട്ടയും കഴിക്കില്ല വെയിലും കൊള്ളില്ല എന്ന നിലപാട് ഉള്ളവരുടെ കാര്യം കഷ്ടമാണ്. വെറുതെ ആസ്പത്രികളിൽ പോയി പൈസ കൊടുക്കണം. അതും ചില്ലറ ഒന്നുമല്ല ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ്.
നിലവിൽ ആളുകൾ നിരവധി അന്ധവിശ്വാസങ്ങൾക്ക് അടിമകളാണ്. അതിൽ ഒന്നാണ് കൊളസ്ടോളിനെ പറ്റിയുള്ള അന്ധവിശ്വാസം. ഇതൊരു മെഡിക്കൽ അന്ധവിശ്വാസം കൂടിയാണ്. നല്ലതും ചീത്തയും ആയി രണ്ട് വിധം കൊളസ്ട്രോൾ (LDL and HDL) ഉണ്ട് എന്നതാണ് പൊട്ടത്തരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അന്ധവിശ്വാസം. കൊളസ്ട്രോൾ ഒന്നേയുള്ളൂ, അത് നമ്മുടെ ലിവർ ഉല്പാദിപ്പിക്കുന്നതാണ്. ഭക്ഷണത്തിൽ നിന്ന് (മാംസാഹാരം) കൊളസ്ട്രോൾ കിട്ടിയില്ലെങ്കിലും ലിവർ ആവശ്യാനുസരണം കൊളസ്ട്രോൾ ഉല്പാദിപ്പിക്കും. രക്തത്തിലെ ബ്ലഡ് ഷുഗർ ആണ് ഇത്തരത്തിൽ കൊളസ്ട്രോൾ ആയി മാറുന്നത്. കൊളസ്ട്രോൾ ഇല്ലെങ്കിൽ നമുക്ക് ജീവനോടെ ഇരിക്കാൻ കഴിയില്ല. ഓക്സിസൻ പോലെ പ്രധാനമാണ് കൊളസ്ട്രോളും. ആവശ്യത്തിന് കൊളസ്ട്രോൾ ഉല്പാദിപ്പിച്ച് ലിവർ ഇത് ബാലൻസ് ചെയ്യുന്നു.
ഇനി എങ്ങനെയാണ് വെയിൽ കൊള്ളുമ്പോൾ വൈറ്റമിൻ ഡി ഉണ്ടാകുന്നത് എന്ന് നോക്കാം. ചർമ്മകോശങ്ങളിലെ കൊളസ്ട്രോൾ തന്മാത്രയാണ് സുര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മിയുടെ ഊർജ്ജം കൊണ്ട് വൈറ്റമിൻ ഡി തന്മാത്രകളായി ആയി മാറുന്നത്. ലിവർ ബ്ലഡ് ഷുഗറിനെ കൊളസ്ട്രോൾ ആക്കി മാറ്റുന്നു, അതേ കൊളസ്ട്രോൾ ചർമ്മകോശങ്ങളിൽ വെച്ച് വൈറ്റമിൻ ഡി ആയി മാറുന്നു. ഈ പ്രവർത്തനങ്ങളെയൊക്കെ രാസപ്രവർത്തനങ്ങൾ എന്നേ പറയാൻ പറ്റൂ. രാസം എന്നത് ഒരു സയൻസ് പദമാണ്. ആ പദം ഇല്ലാതെ നമുക്ക് ഒന്നും വിശദീകരിക്കാൻ കഴിയില്ല. രാസം എന്നാൽ വിഷം എന്നാണ് സമൂഹത്തിലെ പൊതുവായ അന്ധവിശ്വാസം. അന്ധവിശ്വാസങ്ങൾ എത്ര വേഗത്തിലാണ് പ്രചരിക്കുന്നതും ആളുകൾക്ക് സ്വീകാര്യമാകുന്നതും എന്നോ! എന്നാൽ യഥാർത്ഥ വസ്തുതകൾ സയൻസായി പറയുമ്പോൾ ആളുകൾ തള്ളിക്കളയുകയാണ്. ഇതിന്റെ തിക്തഫലം പല ജീവിതശൈലി രോഗങ്ങളായി ആളുകൾ കഷ്ടപ്പെടുകയും ചെയ്യുന്നു. എന്നിട്ട് ആസ്പത്രികൾക്ക് ലക്ഷങ്ങൾ മുതൽ കൂട്ടുന്നു.
ബ്ലഡ് ഷുഗറും കൊളസ്ട്രോളും വൈറ്റമിൻ ഡി യും തമ്മിലുള്ള ബന്ധം രാസസമവാക്യത്തിലൂടെ മാത്രമേ വിശദീകരിക്കാൻ കഴിയൂ. നാം കഴിക്കുന്ന ധാന്യാഹാരങ്ങൾ തന്നെയാണ് രക്തത്തിൽ ബ്ലഡ് ഷുഗർ ആയി എത്തുന്നത്. ആഹാരത്തിലെ സ്റ്റാർച്ച് എന്ന കൂറ്റൻ തന്മാത്ര ചെറുകുടലിൽ വെച്ച് ദഹിക്കപ്പെട്ട് ഗ്ലൂക്കോസ് എന്ന ലഘു തന്മാത്രയായി ബ്ലഡ്ഡിൽ എത്തുന്നു. ഇതിനെയാണ് ബ്ലഡ് ഷുഗർ എന്ന് പറയുന്നത്.
ഗ്ലൂക്കോസിന്റെ അഥവാ ബ്ലഡ് ഷുഗറിന്റെ കെമിക്കൽ ഫോർമ്യുല C₆H₁₂O₆ എന്നാണ്. അതായത് ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ 6 കാർബൺ മൂലകവും 12 ഹൈഡ്രജൻ മൂലകവും 6 ഓക്സിജൻ മൂലകവും ആണുള്ളത്.
കൊളസ്ട്രോളിന്റെ ഫോർമ്യുല C₂₇H₄₆O എന്നാണ്. അതായത് ഒരു കൊളസ്ട്രോൾ തന്മാത്രയിൽ 27 കാർബൺ മൂലകവും 46 ഹൈഡ്രജൻ മൂലകവും ഒരു ഓക്സിജൻ മൂലകവും ആണുള്ളത്. (ഇതല്ലാതെ വേറെ കൊളസ്ട്രോൾ തന്മാത്രയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക)
വൈറ്റമിൻ ഡി തന്മാത്രയുടെ ഫോർമ്യുല C₂₇H₄₄O എന്നാണ്. അതായത് ഒരു വൈറ്റമിൻ ഡി തന്മാത്രയിൽ 27 കാർബൺ മൂലകവും 44 ഹൈഡ്രജൻ മൂലകവും ഒരു ഓക്സിജൻ മൂലകവും ഉണ്ട്.
എന്ന് വെച്ചാൽ മേൽപ്പറഞ്ഞ മൂന്ന് തന്മാത്രകളും കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂന്ന് മൂലകങ്ങൾ വ്യത്യസ്ത അനുപാതത്തിൽ ചേർന്നിട്ടാണ് ഉണ്ടാകുന്നത്. ഇങ്ങനെയുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ പ്രകൃതിയിലും നമ്മുടെ ശരീരത്തിലും സദാ നടന്നുകൊണ്ടിരിക്കുന്നു.
.