Pages

ദേശീയതയും രാമായണവും

രാമായണത്തെ പറ്റി പറഞ്ഞാൽ മുന്നൂറിൽ പരം ഒറിജിനൽ കഥകളുണ്ട്. അതിൽ ഒന്നാണ് വാത്മീകി രാമായണം. കൂടാതെ പ്രാദേശിക ഭാഷകളിൽ ആയിരക്കണക്കിനു രാമായണങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. തമിഴിൽ കമ്പൻ രചിച്ച രാമായണം വാത്മീകി രാമായണം പോലെ ഒരു മൗലിക കൃതിയാണ്. മലയാളികൾക്ക് പരിചയം വാത്മീകി സംസ്കൃതത്തിൽ എഴുതിയ രാമായണത്തെ എഴുത്തച്ഛൻ വിവർത്തനം ചെയ്ത അദ്ധ്യാത്മ രാമായണം ആണ്. കമ്പരാമായണം പോലെയല്ല അദ്ധ്യാത്മ രാമായണം. ഓരോ രാമായണത്തിലും കഥകൾ വ്യത്യസ്തമാണ്. ഉദാഹരണത്തിനു ജെയിൻ രാമായണത്തിൽ സീത രാവണന്റെ മകളാണ്. ഞാൻ പറഞ്ഞു വരുന്നത് ഏതെങ്കിലും ഒരു രാമായണത്തിലെ കഥയ്ക്ക് അതൊരു കഥ എന്നല്ലാതെ വേറെ പവിത്രത ഒന്നും ഇല്ല എന്നാണ്. കഥയായിട്ടാണ് രാമായണം വായിക്കപ്പെടേണ്ടതും ആസ്വദിക്കപ്പെടേണ്ടതും.

വാത്മീകിയെ പറ്റിയും നമുക്ക് മിത്തുകൾ ഉണ്ട്. അത് വിവരിക്കേണ്ടല്ലൊ. ചിതൽപ്പുറ്റിൽ മൂടപ്പെട്ടത് കൊണ്ട് വാത്മീകി എന്ന് അറിയപ്പെട്ടു എന്നും വാത്മീകിക്ക് നാരദനാണ് രാമന്റെ കഥ പറഞ്ഞു കൊടുത്തത് എന്നും ബ്രഹ്മാവ് ആവശ്യപ്പെട്ട പ്രകാരം വാത്മീകി രാമന്റെ കഥ രാമായണം എന്ന പേരിൽ എഴുതി എന്നൊക്കെയാണ് തലമുറകൾ കൈമാറി വരുന്ന മിത്തുകൾ. അതൊക്കെ ചരിത്രം പോലെ വിശ്വസിക്കുകയല്ല വേണ്ടത്. മിത്തുകളെ മിത്തായി മനസ്സിലാക്കണം. മനുഷ്യൻ ചിതൽപ്പുറ്റിനാൽ മൂടപ്പെടില്ലല്ലൊ. അതുപോലെ ബ്രഹ്മാവും നാരദനും ഒക്കെ ഭാവനയിലെ കഥാപാത്രങ്ങളാണ്. അങ്ങനെയാണ് കാണ്ടേണ്ടത്. വാത്മീകിയും കമ്പനെ പോലെ ഒരു രചയിതാവാണ്. ചിതൽപ്പുറ്റ് കഥ ഒരു മിത്ത് മാത്രം.
ഇനി നമുക്ക് ഇന്ന് പറയുന്ന ഈ ഭാരതീയത്തിൽ എത്രമാത്രം ഭാരതീയം ഉണ്ട് എന്ന് നോക്കാം. ഭാരതത്തിലെ ആദി മനുഷ്യർ ദ്രാവിഡരാണ്. അവരാണ് ഏറ്റവും അടുത്ത ഭാരതീയർ. ഈ ഇതിഹാസങ്ങളും വേദങ്ങളും ഒക്കെ എഴുതിയത് ദ്രാവിഡർ അല്ല. ആര്യന്മാരാണ്. ആര്യന്മാർ ഭാരതീയരല്ല, ഇന്ത്യയിൽ കുടിയേറി വന്നവരാണ്. ആര്യസംസ്ക്കാരത്തെയാണ് നമ്മൾ ഭാരതീയ സംസ്കാരം എന്ന് വർണ്ണിക്കുന്നത്. ഒരു ഉദാഹരണത്തിനു ആയുർവേദം ആര്യന്മാർ ആവിഷ്ക്കരിച്ചതാണ്. ദ്രാവിഡ ചികിത്സ സിദ്ധവൈദ്യം ആണ്. സിദ്ധവൈദ്യമാണ് ഭാരതീയം എന്നും ആയുർവേദം വൈദേശികം ആണെന്നും പറയേണ്ടി വരും ഒരു തർക്കം വന്നാൽ.
ആര്യ-ദ്രാവിഡ സങ്കര മനുഷ്യരാണ് ഇന്ന് ഇന്ത്യയിലുള്ള സകല ഭാരതീയരും. അതുകൊണ്ട് നാം ദേശീയത പറയുമ്പോൾ അത് ദേശീയതയും വൈദേശികതയും കലർന്ന ഒരു സങ്കര ദേശീയത ആണെന്ന് മനസ്സിലാക്കണം. ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ല. ആഫ്രിക്കയിലാണ് ആദി മനുഷ്യൻ പിറന്നത് എന്ന് മനുഷ്യ ചരിത്രത്തിന്റെ പിന്നിലേക്ക് പോയാൽ കാണാൻ കഴിയും. അതുകൊണ്ട് നാം ഊറ്റം കൊള്ളുന്ന ആർഷഭാരത സംസ്ക്കാരത്തിന്റെ വേരുകൾ ആഫ്രിക്കയിൽ ആണ് എന്നും മനസ്സിലാക്കാൻ പറ്റും. ദേശീയത എന്നത് ആധുനിക കാലത്തെ ഒരു ഗർവ് എന്നതിലപ്പുറം മറ്റൊന്നുമല്ല.
നമ്മൾ ഭൂമിയിലെ മനുഷ്യരെ ഒറ്റ യൂനിറ്റ് ആയി കാണുകയാണ് വേണ്ടത്. സാർവ്വദേശീയതയുടെ ഒരു ഫെഡറൽ ഘടകം ആണ് രാജ്യദേശീയത എന്നും നമ്മൾ ഉൾക്കൊള്ളണം. ഏതെങ്കിലും കാലത്ത് ഒരു വിശ്വ ഗവണ്മേണ്ട് വന്നുകൂട എന്നില്ല. വന്നില്ലെങ്കിലും അതാണ് യുക്തി എന്നെങ്കിലും നമ്മൾ അംഗീകരിക്കണം. ഇന്ന് കാണുന്ന പോലെയുള്ള രാജ്യാതിർത്തികളും ഗവണ്മേണ്ടുകളും എത്രയോ പരിവർത്തനങ്ങളിലൂടെ ഉണ്ടായതാണ്. ഇന്ത്യ എന്ന ആധുനിക രാഷ്ട്രം ബ്രിട്ടന്റെ നിർമ്മിതിയാണ് എന്നും അംഗീകരിക്കേണ്ടതുണ്ട്. ബ്രിട്ടൻ കോളനി ആക്കിയിരുന്നില്ല എങ്കിൽ ഭാരതം എത്രയോ രാജ്യങ്ങൾ ചേർന്ന ഉപഭൂഖണ്ഠം ആയിരുന്നിരിക്കും ഇന്ന്.
അപ്പോൾ ഞാൻ പറഞ്ഞു വന്നത് വിശ്വാസങ്ങളും വസ്തുതകളും കൂട്ടിക്കുഴക്കരുത്. ഉദാഹരണത്തിനു ഋഷികൾ എന്ന് പറയുന്നു. ഋഷികൾ എന്നതും മിത്തുകൾ മാത്രമാണ്. അല്ലാതെ സർവ്വജ്ഞരായ മഹർഷിമാർ ഒന്നും ഉണ്ടായിട്ടില്ല. അറിവുകൾ എന്നത് ചിന്തയുടെയും കണ്ടെത്തലിന്റെയും തുടർച്ചയാണ്. അത് ഇന്നും തുടരുന്നു. ഭാരതത്തിലെ ഋഷികൾ എല്ലാം കണ്ടുപിടിച്ചു എന്നും അത് പാശ്ചാത്യർ കട്ടോണ്ട് പോയി എന്നതൊക്കെ വളരെ ബാലിശമായ ഗർവ് ആണ്. അങ്ങനെ വിശ്വസിച്ചിട്ട് എന്ത് കിട്ടാനാണ്.
പരിണാമ വാദത്തെ മുസ്ലീങ്ങളാണ് വല്ലാതെ കളിയാക്കുന്നത്. എന്നാൽ ഹിന്ദു വിശ്വാസികളും പരിണാമ സിദ്ധാന്തം തെറ്റാണ് എന്നും ദൈവമാണ് ആദി മനുഷ്യനെ സൃഷ്ടിച്ചത് എന്നും വിശ്വസിക്കുന്നുണ്ട്. നിങ്ങൾക്ക് ആലോചിക്കാൻ പറ്റുമോ അങ്ങനെ ആദ്യം സൃഷ്ടിച്ച ആദി മനുഷ്യനെ ദൈവം ഭൂമിയിൽ എവിടെയാണ് രണ്ട് കാലിൽ നിർത്തിയത് എന്ന്? അത് സൗദി അറേബ്യയിലോ അല്ലെങ്കിൽ നോർത്ത് ഇന്ത്യയിലോ? ഭൂമിയിലെ ജീവിവർഗ്ഗത്തിന്റെ ഉല്പത്തിയെയും വികാസ പരിണാമങ്ങളെയും പറ്റി ഡാർവിൻ വളരെ വസ്തുനിഷ്ടമായ വിവരങ്ങളാണ് വിജ്ഞാന ദാഹികളായ മനുഷ്യർക്ക് നൽകിയത്. ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചു എന്ന് വിശ്വസിച്ചാൽ ബാക്കിയൊക്കെ നിങ്ങൾ എങ്ങനെ മനസ്സിലാക്കും?
അതുകൊണ്ട് സുഹൃത്തുക്കളെ ഞാൻ ഇത്രയേ പറയുന്നുള്ളൂ, മിത്തുകളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും വസ്തുതകളെയും യാഥാർഥ്യങ്ങളെയും വേർതിരിച്ച് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയട്ടെ.