Pages

എന്താണ് ഹാർട്ട് ബ്ലോക്ക് ?

ഇന്ന് ധാരാളമായി കാണുന്ന ഒരു രോഗമാണ് ഹാർട്ട് ബ്ലോക്ക്. അതിനെപ്പററി കൂടി ഒന്നെഴുതിയാൽ ധാരാളം ആളുകൾക്ക് ഉപകാരമാവും എന്ന് ഒരു സുഹൃത്ത് ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ പോസ്റ്റ്. ഹാർട്ട് ബ്ലോക്ക് എന്ന് കേൾക്കുമ്പോൾ ഹൃദയത്തിൽ കൊളസ്ട്രോളും കൊഴുപ്പും അടിഞ്ഞുകൂടി ഉണ്ടാകുന്ന ബ്ലോക്ക് എന്നാണ് ആളുകൾ കരുതുക. എന്നാൽ അത് വേറെയാണ്. രക്തധമനികളിൽ പ്ലേക്ക് രൂപപ്പെട്ട് രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥയെ പറ്റി പറയുന്നതിനു മുൻപായി സാധാരണ കണ്ടുവരുന്ന ഹാർട്ട് ബ്ലോക്ക് എന്താണെന്ന് നോക്കാം. ഇംഗ്ലീഷിലും മലയാളത്തിലും പല പേരുകളിൽ പറയുന്നതും ഹൃദ്രോഗം എന്ന് പൊതുവെ പറയുന്നത് കൊണ്ടും ഇക്കാര്യത്തിൽ ആളുകൾക്ക് കൺഫ്യൂഷൻ ആണുള്ളത്. 

ഹൃദയം എന്നത് ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന ഒരു മെഷീൻ എന്ന് പറയാം. അങ്ങനെ പമ്പ് ചെയ്ത് ശുദ്ധരക്തം ഒഴുകുന്ന കുഴലിനെ ധമനികൾ എന്ന് പറയുന്നു. ധമനികളിലൂടെ എല്ലാ കോശങ്ങളിലും ശുദ്ധരക്തം എത്തിക്കുമ്പോൾ എല്ലാ കോശങ്ങളിൽ നിന്നുമുള്ള അശുദ്ധരക്തം ശുദ്ധീകരിക്കാൻ വേണ്ടി തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്ന കുഴലുകളെ സിരകൾ എന്ന് പറയുന്നു. ഇത് ശരിക്കും മനസ്സിലാക്കാൻ ഹൃദയത്തിന്റെ ചിത്രം നിങ്ങളുടെ മനസ്സിൽ പതിയണം. ഹൃദയത്തിനു നാല് അറകൾ ഉണ്ട്. മേലെ വലത്തും ഇടത്തുമായി രണ്ട് അറകളും കീഴെയും വലത്തും ഇടത്തുമായി  രണ്ട് അറകളുമാണുള്ളത്. മേലത്തെ അറകളെ വലത് ഏട്രിയം (right atrium) എന്നും ഇടത് ഏട്രിയം (left atrium) എന്നും പറയുമ്പോൾ കീഴെയുള്ള അറകളെ വലത്, ഇടത് വെൻട്രിക്കിൾ (right ventricle and left ventricle) എന്നും പറയുന്നു. ഇതിനോടൊപ്പമുള്ള ചിത്രം നോക്കി മനസ്സിലാക്കുക. 

സിരകളിൽ കൂടി വരുന്ന ആശുദ്ധരക്തം മഹാസിരയിലൂടെ ഹൃദയത്തിന്റെ വലത്തെ ഏട്രിയത്തിൽ പ്രവേശിക്കുന്നു. അവിടെ നിന്ന് ആ അശുദ്ധരക്തം കീഴെയുള്ള വലത്തെ വെൻട്രിക്കിളിൽ കടക്കുന്നു. അവിടെ നിന്ന് അശുദ്ധരക്തം ശ്വാസകോശങ്ങളിലേക്ക് പമ്പ് ചെയ്യപ്പെടുകയും അശുദ്ധരക്തത്തിലെ കാർബൺ ഡൈ‌ഓക്സൈഡ് ശ്വാസകോശങ്ങളിൽ ഉപേക്ഷിക്കുകയും ഓക്സിജൻ സ്വീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ശുദ്ധീകരിക്കപ്പെട്ട രക്തം ശ്വാസകോശങ്ങളിൽ നിന്ന് ഹൃദയത്തിന്റെ ഇടത്തേ ഏട്രിയത്തിൽ എത്തുന്നു. പിന്നെ അവിടെ നിന്ന് കീഴെയുള്ള ഇടത്തെ വെൻട്രിക്കിളിലും എത്തുന്നു. അവിടെ നിന്നാണ് ഓക്സിജൻ സമ്പുഷ്ടമായ ശുദ്ധരക്തം മഹാധമനിയിലേക്കും പിന്നെ ശാഖോപശാഖകളായ ധമനികളിലേക്കും പമ്പ് ചെയ്യപ്പെടുന്നത്. ഇപ്രകാരം പമ്പ് ചെയ്യുന്നതിനെയാണ് ഹൃദയമിടിപ്പ് എന്ന് പറയുന്നത്. ഹൃദയം ഒരു മിനിറ്റിൽ ശരാശരി 72 തവണ മിടിക്കുമെങ്കിലും 60 മുതൽ 100 വരെ ഒരു മിനിറ്റിൽ മിടിക്കുന്നത് നോർമൽ ആണ്. 


ഹൃദയം ശുദ്ധരക്തം പമ്പ് ചെയ്ത് ശരീരത്തിന്റെ എല്ലാ കോശങ്ങളിലും എത്തിക്കുന്നുണ്ടെങ്കിലും , ഹൃദയത്തിനു രക്തം എത്തിക്കാൻ വേറെ സംവിധാനം ആണുള്ളത്. അതായത് ഹൃദയത്തിനു പ്രത്യേകമായി ഹൃദയധമനികളും സിരകളും ആണുള്ളത്. ഹൃദയം ഒരു പേശിയാണ്. ശരീരത്തിന്റെ അടിസ്ഥാന യൂനിറ്റ് കോശമാണല്ലൊ. ഒരേ ഘടനയും പ്രവർത്തനവും ഉള്ള സമാന കോശങ്ങൾ ചേർന്ന് കലകൾ (tissue) ഉണ്ടാകുന്നു. കലകൾ ചേർന്ന് പേശികളും അവയവങ്ങളും ഉണ്ടാകുന്നു. അവയവങ്ങൾ ചേർന്നതാണ് നമ്മുടെ ശരീരം.  ശരീരത്തിലെ ഏറ്റവും വലിയ അവയവം ചർമ്മം ആണ്. ശരീരകോശങ്ങളിലായാലും ഹൃദയപേശിയിലെ കോശങ്ങളിൽ ആയാലും രക്തത്തിന്റെ പ്രധാന ജോലി ഓരോ കോശങ്ങളിലും പോഷകങ്ങളും ഓക്സിജനും എത്തിക്കുക എന്നതാണ്. ഹൃദയത്തിനും പോഷകങ്ങളും ഓക്സിജനും വേണം. പോഷകങ്ങളുടെ ആവശ്യം ശരീരത്തിന്റെ പുതിയ കോശനിർമ്മിതിക്കും ഊർജ്ജം ഉല്പാദിപ്പിക്കാനുമാണ്. ഒരു കോശത്തിനു മൂന്ന് മാസം മാത്രമേ ആയുസ്സുള്ളൂ. അതുകൊണ്ട് പുതിയ കോശങ്ങളുടെ നിർമ്മാണം ശരീരത്തിൽ അനവരതം നടക്കുന്നുണ്ട്. ഓക്സിജന്റെ ആവശ്യം ഊർജ്ജം ഉല്പാദിപ്പിക്കാനാണ്. പോഷകങ്ങളിലെ ഗ്ലൂക്കോസ് ഓക്സിജനുമായി കോശങ്ങളിൽ വെച്ച് സംയോജിക്കുമ്പോഴാണ് ഊർജ്ജം ഉണ്ടാകുന്നത്. നിലയ്ക്കാത്ത ഊർജ്ജോല്പാദനം ആണ് ജീവൻ നിലനിർത്തുന്നത്. ശ്വാസോച്ഛ്വാസത്തിന്റെ പ്രാധാന്യം അതാണ്. 

ഇനി എന്താണ് ഹാർട്ട് ബ്ലോക്ക് എന്ന് നോക്കാം. ഹൃദയം മിടിക്കുന്നത് , ഹൃദയത്തിന്റെ വലത് മേൽ ഭാഗത്തെ ഏട്രിയം  അറയിൽ (right atrium) നിന്ന് ഒരുമാതിരി ഇലക്ട്രിക്കൽ സിഗ്നൽ അല്ലെങ്കിൽ പഴ്സ്  ഉത്തേജിപ്പിക്കപ്പെടുമ്പോഴാണ്. വലത് ഏട്രിയത്തിലെ പ്രത്യേക തരം കോശങ്ങളാണ് ഈ പഴ്സ് പുറപ്പെടുവിക്കുന്നത്. ചിത്രത്തിൽ നോക്കുക, Sino atriai എന്ന ഇടത്തിൽ നിന്നാണ് ഈ സിഗ്നൽ പുറപ്പെടുന്നത്. ഇതിനെ Sinoatrial Node എന്നും ചുരുക്കി SA Node എന്നും പറയും. ഈ SA Node എന്നത് ഹൃദയത്തിൽ ജന്മനാ ഉള്ള നേച്വറൽ പേസ്‌മേക്കർ എന്ന് പറയാം. കാരണം ഇതാണ് ഹൃദയമിടിപ്പ് ഉണ്ടാക്കുന്നത്. കൃത്രിമമായ പേസ്‌മേക്കറും ഈ നാച്വറൽ പേസ്‌മേക്കറും ചെയ്യുന്നത് ഒരേ ജോലിയാണ്. ഹൃദയം മിടിക്കാൻ പഴ്സ് ഉണ്ടാക്കുക എന്നത്. ഈ SA Node-ൽ ഉണ്ടാകുന്ന സിഗ്നൽ താഴോട്ട് വന്ന് Atrioventricular node (AV Node) എന്ന ഇടത്തിൽ എത്തുന്നു. വീണ്ടും ചിത്രം നോക്കുക. ഈ AV Node-ഉം പ്രത്യേക കോശങ്ങളാൽ ഉണ്ടായതും ഹൃദയത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതുമാണ്. ഈ AV Node-ൽ നിന്ന് പഴ്സ് താഴത്തെ അറകളായ വലത്-ഇടത് വെൻട്രിക്കിളുകളിൽ  എത്തുകയും അപ്പോൾ ഹൃദയം ചുരുങ്ങുകയും രക്തം പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ എങ്ങനെയാണ് ഹൃദയം മിടിക്കുന്നത് എന്ന് മനസ്സിലായിരിക്കുമല്ലോ. 

എസ് എ നോഡിൽ നിന്ന്  ഏവി നോഡിൽ എത്തിയ ഇലക്‌ട്രിക്കൽ സിഗ്നൽ അഥവാ പഴ്സ് താഴത്തെ അറകളായ വെൻട്രിക്കിളുകളിൽ എത്താതെ ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടുന്നതിനെയാണ് ഹാർട്ട് ബ്ലോക്ക് എന്ന് പറയുന്നത്. ഈ ബ്ലോക്കിനെ അതിന്റെ തീവ്രത അനുസരിച്ച് ഫസ്റ്റ്, സെക്കന്റ്, തേർഡ് എന്നിങ്ങനെ  മൂന്ന് ഡിഗ്രികളായി തിരിച്ചിട്ടുണ്ട്. ഫസ്റ്റ് ഡിഗ്രി ബ്ലോക്ക് നമ്മളിൽ ലക്ഷണങ്ങൾ ഒന്നും ഉണ്ടാക്കിയില്ല എന്ന് വരാം. ECG നോക്കിയാൽ മാത്രമേ മനസ്സിലാകൂ. രണ്ടാമത്തെ ഡിഗ്രി ബ്ലോക്കിൽ നെഞ്ച് വേദനയും മയക്കവും ശ്വാസതടസ്സവും എല്ലാം അനുഭവപ്പെട്ടേക്കാം. തേർഡ് ഡിഗ്രി ബ്ലോക്ക് അപകടകരവും പെട്ടെന്ന് തന്നെ ഡോക്ടരുടെ അടുത്തേക്ക് എത്തിക്കപ്പെടേണ്ടതും ആണ്. ഫസ്റ്റ് ഡിഗ്രി ബ്ലോക്കിന് പറയത്തക്ക ട്രീറ്റ്മെന്റ് ഒന്നും ആവശ്യമില്ലെങ്കിലും തേർഡ് ഡിഗ്രി ബ്ലോക്കിനു മരുന്നുകൾ കൊണ്ട് നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ കൃത്രിമമായി പേസ്‌മേക്കർ ഘടിപ്പിക്കേണ്ടി വരും. നേരിയ നെഞ്ച് വേദനയോ തല കറക്കമോ ഹാർട്ട് ബീറ്റ് കുറയുന്നതോ ആയി അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുന്നതാണ് നല്ലത്. ഡോക്ടർ ECG പരിശോധിച്ചിട്ട് കൃത്യമായ ഉപദേശം തരും. ഡോക്ടർമാരെ വിശ്വസിക്കണം. നമ്മുടെ ആരോഗ്യത്തിന്റെ കാവൽ ദൈവങ്ങളാണ് ഡോക്ടർമാർ. എങ്കിലും നല്ല ഡോക്ടർമാരെ കണ്ടെത്താൻ ശ്രമിക്കണം എന്നും പറയാതെ വയ്യ. 

ഇനി രക്തധമനിയിൽ പ്ലേക്ക് (Plaques) അടിഞ്ഞു കൂടി അതറോസ്ക്ലിറോസ് (Atherosclerosis) എന്ന അവസ്ഥ ഉണ്ടായി ബ്ലോക്ക് ഉണ്ടാകുന്നതിനെ പറ്റി പറയാം. ഈ ബ്ലോക്ക് ഉണ്ടാകുന്നതിന്റെ കാരണങ്ങൾ ഇപ്പോഴും വിവാദത്തിലാണ്. രക്തത്തിൽ അധികം ഉണ്ടാകുന്ന കൊളസ്ട്രോൾ അടിഞ്ഞു കൂടിയിട്ടാണ് ബ്ലോക്ക് ഉണ്ടാകുന്നത് എന്നാണ് നമ്മുടെ നാട്ടിലെ ഡോക്ടർമാർ കരുതുന്നത്. ഇത് ഒരു ഹൈപ്പോതീസിസ് ആയിരുന്നു. ഒരു ഹൈപ്പോതീസിസ് ശരിയോ തെറ്റോ ആകാം. ചീത്ത കൊളസ്ട്രോൾ ആണ് അടിഞ്ഞുകൂടി പ്ലേക്ക് ഉണ്ടാക്കുന്നത് എന്ന ഹൈപ്പോതീസിസ് തെറ്റാണ് എന്ന് നിരവധി വിദേശ ഡോക്ടർമാർ കാര്യകാരണ സഹിതം വിശദീകരിച്ചിട്ടും നമ്മുടെ ഡോക്‌ടർമാർ ഇപ്പോഴും ആ പഴയ ഹൈപ്പോതീസിസിൽ പിടിച്ചു നിൽക്കുകയാണ്. 

ആ ഹൈപ്പോതീസീസ് തെറ്റാണെന്ന് പറയാനുള്ള ലോജിക്ക് ഇവയാണ്. ഒന്നാമത്തെ കാര്യം കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന്റെ ജീവൽ പ്രവർത്തങ്ങൾക്ക് ഓക്സിജൻ പോലെ പ്രധാനമാണ്. പുതിയ കോശങ്ങൾ ഉണ്ടാകാൻ കൊളസ്ട്രോൾ അനിവാര്യമായ ഒരു ഘടകമാണ്. കൊളസ്ട്രോൾ ഒരു പ്രത്യേക കൊഴുപ്പ് ആണ്. സസ്യങ്ങളിൽ ഈ കൊഴുപ്പ് ഇല്ല. ജന്തുകോശങ്ങളിൽ മാത്രമേയുള്ളൂ. നല്ലതും ചീത്തയും എന്ന് രണ്ട് വിധം കൊളസ്ട്രോൾ ഇല്ല. കൊളസ്ട്രോൾ ഒന്നേയുള്ളൂ. HDL എന്നും  LDL എന്നും പറയുന്നത് കൊളസ്ട്രോൾ അല്ല. രക്തത്തിലൂടെ കൊളസ്ട്രോളിനെ വഹിച്ചുകൊണ്ട് പോകുന്ന പ്രോട്ടീൻ ആണ്   LDL-ഉം HDL-ഉം. അതായത്  LDL എന്ന പ്രോട്ടീൻ ആവരണം കൊളസ്ട്രോളിനെ രക്തം ഓരോ കോശങ്ങളിലും എത്തിക്കുന്നു. അധികം വരുന്ന കൊളസ്ട്രോളിനെ പുനരുപയോഗത്തിനു തിരിച്ച് ലിവറിൽ എത്തിക്കുന്ന പ്രോട്ടീൻ ആവരണം ആണ് HDL. അതിന്റെ അർത്ഥം കൊളസ്ട്രോൾ ഒരിക്കലും അധികമാകുന്നില്ല എന്നും അമൂല്യമായ ആ കൊഴുപ്പിനെ ഒട്ടും കളയാതെ സൂക്ഷിക്കുന്നു എന്നുമാണ്. 

ഏറ്റവും പ്രധാനപ്പെട്ട കാര്യം മാംസാഹാരങ്ങളിൽ നിന്ന് മാത്രമേ നമുക്ക് കൊളസ്ട്രോൾ കിട്ടുകയുള്ളൂ എന്നും അതും ആവശ്യമുള്ളതിന്റെ 25 ശതമാനം മാത്രമേ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുകയുള്ളൂ എന്നതാണ്. ആവശ്യമുള്ള കൊളസ്ട്രോളിന്റെ 75 ശതമാനവും നമ്മുടെ ലിവർ ആണ് മറ്റ് പോഷകങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്നത്. വെളിച്ചെണ്ണയിലൊക്കെ കൊളസ്ട്രോൾ ഉണ്ടെന്ന് പേടിക്കുന്നവർ ഇപ്പോഴും ഉണ്ട്. സസ്യകോശങ്ങൾക്ക് കോശഭിത്തി എന്നൊന്നിന്നില്ല. ജന്തുകോശങ്ങൾക്ക് കോശഭിത്തിയുണ്ട്. ജന്തുകോശങ്ങളുടെ ഭിത്തിയുടെ പ്രധാന നിർമ്മാണ ഘടകമാണ് കൊളസ്ട്രോൾ എന്ന കൊഴുപ്പ്. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും സൂര്യപ്രകാശത്തിൽ ചർമ്മത്തിൽ വിറ്റാമിൻ ഡി ഉണ്ടാകാനും കൊളസ്ട്രോൾ വേണം. ചുരുക്കി പറഞ്ഞാൽ കൊളസ്ട്രോൾ ഒരിക്കലും അധികമാകുന്നില്ല. ആവശ്യാനുസരണം കൊളസ്ട്രോൾ ലിവർ ഉണ്ടാക്കുകയാണ് ചെയുന്നത്. 

അപ്പോൾ പിന്നെ എങ്ങനെയാണ് ധമനിയിൽ പ്ലേക്ക് രൂപപ്പെട്ട് രക്തയോട്ടം തടസ്സപ്പെട്ട് ആഞ്ചിയോ പ്ലാസ്റ്റ് ഒക്കെ ചെയ്യേണ്ടി വരുന്നത് എന്നല്ലേ? ധമനിയിൽ ഏതെങ്കിലും തരത്തിലുള്ള ഡാമേജ് ഉണ്ടാവുകയും അപ്പോൾ അവിടെ ഒരു വീക്കം അല്ലെങ്കിൽ ഇൻഫ്ലമേഷൻ ഉണ്ടാകുന്നതാണ് തുടക്കം. ആദ്യമൊക്കെ പ്രശ്നമുണ്ടാവുകയില്ല. പക്ഷെ ഡാമേജ് കൂടുതലാവുകയും ഇൻഫ്ലമേഷൻ തുടരുകയും ചെയ്താൽ കുറേ കോശങ്ങൾ നശിക്കാനിടയാകും. അപ്പോൾ ആ ഡാമേജ് പരിഹരിക്കാനും പുതിയ കോശങ്ങൾ നിർമ്മിക്കാനും ആവശ്യമായ പോഷകഘടകങ്ങൾ അവിടെ കേന്ദ്രീകരിക്കും. കൂട്ടത്തിൽ കൊളസ്ട്രോളും ഉണ്ടാകും. അതും വേണമല്ലൊ.  ശരീരത്തിനു പുറത്ത് എവിടെയെങ്കിലും ചെറിയൊരു മുറിവ് ഉണ്ടായാലും ഇതൊക്കെ തന്നെയാണ്  നടക്കുന്നത്. പുറത്തെ മുറിവ് ഉണങ്ങിയാൽ അവിടെ ഒരു പൊറ്റയുണ്ടാകും അല്ലേ? ആ പൊറ്റ പിന്നെ അടർന്ന് പോകും. പക്ഷെ ധമനിയിൽ അത് പ്ലാക്ക് ആയും അതറോസ്ക്ലിറോസ് ആയും മാറുന്നു. 

അതായത് ധമനിയിലെ ബ്ലോക്കിനു കാരണം ഡാമേജും ഇൻഫ്ലമേഷനും ആണ്.  ഡാമേജ് ഉണ്ടാകാനള്ള കാരണം അമിതമായ പുകവലിയും സ്ഥിരമായ മനസ്സിന്റെ പിരിമുറുക്കം ഒക്കെയാകാം. അതൊക്കെ വ്യക്തിഗതമാണ്. കൊളസ്ട്രോൾ വില്ലൻ അല്ല എന്നും നമ്മുടെ മിത്രം ആണെന്നും മേല്പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാമല്ലൊ. ഹാർട്ട് സർജറികളെ പറ്റി മറ്റൊരു പോസ്റ്റിൽ എഴുതാം.