Pages

അലോപ്പതി എന്നൊരു ചികിത്സ ഇല്ല

അലോപ്പതി എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് ഒരു സുഹൃത്ത്‌ ചോദിച്ചിരുന്നു. ഇന്ന് പ്രത്യേകിച്ച്‌ ഒരർത്ഥവും പ്രസക്തിയും ആ വാക്കിനു ഇല്ലെങ്കിലും മോഡേൺ മെഡിസിനെ പറ്റി പരാമർശിക്കാൻ ആ വാക്കാണു പരക്കെ ഉപയോഗിക്കുന്നത്‌ എന്നതിനാൽ വിശദമായ മറുപടി എഴുതുകയാണു.

മനുഷ്യൻ ഉണ്ടായ കാലം തൊട്ടേ രോഗങ്ങളും ഉണ്ട്‌. രോഗത്തിനു ചികിത്സ കണ്ടുപിടിക്കാൻ ഓരോ കാലത്തും ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്‌. ഓരോ രാജ്യത്തും ആളുകളുടെ ഊഹവും നിഗമനങ്ങളും അടിസ്ഥാനമാക്കിയാണു ഓരോ ചികിത്സയും രൂപപ്പെട്ടത്‌. പച്ചിലകളും വേരുകളും തണ്ടുകളും എന്ന് വേണ്ട പല സാധനങ്ങളും മരുന്നുകളായി ഉപയോഗിച്ചു. മന്ത്രവാദം മുതൽ ബാധയൊഴിപ്പിക്കൽ വരെ നടത്താറുണ്ടായിരുന്നു. എന്നാൽ പൊതുവെ ഒന്നിനെ കുറിച്ചും ആളുകൾക്ക്‌ വസ്തുനിഷ്ടമായ അറിവുകൾ ഇല്ലായിരുന്നു. അനുഭവങ്ങളെയും അനുമാനങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു എല്ലാ അറിവുകളും. മോഡേൺ സയൻസ്‌ വികാസം പ്രാപിക്കുന്നത്‌ വരെ ഇതായിരുന്നു അവസ്ഥ.

ഗ്രീക്ക്‌ ആരോഗ്യചിന്തകനായ ഹിപ്പോക്രാറ്റ്‌സ്‌ രോഗം ഭേദമാകുന്നതിനു രണ്ട്‌ നിയമങ്ങൾ ഉണ്ട്‌ എന്ന് പറഞ്ഞു വെച്ചിരുന്നു. The Law of Opposites and the Law of Similars. അതായത്‌ ചികിത്സയുടെ വിപരീതനിയമവും സാമ്യ നിയമവും. ഹിപ്പോക്രാറ്റ്‌സിനെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്‌ എന്ന് ഇന്നും തെറ്റായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്‌. അത്‌   ശരിയല്ല എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.

ശാമുവൽ ഹാനിമാൻ രോഗങ്ങളെ കുറിച്ചും ചികിത്സയെ കുറിച്ചും ചിന്തിച്ചുകൊണ്ടിരുന്ന ജർമ്മൻ ഭിഷഗ്വരനായിരുന്നു. അക്കാലത്ത്‌ മലേറിയ ബാധിച്ച രോഗികൾക്ക്‌ സിങ്കോണ എന്ന ഒരു വൃക്ഷത്തിന്റെ പട്ട (തൊലി) ആയിരുന്നു മരുന്നായി കൊടുത്തുകൊണ്ടിരുന്നത്‌. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിക്കണം. പല വിധ മരുന്നും ചികിത്സാ സമ്പ്രദായങ്ങളും  ഉണ്ടായിരുന്നെങ്കിലും ശരീരം സ്വയം മാറ്റുന്ന രോഗങ്ങൾ മാറുന്നതും അല്ലാത്ത രോഗങ്ങൾ മൂലം രോഗികൾ ചത്തൊടുങ്ങുന്നതും പണ്ട്‌ കാലത്ത്‌ പതിവായിരുന്നു.

ഒരു നാൾ ഹാനിമാൻ ഈ സിങ്കോണ മരത്തിന്റെ തോലു തിന്നു നോക്കുന്നു. അപ്പോൾ അദ്ദേഹത്തിനു വിറയലും തലവേദനയും പനി പോലെയും ഉണ്ടാകുന്നു. ഏകദേശം മലേറിയയുടെ ലക്ഷണങ്ങൾ. ആ അനുഭവത്തിൽ നിന്നാണു ഹോമിയോപ്പതി എന്ന (വ്യാജ) വൈദ്യശാസ്ത്രം പിറവിയെടുക്കുന്നത്‌. അതായത്‌ രോഗിക്ക്‌ കൊടുക്കുന്ന പദാർത്ഥം ആരോഗ്യമുള്ളയാൾക്ക്‌ കൊടുത്താൽ രോഗിയുടെ അതേ ലക്ഷണം ആരോഗ്യമുള്ളയാൾക്കും ഉണ്ടാകും. അപ്പോൾ രോഗങ്ങൾക്ക്‌ മരുന്നുകൾ കണ്ടുപിടിക്കാൻ ഹാനിമാന്റെ മുന്നിൽ നൂതനമായ മാർഗ്ഗം തെളിഞ്ഞു വന്നു. എതേല്ലാം രോഗങ്ങൾക്ക്‌ ഏതെല്ലാം ലക്ഷണങ്ങൾ രോഗിയിൽ ഉണ്ടാകുമോ അതേ ലക്ഷണങ്ങൾ ആരോഗ്യമുള്ള വ്യക്തികളിൽ സൃഷ്ടിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ കണ്ടുപിടിക്കുക. ആ പദാർത്ഥം ആ ലക്ഷണമുള്ള രോഗിക്ക്‌ കൊടുത്താൽ മതിയല്ലൊ. ആ നിലയിൽ ഹാനിമാരും കൂട്ടരും ഗവേഷണം നടത്തി കുറേ പദാർത്ഥങ്ങൾ കണ്ടുപിടിച്ചു. അതാണു ഹോമിയോ മരുന്നുകൾ. ആരോഗ്യമുള്ള വ്യക്തിയിൽ രോഗലക്ഷണം ഉണ്ടാക്കുന്നതും രോഗലക്ഷണം ഉള്ള വ്യക്തിയിൽ ലക്ഷണം ഇല്ലാതാക്കുന്നതുമായ പദാർത്ഥങ്ങൾ. ഈ ഗവേഷണങ്ങൾ നടത്തുമ്പോൾ ലക്ഷണമുണ്ടാക്കാൻ കൊടുക്കുന്ന പദാർത്ഥങ്ങൾ ചിലരിൽ അലർജ്ജിക്ക്‌ നിമിത്തമായി. അപ്പോൾ ഹാനിമാൻ മറ്റൊരു മാർഗ്ഗം പരീക്ഷിച്ചു. ലക്ഷണമുണ്ടാക്കുന്ന പദാർത്ഥങ്ങൾ നേർപ്പിക്കുക. അതിൽ താൻ വിജയിച്ചതായി ഹാനിമാൻ സ്വയം വിശ്വസിച്ചു.

അങ്ങനെ ഹാനിമാൻ അക്കാലത്തെ തന്റെ തികച്ചും നൂതനമായ ചികിത്സാപദ്ധതിക്ക്‌ ഹോമിയോപ്പതി എന്ന് പേരിട്ടു. ഹോമിയോ (Homoeo) എന്നാൽ ഗ്രീക്ക്‌ ഭാഷയിൽ സാമ്യം എന്നാണർത്ഥം. സാമ്യം കൊണ്ട്‌ സാമ്യത്തെ ഇല്ലാതാക്കുന്ന ചികിത്സ ആണെന്ന് അവകാശപ്പെട്ടുകൊണ്ടാണു ഹാനിമാൻ തന്റെ കണ്ടുപിടുത്തത്തിനു ഹോമിയോപ്പതി എന്ന് നാമകരണം ചെയ്തത്‌. ഹിപ്പോക്രാറ്റ്‌സിന്റെ സാമ്യ-വിപരീത നിയമത്തിൽ നിന്നാണു ഹാനിമാൻ ഈ പേരു സ്വീകരിക്കുന്നത്‌.

അലോ (Allo) എന്നാൽ ഗ്രീക്ക്‌ ഭാഷയിൽ വിപരീതം, വ്യത്യാസം എന്നൊക്കെയാണു അർത്ഥം. അതുകൊണ്ട്‌ അന്ന് ജർമ്മനിയിൽ നിലവിരുന്ന മേറ്റ്ല്ലാ ചികിത്സകൾക്കും ഹാനിമാൻ അലോപ്പതി  എന്ന് പേരിട്ടു.  അതായത്‌ വിപരീത ചികിത്സ. ഈ സമ്പ്രദായത്തിൽ ഹാനിമാന്റെ അഭിപ്രായത്തിൽ ലക്ഷണത്തെ മാറ്റാൻ രോഗിക്ക്‌ നേരിട്ടാണു മരുന്ന് എന്ന പദാർത്ഥം കൊടുക്കുന്നത്‌. അങ്ങനെ ചികിത്സയെ ഹാനിമാൻ ഹോമിയോപ്പതി  എന്നും അലോപ്പതി രണ്ടായി വർഗ്ഗീകരിച്ചു. നിലവിലുള്ള  പാരമ്പര്യരീതി  അലോപ്പതി ആണെന്നും  തന്റെ നവീന രീതിയായ ഹോമിയോപ്പതിയാണു ശാസ്ത്രീയം എന്നും ഹാനിമാൻ  വാദിച്ചു.

ഹാനിമാൻ അലോപ്പതി എന്ന് വിവക്ഷിച്ചത്‌ അന്ന് നിലവിലുള്ള പ്രാകൃത ചികിത്സാ സമ്പ്രദായത്തെ ആയിരുന്നു എന്നും ഇന്നത്തെ മോഡേൺ മെഡിസിനെ അല്ല എന്നും  ഓർക്കണം. കാരണം അന്ന് മോഡേൺ മെഡിസിൻ എന്നൊന്ന് തുടക്കം കുറിച്ചിട്ട്‌ പോലും ഇല്ലായിരുന്നു. രോഗം ഉണ്ടാകുന്ന കാരണത്തെ പറ്റി അന്വേഷണം നടത്തുന്നവർ ഇരുട്ടിൽ തപ്പുന്ന കാലമായിരുന്നു അത്‌. പിന്നീട്‌ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയാത്ത, മൈക്രോസ്കോപ്പ്‌ കൊണ്ട്‌ മാത്രം കാണാൻ കഴിയുന്ന സൂക്ഷ്മജീവികൾ ഭൂമിയിൽ ഉണ്ടെന്നും അവയാണു പകർച്ചവ്യാധികൾ ഉണ്ടാക്കുന്നത്‌ എന്നും ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചതിനു ശേഷമാണു മോഡേൺ മെഡിസിൻ ജനിക്കുന്നത്‌.

കൽക്കത്തയിൽ എങ്ങനെയോ എത്തിയ ഹോമിയോപ്പതി പിന്നെ ഇന്ത്യയിൽ പതുക്കെ പ്രചരിക്കാൻ തുടങ്ങി. ആ ഹോമിയോക്കാരാണു ഇന്ത്യയിൽ ഇംഗ്ലീഷ്‌ ചികിത്സ എന്ന പേരിൽ പ്രചരിച്ചുകൊണ്ടിരുന്ന മോഡേൺ മെഡിസിനെ അലോപ്പതി എന്ന്  വിളിക്കാൻ തുടങ്ങിയത്‌. പിന്നീട്‌ അടുത്ത കാലത്താണു ഇംഗ്ലീഷ്‌ മരുന്ന് എന്നതിനു പകരം അലോപ്പതി മരുന്ന് എന്ന് ആളുകൾ പറയാൻ തുടങ്ങിയത്‌. അലോപ്പതി എന്ന വാക്കിനു ഒരർത്ഥവും ഇല്ല എന്ന് മാത്രമല്ല ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണു. അതുകൊണ്ട്‌ ആ പദം എല്ലാവരും വർജ്ജിക്കണം.