Pages

ജൈവകൃഷി എന്ന് പറയുന്നത് വിഢിത്തം

ജൈവകൃഷി എന്നൊരു കൃഷി ഇല്ല. ആ പ്രയോഗം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണു. ഏത് വിഢിയാണു ഈ വാക്ക് കണ്ടുപിടിച്ചത് എന്നറിയില്ല. കൃഷി ഒന്നേയുള്ളൂ, അത് കൃഷി തന്നെയാണു. ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയും.

കാട്ടിലൊക്കെ മരങ്ങൾക്ക് ആരും വളം ഇടുന്നില്ല. അവയ്ക്കൊക്കെ ആവശ്യമായ വളങ്ങൾ മണ്ണിൽ നിന്ന് കിട്ടുന്നുണ്ട്. കൂടാതെ മരങ്ങളിലെ ഇലകളും മറ്റും അവിടെ തന്നെ വീണ് വീണ്ടും മണ്ണിൽ കലർന്നു റിസൈക്കിൾ ആയി വൃക്ഷങ്ങൾക്ക് തന്നെ ഉപയോഗിക്കാൻ കഴിയുന്നു. വളം എന്ന വാക്കാണു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. അങ്ങനെയാണു ജൈവവളം എന്നും കൃത്രിമവളം എന്നൊക്കെ തെറ്റിദ്ധാരയുണ്ടാകുന്നത്. ജൈവം എന്നും കൃത്രിമം എന്നും രണ്ട് തരം വളങ്ങൾ ഇല്ല. വളം ഒന്നേയുള്ളൂ. വളം എന്നാൽ ചെടികൾക്ക് ആവശ്യമുള്ള ഭക്ഷണം എന്നും പറയാം. എന്തൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നതാണു രണ്ടാമത്തെ ചിത്രത്തിലെ ഒന്നാം പട്ടികയിൽ കൊടുത്തിരിക്കുന്നത്. ഹൈഡ്രജൻ മുതൽ മൊളിബ്‌ഡിനം വരെ 16 മൂലകങ്ങളുടെ പേരുകൾ അതിൽ കാണാം. അത് മാത്രമാണു എല്ലാ സസ്യ-വൃക്ഷ-ലാതാദികൾക്കും ആവശ്യമുള്ള വളം അല്ലെങ്കിൽ ഭക്ഷണം. ഇപ്പറഞ്ഞ 16 മൂലകങ്ങളിൽ കാർബണും ഓക്സിജനും ഹൈഡ്രജനും അങ്ങനെ മൂന്നെണ്ണം അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നുമാണു കിട്ടുന്നത്. ബാക്കി 13 മൂലകങ്ങളാണു മണ്ണിൽ നിന്ന് കിട്ടുന്നത്.
എന്നാൽ ഈ മൂലകങ്ങൾ പതിമൂന്നും അതാത് മൂലകങ്ങളായി നേരിട്ടല്ല മണ്ണിൽ നിന്ന് ചെടികളുടെ വേരുകൾ വലിച്ചെടുക്കുന്നത്. മൂലകങ്ങൾ ചേർന്ന് സംയുക്തങ്ങളായി എന്നിട്ട് അവയിൽ നിന്ന് എലക്ട്രോണുകൾ നഷ്ടപ്പെടുകയോ കൂടിച്ചേരുകയോ ചെയ്ത് അയണുകളായി മാറി ജലവും ആയി ചേർന്ന ലായനിയായിട്ടാണു വേരുകൾ വലിച്ചെടുക്കുന്നത്. ഒന്നാമത്തെ ചിത്രം അതാണു കാണിക്കുന്നത്. പ്രധാന വേരുകളിൽ നിന്ന് മുളയ്ക്കുന്നു ചെറുവേരുകൾ റൂട്ട് ഹെയർ എന്ന് പറയും. അതിൽ കൂടിയാണു ഈ ലായനി വലിച്ചെടുക്കപ്പെടുന്നത്. രണ്ടാമത്തെ ചിത്രം പട്ടിക രണ്ടിൽ അയണുകളായ സംയുക്തങ്ങളുടെ ഫോർമുല കൊടുത്തിട്ടുണ്ട്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണു ഇത് മാത്രമാണു വളം. ഇതിൽ ജൈവം എന്നും കൃത്രിമം എന്നും വേർതിരിക്കുന്നത് അസംബന്ധമാണു. ജൈവളത്തിലും ഇപ്പറഞ്ഞ മൂലകങ്ങളിൽ ചിലത് ഉണ്ടാകും. എന്നാൽ ചെടികൾക്ക് ഉപയോഗിക്കാൻ കഴിയും വിധം അത് വിഘടിക്കപ്പെട്ട് അയണുകളായി മാറണമെങ്കിൽ കുറേക്കാലം അതിൽ സൂക്ഷ്മജീവികൾ പ്രവർത്തിക്കണം. കൃത്രിമവളം എന്ന് പറയുന്നത് അസംബന്ധമാണു. ഉദാഹരണം പറയാം. സസ്യങ്ങൾക്ക് കൂടുതലായി വേണ്ടത് നൈട്രജൻ ആണു. പാറ പൊടിഞ്ഞ് ഉണ്ടായ മണ്ണിൽ നൈട്രജൻ ഇല്ല. മറ്റ് ധാതുമൂലകങ്ങൾ ഉണ്ട്. എന്നാൽ അന്തരീക്ഷവായുവിൽ 80 ശതമാനവും നൈട്രജൻ ആണു. ഈ നൈട്രജൻ ഇടിമിന്നൽ ഉണ്ടാകുന്ന വേളയിൽ ഓക്സിജനുമായി സംയോജിച്ച് നൈട്രിക്ക് ആസിഡായി രൂപാന്തരപ്പെട്ട് മണ്ണിൽ പതിക്കുന്നു. ചെടികൾക്ക് ആവശ്യമുള്ള നൈട്രജൻ അമോണിയം അയൺ ( NH₄ᐩ)എന്ന സംയുക്തമായിട്ട് മാത്രമേ ചെടി വലിച്ചെടുക്കൂ. മണ്ണിലെ ചില സൂഷ്മജീവികൾ നൈട്രിക് ആസിഡിനെ അമോണിയ ആക്കി മാറ്റുന്നു. ഇതിനെ നൈട്രജൻ ഫിക്സേഷൻ എന്നാണു പറയുന്നത് ആ അമോണിയ ജലവുമായി ചേരുമ്പോൾ അമോണിയം അയൺ ലായനിയായി മാറുന്നു. വായുവിലെ നൈട്രജൻ തന്നെയാണു ഫാക്ടറികളിൽ യൂറിയ നിർമ്മിക്കാനും ഉപയോഗിക്കുന്നത്. അല്ലാതെ നൈട്രജൻ കൃത്രിമമായി നിർമ്മിക്കുന്നില്ല. യൂറിയ മണ്ണിൽ ഇട്ടാൽ ജലവുമായി സമ്പർക്കത്തിലാവുമ്പോൾ അത് അമോണിയം അയൺ ആയി മാറുന്നു. ചുരുക്കി പറഞ്ഞാൽ അന്തരീക്ഷത്തിലോ ഭൂമിയിലോ ഉള്ള പദാർത്ഥങ്ങളിൽ നിന്ന് തന്നെയാണു കൃത്രിമമായി വളം നിർമ്മിക്കുന്നത്. കൃത്രിമമായി നിർമ്മിക്കുക എന്ന് പറഞ്ഞാൽ പ്രകൃതിയിലെ മൂലകങ്ങൾ ഫാക്ടറികളിൽ വെച്ച് സംയോജിപ്പിക്കുന്നു എന്നേയുള്ളൂ. മനുഷ്യൻ ഒന്നും കൃത്രിമമായി നിർമ്മിക്കുന്നില്ല. ഉള്ളതിനെ രൂപമാറ്റം വരുത്തുന്നു എന്നേയുള്ളൂ. ഒരേ സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ചില മൂലകങ്ങൾ മണ്ണിൽ കുറഞ്ഞു പോകും. കാരണം മണ്ണിൽ നിന്ന് ഉണ്ടാകുന്നത് നമ്മൾ വിളവെടുത്ത് പോവുകയാണു. അപ്പോൾ കുറവുള്ള മൂലകം മണ്ണിൽ തിരിച്ച് നിക്ഷേപിക്കണം. അതുകൊണ്ടാണു വളം അഥവാ മൂലകങ്ങൾ മണ്ണിൽ ഇടേണ്ടി വരുന്നത്. സാധാരണഗതിയിൽ അധിക അളവിൽ ചെടികൾക്ക് വേണ്ടതായ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസിയം എന്നിങ്ങനെ മൂന്ന് മൂലകങ്ങൾ ആണു കുറവ് വരിക. വളരെ കുറവേ ആവശ്യമുള്ളൂ എങ്കിലും ട്രേസ് എലമെന്റ്സും പ്രധാനമാണു. ഉദാഹരണത്തിനു മൊളിബ്‌ഡിനം എന്ന മൂലകം ഇല്ലെങ്കിൽ നൈട്രജൻ ഫിക്സേഷൻ നടക്കില്ല്ല. ഇതൊക്കെ പരിഹരിക്കാനാണു ശാസ്ത്രം മണ്ണ് പരിശോധനയും രാസവളങ്ങളും കണ്ടുപിടിച്ചത്. രാസവളങ്ങൾ വിഷം ആണെന്ന് പറയുന്നവൻ വെറും പമ്പരവിഢി മാത്രമല്ല സാമൂഹ്യദ്രോഹി കൂടിയാണു. കാരണം അവൻ മനുഷ്യനെ തെറ്റിദ്ധരിപ്പിച്ച് സത്യത്തിൽ നിന്ന് അകറ്റുകയാണു. ചെടികൾ നമുക്ക് വേണ്ടി ചെയ്യുന്നത് എന്തൊക്കെയാണു? ശരിക്ക് പറഞ്ഞാൽ ചെടികൾ അവയ്ക്ക് വേണ്ടി ആഹാരം നിർമ്മിക്കുകയും വളരുകയും നിലനിൽക്കുകയും ചെയ്യുന്നു എന്നേയുള്ളൂ. നമുക്ക് വേണ്ടി അവ ഒന്നും ചെയ്യുന്നില്ല. നമ്മളാണു അവയെ ഉപയോഗപ്പെടുത്തുന്നത്. നമ്മൾ മാത്രമല്ല ഭൂമിയിൽ ഏകകോശ ജീവികൾ മുതൽ ഏറ്റവും വലിയ ജീവിയായ ആന വരെ സസ്യങ്ങളെ ആശ്രയിച്ചിട്ടാണു ജീവിയ്ക്കുന്നത്. സസ്യങ്ങൾ ഇല്ലെങ്കിൽ ഈ ഭൂമിയിൽ ജന്തുവർഗങ്ങൾക്ക് നിലനിൽപ്പില്ല. എന്തുകൊണ്ടെന്നല്ലേ? എല്ലാ ജീവികൾക്കും ആഹാരം വേണമല്ലൊ. ആഹാരത്തിന്റെ ഏറ്റവും അടിസ്ഥാന യൂനിറ്റ് ഷുഗർ, പഞ്ചസാര, എന്നൊക്കെ പറയാവുന്ന ഗ്ളൂക്കോസ് ആണു. ഈ ഗ്ളൂക്കോസ് നിർമ്മിക്കാൻ കഴിയുന്നത് സസ്യങ്ങൾക്ക് മാത്രമാണു. ഗ്ളൂക്കോസ് എന്ന് പറഞ്ഞാൽ അതിന്റെ ഫോർമുല ഇതാണ് : C₆H₁₂O₆. 6 കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും ചേർന്ന സംയുക്തം. അന്തരീക്ഷത്തിൽ നിന്ന് കാർബൺഡൈ‌ഓക്സൈഡും മണ്ണിൽ നിന്ന് ജലവും സൂര്യപ്രകാശത്തിൽ നിന്ന് ഊർജ്ജവും ഇതിനായി സസ്യങ്ങൾ സ്വീകരിക്കുന്നു. സസ്യങ്ങൾക്ക് മാത്രമേ ഇത് കഴിയൂ. സൂര്യനിൽ നിന്ന് സ്വീകരിക്കുന്ന ഊർജ്ജം ഗ്ളൂക്കോസ് തന്മാത്രയിൽ ചെടികൾ സൂക്ഷിക്കുന്നു. ഗ്ളൂക്കോസ് പിന്നെ സെല്ലുലോസ് ആയും സ്റ്റാർച്ച് ആയും ഒക്കെ മാറ്റി ചെടികൾ അവയുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നു. ചെടികൾ സൂര്യപ്രകാശത്തിൽ നിന്ന് എടുക്കുന്ന ഊർജ്ജമാണു മനുഷ്യനും ഭൂമിയിലെ മറ്റെല്ലാ ജീവികളും അവയുടെ ഊർജ്ജാവശ്യത്തിനായി ഉപയോഗിക്കുന്നത്.

കൊളസ്ട്രോൾ എന്നാൽ എന്ത് ?

കൊളസ്ട്രോൾ എന്ന് കേട്ടാൽ പേടിക്കാത്ത ആരും ഇന്നില്ല. അതിനു കാരണം രക്തത്തിൽ കൊളസ്ട്രോൾ അധികമായാൽ അത് ഹൃദയ ധമനികളിൽ കട്ട പിടിച്ച് ഹൃദ്രോഗമോ  സ്ട്രോക്കോ ഉണ്ടാക്കും എന്ന ഭീതിയാണു. ഈ ഭീതിക്ക് ശരിക്ക് പറഞ്ഞാൽ സയന്റിഫിക് ആയ തെളിവുകൾ ഇതുവരെയിലും ഇല്ല. ആൻസൽ ബെഞ്ചമിൻ കീസ്  (Ancel Benjamin Keys) എന്ന അമേരിക്കൻ ഫിസിയോളജിസ്റ്റിന്റെ ഒരു ഹൈപ്പോതീസീസ് മെഡിക്കൽ രംഗത്തുള്ളവരും നമ്മളും ഇപ്പോഴും വിശ്വസിക്കുന്നു എന്ന് മാത്രം. അതുകൊണ്ട് ഈ വിശ്വാസം ഒരു തർക്കവിഷയമായി ഇപ്പോഴും തുടരുകയാണു. പല ഡോക്ടർമാരും ഈ ഹൈപ്പോതീസീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. എന്താണു കൊളസ്ട്രോൾ എന്ന് നോക്കാം. എല്ലാവർക്കും അറിയാവുന്നത് പോലെ ഒരുതരം കൊഴുപ്പാണു കൊളസ്ട്രോൾ. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിങ്ങനെ മൂന്ന് തരം മൂലകങ്ങൾ വ്യത്യസ്ത അനുപാതത്തിൽ ചേർന്നിട്ടാണു ഏത് തരം കൊഴുപ്പും ഉണ്ടാകുന്നത്. കൊഴുപ്പ് മാത്രമല്ല സ്റ്റാർച്ച് , ഗ്ലൂക്കോസ് എന്നിവയെല്ലാം ഈ മൂന്ന് മൂലകങ്ങൾ ചേന്നതാണ്. കൊളസ്ട്രോളിന്റെ കെമിക്കൽ ഫോർമുല ഇങ്ങനെയാണ് : C₂₇H₄₆O. അതായത് കൊളസ്ട്രോളിന്റെ ഒരു തന്മാത്രയിൽ 27 കാർബൺ ആറ്റവും, 46 ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവുമാണുള്ളത്. 

നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലിവർ ആണു കൊളസ്ട്രോൾ നിർമ്മിക്കുന്നത്. രക്തത്തിൽ ഉള്ള ആകെ കൊളസ്ട്രോളിൽ 80 ശതമാനവും ഇങ്ങനെ ലിവർ നിർമ്മിക്കുന്നു എന്നാണു കണക്കാക്കിയിട്ടുള്ളത്. ബാക്കി 20 ശതമാനം കൊളസ്ട്രോൾ മാംസം,മുട്ട, മത്സ്യം എന്നിവയിൽ നിന്ന് നേരിട്ട് ലഭിക്കുന്നു. നേരിട്ട് ലഭിക്കുന്നു എന്ന് പറയാൻ കാരണമുണ്ട്. മറ്റ് ആഹാരഘടകങ്ങൾ നമ്മുടെ ചെറുകുടലിൽ വെച്ച് ദഹിച്ച് ലഘുതന്മാത്രകൾ ആയിട്ടാണു രക്തത്തിൽ കലരുക. ഉദാഹരണത്തിനു മറ്റ് കൊഴുപ്പുകൾ ഫാറ്റി ആസിഡുകളായും പ്രോട്ടീൻ അമിനോ ആസിഡുകളായും സ്റ്റാർച്ച് ഗ്ലൂക്കോസ് ആയും വിഘടിച്ച് ലഘുതന്മാത്രകൾ ആയാൽ മാത്രമേ രക്തത്തിൽ കലരുകയുള്ളൂ. കൊളസ്ട്രോൾ എന്ന കൊഴുപ്പ് ഒരു അടിസ്ഥാന യൂനിറ്റ് ആണു. അതുകൊണ്ട് ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന കൊളസ്ട്രോൾ ചെറുകുടലിൽ വെച്ച് പിത്തരസത്തിലെ വർണ്ണകവുമായി യോജിച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഭക്ഷണത്തിൽ അധികം കൊളസ്ട്രോൾ ഉണ്ടായാൽ രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കും എന്നതിനു തെളിവില്ല. അപ്പോൾ ലിവർ കൊളസ്ട്രോളിന്റെ ഉല്പാദനം കുറക്കും. അതുപോലെ ഭക്ഷണത്തിൽ കൊളസ്ട്രോൾ കുറഞ്ഞാൽ ലിവർ അധികം കൊളസ്ട്രോൾ ഉല്പാദിപ്പിക്കും. 

ശരി, ശരീരത്തിൽ കൊളസ്ട്രോളിന്റെ ആവശ്യമെന്താണ്? വിറ്റാമിൻ ഡി യും ഈസ്ട്രജൻ മുതലായ ചില ഹോർമോണുകളും പിത്തരസവും എല്ലാം ശരീരത്തിൽ നിർമ്മിക്കുന്നതിനു കൊളസ്ട്രോൾ വേണം. എന്നാൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ശരീരകോശങ്ങളുടെ ബാഹ്യാവരണമായ കോശസ്തരത്തിന്റെ നിർമ്മിതിക്ക് കൊളസ്ട്രോൾ വേണം എന്നതാണു. കൊളസ്ട്രോൾ ഇല്ലായിരുന്നെങ്കിൽ ഓരോ കോശവും കട്ടിയുള്ള ബ്ളോക്കുകൾ പോലെ ആയിപ്പോയേനേ. ശരീരത്തിന്റെ അടിസ്ഥാന യൂനിറ്റാണു കോശം. ഓരോ കോശവും സ്വതന്ത്രമായാണു പ്രവർത്തിക്കുന്നത്. ഒരാളുടെ ശരീരത്തിൽ 100 ട്രില്ല്യൻ കോശങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. കോശങ്ങളെ വേർതിരിക്കുന്നത് ഓരോ കോശത്തിന്റെയും കോശസ്തരമാണു. ഈ സ്തരത്തിലൂടെ കോശത്തിലേക്ക് ആവശ്യമുള്ള പദാർത്ഥങ്ങൾ കടക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന മാലിന്യങ്ങൾ പുറത്തേക്ക് പോവുകയും ചെയ്യുന്നു. അപ്പോൾ കൊളസ്ട്രോളിന്റെ പ്രാധാന്യം മനസ്സിലായല്ലൊ. ജന്തുകോശങ്ങളുടെ കോശസ്തരങ്ങളിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. സസ്യകോശങ്ങളിൽ ഇല്ല. അതുകൊണ്ട് സസ്യാഹാരത്തിൽ നിന്ന് നമുക്ക് കൊളസ്ട്രോൾ കിട്ടുന്നില്ല. 

രക്തത്തിൽ ആണല്ലോ കൊളസ്ട്രോൾ ഉള്ളത്. അത് ലിവർ ഉല്പാദിപ്പിച്ച് രക്തത്തിലേക്ക് ചേരുകയാണെന്നും മനസ്സിലാക്കി. ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന കൊളസ്ട്രോളും ലിവറിൽ തന്നെയാണു പോകുന്നത്. ശരിക്കും ഈ രക്തത്തിന്റെ റോൾ എന്താണു? ശരീരത്തിലെ ട്രാൻസ്പോർട്ട് സർവ്വീസ് ആണു രക്തം. കോശങ്ങൾക്ക് ആവശ്യമുള്ള എല്ലാ പദാർത്ഥങ്ങളും നാം ശ്വസിക്കുന്ന വായുവിലെ ഓക്സിജൻ അടക്കം കോശങ്ങളിൽ എത്തിക്കുന്നത് രക്തമാണു. മാത്രമല്ല, കോശങ്ങളിൽ നടക്കുന്ന ജൈവപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അവ ലിവറിലേക്കും കിഡ്‌നിയിലേക്കും വഹിച്ചു പോകുന്നതും രക്തം തന്നെ. കൊളസ്ട്രോൾ അതേ പടി വഹിച്ചു കൊണ്ടു പോകാൻ രക്തത്തിനു കഴിയില്ല്ല. കാരണം കൊളസ്ട്രോൾ കൊഴുപ്പാണു. അത് ജലത്തിൽ അലിയില്ല. രക്തത്തിൽ ജലം ഉണ്ടല്ലൊ. അപ്പോൾ കൊളസ്ട്രോൾ രക്തത്തിൽ കലർന്നാൽ അത് ഉരുണ്ടുകൂടി കട്ടയായിപ്പോകും. അതുകൊണ്ട് ഒരു തരം പ്രോട്ടീൻ ആണു അഥവാ ആ പ്രോട്ടീനിന്റെ ആവരണത്തിനകത്താണു കൊളസ്ട്രോൾ രക്തത്തിലൂടെ സഞ്ചരിക്കുന്നത്. കൊളസ്ട്രോളും പ്രോട്ടീനും ചേർന്ന ഇതിനെ ലിപ്പോപ്രോട്ടീൻ എന്ന് പറയുന്നു. 

രണ്ട് തരം ലിപ്പോപ്രോട്ടീൻ ആണുള്ളത്. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനും (LDL) ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീനും (HDL). സാധാരണയായി രണ്ട് തരം കൊളസ്ട്രോൾ എന്നാണു എല്ലാവരും പറഞ്ഞു വരുന്നത്. അത് തെറ്റിദ്ധാരണാജനകമാണു എന്നത് കൊണ്ടാണു രണ്ട് തരം ലിപ്പോപ്രോട്ടീൻ എന്ന് ഞാൻ പറയുന്നത്. അതുപോലെ LDL എന്നാൽ ചീത്ത കൊളസ്ട്രോളും  HDL എന്നാൽ നല്ല കൊളസ്ട്രോളും എന്നും പറയപ്പെടുന്നു. ഞാൻ അതും തള്ളിക്കളയുകയാണു. LDL എന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനിൽ കൊളസ്ട്രോൾ അധികവും പ്രോട്ടീൻ കുറവും ആയിരിക്കും. HDL എന്ന ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീനിൽ കൊളസ്ട്രോൾ കുറവും പ്രോട്ടീൻ കൂടുതലും ആയിരിക്കും. അതാണു വ്യത്യാസം. അതിന്റെ കാരണം എന്തെന്നല്ലേ? LDL ആണു കൊളസ്ട്രോളിനെ ഓരോ കോശത്തിലും സപ്ലൈ ചെയ്യുന്നത്. അപ്പോൾ അതിൽ കൊളസ്ട്രോൾ കൂടുതൽ വേണമല്ലൊ. കോശങ്ങളിൽ അധികം വരുന്ന കൊളസ്ട്രോളിനെ സ്വീകരിച്ച് വീണ്ടും ഉപയോഗിക്കാനായി ലിവറിലേക്ക് എടുത്തുകൊണ്ട് പോവുക എന്നതാണു HDL ചെയ്യുന്നത്. അപ്പോൾ അതിൽ കൊളസ്ട്രോൾ കുറവും പ്രോട്ടീൻ കൂടുതലും ഉണ്ടാകുമല്ലൊ. ഇതിൽ നല്ലത് ചീത്ത എന്ന് വ്യത്യാസമില്ല. ചുരുക്കി പറഞ്ഞാൽ LDL കോശങ്ങളിൽ കൊളസ്ട്രോൾ നിക്ഷേപിക്കുന്നു. HDL മിച്ചമുള്ള കൊളസ്ട്രോൾ കോശങ്ങളിൽ നിന്ന് എടുത്തുകൊണ്ടുപോകുന്നു. 

കൊളസ്ട്രോളിനു പിന്നെയും പല ധർമ്മങ്ങളും ശരീരത്തിൽ ചെയ്യാനുണ്ട്. അതൊന്നും വിസ്തരിക്കുന്നില്ല. പൊതുവെ രക്തത്തിൽ LDL-ഉം  HDL-ഉം തമ്മിലുള്ള അനുപാതത്തിൽ LDL അധികമാണെങ്കിൽ റിസ്ക് കൂടുതലാണു. ഉദാഹരണത്തിനു LDL:HDL = 5:1 അല്ലെങ്കിൽ LDL അതിലും അധികം ആണെങ്കിൽ റിസ്ക് ആണു. അതേ പോലെ അനുപാതം LDL:HDL = 3:1 ആണെങ്കിൽ വളരെ ഹെൽത്തി ആയിരിക്കും. ഉദാഹരണത്തിനു കൊളസ്ട്രോൾ ചെക്ക് ചെയ്താൽ  LDL= 150 mg/dL and  HDL= 50 mg/dL ആണെങ്കിൽ വെരി ബെസ്റ്റ് ആണു. നമ്മൾ പറയുമ്പോൾ LDL കൊളസ്ട്രോൾ എന്നും  HDL കൊളസ്ട്രോൾ എന്നും സൗകര്യത്തിനു വേണ്ടി പറയുന്നതിൽ തെറ്റില്ല. പക്ഷെ അവ രണ്ട് തരം കൊളസ്ട്രോൾ ആണെന്ന് ധരിച്ചു പോകരുത്. കൊളസ്ട്രോളിനെ പറ്റി ഞാൻ വായിച്ച ലേഖനങ്ങളിലെല്ലാം തെറ്റിദ്ധരിപ്പിക്കും വിധം അങ്ങനെയാണു എഴുതിയിട്ടുള്ളത്. ഇത്രയും മനസ്സിരുത്തി വായിച്ച നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലായിരിക്കും എന്ന് കരുതുന്നു. 

നമ്മുടെ ഡയറ്റിൽ മുട്ടയുടെ പ്രാധാന്യത്തെ പറ്റി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. കൊളസ്ട്രോളിനെ ഭയന്ന് പലരും ഇക്കാലത്ത് മുട്ട ഒഴിവാക്കുകയാണു. ഏറ്റവും കുറഞ്ഞ ചെലവിൽ കിട്ടുന്ന ഏറ്റവും കൂടുതൽ പോഷക മൂല്യമുള്ള ഒരേയൊരു ആഹാരപദാർത്ഥമാണു മുട്ട. മുട്ട വിരിഞ്ഞു ഒരു കുഞ്ഞ് ആകുന്ന അത്ഭുതം കണ്ടിട്ടില്ലേ? ഒരേയൊരു കോശമുള്ള ഭ്രൂണത്തിനു ഒരു കുഞ്ഞായി വളരാനുള്ള മുഴുവൻ പോഷകഘടകങ്ങളും പായ്ക്ക് ചെയ്തതാണു മുട്ട. അപ്പോൾ അതിലുള്ള പോഷകങ്ങളെ കുറിച്ച് ഊഹിക്കാമല്ലൊ. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് കിട്ടാത്ത അപൂർവ്വമായ പല പോഷകഘടകങ്ങളും മുട്ടയിൽ ഉണ്ട്. ഉദാഹരണത്തിനു വിറ്റാമിൻ B₁₂, ഇത് പച്ചക്കറികളിൽ നിന്ന് കിട്ടുകയില്ല. തീർച്ചയായും മുട്ടയിലും കൊളസ്ട്രോൾ ഉണ്ട്. പേടിക്കാതെ കഴിക്കുക. കൊളസ്ട്രോളിന്റെ കാര്യം ലിവർ നോക്കിക്കോളും. കൊളസ്ട്രോൾ അല്ല ഇൻഫ്ലമേഷൻ ആണു ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് പല ഡോക്ടർമാരും കരുതുന്നുണ്ട്. സ്വയം പ്രതിരോധത്തിനു ശരീരം തന്നെ ഉണ്ടാക്കുന്നതാണു വീക്കം പോലുള്ള ഇൻഫ്ലമേഷൻ. എന്തായാലും രക്തത്തിലെ HDL കുറയാതെ നോക്കിയാൽ മതി എന്നാണു എനിക്ക് പറയാനുള്ളത്. 

രാജീവ് ഗാന്ധി സ്മാരകം; ശ്രീപെരമ്പത്തൂർ

ചെന്നൈ-ബെംഗളൂരു ദേശീയ പാതയില്‍ ശ്രീപെരുമ്പത്തൂരില്‍ 12 എക്കറില്‍ വ്യാപിച്ചു കിടക്കുന്ന രാജീവ് സ്മാരകം. ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 1991- ല്‍ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി രാജീവ്ഗാന്ധി ചെന്നൈയില്‍ എത്തുമ്പോള്‍ ഒരു ദേശീയ നേതാവിന്റെ അന്ത്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിശാഖപട്ടണത്തെ പ്രചാരണത്തിന് ശേഷം രാത്രിയോടെ ചെന്നൈയില്‍ എത്തുന്നു. രാത്രി ചെന്നൈയില്‍ എത്തി ശ്രീപെരുമ്പത്തൂരിലേക്കുള്ള യാത്ര. ശ്രീ പെരുമ്പത്തൂരിനിടയ്ക്ക് കത്തിപ്പാറയിലെ പ്രചാരണ യോഗത്തില്‍ പ്രസംഗം. ശ്രീ പെരുമ്പത്തൂരിലെത്തുമ്പോള്‍ രാത്രി പത്ത് മണി.കാറില്‍ നിന്നിറങ്ങി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാനായി സ്റ്റേജിലേക്ക് നടന്നു നീങ്ങുന്നു. സ്റ്റേജിലേക്ക് എത്തുന്നതിന് മുമ്പേ പലരും പൂക്കളും ബൊക്കെകളും നല്‍കി സ്വീകരിക്കുന്നു. ഇതിനിടയില്‍ തനുവും രാജീവ്ഗാന്ധിയുടെ സമീപത്തേക്ക് നടന്നുനീങ്ങുന്നു. ബൊക്കെ നല്‍കി കാല്‍ തൊട്ടു വന്ദിക്കുന്നതിനിടയില്‍ അരയ്ക്ക് കെട്ടിവച്ച ആര്‍.ഡി.എക്‌സ് പൊട്ടിത്തെറിച്ചുണ്ടായ വന്‍ സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധിയും 14 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നു. ഒരു ദേശീയ നേതാവിന്റെ അന്ത്യവാര്‍ത്ത കേട്ട് രാജ്യം നിശ്ചലമായി. ഒരു ദുരന്തത്തിന് സാക്ഷ്യംവഹിച്ച ശ്രീ പെരുമ്പത്തൂര്‍ ദേശീയ ഭൂപടത്തില്‍ കറുത്ത പൊട്ടായി മാറി. രാജീവ് ഗാന്ധി രക്തംവീണ ശ്രീ പെരുമ്പത്തൂരില്‍ അദേഹത്തിന്റെ സ്മാരകം ഉയര്‍ത്തിയിട്ടുണ്ട്. ചെന്നൈ-ബെംഗളൂരു ദേശീയ പാതയില്‍ ശ്രീപെരുമ്പത്തൂരില്‍ 12 എക്കറില്‍ വ്യാപിച്ചു കിടക്കുന്ന രാജീവ് സ്മാരകം 2003 ഒക്ടോബറില്‍ മുന്‍ രാഷ്ട്ര പതി ഡോ: എ.പി.ജെ.അബ്ദുള്‍കലാമാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. ഒരു സ്‌ക്വയറില്‍ പിങ്ക് ഗ്രാനൈറ്റിലാണ് രാജീവിന്റെ പ്രതിമ ഉയര്‍ത്തിയിരിക്കുന്നത്. രാജീവ് കൊല്ലപ്പെട്ട സ്ഥലത്ത് ഏഴ് ഗ്രാനൈറ്റ് പില്ലറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ധര്‍മം, ന്യായം, സത്യം, ത്യാഗം, സമൃദ്ധി,വിജ്ഞാന്‍,ശാന്തി എന്നിവ സങ്കല്പങ്ങളാക്കിയാണ് പില്ലറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഏഴ് പ്രശസ്ത നദികളായ ഗംഗ, യമുന, സിന്ധ്, നര്‍മദ, കാവേരി,ബ്രഹ്മപുത്ര,ഗോദാവരി എന്നിവയും പില്ലറിലൂടെ പ്രതിനിധാനം ചെയ്യുന്നു.