Pages

ചുംബനസമരം തുടരണം - കെ.വേണു

കപടസദാചാരത്തിനു ഒരു ഷോക്ക്ട്രീറ്റ്മെന്റ് ആയിരുന്നു കൊച്ചിയിലും കോഴിക്കോട്ടും നടന്ന ചുംബനസമരം.  അത്കൊണ്ടാണു സകല സദാചാരവാദികളെയും ആ സമരം വിറളി പിടിപ്പിച്ചത്. ഇനിയും ആ സമരം കേരളത്തിലെ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുമോ എന്നറിയില്ല. എങ്കിൽ തന്നെയും ലക്ഷ്യം ന്യായമാണു, അതിനാൽ സമരം തുടരണം എന്നാണു പ്രശസ്ത സാമൂഹ്യനിരീക്ഷകനായ കെ.വേണു അഭിപ്രായപ്പെടുന്നത്.  ചുംബനസമരത്തിലേക്ക് നയിച്ച സാമൂഹിക-സദാചാര പശ്ചാത്തലം കെ.വേണു സവിസ്തരമായി തന്നെ ഈ ലേഖനത്തിൽ പരിശോധിക്കുന്നു.






സ: പിണറായിയെ ധിക്കരിക്കുക !

പിണറായി സഖാവ് പറഞ്ഞത് സഖാക്കളും അത്ര കണക്കിലെടുക്കണ്ട. അദ്ദേഹത്തിനു ആശയ നവീകരണക്ഷമത ഉണ്ടാകില്ല. പാരമ്പര്യകമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് കാലത്തിനൊപ്പം സഞ്ചരിക്കാൻ കഴിയില്ല. ആശയരംഗത്ത് അച്ചടക്കവും കേന്ദ്രീകരണവും പറ്റില്ല. അത് സംഘടനാരംഗത്ത് മാത്രം മതി. നേതാവ് പറയുന്നത് അതേ പടി ഏറ്റുപറയുന്ന സംസ്ക്കാരം സഖാക്കൾ ഒഴിവാക്കണം. പാർട്ടിയിൽ കാറ്റും വെളിച്ചവും കടക്കട്ടെ. നേതാവിനു തെറ്റ് പറ്റാം. ഓരോരുത്തരും സ്വന്തം നിലയിൽ ചിന്തിക്കണം. ചിന്തിക്കുന്നത് പാർട്ടിയിലും പാർട്ടിക്ക് പുറത്തും പറയണം. ആശയസംഘട്ടനം പാർട്ടിയിലും സമൂഹത്തിലും നടക്കട്ടെ. പാർട്ടിയും സമൂഹവും നവീകരിക്കപ്പെടട്ടെ. കെട്ടിക്കിടക്കുന്നത് കൊണ്ടാണു ദുഷിക്കുന്നത്. പാർട്ടിയും സമൂഹവും വേറെയല്ല. പാർട്ടി സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന തുരുത്തുമല്ല.

സമൂഹത്തിനു വേണ്ടിയാണു പാർട്ടി. അല്ലെങ്കിൽ പാർട്ടി എന്തിനാ? സമൂഹതാല്പര്യമാണു സഖാക്കൾ ഉയർത്തിപ്പിടിക്കേണ്ടത്. കമ്മ്യൂണിസ്റ്റുകാരൻ സമൂഹത്തിന്റെ നേതാവായി ഉയരണം. പാർട്ടി നേതാവ് ആയാൽ പോര. പാർട്ടി ഒരു തുരുത്തല്ല. സമൂഹതാല്പര്യത്തിനു വിഭിന്നമായതോ വിരുദ്ധമായതോ ആയ താല്പര്യങ്ങൾ കമ്മ്യൂണിസ്റ്റുകാരനു പാടില്ല. സമൂഹത്തിന്റെ പുന:സൃഷ്ടിയാണു കമ്മ്യൂണിസ്റ്റുകാരന്റെ കടമ. സമൂഹത്തിലെ ജീർണ്ണതകൾ നിർമ്മാർജ്ജനം ചെയ്യാൻ കമ്മ്യൂണിസ്റ്റുകാരൻ തന്റെയുള്ളിലും പാർട്ടിയുടെ ഉള്ളിലും ഉള്ള അഴുക്കുകൾ ആദ്യം നീക്കം ചെയ്യണം. ഒറ്റയടിക്ക് കഴിയില്ല. ഈ ബോധം ഉണ്ടാവുകയും നിരന്തരം ശ്രമിക്കുകയും ചെയ്താൽ മതി. സമൂഹത്തിലെ സൽസ്വഭാവികൾ ആരെന്ന് ചോദിച്ചാൽ ആളുകൾക്ക് കമ്മ്യൂണിസ്റ്റുകാരനെ ചൂണ്ടിക്കാണിക്കാൻ കഴിയണം. അല്ലെങ്കിൽ പിന്നെ എന്തിനാ കമ്മ്യൂണിസ്റ്റ് ആകുന്നത്?

പാർട്ടി അധികാരവും ആശയപരമായ അപ്രമാദിത്വവും ഒരു പരമോന്നത നേതാവിൽ കേന്ദ്രീകരിച്ചതാണു കമ്മ്യൂണിസ്റ്റ് പാർട്ടികൾ തകരാൻ കാരണം. അത് കൊണ്ടാണു പാർട്ടി നേതാക്കളെ വിചാരണ ചെയ്യുക, പാർട്ടി ആസ്ഥാനത്തെ കടന്നാക്രമിക്കുക എന്ന് ഒരു ഘട്ടത്തിൽ മാവോ സേ തൂങ്ങിനു പറയേണ്ടി വന്നത്. സമൂഹവും പാർട്ടിയും അനവരതം പുതുപ്പിക്കപ്പെടണമെങ്കിൽ ജനാധിപത്യം പാർട്ടിയിലും സമൂഹത്തിലും പ്രവർത്തിക്കണം. താൻ അപ്രമാദിത്വമുള്ള വ്യക്തിയാണെന്ന് നേതാവിനു തോന്നിക്കൂട. സ്ഥാനത്തിന്റെ വലിപ്പം കൂടുമ്പോൾ ഒപ്പം വിനയവും കൂടണം. ഒരോ സ്ഥാനവും ഓരോ ചുമതലയാണു, അധികാരമല്ല. ലക്ഷ്യം സമൂഹത്തിന്റെ നവീകരണമാണു എന്ന് എപ്പോഴും ഓർമ്മ വേണം.

കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുത്തേണ്ടതുണ്ട്. ജനാധിപത്യമാർഗ്ഗത്തിലാണത് ചെയ്യേണ്ടത്. നേതാക്കളിൽ നിന്ന് കല്പനയല്ല താഴെക്ക് വരേണ്ടത്, സ്നേഹപൂർവ്വമായ ശാസനകളാണു. നമ്മുടെ രാജ്യം എല്ലാം കൊണ്ടും പിറകോട്ട് പോവുകയാണു. ഇത:പര്യന്തം നമ്മൾ ആർജ്ജിച്ച നവീനാശയങ്ങൾ തല്ലിക്കെടുത്താൻ പ്രതിലോമശക്തികൾ പലപല പേരുകളിൽ ഇൻസ്റ്റന്റായി അവതരിക്കുന്നു. ഇതിനു തടയിടാൻ പുരോഗമന മതേതര ജനാധിപത്യശക്തികൾ കൈകോർക്കണം. കമ്മ്യൂണിസ്റ്റുകാരും ഇതിൽ അണി ചേരണം.

സദാചാര പോലീസിങ്ങിനെതിരെ എല്ലാവരെയും അണിനിരത്താൻ ചുംബനസമരത്തിനു കഴിയില്ല എന്ന് പിണറായി പറഞ്ഞത് അദ്ദേഹം പാരമ്പര്യകമ്മ്യൂണിസ്റ്റ് ആയത് കൊണ്ടാണു. എല്ലാവരെയും അണിനിരത്തേണ്ട ആവശ്യമില്ല. സമൂഹത്തിൽ പുത്തൻ ചിന്തയും നവീനമായ ആശയങ്ങളും പ്രസരിപ്പിക്കലാണു പ്രധാനം. സമരത്തിന്റെ രൂപം നിശ്ചയിക്കേണ്ടത് അത് സംഘടിപ്പിക്കുന്നവരാണു. വിരലിൽ എണ്ണാൻ കഴിയുന്നവർ മാത്രം ചുംബനസമരത്തിനു ഇറങ്ങിയിട്ടും അത് സമൂഹത്തിൽ ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ള ആഘാതം പതിനായിരങ്ങൾ അണിനിരന്നതിനേക്കാളും വലുതാണു എന്ന യാഥാർഥ്യം കാണാതിരുന്നുകൂട.

കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ് പാർട്ടികളും മാറണം. സമൂഹം മാറണമെങ്കിൽ , മാറ്റണമെങ്കിൽ അതിനു വേണ്ടി പ്രവർത്തിക്കുന്ന പ്രവർത്തകരും പാർട്ടിയും മാറിക്കൊണ്ടേയിരിക്കണം എന്നത് സിമ്പിൾ ലോജിക്ക് ആണു. സ്വയം വിമർശനം നടത്തിയാൽ മാത്രം പോര. ബോധ്യമാകുന്ന തെറ്റുകൾ വ്യക്തിതലത്തിൽ തന്നെ തിരുത്തണം. വ്യക്തികൾ തിരുത്തിയില്ലെങ്കിൽ പാർട്ടിയും സമൂഹവും തിരുത്തപ്പെടുകയില്ല. പിന്തിരിപ്പൻ എന്ന് കാണുന്ന എല്ല്ലാ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും എതിരെ പ്രവർത്തിക്കാൻ സഖാക്കൾ മുന്നോട്ട് വരണം. മേലെ നിന്ന് വരുന്ന നിർദ്ദേശങ്ങൾ മാത്രം സഖാക്കൾ പാലിച്ചാൽ പോര. വ്യക്തിപരമായും സമൂഹത്തിൽ സ്വതന്ത്രമായി ഇടപെടാൻ സഖാക്കൾ തയ്യാറാകണം. അച്ചടക്കമുള്ള പാർട്ടി അനുഭാവിയും അതേ സമയം സാമൂഹ്യകടമകൾ നിർവ്വഹിക്കുന്ന ഉത്തമപൗരന്മാരും ആകാൻ സഖാക്കൾക്ക് കഴിയണം.