Pages

കൊലപാതകവും വിപ്ലവവും


30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സി.പി.എം. രാഷ്ട്രീയ പ്രതിയോഗികളുടെ പട്ടികയുണ്ടാക്കി ഏതാനും പേരെ വെടി വെച്ചും കുത്തിയും തല്ലിയും  കൊന്ന സംഭവം എം.എം.മണി പ്രസംഗിച്ചത് മുഖ്യധാര ചാനലുകളില്‍ സം‌പ്രേക്ഷണം ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കൊലപാതകം പാര്‍ട്ടിയുടെ നയം അല്ല എന്നാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ഒരുവകപ്പെട്ട നേതാക്കളൊക്കെ പറയുന്നത്. എന്നാല്‍ എപ്പോള്‍ മുതലാണ് കൊലപാതകം സി.പി.എമ്മിന്റെ നയമല്ലാതായത്? 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി അറിയാതെയാണോ മണി ഒറ്റയ്ക്ക് കൊന്നത്? അതില്‍ പിന്നീടും എത്ര കൊലപാതകങ്ങള്‍ പാര്‍ട്ടി നടത്തി? ഷുക്കൂറിന്റെ കൊല പാര്‍ട്ടി നടത്തിയതാണെന്ന് കണ്ണുര്‍ ജില്ലാ സെക്രട്ടരിക്ക് സമ്മതിക്കേണ്ടി വന്നല്ലൊ. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.എം. നടത്തിയതാണെന്ന് തെളിഞ്ഞാലോ? അങ്ങനെ തെളിയുകയാണെങ്കില്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത് വരെ കൊലപാതകം സി.പി.എമ്മിന്റെ നയം തന്നെയാണെന്നല്ലെ അര്‍ത്ഥം?

എം.എം.മണി പ്രസംഗിക്കുന്നത് പ്രാദേശിക ചാനല്‍ പ്രക്ഷേപണം ചെയ്തത് മറ്റ് ചാനലുകള്‍ക്ക് കിട്ടിയിരുന്നില്ലെങ്കില്‍ മണിക്ക് ഒരു ചുക്കും സംഭവിക്കില്ല്ലായിരുന്നു. ആ ഒരു വേദിയില്‍ മാത്രമല്ല മണി  അങ്ങനെ പ്രസംഗിച്ചിട്ടുള്ളത്. പാര്‍ട്ടി പട്ടിക ഉണ്ടാക്കുന്നതും കൊല്ലുന്നതും എല്ലാം എല്ലാ സി.പി.എം.കാര്‍ക്കും അറിയാം. ഇപ്പോള്‍ ചാനലുകളില്‍ മണിയുടെ പ്രസംഗവും ആ ശരീരഭാഷയും ഒക്കെ കണ്ട് സി.പി.എം. എന്നാല്‍ കൊലപാ‍തകപാര്‍ട്ടി ആണെന്ന് മാലോകര്‍ അറിഞ്ഞപ്പോഴാണ് കൊലപാതകം പാര്‍ട്ടിയുടെ നയത്തില്‍ പെട്ടതല്ല എന്ന് സി.പി.എം.കാര്‍ പറയുന്നത്. അത് ആരെങ്കിലും വിശ്വസിക്കുമോ? അതേ സമയം, തങ്ങള്‍ ഇനി മേലില്‍ ആരെയും കൊല്ലുകയില്ല എന്നും കൊലപാതകരാഷ്ട്രീയം തങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും പറഞ്ഞാല്‍ ആളുകള്‍ ഒരുപക്ഷെ മുഖവിലക്കെടുത്തേക്കും. അങ്ങനെയൊരു പ്രഖ്യാപനം സി.പി.എമ്മില്‍ നിന്ന് കേള്‍ക്കാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നുമുണ്ട്. എന്നാല്‍ സി.പി.എം. അങ്ങനെയൊരു പ്രഖ്യാപനത്തിന് മുതിരുമോ? ഇല്ല.

തല്‍ക്കാലം മണിയെ സ്ഥാനത്ത് നിന്ന് നീക്കിയോ സസ്പന്റ് ചെയ്തോ മുഖം രക്ഷിക്കാനായിരിക്കും സി.പി.എം. ശ്രമിക്കുക. പാര്‍ട്ടി നടത്തിയ കൊലപാതകങ്ങളുടെ പേരില്‍ മണിയെ മാത്രം ബലിയാടാക്കുക എന്നത് അന്യായമായിരിക്കും എന്ന് എല്ലാ സി.പി.എം.കാര്‍ക്കും അറിയാം. പാര്‍ട്ടിയെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തി വിപ്ലവം നടത്തുക എന്നത് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയം. വിപ്ലവം എന്നാല്‍ ചായസല്‍ക്കാരമല്ല. കമ്മ്യൂണിസ്റ്റുകാരല്ലാത്തവരെ ഉന്മൂലനം ചെയ്റ്റ് പാര്‍ട്ടി ആധിപത്യം സ്ഥാപിക്കുന്നതിനാണ് വിപ്ലവം എന്ന് പറയുന്നത്.  വിപ്ലവത്തിന്റെ സമൂര്‍ത്ത സാഹചര്യം പരിപക്വമാകുന്നത് വരെയാണ് ഒറ്റയ്ക്കും തെറ്റയ്ക്കും കൊല്ലുക. വിപ്ലവസാ‍ഹചര്യം ഒത്തുവന്നാ‍ല്‍ കൂട്ടത്തോടെ കൊന്ന് അധികാരം പിടിച്ചടക്കുന്നതിനെയാണ് വിപ്ലവം എന്നു പറയുന്നത്. അത് വരെയുള്ള റിഹേഴസല്‍ ആണ് പട്ടികയുണ്ടാക്കി എം.എം.മണി പറഞ്ഞ പോലെയുള്ള കൊലപാതകങ്ങള്‍. ഇടയ്ക്ക് മറ്റ് കമ്മ്യൂണിസ്റ്റുകാരെയും കൊല്ലേണ്ടി വരും. തങ്ങളുടെ പാര്‍ട്ടിയെ കവച്ചുവെച്ച് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളര്‍ന്നുപോകുമോ എന്ന സംശയത്തിലാണ് ചന്ദ്രശേഖരനെ കൊന്നത്. മറ്റൊരു കാരണവും ആ കൊലയ്ക്ക് പിന്നിലില്ല.

വിപ്ലവം പരിപാടിയാക്കിയ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കൊലപാതകം ഉപേക്ഷിക്കാന്‍ കഴിയില്ല. വിപ്ലവം തന്നെ എന്തിനാണ്? മറ്റുള്ളവരുടെ രാഷ്ട്രീയസ്വാതന്ത്ര്യം ഹനിച്ചും മറ്റ് രാഷ്ട്രീയക്കാരെ കൊന്നൊടുക്കിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം ഭരണം സ്ഥാപിക്കാനുമല്ലേ വിപ്ലവം നടത്തേണ്ടി വരുന്നത്.  തങ്ങള്‍ വിപ്ലവപാര്‍ട്ടിയാണെന്ന് പറയുന്ന ഏത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ജനാധിപത്യം അംഗീകരിക്കാത്തവരും കൊലപാതകം ഒരു നയമായി സ്വീകരിച്ചവരും തന്നെയാണ്.  മറിച്ച് പറയുന്നത് തട്ടിപ്പും വഞ്ചനയുമാണ് കാപട്യവുമാണ്. പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്ന പാര്‍ട്ടികള്‍ വിപ്ലവം ലക്ഷ്യമാക്കുകയില്ല. കാരണം പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടി ഭരണനിര്‍വ്വഹണം നടത്തുകയാണ് ചെയ്യുക. ഈ സമ്പ്രദായത്തില്‍ വിപ്ലവങ്ങള്‍ പാടില്ല. വിപ്ലവം നടത്തുക എന്നു പറഞ്ഞാല്‍ പാര്‍ലമെന്ററി ജനാധിപത്യം അവസാനിപ്പിച്ച് ഏകകക്ഷി ഭരണവ്യവസ്ഥ നടപ്പാക്കുക എന്നാണര്‍ത്ഥം. വിപ്ലവം ലക്ഷ്യവും പരിപാടിയുമാക്കുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കാത്ത പാ‍ര്‍ട്ടികളാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിശക്തിയൊന്നും വേണ്ട.

ഒരേ സമയം പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്നു എന്നു പറയുകയും വിപ്ലവം ലക്ഷ്യമാക്കുകയും ചെയ്യുന്നു എന്നതാണ് മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വൈരുദ്ധ്യം. മാവോയിസ്റ്റുകളും നക്സല്‍ബാരികളും അത്പോലെയുള്ള ഗ്രൂപ്പുകളും പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുന്നില്ല. അവര്‍ വിപ്ലവം മാത്രമാണ് ഉന്നം വയ്ക്കുന്നത്. അതായത് അവരുടെ നേതൃത്വത്തില്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം മാത്രമാണവരുടെ ലക്ഷ്യം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നാല്‍ ഒറ്റക്കക്ഷി ഭരണക്കുത്തകയാണെന്നും അത് പാര്‍ലമെന്ററി ഡെമോക്രസിക്ക് എതിരാ‍ണെന്നും പറയേണ്ടല്ലൊ. ഇന്ത്യയില്‍ സി.പി.ഐ.യും സി.പി.എമ്മും ആണ് പാര്‍ലമെന്ററി ഡെമോക്രസി അംഗീകരിക്കുന്നു എന്ന് പറയുകയും എന്നാല്‍ വിപ്ലവം ഉപേക്ഷിക്കുകയും ചെയ്യാത്ത രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഒരേ സമയം പാര്‍ലമെന്ററി ഡെമോക്രസി അംഗീകരിക്കുന്നു എന്നു പറയുകയും അതേ സമയം വിപ്ലവം എന്ന പരിപാടിയും ലക്ഷ്യവും അവര്‍ ഉന്നം വെക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള പാര്‍ട്ടികള്‍ക്ക് കൊലപാതകം എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ്. സി.പി.ഐ.ക്ക് ആള്‍ബലമില്ല. അത്കൊണ്ട് അവര്‍ കൊല്ലുന്നില്ല. സി.പി.എമ്മിന് ആള്‍ബലമുണ്ട്. അത്കൊണ്ട് അവര്‍ കൊല്ലുന്നു.

ജനാധിപത്യം അംഗീകരിക്കുന്നു എന്നു പറയുമ്പോള്‍ തന്നെ ജനാധിപത്യത്തെ കൊല ചെയ്യുന്ന വിപ്ലവപരിപാടികള്‍ സി.പി.ഐ.ക്കും സി.പി.എമ്മിനും ഉണ്ട്. ജനാധിപത്യം തത്വത്തില്‍ അംഗീകരിക്കുന്നെങ്കില്‍ ഈ രണ്ട് പാര്‍ട്ടികളും വിപ്ലവ പരിപാടി ഒഴിവാക്കണമായിരുന്നു. അത് ചെയ്തിട്ടില്ല. കമ്മ്യൂണിസം തകര്‍ന്ന റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അവിടങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പുന:സഘടിപ്പിക്കപ്പെട്ടുണ്ട്. അവരൊക്കെ വിപ്ലവവും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും വര്‍ഗ്ഗസമരവും ഒഴിവാക്കി പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിച്ചു. ഭൂരിപക്ഷം കിട്ടിയാല്‍ ഭരണം നടത്തും. അല്ലെങ്കില്‍ പ്രതിപക്ഷത്ത് ഇരുന്ന് ജനാധിപത്യ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തും. പാര്‍ലമെന്ററി വ്യവസ്ഥയില്‍ വിപ്ലവത്തിന് പ്രസക്തി ഇല്ലെന്ന് അവര്‍ തീരുമാനിച്ചു. എന്നാല്‍ ഇന്ത്യയിലെ രണ്ട് കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളും ഇങ്ങനെ തീരുമാനിക്കാതെ ആളുകളെയും അണികളെയും പറ്റിക്കുകയാണ് ചെയ്യുന്നത്.

എന്താണ് സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും വിപ്ലവ പരിപാടികള്‍. ദേശീയ ജനാധിപത്യ വിപ്ലവമാണ് സി.പി.ഐ.യുടേത്. യോജിക്കാവുന്ന പാര്‍ട്ടികളെ കൂട്ടുപിടിച്ച് സായുധവിപ്ലവത്തിലൂടെയല്ലാതെ വിപ്ലവത്തിന്റെ ആദ്യപടിയായ ജനാധിപത്യ വിപ്ലവം പൂര്‍ത്തിയാക്കണമെന്നാണ് സി.പി.ഐ.യുടെ പരിപാടി. പിന്നെയാണ് സോഷ്യലിസ്റ്റ് വിപ്ലവം. സോഷ്യലിസ്റ്റ് വിപ്ലവം നടന്നു കഴിഞ്ഞാല്‍ പിന്നെ സി.പി.ഐ.യും അതിന്റെ ഭരണവും മാത്രമേയുണ്ടാവൂ. ആദ്യഘട്ടമായ ദേശീയ ജനാധിപത്യ വിപ്ലവത്തില്‍ നേതൃത്വപരമായ പങ്ക് സി.പി.ഐ.ക്ക് തന്നെ വേണമെന്ന് നിര്‍ബ്ബന്ധമില്ല. അത്കൊണ്ട് സി.പി.ഐ.ക്ക് ആരുമായും കൂട്ടുകൂടാനും ഏത് ഭരണത്തില്‍ പങ്ക് പറ്റാനും തടസ്സമില്ല. സമാധാനപരമായ രീതിയില്‍ വിപ്ലവത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് സി.പി.ഐ. കരുതുന്നു. എന്നാലും സോഷ്യലിസ്റ്റ് വിപ്ലവാനന്തരം ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായം എന്ന വ്യവസ്ഥ സി.പി.ഐ.യും അംഗീകരിച്ചിട്ടില്ല.

സി.പി.ഐ.യുടേതിനേക്കാളും കട്ടിയും കടുപ്പവും കൂടിയതാണ് സി.പി.എമ്മിന്റെ പരിപാടി. ജനകീയ ജനാധിപത്യ വിപ്ലവമാണ് ആദ്യപടി. ആ വിപ്ലവത്തില്‍ സായുധവിപ്ലവം ഒഴിവാക്കിയിട്ടില്ല. ആവശ്യമെങ്കില്‍ ആയുധം എടുക്കണം എന്നാണ് നിലപാട്. സി.പി.ഐ.യെ പോലെ സമാധാനപരമായി വിപ്ലവം നടക്കും എന്ന് സി.പി.എം. കരുതുന്നില്ല. വേണ്ടി വന്നാല്‍ ആയുധം എടുക്കേണ്ടി വരുമെന്ന് അവര്‍ കരുതുന്നു. മാത്രമല്ല നേതൃത്വപരമായ പങ്ക് എപ്പോഴും സി.പി.എമ്മിന് ആയിരിക്കുകയും വേണം. ചുരുക്കി പറഞ്ഞാല്‍ ഈ രണ്ട് പാര്‍ട്ടികളും ആത്യന്തികമായി ഉന്നം വയ്ക്കുന്നത്  വിപ്ലവവും വിപ്ലവാനന്തരം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവുമാണ്. ഇവര്‍ ശരിക്കും ജനാധിപത്യം അംഗീകരിക്കുന്നെങ്കില്‍ ചെയ്യേണ്ടത് റഷ്യയിലെയും കിഴക്കന്‍ യുറോപ്യയിലെയും പുന:സംഘടിപ്പിക്കപെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്ത പോലെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് പഴയ സിദ്ധാന്തങ്ങളായ വര്‍ഗ്ഗസമരവും വിപ്ലവവും ഒക്കെ ഒഴിവാക്കുകയാണ്. അത് ചെയ്യാത്ത കാലത്തോളം സി.പി.ഐ.യും സി.പി.എമ്മും ജനാധിപത്യ പാര്‍ട്ടികളല്ല.

എം.എം. മണി ഇപ്പോള്‍ പറഞ്ഞ കൊലപാതകങ്ങള്‍ സി.പി.എം. നടത്തിയ അക്കാലത്ത് കമ്മ്യൂണിസം അതിന്റെ ഉച്ചസ്ഥായിലായിരുന്നു. ലോകത്തിലെ ജനസംഖ്യയില്‍ മുന്നില്‍ രണ്ടും കമ്മ്യൂണിസ്റ്റുകാരാണ് എന്ന് അവര്‍ അഹങ്കരിച്ചു നടന്നിരുന്ന കാലം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അതിനും മുന്‍പ്  ഇന്ത്യയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഏ.കെ.ജി. ആയിരുന്നു പ്രതിപക്ഷ നേതാവ്. ഒട്ടനവധി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കമ്മ്യ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. ഇന്ന് ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എത്തി നില്‍ക്കുന്ന അവസ്ഥ എല്ലാവര്‍ക്കുമറിയാം.  ഇന്ത്യയില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ത്രിപുരയില്‍ മാത്രമായി ഒതുങ്ങിപ്പോയി. കേരളത്തില്‍ അടുത്ത തവണ എങ്ങനെയും ഭരണം പിടിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് അഭൂതപൂര്‍വ്വമായ പ്രതിസന്ധി സി.പി.എമ്മിനെ ബാധിച്ചിരിക്കുന്നത്. സി.പി.എം. കൈയ്യാളിയിരുന്ന കൊലപാതകരാഷ്ട്രീയം ഒന്ന് മാത്രമാണ് ഈ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കാതെ ഞഞ്ഞാമിഞ്ഞ പറഞ്ഞ് പ്രതിസന്ധിയെ മറികടക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.

അത്കൊണ്ട് , തങ്ങള്‍ക്ക് കൊലപാതകങ്ങളില്‍ പങ്ക് ഇല്ലെന്ന് പറഞ്ഞത്കൊണ്ടോ കൊലപാതകം തങ്ങളുടെ നയമല്ല എന്ന് പറഞ്ഞത്കൊണ്ടോ മറ്റ് പാര്‍ട്ടികളും കൊന്നിട്ടുണ്ട് തങ്ങളുടെ സഖാക്കളും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ന്യായീകരിച്ചത്കൊണ്ടോ സി.പി.എം. രക്ഷപ്പെടാന്‍ പോകുന്നില്ല. ഇനി മേലില്‍ പാര്‍ട്ടി തലത്തില്‍ ആസൂത്രണം ചെയ്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്യില്ല എന്നും ക്രിമിനലുകള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാനും സി.പി.എം. തയ്യാ‍റാകണം. അത് സി.പി.എം. ചെയ്യില്ല. കാരണം അങ്ങനെ ചെയ്താല്‍ സി.പി.എം. എന്ന പാര്‍ട്ടി പിന്നെ ഇല്ല. സി.പി.എം. അല്ലാത്ത പാര്‍ട്ടികള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ അതൊക്കെ ആത്മരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ്. സി.പി.എം.കാരെ കൊന്നിട്ടുള്ള കേസുകളില്‍ കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും സി.പി.എം. പിന്നീട് കൊന്നിട്ടുണ്ട്. എന്നാല്‍ സി.പി.എം. പ്രതികളെ കോടതി വെറുതെ വിട്ടാല്‍ അവര്‍ക്ക് ഒരു പോറലും സംഭവിക്കാറില്ല. കൊലപാതകരാഷ്ട്രീയം മറ്റ് പാര്‍ട്ടികള്‍ പരിപാടി ആക്കാത്തത്കൊണ്ടാണത്.

കേരളത്തില്‍ സി.പി.എം. കൊലപാതകരാഷ്ട്രീയം ഒഴിവാക്കിയാല്‍ മറ്റ് പാര്‍ട്ടികള്‍ ആരെയും കൊല്ലില്ല. എന്തെന്നാല്‍ സി.പി.എമ്മാണ് ഇന്നും ഏറ്റവും വലിയ ഒറ്റക്കക്ഷി. വേണ്ടി വന്നാല്‍ ആയുധം പേറി വിപ്ലവത്തിന് സജ്ജമാകേണ്ട പാര്‍ട്ടി എന്ന ബോധം പേറുന്ന സി.പി.എം. കൊലപാതകരാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കരുതാന്‍ വയ്യ.  അത്കൊണ്ട് സി.പി.എമ്മിനെ കഴിയാവുന്നത്ര ദുര്‍ബ്ബലമാക്കുക എന്ന കടമയാണ് ജനാധിപത്യവാദികള്‍ നിര്‍വ്വഹിക്കേണ്ടത്. ഇപ്പോള്‍ ആ പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയും വി.എസ്സ്. ഫാക്ടറും എല്ലാം ചേര്‍ന്ന് കേരളത്തിലും സി.പി.എം. ദുര്‍ബ്ബലമാകുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിലും ജനാധിപത്യം ശക്തി പ്രാപിക്കുന്ന ഈ പരിഷ്കൃത കാലഘട്ടത്തില്‍ പ്രാകൃതമായ ഉന്മൂലന സിദ്ധാന്തത്തിനും വിപ്ലവത്തിനും എന്ത് പ്രസക്തിയും ആയുസ്സും ആണുള്ളത്. പാര്‍ലമെന്ററി ഡെമോക്രസി അതിന്റെ സ്പിരിറ്റില്‍ അംഗീകരിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും ലഭിക്കും എന്ന് മാത്രം വെറുതെ പറഞ്ഞു വെക്കട്ടെ.

കേരള രാഷ്ട്രീയം എങ്ങോട്ട് ?

മാര്‍ക്സിസ്റ്റുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അത്തരം കൊലപാതകങ്ങള്‍ നടത്തിയ മുഴുവന്‍ പ്രതികളെയും മാര്‍ക്സിസ്റ്റുകാര്‍ തിരിച്ചും കൊന്നിട്ടുണ്ട്. മാര്‍ക്സിസ്റ്റുകാര്‍ കൊല്ലപ്പെടുന്നത് രാഷ്ട്രീയ സംഘട്ടനങ്ങളിലാണെങ്കില്‍ മാര്‍ക്സിസ്റ്റുകാര്‍ കൊല്ലുന്നത് പാര്‍ട്ടി തീരുമാനപ്രകാരമാണ്. അതായത് വര്‍ഗ്ഗശത്രുക്കളെ കൊല്ലുക എന്ന നയം നടപ്പിലാക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രമാണ്. അത് ഒരു ഭയങ്കര പ്രശ്നം തന്നെയാണ്. കാരണം ആ നയം കാരണം എത്രയോ പേര്‍ ആളു മാറി കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ട ഷുക്കൂര്‍ തന്നെ ഉദാഹരണം.  മൊബൈലില്‍ ഫോട്ടോ എടുത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്ത് ഏകദേശ രൂ‍പം മനസ്സിലാക്കിയാണ് ഷുക്കൂറിനെ കൊന്നത്.  എന്നാല്‍ ഷുക്കൂര്‍ നിരപരാധിയായിരുന്നു.  ഇങ്ങനെ മാര്‍ക്സിസ്റ്റുകാര്‍ പാര്‍ട്ടിക്കൊല നടപ്പാക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് അനുഭാവികള്‍ ഒന്നും പ്രതികരിക്കാറില്ല. തങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടി കൊല്ലുന്നതല്ലേ എന്നൊരു മൌനമാണവര്‍ക്ക്. എന്നാല്‍ ടി.പി.ചന്ദ്രശേഖരന്‍ വധം മാര്‍ക്സിസ്റ്റുകാരില്‍ വലിയ തോതില്‍ വൈകാരിക സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.  അതിന് കാരണം ടി.പി.ചന്ദ്രശേഖരനെ വര്‍ഗ്ഗശത്രുവായി കാണാന്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതാണ്.  അങ്ങനെ ടി.പി.ചന്ദ്രശേഖരന്‍ വധം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വലിയൊരു പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍.

ചന്ദ്രശേഖരന്‍ വധം  വലത്പക്ഷങ്ങളും മാധ്യമങ്ങളും ആഘോഷിക്കുകയാണ് എന്ന് സി.പി.എം. ഔദ്യോഗികപക്ഷം ആക്ഷേപിക്കുമ്പോള്‍ , അവരുടെ പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയിരിക്കുന്ന പ്രതിസന്ധി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വി.എസ്. അച്യുതാനന്ദന്‍ തന്നെയാണ്.  യഥാര്‍ത്ഥത്തില്‍ എന്താണ് വി.എസ്സിന്റെ പ്രശ്നം?  അദ്ദേഹം പറയുന്ന പോലെ പാര്‍ട്ടിയുടെ വലത്പക്ഷ വ്യതിയാനമോ അല്ലെങ്കില്‍ കൊലപാതകരാഷ്ട്രീയമോ ആണോ അദ്ദേഹത്തിന്റെ പ്രശ്നം. വി.എസ്സിന്റെ രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും, അദ്ദേഹത്തിന്റെ പ്രശ്നം പാര്‍ട്ടിയിലെ അധികാരം മാത്രമാണെന്ന്.  വി.എസ്സിന്റെ ഗ്രൂപ്പുകാരന്‍ ആയിട്ടാണ് പിണറായി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടരിയാകുന്നത്. സി.പി.എമ്മില്‍ നായനാര്‍ ഗ്രൂപ്പും വി.എസ്സ്. ഗ്രൂപ്പും ഉണ്ടായിരുന്ന കാലത്ത് കണ്ണൂരില്‍ വി.എസ്സിന്റെ ഗ്രൂപ്പില്‍ രണ്ടേ രണ്ട് പേര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് പിണറായിയും ഇ.പി.ജയരാജനുമായിരുന്നു.

സംസ്ഥാന സെക്രട്ടരി ആയ ഉടനെ പിണറായിയും വി.എസ്സിനെ പോലെ പി.ബി. അംഗമായി. പി.ബി. അംഗമായതിന് ശേഷം പിണറായിക്ക്  പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് സി.പി.എം. പൂര്‍ണ്ണമായും പിണറായിയുടെ കൈയിലായി.  പാര്‍ട്ടിയിലെ ആഭ്യന്തരജനാധിപത്യത്തെ ഇല്ലാതാക്കി കേന്ദ്രികൃത ജനാധിപത്യം എന്ന പാര്‍ട്ടി തത്വം ഉപയോഗപ്പെടുത്തിയാണ് പിണറായി സി.പി.എമ്മിനെ മുഴുവനുമായും പോക്കറ്റ് പാര്‍ട്ടിയാക്കിയത്.  ഇനി ഇതില്‍ നിന്നിട്ട് ഒരു കാര്യവുമില്ല എന്ന് തീര്‍ത്തും മനസ്സിലാക്കിയ ശേഷമാണ് വി.എസ്സ്. രണ്ടും കല്‍പ്പിച്ച് പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത്.  ടി.പി.ചന്ദ്രശേഖരന്‍ വധം ഒരവസരമായി തന്നെയാണ് വി.എസ്സ്. ഉപയോഗപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ മുന്നില്‍ വേറെ വഴിയില്ല. അതേ സമയം വി.എസ്സ്. പോലും ചിന്തിച്ചിട്ടില്ലാത്ത എന്തോ നിലപാടുകളും ആദര്‍ശങ്ങളും സിദ്ധാന്തങ്ങളും അദ്ദേഹത്തിന് ഉണ്ട് എന്ന് കരുതുന്നവര്‍ ഒരുപാട് പേരുണ്ട്.  ആ നിലയ്ക്ക് വി.എസ്സ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ സി.പി.എമ്മില്‍ ഒരു പിളര്‍പ്പ് ഉണ്ടാകും എന്ന് പ്രവചിക്കുന്നതില്‍ തെറ്റില്ല.

പാര്‍ട്ടിയില്‍ അറുപത്തിനാലിലെ ഒരു സാഹചര്യവും പിണറായിക്ക് ഡാങ്കെയുടെ അവസ്ഥയും വി.എസ്സ്. മനസ്സില്‍ കാണുന്നുണ്ട്.  അതായത് സി.പി.എമ്മില്‍ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടാലോ അല്ലെങ്കില്‍ സ്വമേധയാ പുറത്ത് വന്നാലോ സി.പി.എമ്മിലെ നേതാക്കള്‍ മാത്രം പിണറായിയുടെ കൂടെയും അണികള്‍ ഭൂരിപക്ഷവും തന്റെ കൂടെയും ആയിരിക്കും എന്ന് വി.എസ്സ്. മനക്കണക്ക് കൂട്ടുന്നുണ്ട്.  എന്ത്കൊണ്ടും വി.എസ്സിന് അനുകൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥ തന്നെയാണ് ഇന്ന് സിപി.എമ്മില്‍ ഉള്ളത്.  അത് ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എം. പ്രതിസ്ഥാനത്ത് സംശയാതീതമായ വിധത്തില്‍ എത്തിപ്പെട്ടത്കൊണ്ട് ഉണ്ടായ സാഹചര്യമാണ്. ടി.പി.യെ വധിച്ച കൊലയാളികള്‍  ഒരു രാത്രി താമസിച്ചത് സി.പി.എമ്മിന്റെ ഏരിയ കമ്മറ്റി ആഫീസില്‍ ആണെന്നത് നിസ്സാരമായ കാര്യമല്ല.  സംസ്ഥാന നേതൃത്വം അറിയാതെ അങ്ങനെ ഒരു സംഭവം നടക്കുകയില്ല.  അല്ലായിരുന്നെങ്കില്‍ ഏരിയ കമ്മറ്റി ആഫീസില്‍ പ്രതികള്‍ താമസിച്ച വിവരം അറിഞ്ഞ ഉടനെ പാര്‍ട്ടി ഏരിയ കമ്മറ്റിയോട് വിശദീകരണം ചോദിക്കേണ്ടതല്ലെ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ആഭ്യന്തരജനാധിപത്യം നിര്‍ജ്ജീവമാവുകയും കേന്ദ്രീകൃത ജനാധിപത്യം എന്ന സംഘടന രീതി അനുസരിച്ച് അധികാരം പാര്‍ട്ടി സെക്രട്ടരിയില്‍ നിക്ഷിപ്തമാവുകയും ചെയ്താല്‍ ആ പാര്‍ട്ടി സെക്രട്ടരി സ്വാഭാവികമായും ഫാസിസ്റ്റ് ആകും.  ഈ ഒരു സിസ്റ്റം നിമിത്തമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലോകത്ത് തകര്‍ന്ന് പോയത്.  ഒരു സംഘടനയുടെ അതിജീവനശേഷി ആ സംഘടനയിലുള്ള ആഭ്യന്തര ജനാധിപത്യത്തെ ആശ്രയിച്ചാണ് ഉണ്ടാവുക. ആ നിലയ്ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതിന്റെ അനിവാര്യമായ തകര്‍ച്ചയെ നോക്കി മുന്നേറുകയാണ്.  വി.എസ്സ്. പുറത്താക്കപ്പെട്ടാല്‍ ഇടത്പക്ഷാ‍ഭിമുഖ്യമുള്ള ഒരുപാട് പേര്‍ക്കും ഗ്രൂപ്പുകള്‍ക്കും അദ്ദേഹം അഭിമതനായിരിക്കും. അങ്ങനെ ഉരുത്തിരിയുന്ന പ്രസ്ഥാനത്തിന് ഒരു നവ ഇടത് പക്ഷ ബദല്‍ എന്ന ലേബല്‍ പെട്ടെന്ന് ലഭിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വവും  അതിന് ഒരു വസ്തുനിഷ്ഠ സാഹചര്യം ഒരുക്കി വെച്ചിട്ടുണ്ട്.  അപ്പോള്‍ വി.എസ്സിന് പുതിയൊരു ദൌത്യമായിരിക്കും ഏറ്റെടുക്കേണ്ടി വരിക. ഇത് വരെ പലപ്പോഴും അവസരവാദപരമായ നിലപാടുകള്‍ എടുത്തിട്ടുണ്ടെങ്കിലും ഇനി മേലില്‍ പോസിറ്റാവായ റോള്‍ ആയിരിക്കും വി.എസ്സിന് ഉണ്ടാവുക.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി തകരേണ്ടതിന് ഒരുപാട് കാരണങ്ങളുണ്ട്.  കൊലപാതകരാഷ്ട്രീയവും ക്രിമിനലിസവും  അതില്‍ ഒന്ന് മാത്രമാണ്. സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് സി.പി.എം.  ഒരു ഭയങ്കര വിലങ്ങ് തടി തന്നെയാണ്.  ഇപ്പോള്‍ ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ മാത്രമാണ് അല്ലെങ്കില്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടരി ആയത്കൊണ്ടാണ് സി.പി.എം. ദുഷിച്ചു പോയത് എന്ന് പറയുന്നത് തെറ്റാണ്.  അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യ വിരുദ്ധമായത്കൊണ്ടും വര്‍ഗ്ഗസമരത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നത്കൊണ്ടും സമൂഹത്തിന് കമ്മ്യൂണിസ്റ്റുകാര്‍ വരുത്തിവെച്ച കേടുപാടുകള്‍ ചില്ലറയല്ല.  കമ്മ്യൂണിസ്റ്റുകള്‍ എവിടെയുണ്ടോ അവിടെയൊക്കെ പ്രശ്നങ്ങളോട് നിഷേധാത്മകമായാണ് അവര്‍ ഇടപെടുക.

വി.എസ്സ്. പുറത്താക്കപ്പെട്ട് , ഇടത്പക്ഷത്ത് ധ്രുവീകരണം സംഭവിച്ച് പുതിയൊരു ഇടത് പക്ഷം നിലവില്‍ വന്നാല്‍ ജനാധിപത്യവിശ്വാസികള്‍ക്ക് അത്കൊണ്ടുള്ള ഗുണം  സി.പി.എമ്മിന്റെ ധാര്‍ഷ്ഠ്യവും തലക്കനവും അക്രമശേഷിയും കുറഞ്ഞുകിട്ടും എന്നത് മാത്രമാണ്. അല്ലാതെ ഇടത് പക്ഷം ശക്തിപ്പെട്ടാല്‍ മാത്രമേ നാട് പുരോഗമിക്കുകയുള്ളൂ എന്നൊന്നും ഒരു ജനാധിപത്യ വിശ്വാസിയും കരുതുന്നില്ല. പറഞ്ഞുവന്നാല്‍ ഇടത് പക്ഷം ഇല്ലാത്ത പ്രദേശങ്ങളിലാണ് പുരോഗതിയും സാമൂഹ്യസന്തുലനവും ഉള്ളത് എന്ന് കാണാന്‍ കഴിയും. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ ഇടത്പക്ഷം ഇല്ലാത്തത്കൊണ്ട് അവര്‍ക്കെന്താണ് ദോഷം? ദോഷം ഇല്ലെന്ന് മാത്രമല്ല പുരോഗതിയേ ഉള്ളൂ എന്നും കാണാം.

എന്തായാലും ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത് കേരളത്തെ സംബന്ധിച്ച് അവസാനത്തെ രാഷ്ട്രീയകൊലപാതകമാവുമെങ്കില്‍ അത് നല്ലൊരു കാര്യമാണ്.  മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇനി തങ്ങള്‍ കൊല നടത്തുകയില്ല എന്നു തീരുമാനിക്കുകയും പാര്‍ട്ടിക്കോടതികള്‍ പിരിച്ചുവിടുകയും ചെയ്താല്‍ അതോടുകൂടി പുതിയൊരു രാഷ്ട്രീയകേരളമായിരിക്കും പിറവിയെടുക്കുക.  അത്തരമൊരു കേരളപ്പിറവിക്ക് വേണ്ടി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ചന്ദ്രശേഖരന്‍ വിട്ടുപോയ പ്രസ്ഥാനത്തിനും രൂപം കൊള്ളാന്‍ പോകുന്ന നവ ഇടത് ബദലിനും ധാര്‍മ്മിക പിന്തുണ നല്‍കണം.  ജാതി-മത-വര്‍ഗ്ഗീയ,  രാഷ്ട്രീയമാഫിയ ശക്തികളെ പ്രതിരോധിക്കാന്‍ അങ്ങനെയൊരു ജനാധിപത്യ- നവ ഇടത് ബദല്‍ ഐക്യം ആവശ്യമാണ്. കൊലപാതകരാഷ്ട്രീയം തുലയട്ടെ.

വാല്‍ക്കഷണം:


സഖാവ് ടി.പി.യുടെ രക്തസാക്ഷിത്വം നല്‍കുന്ന പാഠം.

ഫേസ്‌ബുക്കില്‍ ഞാന്‍ എഴുതിയ ഒരു നോട്ടാണ് ഇവിടെ പബ്ലിഷ് ചെയ്യുന്നത്.  ഈ വിഷയത്തെ കുറിച്ച് വിശദമായ ഒരു ബ്ലോഗ് പോസ്റ്റ് എഴുതാന്‍ ഇരിക്കുകയായിരുന്നു. അതിനിടയിലാണ്. ഫേസ്‌ബുക്കില്‍ ഇങ്ങനെ ഒരു കുറിപ്പ് എഴുതിയത്. അത്കൊണ്ട് തല്‍ക്കാലം അത് ഇവിടെ കോപ്പി-പേസ്റ്റ് ചെയ്യുകയാണ്. വിശദമായി പിന്നീട് എഴുതാലോ.


ടി.പി.ചന്ദ്രശേഖരന്‍ എന്ന ജനകീയനേതാവ് അത്യന്തം ദാരുണമായ രീതിയില്‍
അമ്പതിലധികം വെട്ടുകള്‍ തലയിലും മുഖത്തുമായി ഏറ്റ് തലയോട് പൊട്ടിപ്പൊളിഞ്ഞ
നിലയില്‍ വധിക്കപ്പെട്ട സംഭവത്തില്‍ ഓണ്‍‌ലൈന്‍ യുക്തിവാദികള്‍ പ്രതികരിച്ചതേയില്ല.
അല്ലെങ്കിലും അതൊന്നും അവരുടെ പണി അല്ലല്ലൊ. മതവും മതവുമായി ബന്ധപ്പെട്ട
ആചാരങ്ങളും വിശ്വാസങ്ങളും മാത്രമാണ് സമൂഹത്തിന്റെ പ്രശ്നം എന്നാണ് യുക്തിവാദികള്‍ കരുതുന്നത്. മതങ്ങളും ദൈവവിശ്വാസവും ഇല്ലാതായാല്‍ ലോകം മധുരമനോജ്ഞമായി എന്നാണ് യുക്തിവാദികളുടെ വിശ്വാസം. ടിയാനന്‍‌മെന്‍ സ്ക്വയര്‍ കൂട്ടക്കുരുതിയെ പറ്റിയോ സ്റ്റാലിനിസത്തെ പറ്റിയോ, ലെനിന്റെ മൃതശരീരം എംബാം ചെയ്ത് പ്രദര്‍ശനത്തിന് വെച്ച കമ്മ്യൂണിസ്റ്റ് അനാചാരത്തെ പറ്റിയോ യുകതിവാദികള്‍ കമാ എന്നൊരക്ഷരം ഉരിയാടിയിട്ടില്ല.

ലോകത്ത് കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം സ്ഥാപിതമായി ഈ ലോകം തന്നെ ഒരു
തടവറയായാലും കമ്മ്യൂണിസ്റ്റ് അല്ലാത്ത എല്ലാ ആളുകളെയും കമ്മ്യൂണിസ്റ്റുകള്‍ ഉന്മൂലനം
ചെയ്താലും യുക്തിവാദികള്‍ മിണ്ടുകയില്ല. അവര്‍ക്ക് മുഖ്യശത്രു മതങ്ങളും
ദൈവവിശ്വാസവും മാത്രമാണ്. കമ്മ്യൂണിസ്റ്റുകള്‍ ഒരു മതരഹിത-നിരീശ്വര ലോകം
പണിയും എന്ന് വിശ്വസിക്കുന്നത്കൊണ്ടാവണം യുക്തിവാദികള്‍ കമ്മ്യൂണിസ്റ്റുകളുടെ
ഹിംസയെയോ ജനാധിപത്യവിരുദ്ധതയെയോ അപലപിക്കാറേയില്ല.
ബ്ലോഗിലെ ഒരു പ്രമുഖ യുക്തിവാദിയോട്, നിങ്ങള്‍ എന്താണ് കമ്മ്യൂണിസ്റ്റ്
സ്വേഛാധിപത്യത്തെയും മനുഷ്യക്കുരുതികളെയും എതിര്‍ക്കാത്തത് എന്നും എതിര്‍പ്പിന്റെ
കുന്തമുന മതങ്ങള്‍ക്കും ദൈവത്തിനും നേരെ മാത്രം തിരിക്കാന്‍ കാരണമെന്ന് എന്ന് ചോദിച്ചപ്പോള്‍ ആ യുക്തിവാദിബ്ലോഗര്‍ക്ക് ഉത്തരമില്ലായിരുന്നു. യുക്തിവാദികള്‍ സിംഗിള്‍  ട്രാക്ക് മൈന്‍ഡ് ഉള്ളവരാണെന്നും ഒരു തരത്തില്‍ അവരും അന്ധവിശ്വാസികളാണ് എന്നും എനിക്ക് മനസ്സിലായത് അങ്ങനെയാണ്. അത്കൊണ്ടാണ് സോ കോള്‍ഡ്  യുക്തിവാദികളെ യാന്ത്രികയുക്തിവാദികള്‍ എന്നു ഞാന്‍ പറയുന്നത്.

ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവും നമ്മെ ചില പാഠങ്ങള്‍
പഠിപ്പിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകളില്‍ നല്ല കമ്മ്യൂണിസ്റ്റുകളുമുണ്ട്. അവര്‍ ജനാധിപത്യവും
മാനവികതയും അംഗീകരിക്കുന്നവരും എപ്പോഴും ജനങ്ങളുടെ കൂടെ വെള്ളത്തിലെ മീനെന്ന പോലെ കഴിയാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ആദര്‍ശങ്ങളില്‍ അവര്‍ വെള്ളം
ചേര്‍ക്കുകയോ വിട്ടുവീഴ്ച ചെയ്യുകയോ ഇല്ല. തന്റെ ജീവനേക്കാളുപരി മറ്റുള്ളവരെ അവര്‍
സ്നേഹിക്കും. തന്റെ ജീവന് ആപത്ത് ഉണ്ട് എന്ന് അറിയാവുന്ന ചന്ദ്രശേഖരന്‍ ബൈക്ക്
ഓടിച്ചു പോകുമ്പോള്‍ ആരെയും കൂടെ കൂട്ടാത്തത് താന്‍ കാരണം മറ്റൊരാള്‍ക്ക് ആപത്ത്
വരരുത് എന്ന് കരുതിയിട്ടാണത്രെ. അതാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഗുണം. അദ്ദേഹം
അരുംകൊല ചെയ്യപ്പെട്ടതും ഈ ഗുണം ഒന്ന് കൊണ്ട് മാത്രവും.

നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിയില്ല
എന്നതും അവര്‍ വ്യാജകമ്മ്യൂണിസ്റ്റുകാരാല്‍ വധിക്കപ്പെടും എന്നുമാണ് ട്രോട്സ്കി മുതല്‍
ചന്ദ്രശേഖരന്‍ വരെയുള്ളവര്‍ കൊലചെയ്യപ്പെടുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍
സാധിക്കുന്നത്.  ജനക്കൂട്ടത്തെ ആകര്‍ഷിച്ച് പാര്‍ട്ടിയും നേതാക്കളും വളരുമ്പോള്‍ ഏത്
നേതാവും ക്രൂരനും ഫാസിസ്റ്റും ആകും എന്നും വിമത മനസ്സുള്ളവരെ എത്ര നിഷ്ഠൂരമായും
കൊല്ലുകയും ചെയ്യും എന്നും സ്റ്റാലിന്‍ മുതല്‍ ഇപ്പോഴത്തെ സി.പി.എം. നേതൃത്വം വരെ
നമ്മെ പഠിപ്പിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകള്‍ ചെറിയ പാര്‍ട്ടികള്‍ ആയിരിക്കുമ്പോള്‍ അവരില്‍
കമ്മ്യൂണിസ്റ്റ് ഗുണം ഉണ്ടായിരിക്കുകയും എന്നാല്‍ ആ പ്രസ്ഥാനം വളരുന്ന മുറയ്ക്ക് അത്
ജനവിരുദ്ധമായ ഫാസിസ്റ്റ് കൂട്ടമായി രാക്ഷസഗുണമുള്ളതായി മാറി പൌരജനങ്ങളെ
കൊന്നൊടുക്കുന്ന യന്ത്രമായി മാറുമെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഒഞ്ചിയത്തെ
റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇന്നത്തെ സി.പി.എമ്മോളമെങ്കിലും
വളരുകയാണെങ്കില്‍ അതും മറ്റൊരു സി.പി.എം. തന്നെ ആയി മാറുക തന്നെ ചെയ്യും.
അതിനെ വളര്‍ത്തിക്കൊണ്ടുവരുന്ന നല്ല കമ്മ്യൂണിസ്റ്റിന് ട്രോട്സ്കിയുടെ ഗതി വരികയും
ചെയ്യും. അത്കൊണ്ടൊക്കെയാണ് കമ്മ്യൂണിസത്തെ ചെറുതായാലും വലുതായാലും
ജനാധിപത്യവിശ്വാസികള്‍ക്ക് എതിര്‍ക്കേണ്ടി വരുന്നത്.  മനുഷ്യന്റെ ജീവനും അവന്റെ
സ്വാതന്ത്ര്യത്തിനും വില മതിക്കുന്നവര്‍ , അത്കൊണ്ട് കമ്മ്യൂണിസത്തെ നിരാകരിച്ചേ പറ്റൂ.

യുക്തിവാദികള്‍ക്ക് കമ്മ്യൂണിസത്തെ നിരാകരിക്കാന്‍ പറ്റില്ല. എന്തെന്നാല്‍ കമ്മ്യൂണിസം
ഭൌതികവാദത്തില്‍ അധിഷ്ഠിതവും ദൈവത്തെയും മതങ്ങളെയും നിരാകരിക്കുന്നതുമാണ്.
അത്കൊണ്ടാണ് യുക്തിവാദികള്‍ക്ക് കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തെയും
പിന്തുണയ്ക്കേണ്ടി വരുന്നത്. മനുഷ്യന് ജീവിതത്തില്‍ ഏതെങ്കിലും ഒരു വിശ്വാസത്തിന്റെ
അഭയം വേണ്ടതുണ്ട്. എന്തെന്നാല്‍ അത്ര മാത്രം അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും
ഉള്ളതാണ് ഓരോരുത്തരുടെയും ജീവിതം. സഖാവ് ടി.പി.യുടെ ഗതി കണ്ടില്ലേ?
അത്കൊണ്ട് ആരുടെയും വിശ്വാസങ്ങളെ എതിര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതേ
സമയം സമൂഹത്തിന്റെയും വ്യക്തിമനുഷ്യന്റെയും മുന്നോട്ടുള്ള ജീവിതത്തിന് തടസ്സം
നില്‍ക്കുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും എതിര്‍ക്കുന്ന മാനവികതാ
യുക്തിവാദിയാണ് ഞാന്‍. അത്കൊണ്ടാണ് എനിക്ക് കമ്മ്യൂണിസത്തെയും എപ്പോഴും
എതിര്‍ക്കേണ്ടി വരുന്നത്.

ലോകത്ത് മാനവിക മൂല്യങ്ങളും ധാര്‍മ്മികതയും ജനാധിപത്യ-മതേതര സംസ്ക്കാരവുമെല്ലാം ഇനിയും എത്രയോ വളരേണ്ടതും പരിഷ്ക്കരിക്കപ്പെടേണ്ടതുമുണ്ട്. ആ രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്ന് നമുക്ക് പ്രത്യാശിക്കാം.  കമ്മ്യൂണിസം തകര്‍ന്നതും അതിന്റെ ഒരു നിദര്‍ശനമാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി മനുഷ്യത്വം എന്ന ഗുണം ഉള്ള ജീവിയാണ് എന്നതാണ് ആ പ്രത്യാശ നമുക്ക് ഉണ്ടാവാന്‍ കാരണം.