Links

ജമാ‌അത്തേഇസ്ലാമിയും കമ്മ്യൂണിസ്റ്റുകളും

ജമാ‌അത്തേഇസ്ലാമി എന്ന സംഘടന ഒരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നു എന്നും അടുത്ത് വരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും പിന്നീട് നിയമസഭയിലേക്കും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പോകുന്നു എന്നൊരു ശ്രുതി പൊതുവെയുണ്ട്. ബ്ലോഗിലും ഇതിനെ കുറിച്ച് ചര്‍ച്ചകള്‍ കാണാനിടയായി. അവര്‍ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുമോ എന്നറിയില്ല.  ഉണ്ടാക്കിയാല്‍ ഇവിടെ ഒരു പാര്‍ട്ടി കൂടി എണ്ണത്തില്‍ കൂടും എന്നല്ലാതെ മറ്റൊരു കാര്യവുമില്ല. മുന്‍പ് നായര്‍ സൊസൈറ്റിക്കും  എസ്‌എന്‍‌ഡിപിക്കും പാര്‍ട്ടി ഉണ്ടാക്കിയിരുന്നു.  അതൊക്കെ പിരിച്ചുവിട്ടു എന്ന് തോന്നുന്നു.  കേരളത്തില്‍ ഇക്കാലത്ത് ഒരു പാര്‍ട്ടി ഉണ്ടാക്കിയാല്‍ എല്‍‌ഡി‌എഫിലോ യുഡി‌എഫിലോ അഫീലിയേഷന്‍ കിട്ടിയാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ പറ്റു. ഇല്ലെങ്കില്‍ ഗതി കിട്ടാത്ത പോലെ അലഞ്ഞ് തിരിയേണ്ടി വരും. ജമാ‌അത്തേ ഇസ്ലാമി വര്‍ഗ്ഗീയമാണെന്ന് സീപീയെം സെക്രട്ടരി ബ്രാണ്ട് ചെയ്തിട്ടുണ്ട്. അവര്‍ക്കാണ് അതിന്റെ ചുമതല. ഒരു സംഘടന അല്ലെങ്കില്‍ പാര്‍ട്ടി എന്താണെന്ന് തരംതിരിക്കാനുള്ള ഫോര്‍മ്യൂല മാര്‍ക്സിസ്റ്റുകള്‍ക്ക് മാത്രമേ അറിയൂ. അവര്‍ പറഞ്ഞാല്‍ അപ്പീലില്ല. ആ നിലയ്ക്ക് ജമാ‌അത്തേഇസ്ലാമി പാര്‍ട്ടി ഉണ്ടാക്കിയാല്‍ എല്‍‌ഡി‌എഫില്‍ പ്രവേശനം കിട്ടില്ല. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മദനിയെ കൂട്ട് പിടിച്ചത്കൊണ്ട് കുറെ ഹിന്ദു വോട്ട് നഷ്ടമായി എന്ന് മനസ്സിലാക്കിയ സിപീയെം ഇപ്പോള്‍ ഹിന്ദു പ്രീണനത്തിന്റെ പാതയിലുമാണ്.  അത്കൊണ്ട് ജമാ‌അത്തേഇസ്ലാമി പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഉടനടി സംഭവിക്കാന്‍ പോകുന്നത്  സീപിയെമ്മിന്റെ ഭാഗത്ത് നിന്ന് ആശയപരമായും കായികമായും ഉള്ള ആക്രമണങ്ങളാണ്. കക്കോടിയില്‍ അതിന്റെ റിഹേഴ്സല്‍ കണ്ടതാണ്. പിന്നെ ഉള്ള മാര്‍ഗ്ഗം  യുഡി‌എഫില്‍ ചേരലാണ്. അതും അത്ര എളുപ്പമല്ല.  ഇപ്പോള്‍ തന്നെ ജയിച്ച മട്ടിലാണ് കോണ്‍ഗ്രസ്സിന്റെ നില്പ്.  ഉമ്മന്‍ ചാണ്ടി കുപ്പായം തുന്നിക്കുകയും അതില്‍ കീറല്‍ ഉണ്ടാക്കുകയും ചെയ്തു.  എന്നാലും കോണ്‍ഗ്രസ്സുകാരുടെ ഒരു ഭാഗ്യം. ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കണ്ട, ഒന്നിലും ഇടപെടണ്ട,  ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു സംഘടനാതെരഞ്ഞെടുപ്പ് വേണ്ട, സമവായക്കമ്മറ്റി മുഖാന്തിരം സ്ഥാനം കിട്ടിയാല്‍ പിന്നെ ആജീവനാന്തം അനുഭവിക്കാം. ഖദറിന്റെ ഇസ്തിരി ചുളിയാതെ മാത്രം നോക്കിയാല്‍ മതി.

ഇപ്പോള്‍ ഒരു പാര്‍ട്ടി ഉണ്ടാക്കാനുള്ള പ്രേരണ എന്താണെന്ന് ജമാ‌അത്തേ ഇസ്ലാമിക്കാര്‍ക്ക് മാത്രേ അറിയൂ.  പാര്‍ട്ടി ഉണ്ടാക്കിയാല്‍ , ഭരണം കിട്ടിയാല്‍ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍ കഴിയും എന്നൊരു അന്ധവിശ്വാസം  എന്നാണ് ആരംഭിച്ചത് എന്നറിയില്ല. അങ്ങനെയൊരു വിശ്വാസം ഇക്കാലത്ത് വളരെ പ്രബലമാണ്. നമ്മുടെ ഭരണം വന്നാല്‍ എല്ലാം ശുഭം എന്ന് വിശ്വാസികള്‍ കരുതുന്നു. എന്നാല്‍ അനുഭവം മറിച്ചാണ്. കമ്മ്യൂണിസ്റ്റുകള്‍ ഭരണം സ്ഥാപിച്ചിട്ട് കമ്മ്യൂണിസ്റ്റുകളുടെ പ്രശ്നം തീര്‍ന്നോ? പാക്കിസ്ഥാന്‍ ഉണ്ടാക്കിയിട്ട് (ഇവിടത്തെ പോട്ടെ) പാക്കിസ്ഥാനിലെ മുസ്ലീകളുടെ പ്രശ്നം തീര്‍ന്നോ? പാക്കിസ്ഥാനില്‍ നിന്ന് പിന്നെയും വിഘടിച്ച ബംഗ്ലാദേശിന്റെ പ്രശ്നമോ? നമ്മുടെ  ഗവണ്മേണ്ട് ഉണ്ടാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനും ആവേശം കൊള്ളിക്കാനും  നേതാക്കളായി ഉയര്‍ന്നുവരുന്നവര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു.  രാജ്യമില്ലെങ്കില്‍ സംസ്ഥാനം അതുമില്ലെങ്കില്‍ ജില്ല ഇല്ലെങ്കില്‍ താലൂക്ക് ഇങ്ങനെ നേതാവാകുന്നവന്റെ കഴിവിനനുസരിച്ച് നേതൃമോഹികള്‍ക്ക് പ്രക്ഷോഭം നയിക്കാന്‍ എന്നും എവിടെയും അവസരമുണ്ട്.  ഒരു പാര്‍ട്ടി ഉണ്ടാക്കിയാല്‍ പെട്ടെന്നുള്ള ഗുണം ഫണ്ട് പിരിക്കാമെന്നതാണ്. ജില്ലാക്കമ്മറ്റിയില്‍ ഒരു പത്താളു മതി. നഗരത്തിലെ എല്ലാ കടകളില്‍ നിന്നും സംഭാവന കിട്ടും. ഇങ്ങനെ ചെറിയ പാര്‍ട്ടികളുടെ ആളുകളായി വേറെ പണിയൊന്നുമില്ലാത പട്ടണത്തില്‍ സുഖമായി കഴിയുന്നവരെ എനിക്ക് പരിചയമുണ്ട്. എനിക്കെന്തോ രാഷ്ട്രീയം ഒരു സപര്യയാണ്. അത്കൊണ്ട് ഒരു പാര്‍ട്ടിയും എന്നെ കൂട്ടുകയില്ല.  സാമൂഹ്യസേവനതല്പരരായ നിസ്വാര്‍ത്ഥര്‍ മാത്രമേ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വരാവൂ. സ്വന്തം കാര്യമാണെങ്കില്‍ മറ്റെന്തൊക്കെ മേഖലകളുണ്ട്. രാഷ്ട്രീയം ത്യാഗികള്‍ക്ക് വിട്ടുകൊടുക്കൂ എന്ന എന്റെ ആശയം ഇക്കാലത്ത് പുറത്ത് പറയാന്‍ പോലും പറ്റില്ല.

ജമാ‌അത്തേ ഇസ്ലാമിയ്ക്ക് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചുകൂടെ? അതില്‍ എന്താണ് തെറ്റ്?  ഇതാണെന്ന് തോന്നുന്നു എതിര്‍ക്കുന്നവരോടുള്ള ജമാ‌അത്തിന്റെ ചോദ്യം.  ചോദ്യം ന്യായമാണ്. ഇക്കണ്ട പാര്‍ട്ടികളോക്കെ നിലനില്‍ക്കുന്ന രാജ്യത്ത് ജമാ‌അത്തേ ഇസ്ലാമിയുടെ പാര്‍ട്ടിക്ക് മാത്രം സ്പേസ് ഇല്ലാതെ പോകുമോ? പക്ഷെ പ്രശ്നം അതല്ല. ജമാ‌അത്തിനെ എതിര്‍ക്കുന്ന മറ്റൊരു മുസ്ലീം സംഘടനയുടെ വാദം ഇപ്രകാരമാണ്. “മതേതര ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണ സഭകളില്‍ അംഗമാകുന്നതും വോട്ടു ചെയ്യുന്നതുമെല്ലാം മതവിരുദ്ധമാണെന്നാണ് ജമാ‌അത്തേ ഇസ്ലാമിയുടെ  ഭരണഘടനയില്‍ ഇന്നും ഉള്ളത്. ആ ഭരണഘടന നിലനിര്‍ത്തിക്കൊണ്ട്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ടു ചെയ്യുന്നതും കാപട്യമാണ്‌. ഭരണഘടനയിലും ആശയാര്‍ദര്‍ശങ്ങളിലും ജനാധിപത്യത്തെയും മതേതരത്വത്തെയും തള്ളിപ്പറയുകയും പ്രായോഗിക തലത്തില്‍ അതംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ നിരക്കുന്നതല്ല.”  ജനാധിപത്യത്തെയും മതേതരത്വത്തെയും ഹറാമായി കണ്ട മൌദൂദിയുടെ ചിന്തകളെ നിങ്ങള്‍ തള്ളിപ്പറഞ്ഞോ എന്നും അവര്‍ ചോദിക്കുന്നുണ്ട്.  ഇക്കാര്യത്തെ പറ്റി എനിക്ക് കൂടുതല്‍ അറിവില്ല.  എന്നാല്‍ ജമാ‌അത്തിന്റെ നേരെ തൊടുത്തുവിടുന്ന ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്.

ജനാധിപത്യത്തെ നിരാകരിക്കുന്ന മൌദൂദിയന്‍ ദര്‍ശനങ്ങളുടെ പാരമ്പര്യാവകാശികളായ ജമാ‌അത്തുകാര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കണമെങ്കില്‍ ആദ്യം അവര്‍ മൌദൂദിയെ തള്ളിപ്പറയട്ടെ എന്നാണല്ലോ ജമാ‌അത്തുകാരെ എതിര്‍ക്കുന്നവര്‍ പറയുന്നത്. (എനിക്ക് മൌദൂദിയന്‍ ചിന്തകള്‍ വായിച്ച് പരിചയമില്ല) എന്നാല്‍ ഇതേ ആവശ്യം കമ്മ്യൂണിസ്റ്റുകളോട് ആരും ഉന്നയിക്കുന്നില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ബഹുകക്ഷിപാര്‍ലമെന്ററി സമ്പ്രദായവും നമ്മുടെ ഭരണഘടനയും  നീതിന്യായവ്യവസ്ഥയും ഒക്കെ അംഗീകരിക്കുന്നുണ്ടോ?  ഉണ്ടെങ്കില്‍ അവര്‍ മാര്‍ക്സിസവും ലെനിനിസവും  തള്ളിപ്പറയേണ്ടതാണ്. രണ്ടും എങ്ങനെ ഒരുമിച്ച് കൊണ്ടുനടക്കാന്‍ കഴിയും? മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തില്‍ ഇവിടെ ഉള്ളതെല്ലാം നിഷിദ്ധമാണ്. കമ്മ്യ്യൂണിസ്റ്റ് ഭരണക്കുത്തക സ്ഥാപിച്ചാലേ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ക്ക് വിശ്രമിക്കാനാകൂ.

സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്റ്റ് 15 ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കരിദിനമായാണ് ആചരിച്ചത്. ഇന്ത്യന്‍ ജനത വഞ്ചിക്കപ്പെട്ട ഈ ആഗസ്റ്റ് 15, ആപത്ത് പതിനഞ്ചാണ് എന്നാണവര്‍ വിശേഷിപ്പിച്ചത്. അടുത്ത വര്‍ഷം 1948ല്‍ അവര്‍ കല്‍ക്കത്തയില്‍ ഒത്ത്ചേര്‍ന്ന്  ഇന്ത്യയില്‍ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തു.  ഇന്ത്യ ഇപ്പോള്‍ തന്നെ പിടിച്ചെടുത്ത് നമ്മുടെ സര്‍വ്വാധിപത്യം സ്ഥാപിക്കണം എന്ന തീസീസ് അവതരിപ്പിച്ചത് ബി.ടി.രണദിവെ. കൈയ്യില്‍ കിട്ടിയ ആയുധങ്ങളുമായി സഖാക്കള്‍ വിപ്ലവത്തിനിറങ്ങി. അപ്പോള്‍ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു.  വിപ്ലവകാരികളായ സഖാക്കള്‍ സധൈര്യം ഒളിവില്‍ പോയി. അതാണ് ഒളിവ് കാലഘട്ടം. തോപ്പില്‍ ഭാസി ഓര്‍മ്മിച്ച് എഴുതിയ ഒളിവ്കാലം. സക്കറിയ പയ്യന്നൂരില്‍ പരാമര്‍ശിച്ച അതേ കാലം.  ഒളിവില്‍ പോയത് എന്തോ മഹാകാര്യമെന്ന മട്ടിലാണ് ഇപ്പോഴും സഖാക്കള്‍ ആ കാലത്തെ കുറിച്ചു പറയുക.

എന്തിനാണ് ഒളിവില്‍ പോകേണ്ടി വന്നത്? സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായ കൊളോണിയല്‍ ഭരണകൂടത്തോട് ആത്മാഭിമാനമുള്ള ഒരു ജനത സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുക.  ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം , ലോകത്തെ സ്വാതന്ത്ര്യസമരചരിത്രങ്ങളില്‍ അനുപമമായ ഒന്നാണ്.  തരം കിട്ടുമ്പോഴെല്ലാം സ്വാതന്ത്ര്യസമരത്തെ ഒറ്റ്കൊടുക്കാനാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചത്. എന്നിട്ട് ഇന്ത്യ സ്വതന്ത്രമായി ഒരു വര്‍ഷം തികയ്ക്കുന്നതിന് മുന്നേ സായുധകലാപം അഴിച്ചുവിട്ട് നാട്ടില്‍ അരാജകത്വം ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് കമ്മ്യ്യൂണിസ്റ്റ്കള്‍ ഒളിവില്‍ പോകേണ്ടി വന്നത്. അല്ലാതെ രാജ്യത്തിനോ ജനങ്ങള്‍ക്കോ വേണ്ടി എന്തെങ്കിലും ത്യാഗം ചെയ്തതിന്റെ പേരിലല്ല.  ആഗസ്റ്റ് പതിനഞ്ചിന് ഇന്ത്യന്‍ ജനത വഞ്ചിക്കപ്പെട്ടിട്ടില്ല, എന്നാല്‍ 1948ല്‍ കമ്മ്യൂണിസ്റ്റുകളാല്‍ രാജ്യം വഞ്ചിക്കപ്പെടുമായിരുന്നു. ഇന്ത്യാ ഗവണ്‍മ്മേണ്ടിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാല്‍ ആ‍ വഞ്ചനയെ രാജ്യം അതിജീവിച്ചു. ആ ഒളിവ് പോക്കില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്?

അങ്ങനെ രണ്ട് വര്‍ഷത്തോളം ഒളിവിലും ജയിലിലും ഒക്കെ കഴിഞ്ഞുകൂടിയ കമ്മ്യൂണിസ്റ്റുകള്‍ ഗവണ്മേണ്ടിന് എഴുതിക്കൊടുത്തു. ഞങ്ങള്‍ സായുധവിപ്ലവാഹ്വാനം പിന്‍‌വലിക്കുന്നു. പാര്‍ലമെന്ററി പ്രക്രിയയില്‍ പങ്കാളികളാകാം. മാപ്പാക്കണം.  സര്‍ക്കാര്‍ നിരോധനം പിന്‍‌വലിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമാവുകയും ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയാവുകയും  പിന്നെ പിളര്‍ന്ന് ഇന്ന് ഇക്കാണുന്ന കോലത്തില്‍ ആവുകയും ചെയ്തതൊക്കെ ചരിത്രം. പക്ഷെ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കടലാസില്‍ എഴുതിക്കൊടുത്തതല്ലാതെ അവരുടെ പരിപാടിയിലോ ഭരണഘടനയിലോ മാറ്റം വരുത്തിയില്ല. ഇക്കാലയളവില്‍ ചില്ലറ ഭേദഗതികള്‍ വരുത്തി. എന്നാലും ഇന്ത്യയില്‍ ജനകീയജനാധിപത്യ വിപ്ലവം നടത്തി തങ്ങളുടെ ഏകാധിപത്യം സ്ഥാപിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ് എന്നാണ് ഇന്നും അവരുടെ പരിപാടി. ഇവിടത്തെ ഭരണഘടനയും സര്‍ക്കാര്‍ സംവിധാനവും ഒക്കെ മാറ്റി കമ്മ്യൂണിസ്റ്റ് ഭരണഘടനയും സര്‍വ്വാധിപത്യവും അവരുടെ പരിപാടി വിഭാവനം ചെയ്യുന്നു.

പരിപാടി ഇങ്ങനെയൊക്കെ ആണെങ്കിലും വിപ്ലവം എവിടം വരെ എത്തി സഖാവേ എന്ന് ചോദിക്കേണ്ട അവസ്ഥയാണ്.  അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത് ഒന്നുകില്‍ ഇവര്‍ വിപ്ലവവും ഏകകക്ഷിസര്‍വ്വാധിപത്യവും എന്ന ആശയത്തെ തള്ളിപ്പറയണം. അല്ലെങ്കില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനവും , തീം പാര്‍ക്ക്-സൂപ്പര്‍സ്പെഷ്യാലിറ്റി, പന്‍ഞ്ചനക്ഷത്രഹോട്ടല്‍, ഷോപ്പിങ്ങ് മോള്‍ , ഷേര്‍മാര്‍ക്കറ്റ് സംരംഭങ്ങളും ഒക്കെ നടത്തുന്നതിനിടയില്‍ അല്പസമയം വിപ്ലവപ്രവര്‍ത്തനങ്ങളും നടത്തണം. ഒരു പക്ഷെ ഇപ്പോള്‍ അവര്‍ എന്തൊക്കെയാണോ നടത്തുന്നത് അതൊക്കെയാണോ വിപ്ലവ പ്രവര്‍ത്തനം എന്നറിയില്ല. എന്തായാലും ജനാധിപത്യത്തിന് വേണ്ടി മുറവിളി കൂട്ടുകയും ജനാധിപത്യം നിഷേധിക്കുന്ന ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തട്ടിപ്പാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ ജമാ‌അത്തേ ഇസ്ലാമിയുടെ ഭാഗത്ത് തട്ടിപ്പോ കാപട്യമോ എനിക്ക് കാണാന്‍ കഴിയുന്നില്ല. മാത്രമല്ല അവരുടെ ഇടപെടലുകളില്‍ എനിക്ക് മതിപ്പുമുണ്ട്.

16 comments:

Anonymous said...

>>>ജനാധിപത്യത്തെ നിരാകരിക്കുന്ന മൌദൂദിയന്‍ ദര്‍ശനങ്ങളുടെ പാരമ്പര്യാവകാശികളായ ജമാ‌അത്തുകാര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കണമെങ്കില്‍ ആദ്യം അവര്‍ മൌദൂദിയെ തള്ളിപ്പറയട്ടെ എന്നാണല്ലോ ജമാ‌അത്തുകാരെ എതിര്‍ക്കുന്നവര്‍ പറയുന്നത്. (എനിക്ക് മൌദൂദിയന്‍ ചിന്തകള്‍ വായിച്ച് പരിചയമില്ല) എന്നാല്‍ ഇതേ ആവശ്യം കമ്മ്യൂണിസ്റ്റുകളോട് ആരും ഉന്നയിക്കുന്നില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ബഹുകക്ഷിപാര്‍ലമെന്ററി സമ്പ്രദായവും നമ്മുടെ ഭരണഘടനയും നീതിന്യായവ്യവസ്ഥയും ഒക്കെ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ മാര്‍ക്സിസവും ലെനിനിസവും തള്ളിപ്പറയേണ്ടതാണ്. രണ്ടും എങ്ങനെ ഒരുമിച്ച് കൊണ്ടുനടക്കാന്‍ കഴിയും? മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തില്‍ ഇവിടെ ഉള്ളതെല്ലാം നിഷിദ്ധമാണ്. കമ്മ്യ്യൂണിസ്റ്റ് ഭരണക്കുത്തക സ്ഥാപിച്ചാലേ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ക്ക് വിശ്രമിക്കാനാകൂ.<<<
എന്നു മാത്രമല്ല, കമ്യൂണിസ്റ്റുകളാണ് ഈ ചോദ്യം ജമാ അത്തിനോടു ചോദിക്കുന്നത് എന്നതിലെ വൈരുധ്യവും ആര്‍ക്കും പ്രശ്നമല്ല.

Unknown said...

ഏല്ലാവരും പാർട്ടി ഉണ്ടാക്കട്ടെ ജാതിയുടെ പെരിലും മതത്തിന്റെ പെരിലും ഒക്കെ പക്ഷെ നാടിന് ഇതുകൊണ്ടെന്തു പ്രയോജനം.സമുദായത്തിലെ താഴെത്തട്ടിലുള്ളവർക്കും പോലും എന്തേലും കിട്ടുമോ?

Noushad Vadakkel said...

>>>അവര്‍ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുമോ എന്നറിയില്ല. <<<
മറുപടി ഇവിടുണ്ട് ജമാഅത്തെ ഇസ്‌ലാമി സ്വയം രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊതുനന്‍മയില്‍ താല്‍പര്യമുള്ളവരെക്കൂടി ഉള്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരിഫലി വ്യക്തമാക്കി.

>>>ഇപ്പോള്‍ ഒരു പാര്‍ട്ടി ഉണ്ടാക്കാനുള്ള പ്രേരണ എന്താണെന്ന് ജമാ‌അത്തേ ഇസ്ലാമിക്കാര്‍ക്ക് മാത്രേ അറിയൂ.<<<

അത് കുറച്ചു വിശദമായി വിശദീകരിക്കേണ്ടി വരും .അപ്പോഴേ ഇത്ര നാളും ജമാ‌അത്തേ ഇസ്ലാമി കൊണ്ട് നടന്ന പൊയ്മുഖം മനസ്സിലാകൂ ...

(മുസ്ലിംകള്‍ കേവലം പതിമൂന്നു ശതമാനം മാത്രം ഉള്ള ( അവരില്‍ മഹാഭൂരിപക്ഷവും അനിസ്ലാമിക ആചാരാനുഷ്ടാനങ്ങള്‍ പുലര്തുന്നവരാനെന്നു ജമാ‌അത്തേ ഇസ്ലാമി തന്നെ സാക്ഷ്യപ്പെടുത്തുന്നു )
ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രത്തിനു ശ്രമിക്കലാണ് ഓരോ മുസ്ലിമിന്റെയും പ്രഥമ ലക്‌ഷ്യം എന്ന ഹിമാലയന്‍ വന്‍കത്തത്തെ അന്ധ വിശ്വാസം എന്നെഴുതിയാല്‍ അന്ധ വിശ്വാസികള്‍ കേസിന് പോകും )

Noushad Vadakkel said...

>>>>കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ബഹുകക്ഷിപാര്‍ലമെന്ററി സമ്പ്രദായവും നമ്മുടെ ഭരണഘടനയും നീതിന്യായവ്യവസ്ഥയും ഒക്കെ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ മാര്‍ക്സിസവും ലെനിനിസവും തള്ളിപ്പറയേണ്ടതാണ്. രണ്ടും എങ്ങനെ ഒരുമിച്ച് കൊണ്ടുനടക്കാന്‍ കഴിയും? മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തില്‍ ഇവിടെ ഉള്ളതെല്ലാം നിഷിദ്ധമാണ്. കമ്മ്യ്യൂണിസ്റ്റ് ഭരണക്കുത്തക സ്ഥാപിച്ചാലേ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ക്ക് വിശ്രമിക്കാനാകൂ. <<<

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരളത്തിലും ഇന്ത്യയിലും പ്രചരിച്ചത് ആശയക്കരുത്തു കൊണ്ടല്ല എന്നതാണ് വസ്തുത . തരാതരം പോലെ മുന്നണിയുണ്ടാക്കി കൊളെണ്ടവരെ കൊണ്ടും തള്ളേണ്ടവരെയൊക്കെ തള്ളിയും ആണ് ആ പാര്‍ട്ടി വളര്‍ന്നത്. ഇടക്കിടക്കൊക്കെ സ്വത്വം , സത്വം എന്നൊക്കെ പറയുമ്പോഴേ കണ്ണുരുട്ടി വായടപ്പിക്കുന്ന, ഇരുമ്പു മറക്കപ്പുരം കാര്യങ്ങള്‍ തീരുമാനിക്കുന്ന പാര്ട്ടിയാണത് . പാവപ്പെട്ടവര്‍ക്ക് വേണ്ടി സമരം ചെയ്തും , അക്രമ സമരങ്ങള്‍ നടത്തി പൊതു ജനത്തെ പേടിപ്പിച്ചും വളര്‍ന്ന ചരിത്രമാണ് അതിനുള്ളത് . അതിനോട് ---ഈ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ബഹുകക്ഷിപാര്‍ലമെന്ററി സമ്പ്രദായവും നമ്മുടെ ഭരണഘടനയും നീതിന്യായവ്യവസ്ഥയും ഒക്കെ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ മാര്‍ക്സിസവും ലെനിനിസവും തള്ളിപ്പറയേണ്ടതാണ്. രണ്ടും എങ്ങനെ ഒരുമിച്ച് കൊണ്ടുനടക്കാന്‍ കഴിയും? മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തില്‍ ഇവിടെ ഉള്ളതെല്ലാം നിഷിദ്ധമാണ്. കമ്മ്യ്യൂണിസ്റ്റ് ഭരണക്കുത്തക സ്ഥാപിച്ചാലേ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ക്ക് വിശ്രമിക്കാനാകൂ.--- എന്നൊക്കെ ചോദിച്ചാല്‍ "എത്ര നാളാ സഖാവേ പരിപ്പ് വടയും കട്ടന്‍ ചായയും കഴിച്ചു ജീവിക്കുക ." എന്ന് മറു ചോദ്യം ചോദിച്ചു കണ്ണിറുക്കി കാണിക്കുകയേയുള്ളൂ ...

Noushad Vadakkel said...

ജമാഅത്തെ ഇസ്ലാമിയുടെ പിഴവുകള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് (ജമാഅത്തെ ഇസ്ലാമിയുടെ പിഴവുകള്‍ ചര്‍ച്ച ചെയ്തത് അവര്‍ ഇത് വരെ പറഞ്ഞതും അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും തെളിവുകള്‍ സഹിതം വ്യക്തമാക്കി തെറ്റ്‌ അവര്‍ തിരുത്തട്ടെ എന്ന സദുദ്ധെശതോടെയാണ്)

Prasanna Raghavan said...

സുകുമാരന്‍ മാഷേ
വളരെ ക്കാലമായി മനസില്‍ കോണ്ടു നടന്ന ഒരു സംശയത്തിനു മാഷു മഹാ നിവര്‍ത്തി വരുത്തിയിരിക്കുന്നു.

ഈ മാര്‍ക്സിസ്റ്റുകള്‍ എങ്ങനെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ഭരണത്തില്‍ വന്നു എന്ന്. അതുപോലെ മനുഷ്യന്റെ അടിസ്ഥാന ഇശ്ചയും നിലനില്പിനാധാരവുമായ സ്വത്ത് നിര്‍ക്കുന്നതെങ്ങനെ എന്നതവരട സിദ്ധാന്തത്തിലില്ല, എന്നാല്‍ മറ്റുള്ളവരു സ്വത്തൊണ്ടാക്കിക്കഴിയുമ്പോള്‍ അതു നോക്കിയിരുന്നതിന്റെ കൂലി അവര്‍ക്കു വെണം.

പക്ഷെ സൈധാന്തികമായി ഞാന്‍ ഒരു ഇടത്തുപക്ഷ ചിന്താഗതിക്കാരിയാണ് എന്നു തന്നെ പരയട്ടെ.പക്ഷെ കേരളത്തിലേത്, ഇന്ത്യയിലേത് എന്തോന്ന് ഇടത്തുപക്ഷം.

ഇന്ത്യന്‍ മാര്‍സിസ്റ്റു പാര്‍ട്ടി ഒരു കോണ്‍ഗസ്- അനന്തിരവന്‍ പാര്‍ട്ടിയ്ല്ലാതെ വേറെന്ത്?

Baiju Elikkattoor said...

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ഇകഴ്ത്തി കാണിക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ വെള്ള പൂശുന്നതിനോട് യോജിപ്പില്ല. പ്രത്യേകിച്ചും, മൌദൂദിയെ ശരിക്കും മനസ്സിലാക്കാതെ ഈ താരതമിയം ശരിയായില്ല. രണ്ടും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ മാത്രം.

പ്രവാചകന്റെ പേര്‍ എഴുതിയവന്റെ കൈപത്തി മണ്ണില്‍ വീണില്ലേ. നമ്മുടെ വര്‍ഗ്ഗീയ രാഷ്രീയ പരീക്ഷണ ശാലയിലും അങ്ങനെ താലിബാന്‍ പിറവി എടുത്തുവോ!

Anonymous said...

ഈറ്‍ക്കിലി പാറ്‍ട്ടികളെ ഒക്കെ ഒതുക്കാന്‍ എല്‍ ഡീ എഫിനേ കഴിയു, അവരുടെ കൂടെ കൂടിയ കോണ്‍ഗ്രസ്‌ എസ്‌ , സീ പീ ഐ , ആറ്‍ എസ്‌ പി , മദനി എല്ലാം വറ്‍ഷങ്ങള്‍ കഴിയും തോറും എയിഡ്സ്‌ പിടിച്ച പോലെ ചോരയും നീരും വറ്റിക്കൊണ്ടേയിരിക്കും വല്യേട്ടണ്റ്റെ ധ്റ്‍തരാഷ്ട്റാലിംഗനത്തില്‍ അവയെല്ലാം പൊടിഞ്ഞു ഇല്ലാതെയാകും

എന്നാല്‍ ഈ ഈറ്‍ക്കിലികള്‍ ഒക്കെ യു ഡീ എഫില്‍ കയറിയാല്‍ കോണ്‍ഗ്രസിണ്റ്റെ ചോറ കുടിച്ചു ഇത്തിള്‍ പോലെ വളരും ഉദാ സീ എം പി, ജേ എസ്‌ എസ്‌, കേ കോ പിള്ള,ജേക്കബ്‌,പീ സീ ജോറ്‍ജ്‌, ഷിബു ബേബിജോണ്‍ ആറ്‍ എസ്‌ പി എക്സ്റ്ററ്റ്റ എക്സറ്റ്റാ

ബൈജുവിണ്റ്റെ അഭിപ്റായത്തോടു യോജിക്കുന്നു, ഹിന്ദു വറ്‍ഗീയത ഏതാണ്ട്‌ തീറ്‍ന്നു ഇനി മുസ്ളീം ഫണ്ടമെണ്റ്റലിസത്തിനു ഉടന്‍ കടിഞ്ഞാണിടണം ഇല്ലെങ്കില്‍ അതൊരു ക്റിസ്ത്യന്‍ മുസ്ളീം സംഘറ്‍ഷത്തിലേക്കു നീങ്ങും കേരളം കുട്ടിച്ചോറാകും

ഇസ്ളാം തീവ്റവാദത്തെ പിന്തുണക്കുന്ന സീ പീ എം നിലപാട്‌ കേരളത്തില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കാന്‍ പോകുകയാണു പോലീസിണ്റ്റെ കൈകള്‍ വരിഞ്ഞു കെട്ടിയിരിക്കുകയാണു ദളിത്‌ പാന്തറ്‍, എന്‍ ഡീ എഫ്‌, തുടങ്ങിയ പല സംഘടനകളും പോലീസ്‌ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനാല്‍ മാത്റമാണു വളരുന്നത്‌

CKLatheef said...

@ആരുഷി
"ബൈജുവിണ്റ്റെ അഭിപ്റായത്തോടു യോജിക്കുന്നു, ഹിന്ദു വറ്‍ഗീയത ഏതാണ്ട്‌ തീറ്‍ന്നു." :(

CKLatheef said...

ഒരു പക്ഷം മാത്രം കാണുന്ന ബ്ലോഗര്‍മാര്‍ക്കിടയില്‍നിന്ന് താങ്കളെ പോലെ നിഷ്പക്ഷമായി വിലയിരുത്തുന്നവരുടെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ വല്ലാത്ത സമാധാനം തോന്നുന്നു. ജമാഅത്തിനെക്കുറിച്ച് കുറച്ചൊക്കെ അറിഞ്ഞിട്ടുതന്നെയാണ് താങ്കള്‍ പറയുന്നത് എന്നാണ് എന്റെ അഭിപ്രായം.

ജമാഅത്ത് എന്തിലിടപ്പെട്ടാലും ഈ 60 വര്‍ഷത്തെ ചരിത്രം വെച്ച് മനുഷ്യത്വത്തിന്റെയും ജാതിമതഭേതമന്യേ അത് സ്വീകരിച്ച ജനസേവനത്തിന്റെയും മാര്‍ഗം കൈവെടിയില്ല എന്ന് ഉറപ്പിക്കാം. കാരണം അതൊന്നും മൂടുപടമോ മുഖം മൂടിയോ ആയിരുന്നില്ല. അതിന്നോളം ചെയ്ത സേവനങ്ങള്‍ സ്വന്തം പോക്കറ്റില്‍നിന്നും സമാനമനസ്‌കരായ മനുഷ്യസ്‌നേഹികളുടെ പോകറ്റില്‍നിന്നുമുള്ള കാശ് കൊണ്ടായിരുന്നു. അതേ സമയം ജനങ്ങളുടെ നികുതിപണം അവരുടെ വികസനാവശ്യങ്ങള്‍ക്കുള്ളത് പാഴാക്കിക്കൊണ്ടിരിക്കെ (വീതംവെച്ചുകൊണ്ടിരിക്കെ) ജനാധിപത്യപ്രക്രിയയില്‍ നേരിട്ട് പങ്കാളിയായി അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കാന്‍ സാധിക്കുമെങ്കില്‍ എന്തിന് മാറിനില്‍ക്കണം എന്നാണ് അവര്‍ ചിന്തിക്കുന്നത്. ഇത് ചെയ്യാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണെന്ന് തോന്നുന്നില്ല. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഇടക്ക് ജനപക്ഷം ആരും ഏറ്റെടുക്കാനില്ലാതെ വന്നത് കൊണ്ടുകൂടിയാണ് ജമാഅത്തിന് ഇങ്ങനെ ഒരു ബുദ്ധി തോന്നിയത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. വിയോജിക്കുന്നവരുണ്ടാകാം. അവര്‍ക്ക് ബാലറ്റു പേപ്പറിലൂടെ തന്നെ വിയോജിച്ച് അവരെ മാറ്റിനിര്‍ത്താം. ഫണ്ടുകള്‍ സ്വന്തം പോകറ്റിലാക്കണമെന്ന് അവര്‍ ആഗ്രഹിക്കാത്തതിനാല്‍ പരാജയപ്പെടുന്നത് വലിയ കാര്യമായി അവര്‍ പരിഗണിക്കാന്‍ ഇടയില്ല. ജമാഅത്തിന്റെതേതായാലും വര്‍ഗീയ രാഷ്ട്രീയമായിരിക്കില്ല. മൂല്യങ്ങളുടെ രാഷ്ട്രീയമായിരിക്കും. ഇതറിഞ്ഞകൊണ്ടുതന്നെയാണ് ആള്‍ കുറവായ ഈ പാര്‍ട്ടിയെ ചിലരെല്ലാം വല്ലാതെ ഭയക്കുന്നതും.

Unknown said...

ജമാ‌അത്തിനെക്കുറിച്ച് അതിന്റെ വിമര്‍ശകരില്‍ നിന്നാണ് ഞാന്‍ കൂടുതലായും മനസ്സിലാക്കിയിട്ടുള്ളത്. മുസ്ലീം രാഷ്ട്രം എന്ന സങ്കല്പം യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതില്‍ ഒട്ടും കുറയ്ക്കാന്‍ പാടില്ല, മതേതര-ജനാധിപത്യ സമ്പ്രദായം സ്വീകാര്യമല്ല എന്നൊക്കെയാണ് ജമാ‌അത്തിന്റെ സൈദ്ധാന്തിക അടിത്തറ എന്നാണ് വിമര്‍ശകര്‍ ഉന്നയിച്ച് കാണുന്നത്. ഞാന്‍ അത് മുഖവിലയ്ക്കെടുക്കുന്നില്ല. കാരണം അത് പ്രായോഗികമാവുകയില്ല എന്നത്കൊണ്ട് തന്നെ. വ്യക്തികള്‍ ആയാലും സംഘടന ആയാലും എന്തെങ്കിലും നന്മ ചെയ്യുന്നുണ്ടോ എന്നേ ഞാന്‍ നോക്കുന്നുള്ളൂ. തിന്മകള്‍ ചെയ്യുന്നതും ശ്രദ്ധിക്കുന്നു. കേരള സമൂഹത്തില്‍ ഏറ്റവും തിന്മകള്‍ വിതയ്ക്കുന്നത് മാര്‍ക്സിസ്റ്റ് നേതൃത്വമാണെന്നാണ് എന്റെ അഭിപ്രായം. ജനപക്ഷത്ത് നിന്ന്കൊണ്ട് ഇടപെടല്‍ നടത്തുകയാണെങ്കില്‍ ഞാന്‍ ജമാ‌അത്തിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യും.

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ചില ആശയങ്ങളും ലക്ഷ്യങ്ങളും ഒക്കെ കാണും. അതൊന്നും പൂര്‍ണ്ണമായും സാര്‍വ്വജനീനമായും നടപ്പിലാവുകയില്ല. എനിക്കും ഒരാശയമുണ്ട്. സംഘടനകളില്ലാത്ത ലോകമാണത്. മനുഷ്യര്‍ എന്ന ഒറ്റ സമുദായം മാത്രം. നടക്കുമോ? ഇല്ല. ഭരണകൂടം ഇല്ലാത്ത ഒരു ലോകം കാറല്‍ മാര്‍ക്സ് വിഭാവനം ചെയ്തിട്ടുണ്ട്. നടക്കുമോ? ഇല്ല. വിശ്വപൌരത്വവും ലോകഗവണ്മേണ്ടും നിലവില്‍ വരുത്താന്‍ വേണ്ടി ബഹായ് വിശ്വാസികള്‍ ഈ കൊച്ചുകേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. നടക്കുമോ? ഇല്ല. അത്രയേയുള്ളൂ എല്ലാം. വ്യക്തികള്‍ ആയാലും സംഘടന ആയാലും മനുഷ്യന് നന്മ ചെയ്യുക. യാഥാര്‍ഥ്യം അംഗീകരിക്കുക.

ചിന്തകന്‍ said...

പ്രിയ കെപീ എസ്

മാഷ് പറഞ്ഞത് വളരെ ശരിയാണ്,
എല്ലാവരെയും ഒരു പോലെയാക്കിയയതിന് ശേഷം, ഏകധ്രുവമായ ഒരു ലോകം എന്നത് അസാധ്യമായത് തന്നെയാണ്.

ജമാ‍ അത്തെ ഇസ്ലാമിക്ക് ഇവിടെ വൈവിധ്യങ്ങളില്ലാത്ത ഏകധ്രുവമായ ഒരു ലോകം നിർമ്മിക്കാനാവുമെന്ന ഒരു മിഥ്യാ ധാരണയില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വൈവിധ്യം എന്നത് ദൈവ നിശ്ചിതമാണെന്ന് മനസ്സിലാക്കുന്ന ഒരു പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. ഓരോരുത്തർക്കും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവസരം ദൈവം തന്നെ നൽകിയിരിക്കെ അത് ഹനിക്കാനുള്ള അധികാരം(മറ്റൊരാൾക്ക് ഹാനികരമാവാത്തിടത്തോളം) ആർക്കുമില്ലെന്ന് മനസ്സിലാക്കുന്ന പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. മാത്രമല്ല അത് ഹനിക്കുന്നവർ ആരായാലും അവർക്കെതിരെ ജമാഅത്ത് നേതൃത്വം നൽകുന്ന തെരെഞ്ഞ്ടുപ്പ് രാഷ്ട്രീയ പ്രസ്ഥാനവുണ്ടാവും... തീർച്ച.

സാമുദായികമായ ഒരു ലവലിൽ നിന്ന് മാത്രം പ്രവർത്തിക്കുക എന്നത് ജമാ അത്തിന്റെ രാഷ്ട്രീയ പ്രവർത്തനം ലക്ഷ്യമാക്കുന്നില്ല. ലത്തീഫ് സൂചിപിച്ച പോലെ, ഇന്നത്തെ നിലയിൽ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാൻ അതു ഉദ്ദേശിക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എല്ലാ ജനങ്ങളളെയും മനുഷ്യൻ എന്ന ഒരൊറ്റ നിലയിൽ കണ്ട് അവരുടെ പ്രശ്നങ്ങളിൽ കൂടെനിൽക്കുകയും, ഒപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും മൊത്തത്തിലുള്ള പുരോഗതിക്ക് ചെയ്യാൻ പറ്റുന്നതൊക്കെയും ചെയ്യുക എന്നതാണ് തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ പ്രധാന ലക്ഷ്യം.

ജനാധിപത്യത്തിന്റെ ചില താത്വിക വശങ്ങളെ ഗാന്ദ്ധിജിയെ പോലുള്ളവർ വിമർശിച്ച പോലെ മൌദൂതിയും വിമർശന വിധേയമാക്കിയിട്ടുണ്ട്. ഒരുദാഹരണം സമൂഹത്തിന്റെ നന്മതിന്മകൾ ഏതെന്ന് തീരുമാനിക്കുന്നത് പോലുള്ളവ. അതായത് ഒരു നാട്ടിലെ ഭൂരിപക്ഷം ആളുകൾ തീരുമാനിക്കുകയാണ് ഇനിമുതൽ ആ നാട്ടിലെ ന്യൂനപക്ഷങ്ങളെയൊക്കെ നാടുകടത്തണമെന്ന്.... 51 % ആളുകകൾ തീരുമാനിക്കുന്നു ഇനിമുതൽ ഇസ്ലാ മത വിശ്വാസികൾക്ക് മദ്യം കഴിക്കുന്നത് നിഷിദ്ധമല്ല എന്ന്... ഇങ്ങനെയുള്ള നിരവധി ഉദാഹരണങ്ങൾ ചൂണ്ടികാണിക്കാൻ പറ്റും.... നമ്മുടെ ഭരണ ഘടന തന്നെ ഇത്തരം കാര്യങ്ങളിൽ ചില പ്രത്യേക ക്ലോസുകൾ എഴുതി ചേർത്തിട്ടുണ്ട്. യു എനിലെ വീറ്റോ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവിരുദ്ധതക്കുള്ള തെളിവാണ്.

തങ്ങളെ ഭരിക്കേണ്ടത് ആരെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾക്ക് മാത്രമാണ് എന്നാണ് മൌദൂതി വ്യക്തമാക്കുന്നത്. ഭൂരിപക്ഷം ജനങ്ങളുടെ ഹിതമനുസരിച്ചായിരിക്കണം ഒരു നാട് ആര് ഭരിക്കണം എന്ന് തീരുമാനിക്കേണ്ടത്. ലോകത്ത് ഇക്കാര്യത്തിൽ ജനാധിപത്യത്തോളം നല്ല ഒരു വ്യവസ്ഥ ഇല്ലെന്നാണ് മൌദൂതി ഇക്കാര്യത്തിൽ പ്രസ്ഥാവിക്കുന്നത്. വിമർശകരിൽ ഏറിയ പങ്കും മൌ‍ദൂതിയുടെ പുസ്തകങ്ങൾ വായിക്കാത്തവരാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മൌദൂതി ക്വാട്ടിങ്ങുകളെ അനവസരത്തിൽ എടുത്ത് പ്രയോഗിക്കുന്നവരാണ് അധികവും... അതുമുഖേന തെറ്റിദ്ധരിച്ചവരാണ് ഭൂരുഭാഗം ആളുകളും... തിന്മക്കെതിരെ പോരാടുമ്പോൾ ശത്രുക്കൾ സ്വാഭാവികം.

ഏതൊരു പ്രസ്ഥാനത്തെയും പഠിക്കാൻ, മറ്റുള്ളവരുടെ/അവരുടെ വാക്കിനേക്കാൾ, ആ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ അടുത്തറിഞ്ഞ് കൊണ്ടായിരിക്കുന്നത്, തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ ഉപകരിച്ചേക്കാം.

Unknown said...

പ്രിയ ചിന്തകന്‍ , വളരെ നല്ല കമന്റ്. ഒരുപാട് നന്ദി ...

Noushad Vadakkel said...

ചിന്തകന്‍ പറഞ്ഞു :

>>>ജനാധിപത്യത്തിന്റെ ചില താത്വിക വശങ്ങളെ ഗാന്ദ്ധിജിയെ പോലുള്ളവർ വിമർശിച്ച പോലെ മൌദൂതിയും വിമർശന വിധേയമാക്കിയിട്ടുണ്ട്.<<

ശുദ്ധമായ അസംബന്ധം

ജനാധിപത്യം മുസ്‌ലിംകള്‍ക്ക് ‌ യോജിക്കാവുന്ന ഒറ്റ പോയന്റുമില്ലാത്ത അനിസ്‌ലാമിക വ്യവസ്ഥയാണെന്നു മൗദൂദിയുടെ പഠാന്കോ്ട്ട്‌ പ്രസംഗത്തില്‍ വ്യക്തമായി പറയുന്നുണ്ട് . മൌദൂതിയുടെ പുസ്തകങ്ങള്‍ മുഴുവനും ഉരുദു ഭാഷയിലാണ് . അതിനെ ജമാഅത്തെ ഇസ്ലാമി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് . കൂടുതല്‍ എഴുതുന്നതിനു സമയമാണ് തടസ്സം . കൂടുതല്‍ വായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ വായിക്കാം .

Vishnu said...

ഇതിപ്പോ പോര്‍ച്ചുഗീസ്‌ കാരെ പേടിച്ചു ഡച്ചു കാരെയും പിന്നീട് ബ്രിട്ടീഷ്‌ കാരെയും വിളിച്ചപോലെയുണ്ട്. എലിയെ പിടിക്കാന്‍ പൂച്ചയെ വളര്‍ത്തിയാല്‍ പോരെ പാമ്പിനെ തന്നെ വേണോ? ജമാഅത്തിനെ കുറിച്ച് അറിയില്ലെങ്കില്‍ അതൊന്നു വായിച്ചിട്ട് എഴുതാമായിരുന്നു. ഇവിടെ ഒരു ലിങ്ക കൊടുക്കുന്നു...
http://sargasamvadam.blogspot.com/2010/06/blog-post_21.html

IUML said...

താങ്കളുടെ ബ്ലോഗിലെ ഈ ഭാഗം "(വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ വികസനമുന്നണി പ്രവര്‍ത്തകര്‍ അവരോട് പറഞ്ഞ ഒരു കാര്യമുണ്ട്. തോറ്റാലും ജയിച്ചാലും ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടാവും. തോല്‍‌വിയുടെ ക്ഷീണത്തില്‍ , കൊടുത്ത വാക്ക് മറന്നു പോകരുത്)
വായിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം അറിയിക്കണമെന്ന് തോന്നി. കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ഇതുവരെ കുടിവെള്ളം എത്താത്ത ഒരു പ്രദേശം സന്ദര്‍ശികനിടയായി.
അന്ന് ഞങ്ങള്‍ അവര്‍ക്ക് കൊടുത്ത ഒരു വാക്ക്‌ ജയിച്ചാലും തോറ്റാലും നിങ്ങളുടെ
പ്രശ്നം ഞങ്ങള്‍ ഏറ്റെടുക്കുന്നു എന്നായിരുന്നു.ദൈവാനുഗ്രഹത്താല്‍ വെള്ളംചെരിച്ചാല്‍ എന്ന കോഴിക്കോട്‌ ജില്ലയിലെ ആ മലയോര ഗ്രാമത്തിലെ കുടിവെള്ള പദ്ധതി 5/02/2011 നു ജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്.

താങ്കളുടെ ബ്ലോഗില്‍ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ കുറിച്ചുള്ള
ആരോഗ്യകരമായ ചര്‍ച്ചകള്‍ സജീവമാണല്ലോ, ബ്ലോഗ്‌ സന്ദര്‍ശകര്‍ക്ക് സത്യം മനസിലാക്കുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.എല്ലാ ഭാവുകങ്ങളും നേരുന്നു

Noufal Mangalassery
noufalok@gmail.com