അജിനോമോട്ടോ വിഷമല്ല

അജിനോമോട്ടോ വിഷം അല്ല. അജിനോമോട്ടോ ഇന്ത്യയിലും  ലോകത്ത് എവിടെയും നിരോധിച്ചിട്ടില്ല. അജിനോമോട്ടോ കഴിച്ച് എന്തെങ്കിലും ദോഷം ഉണ്ടായതായി ലോകത്ത് എവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല്ല. പിന്നെ എന്തിനാണു അജിനോമോട്ടോ വിഷം ആണു എന്ന് പ്രചരിപ്പിക്കുന്നത്? മൈദ,പഞ്ചസാര തുടങ്ങി വെളുത്തതെന്തും വിഷമാണു എന്ന് പ്രകൃതിചികിത്സക്കാർ കുറേക്കാലമായി പ്രചരിപ്പിച്ചു വരുന്നുണ്ട്. അക്കൂട്ടത്തിലാണു അജിനോമോട്ടോയും വിഷം ആണെന്ന് പ്രചരിപ്പിക്കുന്നത്. ഈ പ്രചരണം മാധ്യമക്കാരും സോഷ്യൽ മീഡിയയിൽ ചിലരും ഏറ്റെടുത്തതോടുകൂടി ഭക്ഷണസാധനങ്ങൾ എന്തും വിഷം തീണ്ടിയതാണെന്ന ഒരനാവശ്യഭീതി ആളുകളെ പിടി കൂടിയിരിക്കുകയാണു.

അജിനോമോട്ടോ വിഷമാണു, ശരീരത്തിനു ദോഷമാണു എന്ന് അദ്ധ്യാപികമാർ പോലും സ്കൂൾ ക്ലാസ്സുകളിൽ കുട്ടികളെ പഠിപ്പിക്കുന്നു. സത്യത്തിൽ ഈ പ്രചരണമാണു വിഷം. തിന്നുന്ന എന്തും വിഷം തീണ്ടിയതാണെന്ന് വസ്തുതകൾ മനസ്സിലാക്കാതെ പ്രചരിപ്പിക്കുകയും അങ്ങനെ ഒരു തലമുറയെ മൊത്തം വിഷഭീതിയിൽ തളച്ചിടുകയും ചെയ്യുന്നത് ക്രൂരതയാണു.

എന്താണു അജിനോമോട്ടോ? അതൊരു ബ്രാൻഡ് നെയിം ആണു. നമ്മൾ ഡാൽഡ, RKG എന്നൊക്കെ പറയുന്നത് പോലെ. ഭക്ഷണപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന ഒരു Additive ആണു അജിനോമോട്ടോ. ജപ്പാന്‍ ആസ്ഥാനമായുള്ള Ajinomoto Co. Inc. എന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഇതിന്റെ ഉടമസ്ഥര്‍.  അവര്‍ ഈ ഉല്പന്നം 100ലധികം രാജ്യങ്ങളില്‍ വിറ്റഴിക്കുന്നുണ്ട്.മോണോ സോഡിയം ഗ്ലൂടമേറ്റ് (MSG) എന്ന പദാർത്ഥമാണു അജിനോമോട്ടോ എന്ന പേരിൽ ഉല്പാദിപ്പിച്ച് വിതരണം ചെയ്യപ്പെടുന്നത്. ഇതേ മോണോ സോഡിയം ഗ്ലൂടമേറ്റ് Vetsin, Ac’cent എന്നീ പേരുകളിലും മറ്റ് കമ്പനികൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്. 

എന്താണു ഈ മോണോ സോഡിയം ഗ്ലൂടമേറ്റ് (MSG) ? ഗ്ലൂടമിക് ആസിഡ് (glutamic acid) എന്ന പ്രോട്ടീനും സോഡിയവും ചേർത്താണു MSG എന്ന ഈ വ്യാവസായിക ഉല്പന്നം ഉണ്ടാക്കുന്നത്. പ്രോട്ടീൻ എന്ന് പറഞ്ഞാൽ,  20 അമിനോ ആസിഡ്‌സ് ചേർന്നിട്ടാണു പ്രോട്ടീൻ ഉണ്ടാകുന്നത്. അതായത് മനുഷ്യശരീരത്തിൽ കോശങ്ങൾ ഉണ്ടാക്കുന്ന പ്രോട്ടീൻ ഉണ്ടാകണമെങ്കിൽ നമുക്ക് 20 തരം അമിനോ ആസിഡുകൾ വേണം. നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്ന് ആണു നമുക്ക് ഈ അമിനോ അമ്ലങ്ങൾ ലഭിക്കുന്നത്. അമിനോ അമ്ലങ്ങൾ ഏത് ജീവിയിലും സസ്യത്തിലും സെയിം ആണു. പക്ഷെ പ്രോട്ടീൻ ഓരോ ജീവിയ്ക്കും സസ്യത്തിനും വ്യത്യസ്തമായിരിക്കും. ഓരോ ജീവിയും സസ്യവും അതിനാവശ്യമായ അമിനോ ആസിഡും അത് ഉപയോഗിച്ച് പ്രോട്ടീനും ഭക്ഷിക്കുന്ന ആഹാരപദാർത്ഥങ്ങൾ കൊണ്ട് നിർമ്മിക്കുന്നു. മനുഷ്യൻ തനിക്ക് ആവശ്യമുള്ള 20 അമിനോ അമ്ലങ്ങളിൽ 11 എണ്ണം സ്വയം നിർമ്മിക്കുന്നു. ബാക്കി 9 അമിനോ ആസിഡ്‌സ് ഭക്ഷണങ്ങളിൽ നിന്ന് നേരിട്ട് ലഭിക്കണം. ഇവയെ ESSENTIAL AMINO ACIDS എന്ന് പറയുന്നു. 

ഇങ്ങനെ ഓരോ ജീവിയും സസ്യവും സ്വയം നിർമ്മിക്കുന്ന ഒരു അമിനോആസിഡ് ആണു  ഗ്ലൂടമിക് ആസിഡ്. മാതാവിന്റെ മുലപ്പാലിലും മറ്റ് മാംസപദാർത്ഥങ്ങളിലും മുട്ടയിലും തക്കാളിയിലും എല്ലാം ഈ ഗ്ലൂടമിക് ആസിഡ് ഉണ്ട്. ഇറച്ചിക്കും മറ്റുമുള്ള മാംസരുചി നൽകുന്നത് ഈ ഗ്ലൂടമിക് ആസിഡ് ആണു. നമ്മുടെ ഭാഷയിൽ എരിവ്, മധുരം, പുളി, ഉപ്പ് എന്നിങ്ങനെ നാലു അടിസ്ഥാനരുചികളെ പറ്റി മാത്രമേ വാക്കുകൾ ഉള്ളൂ. അഞ്ചാമത് രുചിയായ മാംസരുചിക്ക് വാക്ക് ഇല്ല. എന്നാൽ ഈ മാംസരുചി നമ്മളെല്ലാം വളരെ ഇഷ്ടപ്പെടുന്നു. മാംസരുചി എന്നൊരു രുചി ഇല്ലായിരുന്നെങ്കിൽ നമ്മളാരും മാംസാഹാരം കഴിക്കുകയില്ലായിരുന്നു. 

കികൂനേ ഇകേഡാ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞനാണു മാംസത്തിലും ചീസിലും തക്കാളിയിലും മറ്റും അടങ്ങിയ ഈ പ്രത്യേക രുചിയെപ്പറ്റി ഗവേഷണം തുടങ്ങിയത്. പാകം ചെയ്യുമ്പോൾ രുചിയ്ക്ക് വേണ്ടി തന്‍റെ ഭാര്യ ചേര്‍ക്കുന്ന കൊമ്പു എന്ന കടല്‍സസ്യത്തില്‍ ആയി തുടര്‍ന്ന് ഗവേഷണം. അങ്ങനെ അദ്ദേഹം ഗ്ലൂട്ടമിക് ആസിഡ് എന്ന അമിനോ ആസിഡിനെ വേര്‍തിരിച്ചെടുത്തു. പാചകം ചെയ്യുമ്പോള്‍ ഈ അമിനോ ആസിഡ് ഗ്ലൂട്ടാമേറ്റ് ആകും. ഗ്ലൂട്ടാമേറ്റ് ആണ് ഈ രുചിക്ക് കാരണം എന്ന് അദ്ദേഹം കണ്ടെത്തി. ഈ രുചിക്ക് ഉമാമി എന്ന് പേരും നൽകി.

ഈ ഗ്ലൂട്ടമേറ്റ്  ഉപ്പുവെള്ളത്തില്‍ കലര്‍ത്തിയാല്‍ മോണോസോഡിയം ഗ്ലൂട്ടമേറ്റ് (MSG) കിട്ടും. അങ്ങനെയാണു അദ്ദേഹം ഈ മോണോസോഡിയം ഗ്ലൂട്ടമേറ്റ് (MSG) എന്ന പദാർഥം അജിനോമോട്ടോ എന്ന പേരിൽ വ്യാവസായികമായി ഉല്പാദിപ്പിച്ച് വില്പന തുടങ്ങിയത്. ആഹാരപദാർഥങ്ങൾക്ക് ആകർഷണീയമായ രുചി നൽകാനാണു അജിനോമോട്ടോ ഇന്ന് ലോകമാസകലം ഉപയോഗിച്ചുവരുന്നത്. ഇത്കൊണ്ട് ഒരു ദൂഷ്യവും ഉള്ളതായി ആരും പറഞ്ഞിട്ടില്ല. 

അജിനോമോട്ടോയ്ക്ക് യാതൊരു വിധ വാസനയും ഇല്ല. പിന്നെ അജിനോമൊട്ടോ അധികമായി ചേർത്താൽ ആ ആഹാരം നമുക്ക് കഴിക്കാൻ സാധിക്കുകയില്ല. ഓർക്കുക അജിനോമോട്ടോയും ഒരു രുചിയാണു പ്രദാനം ചെയ്യുന്നത്. എരിവ്,ഉപ്പ്,പുളി,മധുരം പോലെ തന്നെ അജിനോമോട്ടോ തരുന്ന "ഉമാമി" രുചിയും അധികമായാൽ നമുക്ക് ആ ആഹാരം തിന്നാൻ സാധിക്കുകയില്ല. അത്കൊണ്ട് അജിനോമോട്ടോ ചേർത്ത ഒരാഹാരം നമ്മൾ കഴിക്കുന്നുണ്ടെങ്കിൽ അതിൽ മിതമായ അജിനോമോട്ടോ മാത്രമേ ചേർത്തിട്ടുള്ളൂ എന്ന് കണക്കാക്കണം. മിതമായ അളവിൽ ചേർക്കുന്ന ഒന്നും ദോഷമല്ലാത്തത് പോലെ അജിനോമോട്ടോയും ദോഷമല്ല.

അജിനോമോട്ടോയിൽ പ്രകൃതിദത്തമായ ഗ്ലൂടമിക് ആസിഡ് എന്ന അമിനോആസിഡിന്റെ കൂടെ സോഡിയം മാത്രമാണു ചേർക്കുന്നത്. ആ സോഡിയം ആകട്ടെ കറിയുപ്പിൽ ഉള്ള സോഡിയം തന്നെയാണു. കറിയുപ്പിൽ ഉള്ളതിനേക്കാളും മൂന്നിൽ ഒരു പങ്ക് സോഡിയം മാത്രമേ അജ്നോമോട്ടോയിൽ ഉള്ളൂ. അത്കൊണ്ട് അജിനോമോട്ടോ ചേർത്ത ആഹാരപദാർഥങ്ങൾ കഴിക്കുന്നതിൽ യാതൊരു ഭീതിയും വേണ്ട. എന്തെങ്കിലും ഒരു കാര്യം പറയുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ അതിന്റെ ശാസ്ത്രീയവും വസ്തുനിഷ്ടവുമായ യാഥാർഥ്യങ്ങൾ കൂടി പറയുന്നതാണു ശരിയും മാന്യതയും. ഈ മാന്യത ഇന്നത്തെ ന്യൂജെൻ മാധ്യമക്കാർക്ക് ഇല്ലാതെ പോയി. ഇത് വളരെ കഷ്ടമാണു. 

5 comments:

ajith said...

ദോഷമായി എന്തെങ്കിലുമുണ്ടോ ഈ ഭൂമിയില്‍!!

salim edakuni said...

Even Amruth will become poisonous when taken over the limit

സ്വപ്നസഖി said...

പുതിയ അറിവ്. നല്ല വിവരണം. ഒരു തെറ്റിദ്ധാരണ മാറിക്കിട്ടി ഒപ്പം ഉമാമി രുചിയെക്കുറിച്ചും, MSG എന്താണെന്നത് വിശദമായി അറിയാന്‍ കഴിഞ്ഞു.

കുഞ്ഞൂസ് (Kunjuss) said...

വായിക്കപ്പെടേണ്ട അറിവ്.... കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന മാധ്യമക്കാർ ഇതൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ...!

Manoj മനോജ് said...

"എന്താണു ഈ മോണോ സോഡിയം ഗ്ലൂടമേറ്റ് (MSG) ? ഗ്ലൂടമിക് ആസിഡ് (glutamic acid) എന്ന പ്രോട്ടീനും സോഡിയവും ചേർത്താണു MSG എന്ന ഈ വ്യാവസായിക ഉല്പന്നം ഉണ്ടാക്കുന്നത്."

ഇവിടെ പ്രോട്ടീന്‍ എന്ന സ്ഥാനത്ത് അമിനോ ആസിഡ് എന്ന തിരുത്തല്‍ വേണം.

..............

എന്തും അധികമായാല്‍ ദോഷമാണു. പ്രകൃതിയില്‍ ഇത് ഉണ്ടെന്നിരിക്കിലും രുചി കൂട്ടുവാന്‍ കമ്പനികള്‍ അധികമായി ഇവ ചേര്‍ക്കുന്നുണ്ട്. പലര്‍ക്കും MSG അലര്‍ജിയാകാറുണ്ട് (ഗ്ലൂട്ടന്‍ അലര്‍ജി, നട്ട്സ് അലര്‍ജി എന്നിവ പോലെ). അങ്ങിനെയുള്ളവര്‍ക്ക് തിരിച്ചറിയുവാനാണു സ്വാഭാവികമായി ഉണ്ടാകുന്നതിനു പുറമെ MSG ചേര്‍ത്തിട്ടുണ്ടെങ്കില്‍ എഴുതണം എന്ന് പറയുന്നത്.

ന്യൂഡിത്സിന്റെ കാര്യത്തിലെ പ്രശ്നം അനുവദിനീയമായതില്‍ കൂടുതല്‍ ലെഡ് ഉണ്ടെന്നുള്ളതാണു.