ഹിന്ദുവിന്റെ സ്വാതന്ത്ര്യം RSSനു അടിയറ വെക്കാനുള്ളതല്ല !

RSS ഭരണഘടനാ ബാഹ്യശക്തിയല്ല , ആർ.എസ്.എസ്. തന്നെയാണു ഇന്ത്യ ഭരിക്കുന്നത് എന്നും പ്രധാനമന്ത്രിയും ഞാനും ആർ.എസ്.എസ്.കാർ തന്നെയാണെന്നും അപ്പോൾ പിന്നെ തങ്ങളിൽ RSSന്റെ സ്വാധീനം എന്ന് പറയുന്നതിൽ കാര്യമില്ലെന്നും രാജ്‌നാഥ് സിങ്ങ് പ്രഖ്യാപിച്ചിരിക്കുന്നു. ആർ.എസ്.എസ്. പിൻസീറ്റ് ഭരണം നടത്തുന്നു എന്ന് ഇനിയാരും പറയേണ്ടെന്നും ആർ.എസ്.എസ്. ഭരണം തന്നെയാണു ഇന്ത്യയിൽ സ്ഥാപിതമായിരിക്കുന്നത് എന്നും രാജ്‌നാഥ് സിങ്ങ് വിളംബരം ചെയ്യുന്നു എന്നർത്ഥം. 800വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഹിന്ദുക്കൾ അധികാരം പിടിച്ചു എന്ന ആർ.എസ്.എസ്. മേധാവിയുടെ പ്രസ്താവനയും ഇതിനോടൊപ്പം ചേർത്തുവായിക്കണം.

543 അംഗ ലോകസഭയിൽ 282 സീറ്റും 31 ശതമാനം വോട്ടും കിട്ടിയ അഹങ്കാരത്തിലാണു കേന്ദ്രഭരണക്കാരും ആർ.എസ്.എസ്സും ഞെളിയുന്നത്. ഇന്ത്യയിൽ ഇനി തങ്ങളല്ലാതെ മറ്റാരും ഭരണത്തിൽ വരാൻ പോകുന്നില്ല എന്ന ധാർഷ്ഠ്യം ഭരണക്കാരെയും സംഘപരിവാറുകാരെയും കലശലായി ബാധിച്ചിരിക്കുന്നു. ഇക്കൂട്ടരുടെ ബഡായികളിൽ നിന്നും ഗീർവ്വാണങ്ങളിൽ നിന്നും മനസ്സിലാകുന്നത് ബി.ജെ.പി. ഒരു ജനാധിപത്യപാർട്ടിയല്ല എന്നാണു. ജനാധിപത്യപാർട്ടിയാണെങ്കിൽ ബി.ജെ.പി.യാണു തരെഞ്ഞെടുപ്പിൽ മത്സരിച്ചത്, ആ പാർട്ടിക്കാണു 282 സീറ്റ് കിട്ടിയത്. അപ്പോൾ ഭരണവും ബി.ജെ.പി.എന്ന പാർട്ടിക്കായിരിക്കണം. ആർ.എസ്.എസ്. രംഗത്ത് എവിടെയും ഉണ്ടാകാൻ പാടില്ലാത്തതാണു. എന്നാൽ ഭരണം കിട്ടിയപ്പോൾ തങ്ങളെല്ലാം ആർ.എസ്എസ്സുകാരാണെന്ന് ബി.ജെ.പി.ക്കാരും, ഹിന്ദുവിനു 8നൂറ്റാണ്ടുകൾക്ക് ശേഷം അധികാരം കിട്ടി എന്ന് ആർ.എസ്.എസ്. മേധാവിയും പറയുമ്പോൾ നിലവിലെ പാർലമെന്ററി സമ്പ്രദായം ഇവർ അംഗീകരിക്കുന്നില്ല്ല എന്നാണു മനസ്സിലാക്കേണ്ടത്.

ബി.ജെ.പി.യോ ആർ.എസ്.എസ്സോ ഹിന്ദുക്കളുടെ മേലാളന്മാരോ ആചാര്യന്മാരോ ഉടമകളോ അല്ല. ഹിന്ദുക്കൾക്ക് അങ്ങനെയൊരു സ്ഥാപനമോ നേതൃത്വമോ അധികാര കേന്ദ്രമോ ഇല്ല. ഹിന്ദുക്കൾ സ്വതന്ത്രരായി ജീവിയ്ക്കുന്നവരാണു. ജനിച്ചപാട് അതേ രൂപത്തിൽ ജീവിക്കുന്നവരാണു ഹിന്ദുക്കൾ. ആർക്കും വരിസംഖ്യ കൊടുക്കേണ്ട. രശീത് ബുക്കും കൊണ്ട് ആരും ഹിന്ദുവിനെ സമീപിക്കില്ല്ല. നീ ഇന്ന അമ്പലത്തിൽ പോകണമെന്നോ ഇന്ന ആചാരവും ചിട്ടവട്ടങ്ങളും പാലിക്കണമെന്നോ ആരും ഹിന്ദുവിനോട് പറയില്ല. ഹിന്ദു ആരുടെയും അനുയായി അല്ല. ഹിന്ദു എല്ലാം സ്വമേധയാ ആണു ചെയ്യുക. ആരുടെയും നിർദ്ദേശങ്ങൾ പാലിക്കാൻ ഹിന്ദു ബാധ്യസ്ഥനല്ല. ഒരാചാര്യനോ ഒരേയൊരു പ്രവാചകനോ ഒരേയൊരു വിശുദ്ധഗ്രന്ഥമോ ഹിന്ദുവിനില്ല. നല്ലതെല്ലാം ഹിന്ദുവിനു വിശുദ്ധമാണു. എല്ലാ വൈവിദ്ധ്യങ്ങളേയും ഉൾക്കൊള്ളുന്ന വിശാലസംസ്ക്കാരമാണു ഹിന്ദുവിന്റേത്. ചുരുക്കിപ്പറഞ്ഞൽ ചോദിക്കാനും പറയാനും ഹിന്ദുവിനു അവനവനല്ലാതെ മറ്റാരുമില്ല. ഈ സ്വാതന്ത്ര്യമാണു ഹിന്ദുവിനെ ഹിന്ദുവാക്കുന്നത്.

ഹിന്ദുക്കൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ആർ.എസ്.എസ്സിന്റെയോ ബി.ജെ.പി.യുടെയോ നേതാക്കൾക്ക് അടിയറ വെച്ച് സംഘടനാടിമത്വത്തിന്റെ നുകം സ്വയം എടുത്ത് കഴുത്തിൽ വെക്കാൻ ഹിന്ദുക്കൾ തയ്യാറാവുകയില്ല. ഇന്ത്യയിൽ പല മതങ്ങളും ആവിർഭവിച്ചു. വിദേശത്ത് നിന്നും പല മതങ്ങൾ ഇന്ത്യയിലെത്തി. കുറേ പേർ ഇങ്ങനെ പല മതങ്ങളിലുമായി ചേർന്നു. അപ്പോഴും ഹിന്ദു സ്വതന്ത്ര ജനതയായി അതേ പടി ഇന്ത്യയിൽ ബാക്കി നിന്നു. തങ്ങളാണു ഹിന്ദുവിന്റെ സംഘടനയും തങ്ങളാണു ഹിന്ദുവിന്റെ അഭിനവപ്രവാചകരും നേതാക്കളും എന്ന് വിശ്വസിപ്പിച്ച് ഹിന്ദുവിനെ ഒരു കുടക്കീഴിലാക്കി നേതൃത്വം ചമയാനും ജനാധികാരം അനുഭവിക്കാനും കുറെക്കാലമായി ആർ.എസ്.എസ്സുകാർ ശ്രമിക്കുന്നു. കുറെ പേർ ആർ.എസ്.എസ്സിലും പോയി. അപ്പോഴും ഹിന്ദു ഹിന്ദുവായി തന്നെ ഇന്ത്യയിൽ ബാക്കിയുണ്ട്. ഭൂരിപക്ഷം ഹിന്ദുക്കൾ സ്വതന്ത്രരായി നിലനിൽക്കും എന്നതാണു ഭാരതത്തിന്റെ ചരിത്രം. സ്വാതന്ത്ര്യബോധം ഹിന്ദുവിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണു. തങ്ങളുടെ സ്വത്വം ആത്മാഭിമാനമുള്ള ഒരു ഹിന്ദുവും ആർക്കും അടിയറ വെക്കുകയില്ല.

ഇപ്പോൾ ബി.ജെ.പി.ക്ക് 282 സീറ്റും 31 ശതമാനം വോട്ടും കിട്ടിയത് മുഴുവനും ആർ.എസ്.എസ്സിൽ പോയ ഹിന്ദുക്കളുടേതല്ല. അത്രയും ആർ.എസ്.എസ്സുകാർ ഇന്ത്യയിൽ ഇല്ല. പത്ത് കൊല്ലം കോൺഗ്രസ്സ് നേതൃത്വത്തിൽ യു.പി.എ. ഭരിച്ചത് കൊണ്ട് ഭരണവിരുദ്ധവികാരം ജനങ്ങളിൽ ഉണ്ടായിരുന്നു. എന്ത് കൊണ്ടോ എന്നറിയില്ല ആ ഭരണവിരുദ്ധവികാരം അണയാതെ ജ്വലിപ്പിച്ച് നിർത്താൻ മാധ്യമങ്ങളും പരമാവധി ശ്രമിച്ചു. ഇടക്കിടെ ഭരണമാറ്റം ഉണ്ടാകുന്നത് ജനാധിപത്യത്തിൽ നല്ലതാണു. അത് പാർലമെന്ററി ജനാധിപത്യസമ്പ്രദായത്തെ പുഷ്ടിപ്പെടുത്തുകയേയുള്ളൂ. ദൗഭാഗ്യവശാൽ ഇന്ത്യയിൽ കോൺഗ്രസ്സ് പോലെ സമാന്തരമായി മറ്റൊരു മതേതര-ജനാധിപത്യ ദേശീയ പാർട്ടി ഉയർന്നു വന്നില്ല.  ആ ഗ്യാപ്പിലാണു ബി.ജെ.പി. എന്ന പൊയ്‌മുഖം അണിഞ്ഞു വന്ന ആർ.എസ്.എസ്. എന്ന ജനാധിപത്യവിരുദ്ധസംഘടന ഭരണത്തിൽ ജയിച്ചു കയറുന്നത്.  ഇന്ത്യയെ അതിഭയങ്കരമായി വികസിപ്പിച്ചുകളയും എന്ന ആർ.എസ്.എസ്. പ്രചാരകൻ നരേന്ദ്ര മോദിയുടെ പ്രചണ്ഡപ്രചരണത്തിൽ 31 ശതമാനം വോട്ടർമാർ വീണുപോയി എന്നതാണു യാഥാർഥ്യം. തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ആ 31 ശതമാനത്തിനു ബോധ്യപ്പെടാൻ പോവുകയാണു. കാരണം രാജ്യം വികസിക്കാൻ മാന്ത്രികവടിയോ അത്ഭുതമനുഷ്യനോ ഉണ്ടാവുകയില്ല.

ഭരണം കിട്ടിയ ഹൂങ്കിൽ ഇത് ജനാധിപത്യത്തിന്റെ ആനുകൂല്യമാണെന്നും  സ്ഥിരമായി കൈവശം വെച്ച് അനുഭവിക്കാൻ കഴിയുകയില്ല എന്നുമുള്ള യാഥാർഥ്യ ബോധത്തോടേയുള്ള വിനയമോ ആർ.എസ്.എസ്സുകാരിൽ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഫാസിസ്റ്റ് മനോഭാവക്കാരിൽ നിന്ന് അത്തരം വിനയവും മാന്യതയും പ്രതീക്ഷിച്ചുകൂടാത്തതും ആണു. പക്ഷെ 69 ശതമാനം വോട്ടർമാർ ഇപ്പോഴും ആർ.എസ്.എസ്സിന്റെ മറുപക്ഷത്ത് ഉണ്ട് എന്നുള്ളത് കൊണ്ട് നമുക്ക് ആർ.എസ്.എസ്സുകാരുടെ ഹൂങ്കിനെ പുച്ഛിച്ച് തള്ളാവുന്നതേയുള്ളൂ.

എന്ത് കൊണ്ടാണു ഞാൻ ആർ.എസ്.എസ്സിനെ തീവ്രമായി എതിർക്കുന്നത് എന്നു കൂടി ചുരുക്കി പറഞ്ഞിട്ട് ഈ കുറിപ്പ് ഉപസംഹരിക്കാം. ഞാൻ ഒരു ഹിന്ദുവാണു. ഹിന്ദുക്കൾക്ക് ഒരു കേന്ദ്രീകൃത അധികാരകേന്ദ്രം പറ്റില്ല. ഒരു സംഘടനയും നേതാക്കളും പറ്റില്ല. ഹിന്ദുക്കൾ സ്വതന്ത്രരാണു. ഞാൻ നിന്റെ നേതാവാണു എന്ന് പറഞ്ഞുകൊണ്ട് ഒരുത്തനും എന്റെ അടുത്ത് സമീപിക്കരുത്. എല്ലാ ഹിന്ദുക്കളും എന്നെ പോലെ ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നവരും ഇച്ഛിക്കുന്നവരും ആണു. അത് കൊണ്ട് ആർ.എസ്.എസ്. എന്റെയോ സഹ ഹിന്ദുക്കളുടെയോ സംഘടനയല്ല. ആർ.എസ്.എസ്സിന്റെ നേതാക്കൾ എന്റെയോ ഹിന്ദുക്കളുടെയോ നേതാക്കളും അല്ല. ഹിന്ദു എന്നും ഉണരേണ്ടത് അവനവന്റെ ആത്മസ്വാതന്ത്ര്യത്തിലേക്കാണു; ആർ.എസ്.എസ്സിന്റെ സംഘടനാടിമത്വത്തിലേക്കല്ല.

3 comments:

ആൾരൂപൻ said...

ഹിന്ദുക്കൾ സ്വതന്ത്രരായി ജീവിയ്ക്കുന്നവരാണു. ജനിച്ചപാട് അതേ രൂപത്തിൽ ജീവിക്കുന്നവരാണു ഹിന്ദുക്കൾ. ആർക്കും വരിസംഖ്യ കൊടുക്കേണ്ട. രശീത് ബുക്കും കൊണ്ട് ആരും ഹിന്ദുവിനെ സമീപിക്കില്ല്ല. നീ ഇന്ന അമ്പലത്തിൽ പോകണമെന്നോ ഇന്ന ആചാരവും ചിട്ടവട്ടങ്ങളും പാലിക്കണമെന്നോ ആരും ഹിന്ദുവിനോട് പറയില്ല. ഹിന്ദു ആരുടെയും അനുയായി അല്ല. ഹിന്ദു എല്ലാം സ്വമേധയാ ആണു ചെയ്യുക. ആരുടെയും നിർദ്ദേശങ്ങൾ പാലിക്കാൻ ഹിന്ദു ബാധ്യസ്ഥനല്ല. ഒരാചാര്യനോ ഒരേയൊരു പ്രവാചകനോ ഒരേയൊരു വിശുദ്ധഗ്രന്ഥമോ ഹിന്ദുവിനില്ല. നല്ലതെല്ലാം ഹിന്ദുവിനു വിശുദ്ധമാണു. എല്ലാ വൈവിദ്ധ്യങ്ങളേയും ഉൾക്കൊള്ളുന്ന വിശാലസംസ്ക്കാരമാണു ഹിന്ദുവിന്റേത്. ചുരുക്കിപ്പറഞ്ഞൽ ചോദിക്കാനും പറയാനും ഹിന്ദുവിനു അവനവനല്ലാതെ മറ്റാരുമില്ല. ഈ സ്വാതന്ത്ര്യമാണു ഹിന്ദുവിനെ ഹിന്ദുവാക്കുന്നത്.

ajith said...

ഈ ലേഖനത്തിലെ പ്രതിപാദ്യങ്ങളോട് ഞാന്‍ പരിപൂര്‍ണ്ണമായി യോജിക്കുന്നു

praveen gopinath said...

മഹാത്മാ ഗാന്ധിയെ കൊന്നവരോട്, അദ്ദേഹത്തെ ഭൌദധീകമായി എതിര്ക്കുന്നവരോട് ഒരിക്കലും യോജിക്കാൻ കഴിയില്ല.