മോഡിക്ക് എന്താ കൊമ്പുണ്ടോ ?

നിക്ക് നരേന്ദ്ര മോഡിയെ ഭയമില്ല. ഭൂരിപക്ഷം ജനങ്ങൾ വോട്ട് നൽകി അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കുകയാണെങ്കിൽ എതിർപ്പുമില്ല. പ്രധാനമന്ത്രി ആവുകയാണെങ്കിൽ എന്റെയും കൂടി പ്രധാനമന്ത്രിയായിരിക്കും ശ്രീ.നരേന്ദ്രമോഡി. പക്ഷെ മോഡി തോറ്റ് തുന്നം പാടണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിനു കാരണം, പാർലമെന്ററി വ്യവസ്ഥയിൽ ഒരു പാർട്ടിയുടെ നയങ്ങൾക്കും പരിപാടികൾക്കും ആണു നമ്മൾ വോട്ട് ചെയ്യുന്നത്. ഒരു പാർട്ടിയെയാണു ഭരണം ഏല്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഏത് പാർട്ടി അല്ലെങ്കിൽ മുന്നണി വിജയിച്ച് അധികാരത്തിൽ വരണം എന്നാണു നമ്മൾ ചർച്ച ചെയ്യുന്നത്.

പക്ഷെ നരേന്ദ്ര മോഡിയും മോഡി ഭക്തരും പറയുന്നത് മോഡിയെ ജയിപ്പിക്കൂ, മോഡിയെ പ്രധാനമന്ത്രിയാക്കൂ എന്നാണു. ബി.ജെ.പി.യെ പറ്റിയോ NDA യെ പറ്റിയോ മിണ്ടുന്നില്ല. മോഡിയെ ഒരേയൊരു രക്ഷകനായ അവതാരപുരുഷനായി ചിത്രീകരിക്കാനാണു ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം ജുഗുപ്സയുണ്ടാക്കുന്നതാണു. ബി.ജെ.പി.യെ ജയിപ്പിക്കൂ അല്ലെങ്കിൽ NDAയെ ജയിപ്പിക്കൂ, അങ്ങനെ ജയിച്ചാൽ മോഡി പ്രധാനമന്ത്രിയാകും എന്ന് പറഞ്ഞാൽ പോലും സഹനീയമാണു. പക്ഷെ മോഡി മാത്രമാണു എല്ലാവർക്കും ഇനി ഒരേയൊരു അഭയം എന്ന് പ്രചരിപ്പിക്കുന്നത് ഹിറ്റ്ലറിന്റെ പ്രേതം മോഡിയിലും മോഡി ഭക്തരിലും സന്നിവേശിച്ചത്കൊണ്ട് മാത്രമാണു.

മോഡി പ്രധാനമന്ത്രിയായാൽ ഇന്ത്യയിൽ ഒരു ചുക്കും സംഭവിക്കാനില്ല. മറ്റേത് പ്രധാനമന്ത്രിയെ പോലെയും മാത്രമേ അദ്ദേഹത്തിനും ചെയ്യാൻ കഴിയൂ. ഹിന്ദുക്കൾക്ക് എന്തെങ്കിലും വാരിക്കോരി കൊടുക്കാനോ അല്ലെങ്കിൽ ഹിന്ദുക്കളെ ഉദ്ദരിച്ചുകളയാനോ കഴിയില്ല. മുസ്ലീംങ്ങൾക്ക് ഒരു പോറലും ഏല്പിക്കാനും കഴിയില്ല. പണ്ട് ഗുജറാത്തിൽ ഗർഭിണിയുടെ ഗർഭപാത്രം ശൂലം കൊണ്ട് പിളർന്ന ആളാണെന്നൊക്കെ ഭീതി പ്രചരിപ്പിക്കുന്നുണ്ട്. മോഡി പ്രധാനമന്ത്രിയായാൽ ഒരു മുസൽമാനെ പോലും ദ്രോഹിക്കാൻ കഴിയില്ല. കാരണം മോഡി പ്രധാനമന്ത്രിയായാലും നിലവിലെ ഭരണഘടനയും കോടതിയും എല്ലാം അവിടെയുണ്ടാകും. ബി.ജെ.പി.യുടെ വാജ്പൈ പ്രധാനമന്ത്രിയായപ്പോൾ എങ്ങനെ ഭരിച്ചോ അത് പോലെ മാത്രമേ മോഡിക്കും ഭരിക്കാൻ കഴിയൂ. മോഡി മറ്റേതൊരു നേതാവിനെയും പോലെ മാത്രമാണു. അമാനുഷികമായ ഒരു സിദ്ധിയും മോഡിക്ക് ഇല്ല.

ഗുജറാത്തിനെ മോഡി അതിഭയങ്കരമായി വികസിപ്പിച്ചു എന്നാണു മോഡി ഭക്തർ അവകാശപ്പെടുന്നത്. ശരി, സമ്മതിച്ചുകൊടുക്കാം. മുഖ്യമന്ത്രി എന്ന നിലയിൽ മോഡിക്ക് ഗുജറാത്തിനെ വികസിപ്പിക്കാൻ കഴിഞ്ഞു. അപ്പോൾ മറ്റ് സംസ്ഥാനങ്ങൾ വികസിക്കാതിരിക്കാൻ കാരണമെന്റ്? മറ്റ് സംസ്ഥാനങ്ങളിൽ മോഡിയെ പോലെയൊരാൾ മുഖ്യമന്ത്രിയായിട്ടില്ല എന്നത്കൊണ്ട്. അല്ലേ? കഴിഞ്ഞ 10 വർഷക്കാലം യു.പി.എ.സർക്കാർ ഇന്ത്യയെ ഭരിച്ചുമുടിച്ചു എന്ന് പറയുന്നു. എന്നാൽ അതേ സമയം ഗുജറാത്തിനെ മുടിക്കാൻ കഴിഞ്ഞില്ല. യു.പി.എ.ഇന്ത്യയെ മുടിക്കുമ്പോഴും മോഡി ഗുജറാത്തിനെ വികസിപ്പിക്കുകയായിരുന്നു എന്ന് ചുരുക്കം. ഇതെന്ത് ലോജിക്ക്? സംസ്ഥാനങ്ങളെ മുഖ്യമന്ത്രിമാർക്ക് മാത്രമേ വികസിപ്പിക്കാൻ കഴിയൂ എന്നല്ലേ മോഡിഭക്തർ പറയുന്നത്. പിന്നെ എങ്ങനെ ഒരു പ്രധാനമന്ത്രിക്ക് മൊത്തം സംസ്ഥാനങ്ങളെയും മുടിക്കാനോ വികസിപ്പിക്കാനോ കഴിയും?

ഇതിനിടയിൽ ഗുജറാത്തിന്റെ മാത്രമല്ല മഹരാഷ്ട്ര മുതൽ ത്രിപുര വരെയുള്ള സംസ്ഥാനങ്ങളുടെ വികസനമാതൃകകൾ NDA അധികാരത്തിൽ വന്നാൽ പകർത്തുമെന്ന് ബി.ജെ.പി.നേതാവ് മുരളി മനോഹർ ജോഷി പറയുന്നു. ഗുജറാത്തിൽ മാത്രമല്ല വികസനം വന്നിട്ടുള്ളത് എന്നും ജോഷി സാക്ഷ്യപ്പെടുത്തുന്നു. അതായത് യു.പി.എ. സർക്കാർ കട്ട് കട്ട്, മുടിച്ച് മുടിച്ച് ഭരിക്കുമ്പോഴും ചില സംസ്ഥാനങ്ങൾ വികസിച്ചിട്ടുണ്ട് എന്ന്. ഹൊ ഭയങ്കരം തന്നെ. ആ സംസ്ഥാനങ്ങളിലെ വികസന മാതൃകകൾ NDA ജയിച്ചാൽ പകർത്തും എന്ന് ജോഷി പറയുമ്പോൾ എവിടെയാണു അത് പകർത്തുക? ഓരോ സംസ്ഥാനത്തിനും അതാത് സംസ്ഥാനത്തിന്റെ വികസനമാതൃകകൾ ഉണ്ടെന്നും ജോഷി സമ്മതിക്കുന്നു. എല്ലാ സംസ്ഥാനങ്ങളുടെയും വികസനമാതൃകകൾ സ്വീകരിച്ച് NDA എവിടെ പകർത്താനാണു? ഇന്ത്യ എന്ന് വേറെ സംസ്ഥാനമുണ്ടോ? ചുരുക്കി പറഞ്ഞാൽ കേന്ദ്രത്തിൽ ആരു എങ്ങനെ ഭരിച്ചാലും സംസ്ഥാനം വികസിക്കണമെങ്കിൽ പ്രാപ്തനായ മുഖ്യമന്ത്രി വേണം എന്നാണു മോഡിയും സംഘപരിവാറുകാരും ബി.ജെ.പി.ക്കാാരും എല്ലാം പറയുന്നത്. അപ്പോൾ മോഡി പ്രധാനമന്ത്രിയാട്ട് ഇന്ത്യയെ എന്താക്കാനാ ?

എന്തോ ആയിക്കോട്ടെ, ഹിറ്റ്ലർ ശൈലിയിൽ ഞാനാണു എല്ലാം എന്ന് ചന്ദ്രഹാസമിളക്കി മോഡിയും, മോഡിയാണു എല്ലാം എന്ന് കാടിളക്കി മോഡി ഭക്തരും വന്നാലും അവർ ജയിച്ചാൽ രാജ്യത്തിനു ഒരു വിപത്തും ഉണ്ടാക്കി വെക്കാൻ കഴിയില്ല. കോൺഗ്രസ്സിന്റെ ദേശീയ നേതാക്കൾ കൂട്ടായി എഴുതിവെച്ച ഒരു ഭരണഘടനപ്രകാരം ഇരുന്ന് ഭരിക്കാനേ മോഡിക്ക് കഴിയൂ. അതിലപ്പുറം ഒന്നും കഴിയില്ല. പക്ഷെ മോഡിയുടെ ഈ ധാർഷ്ട്യത്തെ , നാട്യത്തെ ഞാൻ വെറുക്കുന്നു. അത്കൊണ്ട് ജയിക്കരുത് എന്ന് താല്പര്യപ്പെടുന്നു. അതേ സമയം ജനങ്ങൾക്ക് ആരെയും ജയിപ്പിക്കാനുള്ള അവകാശത്തെ എൻറ്റെ അവകാശത്തെ പോലെ മാനിക്കുകയും ചെയ്യുന്നു.

6 comments:

Ananth said...

"മോഡി പ്രധാനമന്ത്രിയായാൽ ഇന്ത്യയിൽ ഒരു ചുക്കും സംഭവിക്കാനില്ല. മറ്റേത് പ്രധാനമന്ത്രിയെ മാത്രമേ അദ്ദേഹത്തിനും ചെയ്യാൻ കഴിയൂ. ഹിന്ദുക്കൾക്ക് എന്തെങ്കിലും വാരിക്കോരി കൊടുക്കാനോ അല്ലെങ്കിൽ ഹിന്ദുക്കളെ ഉദ്ദരിച്ചുകളയാനോ കഴിയില്ല. മുസ്ലീംങ്ങൾക്ക് ഒരു പോറലും ഏല്പിക്കാനും കഴിയില്ല."

ഇതൊക്കെ തന്നെയല്ലേ "മോഡി ഭക്തരും " ഇത്റ കാലവും പറഞ്ഞത് .....മോഡി വന്നെന്നു വച്ച് എന്തോ ആകാശം ഇടിഞ്ഞു വീഴുമെന്നും അങ്ങനെ ആയാല് രാജ്യം വിട്ടു പോവുന്നതാ നല്ലത് എന്നുമൊക്കെ പറഞ്ഞു നടന്നിരുന്ന വിദ്വാന്‍മാര് ഇപ്പോഴെങ്കിലും യാഥാര്‍ത്യ വുമായി പൊരുത്തപ്പെടാന്‍ ഒരുങ്ങുന്നത് നല്ല കാര്യം തന്നെ ........പിന്നെ മോഡി എന്ന വ്യക്തിയെ ചുറ്റിപ്പറ്റി അമിതമായ ഒരു hype അദ്ദേഹതിന്റെ ആരാധകര് ഉയര്‍ത്തുന്നു എന്നതൊരു വസ്തുത തന്നെ ......പക്ഷെ അതൊന്നും ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവം ഒന്നുമല്ല ....."ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ" എന്നും "ഇന്ത്യ തന്നെ ഇന്ദിര ഇന്ദിര തന്നെ ഇന്ത്യ" എന്നൊക്കെ പറഞ്ഞിരുന്ന ആളുകള് ഇന്നിപ്പോള്‍ നെഹ്‌റു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭരണപരമോ നേത്റു ത്വപരമോ ആയ കഴിവുകളൊന്നും ഇല്ലെങ്കില്‍ കൂടി കേവലം കുടുംബ മഹിമ യുടെ പേരില് പൂജിച്ചു നടക്കുന്നത് എല്ലാവരും കാണുന്നു ( രാഹുല്‍ ഗാന്ധിയുടെ അപദാനങ്ങള്‍ വാഴ്ത്തി താങ്കള് തന്നെ എഴുതിയതൊക്കെ ഈ ബ്ളോഗിന്റെ പഴയ താളുകളില്‍ ഇപ്പോഴുമുണ്ടല്ലോ )....അത്തരക്കാക്ര്ക്ക് ഒരു പത്തു പന്ത്രണ്ടു വര്ഷമായി ഒരു സംസ്ഥാന ഭരണം വലിയ തെറ്റില്ലാത്ത രീതിയില്‍ കൊണ്ടു നടക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ മോഡിക്ക് കിട്ടുന്ന അംഗീകാരത്തെ ആക്ഷേപിക്കുവാന്‍ യാതൊരു ധാര്‍മിക അവകാശവും ഇല്ല ......പിന്നെ മോഡിയോടു വിയോജിപ്പുള്ളവരു പോലും അംഗീകരിക്കുന്ന വസ്തുത ഇതാണ് .....മോഡിയുടെ നേതൃത്വത്തില്‍ ഒരു stable govt വരാത്ത പക്ഷം രാഷ്ട്രീയ അസ്ഥിരതയും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കകം വീണ്ടുമൊരു തിരഞ്ഞടുപ്പുന്ടാവുന്ന സാഹചര്യവും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ താറുമാറാക്കും

kaalidaasan said...

സുകുമാരന്റെ ബ്ളോഗില്‍  വളരെ നാളുകളായി ഞാന്‍ അഭിപ്രായം എഴുതാറില്ല.

താങ്കള്‍ ഇവിടെ എഴുതുന്നതിന്റെ വിവക്ഷ, മോദി ഗുജറാത്ത് ഭരിച്ചാലും ഇന്‍ഡ്യ ഭരിച്ചാലും ഇന്‍ഡ്യന്‍ ഭരണ ഘടന അനുസരിച്ചേ ഭരിക്കാന്‍ പറ്റൂ എന്ന്. പക്ഷെ കമ്യൂണിസ്റ്റുകാരെ ചീത്ത പറയാന്‍ വേണ്ടി എഴുതിയ പോസ്റ്റില്‍ കണ്ടത് ഇങ്ങനെ. 1957ൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോൾ സർക്കാർ സംവിധാനത്തെ നോക്കുകുത്തിയാക്കി പാർട്ടിയുടെ കീഴിൽ സെൽ ഭരണമാണു നടപ്പാക്കിയത്. ഉദ്യോഗസ്ഥന്മാർക്ക് പാർട്ടി മെമ്പർമാർ ഉത്തരവുകളും നിർദ്ദേശവും നൽകി. ഒടുവിൽ സഹികെട്ട് ജനങ്ങൾ വിമോചനത്തിനായി തെരുവിൽ ഇറങ്ങി. ജനാധിപത്യത്തിനു വേണ്ടി കേരളജനത നടത്തിയ മഹത്തായ പോരാട്ടമായിരുന്നു 1959ലെ വിമോചനസമരം. ആ സമരം വിജയിച്ചത് ജനങ്ങളുടെ വിജയമായി എന്ന് മാത്രമല്ല, ഇന്ന് നാം കാണുന്ന ജനാധിപത്യകേരളം തന്നെ ആ സമരവിജയത്തിൽ പിറന്നതാണു.

മോദിക്ക് വേണ്ടി ഒരു ഭരണ ഘടനയും കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടി മറ്റൊരു ഭരണ ഘടനയും ഉണ്ടെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്?

കമ്യൂണിസ്റ്റുകാര്‍ ഭരണ ഘടനയെ നോക്കുകുത്തിയാക്കി സെല്‍ ഭരണം നടത്തുന്നവരാണ്, പക്ഷെ മോദി അങ്ങനെ ചെയ്യില്ല എന്നു പറയുന്നതിന്റെ യുക്തി എന്താണ്?

kaalidaasan said...

>>>ഇതൊക്കെ തന്നെയല്ലേ "മോഡി ഭക്തരും " ഇത്റ കാലവും പറഞ്ഞത് .....മോഡി വന്നെന്നു വച്ച് എന്തോ ആകാശം ഇടിഞ്ഞു വീഴുമെന്നും അങ്ങനെ ആയാല് രാജ്യം വിട്ടു പോവുന്നതാ നല്ലത് എന്നുമൊക്കെ പറഞ്ഞു നടന്നിരുന്ന വിദ്വാന്‍മാര് ഇപ്പോഴെങ്കിലും യാഥാര്‍ത്യ വുമായി പൊരുത്തപ്പെടാന്‍ ഒരുങ്ങുന്നത് നല്ല കാര്യം തന്നെ <<<<

ആകാശം ഇടിഞ്ഞു വീഴില്ല. നീതി ന്യയ വ്യവസ്ഥയേയും ഭരണ ഘടനയേയും അവഗണിക്കും. മോദി അവകാശപ്പെടുന്നത് ഗുജറാത്തില്‍ അഴിമതിയേ ഇല്ല എന്നാണ്. മോദി അധികാരം ഏറ്റെടുത്തശേഷം 10 വര്‍ഷത്തേക്ക് ഗുജറാത്തില്‍ ലോകായുക്ത ഉണ്ടായിരുന്നില്ല. അതിന്റെ കാരണം ഗുജറാത്ത്ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുന്ന ലോകായുക്ത മോദിക്ക് സ്വീകാര്യമല്ല എന്നതായിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടു പോലും മോദി കുലുങ്ങിയില്ല. എന്നിട്ട് ലോകായുക്തയെ നിയമിക്കാനുള്ള അധികാരം തന്നില്‍ നിക്ഷിപ്തമാക്കി കൊണ്ട് 2013 ല്‍ ഒരു ബില്ല്, പാസാക്കി. മോദി നിര്‍ദ്ദേശിക്കുന്ന വ്യക്തി മോദി അഴിമതി നടത്തുന്നുണ്ടോ എന്ന് തീരുമാനിക്കുന്ന മധുര മനോജ്ഞ ഗുജറാത്താണിപ്പോള്‍ ഉള്ളത്. സി എ ജി മറിച്ചു പറഞ്ഞിട്ടും മോദി ഭക്തര്‍  സമ്മതിക്കില്ല. ഇതേ ഇന്‍ഡ്യയും  മോദി പ്രധാന മന്ത്രി ആയാല്‍ പ്രതീക്ഷിക്കാം. മോദിയുടെ ധാര്‍ഷ്ട്യത്തിനെതിരെ സുപ്രീം കോടതിക്കു പോലും ഒന്നും ചെയ്യാന്‍ ആയില്ല എന്നു കൂടി ഓര്‍ക്കുക.

Ananth said...

ഗത കാല സ്മരണകളുടെ ഭാണ്ടവും പേറി കണ്ണടച്ചിരിക്കുന്നവര് നേരം വെളുത്തതും സൂര്യന് ഉദിച്ചുയര്‍ന്നതും ഒന്നും അറിയുന്നുണ്ടാവില്ല !!!!

Rajiv said...

മോഡി പ്രധാനമന്ത്രി കസേരയിൽ.. മൂത്താപ്പൻ കേജ്രിവാൾ ജയിലിൽ.. കേപീ സുകുമാരനും കാളിദാസനും ബ്ലോഗെഴുത്ത് നിർത്തി .. Good days are here again!!

Ananth said...

എനിക്ക് നരേന്ദ്ര മോഡിയെ ഭയമില്ല.

looks like these have turned out to be in the category of "famous last words".......nothing more is heard from sukumaran.... really quit blogging ?