നരേന്ദ്ര മോഡിക്ക് ഒരു തുറന്ന കത്ത്

ബഹുമാനപ്പെട്ട നരേന്ദ്ര മോഡിക്ക്,

താങ്കൾ ഏതായാലും ദേശീയ രാഷ്ട്രീയത്തിൽ കാലെടുത്ത് വെച്ചല്ലൊ. ഇനി ഇന്ത്യയിൽ താങ്കൾക്ക് യോജിച്ച രണ്ട് പദവികൾ മാത്രമേയുള്ളൂ. ഒന്നാമത്തേത് പ്രധാനമന്ത്രിയും രണ്ടാമത്തേത് രാഷ്ട്രപതിയും. അതിൽ കുറഞ്ഞ ഒരു പദവിയിലും താങ്കളെ പോലെ ഒരാൾ ഇരിക്കുന്നത് ഇന്ത്യൻ ജനതയ്ക്ക് നഷ്ടമാണു. ഇന്ത്യയിൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം ഒരു സംസ്ഥാനം മാത്രമേ പുരോഗമിച്ചിട്ടുള്ളൂ. അത് ഗുജറാത്താണു. ഗുജറാത്ത് ഒഴികെയുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും അങ്ങനെ അവശിഷ്ട ഇന്ത്യ മൊത്തത്തിലും പുരോഗതിക്ക് വേണ്ടി വേഴാമ്പലിനെ പോലെ കൊതിക്കുകയാണു. ഗുജറാത്തിനെ പുരോഗമിപ്പിച്ച പോലെ ഇന്ത്യയെ മൊത്തത്തിൽ പുരോഗമിപ്പിക്കാൻ കഴിയുന്ന ഒരേയൊരാൾ താങ്കൾ മാത്രമാണെന്ന് ഇതിനകം തീർച്ചയായിട്ടുണ്ട്.

ബി.ജെ.പി.ക്ക് ഇനിയൊരു പ്രകടനപത്രികയോ, ബദൽ പരിപാടികളോ, വോട്ടർമാരോട് വാഗ്ദാനങ്ങളോ ഒന്നും ആവശ്യമില്ല. മന്ത്രിസഭയിൽ ആരൊക്കെ അംഗങ്ങളാകും എന്ന ചോദ്യവും ഇല്ല. താങ്കൾ മതി, താങ്കൾ മാത്രം മതി. താങ്കൾ പ്രധാനമന്ത്രിയായി അഞ്ച് കൊല്ലം ഭരിക്കുമ്പോഴേക്കും ഇന്ത്യ ഗുജറാത്താകും. ഞങ്ങൾക്ക് ഇന്ത്യ ഗുജറാത്തായാൽ മതി.

എന്നാലും ലഗ്നത്തിൽ ചില വിഘ്നങ്ങൾ കാണുന്നുണ്ട്. അതിൽ പ്രധാനം താങ്കളുടെ പാർട്ടിക്ക് ഇന്ത്യയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ല എന്നതാണു. അത്ര തന്നെ പ്രധാനമാണു താങ്കളെ മതന്യൂനപക്ഷങ്ങൾ ഭയപ്പെടുന്നു എന്നത്. പോരാത്തതിനു നാരദന്മാരുടെ കൂട്ട് ഇവിടെ മതേതരന്മാരുമുണ്ട്. ഹിന്ദുക്കൾ എന്ന് പറഞ്ഞിട്ട് കാര്യമില്ല, അവറ്റകൾ ഹിന്ദു അല്ലാത്ത മതക്കാർക്ക് വേണ്ടിയും വാദിച്ചുകളയും. പ്രത്യേകിച്ചും മുസ്ലീം സമുദായത്തിനു വേണ്ടി. എല്ലാ മതക്കാർക്കും ഒരു പോലെ അവകാശം വേണം എന്നാണു ഈ നാശം പിടിച്ച ഹിന്ദുമതേതരവാദികളുടെ ന്യായം. അത്കൊണ്ട്, വർഗ്ഗീയവാദി അധികാരത്തിൽ വരുന്നത് തടയാൻ എന്ന ന്യായേന അഖിലലോക/ സാർവ്വദേശീയ പാർട്ടിയായ സി.പി.എം. പോലും കോൺഗ്രസ്സിനെ പിന്തുണയ്ക്കാനുള്ള സാധ്യതയുണ്ട്. വർഗ്ഗീയവാദിയെ അധികാരത്തിൽ നിന്ന് അകറ്റണം എന്നല്ലാതെ വർഗ്ഗീയവാദി ഭരിക്കണം എന്ന് പറഞ്ഞ് മറ്റ് പാർട്ടികൾ അഹമഹമികയാ ബി.ജെ.പി.യോടൊപ്പം കൂടാൻ സാധ്യത കാണുന്നില്ല. അതാണു വിഘ്നം.

താങ്കൾ ഭരിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഇനി ഗതിയുള്ളൂ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ഇനി തീവ്രഹൈന്ദവം കൊണ്ട് മാത്രമേ ഇന്ത്യയെ മോചിപ്പിക്കാൻ കഴിയൂ എന്ന് RSS ബി.ജെ.പി.യെ ബോധ്യപ്പെടുത്തിയതിന്റെ ഫലമാണു താങ്കളുടെ പ്രധാനമന്ത്രിസ്ഥാനാർത്ഥിത്വം എന്ന് എല്ലാവർക്കും തിരിപാട് ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി താങ്കൾ ജയിക്കാനും തോൽക്കാനും ഉള്ള സാധ്യത ഫിഫ്റ്റി-ഫിഫ്റ്റി ആണെന്നാണു യെദ്ദ്യൂരപ്പയുടെ ആസ്ഥാനജ്യോത്സ്യൻ രമേശൻ ഗുരുക്കൾ കവടി നിരത്തി പറഞ്ഞത്. അതിനി യെദ്ദ്യൂരപ്പയെ ഒപ്പം കൂട്ടിയാലും അങ്ങനെ തന്നെയായിരിക്കുമത്രെ.

കാലക്കേടിനു, ഇന്ത്യ ഗുജറാത്താവാൻ ഇന്ത്യക്കാർക്ക് തൽക്കാലം ഭാഗ്യമില്ലെങ്കിൽ പാർലമെന്റിൽ താങ്കൾ ജയിച്ചാലും ഭൂരിപക്ഷം കിട്ടാതിരിക്കുകയും, ഇന്ത്യയെ സ്വാതന്ത്രപ്രാപ്തിക്ക് ശേഷം കട്ട് മുടിച്ച് നശിപ്പിച്ച് ഈ കോലത്തിൽ ആക്കിയ കോൺഗ്രസ്സിനു തന്നെയാണു ഭൂരിപക്ഷം കിട്ടുകയും ചെയ്യുന്നതെങ്കിൽ താങ്കൾ എന്ത് ചെയ്യും? പാർലമെന്റ് അംഗത്വം രാജി വെച്ച് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തുടരുമോ അതോ ലോകസഭയിലെ പ്രതിപക്ഷനേതാവായി ജനത്തെ സേവിക്കുമോ? അധികാരം ഉണ്ടെങ്കിൽ മാത്രമേ ജനത്തെ സേവിക്കാനാവൂ എന്ന് എനിക്കറിയാഞ്ഞിട്ടല്ല. പക്ഷെ പ്രധാനമന്ത്രിയാകാൻ കുപ്പായം തുന്നുകയും, താങ്കൾ അതിനു സർവ്വഥാ യോഗ്യൻ ആയിരിക്കുകയും എന്നാൽ ഇന്ത്യയ്ക്ക് തൽക്കാലം പുരോഗതി കിട്ടാനുള്ള ഭാഗ്യം ഇല്ലാത്തത്കൊണ്ട് സർക്കാർ ഉണ്ടാക്കാൻ കഴിയാതെ വരികയും ചെയ്തതിന്റെ പേരിൽ താങ്കൾ വീണ്ടും മുഖ്യമന്ത്രി മാത്രമായിരിക്കാൻ ഗുജറാത്തിലേക്ക് കാൽ പിന്നോട്ടേക്ക് എടുത്ത് വെക്കരുത്. ലോകസഭയിലെ പ്രതിപക്ഷ നേതാവായി സ്ഥാനം ഏറ്റെടുക്കണം. അപ്പോൾ അടുത്ത പ്രാവശ്യമെങ്കിലും ഇന്ത്യയ്ക്ക് ആ ഭാഗ്യം കിട്ടാതിരിക്കില്ല. ഇത് പറയാനാണു ഈ കത്ത് അയയ്ക്കുന്നത്.

എന്റെ ഈ അഭ്യർത്ഥന നിരസിക്കരുത് എന്ന പ്രാർത്ഥനയോടെ,

വിനീത വിധേയൻ,
കെ.പി.എസ്.

2 comments:

Soman K Menon said...

Please also write the following articles which should be in Malayalam, so that the concerned can clearly understand
1)To Mr. Obama advising him conversion rate of Indian rupee and US Dollar should not be more than 50 Rs per dollar
2) To OPEC body advising that the price of crude oil should be reduced
3) To All Rulers that they should not use chemical weapons etc.

P.C.MADHURAJ said...

സർ
ഇതിൽ പയറെത്ര, സറ്റയർ എത്ര എന്ന് മനസ്സിലാവുന്നില്ല. സാരമില്ല, വേറാർക്കോ കത്തല്ലേ ...
അല്ല എന്തിനാണിങ്ങനെ തുരന്നകത്തയക്കുന്നതു? മുദ്ര ലാഭിക്കാൻ?