ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍

കവിതാലാപനം  കേള്‍ക്കാന്‍  എനിക്ക്  വളരെ രസമാണ്.  പാട്ട് പാടാനോ കവിത ആലപിക്കാനോ എനിക്ക് തീരെ വശമില്ല.  അത്കൊണ്ട് നല്ല പാട്ടുകളും  കവിത ചൊല്ലുന്നതും കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമാണ്.  ആദ്യമായി ടേപ്പ് റെക്കോര്‍ഡര്‍ വാങ്ങിയപ്പോള്‍ കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ കാസറ്റ് വാങ്ങി  ദിവസവും കേള്‍ക്കുമായിരുന്നു.  മിക്കവാറും  എല്ലാ കവിതകളുടെയും കാസറ്റുകള്‍ വാങ്ങിയിരുന്നു.  പിന്നീട് മധുസൂധനന്‍ നായരുടെ കവിതാലാപനം  ഒരു ഹരമായി. പക്ഷെ അപ്പോഴേക്കും  ടേപ്പ് റെക്കോര്‍ഡറിന്റെ ആവശ്യമില്ലാതായി.  ഇപ്പോള്‍ കമ്പ്യൂട്ടര്‍ എന്ന ഒറ്റ ഉപകരണം മതി എല്ലാറ്റിനും എന്ന സ്ഥിതിയാണ്.   നെറ്റില്‍ നിന്നാണ് ഇപ്പോള്‍ കവിതകള്‍ കേള്‍ക്കുന്നത്.  മിക്കവാറും എല്ലാ കവിതകളും  നെറ്റില്‍  ഷേര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ജ്യോതിബായ്  പരിയാടത്ത്  കാവ്യം സുഗേയം  എന്ന ബ്ലോഗില്‍ കുറെ കവിതകള്‍  സ്വയം ആലപിച്ച്  പോസ്റ്റ് ചെയ്തിട്ടുണ്ട്.  എനിക്ക് അവരുടെ കവിതാലാപനവും  കേള്‍ക്കാന്‍ ഇഷ്ടമാണ്.  എ.അയ്യപ്പന്റെ  ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍  എന്ന  കവിത അവര്‍ പാടിയിട്ടുള്ളത്  ഞാന്‍  യൂട്യൂബില്‍  അപ്‌ലോഡ് ചെയ്യുകയുണ്ടായി.  അത് താഴെ കാണുക.യൂട്യൂബില്‍  വീഡിയോ മാത്രമേ  അപ്‌ലോഡ്  ചെയ്യാന്‍ സാധിക്കുകയുള്ളൂ.  എന്നാല്‍  mp3  ഫയല്‍ യൂട്യൂബില്‍  അപ്‌ലോഡ് ചെയ്യാം.  എങ്ങനെയെന്നാല്‍  അത് വീഡിയോ ആക്കി മാറ്റണം.  അത്  എങ്ങനെയാണ്  കഴിയുക എന്ന് ചോദിച്ചാല്‍ അതിനാണ് വിന്‍ഡോസ് മൂവി മേക്കര്‍ എന്ന സംഭവം. എല്ലാവരുടെയും കമ്പ്യൂട്ടറില്‍ ഇത് ഉണ്ട്. എന്നാല്‍ പലരും  ഉപയോഗപ്പെടുത്താറില്ല.  mp3 ഫയല്‍  ഒരു ഇമേജ്  ചേര്‍ത്തോ അല്ലെങ്കില്‍ ബ്ലാങ്ക് ആയോ  വിന്‍ഡോസ് മൂവി മേക്കര്‍ ഉപയോഗിച്ച്  എളുപ്പത്തില്‍ വീഡിയോ ആക്കി മാറ്റാം. എന്നിട്ട് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യാം.  ജ്യോതിബായ് ആലപിച്ച കവിത  ഷേര്‍ ചെയ്യാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. കൂട്ടത്തില്‍ അല്പം ടെക്‍നിക്കും പറഞ്ഞു എന്ന് മാത്രം.  കവിത കേട്ട്  ഇഷ്ടപ്പെടുകയാണെങ്കില്‍ മേലെയുള്ള  ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവരുടെ ബ്ലോഗില്‍ പോയി  കമന്റ് എഴുതുക.

നാരായണന്‍ കൃഷ്ണന് ഒരു വോട്ട് നല്‍കൂ ....

യാത്രകള്‍ അത് എവിടേക്കായാലും നമുക്ക് തിരക്ക് പിടിച്ചതാണ്. ലക്ഷ്യസ്ഥാനത്തേക്ക് എത്രയും വേഗം എത്തിച്ചേരുക എന്ന മനസ്സിന്റെ വെപ്രാളമാണ് തിരക്ക് എന്ന മാനസികാവസ്ഥ.  അങ്ങനെ യാത്ര ചെയ്യുമ്പോള്‍ റോഡ് സൈഡിലും  ഫൂട്ട് പാത്തിലും ഒക്കെ ചില മനുഷ്യക്കോലങ്ങളെ നാം കാ‍ണാറുണ്ട്.  മാനസികമായി സമനില തെറ്റിയവരാണ് അവരില്‍ പലരും. എല്ലാവരും കണ്ടിരിക്കാന്‍ ഇടയുള്ളത്കൊണ്ട് അവരുടെ രൂപത്തെ പറ്റി വര്‍ണ്ണിക്കേണ്ടതില്ല.  എന്നാല്‍ ഒരു നോക്ക് കാണുന്നു എന്നല്ലാതെ അവരെ പറ്റി നമ്മളാരും കൂടുതല്‍ ചിന്തിക്കാറില്ല.  വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങള്‍ക്കപ്പുറം അവരും  മനുഷ്യരാണ് എന്ന ചിന്ത നമ്മില്‍ പലരെയും അലട്ടാറില്ല എന്നതല്ലേ വാസ്തവം.  എന്നാല്‍  അത്തരത്തില്‍ ഒരു നോട്ടം നാരായണന്‍ കൃഷ്ണന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി.

നാരായണന്‍ കൃഷ്ണന്റെ ഇപ്പോഴത്തെ വയസ്സ് 29.  2002 ല്‍  ഇരുപതാമത്തെ  വയസ്സില്‍  മധുര കാമരാജര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹോട്ടല്‍ അഡ്മിനിസ്ട്രേഷനില്‍ ഗോള്‍ഡ് മെഡലോടുകൂടി ബിരുദപഠനം പൂര്‍ത്തിയാ‍ക്കിയ ഉടനെ താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ  ബാംഗ്ലൂര്‍ ശാഖയില്‍ ചീഫ് ഷെഫ് ആയി ജോലിയില്‍ പ്രവേശിച്ചു.  പാചകകലയിലും ജോലിയിലും  നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുക്കുന്നു.  ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ .  ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന്‍ ബാംഗ്ലുരില്‍ നിന്ന് മധുരയിലെത്തി.  പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങളോടൊപ്പം  മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് കാറില്‍ യാത്ര.  ആ യാത്രയിലാണ് ഓവര്‍ ബ്രിഡ്ജിന്റെ താഴെയായി നാരായണന്‍ ആ ദൃശ്യം കാണുന്നത്.   ആ കാഴ്ചയെ പറ്റി നാരായണന്‍ പറയുന്നത്  ഇങ്ങനെ :  I saw a very old man eating his own human waste for food.  It really hurt me so much. I was literally shocked for a second. After that, I started feeding that man and decided this is what I should do the rest of my lifetime.

നാരായണന്‍ കാര്‍ നിര്‍ത്തി , അടുത്തുള്ള  ഒരു  ഹോട്ടലില്‍ പോയി കുറച്ച് ഇഡ്ഡലി വാങ്ങിക്കൊണ്ടുവന്ന് ആ വൃദ്ധന് കൊടുത്തു.  നിമിഷനേരം കൊണ്ട് ആ ഇഡ്ഡലി മുഴുവന്‍ വാരിവിഴുങ്ങി അയാള്‍ നാരായണനെ നോക്കി. ആ വൃദ്ധന്റെ കണ്ണുകളില്‍ കണ്ണീര്‍ .  എന്നിട്ട് കൈ തന്റെ മുഷിഞ്ഞ വസ്ത്രത്തില്‍ തുടച്ച് അയാള്‍ നിര്‍വ്വികാ‍രതയോടെ അങ്ങ് ആകാശത്തിന്റെ വിദൂരതകളിലേക്ക് നോക്കി.  ഒന്നും മിണ്ടിയില്ല,  നന്ദി എന്ന് ഒരു വാക്ക് പറഞ്ഞില്ല.  അയാളുടെ ലോകത്തില്‍ വാക്കുകളോ നന്ദി പോലുള്ള വികാരങ്ങളോ ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ അയാള്‍ക്ക് നമ്മെപ്പോലെയുള്ള മനസ്സ് ഇല്ലല്ലൊ.   ആ വൃദ്ധന്‍ മനസ്സിന്റെ  സമനില തെറ്റിയ ആളാണെന്ന് മനസ്സിലായപ്പോള്‍ നാരായണന് എന്തോ ഒരു ഉള്‍‌വിളി അനുഭവപ്പെട്ടു.

കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ  നാരായണന്റെ മനസ്സില്‍ നിന്ന് ആ ദൃശ്യം മാഞ്ഞുപോകുന്നില്ല.  ഉച്ചയ്ക്ക്  തൈര്ചോറ് ഒരു പൊതിയാക്കി എടുത്ത്കൊണ്ട് പോയി അവന്‍ ആ വൃദ്ധന് കൊടുക്കുന്നു.  അതും നിര്‍വികാരമായി വാങ്ങി അയാള്‍ തിന്നു.  നാരായണന്റെ മനസ്സ് ആ വൃദ്ധനില്‍ തന്നെ തറഞ്ഞുനിന്നു.  ഈ സംഭവത്തെ പറ്റി നാരായണന്‍ പിന്നീട് ഓര്‍ക്കുന്നത് ഇങ്ങനെ:  ആ‍ കാഴ്ച എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. എന്റെ സ്വന്തം സഹോദരന്മാരില്‍ ഒരാള്‍ ഇങ്ങനെ  ശോചനീയമായ നിലയില്‍ നരകിക്കുമ്പോള്‍ ഞാന്‍ വിദേശത്ത് ജോലിക്ക് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് തോന്നി.  നാട്ടില്‍ തന്നെ താമസിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.  ആദ്യമായി ആ വൃദ്ധന്  ഭക്ഷണം നല്‍കാനും  നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് , മുടി വെട്ടിക്കൊടുത്ത് പരിചരിക്കാനും തുടങ്ങി.  അങ്ങനെ  നേരത്തെ ഉണ്ടായ ഉള്‍‌വിളിയുടെ പ്രേരണയെന്നോണം  ഒരു ദൌത്യം ഏറ്റെടുക്കാന്‍ നാരായണന്‍ സന്നദ്ധനായി.

പ്രവര്‍ത്തനമേഖല വിപുലപ്പെടുത്താന്‍ വേണ്ടി  2003ല്‍  അക്ഷയ എന്ന പേരില്‍ ഒരു ട്രസ്സ് രൂപീകരിച്ചു.  ഇന്ന്  നാരായണനും ട്രസ്റ്റ്  അംഗങ്ങളും പുലര്‍ച്ചയ്ക്ക് നാല് മണിക്ക് എഴുന്നേറ്റ്  സ്വന്തമായി ഭക്ഷണം പാ‍കം ചെയ്ത് പൊതികളിലാക്കി  170ഓളം കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനത്തില്‍ ചെന്ന് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു.  ഓരോ ദിവസവും  നാനൂറോളം , തെരുവില്‍ അലയുന്ന അഗതികള്‍ക്കും  നിരാലംബര്‍ക്കുമാണ്  ഇങ്ങനെ ആഹാരം നല്‍കി വരുന്നത്.

ഭക്ഷണപ്പൊതി എത്തിക്കുന്നതില്‍ തീരുന്നില്ല നാരായണന്റെ ചുമതലകള്‍ . ചിലര്‍ക്ക് അതെടുത്ത് കഴിക്കാന്‍ പോലും കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക്  കുട്ടികളെയെന്ന പോലെ ചോറ് ഊട്ടി വെള്ളവും കുടിപ്പിച്ചിട്ടേ അവിടെ നിന്ന് മടങ്ങുകയുള്ളൂ.   ആഹാരം കൊടുത്ത് വിശപ്പ് ശമിപ്പിക്കുന്നതിലും തീരുന്നില്ല നാരായണന്റെ കര്‍ത്തവ്യം.


മുടിയും താടിയും വളര്‍ന്ന്  കുളിക്കാതെയും മുഷിഞ്ഞ വസ്ത്രങ്ങളോടെയും കാണപ്പെടുന്നവരെ സ്വന്തം വാഹനത്തില്‍ കയറ്റി തന്റെ പാര്‍പ്പിടത്തില്‍ കൊണ്ട് വന്ന്  താടിയും മുടിയും വെട്ടി കുളിപ്പിച്ച് , അലക്കിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് മനുഷ്യനാക്കിയേ വിടുകയുള്ളൂ.ചിലര്‍ക്ക്  തന്നെ ഇങ്ങനെ വൃത്തിയായി കാണുമ്പോള്‍ മുഖത്ത് ഒരു തരം നാണം തോന്നാറുണ്ടത്രെ.  ആ നാണം കാണുമ്പോള്‍ നാരായണനും നിര്‍വൃതി.

ഇത് വരെയിലും  പത്ത് ലക്ഷത്തില്‍ അധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി നമ്മള്‍ എന്തെങ്കിലും  നല്ല കാര്യങ്ങള്‍ ചെയ്താല്‍ നന്ദി പ്രതീക്ഷിക്കരുത് എന്ന് പറയാറുണ്ട്. എന്നാല്‍ അതൊരു ഭംഗിവാക്കാണ്. എന്ത് ചെയ്താലും ആരും നന്ദി പ്രതീക്ഷിക്കും. ഇവിടെ നാരായണനും സംഘത്തിനും അങ്ങനെ നന്ദി പ്രതീക്ഷിക്കാന്‍ തീരെ വകയില്ല. എന്തെന്നാല്‍ അവര്‍  പരിചരിക്കുന്നവരില്‍ ഭൂരിഭാഗവും നന്ദി പറയാന്‍ അറിയാത്ത മാനസികരോഗികളാണ്.  ഇത് തനിക്ക്  എന്തെന്നില്ലാത്ത ആത്മസംതൃപ്തി നല്‍കുന്നു എന്നാണ് നാരായണന്‍ പറയുന്നത്. താന്‍ പാകം ചെയ്ത് നല്‍കുന്ന ഭക്ഷണം  കഴിച്ച്  അവരുടെ മുഖത്ത്  തെളിയുന്ന സമാധാനമുണ്ടല്ലോ അത് കാണുമ്പോള്‍  ജീവിതത്തിന്റെ സാഫല്യമാണ് താന്‍ അനുഭവിക്കുന്നത് എന്നാണ് നാരായണന്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഇത്രയും വായിക്കുമ്പോഴേക്കും  നമ്മുടെയിടയില്‍  ഇങ്ങനെയും ഒരു ചെറുപ്പക്കാരന്‍ ജീവിയ്ക്കുന്നുണ്ടല്ലോ എന്ന് അതിശയം  തോന്നുണ്ടോ?  എങ്കില്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ നാരായണന്‍ കൃഷ്ണന് ഒരു വോട്ട് ചെയ്യാന്‍ സമയമായി.  CNN ചാനല്‍ ഓരോ വര്‍ഷവും  ലോകത്ത് പത്ത് പേരെ ഹീറോകളായി തെരഞ്ഞെടുക്കുന്നുണ്ട്.  സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നാണ് ഇങ്ങനെ പത്ത് പേരെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ നൂറോളം രാജ്യങ്ങളില്‍ നിന്ന് ലഭിച്ച പതിനായിരത്തിലധികം നോമിനേഷനുകളില്‍ നിന്നാണ് പത്ത് പേരെ തെരഞ്ഞെടുത്തത്.  ഈ പത്ത് പേരില്‍ നിന്ന്  ജനങ്ങളുടെ വോട്ടെടുപ്പിലൂടെ ഒന്നാം സ്ഥാനത്തേക്ക്  ഒരാളെ തെരഞ്ഞെടുക്കും.  2010 ലെ നമ്പര്‍ വണ്‍ ഹീറോവിനെ തെരഞ്ഞെടുക്കാന്‍ CNN കണ്ടെത്തിയ പത്ത് പേരില്‍ നമ്മുടെ നാരായണന്‍ കൃഷ്ണനുമുണ്ട്.

ഒരു പക്ഷെ നാരായണന്‍ കൃഷ്ണന്‍ ടോപ് വണ്‍ ഹീറോ ആയി തെരഞ്ഞെടുക്കപ്പെടുകയാ‍ണെങ്കില്‍ അതിന്റെ പെരുമ ചാനലിനായിരിക്കും.  ഹീറോ ആകുന്നതില്‍ നാരായണന് പെരുമയൊന്നും ലഭിക്കാനില്ല. എന്നാല്‍ നാരായണന്‍ കൃഷ്ണന്‍ ഇപ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍ എത്രയോ അഗതികള്‍ക്ക്  ആശ്രയമാകുന്ന തരത്തില്‍ അക്ഷയ ട്രസ്റ്റ്  ഒരു  വന്‍‌വൃക്ഷമായി വളരാന്‍ ഈ അംഗീകാരം ഉപകരിച്ചേക്കാം.  അതിനാണ് നിങ്ങള്‍ വോട്ട് ചെയ്യേണ്ടത്.  നവമ്പര്‍ 18 വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം.

വോട്ട് ചെയ്യാനുള്ള  സൈറ്റ്  :       http://heroes.cnn.com/vote.aspx

ഇത്  അക്ഷയ ട്രസ്റ്റ്             :       http://www.akshayatrust.org/

യാബിഗൊ സെര്‍ച്ച് എഞ്ചിന്‍

doodleഇന്റര്‍നെറ്റും  ഗൂഗിളും ഇന്ന് ഇരട്ട സഹോദരന്മാരെ പോലെയാണ്.  ഗൂഗിളില്ലെങ്കില്‍ നമുക്ക് ഇന്റര്‍നെറ്റ് കൊണ്ട് ഒരു പ്രയോജനവുമില്ല.  ഗൂഗിള്‍ എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റിന്റെ പര്യായം പോലെയായിട്ടുണ്ട്.  എത്രയോ സേവനങ്ങള്‍ നമുക്ക് ഗൂഗിള്‍ നല്‍കുന്നുണ്ടെങ്കിലും  അതില്‍ ഏറ്റവും പ്രധാനം  ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ തന്നെയാണ്.  ഗൂഗിള്‍ സെര്‍ച്ച് ഇല്ലായിരുന്നെങ്കില്‍  ഇന്റര്‍നെറ്റ് ഇത്ര വ്യാപകമാവുമായിരുന്നില്ല.  സെര്‍ച്ചിന്‍ എഞ്ചിന്‍ ഗൂഗിള്‍ മാത്രമല്ല യാഹൂ പിന്നെ  മൈക്രോസോഫ്റ്റിന്റെ  ബിങ്ങുമുണ്ട്.  ഒരേ വാക്ക് ഈ മൂന്ന്  സെര്‍ച്ച് എഞ്ചിനുകളിലും  കൊടുത്ത് സെര്‍ച്ച്  ചെയ്യേണ്ടതായ ആവശ്യം നമുക്ക് വരുന്നില്ല. എന്നാല്‍ അതിനും  ഒരു സൈറ്റ് ഉണ്ട്. അതാണ് www.yabigo.com .  യാഹൂ, ബിങ്ങ്, ഗൂഗിള്‍  എന്നിവയുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് യാബിഗൊ.  അവിടെ പോയി  ഒരു വാ‍ക്ക് ടൈപ്പ്  ചെയ്ത് സെര്‍ച്ച് ചെയ്യാന്‍ കൊടുത്ത്  നോക്കുക. മൂന്ന് സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നും  വ്യത്യസ്തമായ രീതിയില്‍ റിസല്‍ട്ട് വരുന്നത് കാണാം.

തെരഞ്ഞെടുപ്പ് ഫലം; ഒരു വിശകലനം.

Election-2010ഈ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ശതമാനം നല്ല പോലെ വര്‍ദ്ധിച്ചപ്പോള്‍ തന്നെ അത് യു.ഡി.എഫിന് നേട്ടമുണ്ടാക്കും എന്ന് എല്ലാവരും കരുതിയതാണ്.  എന്നാല്‍  ഗ്രാമതലങ്ങളില്‍ പോലും ഇത്രമാത്രം യു.എഡി.എഫ് തരംഗം ഉണ്ടാകും എന്ന് ആരും കരുതിയിട്ടുണ്ടാകില്ല.  ഇതില്‍ പല ഘടകങ്ങളും ഒത്ത് വന്നിട്ടുണ്ട്.  ജനാധിപത്യശക്തികളുടെ ഏകീകരണം  സംഭവിച്ചു എന്നതാണ് അതില്‍ പ്രധാനം.  കെ.കരുണാകരന്‍ ആണ് ഒരു കാലത്ത് കേരളത്തില്‍ ജനാധിപത്യശക്തികളെ ഒന്നിപ്പിച്ചിരുന്നത്. പിന്നീട് അത് കുറെ ശിഥിലമായി. സത്യം പറഞ്ഞാല്‍ കേരളത്തില്‍ എക്കാലത്തും  ജനാധിപത്യശക്തികള്‍ക്ക് തന്നെയാണ് മുന്‍‌തൂക്കം.  ഒരിക്കലും ഇടത് പക്ഷം എന്ന് പറയുന്ന ഏകാധിപത്യശക്തികള്‍ക്ക്  കേരളത്തില്‍ ജനസംഖ്യയില്‍ ഭൂരിപക്ഷം ഉണ്ടായിട്ടില്ല. 1957ലും അത് തന്നെയാണ് സ്ഥിതി. ജനാധിപത്യചേരിയില്‍ നിന്ന് ആരെയെങ്കിലും അടര്‍ത്തിയെടുത്തോ അല്ലെങ്കില്‍  ഭിന്നിപ്പിച്ചോ സാങ്കേതികമായ ഭൂരിപക്ഷം ഉണ്ടാക്കിയാണ് ഇവിടെ ഇടതുകള്‍ എക്കാലത്തും അധികാരത്തില്‍ വന്നിട്ടുള്ളത്.   എന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ രണ്ട് രാഷ്ട്രീയ വിഭാഗങ്ങളേയുള്ളൂ.  ഒന്ന്  കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തോട് വിധേയത്വമുള്ളവര്‍ , രണ്ടാമത്തേത്  സ്വാതന്ത്ര്യം വേണം എന്ന് ചിന്തിക്കുന്ന ജനാധിപത്യവിശ്വാസികള്‍ .  ജനാധിപത്യവിശ്വാസികള്‍ യോജിച്ചാല്‍ ഇടതുകള്‍ക്ക് ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ല.

കേരളത്തില്‍  മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രമാണ് സുസംഘടിതമായ ഒരു കേഡര്‍ പാര്‍ട്ടി.  പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിഞ്ഞുകൂടാത്ത ഒരു വീട് പോലും കേരളത്തില്‍ ഒരുകാലത്ത് ഇല്ലായിരുന്നു.  എന്നാല്‍ ഇന്ന് സ്ഥിതി മാറി. പാര്‍ട്ടിയില്‍ നേതാക്കള്‍ മാത്രമാണ് പഴയ ആള്‍ക്കാര്‍ .  പ്രവര്‍ത്തിക്കുന്നവരെല്ലാം  ചെറുപ്പക്കാരാണ്.  ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ആളുകളോട് പെരുമാറാന്‍ പോയിട്ട് മിണ്ടാന്‍ തന്നെ അറിയില്ല.  പത്രത്തിന്റെ വരിക്കാരനാക്കാനോ സംഭാവന പിരിക്കാനോ മാത്രമാ‍ണ് ഇന്ന് ഈ പ്രവര്‍ത്തകര്‍ വീടുകളില്‍ കയറി ഇറങ്ങുന്നത്.  അവര്‍ ഒരു ഡ്യൂട്ടി നിര്‍വ്വഹിക്കുന്നു എന്നേയുള്ളൂ.  പാര്‍ട്ടിയുടെ വക ബേങ്കിലോ മറ്റെതെങ്കിലും സ്ഥാപനത്തിലോ ജോലി കിട്ടും എന്ന പ്രതീക്ഷയിലാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. അത്കൊണ്ട് പാര്‍ട്ടി മെഷിനറി പ്രവര്‍ത്തിക്കുന്നു എന്നല്ലാതെ ജനങ്ങളുമായി ഇന്നത്തെ പ്രവര്‍ത്തകന്മാര്‍ക്ക് ബന്ധമൊന്നുമില്ല.  സഖാവ് എന്ന് പറയുമെന്നല്ലാതെ അതിന്റെ അര്‍ത്ഥം പോലും അറിയില്ല.  ഒരു കാലത്ത്  സമൂഹത്തിന്റെ മോചനം സ്വപ്നം കണ്ട പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. ഇന്ന് തന്റെ മോചനം മാത്രമാണ് ഓരോ പ്രവര്‍ത്തകന്റെയും സ്വപ്നം.  ഒരു ശീലം പോലെ പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് കുത്തുന്ന ആള്‍ക്കാര്‍ ഉള്ളത്കൊണ്ടാണ്  ഇടതുകള്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത്.

കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഇന്ന് ഒരു സംഘടനാ സംവിധാനമേയില്ല. പാര്‍ട്ടി യൂനിറ്റുകള്‍  ഗ്രാമതലങ്ങളില്‍ എവിടെയുമില്ല.  എന്നോ ഉള്ള കടലാസ് ഭാരവാഹികള്‍ ഇപ്പോഴും ഉണ്ടെന്ന് മാത്രം. അവര്‍ക്ക് തന്നെ പാര്‍ട്ടി സെറ്റപ്പില്‍ തൃപ്തി പോര.  കോണ്‍ഗ്രസ്സുകാര്‍ക്ക് ജനങ്ങളെ സമീപിക്കേണ്ട ആവശ്യം തന്നെ വരുന്നില്ല.  ഇപ്പോള്‍ ചെന്നിത്തല വീണ്ടും  കെ.പി.സി.സി.അദ്ധ്യക്ഷന്‍ ആയല്ലോ. എത്ര കോണ്‍ഗ്രസ്സുകാര്‍ ചെന്നിത്തലയെ പ്രസിഡണ്ടായി മാനസികമായി അംഗീകരിക്കും?  കോണ്‍ഗ്രസ്സ് എന്ന് പറഞ്ഞാല്‍ ആ വാക്കിന്റെ അര്‍ത്ഥം പോലെ തന്നെ ഒരു ആള്‍ക്കൂട്ടമാണ്. ഒരു സംഘടനയുടെ  സ്വഭാവം ഒന്നും ആ കോണ്‍ഗ്രസ്സിനില്ല.  എന്നിട്ടും എന്തേ  യു.ഡി.എഫ്. തരംഗം ഉണ്ടാകുന്നു?  ഞാന്‍ പറഞ്ഞല്ലോ ,  ഇവിടെ ജനാധിപത്യവിശ്വാസികളാണ് ഭൂരിപക്ഷം എന്ന്.  അവര്‍ക്ക്  അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും  കുതന്ത്രങ്ങളുടെയും വക്താക്കളായ ഇടത്കളെ തോല്‍പ്പിച്ചേ മതിയാകൂ.  മറ്റെന്താണ് ചെയ്യാന്‍ കഴിയുക? സ്വസ്ഥമായി ജീവിയ്ക്കണ്ടേ?  സ്വൈര്യമായി വഴി നടക്കണ്ടേ?  എല്ലാവര്‍ക്കും അടിമത്വം പേറാന്‍ കഴിയുമോ?   ഭൂരിപക്ഷം പേര്‍ക്കും നേരാംവണ്ണം ജീവിയ്ക്കാനാണ് താല്പര്യം. റൌഡിസം  എല്ലാവര്‍ക്കും സഹിക്കാന്‍ കഴിയില്ല. എന്തൊക്കെ പറഞ്ഞാലും ഇടതുകളുടെ  പ്രവര്‍ത്തനത്തില്‍ റൌഡിസം കൂടപ്പിറപ്പായുണ്ട്.  കോണ്‍ഗ്രസ്സുകാരനെക്കൊണ്ട് ആര്‍ക്കും ഒരു ശല്യവുമില്ല.  അവര്‍ ഒരു സൈഡിലൂടെ അങ്ങനെ ജീവിച്ചു പോകുന്നു എന്ന് മാത്രം.  യു.ഡി.എഫ്.തരംഗം ഉണ്ടാകാന്‍ ഒരു കാരണം ഇതാണ്.  ജയിച്ചു പോയി എന്ന് വെച്ച് നാളെ മുതല്‍ കോണ്‍ഗ്രസ്സുകാരന്റെ തലക്കനം കാണണ്ട.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി  എന്ത് പ്രവര്‍ത്തിച്ചാലും  എന്ത് പറഞ്ഞാലും  നാലാളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റും. അതാണ് സ്വഭാവം.  എനിക്ക് തോന്നുന്നത് അത്തരം സ്വഭാവക്കാരാണ്  സ്വാഭാവികമായി ആ പാര്‍ട്ടിയില്‍ അടിഞ്ഞ് കൂടുന്നത് എന്നാണ്.  മറ്റുള്ളവരോട് ഒരു മാതിരി പുച്ഛമാണ് അവരുടെ വാക്കുകളിലും പ്രവര്‍ത്തികളിലും കാണാന്‍ കഴിയുക. ഞങ്ങള്‍ എന്നാല്‍ എന്തോ ആണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്.  ആത്മാഭിമാനമുള്ളവര്‍ ആ കേമത്വം അനുവദിച്ചുകൊടുക്കുകയില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ഉണ്ടാകാനും യു.ഡി.എഫ്.തരംഗമുണ്ടാവാനും ഇതും കാരണം.  പാര്‍ട്ടിയില്‍ തന്നെ  ശരിക്ക് പറഞ്ഞാല്‍ അടിമ ഉടമ ബന്ധമാണ് ഉള്ളത്. ഒരു ജാഥയ്ക്ക് പോയില്ലെങ്കില്‍  ഒരു ധര്‍ണ്ണയില്‍ പങ്കെടുത്തില്ലെങ്കില്‍ നേതാവ് ശകാരിക്കുന്നത്  കാണണം.  ഇതൊക്കെകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് സദാ ആളുകള്‍ കൊഴിഞ്ഞു പോകുന്നുണ്ട്.  അത്രയും പേര്‍ പുതിയതായി കടന്നുവരുന്നത്കൊണ്ടാണ്  കേഡര്‍ സംവിധാനം നിലനില്‍ക്കുന്നത്. എന്നാ‍ല്‍ പുതുതായി വരുന്നവരെ സംസ്കരിക്കാന്‍ , ആശയപരമായി ബോധവല്‍ക്കരിക്കാന്‍ സംവിധാനമില്ല.  മിണ്ടാപ്രാണികളായി ആജ്ഞകള്‍ അനുസരിക്കും എന്ന് മാത്രം. കൂട്ടത്തില്‍ ക്രിമിനല്‍  സ്വഭാവക്കാരുമുണ്ട്. അവരെ നേതാക്കള്‍ നല്ല പോലെ ഉപയോഗപ്പെടുത്തുന്നു.  ഇവരാണ് ശരിക്കും  യു.ഡി.എഫ്.തരംഗത്തിന്റെ ജനയിതാക്കള്‍ .

ചരിത്രത്തില്‍ ഇല്ലാത്ത  ഭൂരിപക്ഷത്തോടെയാണ് ഇക്കുറി ഇടതുകള്‍  അധികാരത്തില്‍  എത്തിയത്. അതിന്റെ പ്രധാന കാരണം  വി.എസ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കൃത്രിമമായി ഉണ്ടാക്കിയ ഇമേജും  ഈയാള്‍ വന്നാല്‍ എന്തെങ്കിലും ചെയ്യും  എന്ന ജനത്തിന്റെ പ്രതീക്ഷയുമായിരുന്നു.  എന്നാല്‍  വി.എസ്സിനെ  ഒന്നും ചെയ്യാന്‍  പാര്‍ട്ടി അനുവദിച്ചതേയില്ല. പലപ്പോഴും മന്ത്രിയുടെ കീഴിലാണോ മുഖ്യമന്ത്രി എന്ന് പോലും ജനം സംശയിച്ചു. യു.ഡി.എഫ്. തരംഗത്തിന്റെ ആരംഭം അവിടം മുതലാണ്.  അപ്പോഴും അഴിമതിക്ക് എതിരാണ് താന്‍ എന്ന് ജനത്തിനെ ബോധ്യപ്പെടുത്താന്‍ വി.എസ്സിന് കഴിയുന്നുണ്ടായിരുന്നു.  പ്രതിപക്ഷത്തിരിക്കുമ്പോള്‍  യു.ഡി.എഫ്.സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെയാണ് പോരാടുന്നത് എന്ന് വി.എസ്സ്. തോന്നിപ്പിച്ചിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയായപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും സ്വന്തം സര്‍ക്കാരിന്റെയും  അഴിമതികള്‍ക്കെതിരെയാണ് പോരാടന്നത് എന്ന പ്രതീതിയാണ് അദ്ദേഹം സൃഷ്ടിച്ചത്.  വാസ്തവത്തില്‍  ഈ ഭരണം  അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും കൂട്ട് നില്‍ക്കുന്നതാണ് എന്ന് ജനങ്ങള്‍ക്കും  മനസ്സിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നു.  വി.എസ്സിന്റെ പ്രതിനായക റോള്‍  ആ മനസ്സിലാക്കലിനെ ബലപ്പെടുത്തുകയും ചെയ്തു.  യു.ഡി.എഫ്. തരംഗത്തിന്റെ ആക്കം കൂട്ടിയത് ഈ വസ്തുതയാണ്.

സര്‍ക്കാര്‍ ഒരുപാട് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ,  അത് ജനങ്ങള്‍ മനസ്സിലാക്കണം  എന്നും അത്കൊണ്ട് സര്‍ക്കാരിനോട് കടപ്പാട് ഉണ്ടാകണമെന്നും  പ്രതീക്ഷിക്കുന്നത് ശരിയല്ല. അതൊക്കെ ചെയ്യാനാണല്ലൊ  വോട്ടര്‍മാര്‍ സമ്മതിദാനവും  നികുതിദായകര്‍ നികുതിയും കൊടുത്ത് സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്നത്.  അതിനൊക്കെ അവര്‍ പ്രതിഫലം പറ്റുന്നുമുണ്ട്. ഒരു നേതാവ് ടിവിയില്‍ പറയുന്ന കേട്ടു.  41 ലക്ഷം പേര്‍ക്ക്  രണ്ട് രൂപയ്ക്ക്  അരി കൊടുത്ത സര്‍ക്കാരാണ് ഇതെന്ന്.  ഇത്തരം അവകാശവാദങ്ങള്‍ ജനങ്ങളുടെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തലാണ്.  കേന്ദ്രം കര്‍ഷകരില്‍ നിന്ന് താങ്ങ് വില കൊടുത്ത് സംഭരിച്ച അരി സംസ്ഥാനത്തിന് കിലോ മൂന്ന് രൂപ വെച്ച് നല്‍കുന്നു.  അതില്‍ കിലോ ഒരു രൂപ സംസ്ഥാനം  സബ്സിഡി അനുവദിക്കുന്നു. അത്രയല്ലെയുള്ളൂ.  സര്‍ക്കാരിന്റെ വിശ്വാസ്യതയാണ് ആളുകള്‍ കണക്കിലെടുക്കുക. തങ്ങള്‍ തന്നെ കൊടുക്കുന്ന നികുതിയില്‍ നിന്ന് ഇങ്ങോട്ട് തിരിച്ചു നല്‍കുന്ന നക്കാപ്പിച്ചയല്ല.  ഈ ആഴ്ച തന്നെ നടന്ന  ഗുജറാത്ത്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അവിടത്തെ ഭരണകക്ഷി സീറ്റുകള്‍ തൂത്തുവാ‍രിയതിന്റെ രാഷ്ട്രീയരസതന്ത്രം  പഠിക്കുന്നത് നന്നായിരിക്കും.  മോഡിയെ എന്തും പറഞ്ഞ് വിശേഷിപ്പിക്കാം. എന്നാ‍ല്‍ അവിടത്തെ വോട്ടര്‍മാരോ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാമങ്ങളിലുള്ള  ജനകീയ അടിത്തറ  തകരാന്‍ തുടങ്ങി എന്നതിന്റെ  വ്യക്തമായ സൂചനകളും  ഈ തരംഗത്തിലുണ്ട്. അതിന് പല കാരണങ്ങളുമുണ്ട്.  അതൊക്കെ പലപ്പോഴായി  ഇവിടെ ഞാന്‍ പ്രതിപാദിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ പലരും പുത്തന്‍ പണക്കാരായി മാറി എന്നത് എല്ലാവരും കാണുന്നുണ്ട്. അണികള്‍ മിക്കവരും കടക്കെണിയിലാണ്.  എന്തിനെയും  പണമുണ്ടാക്കാനുള്ള സാധ്യതയായി വികസിപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് കഴിയുന്നു.  പലതിലും തത്വദീക്ഷയില്ലാത്തതും  അവസരവാദപരവുമാണ് ഇടതുകളുടെ നിലപാട്.  അത്കൊണ്ട് ഒരിക്കല്‍ ഇടത് പാളയത്തില്‍ നിന്ന് പുറത്ത് വന്നാല്‍ ഏതൊരാളും  തികഞ്ഞ വിരുദ്ധനാവും. കോണ്‍ഗ്രസ്സില്‍  ഇങ്ങനെയൊന്നും സംഭവിക്കുന്നില്ല. അതെങ്ങനെ , കോണ്‍ഗ്രസ്സ് എവിടെയാണുള്ളത് എന്ന് ആരും അറിയുന്നില്ലല്ലൊ. വോട്ട് എണ്ണിക്കഴിയുമ്പോഴാണ്  ആളുകള്‍ തരംഗരൂപത്തില്‍  കോണ്‍ഗ്രസിനെ കാണുന്നത്.  ഇടത് വിരുദ്ധതയുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് നിര്‍ദ്ദോഷമായ ഈ കോണ്‍ഗ്രസ്സിനല്ലാതെ മറ്റാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയും?  കോണ്‍ഗ്രസ്സില്‍ നിന്ന് ആളുകള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇവന്മാരെ ഒന്ന് അടക്കിയിരുത്തണം എന്നേ വോട്ടര്‍മാര്‍ക്കുള്ളൂ.

ഭരണനടപടികളിലും പലര്‍ക്കും പല അതൃപ്തികളുണ്ട്.  സാധാരണക്കാര്‍ക്ക് ഇന്ന് ഒരു വീട് നിര്‍മ്മിക്കണമെങ്കില്‍ അതൊരു സാഹസമാണ്.  മുന്‍പ് തോന്നിയ പോലെ വീട് പണി കഴിപ്പിക്കാമായിരുന്നു. ഇന്ന്  പഞ്ചായത്തിന്റെ മുന്‍‌കൂര്‍ അനുമതി വേണം.  അതിന് എത്രയോ പ്രാവശ്യം പഞ്ചായത്തില്‍ കയറിയിറങ്ങണം.  എസ്റ്റിമേറ്റും പ്ലാനും വരഞ്ഞുകിട്ടാന്‍ കുറഞ്ഞത് രണ്ടായിരമോ മൂവായിരമോ കൊടുക്കണം.  പണ്ടെങ്ങോ ആണ് ദാരിദ്ര്യരേഖ നിശ്ചയിച്ച് റേഷന്‍ കാര്‍ഡ് നല്‍കിയത്. ഇന്ന്  കഴിവുള്ള പലര്‍ക്കും  ബി.പി.എല്‍ ആനുകൂല്യം  കിട്ടുമ്പോള്‍ പാവപ്പെട്ട പലര്‍ക്കും കിട്ടുന്നില്ല.  ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ആദ്യമായി ബി.പി.എല്‍. കാര്‍ഡിനുള്ള അപേക്ഷാ ഫോറങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിതരണം ചെയ്തിരുന്നത്.  ചുരുക്കത്തില്‍ ഇങ്ങനെ പല കാരണങ്ങളാലും ജനങ്ങള്‍ക്ക് ഇടത്പക്ഷത്തോട് വെറുപ്പ്  വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഇതൊന്നും മാറാനോ തിരുത്തപ്പെടാനോ പോകുന്നില്ല. ഇടത് നേതാക്കളുടെ ന്യായവാദങ്ങളാണ് കടുപ്പം. ഇപ്രാവശ്യം  ആദ്യഫലം വന്നത്  യു.ഡി.എഫിന്  അനുകൂലമായി വയനാട്ടിലെ കല്പറ്റയില്‍ നിന്നാണ്.  ആദ്യപ്രതികരണവും അവിടെ നിന്ന് തന്നെ.  ജില്ലാ സെക്രട്ടരി പറയുകയാണ്,  മദ്യവും പണവും ഒഴുക്കിയിട്ടാണ് അവിടെ യു.ഡി.എഫ്. ജയിച്ചതെന്ന്.  വോട്ടര്‍മാരെ ഇതില്‍ കൂടുതല്‍ പുച്ഛിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? തോല്‍ക്കാനോ തോറ്റു.  ഇവന്മാര്‍ക്ക് ഇമ്മാതിരി  വാക്ക് പറയാതിരുന്നുകൂടേ?

ഏതായാലും ഈ തെരഞ്ഞെടുപ്പ്  ഫലത്തില്‍  ഞാന്‍ സന്തുഷ്ടനാണ്.  അത് മറ്റൊന്നും കൊണ്ടല്ല.  നാട്ടില്‍ ജനാധിപത്യം പുലരുമല്ലോ  എന്നോര്‍ത്തിട്ടാണ്.  അടുത്ത അഞ്ച് കൊല്ലം  നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിയ്ക്കാമല്ലൊ.  അത്രയൊക്കെ മതി. സര്‍ക്കാര്‍ വാരിക്കോരി തരും എന്ന് ആരും ഇവിടെ കാത്തിരിക്കുന്നില്ല. അവനവന്‍ പണി എടുത്താലേ അവനവന് ജീവിയ്ക്കാന്‍ പറ്റുകയുള്ളൂ.   ആളുകള്‍ക്ക് സമാധാനമാണ് വേണ്ടത്.  എങ്ങനെയൊ ജീവിച്ചോളും.

ഫുള്‍ പേജ് സ്ക്രീന്‍ഷോട്ട് എടുത്ത് എങ്ങനെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം?

Aviary manoramaonline-com Picture 1സുഹൃത്തുക്കളെ ,  ഈ  ചിത്രം കണ്ടോ?  എത്ര ചെറുതാണ് അല്ലേ? എന്നാല്‍ അതില്‍ ക്ലിക്ക് ചെയ്തുനോക്കൂ . അത്ഭുതം കാണാം.  മനോരമ പത്രത്തിന്റെ ഒരു ഫുള്‍ പേജ്  സ്ക്രീന്‍ ഷോട്ട് എടുത്തതാണ് അത്.  സാധരണയായി  സ്ക്രീന്‍ഷോട്ട് എടുക്കുന്നത് നിങ്ങള്‍ക്കറിയാം.  prtScn എന്ന കീ പ്രസ്സ് ചെയ്ത്  പെയിന്റ് തുറന്ന് അവിടെ പേസ്റ്റ് ചെയ്ത്, അതില്‍ നിന്ന്  ആവശ്യമായ ഭാഗം സെലക്റ്റ് ചെയ്ത് കോപ്പി എടുത്തിട്ട്  മറ്റൊരു പെയിന്റ് വിന്‍ഡോ തുറന്ന്  അവിടെ പെയിസ്റ്റ് ചെയ്ത്  സേവ് ഏസ് കൊടുത്ത്  ഡെസ്ക്‍ടോപ്പില്‍ സേവ് ചെയ്യുന്നു അല്ലേ.  അങ്ങനെ എടുക്കുമ്പോള്‍ മോണിട്ടറില്‍ വിഷിബിള്‍ ആയ ഭാഗം മാത്രമേ എടുക്കാനും സാധിക്കുകയുള്ളൂ.  ഇവിടെ ആ പണിയൊന്നും ഇല്ല.  നേരിട്ട്  വെബ്പേജ് മുഴുവനും  ഡെസ്ക്‍ടോപ്പില്‍ സേവ് ചെയ്യാം.  ആദ്യം വേണ്ടത്  ഫയര്‍ഫോക്സ് ബ്രൌസര്‍ .  അതിപ്പോള്‍ എല്ലാവരുടെയും  സിസ്റ്റത്തില്‍ ഉണ്ടാവുമല്ലൊ.  ഇന്റര്‍നെറ്റ് എക്സ്പ്ലോററിലും ക്രോമിലും എല്ലാം ചെയ്യാം. എന്നാല്‍ ഫയര്‍ഫോക്സാണ് നല്ലത്.   പിന്നെ വേണ്ടത്  ഫയര്‍ഫോക്സില്‍ Aviary എന്നൊരു  ആഡ് ഓണ്‍ ആണ്.  അത്  ഇവിടെ കിട്ടും.   നിങ്ങള്‍  ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്തു നോക്കിയോ?  അത്  വലുതായി  മറ്റൊരു  ജാലകത്തില്‍ തുറന്ന് വരുന്നത് ശ്രദ്ധിച്ചില്ലേ?  അങ്ങനെയൊരു ട്രിക്ക്  ഈ  എഡിറ്ററില്‍ ചെയ്യാന്‍ പറ്റില്ല.  അതിനാണ്  നിങ്ങളോട്  വിന്‍ഡോസ് ലൈവ് റൈറ്റര്‍  ഡൌണ്‍‌ലോഡ്  ചെയ്യാന്‍ രണ്ട് പ്രാവശ്യം ഞാന്‍ പറഞ്ഞത്.  ഇനിയും അത് വായിച്ചിട്ടില്ലെങ്കില്‍  ഇവിടെ പോയി സാവധാനം വായിക്കുക.  എന്നിട്ട് ലൈവ് റൈറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യ്ക.  ഓ.കെ.  അപ്പോള്‍ ഫയര്‍ഫോക്സും  ഏവിയറി ഏഡ് ഓണും  ലൈവ് റൈറ്ററും റെഡി അല്ലേ?  ഇനി നിങ്ങള്‍ അതിലൊക്കെ സ്വന്തമായി ചില പരീക്ഷണങ്ങള്‍ നടത്തി നോക്കൂ.  അപ്പോഴേക്കും ഇതിന്റെ ബാക്കി ഭാഗം ഞാന്‍ വീണ്ടും  എഴുതാം.

കണ്ണൂരിന്റെ പാരമ്പര്യം കാത്തു

doodleതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലും രണ്ടാം ഘട്ട റീ-പോളിങ്ങിലും  കണ്ണൂര്‍ അതിന്റെ പാരമ്പര്യം  കാത്തുസൂക്ഷിച്ചു എന്ന് ഏവര്‍ക്കും അഭിമാനിക്കാം.  ജനാധിപത്യത്തിന്റെ ലേബലില്‍ പാര്‍ട്ടി ആധിപത്യം  എങ്ങനെയാണ് സ്ഥാപിക്കുക എന്നതിന്റെ പുത്തന്‍ അധ്യായങ്ങളാണ്  ഇക്കുറി കണ്ണൂരില്‍ അരങ്ങേറിയത്.

ഒരു പക്ഷെ ഈ ഗൊറില്ല മുറ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും പയറ്റുമായിരിക്കും.  ഈ സമ്പ്രദായം പിന്‍‌പറ്റിയാല്‍  കേന്ദ്രസേനയല്ല ഐക്യരാഷ്ട്രസഭയുടെ സേന വന്നാലും കണ്ണൂരിന് ഒരു പോറലും സംഭവിക്കുകയില്ല.  പോളിങ്ങ് സ്റ്റേഷന്റെ പരിസരങ്ങളില്‍  പുലര്‍ച്ചയ്ക്ക് ബോംബ് പൊട്ടിക്കുകയാണ് ആദ്യം വേണ്ടത്.  അതിന്റെ ഒച്ച കേട്ടവരില്‍  ചിലരെങ്കിലും  ഇന്നിനി വോട്ടിന് പോകണ്ട എന്ന് തീരുമാനിക്കും.  എന്നാല്‍ കണ്ണൂരിലെ വോട്ടര്‍മാരുടെ പ്രതിരോധശേഷി വല്ലാതെ കൂടിയിട്ടുണ്ട് എന്നാണ് മുകളിലെ ചിത്രം (ക്ലിക്ക് ചെയ്താല്‍ വലിപ്പത്തില്‍ കാണാം) കാണിക്കുന്നത്.  അതിനാണ് മറുമരുന്ന്. വോട്ടര്‍മാര്‍ പോകുന്ന വഴിയരികില്‍  പതുങ്ങിയിരിക്കുക, എന്നിട്ട്  തെറി വിളിച്ചും  ഭീഷണിപ്പെടുത്തിയും  മടക്കി അയക്കുക.  കേന്ദ്രസേനയ്ക്ക് എന്ത് ചെയ്യാന്‍ പറ്റും.  നാട്ടുവഴികള്‍ അവര്‍ക്കറിയില്ലല്ലൊ.  ഇക്കുറി നല്ല സൌകര്യമായിരുന്നു.  കേന്ദ്രസേന വേണ്ടെന്ന് പറഞ്ഞു. വോട്ട് ചെയ്യാന്‍ വരുന്നവര്‍ ഐഡന്റിറ്റി കാര്‍ഡ്  കൊണ്ടുവരണ്ട എന്നും ഉത്തരവിട്ടു.

അഥവാ കേന്ദ്രസേന വന്നാലോ , തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനനിലപാട്  സ്വീകരിച്ചാലോ എന്ന് കരുതിയാവാം  ഒരു ടെസ്റ്റ് ഡോസ് എന്ന നിലയില്‍  വോട്ടര്‍മാരെ വഴിയില്‍ പതുങ്ങിയിരുന്ന്  പിന്തിരിപ്പിക്കുക എന്ന അടവ് പരീക്ഷിച്ചുനോക്കിയത്.  അതിനൊക്കെ തയ്യാറുള്ള അണികള്‍ കണ്ണുരിന്റെ സ്വന്തമാണ്.  നേതാക്കള്‍ക്ക് ഒരു പണിയേയുള്ളൂ.  തങ്ങള്‍ ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ മേലെ ആരോപിച്ച്  സ്റ്റൈലായി പ്രസ്താവന ഇറക്കുക.  ആരെങ്കിലും വിശ്വസിക്കും എന്ന് കരുതിയിട്ടല്ല. അപ്പോഴാണ് അണികള്‍ക്ക് നേതാക്കളോട് മതിപ്പ് തോന്നുക.  ഇങ്ങനെയുള്ള അണികളും നേതാക്കളുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടത്. പക്ഷെ കണ്ണൂരില്‍ മാത്രമേ ഈ കൃഷി ഫലപ്രദമായി വിളവ് തരുന്നുള്ളൂ എന്നതാണ് പ്രശ്നം. പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്നവര്‍ എല്ലാം കണ്ണൂരില്‍ നിന്നായിട്ടും  മറ്റ് ജില്ലകളില്‍ ഈ സമ്പ്രദായം വ്യാപിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും വേണ്ടത്ര ഫലം കാണുന്നില്ല.  തെക്കന്‍ ജില്ലകളില്‍ ചില ഒറ്റപ്പെട്ട അഭ്യാസങ്ങള്‍ അരങ്ങേറാറുണ്ടെങ്കിലും ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നതാണ് അവസ്ഥ.

കേന്ദ്രസേനയോട്  പാര്‍ട്ടിക്ക് തീരെ പഥ്യമില്ല. അവരുടെ സാന്നിദ്ധ്യം  യഥാര്‍ത്ഥജനാധിപത്യത്തിന് വിലങ്ങ്തടിയാണെന്ന് പാര്‍ട്ടിക്കറിയാം.  ശരിക്ക് പറഞ്ഞാല്‍ എതിര്‍സ്ഥാനാര്‍ത്ഥി ഉണ്ടാവുക എന്നത് തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്.  കമ്മ്യൂണിസത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാത്രമേ പാടുള്ളൂ.  ഇവിടെ എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുന്നത് ബൂര്‍ഷ്വാജനാധിപത്യമായത്കൊണ്ടാണ്.  ഈ ബൂര്‍ഷ്വാജനാധിപത്യത്തിന് പകരം പണ്ടൊക്കെ ശരിയായ ജനാധിപത്യം നടപ്പിലാക്കാറുള്ളത് തോക്കിന്‍ കുഴലിലൂടെയായിരുന്നു. ഇക്കാലത്ത് അതിനൊന്നും സ്കോപ്പില്ല. അതിനാണ്  കണ്ണൂര്‍ മോഡല്‍ കലാപരിപാടികള്‍ .  ഇപ്പോള്‍ ചെറിയൊരു മാറ്റം കാണുന്നുണ്ട്, നായ്‌ക്കുരണ പരിപാടി വ്യാപകമായി കാണുന്നില്ല. അത് നാട്ടില്‍ കിട്ടാത്തത്കൊണ്ടാണോ എന്നറിയില്ല.  തമിഴ്നാട്ടില്‍ ഓര്‍ഡര്‍ കൊടുത്താല്‍ അവര്‍ കൃഷിചെയ്ത്  കൊണ്ടത്തരും.  ഓണത്തിന് പൂക്കൃഷി കഴിഞ്ഞ് വെറുതെയിരിക്കുന്നവര്‍ക്ക് പണിയുമാവും.  കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് കേന്ദ്രസേനയെച്ചൊല്ലി എന്തൊക്കെ പുകിലായിരുന്നു.  കേന്ദ്രസേന കേരളത്തില്‍ കാല് കുത്തില്ല എന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞു.   എന്നിട്ടും കേന്ദ്രസേനയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ എത്തിച്ചു.  എന്നാല്‍ പിന്നെ ആ കേന്ദ്രന്‍ സേന ബാരക്കില്‍  മിണ്ടാതെയിരുന്നോളും എന്നായി മുഖ്യമന്ത്രി.  അങ്ങനെയല്ല , കേന്ദ്രസേന പോളിങ്ങ് സ്റ്റേഷന്‍ നിയന്ത്രിക്കും എന്ന് കമ്മീഷനും.  ജനങ്ങള്‍ നേരാം വണ്ണം വോട്ട് രേഖപ്പെടുത്തിയാല്‍ ഒരിക്കലും തങ്ങള്‍ ജയിക്കുകയില്ല എന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ല പോലെ അറിയാം.

പാര്‍ട്ടി ജില്ലാ സെക്രട്ടരി പറഞ്ഞത്  യു.ഡി.എഫ്. ഭീരുക്കളുടെ കൂടാരമാണെന്നാണ്.  സ്വന്തം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സംരക്ഷണം നല്‍കാന്‍ കഴിയാത്ത യുഡി‌എഫ് ഭീരുക്കളാണെന്നാണ്  നേതാ‍വിന്റെ ഭാഷ്യം. ബംഗാളില്‍ മാവോവാദികള്‍ കൊല്ലുന്നത് നേതാക്കളെയാണ്. അതിന്റെ പേരില്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഭീരുക്കളുടെ കൂടാരമാണെന്ന്  മാവോയിസ്റ്റുകള്‍ പോലും പറയില്ല. ഒരു കൂട്ടം ഒരുമ്പെട്ടാല്‍ എന്ത് ചെയ്യാന്‍ പറ്റും. സഹിക്കുകയല്ലാതെ.  എല്ലാവര്‍ക്കും രാഷ്ട്രീയം  എന്നത് ഒരു പണി അല്ലല്ലൊ.  കണ്ണൂരില്‍ ഈ പാര്‍ട്ടി ഇങ്ങനെ നിലനില്‍ക്കുന്നത് ഒരു കണക്കിന് നല്ലതാണ്.  രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക്  ഇവരുടെ ജനാധിപത്യം എന്താണെന്ന് മനസ്സിലാക്കാനും അകറ്റി നിര്‍ത്താനും  പ്രയോജനപ്പെടുമല്ലൊ.  അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതേ അടവും തന്ത്രവും  കണ്ണൂരില്‍ പ്രയോഗിക്കുമായിരിക്കും. എന്നാലും കുഴപ്പമില്ല. മറ്റ് ജില്ലകളിലുള്ള  നിഷ്പക്ഷരായവര്‍ ഈ അന്യായത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാതിരിക്കില്ല.

ഇന്നലെ കിട്ടിയ ഒരു SMS :  ആറ് മാസം മുന്‍പ് മരിച്ച അമ്പുവേട്ടന്റെ വോട്ട്  ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സഖാവ് ടിന്റു ഉറക്കെ പാടി ...  “ ഇല്ല അമ്പുഏട്ടന്‍ മരിക്കുന്നില്ലാ , ജീവിയ്ക്കുന്നു ഞങ്ങളിലൂടെ ...  ”

സുനിത കൃഷ്ണന്‍

ഈ ലോകത്ത്  പല വിധത്തില്‍ കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്.  എങ്ങനെയാണ് കഷ്ടങ്ങള്‍ വന്നു ഭവിക്കുക എന്ന് ആര്‍ക്കും മുന്‍‌കൂട്ടി കാണാന്‍ കഴിയില്ല.  നമ്മളൊക്കെ  നമുക്ക് വേണ്ടിയാണ് ജീവിയ്ക്കുന്നത്.  ചിലപ്പോള്‍ കഴിയുന്ന സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്താലായി. എന്നാല്‍ എത്രയോ പേര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെക്കുന്നവരുണ്ട്. അവരെക്കുറിച്ചു മനസ്സിലാക്കുമ്പോഴാണ് നാം എത്രയോ നിസ്സാരന്മാരാണ് എന്ന് തോന്നുക.  സുനിത കൃഷ്ണനെ കുറിച്ച് വായിച്ചത് മുതല്‍ അവരെപ്പറ്റി ഒരു പോസ്റ്റ് എഴുതണമെന്ന് കരുതിയതായിരുന്നു.  ഇന്നത്തെ പത്രത്തില്‍ ഏറ്റവും മികച്ച ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന മലയാളിക്കുള്ള വി.ഗംഗാധരന്‍ സ്മാരകട്രസ്റ്റ് പുരസ്‌കാരത്തിന് ഡോ. സുനിതാകൃഷ്ണന്‍ അര്‍ഹയായി എന്ന വാര്‍ത്ത വായിക്കാനിടയായി.  സുനിത കൃഷ്ണന്‍ ആരാണെന്നല്ലേ?

2009 നവമ്പര്‍ 6ന്  TED എന്ന സംഘടന സംഘടിപ്പിച്ച  വേദിയില്‍  പ്രസംഗിച്ച  സുനിതയുടെ വാക്കുകള്‍ സദസ്സ്  നിശബ്ദമായി കേട്ടിരുന്നു.  ആ പ്രഭാഷണം ലോകത്തിന്റെ  പല ഭാഗത്ത് നിന്നും  Tedsters  ലൈവ് സ്ട്രീമിങ്ങ്  വെബ്‌കാസ്റ്റിലൂടെയും കേട്ടിരുന്നു.  ആ പ്രഭാഷണത്തിന്റെ വീഡിയോ  താഴെ കൊടുക്കുന്നു.  ഇത് വരെയിലും  കണ്ടിട്ടില്ലെങ്കില്‍  നിങ്ങള്‍ ക്ഷമയോടെ ആ വീഡിയോ കാണണം.   മലയാളിയായ  സുനിത കൃഷ്ണന്റെ നാട് പാലക്കാട് ആണെങ്കിലും  ജനിച്ചതും പഠിച്ചതും എല്ലാം ബാംഗ്ലൂരിലാണ്.   സോഷ്യല്‍ വര്‍ക്കില്‍  ഡോക്ട്രേറ്റ്  കരസ്ഥമാക്കിയിട്ടുണ്ട്.  പതിനഞ്ചാമത്തെ വയസ്സില്‍ സുനിത  ക്രൂരവും  മൃഗീയവുമായ രീതിയില്‍ കൂട്ട ബലാല്‍‌സംഗത്തിന് ഇരയായി.  അങ്ങനെയാണ് പീഢിപ്പിക്കപ്പെടുന്ന വനിതകളുടെയും പെണ്‍കുട്ടികളുടെയും  രക്ഷകയായി സുനിത പുനര്‍ജ്ജനിക്കുന്നത്.

1996ല്‍  സുനിത കൃഷ്ണനും  ബ്രദര്‍ ജോസ് വെട്ടിക്കാട്ടിലും ചേര്‍ന്ന് സ്ഥാപിച്ച  പ്രജ്ജ്വല  എന്ന സംഘടന  ഇതിനകം ആയിരക്കണക്കിന്  സ്ത്രീകളെയും  കുട്ടികളെയും പുനരധിവസിപ്പിച്ചിരിക്കുന്നു.  ഹൈദരാബാദിലാണ് പ്രജ്ജ്വലയുടെ ആസ്ഥാനം.  സുനിതയ്ക്ക് ഇതിന് പ്രചോദനം നല്‍കിയതും  ഒപ്പം പ്രവര്‍ത്തിച്ചതും കത്തോലിക്ക മിഷണറി പ്രവര്‍ത്തകനായ ബ്രദര്‍ ജോസ് വെട്ടിക്കാട്ടില്‍ ആയിരുന്നു. അദ്ദേഹം 2005ല്‍ മരണപ്പെട്ടു.  അതിന് ശേഷം സുനിതയാണ് പ്രജ്ജ്വലയുടെ  മുഴുവന്‍ സമയ പ്രവര്‍ത്തക.  സ്വന്തം ആവശ്യത്തിന് ഒരു പൈസ പോലും സുനിത പ്രജ്ജ്വലയില്‍ നിന്ന് പറ്റുന്നില്ല.  സുനിതയെ മനസ്സിലാക്കിയ രാജേഷ് എന്ന സിനിമാ പ്രവര്‍ത്തകന്‍  സുനിതയെ ജീവിതപങ്കാളിയായി  സ്വീകരിച്ചു.

1) സുനിതയെക്കുറിച്ച്  ഇവിടെ  വായിക്കാം.

2)  സുനിതയുടെ ബ്ലോഗ്  ഇവിടെ 

3) പ്രജ്ജ്വലയുടെ  ഹോം പേജ്

ഞാന്‍ കൂടുതല്‍  എഴുതുന്നില്ല.  ഇനി വീഡിയോ കാണുക:


സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്

വി എ.അയ്യപ്പന്റെ  ജീവിതവും  മരണവും  എല്ലാം അസാധാരണമെങ്കില്‍ , അദ്ദേഹത്തിന്റെ  ശവസംസ്കാരച്ചടങ്ങും  അസാധാരണമായിരിക്കുന്നു.  വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ തമ്പാനൂരില്‍ ശ്രീകുമാര്‍ തിയേറ്ററിനടുത്ത് വീണുകിടന്നിരുന്ന കവിയെ പോലീസാണ് ജനറല്‍ ആസ്​പത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും  അദ്ദേഹം  മരണപ്പെട്ടിരുന്നു. ആളറിയാതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പത്തിനാണ് മൃതദേഹം കവിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.   പിന്നെ വേണ്ടത് എത്രയും പെട്ടെന്ന്  മാന്യമായ രീതിയില്‍  ഭൌതികദേഹം  സംസ്കരിക്കുക എന്നതാണ്.  ഇപ്പോഴൊക്കെ പ്രശസ്തര്‍ മരണപ്പെട്ടാല്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുക എന്നത് ഒരു നടപ്പ്ശീലമായിട്ടുണ്ട്.  അതില്‍ തെറ്റ് പറയാനും കഴിയില്ല.  ഞായര്‍ അവധിയായതിനാലാവണം ശവസംസ്കാ‍രച്ചടങ്ങ് തിങ്കളാഴ്ച എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.  ഇത് ശരിയായ നടപടിയാണെന്ന് എനിക്ക് തോന്നുന്നില്ല.

സര്‍ക്കാരിന്റെ സാങ്കേതികത അയ്യപ്പനെ പോലെയുള്ള ഒരു കവിയുടെ സംസ്കാരച്ചടങ്ങുമായി ബന്ധിപ്പിക്കുന്നത് തന്നെ തെറ്റാണ്.  വ്യാഴാഴ്ച മരിച്ച അദ്ദേഹത്തിന്റെ  മൃതദേഹം ഞാ‍യറാഴ്ച തന്നെ ദഹിപ്പിക്കുന്നതില്‍ എന്തായിരുന്നു കുഴപ്പം.   സുകുമാര്‍ അഴീക്കോട് പറയുന്നത് ശ്രദ്ധിക്കുക : ഒരു വ്യക്തി മരിച്ചാല്‍ ആ വ്യക്തിയോടുചെയ്യുന്ന ഏറ്റവും വലിയ ബഹുമാനം മൃതശരീരം എത്രയും വേഗം സംസ്‌ക്കരിക്കുകയെന്നതാണ്. അടുത്ത ബന്ധുക്കള്‍ നാട്ടിലില്ലെങ്കില്‍പോലും അവര്‍ക്കുവേണ്ടി കാത്തിരിക്കുന്നതിന് അതിരുണ്ട്.  ശരി പോകട്ടെ, തിങ്കളാഴ്ചയെന്നതില്‍ ആരും അതൃപ്തി രേഖപ്പെടുത്തിയിട്ടുമില്ല.  എന്നാലിപ്പോള്‍  സര്‍ക്കാരിന്റെ സൌകര്യം പരിഗണിച്ച് സംസ്കാരം ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നു.

ഈ നടപടി സാംസ്‌ക്കാരിക വകുപ്പിന്റെ ധിക്കാരമാണെന്നാണ്  സുകുമാര്‍ അഴീക്കോട് പറഞ്ഞത്.  ഇത് ധിക്കാരം മാത്രമല്ല സാംസ്കാരികവകുപ്പിന്റെ അത്യന്തം സംസ്കാരശൂന്യമായ നടപടിയാണെന്നാണ് എന്റെ അഭിപ്രായം.  ഇങ്ങനെയാണെങ്കില്‍  ഏതെങ്കിലും വിധേന നാലാളാല്‍ അറിയപ്പെട്ട്  പ്രശസ്തരാകുന്ന ഏതൊരാളും  മരണാനന്തരം എന്നെ ഔദ്യോഗികമായി ബഹുമാനിച്ചുകളയല്ലേ എന്ന് ഒസ്യത്ത് എഴുതിവെക്കേണ്ടി വരും.  സത്യം പറഞ്ഞാല്‍  ജീവിതത്തിന്റെ വ്യവസ്ഥാപിതശൈലികളോട്   ആഭിമുഖ്യം ലേശം പോലും കാണിക്കാതെ അരാജകജീവിതം നയിച്ച അദ്ദേഹത്തോട്  ആദരവ് പ്രകടിപ്പിക്കേണ്ടത്  അനൌദ്യോഗികമായി  സംസ്കാരം നടത്തിക്കൊണ്ടായിരുന്നു.

മരണം വരെ അദ്ദേഹം സ്വന്തം ഇഷ്ടം പോലെ ജീവിച്ചു. ഇപ്പോള്‍ തന്റെ ഭൌതികദേഹം  സംസ്കരിക്കുന്നതിന് സര്‍ക്കാരിന്റെ സൌകര്യവും കാത്ത് മോര്‍ച്ചറിയില്‍ കിടക്കേണ്ടി വന്നത് അദ്ദേഹം ഒരിക്കലും മുന്‍‌കൂട്ടി കണ്ടിരിക്കാന്‍ ഇടയില്ല. ഇതൊരു വൃത്തിയില്ല്ലാത്ത കീഴ്വഴക്കമായിപ്പോയി.  ഇതിനെതിരെ  സുകുമാര്‍ അഴീക്കോട് മാത്രമാണ് പ്രതികരിച്ചു കണ്ടത്.  അത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ നമ്മുടെ സാംസ്കാരിക മന്ത്രി ഡല്‍ഹിയില്‍ നിന്ന്  പറയുന്നത് , ശവസംസ്‌കാര ചടങ്ങ് മാറ്റിവച്ചത് അയ്യപ്പന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണെന്നാണത്രെ.  തിങ്കളാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് പലരും ബുദ്ധിമുട്ട് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബാംഗങ്ങളുമായി ശവസംസ്‌കാരം മാറ്റിവെക്കുന്നതിനെക്കുറിച്ച് സംസാരിച്ചതെന്നും മന്ത്രി പറയുന്നു.

ഇതെന്തൊരു ഏര്‍പ്പാടാണ്.  കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയനേതാവ് മരണപ്പെട്ടാല്‍  ഇതേ പോലെ പങ്കെടുക്കുന്നവരുടെ ബുദ്ധിമുട്ട് പരിഗണിച്ച്  സംസ്കാരം മാ‍റ്റി വെക്കുമോ? ഇതൊരു കീഴ്വഴക്കമായി അംഗീകരിക്കുമോ? അയ്യപ്പന്‍ അനാഥനാണെന്ന് കരുതേണ്ടതില്ല എന്നും അഴീക്കോട് പറഞ്ഞിട്ടുണ്ട്.  പങ്കെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പങ്കെടുക്കേണ്ട എന്നല്ലേയുള്ളൂ.  ഇതൊരു വിവാദമാക്കാന്‍ എനിക്കുദ്ദേശ്യമില്ല. എന്നാല്‍ ഈ  മാറ്റിവെക്കല്‍ തീരുമാനം  സംസ്കാരരഹിത നടപടിയാണെന്ന് എനിക്കഭിപ്രായമുണ്ട്. ഇക്കാര്യത്തില്‍ എന്റെ ശക്തമായ എതിര്‍പ്പ് ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

അയ്യപ്പജീവിതം

ജോലി സമ്പാദിക്കുക , പിന്നെ കല്യാണം കഴിക്കുക ,  ഭാര്യ   മക്കള്‍ , സ്വത്ത് വീട്  പണം  ഇങ്ങനെയൊക്കെയാണ് ജീവിയ്ക്കേണ്ടതെന്ന് നമ്മോടാരാണ് പറഞ്ഞുതന്നത്? ആരും പറഞ്ഞിട്ടല്ല , മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് നമ്മള്‍  അനുകരിക്കുന്നു എന്നേയുള്ളൂ.  നമുക്ക് സുരക്ഷിതത്വം വേണം. അതാണ് പ്രശ്നം.  വ്യവസ്ഥാപിതമായ രീതിയില്‍ ജീവിയ്ക്കുമ്പോള്‍ നമ്മള്‍ വാര്‍ദ്ധക്യം വരെ സുരക്ഷിതമാക്കി വയ്ക്കുന്നു.  മക്കള്‍ ഉണ്ടല്ലോ എന്ന സുരക്ഷിതബോധം.  മക്കള്‍ ഉണ്ടായാലും അവര്‍ നോക്കിയില്ലെങ്കിലോ എന്ന് ചിലര്‍ വ്യാകുലപ്പെടാറുണ്ട്. എന്നാല്‍  മക്കള്‍ എല്ലാവര്‍ക്കും ഒരു ബലം തന്നെ.  ഇങ്ങനെയൊക്കെയാണെങ്കിലും ചിലര്‍ ഈ വ്യവസ്ഥാപിതമായ ജീവിതത്തിന്റെ കള്ളികളില്‍ ഒതുങ്ങാറില്ല.  അവര്‍ സദാ ജീവിതത്തോട് കലഹിച്ചുകൊണ്ടിരിക്കും.  നമ്മള്‍ അവരെ അരാജകവാദികള്‍ എന്ന് വിളിക്കും.  ഈ അരാജകത്വമാണ് യഥാര്‍ത്ഥ ജീവിതം,  അല്ലെങ്കില്‍  ജീവിതത്തിന്റെ സൌന്ദര്യം അരാജകത്വമാണ് എന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു.  അരാജകവാദിക്ക് തന്റെ ജീവിതം  തനിക്ക് ഇഷ്ടപ്പെടുന്ന പോലെ ജീവിയ്ക്കാന്‍ കഴിയും. അത് തന്നെയല്ലേ ജീവിതം.  മനുഷ്യന്‍ ഒഴികെയുള്ള ജീവജാലങ്ങള്‍ എല്ലാം ഇങ്ങനെയാണ് ജീവിയ്ക്കുന്നത്.  അവയൊന്നും നാളെയെ പറ്റി വേവലാതിപ്പെടുന്നില്ല. തികച്ചും നൈസര്‍ഗ്ഗികമായി അവയെല്ലാം പ്രകൃതിയുടെ താളത്തിനൊപ്പിച്ചു ജീവിയ്ക്കുന്നു.

മനുഷ്യന്‍ മാത്രം ജീവിയ്ക്കുന്ന പോലെ അങ്ങനെ  ജീവിയ്ക്കുന്നു.  ജീവിയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ജീവിയ്ക്കുന്നു എന്ന് മാത്രം.  ജീവിക്കുന്ന പോലെ സംതൃപ്തി ഒട്ടില്ല്ല താനും.  സമൂഹത്തിന്റെ നിലനില്‍പ്പിന്  ഇങ്ങനെ ജീവിച്ചാലേ മതിയാകൂ എന്ന് നമുക്കറിയാം. അങ്ങനെ സമൂഹത്തിന്റെ നിലനില്പിന് വേണ്ടി കൃത്രിമമായ ഒരു ജീവിതശൈലി രൂപപ്പെടുത്തുന്നു. അതാകട്ടെ  ചക്ക്കാളകെളെ പോലെ എന്നും ഒരേ വൃത്തില്‍ തന്നെ.  എന്നാലും കുറെ സ്വാതന്ത്ര്യം മനുഷ്യന് എടുക്കാമായിരുന്നു.  പക്ഷെ സ്വാതന്ത്ര്യം പൊതുവെ മനുഷ്യന്‍ ഭയപ്പെടുകയാണെന്ന് തോന്നുന്നു.  അരാജകജീവിതത്തിന്  നിര്‍വ്വചനം എന്താണെന്ന് ചോദിച്ചാല്‍ നമുക്ക് കവി അയ്യപ്പനെ ചൂണ്ടിക്കാട്ടാന്‍ കഴിയുന്നു.  അത്കൊണ്ട് അയ്യപ്പജീവിതം സുന്ദരജീവിതം  എന്ന് ഞാന്‍ പതുക്കെ ആരും കേള്‍ക്കാതെ പറയുകയാണ് ....


ഇരുട്ട് പരത്തുന്ന മാധ്യമങ്ങള്‍

വാര്‍ത്ത വായിച്ച ഒരു വായനക്കാര(രി)ന്‍  “ ബസ്സി ” ല്‍ ഇപ്രകാരം എഴുതി :  അമ്മമാരേ അച്ചന്‍ മകളോട് പെരുമാറുന്നതിലും ഒരു കണ്ണ് വേണേ എന്ന്.  എന്തിനാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ പെട്ട ഒറ്റപ്പെട്ട നെഗറ്റീവ് സംഭവങ്ങള്‍ വാര്‍ത്തയാക്കി ആളുകളെ പേടിപ്പിക്കുന്നത്.  അതൊന്നും അറിഞ്ഞിട്ടില്ലെങ്കില്‍ നമുക്ക് എന്ത് നഷ്ടമാണ് വരാന്‍ പോകുന്നത്. പിന്നെ തരക്കേടില്ല,  കുറെ പോസിറ്റീവ് വാര്‍ത്തകള്‍ക്കിടയിലാണ് ഇത്തരം നെഗറ്റീവ് വാര്‍ത്തകളും വരുന്നതെങ്കില്‍. മാധ്യമങ്ങളില്‍ നെഗറ്റീവായ വാര്‍ത്തകളേ കാണാനുള്ളൂ. ഈ മാധ്യമശൈലി ഒരു തരത്തില്‍ ഇരുട്ട് പരത്തലാണ്.  വായനക്കാരെ ഭീതിപ്പെടുത്തുക എന്നൊരു കര്‍ത്തവ്യം മാത്രമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചെയ്യുന്നത്.  ദൃശ്യമാധ്യമങ്ങളും അത് തന്നെ ചെയ്യുന്നു. അത്കൊണ്ടാണ് ഇപ്പോഴൊക്കെ ദുരന്തങ്ങള്‍ മൊബൈലില്‍ പകര്‍ത്താനുള്ള ആവേശം ആള്‍ക്കൂട്ടം കാണിക്കുന്നത്.  എനിക്ക് മാധ്യമക്കാരോട് അഭ്യര്‍ത്ഥിക്കാനുള്ളത്,  സുഹൃത്തുക്കളേ ഈ ലോകം ഇപ്പോഴും നന്മകളാല്‍ സമൃദ്ധം തന്നെയാ‍ണ് അത്കൊണ്ട് അത്തരം വാര്‍ത്തകള്‍ കൂടുതലായി ആളുകളെ അറിയിക്കാന്‍ ശ്രമിക്കുക. ബസ്സില്‍ ഞാന്‍ എഴുതിയ കമന്റ് താഴെ ചേര്‍ക്കാം. അത് വായിക്കുന്നതിന് മുന്‍പ് മേലേയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആ ബസ്സും വായിക്കുക :


ന്നാമത് , ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ വാര്‍ത്തയാക്കി മാലോകരെ അറിയിക്കുന്ന മാധ്യമശൈലി തന്നെ ശരിയല്ല. ലോകം മുഴുക്കെ ദിനവും പോസിറ്റീവായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അത്കൊണ്ടാണ് ഇത്രയും കോടി മനുഷ്യര്‍ ഭൂമിയില്‍ ജീവിച്ചുവരുന്നത്. എങ്ങ് നോക്കിയാലും പോസിറ്റിവ് കാര്യങ്ങള്‍ ആയത്കൊണ്ടായിരിക്കാം , പോസിറ്റീവായത് വാര്‍ത്തയാകാത്തത്.  ഇവിടെ തന്നെ നോക്കാം,  ലോകത്ത് എല്ലാ അച്ഛന്മാരും മക്കളെ ജീവന് തുല്യം സ്നേഹിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നു. അത്കൊണ്ടാണല്ലോ ഭൂമിയില്‍ ഇപ്പോഴും ഇത്രയും ജനസംഖ്യ.  ഇക്കാര്യം മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകില്ല.  എന്നാല്‍ ചില ഒറ്റപ്പെട്ട അച്ഛന്മാര്‍ പെണ്‍‌മക്കളെ പീഢിപ്പിക്കുന്നത് വാര്‍ത്തയാകുന്നത് അത് അപൂര്‍വ്വമാകുന്നത്കൊണ്ടാണ്.

ചുരുക്കത്തില്‍ മാധ്യമവാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നത്  നെഗറ്റീവ് വാര്‍ത്തകളാണ്.  ഇത് വായനക്കാരില്‍ ഈ ലോകം തന്നെ തിന്മകളാല്‍ സമൃദ്ധമാണ് എന്നൊരു വിചാരമോ ഭീതിയോ ഉണ്ടാക്കുന്നു.  സത്യത്തില്‍  നന്മകളും നല്ല കാര്യങ്ങളും മാത്രം മാധ്യമക്കാര്‍ വാര്‍ത്തയാക്കിയാല്‍ മതിയായിരുന്നു. അപ്പോള്‍ നമ്മുടെ മനസ്സിലും നന്മ വളരും. എവിടെയോ നടക്കുന്ന ഒറ്റപ്പെട്ട ഒരു തിന്മയോ നിഷേധാത്മക സംഭവമോ നമ്മള്‍ എന്തിന് അറിയണം?

നെഗറ്റീവ് വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഏതൊരു വായനക്കാര(രി)ന്റെയും മനസ്സില്‍ ഉണ്ടാകുന്ന ഭീതിയാണ് ഇവിടെ ഈ വാര്‍ത്തയോടൊപ്പം  സ്വന്തമായ കമന്റും കൂടി  ചേര്‍ക്കാന്‍ പ്രേരണയായത്.  ശരിക്ക് പറഞ്ഞാല്‍  ഈ “ബസ്സി”ന്റെ ഉദേശം തന്നെ വാര്‍ത്ത മറ്റുള്ളവരെ അറിയിക്കുക എന്നതല്ല. തന്റെ ഭീതി മറ്റുള്ളവരുമായി പങ്ക് വയ്ക്കുക എന്നതാണ്.  എന്നാല്‍ വാര്‍ത്തയോടൊപ്പം നല്‍കിയ കമന്റ് വാര്‍ത്തയേക്കാള്‍  ഭയജനകമായിപ്പോയി എന്ന് പറയേണ്ടി വരുന്നു.

നമുക്ക് ചെയ്യാനുള്ളത് ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഭീതിയ്ക്ക് അടിമപ്പെടാതിരിക്കുക, നമ്മളും അത് പ്രചരിപ്പിക്കാതിരിക്കുക എന്നതാണ്. ലോകം ഒരിക്കലും പോസിറ്റീവുകളാലും നന്മകളാലും മാത്രം നിലനില്‍ക്കുകയില്ല. നെഗറ്റീവും തിന്മകളും  തീര്‍ച്ചയായും കാണും.  ഇതില്‍ നമ്മള്‍ ഏതാണോ കാണുന്നത് , അതാണ് ലോകം.  നന്മകള്‍ കാണുക, തിന്മകള്‍ അവഗണിക്കുക. അത് മാത്രമാണ് നല്ലതിലേക്കുള്ള വഴി.

ബി.ജെ.പി. ; രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃക

ഭാരതീയ ജനതാ പാര്‍ട്ടി  ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എന്ത്കൊണ്ടും നല്ല മാതൃകയാണ്.  എന്ത്കൊണ്ടെന്നാല്‍  ചിന്തിക്കുന്ന ആളുകള്‍ക്ക് ഇപ്പോള്‍ തന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ എന്നാല്‍ പുച്ഛമാണ്.  അടിമത്വബോധം പേറുന്നവരാണ് ഈ രാജ്യത്തെ സാധാരണക്കാരില്‍ ബഹുഭൂരിപക്ഷവും. അത്കൊണ്ട് എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ ചിഹ്നത്തെ പൂജിക്കാന്‍ അടിമകളെ കിട്ടുന്നുണ്ട്. എന്നാല്‍ ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടിയാല്‍ രാഷ്ട്രീയക്കാരെ കണ്ടാല്‍ കല്ലെറിയുന്ന ഒരു കാലം വരാതിരിക്കില്ല.  ആ ദിശയിലേക്ക് ആളുകളെ ചിന്തിപ്പിക്കുന്നതില്‍ ബി.ജെ.പി. വഹിക്കുന്ന പങ്ക് മഹത്തായതാണ്.  കര്‍ണ്ണാടകയിലെ ബി.ജെ.പി.യാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കാകെ മാതൃകയാവുന്നത്.  ഓപ്പറേഷന്‍ താമര എന്നാണ് ആ മഹാദൌത്യത്തിന്റെ പേര്.

ഇന്ത്യന്‍ മതേതരത്വത്തിനും സംസ്ക്കാ‍രത്തിനും  തീരാകളങ്കം വരുത്തിയ മസ്ജിദ് തകര്‍ക്കലിലൂടെയാണല്ലോ ബി.ജെ.പി. ഇന്ത്യയില്‍ അധികരത്തില്‍ എത്തിയത്.  എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യവും പൈതൃകവുമാണ് ഭാരതത്തിന്റേത്.  അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും എല്ലാം ഇന്ത്യയില്‍ എന്നും ഒരേ ശുദ്ധിയും പുണ്യവും മഹത്വവുമാണ് കല്പിച്ചിരുന്നത്. പൊളിക്കാനല്ല , പടുത്തുയര്‍ത്താനാണ് ഇവിടെ എല്ലാ മതവിഭാഗങ്ങളും അന്യോന്യം സഹകരിച്ചിരുന്നത്.  ചരിത്രത്തില്‍ ചില ഒറ്റപ്പെട്ട രാജാക്കന്മാര്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ ഒന്നും നമ്മുടെ പാരമ്പര്യത്തിന്റെ ഗതി മാറ്റാന്‍ സഹായകരമായിട്ടില്ല. ആ ഒരു പാരമ്പര്യം ഇന്നും നമ്മുടെ ദേശീയതയില്‍ വേരോടിക്കിടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ബി.ജെ.പി.യെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും അടുപ്പിക്കുന്നില്ല എന്ന സത്യം.

ബി.ജെ.പി.ക്കാര്‍ ഗുജറാത്തിലെ മോഡിയെ  മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.  എന്നാല്‍ ബി.ജെ.പി.ക്കാര്‍ ശരിക്കും അഭിമാനിക്കേണ്ടത് കര്‍ണ്ണാടകയിലെ ബി.ജെ.പി.യെ മുന്‍‌നിര്‍ത്തിയാണ്. പള്ളികളൊന്നും ഇനി ഇന്ത്യയില്‍ പൊളിക്കാന്‍ കഴിയില്ല. അപ്പോള്‍ അധികാരം പിടിക്കാനും നിലനിര്‍ത്താനും സാധിക്കുന്ന അത്ഭുതകരമായൊരു വഴിയാണ് ഓപ്പറേഷന്‍ താമര.


2008ല്‍ യെദ്ദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവിടെ ബി.ജെ.പി.ക്ക് കേവലഭൂരിപക്ഷമുണ്ടായിരുന്നില്ല. അങ്ങനെയാണ് യെദ്ദ്യൂരപ്പ കണ്ണൂര്‍ക്കാരനായ ജ്യോത്സ്യന്‍ രമേശന്റെ ഉപദേശം തേടുന്നത്.  രമേശന്‍ കവടി നിരത്തി പറഞ്ഞു , താങ്കളുടെ പേരില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു 'D' യുടെ കുറവുണ്ട്. പിന്നെ വിധാന്‍ സൌധയുടെ നിര്‍മ്മാണത്തില്‍ വാസ്തുശാസ്ത്രപരമായ ന്യൂനതകളുണ്ട്.  കണ്ട അണ്ടനും അടകോടനും ഒക്കെ ഇരുന്നതാണ് താങ്കള്‍ ഇരിക്കാന്‍ പോകുന്ന മുഖ്യമന്ത്രിയുടെ കസേര.  ഏറ്റവും പ്രധാനം ഞങ്ങളുടെ നാട്ടില്‍ തളിപ്പറമ്പില്‍ ഒരു രാജരാജേശ്വരി ക്ഷേത്രമുണ്ട്. അവിടെ ആനയെ നടയിരുത്തണം. അങ്ങനെ യെദ്ദ്യൂരപ്പ പേരില്‍ D കൂട്ടിച്ചേര്‍ത്ത് യെഡ്ഡ്യൂരപ്പയായി. വിധാനസൌധയുടെ വാതിലുകള്‍ മാറ്റി സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ മുറിയില്‍ ശുദ്ധികലശപൂജ ചെയ്തു. തളിപ്പറമ്പില്‍ നേരിട്ടെത്തി ആനയെ നടയിരുത്തി.

പക്ഷെ പണത്തിന്റെ മേലെ പരുന്തും പറക്കില്ല എന്നറിയാമായിരുന്ന ബെല്ലാരിയിലെ റെഡ്ഡിസഹോദരന്മാരുടെ തലയില്‍ മറ്റൊരു പദ്ധതിയാണ് ഉദിച്ചത്. അതാണ് ഓപ്പറേഷന്‍ താമര. റെഡ്ഡി സഹോദരന്മാര്‍ എന്ന് പറഞ്ഞാല്‍ മൂന്ന് സഹോദരന്മാരും ഒരു സഹോദരീഭര്‍ത്താവും. അവര്‍ നാല് പേരും മന്ത്രിമാരാണ്.  ഭൂരിപക്ഷമില്ലാത്ത മന്ത്രിസഭ വിശ്വാസവോട്ട് തേടുമ്പോഴെക്കും കോണ്‍ഗ്രസ്സില്‍ നിന്നും ഗൌഡയുടെ ജനതാദളില്‍ നിന്നും ചില എമ്മെല്ലേമാര്‍ രാജി വയ്ക്കുന്നു.  യെഡ്ഡ്യൂരപ്പയുടെ മന്ത്രിസഭ പുഷ്പം പോലെ വോട്ടെടുപ്പില്‍ വിജയിക്കുന്നു.  സത്യം പറഞ്ഞാല്‍ കര്‍ണ്ണാടകയിലെ ബി.ജെ.പി.മന്ത്രിസഭയ താങ്ങിനിര്‍ത്തുന്നത് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ ദേവനോ ദേവിയോ അല്ല. ബെല്ലാരിയിലെ ഖനിരാജാക്കന്മാരുടെ നക്കാപ്പിച്ചക്കാശ് കൊണ്ടാണ്.  50 കോടിയാണ് ആ നക്കാപ്പിച്ച എന്നാണ് അസൂയാലുക്കള്‍ പറയുന്നത്. അമ്പത് കോടിയെന്നൊക്കെ പറയുന്നത് റെഡ്ഡിസഹോദരന്മാരെ സംബന്ധിച്ച് നമ്മള്‍ ഒരു സിഗരറ്റിന്റെ കാശ് എന്നൊക്കെ പറയുന്ന പോലെയാണ്. ആന്ധ്ര-കര്‍ണ്ണാടക അതിര്‍ത്തിയിലെ ഖനികളില്‍ നിന്ന് റെഡ്ഡിമാര്‍ കൊള്ളയടിക്കുന്നത് കോടാനുകോടികളല്ലെ. ആരുണ്ടിവിടെ ഞങ്ങളെ തളയ്ക്കാന്‍ എന്ന് വെല്ലുവിളിച്ചുകൊണ്ടല്ലെ റെഡ്ഡിമാര്‍ ഖനിസമ്പത്ത് കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. ചന്ദ്രബാബുനായിഡുവും നോക്കി ഈ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ പറ്റുമോ എന്ന്. പാവം നായിഡുവും ഒരു സൈഡായി.

ഇക്കഴിഞ്ഞ ആഴചയിലും യെഡ്ഡ്യൂരപ്പയുടെ മന്ത്രിസഭയ്ക്ക് ഭീഷണിയുണ്ടായി. ആസ്ഥാന ജ്യോത്സ്യന്‍ രമേശന്‍ ഓടിയെത്തി. ഉടനെ യെഡ്ഡ്യൂരപ്പയും പരിവാരങ്ങളും രമേശനാല്‍ അനുഗതരായി തളിപ്പറമ്പിലെത്തി തൊഴുത് തേങ്ങയും ഉടച്ചു.  വിശ്വാസവോട്ടെടുപ്പില്‍ അനായാസേന വിജയിച്ചു. കോടതിയില്‍ കേസ് മുറ പോലെ നടക്കും. പക്ഷെ ഇന്നലെയും ഓപ്പറേഷന്‍ താമര വിജയം കണ്ടു. ഒരു കോണ്‍ഗ്രസ്സ് എമ്മെല്ലേ രാജി വെച്ചു.  യെഡ്ഡ്യൂരപ്പ മന്ത്രിസഭ അതിന്റെ കാലാവധി പൂര്‍ത്തിയാക്കും എന്നതില്‍ ഇപ്പോഴാര്‍ക്കും സംശയമുണ്ടാവില്ല. ബി.ജെ.പി.യുടെ യശസ്സ് ചില്ലറയൊന്നുമല്ല ഉയരുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിനും രാഷ്ട്രീയത്തിനും  ബി.ജെ.പി. നല്‍കുന്ന സംഭാവന വിവരണാതീതമാണ്.  റെഡ്ഡി സഹോദരന്മാരുടെ തലയില്‍ സുഷമ സ്വരാജ് കൈ വച്ചു അനുഗ്രഹിക്കുന്ന , മേലെ കാണുന്ന ഫോട്ടോ ഓരോ ബി.ജെ.പി.ക്കാരനും ചില്ലിട്ട് മൂന്ന് നേരവും പൂജിക്കേണ്ടതാണ്, ഗുണം കിട്ടും.

ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ

മ്മുടെ സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണല്ലോ. ഒക്ടോബര്‍ 23നും 25നും ആണ് തെരഞ്ഞെടുപ്പ്.  ഈ തെരഞ്ഞെടുപ്പില്‍ ഒന്നും മിണ്ടണ്ട എന്ന് കരുതിയതായിരുന്നു ഞാന്‍ .  കാരണം ഇടതായാലും വലതായാലും രാഷ്ട്രീയക്കാരല്ലേ പഞ്ചായത്തുകളില്‍ കയറിക്കൂടുക.  അവര്‍ എന്ത് ചെയ്യാന്‍ ?  നമ്മള്‍ കുറെ കണ്ടില്ലേ.  എന്തോ ആയിക്കോട്ടെ, നമ്മള്‍ക്ക് ഇതില്‍ കാര്യമൊന്നും ഇല്ലെന്നത്കൊണ്ട് വെറുതെയിരിക്കാമെന്ന് കരുതിയതായിരുന്നു.  പൂച്ചയ്ക്ക് മണി കെട്ടാന്‍ ആരെങ്കിലും ഒരുമ്പെടുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു.  പക്ഷെ എന്റെ മുന്‍‌വിധികളെ തകര്‍ത്തുകൊണ്ട് ഇപ്പോള്‍ നാടൊട്ടാകെ ജനകീയ സമിതികള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.  കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊപ്പം പൊരുതിയ സംഘടനകളും വ്യക്തികളും ഗ്രൂപ്പുകളും ഒക്കെയാണ് ഈ സമിതികളില്‍  കൈ കോര്‍ത്തുകൊണ്ട് പഞ്ചായത്തുകളിലെ വോട്ടര്‍മാരെ സമീപിക്കുന്നത്. ഒരു പന്ത്രണ്ട് ഇന മുദ്രാവാക്യവുമായിട്ടാണ് ഈ മുന്നണി ജനങ്ങളെ സമീപിക്കുന്നത്.  ഇവര്‍ എത്ര വാര്‍ഡുകളില്‍ വിജയിക്കും എന്നത് പ്രശ്നമേയല്ല. പുതിയൊരു ജനപക്ഷരാഷ്ട്രീയം ജനങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ്  ഏറ്റവും വലിയ നേട്ടം.  ചോദ്യം ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍  അഴിമതിയിലും നിരുത്തരവാദിത്വങ്ങളിലും ധാര്‍ഷ്ട്യത്തിലും അഭിരമിക്കുകയായിരുന്നു മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളിലെ പഞ്ചായത്ത് സാരഥികള്‍ .

തുടക്കത്തില്‍ ഞാനും ഗ്രാമസഭകളിലൊക്കെ പങ്കെടുത്തിരുന്നു. പക്ഷെ യാതൊരു ഭാവനയുമില്ലാത്ത കക്ഷിരാഷ്ട്രീയം തലക്ക് പിടിച്ച ,  കക്ഷിരാഷ്ട്രീയത്തിനപ്പുറം  കാര്യങ്ങള്‍ വാര്‍ഡ് തലത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത ഇവരുടെയൊക്കെ കൈയ്യില്‍ പഞ്ചായത്ത് രാജ് സംവിധാനം കുരങ്ങന്റെ കൈയ്യിലെ പൂമാല പോലെ നിഷ്‌പ്രയോജനമാവുകയേയുള്ളു എന്ന് മനസ്സിലാക്കിയിട്ട് പിന്നെ പോകാറേയില്ല. പൌരന്മാര്‍ക്ക് നാട്ടിലെ പൊതുപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരിഹാരം കാണാനോ ഒരു വേദിയുമില്ല.  എല്ലാം നിശബ്ദമായി സഹിക്കാനും എന്നാല്‍ നികുതികള്‍ കൃത്യമായി കൊടുക്കാനും മാത്രം വിധിക്കപ്പെട്ടവരാണ് അവര്‍ .  അതിനൊരു മാറ്റമാണ് ഗ്രാമസഭകളിലൂടെ ഉണ്ടാകേണ്ടിയിരുന്നത്.  എന്നാല്‍ ഗ്രാമസഭകള്‍ അതാത് രാഷ്ട്രീയപാര്‍ട്ടി അനുഭാവികളുടെ കൂടിച്ചേരല്‍ മാത്രമായി പിന്നീട്. ക്രമേണ ഗ്രാമസഭകള്‍ കൂടാറുണ്ടോ എന്ന് പോലും ആരും അറിയാതായി.  ഫണ്ടുകള്‍ കേന്ദ്രത്തില്‍ നിന്ന് വരുന്നു. ആരൊക്കെയോ എങ്ങനെയൊക്കെയോ ചെലവഴിക്കുന്നു. പഞ്ചായത്തുകളില്‍ ഒരു വികസനവും നടന്നില്ല.

ഈ അധ:പതനത്തിന്റെ ഒരു രേഖാചിത്രം ഈ ആഴ്ചയിലെ പ്രബോധനം വാരികയില്‍ സി.ദാവൂദ് എന്ന ലേഖകന്‍ മനോഹരമായി വരച്ചു കാണിച്ചിരിക്കുന്നു. ആ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. ഇസ്ലാമിക വീക്ഷണത്തിലൂടെയാണ് ആ ലേഖകന്‍ വിഷയം അവതരിപ്പിക്കുന്നതെങ്കിലും  എല്ല്ലാവര്‍ക്കും ബാധകമാവുന്ന  ലളിത സത്യങ്ങളാണ് അവയിലുള്ളത്.  മറ്റൊന്ന്  വികസന മുന്നണിയില്‍  നേതൃത്വപരമായ പങ്ക് വഹിക്കുന്നത് ജമാ‌അത്തേ ഇസ്ലാമിയാണെങ്കില്‍ തന്നെ ഞാന്‍ ജമാ‌അത്തേ ഇസ്ലാമിയെ അഭിനന്ദിക്കുകയും ഈ മുന്നണിയെ നാളെയുടെ പ്രതീക്ഷയായി കാണുകയും ചെയ്യുന്നു.


 ഇനി സാമാന്യം ദീര്‍ഘമായ ആ ലേഖനത്തിലേക്ക് :വലിയ സ്വപ്നങ്ങളുമായാണ് നാം പഞ്ചായത്ത് രാജ് നിയമം കൊണ്ടുവന്നതും ജനകീയാസൂത്രണം നടപ്പിലാക്കിയതും. ഗാന്ധിജിയുടെ മഹത്തായ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നത്തിന്റെ പ്രായോഗിക ആവിഷ്കാരമായി അത് അവതരിപ്പിക്കപ്പെട്ടു. തുടക്കത്തില്‍ ഗ്രാമീണ, പ്രാദേശിക തലങ്ങളില്‍ ചില ഉണര്‍വുകളും പ്രതീക്ഷകളും നല്‍കാനും ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്കും ജനകീയാസൂത്രണത്തിനുമൊക്കെ കഴിയുകയും ചെയ്തിരുന്നു. നേരത്തെ തിരുവനന്തപുരത്ത് നിന്ന് മാത്രം തീരുമാനിക്കപ്പെട്ടിരുന്ന കാര്യങ്ങളില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ചില റോളുകളുണ്ട് എന്ന തിരിച്ചറിവ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും ജനപങ്കാളിത്തവും വര്‍ധിപ്പിച്ചു. സ്കൂളുകള്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ തുടങ്ങി ആര്‍ക്കും യാതൊരു ഉത്തരവാദിത്വവുമില്ലാതെ 'ഭാര്‍ഗവീ നിലയങ്ങള്‍ ’ കണക്കെ നിലനിന്നിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചില ഇളക്കങ്ങള്‍ വന്നു തുടങ്ങി. ' ആപ്പീസര്‍ ’മാരുടെ ദൈവിക പരിവേഷത്തിന് മേല്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ ഉണര്‍വിനോടൊപ്പം തന്നെ, പുതിയൊരു തലമുറയുടെ രംഗപ്രവേശവും കാര്യങ്ങള്‍ കൂടുതല്‍ ചടുലമാക്കി. അതായത്, ആഗോളീകരണത്തിന്റെയും പുത്തന്‍ സാങ്കേതിക വിദ്യകളുടെയും വിപുലനത്തോടൊപ്പം വളര്‍ന്നുവന്ന പുതിയ തലമുറ, പഴയ ചുവപ്പുനാട വികസനത്തിലും സര്‍ക്കാര്‍ വിലാസം മന്ദഗതി സര്‍വീസിലും അമര്‍ഷമുള്ളവരായിരുന്നു. വിദ്യാഭ്യാസമ്പന്നരായ ആ തലമുറയോട് തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല പഴയ ഫ്യൂഡല്‍ മൂല്യങ്ങളുമായി ഫയലുകള്‍ താങ്ങി കഴിഞ്ഞിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ .

രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഈ തലമുറയെ അവഗണിച്ച് മുന്നോട്ട് പോവാന്‍ പറ്റാത്ത നിലയിലായി. വിദ്യാഭ്യാസ വളര്‍ച്ച, ഗള്‍ഫ്- ഐ.ടി മേഖലകളിലൂടെ വന്ന സാമ്പത്തിക ഉണര്‍വുകള്‍ ,  സ്ത്രീകളുടെ മുന്നേറ്റം, പുതിയ തലമുറയുടെ കാഴ്ചപ്പാടുകളിലും അഭിരുചികളിലും വന്ന മാറ്റം, സാങ്കേതികവിദ്യയുടെ ജനകീയവത്കരണം, മാധ്യമങ്ങളുടെ കൂടുതല്‍ പ്രാദേശികമായ ഇടപെടലുകള്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരു പ്രത്യേക സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. നമ്മുടെ പഞ്ചായത്തുകളെ രൂപപ്പെടുത്തുന്നതില്‍ ഈ ഘടകങ്ങളെല്ലാം വിവിധ അളവില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഈ പ്രത്യേക സാമ്പത്തിക-സാമൂഹിക സാഹചര്യത്തിലാണ് ജനകീയാസൂത്രണം പോലെയുള്ള പ്രസ്ഥാനങ്ങള്‍ വമ്പിച്ച പ്രതീക്ഷകള്‍ ജനിപ്പിക്കുകയും സാമൂഹിക ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പ്രതീതിയുളവാക്കുകയും ചെയ്തത്.

എന്നാല്‍ ഈ പ്രവേഗ ശക്തിയെ വേണ്ടവിധം ഉപയോഗപ്പെടുത്താനും കൂടുതല്‍ തീവ്രമായി മുന്നോട്ട് കൊണ്ടുപോകാനും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവനക്കുറവാണ് അതില്‍ പ്രധാനപ്പെട്ടൊരു കാരണം. പുതിയ തലമുറയെ ഉള്‍ക്കൊള്ളാനും പുതുകാല യാഥാര്‍ഥ്യങ്ങളോട് സംവദിച്ച് മുന്നോട്ട് പോവാനും പറ്റുന്ന നേതൃത്വം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമുണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  വ്യത്യസ്ത തൊഴില്‍ , വ്യാവസായിക, സേവന സംരംഭങ്ങളില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുന്ന മലയാളികളായ ചെറുപ്പക്കാരുടെ വലിയൊരു നിര നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അവരുടെ ആ കഴിവുകള്‍ നമ്മുടെ നാട്ടില്‍ തന്നെ പിടിച്ചു നിര്‍ത്തി, വികസന പ്രക്രിയയില്‍ ഇഴചേര്‍ക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. പ്രതിഭകളുടെ കൂട്ടപലായനത്തിന്റെ ദേശമായി നമ്മുടെ നാട്ടിന്‍ പുറങ്ങള്‍ മാറി. പ്രതിഭാ ദാരിദ്യ്രം കൊണ്ട് സമ്പന്നരായ ആളുകള്‍ നാട്ടിലെ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമായി വിലസി.

അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മനുഷ്യവിഭവശേഷിയും അനുഗ്രഹീതമായ കാലാവസ്ഥയും ഫലഭൂയിഷ്ടമായ ഭൂമിയും വെള്ളത്തിന്റെ സാര്‍വത്രിക സാന്നിധ്യവുമുള്ള ഒരു സംസ്ഥാനത്തിന് പക്ഷേ, വികസന രംഗത്ത് അതിനനുപാതമായി മുന്നോട്ട് പോവാന്‍ സാധിച്ചില്ല. ഉല്‍പാദന രംഗം സമ്പൂര്‍ണമായി മുരടിക്കുകയും ഉപഭോഗവും അനുബന്ധ സേവനപ്രവര്‍ത്തനങ്ങളും മാത്രം സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ നെടുംതൂണാവുകയും ചെയ്തു. 'ദൈവത്തിന്റെ സ്വന്തം ഷോപ്പിംഗ് മാള്‍ ‘ എന്ന് വേണമെങ്കില്‍ സംസ്ഥാനത്തെ വിളിക്കാവുന്ന അവസ്ഥയാണിന്ന്. ആളുകള്‍ ഷോപ്പിംഗ് നടത്തുന്നു, ഉപഭോഗം വര്‍ധിക്കുന്നു എന്നതൊക്കെ അപകടകരമായ പ്രവണതകളാണ് എന്ന പതിവ് സദാചാര വിലാപമല്ല ഇവിടെ ഉയര്‍ത്തുന്നത്. ഉപഭോഗത്തിന്റെ വ്യാപനം തീര്‍ച്ചയായും സാമ്പത്തികമായ ഉണര്‍വിന്റെ ലക്ഷണങ്ങളിലൊന്ന് തന്നെയാണ്. പക്ഷേ, ഈ ഉപഭോഗത്തിന് ഉപയോഗിക്കുന്ന പണം എവിടെ നിന്ന് വരുന്നു, നമ്മുടെ ഉല്‍പാദന പ്രക്രിയക്ക് ആ പണം രൂപപ്പെടുത്തുന്നതില്‍ എത്രത്തോളം പങ്കുണ്ട്, ആ പണം എങ്ങോട്ടൊഴുകുന്നു തുടങ്ങിയ കാര്യങ്ങള്‍ ആലോചിക്കുമ്പോഴാണ് അത്യന്തം ലോലമായ ഒരു 'കുമിള' സാമ്പത്തിക വ്യവസ്ഥയാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്ന് നമുക്ക് മനസ്സിലാവുക. കുറെ കാലം കഴിഞ്ഞാല്‍ നികുതിയടക്കാന്‍ പ്രയാസപ്പെടുന്ന, നികുതിയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊളിച്ചു കളയാന്‍ ബുദ്ധിമുട്ടുന്ന കുറെ കെട്ടിടങ്ങള്‍ മാത്രമാണോ പ്രതിഭാധനരായ നമ്മുടെ ചെറുപ്പക്കാര്‍ ഇത്രയും അധ്വാനിച്ച് നാടിന് നേടിക്കൊടുത്തതെന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്. നാടിന്റെ ഉല്‍പാദന-സേവന-സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മകോശങ്ങളെ ചടുല സജീവമാക്കുന്നതില്‍ രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ അപകടകരമായ രീതിയില്‍ പരാജയപ്പെട്ടു. ഇങ്ങനെ സജീവമാക്കുന്നതില്‍ ഏറ്റവും സൂക്ഷ്മതല പങ്കുവഹിക്കാന്‍ കഴിയുക പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്കായിരുന്നു.

അസഹ്യമായ രാഷ്ട്രീയവത്കരണം തന്നെയാണ് പഞ്ചായത്ത് സ്ഥാപനങ്ങളെ ഈ വിധം ഊഷരഭൂമിയാക്കിയതിന്റെ മറ്റൊരു പ്രധാന കാരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കുന്ന ഏര്‍പ്പാട് ആന്ധ്രാപ്രദേശില്‍ ഇല്ലത്രെ. പ്രാദേശിക ഭരണത്തില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ല എന്നതാണ് ഇത് നല്‍കുന്ന സന്ദേശം. ഈ സന്ദേശത്തിന്റെ സാരം ഉള്‍ക്കൊള്ളാന്‍ ദൌര്‍ഭാഗ്യവശാല്‍ നമുക്കിതുവരെയും കഴിഞ്ഞിട്ടില്ല. ചെറിയ ഭൂരിപക്ഷത്തിനാണ് നമ്മുടെ ഗ്രാമ പഞ്ചായത്തുകളില്‍ ഏതെങ്കിലും രാഷ്ട്രീയ മുന്നണി പലപ്പോഴും അധികാരത്തില്‍ എത്താറുള്ളത്. ഇവര്‍ക്കിടയിലെ അധികാരത്തര്‍ക്കങ്ങളും കൂറുമാറ്റവും മുന്നണി മാറ്റവും പലപ്പോഴും പഞ്ചായത്ത് ഭരണത്തെ നിഷ്ക്രിയമാക്കാറുണ്ട്. രാഷ്ട്രീയ താല്‍പര്യവും അടുത്ത തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും മറ്റും നോക്കിക്കൊണ്ട് മാത്രം വികസനത്തിന്റെ വിതരണം നടക്കുന്നു. സേവനദാതാക്കളെ തെരഞ്ഞെടുക്കുമ്പോഴും രാഷ്ട്രീയത്തിന് തന്നെയാണ് എപ്പോഴും പ്രാമുഖ്യവും പ്രാധാന്യവും.

നാടിന്റെ തീരാശാപമായ അഴിമതി തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളെ ആന്തരികമായി തകര്‍ക്കുന്ന ഏറ്റവും വലിയ വിപത്ത്. കോടിക്കണക്കിന് രൂപയാണ് പ്രാദേശിക വികസനത്തിന് വേണ്ടി തദ്ദേശ സ്ഥാപനങ്ങളിലേക്ക് വര്‍ഷവും വരുന്നത്. ശാസ്ത്രീയമായും, ഭാവനയോടെയും അഴിമതി രഹിതമായും ചെലവഴിക്കപ്പെട്ടിരുന്നെങ്കില്‍ ഗ്രാമീണ തലങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതായിരുന്നു ഇത്. എന്നാല്‍ അധികാരത്തിന്റെ വികേന്ദ്രീകരണത്തോടു കൂടി അഴിമതിയുടെ വികേന്ദ്രീകരണമാണ് യഥാര്‍ഥത്തില്‍ നടന്നത്. പദ്ധതികള്‍ക്ക് ആവശ്യമായതിന്റെ മടങ്ങ് തുകക്ക് കരാറുകള്‍ നല്‍കുക; അതില്‍ നിന്ന് കമീഷന്‍ പറ്റുക എന്നതാണ് പഞ്ചായത്തുകളില്‍ സംഭവിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണ, പ്രതിപക്ഷ ഭേദമന്യേ ഈ കമീഷന്‍ പങ്കുവെക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. അതിനാല്‍ തന്നെ കാര്യമായ ജനശ്രദ്ധയും പ്രതിഷേധങ്ങളുമില്ലാതെയാണ് അഴിമതിയുടെ ഈ വികേന്ദ്രീകൃതാസൂത്രണം മുന്നേറുന്നത്.

ഓരോ പഞ്ചായത്തിലും ഓരോ വാര്‍ഡിലും അനിവാര്യമായും നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെന്തൊക്കെ, പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെ, അതിനു വേണ്ടി എത്ര തുക പാസ്സാക്കിയെടുത്തു, എത്ര ചെലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ അതത് പഞ്ചായത്തിലുള്ളവര്‍ ശേഖരിക്കുന്നത് നന്നായിരിക്കും. അഴിമതിയുടെ തദ്ദേശ പര്‍വം അതിന്റെ വിശ്വരൂപത്തില്‍ വന്നു നില്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

നാടിന്റെ വികസനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി പങ്കുവഹിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ശേഷിയെ ഇസ്ലാമിക പ്രസ്ഥാനം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള നിര്‍ദേശം വളരെ മുമ്പ് തന്നെ പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകാനും ഇസ്ലാമിക പ്രസ്ഥാനം ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. സന്തുലിത വികസനം, അഴിമതി രഹിത ഭരണം, വികസന പ്രവര്‍ത്തനങ്ങളിലെ ജനകീയ പങ്കാളിത്തം, സ്ത്രീകളുടെ യഥാര്‍ഥ ശാക്തീകരണം, മദ്യം, ലഹരി തുടങ്ങിയ സാമൂഹിക തിന്മകളുടെ വിപാടനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്.

ഈ കാഴ്ചപ്പാടുകളില്‍ ഐക്യപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും ജാതി മത ഭേദമന്യെ കൂട്ടിയിണക്കി പ്രാദേശിക ജനകീയ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തെങ്ങും രൂപപ്പെട്ടു കഴിഞ്ഞു. നമ്മുടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഉള്ളടക്കം തീരുമാനിക്കുന്നതില്‍ ഈ ജനകീയ സംഘടനകള്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞതായാണ് അനുഭവം. അഴിമതിയില്‍ ഐക്യമുന്നണിയായ ഇരുമുന്നണികളും ഈ പുതിയ സാന്നിധ്യത്തെ ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജനകീയ മുന്നണികള്‍ ശക്തമായ പല സ്ഥലങ്ങളിലും ഇടതും വലതും യോജിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന അവസ്ഥ ഉണ്ടാവുന്നത് അതുകൊണ്ടാണ്.

ജനസേവന രംഗത്ത് വ്യവസ്ഥാപിതമായും ശാസ്ത്രീയമായും സമയ നിഷ്ഠയോടെയും പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്തതിന്റെ വലിയ അനുഭവ പാരമ്പര്യം ഇസ്ലാമിക പ്രസ്ഥാനത്തിനുണ്ട്. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ ഭരണകൂടത്തിന്റെയോ പിന്തുണയോടെയല്ല, പ്രസ്ഥാനം ബൃഹത്തായ ഈ പ്രവര്‍ത്തനങ്ങളും പദ്ധതികളും മുന്നോട്ടു കൊണ്ട് പോയത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പങ്കാളിത്തം ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോവാന്‍ സഹായിക്കുമെന്ന് പ്രസ്ഥാനം മനസ്സിലാക്കുന്നു. 'ജനസേവനം ദൈവാരാധന' എന്നു വിശ്വസിക്കുന്ന സംഘം ജനസേവനത്തിന്റ ഏറ്റവും പ്രധാനപ്പെട്ട വേദിയായ പ്രാദേശിക ഭരണ സംവിധാനങ്ങളില്‍ സജീവമായി ഇടപെടുമ്പോള്‍ അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.

എല്ലാറ്റലുമപരി, ഇടതു-വലതു മുന്നണികള്‍ പങ്കുവെച്ച് നശിപ്പിച്ച മനോഹരമായ ഈ സംസ്ഥാനത്തെ വീണ്ടെടുക്കാനുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് രൂപപ്പെടേണ്ടത്. ആകര്‍ഷകമായ മുദ്രാവാക്യങ്ങളും ആരവങ്ങളും ഉയര്‍ത്തിയതു കൊണ്ട് മാത്രം അത്തരമൊരു പ്രസ്ഥാനം രൂപപ്പെടുകയില്ല. അടിത്തട്ടില്‍ ജനങ്ങളെ സംഘടിപ്പിച്ചും ജനങ്ങളുടെയും നാടിന്റെയും വികസന പ്രക്രിയയില്‍ ഇടപെട്ടും കൊണ്ട് മാത്രമേ അത്തരമൊരു പ്രസ്ഥാനത്തെ രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. അത്തരമൊരു മഹത്തായ മുന്നേറ്റത്തിലേക്കുള്ള ചുവടുവെപ്പുകള്‍ കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ജനകീയ കൂട്ടായ്മകളുടെ ഇടപെടലുകള്‍ . നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയ രൂപപ്പെടുത്തുന്നതില്‍ തീര്‍ച്ചയായും ഈ സംഘങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.

ബ്ലോഗിന്റെ URL ചുരുക്കുക

നിങ്ങള്‍ക്കൊരു ബ്ലോഗ് ഉണ്ടെന്നും  ആരെങ്കിലും  നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്സ് ചോദിച്ചെന്നും കരുതുക. അപ്പോള്‍ ബ്ലോഗിന്റെ അഡ്രസ്സ് ബ്ലോഗ് സ്പോട്ട് ഡോട്ട് കോം എന്ന് പറഞ്ഞുകൊടുക്കുമ്പോള്‍ വളരെ നീളം ഉണ്ട് അല്ലേ. മാത്രമല്ല ചോദിച്ചയാള്‍ക്ക് അത് ഓര്‍മ്മിച്ചു വയ്ക്കാനും പിന്നീട് അത് ടൈപ്പ് ചെയ്യാനും ബുദ്ധിമുട്ടായിരിക്കും. അപ്പോള്‍ ഒരു ഷോര്‍ട്ട് യുആര്‍‌എല്‍ ഉണ്ടെങ്കില്‍ എത്ര നന്നായിരിക്കും എന്ന് എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന് മാര്‍ഗ്ഗമുണ്ട്.  യുആര്‍‌എല്‍ അഡ്രസ്സ് ചുരുക്കാന്‍ സൌജന്യമായി സഹായിക്കുന്ന കുറെ സൈറ്റുകള്‍ ഉണ്ട്. അതില്‍ ഒന്നിനെ ഇവിടെ പരിചയപ്പെടുത്താം.  നിങ്ങള്‍ വേറെ ഒരു വിന്‍ഡോയില്‍ അല്ലെങ്കില്‍ ടാബില്‍ kpsuku.tk എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചു നോക്കുക. അപ്പോള്‍ ഈ ബ്ലോഗ് തുറന്നു വരുന്നത് കാണാം. അതായത് എന്റെ ബ്ലോഗിന്റെ യുആര്‍‌എല്‍ ഞാന്‍  http://kpsuku.tk  എന്ന് ചുരുക്കി. ആരെങ്കിലും എന്റെ ബ്ലോഗ് അഡ്രസ്സ് ചോദിച്ചാല്‍ എനിക്ക് ഈ ചുരുക്കിയ അഡ്രസ്സ് പറഞ്ഞാല്‍ മതി.  കേള്‍ക്കുന്നവര്‍ക്കും ഓര്‍മ്മിച്ചു വയ്ക്കാനും എന്റെ ബ്ലോഗ് അഡ്രസ്സ് ടൈപ്പ് ചെയ്യാനും എളുപ്പം.  നിങ്ങളും  ബ്ലോഗിന്റെ അഡ്രസ്സ് ചുരുക്കുക.  അതിന്  www.dot.tk  എന്ന സൈറ്റില്‍ പോയി അവിടെ  നിങ്ങളുടെ ഇപ്പോഴത്തെ ബ്ലോഗ് യുആര്‍‌എല്‍ കൊടുത്ത്  next അടിച്ചു നോക്കുക. അപ്പോള്‍ ഒരു URL വരും. നിങ്ങള്‍ക്ക് അതിന് പകരം ഞാന്‍ kpsuku എന്ന് കൊടുത്ത പോലെ വേറെ കൊടുത്ത് ലഭ്യത പരിശോധിച്ചു നോക്കാം. ബാക്കിയൊക്കെ സിമ്പിള്‍ ആണ്. ഞാന്‍ വിശദീകരിക്കേണ്ട ആവശ്യമില്ല.

ഐ ആം കലാം

രാജസ്ഥാനിലെ ഒരു ഗ്രാമത്തിലെ ഒരു ധാബയില്‍ (വഴിയോര ഭക്ഷണശാല) പണിയെടുക്കുകയാണ് ചോട്ടു എന്ന ബാലന്‍ .  ഒരു ദിവസം അവന്‍ ടിവിയില്‍  ഡോ. അബ്ദുള്‍ കലാമിനെക്കുറിച്ചുള്ള ഒരു പ്രോഗ്രാം കാണാനിടയാവുന്നു.  എന്തെല്ലാം പ്രതിസന്ധികള്‍ തരണം ചെയ്താണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും പിന്നീട് രാഷ്ട്രപതിയായതും എന്നൊക്കെ ആ പരിപാടിയില്‍ വിശദീകരിക്കുന്നത് ശ്രദ്ധിച്ചത്  മുതല്‍ തന്നെ അബ്ദുള്‍ കലാം എന്നാണ് അവന്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നത്.  തനിക്കും പഠിക്കണം എന്നും അബ്ദുള്‍ കലാമിനെ പോലെ വലിയ ആളാകണം എന്നും ചോട്ടുവിന് കലശലായ ആഗ്രഹം തോന്നുന്നു.  രാജകുടുംബത്തിലെ ഒരു കുട്ടി ചോട്ടുവിന്റെ ചങ്ങാതിയാകുന്നത് അവന്റെ ജീവിതത്തിലെ വഴിത്തിരിവാകുന്നു.  അവനില്‍ നിന്ന് പഴയ പുസ്തകങ്ങള്‍ വാങ്ങി ചോട്ടു  പഠിക്കാന്‍ തുടങ്ങുന്നു.

ഈ മാസം ലണ്ടനില്‍ നടക്കുന്ന  ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ഐയാം കലാം എന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  സിനിമയുടെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.  ഇതിനകം ചില അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ചിത്രം ഡിസമ്പറില്‍ റിലീസ് ചെയ്യുമത്രെ.  ഇതിന്റെ തിരക്കഥ കേട്ട  അബ്ദുള്‍ കലാം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ സമ്മതിച്ചിരുന്നതായി മുന്‍പ് എവിടെയോ വായിച്ചിരുന്നു. ഒരു നിബന്ധനയേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. പ്രതിഫലം തരരുത് എന്ന്.  ഡല്‍ഹിയിലെ ചേരിയില്‍ താമസിക്കുന്ന ഹര്‍ഷ് മയാര്‍ എന്ന പയ്യനാണത്രെ ചോട്ടുവായി  അഭിനയിക്കുന്നത്.  ചിത്രത്തിന്റെ ട്രെയിലര്‍  താഴെ കാണുക:

കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി

പ്രാവശ്യത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ചൈനയിലെ സ്വതന്ത്രചിന്തകനും കവിയും എഴുത്തുകാരനുമായ പ്രൊഫസ്സര്‍ ലിയു സിയാബോയ്ക്ക് ലഭിച്ചതില്‍ ചൈനയെ കൂടാതെ പാക്കിസ്ഥാനും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നു. എന്ത്കൊണ്ടാണ് പാക്കിസ്ഥാനും എതിര്‍പ്പ് പ്രകടിപ്പിച്ചത്? ചൈനയെ തൃപ്തിപ്പെടുത്തുക എന്ന ഒരൊറ്റ ഉദ്ദേശമേയുള്ളു അതില്‍ .  പാക്കിസ്ഥാന്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് അവിടത്തെ പട്ടാളമാണെന്നത് സുവിദിതമാണ്. എപ്പോഴൊക്കെ സര്‍ക്കാര്‍ ജനാധിപത്യപരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനും ഇന്ത്യയോട് അടുക്കാനും ശ്രമിക്കുന്നുവോ അപ്പോഴൊക്കെ അവിടത്തെ പട്ടാളം അത് തടഞ്ഞുനിര്‍ത്തിയിട്ടുണ്ട്. പട്ടാളമാണ് പാക്കിസ്ഥാന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് എന്നര്‍ത്ഥം. പാക്കിസ്ഥാന്‍ ഇന്ത്യയെ ശത്രുരാജ്യമായാണ് കാണുന്നത്. ശത്രുവിന്റെ ശത്രു മിത്രം എന്ന അടവ് നയമാണ് പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. ഇന്ന് ഇന്ത്യയ്ക്കെതിരെ ചൈന-പാക്കിസ്ഥാന്‍ അച്ചുതണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്.  പാക്കിസ്ഥാനിലെയും ചൈനയിലെയും ഭരണകൂടങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നത് വരെ ഈ ഇരു രാജ്യങ്ങളും ഇന്ത്യയ്ക്ക് ഭീഷണി തന്നെയാണ്.

ചൈനയിലെ ഭരണകൂടം ജനാധിപത്യവല്‍ക്കരിക്കപ്പെടുക എന്ന് പറഞ്ഞാല്‍ അവിടെ ബഹുകക്ഷി രാഷ്ട്രീയ സമ്പ്രദായം നടപ്പിലാവുകയും ഭരണാധികാരികള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുകയും വേണം എന്നാണ് അര്‍ത്ഥം.  ഇപ്പോഴും അവിടെ തെരഞ്ഞെടുപ്പ് എന്നൊരു പ്രഹസനം നടക്കുന്നുണ്ട്. അന്താരാഷ്ട്രസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണത്. തെരഞ്ഞെടുപ്പുകളില്‍ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാത്രമേ ഉണ്ടാകൂ. എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല.  ജനങ്ങള്‍ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ യെസ് എന്നോ നോ എന്നോ പറയാം. പക്ഷെ ആരും നോ എന്ന് പറയില്ല. പറഞ്ഞാലുള്ള ഭവിഷ്യത്ത്  ജനങ്ങള്‍ക്ക് അറിയാം. പാക്കിസ്ഥാനിലെ ഭരണകൂടത്തെ ജനാധിപത്യവല്‍ക്കരിക്കുക എന്ന് പറഞ്ഞാല്‍ അവിടത്തെ പട്ടാളത്തെ സിവിലിയന്‍ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരിക എന്നാണര്‍ത്ഥം.  ഇത് രണ്ടും തല്‍ക്കാലത്തേക്ക് എളുപ്പമുള്ള സംഗതിയല്ല. അത്കൊണ്ട് ഇന്ത്യ എന്നും ജാഗരൂകത പാലിക്കേണ്ടതുണ്ട്.

ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്കും ലിയു സിയാബോയ്ക്ക് സമ്മാനം നല്‍കപ്പെട്ടതില്‍ എതിര്‍പ്പുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധന് തേടിപ്പിടിച്ചു ഈ സമ്മാനം കൊടുത്തു എന്നും ഗാന്ധിജിക്ക് കൊടുക്കാത്തത്കൊണ്ട് ഈ സമ്മാനം മോശമായിപ്പോയി എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. നമുക്കറിയാം, ഏതൊരു അവാര്‍ഡും കൊടുക്കുന്നത് അവാര്‍ഡ് കമ്മറ്റി ആരെയെങ്കിലും തേടിപ്പിടിച്ചല്ല. അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തികള്‍ക്കോ മറ്റ് സംഗതികള്‍ക്കോ ആണ് അവാര്‍ഡ് ലഭിക്കുക. ഏത് അവാര്‍ഡും അങ്ങനെയാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ നിന്ന് തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് അവാര്‍ഡ് കമ്മറ്റിക്ക് ചെയ്യാനുള്ളത്. ആരെയെങ്കിലും നോമിനേറ്റ് ചെയ്യാന്‍ കമ്മറ്റിക്ക് കഴിയില്ല. നോമിനേറ്റ് ചെയ്യപ്പെടാത്ത ആര്‍ക്കും അവാര്‍ഡ് കൊടുക്കാനും കഴിയില്ല. അത്പോലെ തന്നെ നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാവര്‍ക്കും കിട്ടണമെന്നുമില്ല. ഗാന്ധിജിയെ ആരെങ്കിലും നോമിനേറ്റ് ചെയ്തിരുന്നുവോ എങ്കില്‍ എന്ത്കൊണ്ട് കിട്ടിയില്ല എന്നൊക്കെ പറയേണ്ടത് അതില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന, അദ്ദേഹത്തിന്റെ മരണം വരെ “ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി” എന്ന് മുദ്രാവാക്യം മുഴക്കിയ കമ്മ്യൂണിസ്റ്റ് പിന്‍‌മുറക്കാരാണ്. ലിയു സിയാബോയ്ക്ക്  സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കാന്‍ വേണ്ടി അദ്ദേഹത്തെ ഒരുപാട് പേര്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. അവരില്‍ ഒരാള്‍ (KWAME ANTHONY APPIAH, Laurance S. Rockefeller University Professor of Philosophy, and the University Center for Human Values at Princeton University , and President of PEN American Center. ) നോമിനേഷനോടോപ്പം നല്‍കിയ കുറിപ്പ്  ഇവിടെ താല്പര്യമുള്ളവര്‍ വായിക്കുക.  സത്യത്തെ എത്ര വികൃതപ്പെടുത്തിയാണ് കമ്മ്യൂണിസ്റ്റുകള്‍ അവതരിപ്പിക്കാറ് എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്.

ആരാണ് ലിയു സിയാബോ? ബീജിംഗ് സര്‍വ്വകലാശാലയില്‍ സാഹിത്യത്തില്‍ പ്രൊഫസ്സര്‍ ആയിരുന്ന അദ്ദേഹം വിദേശരാജ്യങ്ങളിലെ സര്‍വ്വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസ്സര്‍ ആയിരുന്നു.  1989ല്‍ ബീജിംഗില്‍ ജനാധിപത്യത്തിനും ഉദ്യോഗസ്ഥ അഴിമതിക്കുമെതിരെ വിദ്യാര്‍ത്ഥികളുടെ സമരം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ലിയൂ സിയാബോ ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസ്സറായി ജോലി ചെയ്യുകയായിരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന് ഒരു അമേരിക്കന്‍ പൌരത്വം തരപ്പെടുത്തി അവിടെ സസുഖം ജീവിയ്ക്കാമായിരുന്നു. എന്നാല്‍ നാട് അദ്ദേഹത്തെ മാടി വിളിച്ചു.  അന്ന് അദ്ദേഹം ചൈനയിലേക്ക് തിരിച്ച് വന്ന്, ജൂണ്‍ നാലിന് ടിയാനന്‍‌മെന്‍ സ്ക്വയറിലെത്തി വിദ്യാര്‍ത്ഥികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ പതിനായിരങ്ങള്‍ അന്ന് അവിടെ ടാങ്കിനടിയില്‍ ചതഞ്ഞ് മരിക്കുമായിരുന്നു. എന്തിനും തയ്യാറായി മുന്നോട്ട് ഉരുളുകയായിരുന്നു പട്ടാള ടാങ്കുകള്‍ ശത്രുരാജ്യത്തിന്റെ നേര്‍ക്കെന്ന പോലെ.

എന്താണ് ടിയാന്‍‌മെന്‍ സ്ക്വയര്‍ സംഭവം? ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടരി ആയിരുന്നു ഹ്യു യോബാംഗ് (20 November 1915 – 15 April 1989). പരിഷ്ക്കരണവാദിയായ അദ്ദേഹത്തെ 1987ല്‍ നിര്‍ബ്ബന്ധിച്ച് രാജി വെപ്പിച്ചു.  പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ്  1989 ഏപ്രില്‍ 15ന് അദ്ദേഹം മരണപ്പെട്ടതായി പാര്‍ട്ടി പൊളിറ്റ് ബ്യൂറോ ജനങ്ങളെ അറിയിക്കുന്നു. മഹാനായ ഒരു നേതാവായിരുന്നു യോബാംഗ് എന്നും എന്നാല്‍ അദ്ദേഹത്തിന് തെറ്റ് പറ്റിപ്പോയിരുന്നു എന്നും ഏപ്രില്‍ 22ന് ടിയാനന്‍‌മെന്‍ സ്ക്വയറില്‍ ശവസംസ്ക്കാരച്ചടങ്ങുകള്‍ നടക്കുമെന്നും അറിയിപ്പ് ഉണ്ടായി.  ഏപ്രില്‍ 22 ന് അമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ശവസംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ടിയാനന്‍‌മെന്‍ സ്ക്വയറിലേക്ക് നീങ്ങി.  അന്നത്തെ പ്രധാനമന്ത്രി ലീപെങ്ങിന് ഒരു നിവേദനം നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടിയുണ്ടായിരുന്നു. ഇത്രയ്ക്കും അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സംഘടനാരൂപമോ നേതൃത്വമോ ഉണ്ടായിരുന്നില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്.  സംസ്ക്കാരച്ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രവേശനം തടയാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു.  അങ്ങനെ ഹ്യൂ യോബാംഗിന്റെ മരണം അന്ന് ഒരു നിമിത്തമാവുകയായിരുന്നു.

ലക്ഷക്കണക്കിന്  വിദ്യാര്‍ത്ഥികള്‍ ടിയാനന്‍‌മെന്‍ സ്ക്വയറില്‍ സത്യഗ്രഹം ആരംഭിച്ചു.  ജനാധിപത്യം അനുവദിക്കണമെന്നും അഴിമതി നിര്‍ത്തലാക്കണമെന്നുമായിരുന്നു ആവശ്യം. ചൈനീസ് സര്‍ക്കാരും പാര്‍ട്ടിയും ഇതിനെ എങ്ങനെ നേരിടണമെന്ന് അങ്കലാപ്പിലായി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി ഴാവോ സിയാങ്ങ്  വിദ്യാര്‍ത്ഥികളോട് അനുഭാവമുള്ള ആളായിരുന്നു. പക്ഷെ അന്നത്തെ പ്രധാനമന്ത്രി ലീപെങ്ങ് സമരത്തെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചു. മുന്‍ പ്രധാനമന്ത്രി ചൌ എന്‍ ലായിയുടെ മകനായിരുന്നു ലീപെങ്ങ്.  ജനറല്‍ സെക്രട്ടരി ഴാവോ സിയാങ്ങ് മെയ് 19ന് (1989) ടിയാനന്‍‌മെന്‍ സ്ക്വയറിലെത്തി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. അതിന്റെ പൂര്‍ണ്ണരൂപം ഇതാ.  അങ്ങനെ സംസാരിച്ചതിന്റെ പേരില്‍ ഴാവോ സിയാങ്ങിനെ സെക്രട്ടരി സ്ഥാനത്ത് നിന്ന് പുറത്താക്കി. പിന്നീട് 2005 ജനവരി 5ന് അദ്ദേഹം മരണപ്പെടുന്നത് വരെ വീട്ടുതടങ്ങലില്‍ ആയിരുന്നു.  കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ എങ്ങനെയാണുണ്ടാകുന്നത് എന്ന് നോക്കുക. അങ്ങനെ 1989 ജൂണ്‍ നാലിന് ചൈനീസ് പട്ടാള ടാങ്കുകള്‍ വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് ഇരച്ചുനീങ്ങി. ലിയൂ സിയാബോ വിദ്യാര്‍ത്ഥികളോട് സമാധാനപരമായി പിരിഞ്ഞുപോകാന്‍ ആഹ്വാനം ചെയ്തു.  എന്നിട്ടും എത്രയോ വിദ്യാര്‍ത്ഥികള്‍ അന്ന് മരിച്ചുവീണു. എത്രയോ പേര്‍ പിന്നീട് വേട്ടയാടപ്പെട്ട് ജയിലിലായി.  എല്ലാം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതാന്‍ കഴിയുന്നില്ല.

ഞാന്‍ ഈ പോസ്റ്റിന്  കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി എന്ന് പേര് കൊടുക്കാന്‍ കാരണം , ജനാധിപത്യത്തിന് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ജനാധിപത്യവാദികളെ ആദരിച്ചില്ല എന്നും എപ്പോഴും സര്‍വ്വാധികാരികളെ ആരാധിക്കുന്നു എന്നത്കൊണ്ടുമാണ്.  ലിയൂ സിയാബോ  സ്വന്തം ജീവിതം ത്യാഗം ചെയ്തുകൊണ്ട്  ജനങ്ങളുടെ പൌരാവകാശങ്ങള്‍ക്ക് വേണ്ടി ജയിലില്‍ കിടക്കുന്നു. ആ ലിയൂ സിയാബോ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ . ജനങ്ങളുടെ മേല്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിച്ച് ചക്രവര്‍ത്തിമാരായി വാഴുന്ന നേതാക്കന്മാര്‍ ഇക്കൂട്ടര്‍ക്ക് നല്ല കമ്മ്യൂണിസ്റ്റ്.  ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ ജനാധിപത്യം എന്നാല്‍ അവരുടെ നേതാക്കളുടെ സര്‍വ്വാധിപത്യമാണ്. അത്കൊണ്ട് നമ്മള്‍ ഈ കമ്മ്യൂണിസ്റ്റ് അനുഭാവികളെ പേടിക്കണം.  പരാക്രമങ്ങള്‍ ഫലിക്കാതിടത്ത് അവര്‍ മാരീചക്കോലം കെട്ടി വരും. ജനാധിപത്യം, സോഷ്യലിസം, മനുഷ്യസ്നേഹം എന്നൊക്കെ പഞ്ചാരവാക്കുകള്‍ പറയും.  സ്വാധീനം വര്‍ദ്ധിച്ചാല്‍ പാര്‍ട്ടിഗ്രാമങ്ങള്‍ സ്ഥാപിക്കും. അപ്പോള്‍ കാണാം കമ്മ്യൂണിസ്റ്റ്കാരന്റെ തനിരൂപം. കേരളത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനുള്ള ജനപിന്തുണ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇല്ലാത്തത്കൊണ്ട് അവരുടെ തനിനിറം പുറത്തെടുക്കാന്‍ കഴിയുന്നില്ല എന്നേയുള്ളൂ.

എന്ത്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ പൌരസ്വാതന്ത്ര്യത്തെ ഇന്നും ഭയപ്പെടുന്നത് എന്ന് അറിയില്ല. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിച്ചും കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഭരണം നടത്തിക്കൂടേ? ഗോര്‍ബച്ചേവ് എന്ന് കേട്ടാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് വര്‍ഗ്ഗശത്രുവാണ്. ഗോര്‍ബച്ചേവ് എന്ന ഒറ്റയാളാണ് സോവിയറ്റ് യൂനിയന്‍ തകര്‍ത്തത് എന്നാണ് കമ്മ്യൂണിസ്റ്റ്കാര്‍ കരുതുന്നത്. അങ്ങനെ ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ഒരു പാര്‍ട്ടിയെയും സാമ്രാജ്യത്തെയും തകര്‍ക്കാന്‍ കഴിയുമോ? എന്ത്കൊണ്ട് കമ്മ്യൂണിസം അങ്ങനെ തകര്‍ന്നു എന്ന് ചിന്തിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും മുതിരുന്നില്ല.  കമ്മ്യൂണിസ്റ്റുകാരുടെ ആക്രമണങ്ങളെയും പൌരാവകാശധ്വംസനങ്ങളെയും ചൂണ്ടിക്കാട്ടിയാല്‍ പറയും കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എന്ന്.  ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമേ എല്ലാ അധികാരവും ഉണ്ടാകാന്‍  പാടുള്ളൂ എന്നും അതിനെ എതിര്‍ക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുമാണ് എന്നാണ് കമ്മ്യൂണിസ്റ്റ് ഭാഷ്യം. ആ കമ്മ്യൂണിസത്തിന് അല്പം മാനുഷികമുഖം നല്‍കാനാണ് സോവിയറ്റ് യൂനിയനില്‍ ഗോര്‍ബച്ചേവ്  ചില ജനാധിപത്യപരിഷ്ക്കാരങ്ങള്‍ നടപ്പാക്കാന്‍ തുനിഞ്ഞത്. എന്നാല്‍ അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോഴേക്കും ജനങ്ങള്‍ കമ്മ്യൂണിസത്തെ കടപുഴക്കിയെറിഞ്ഞു. ജനങ്ങള്‍ അത്ര കണ്ട് കമ്മ്യൂണിസത്തെ വെറുത്ത് കഴിഞ്ഞിരുന്നു എന്നാണത് കാണിക്കുന്നത്. എന്ത്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ ജനങ്ങളെ ഇങ്ങനെ വെറുപ്പിക്കുന്നത്?  ഞാന്‍ എപ്പോഴും പറയുന്നത് പോലെ നല്ലത് മാത്രമേ കാലത്തെ അതിജീവിയ്ക്കുകയുള്ളൂ.  കമ്മ്യൂണിസം ജനങ്ങള്‍ക്ക് നല്ലതല്ല. അത്കൊണ്ടാണ് അതിന് അതിജീവനശേഷിയില്ലാത്തത്.  ചിലര്‍ നല്ല കമ്മ്യൂണിസം വരും എന്ന് കാത്തിരിക്കുന്നുണ്ട്. ആരാണ് അത് കൊണ്ടുവന്നു തരിക? അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടാല്‍ ഒരു പക്ഷെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ലവരാകാന്‍ പറ്റും.  അധികാരം കിട്ടുകയില്ലെങ്കില്‍ ആരാണ് കമ്മ്യൂണിസ്റ്റുകാരന്‍ ആവുക? എങ്ങനെ നല്ല കമ്മ്യൂണിസ്റ്റ് ആകാം എന്നൊരു പുസ്തകം എഴുതിയത് ചൈനയിലെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലിയു ഷാവോചി ആയിരുന്നു. അത്തരം പുസ്തകങ്ങള്‍ ഒന്നും ഒരു കമ്മ്യൂണിസ്റ്റുകാരനും വായിക്കുകയില്ല. എന്തെന്നാല്‍ നല്ല കമ്മ്യൂണിസ്റ്റായിപ്പോയാലോ !ലോട്ടസ് ടെമ്പിള്‍

ഹായ് വിശ്വാസികള്‍ ഡല്‍ഹിയില്‍ നിര്‍മ്മിച്ച ലോട്ടസ് ടെമ്പിള്‍  പ്രസിദ്ധമാണ്. 1986 ലാണ് ഇതിന്റെ പണി പൂര്‍ത്തിയായത്.  ഇന്ത്യയില്‍ തന്നെ ഏറ്റവും വലുതും ശില്പചാരുതയില്‍ മികവേറിയതുമാണ് ഈ ആരാധനാലയം. ബഹായികളാണ് ഇത് നിര്‍മ്മിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥര്‍ക്കും  തങ്ങളുടെ വിശ്വാസത്തിനനുസരിച്ച്  പ്രാര്‍ത്ഥന നടത്താന്‍ വേണ്ടിയാണ് ഇത് പണി കഴിപ്പിച്ചിട്ടുള്ളത്.  അത് പോലെ തന്നെ നാനാജാതിമതസ്ഥര്‍ നിത്യേന ഇവിടെ സന്ദര്‍ശിക്കുന്നുമുണ്ട്.  താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രത്തിന് ഒമ്പത് കവാടങ്ങളും വെണ്ണക്കല്ലില്‍ പൊതിയപ്പെട്ട 27 ദളങ്ങളുമുണ്ട്. ഇത് രൂപകല്പന ചെയ്ത ശില്പി  ഫരിബോസ് സാബ ഇറാന്‍‌കാരനാണ്. ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്നു. ഇതിന്റെ ശില്പചാതുര്യത്തിന് ഒട്ടേറെ പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്.

ഡല്‍ഹിയുടെ പ്രാന്തത്തില്‍ ബഹാപൂര്‍ ഗ്രാമത്തില്‍ 26 ഏക്കര്‍ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  നടുത്തളത്തിലേക്ക് തുറക്കുന്ന ഒമ്പത് വാതിലുകളിലൂടെ അകത്ത് പ്രവേശിച്ചാല്‍ നടുത്തളത്തില്‍ 2500ഓളം ആളുകള്‍ക്ക് ഇരിക്കാം. 40 മീറ്ററിലധികം ഉയരമുള്ള നടുത്തളത്തിന്റെ തറ വെള്ള മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിതമാണ്. ലോകത്തിലെ ഏറ്റവും ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ഡല്‍ഹിയില്‍ എത്തുന്ന മിക്കവരും ലോട്ടസ് ടെമ്പിള്‍ സന്ദര്‍ശിക്കാറുണ്ട്.  ബഹായികളുടെ ദേശീയ ആത്മീയ സഭ ( നേഷനല്‍ സ്പിരിച്വല്‍ അസംബ്ലി) പ്രവര്‍ത്തിക്കുന്നത് ഇവിടെ തന്നെയാണ്. പ്രാദേശിക ആത്മീയ സഭകളും ദേശീയ ആത്മീയ സഭയുമാണ് ബഹായികള്‍ക്കുള്ളത്.  ലോകത്ത് എല്ലാ രാജ്യങ്ങളിലും ബഹായികള്‍ക്ക് ആത്മീയസഭകളുണ്ട്.  സോവിയറ്റ് യൂനിയനില്‍ മതങ്ങള്‍ക്ക് വിലക്കുണ്ടായിരുന്ന അക്കാലത്ത് ബഹായികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

ലോകത്ത്  എന്തെല്ലാം സ്ഥലങ്ങളുണ്ട് കാണാനായിട്ട്. നമ്മളൊക്കെ വളരെ കുറച്ചു സ്ഥലങ്ങളേ കാണുന്നുള്ളൂ.  ചിലര്‍ക്ക് ലോകസഞ്ചാരം തന്നെ ജീവിതം.  സഞ്ചാരത്തിന്റെ കാര്യത്തിലും  സോഷ്യലിസം തീരെയില്ല.  സഞ്ചരിക്കുക എന്നത് ഏറ്റവും ആനന്ദകരമായ അനുഭവം തന്നെ. എന്നാല്‍ എത്രയോ പേര്‍ സഞ്ചരിക്കുന്നേയില്ല. ഏറിയാല്‍ ചില അമ്പലങ്ങളില്‍ പോകും എന്ന് മാത്രം. യാത്രയില്‍ ആനന്ദം കണ്ടെത്തുന്നത് ചിലര്‍ മാത്രമാണെന്ന് തോന്നുന്നു. ഞാന്‍ ചെറുപ്പത്തില്‍ കുറച്ചു കാലം അവധൂതനെ പോലെ നടന്നിട്ടുണ്ട്. ആ യാത്രയില്‍ കല്‍ക്കത്ത വരെ എത്തിയിരുന്നു. ഒരുപാട് സ്ഥലങ്ങള്‍ കല്‍ക്കത്തയില്‍ കാണാനുണ്ടായിരുന്നു. അന്നും തിരക്ക് പിടിച്ച വൃത്തിയില്ലാത്ത നഗരമായിരുന്നു കല്‍ക്കത്ത. കാളിക്ഷേത്രത്തില്‍ എന്നും വന്‍ തിരക്കായിരുന്നു. കല്‍ക്കത്തയില്‍ വെച്ചാണ് ഞാന്‍ ട്രാം കണ്ടിരുന്നത്. ഹുഗ്ലി നദിക്കരയിലെ ബേലൂര്‍ ശാരദാദേവി മഠത്തിലെ ശാന്തി ഒന്ന് വേറെ തന്നെയായിരുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ അകത്ത് പ്രവേശിച്ച് മറ്റൊരു ഗെയിറ്റിലൂടെ പുറത്ത് കടന്നപ്പോള്‍ സ്ഥലം തന്നെ മാറിപ്പോയി വഴിയറിയാതെ വിഷമിച്ചത് ഓര്‍ക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനമായിരുന്നു കല്‍ക്കത്ത. അതിന്റെ പ്രൌഢി അന്നും കാണാനുണ്ടായിരുന്നു.

ഡല്‍ഹിയും ബോംബേയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഇനി ചിത്രങ്ങള്‍ കണ്ട് തൃപ്തിപ്പെടുകയേ നിര്‍വ്വാഹമുള്ളൂ.  ചിത്രങ്ങള്‍ എന്ന് പറയുമ്പോള്‍ 360 ഡിഗ്രിയിലുള്ള പനോരാമിക്ക് ചിത്രങ്ങള്‍ക്ക് എന്ത് മനോഹാരിതയാണ്. നേരില്‍ കാണുന്ന പ്രതീതി തന്നെ.  ലോട്ടസ് ടെമ്പിളിന്റെ പനോരാമിക്ക്  ചിത്രം ഇതാ ഇവിടെ നിങ്ങളും കണ്ടു നോക്കൂ ...

* പനോരാമിക്ക് ചിത്രം പുതിയ ജാലകത്തില്‍ തുറന്നുവന്നാല്‍ മൂവ് ആകുന്നില്ലെങ്കില്‍ താഴെ ഇടത് ഭാഗത്ത് മൌസ് കൊണ്ടുപോയാല്‍ Start/Stop Autorotation എന്ന് കാണാം. അവിടെ ക്ലിക്ക് ചെയ്യുക. മൌസ് കൊണ്ട് സൌകര്യം പോലെ ചലിപ്പിക്കുകയും ചെയ്യാം. 

ഇന്ന് അബ്ദുള്‍ കലാം പിറന്ന നാള്‍ ; ലോക വിദ്യാര്‍ത്ഥി ദിനം

ഇന്ന്  ഒക്ടോബര്‍ 15 , നമ്മുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ  പിറന്ന നാള്‍ .  അദ്ദേഹത്തിന്റെ ജന്മദിനം ലോക വിദ്യാര്‍ത്ഥിദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു.  മഹാനായ ഭാരതപുത്രന് സാര്‍വ്വദേശിയ അംഗീകാരം.  രാഷ്ട്രപതി ആയിരിക്കുമ്പോഴും അദ്ദേഹം വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.  1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് അദ്ദേഹം ജനിച്ചത്.  തിരുച്ചിറപ്പള്ളി, മദ്രാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അബ്ദുള്‍ കലാം രാജ്യത്തെ പ്രധാന ആണവശാസ്ത്രജ്ഞനും  ദൂരവീക്ഷണമുള്ള ചിന്തകനുമായിരുന്നു. രാഷ്ട്രപതിയായി പ്രശംസനീയമായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇതിനകം ലോകമെമ്പാടുമുള്ള ഒരു കോടിയിലധികം വിദ്യാര്‍ത്ഥികളുമായി സന്ധിക്കുകയും സംഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്.  വിദ്യാര്‍ത്ഥികള്‍  തങ്ങളുടെ ഭാവി എങ്ങനെ കരുപ്പിടിപ്പിക്കണം, നാട്ടിന് വേണ്ടി എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ ലളിതമായി പറഞ്ഞുകൊടുത്ത് വിദ്യാര്‍ത്ഥിസമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന അബ്ദുള്‍ കലാം ലോകത്ത് ആദരിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ്.

അദ്ദേഹത്തിന്റെ പിറന്നനാളായ ഒക്ടോബര്‍ 15 വിദ്യാര്‍ത്ഥിദിനമായി എല്ലാ രാജ്യങ്ങളും സമുചിതമായി ആചരിക്കണമെന്ന് ഐക്യരാഷ്ട്രസഭ  ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരമൊരു അംഗീകാരം സര്‍വ്വദേശരീതിയില്‍ ഇത് വരെയായി ഇന്ത്യയിലെ മറ്റൊരു നേതാവിനും ലഭിച്ചിട്ടില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്.  നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യമാണിത്.

അധികവായനയ്ക്ക് : 
മതവും ശാസ്ത്രവും കൈകോര്‍ക്കണം;  ഡോ.എ.പി.ജെ.അബ്ദുള്‍ കലാം.

കമ്മ്യൂണലിസവും കമ്മ്യൂണിസവും


ന്ത്യയില്‍ കമ്മ്യൂണിസം  വരാത്തത്കൊണ്ട് ദു:ഖിക്കുന്ന കുറെ കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെയുണ്ട്.  സമത്വസുന്ദരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കണമെങ്കില്‍ കമ്മ്യൂണിസം വരണമെന്നാണ് അവരുടെ ആഗ്രഹം.  എന്നാല്‍ ഗാന്ധിജിക്ക് നോബല്‍ സമ്മാനം ലഭിക്കാത്തതിലും  ദു:ഖമുള്ള ചില കമ്മ്യൂണിസ്റ്റുകാരും  ഇവിടെ  ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.  ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടികള്‍ ഇടത്പക്ഷം മാത്രമാണെന്നാണ് വെപ്പ്. അതിലും മുന്‍പന്‍ സി.പി.എമ്മും. ബാക്കിയുള്ള പാര്‍ട്ടികളെല്ലാം തരം കിട്ടിയാല്‍ ഇന്ത്യയുടെ പരമാധികാരം സാമ്രാജ്യത്വത്തിന് പണയം വെക്കാന്‍ കാത്തിരിക്കുന്നവരാണ്.  ഈ സി.പി.എമ്മുകാര്‍ പറയുന്ന ജനാധിപത്യം ഏതാണെന്ന്  പഠിക്കാന്‍ നമുക്ക് ചൈനയിലേക്കൊന്നും പോകേണ്ട.  മേല്‍പ്പറഞ്ഞ ലേഖനം വായിച്ചാല്‍ മതി.  ചൈനയിലെ ഗവമെന്റിനെതിരെ കുത്തിത്തിരിപ്പും കലാപവും കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും  സാമ്രാജ്യത്വത്തിനുവേണ്ടി സ്വന്തം നാടിനെ തകര്‍ക്കാന്‍ പുറപ്പെട്ടയാളുമായ  ലിയു സിയാബോയ്ക്ക് ഇത്തവണത്തെ നോബല്‍ സമ്മാനം കിട്ടിയതിലാണ് ലേഖകന്റെ ധാര്‍മ്മികരോഷം.

സമാധാനത്തിനായുള്ള നോബല്‍ സമ്മാനം ലഭിച്ച ലിയു സിയാബോ എപ്രകാരമാണ് സ്വന്തം നാടിനെ തകര്‍ക്കാന്‍ ശ്രമിച്ചത് എന്ന് നോക്കിയാല്‍ കമ്മ്യൂണിസ്റ്റുകാരുടെ ജനാധിപത്യം എന്താണെന്ന് നമുക്ക് മനസ്സിലാകും.  അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അറുപതാം വാര്‍ഷികമായ 2008 ഡിസംബര്‍ 10ന്  ലിയു സിയാബോ  ചാര്‍ട്ടര്‍ 8 എന്നൊരു രേഖ മുന്നൂറിലധികം പേരുടെ ഒപ്പോട് കൂടി പ്രസിദ്ധീകരിച്ചു. 1977ല്‍ ചൊക്കോസ്ലാവാക്യയില്‍ ചാര്‍ട്ടര്‍ 77 എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുകയും  വലിയ തോതില്‍ പിന്തുണ ലഭിക്കുകയും ചെയ്ത മനുഷ്യാവകാശരേഖയുടെ ചുവട് പിടിച്ചാണ് ലിയൂ ചാര്‍ട്ടര്‍ 8 തയ്യാറാക്കിയത്. ആ രേഖ ഇവിടെ കാണാം.  അങ്ങനെയാണ് ലിയു സിയാബോ 11 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട്  ഇപ്പോള്‍ തടവില്‍ കഴിയുന്നത്. ഇതിന് മുന്‍പ് ലേബര്‍ ക്യാമ്പിലും കഴിഞ്ഞിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. നമ്മുടെ നാട്ടിലുള്ളത്ര ജനാധിപത്യം പോലും  ലിയൂ  ചൈനയില്‍ വേണമെന്ന് പറഞ്ഞിട്ടില്ല. പരിമിതമായ ജനാധിപത്യ-പൌരാവകാശങ്ങളാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 1989ല്‍ ടിയാനന്‍‌മെന്‍ സ്ക്വയറില്‍ സത്യഗ്രഹസമരം നടത്തിയ വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടത് അത്രയേയുള്ളൂ.  അതാണ് പ്രതിവിപ്ലവമാണെന്നും ഭരണകൂടത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും അവിടത്തെ സര്‍ക്കാരും ഇവിടത്തെ കമ്മ്യൂണിസ്റ്റുകളും ഒരേ സ്വരത്തില്‍ പറയുന്നത്.

ജനാധിപത്യം അനുവദിച്ചാല്‍ ചൈന തകര്‍ന്നുപോകും  എന്നാണ് ചൈനയിലെ നേതാക്കള്‍ പറയുന്നത്.  സോവിയറ്റ് യൂനിയനിലെയും കി.യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്ന അനുഭവം  ചൈനയുടെ മുന്നിലുണ്ട്.  അപ്പോള്‍ രാജ്യം എന്ന് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും ആണോ? കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഇല്ലാതായെങ്കിലും റഷ്യയിലും ഇതര മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും  ഇപ്പോഴും ജനങ്ങളും സര്‍ക്കാരുമൊക്കെയുണ്ട്. ജനാധിപത്യം നിലവിലുള്ള നമ്മുടെ രാജ്യത്തും 120 കോടി ജനങ്ങളും സര്‍ക്കാരും ഉണ്ട്.  ചൈനയില്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചെടുത്തിട്ട്  അറുപത് വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. അതിന് മുന്‍പും അവിടെ മനുഷ്യര്‍ ജീവിച്ചിട്ടുണ്ട്. ഇനി ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതായാലും ഭൂമിയില്‍ കുഴപ്പങ്ങള്‍ ഒന്നും വരാനില്ല. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇല്ലെങ്കിലും  ചൈനയിലും ജനജീവിതം അതോടുകൂടി ഇല്ലാതാകാനും പോകുന്നില്ല.

കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചാലേ സമത്വവും പുരോഗതിയും മനുഷ്യസ്നേഹവും  കരുണയും എല്ലാം ഉണ്ടാകൂ എന്നും ഇന്ത്യയിലെ പോലെ ബൂര്‍ഷ്വാജനാധിപത്യം ഉള്ള രാജ്യങ്ങളില്‍ ഇതൊന്നും ഉണ്ടാകില്ല എന്നും ഇവിടെയുള്ള കമ്മ്യൂണിസ്റ്റുകള്‍ പറയുന്നത്, ഇവിടത്തെ ജനാധിപത്യസ്വാതന്ത്ര്യം ആവോളം അനുഭവിച്ചുകൊണ്ടാണ്.  നമ്മെ സംബന്ധിച്ചെടുത്തോളം നമുക്ക് ഏറ്റവും പ്രധാനമായി വേണ്ടത് സ്വാതന്ത്ര്യമാണ്. പൌരാവകാശങ്ങളാണ്. ബാക്കിയെല്ല്ലാം പിന്നെ. ഉരിയാടാന്‍ സ്വാതന്ത്ര്യമില്ലെങ്കില്‍ മറ്റെന്ത് പുരോഗതിയുണ്ടെങ്കിലും ജീവിച്ചിട്ടെന്ത് കാര്യം. കുറെ കൊല്ലം ഈ ഭൂമിയില്‍ ജീവിയ്ക്കുക എന്നതില്‍ എന്താണ് പുണ്യം?  ഒരു ദിവസമാണെങ്കില്‍ ഒരു ദിവസം അത് സ്വാതന്ത്ര്യത്തോടുകൂടി ജീവിച്ച് മരിക്കണം എന്നേ ഓരോ ഇന്ത്യക്കാരനും പറയൂ. കാരണം അസ്വാതന്ത്ര്യം മരണത്തെക്കാള്‍ ഭയാനകമാണ്.

ഇന്ത്യയില്‍  കമ്മ്യൂണിസ്റ്റ്  ഭരണം വന്നാല്‍   അത് ചൈന മോഡല്‍ ആയിരിക്കില്ലെന്നും  ഇന്ന് ഇവിടെയുള്ള ജനാധിപത്യം അതേ പോലെ നിലനിര്‍ത്തും എന്നും  ബംഗാളിലും കേരളത്തിലും ഇപ്പോള്‍ തന്നെ മാര്‍ക്സിസ്റ്റ് ഭരണം ഉണ്ടല്ലോ എന്നും ഒരിക്കല്‍ കാളിദാസന്‍ കമന്റിലൂടെ എന്നോട് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയാണ് ലിയൂ സിയാബോയ്ക്ക് നോബല്‍ സമ്മാനം കിട്ടിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്കൊണ്ട് പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ലേഖനം.  തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍  പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും അതിനെതിരെ കമാ എന്നൊരക്ഷരം മിണ്ടാന്‍ അനുവദിക്കുകയില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് അവരുടെ ജനാധിപത്യസങ്കല്പം.


ഇവിടെയും അവര്‍ക്ക് മേധാവിത്വമുള്ള  പ്രദേശങ്ങളില്‍ എന്താണ് സ്ഥിതി? ഇപ്പോള്‍ തന്നെ കണ്ണൂരില്‍  അവരുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡുകളുടെ എണ്ണം കുറഞ്ഞുപോയതില്‍ വിറളി പൂണ്ടിരിക്കുകയാണ് നേതൃത്വം.  ചില സ്ഥലങ്ങളില്‍ മത്സരിക്കാനുള്ള ധൈര്യം ചിലര്‍ ആര്‍ജ്ജിച്ചിരിക്കുന്നതാണ് അവരുടെ വിറളിക്ക് കാരണം.  എത്രയോ ബൂത്തുകളില്‍ ഏജന്റുമാരെ അകത്ത് കടക്കാന്‍ അനുവദിക്കാറില്ല.  എന്നിട്ട് പറയുന്നതോ? മത്സരിക്കാനും ബൂത്തിലിരിക്കാനും  മറ്റ് പാര്‍ട്ടികള്‍ക്ക് ആളെ കിട്ടുന്നില്ല എന്ന്. അതാണ് കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യം.  

ഈ കമ്മ്യൂണിസ്റ്റുകാര്‍ക്ക്  ഇന്നുള്ളതിലും കൂടുതല്‍  സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?  അഖിലേന്ത്യാതലത്തില്‍ വിപ്ലവം ജയിച്ച് അധികാരം കിട്ടിയാലത്തെ സ്ഥിതി ഊഹിക്കാവുന്നതല്ലേയുള്ളൂ.  കമ്മ്യൂണിസ്റ്റുകള്‍ ഏറ്റവും ഭയപ്പെടുന്നത് ജനാധിപത്യത്തെ ആണെന്ന് ലിയൂ സിയാബോയുടെ തടവ് ശിക്ഷയും ഇവിടത്തെ എതിരില്ലാതെ തങ്ങള്‍ തെരഞ്ഞെടുക്കപ്പെടണമെന്ന ശാഠ്യവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു

കമ്മ്യൂണലിസം അഥവാ വര്‍ഗ്ഗീയതയാണ് ഏറ്റവും വലിയ വിപത്ത് എന്ന് പ്രചരിപ്പിക്കുന്നത്  കമ്മ്യൂണിസ്റ്റുകാരാണ്.  എന്നാല്‍ കമ്മ്യൂണിസമാണ് ഏറ്റവും വലിയ വിപത്ത് എന്ന് ജനാധിപത്യവാദികള്‍ക്ക് അറിയാം.  വര്‍ഗ്ഗീയത എന്നതിന്റെ നിര്‍വ്വചനം എന്താണ്?  മാര്‍ക്സിസത്തിലെ വര്‍ഗ്ഗവൈരുദ്ധ്യമല്ല ഇവിടെ വിവക്ഷിക്കുന്നത് എന്ന് തീര്‍ച്ച. പിന്നെയോ? മതങ്ങള്‍ തമ്മിലുള്ള വൈരുധ്യവും സംഘര്‍ഷങ്ങളുമാണ് ഇവിടെ വര്‍ഗ്ഗീയത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ നമുക്ക് മനസ്സിലാകും,  മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്ഥായിയാതല്ല.  എത്രയോ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇവിടെ മതങ്ങള്‍ നിലനില്‍ക്കുന്നു.  സ്ഥായിയായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല രഞ്ജിപ്പിനും സമാധാനത്തിനും കൂടി മതങ്ങള്‍ മുന്‍‌കൈ എടുക്കാറുണ്ട്.  കമ്മ്യൂണിസ്റ്റുകാരെ പോലെ  മറ്റുള്ളവരുടെ പൌരാവകാശങ്ങള്‍ മതങ്ങള്‍ കവര്‍ന്നെടുക്കാറില്ല.  ചില പ്രത്യേക ഇഷ്യൂ മുന്‍‌നിര്‍ത്തി മതങ്ങള്‍ക്കിടയില്‍ വൈരുധ്യങ്ങള്‍ ഉണ്ടാകാമെങ്കിലും  അതൊക്കെ താല്‍ക്കാലികങ്ങള്‍ മാത്രമായിരിക്കും.  തങ്ങളുടെ ഭീകരമായ സ്വേച്ഛാധിപത്യമുഖം മറച്ചുപിടിക്കാനാണ് കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗ്ഗീയതയാണ് ഏറ്റവും വലിയ വിപത്ത് എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

വര്‍ഗ്ഗീയത എന്ന വികാരം  എങ്ങനെയാണ് ഒരാളുടെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നത്. അത് താന്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ശരി എന്ന് തോന്നുകയും മറ്റുള്ളവയോട് ശത്രുത തോന്നുകയും ചെയ്യുമ്പോഴല്ലേ? കമ്മ്യൂണിസ്റ്റുകാരന്റെ  മനസ്സിലല്ലേ മറ്റുള്ള സംഘടനകളോട്  സദാ ശത്രുതയുള്ളത്. അപ്പോള്‍ ഏറ്റവും വലിയ വര്‍ഗ്ഗീയവാദി കമ്മ്യൂണിസ്റ്റുകാരല്ലേ?  വിഭാഗീയത എന്ന അര്‍ത്ഥം കൂടി വര്‍ഗ്ഗീയത എന്ന വാക്ക് ദ്യോതിപ്പിക്കുന്നില്ലേ? അപ്പോള്‍ പാര്‍ട്ടികള്‍ തമ്മില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയും വര്‍ഗ്ഗീയത തന്നെയല്ലെ?  മതങ്ങള്‍ തമ്മിലുള്ള വിഭാഗീയത മാത്രമാണ് വര്‍ഗ്ഗീയത എന്നും പാര്‍ട്ടികള്‍ തമ്മിലുള്ള വിഭാഗീയത വര്‍ഗ്ഗീയത അല്ല എന്നും പറയാന്‍ പറ്റുമോ? ഇന്നത്തെക്കാലത്ത് പാര്‍ട്ടികള്‍ തമ്മിലുള്ള വിഭാഗീയതയാണ് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഏറെ സൃഷ്ടിക്കുന്നത്.

ഇത്തരം ചിന്തകള്‍ ഒന്നും യുക്തിവാദികളുടെ  മനസ്സില്‍  ഉദിക്കാത്തതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.  യുക്തിവാദം എന്നാല്‍ ഒരു പ്രോഗ്രാം ആണെന്നാണ് യുക്തിവാദികള്‍ ധരിച്ചുവെച്ചിരിക്കുന്നത് എന്ന് തോന്നുന്നു.  ദൈവം, മതം, ആചാരം ഈ മൂന്ന് സംഗതികള്‍ മാത്രമേ യുക്തിവാദത്തിന്റെ പരിധിയില്‍ വരൂ എന്ന് യുക്തിവാദികള്‍ ധരിച്ചുവശായിരിക്കുന്നു. അതാണ് മറ്റൊരു സംഗതികളും അവര്‍ വിശകലനവിധേയമാക്കാത്തത്.  ഒരു നൂറ്റാണ്ട് കാലം ലോകത്തെ സ്വാധീനിക്കുകയും  അതില്‍ തന്നെ അന്തര്‍ലീനമായ മനുഷ്യത്വവിരുദ്ധത കൊണ്ട്  നാമാവശേഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസത്തെ കുറിച്ച് ചോദിച്ചാല്‍ ഒഴുക്കന്‍ മട്ടില്‍ എന്തെങ്കിലും പറഞ്ഞ് തടി തപ്പുകയാണ് യുക്തിവാദികള്‍ ചെയ്യുക.

കമ്മ്യൂണിസമാണ് ലോകത്തിന്റെ ഭാവിയെന്നും മതങ്ങള്‍ മണ്ണടിഞ്ഞ് പകരം കമ്മ്യൂണിസം സ്ഥാപിതമായാല്‍ എല്ലാം ശുഭം എന്നും സ്വപ്നം കാണുന്ന യുക്തിവാദികളും നമ്മുടെയിടയിലുണ്ട്. അത്തരം യുക്തിവാദികള്‍  അന്ധയുക്തിവിശ്വാസികളാണ്.  ഒരു പാര്‍ട്ടിക്ക് ഒരു രാജ്യത്ത്  പരമാധികാരക്കുത്തക എന്നെന്നും നിലനില്‍ക്കുക എന്നതിലെ യുക്തി എന്താണ്?  അങ്ങനെയൊരു പാര്‍ട്ടിക്ക് ആ കുത്തക സിദ്ധിക്കുന്നത് എങ്ങനെയാണ്?  ഒന്നിലധികം പാര്‍ട്ടികള്‍  ജനങ്ങളുടെ സമ്മതിക്ക് വേണ്ടി ജനങ്ങളെ സമീപിക്കുകയും  അങ്ങനെ ജനങ്ങളുടെ സമ്മതം ലഭിക്കുന്ന പാര്‍ട്ടി ഭരണ നിര്‍വ്വഹണം നടത്തുകയും ചെയ്യുക എന്നതല്ലേ യുക്തി?  അങ്ങനെയെങ്കില്‍ ഒരിക്കലും യുക്തിവാദിക്ക് കമ്മ്യൂണിസ്റ്റ് ആകാനോ, കമ്മ്യൂണിസ്റ്റിന് യുക്തിവാദിയാകാനോ കഴിയില്ല.

ഈ വിധം യുക്തിസഹമായി  ചിന്തിച്ചത്കൊണ്ട് മാത്രമാണ്  ലിയൂ സിയാബോ ജയിലില്‍ ആയത്. മറ്റൊരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല. പക്ഷെ കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റം  ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുക എന്നതാണ്.  അതാണ് 1989ല്‍ ടിയാന്‍‌മെനന്‍ സ്ക്വയറില്‍  കണ്ടത്.  തനിക്ക് നോബല്‍ സമ്മാനം കിട്ടിയത് ലിയൂ അറിഞ്ഞത് ഭാര്യ  ജയിലില്‍ ചെന്ന് അറിയിച്ചപ്പോഴാണ്.  ഈ സമ്മാനം ടിയാനന്‍‌മെന്‍ സ്ക്വയറില്‍  മരിച്ച് വീണവര്‍ക്ക് അര്‍പ്പിക്കുന്നു എന്നാണ് ലിയൂ പ്രതികരിച്ചത്.  ലിയൂ സിയാബോയുടെ ഭാര്യയും ഇപ്പോള്‍ വീട്ടുതടങ്ങലില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലിയൂ സിയാബോ  സാമ്രാജ്യത്വത്തിന് വേണ്ടി തന്റെ രാജ്യത്ത് കുത്തിത്തിരിപ്പുകള്‍  ഉണ്ടാക്കുകയാണ് എന്ന് ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരനും പറയുമ്പോള്‍ ,  കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പം എന്താണെന്ന് അറിയാതെ പുറത്ത് വരുന്നുണ്ട്. ഇതിലൊന്നും യുക്തിവാദി ഒന്നും മിണ്ടുകയില്ല.  കാരണം യുക്തിവാദിയുടെ യുക്തി  “ഠ” വട്ടത്തില്‍ ഒതുങ്ങുന്നു. എന്നിട്ടോ പ്രപഞ്ചത്തിന്റെ ആദിയും അന്തവും  മനസ്സിലായപോലെ തര്‍ക്കിക്കുകയും ചെയ്യുന്നു. 

കൈക്കൂലി കൊടുത്തവര്‍ , അത് വിളിച്ചു പറയുക !

നമ്മുടെ നാട്ടില്‍ സര്‍വ്വത്ര അഴിമതിയാണ്.  എങ്ങനെയെങ്കിലും പണം സമ്പാദിക്കണം എന്ന ത്വരയില്‍ നിന്നാണ് ഈ അഴിമതി ഉടലെടുക്കുന്നത്. ന്യായമായി കിട്ടുന്ന പണം ആര്‍ക്കും പോര. ആരുടെയും ആവശ്യം പൂര്‍ത്തിയാവുന്നില്ല. കാരണം ആവശ്യങ്ങള്‍ പെരുകിക്കൊണ്ടേ പോകുന്നു. എല്ലാവര്‍ക്കും അഴിമതി നടത്താനോ കൈക്കൂലി വാങ്ങാനോ അവസരം കിട്ടുന്നില്ല. എന്നാല്‍ അവസരം കിട്ടുന്നവര്‍ നല്ല പോലെ മുതലാക്കുന്നുമുണ്ട്. അത്കൊണ്ടാണ് അഴിമതിയും കൈക്കൂലിയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നത്.  ഇങ്ങനെയെയുള്ള പല തരത്തിലുള്ള തിന്മകള്‍ക്കെതിരെ പലരും പ്രവര്‍ത്തിക്കുകയും ചെറുത്ത് നില്‍ക്കുകയും പ്രതികരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.  സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളം കൊടുക്കുന്നത് അവരുടെ ജോലി ചെയ്യാന്‍ വേണ്ടിയാണ്. എന്നാല്‍ എന്ത് ജോലി ചെയ്യണമെങ്കിലും കൈക്കൂലി കൊടുക്കണം.  കൈക്കൂലി ഇല്ലാതെ സര്‍ക്കാര്‍ സംബന്ധപ്പെട്ട ഒരു കാര്യവും നടന്നുകിട്ടുകയില്ല.

ഇങ്ങനെ കൈക്കൂലി കൊടുക്കുന്നവര്‍ക്ക് അത് വിളിച്ചു പറയാന്‍ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട് ബാംഗ്ലൂരിലെ ജനഗ്രഹ എന്ന സംഘടന. I PAID A BRIBE എന്ന ആ സൈറ്റ് താഴെ കാണുക.


ജനഗ്രഹ എന്ന സംഘടന 2001 ലാണ് സ്വാതി രാമനാഥനും ഭര്‍ത്താവും കൂടി ബാംഗ്ലൂരില്‍ ആരംഭിച്ചത്. അതിനെ പറ്റി സ്വാതിരാമനാഥന്‍ പറയുന്നത് ഇവിടെ കാണുക I PAID A BRIBE എന്ന സൈറ്റില്‍ പോയാല്‍ നിങ്ങളുടെ അഭിപ്രായം നാല് രീതിയില്‍ അവിടെ രേഖപ്പെടുത്താം.

1) കൈക്കൂലി കൊടുത്ത വിവരം (I paid a bribe),
2) കൈക്കൂലി കൊടുക്കാത്തവരുടെ വിവരം (I didn't pay a bribe),
3) കൈക്കൂലി കൊടുക്കേണ്ടി വന്നില്ല എന്ന വിവരം(I didn't have to pay a bribe),
4) കൈക്കൂലി കൊടുക്കാന്‍ താല്പര്യമില്ലാത്തവരുടെ വിവരം(I don't want to pay a bribe).

ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ആരംഭിച്ച ഈ സൈറ്റില്‍  പലരും തങ്ങളുടെ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  നിങ്ങളും നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും അവിടെ പോസ്റ്റ് ചെയ്യുക. എന്തെങ്കിലും സാര്‍ത്ഥകമായി ചെയ്തു എന്നൊരു സംതൃപ്തിയെങ്കിലും ലഭിക്കുമല്ലൊ.  സമയം കിട്ടുമ്പോള്‍ ആരൊക്കെ എന്തെല്ലാം പറഞ്ഞു എന്നും ആ സൈറ്റില്‍ പോയി നോക്കുകയും ചെയ്യാം.

ജൈവകൃഷിയും ജി എം വിളയും - 2

ഇപ്പോള്‍ പലര്‍ക്കും രാസപദാര്‍ത്ഥം അല്ലെങ്കില്‍ കെമിക്കല്‍ എന്ന് കേട്ടാല്‍ തന്നെ അലര്‍ജിയാണ്. എന്തിലും ജൈവ എന്ന് ചേര്‍ത്താലേ ഒരു  തൃപ്തിയുള്ളൂ. ഇത് വ്യാപാരസ്ഥാപനങ്ങള്‍ നല്ല പോലെ ചൂഷണം ചെയ്യുന്നുമുണ്ട്.  യഥാര്‍ഥത്തില്‍ പ്രകൃതിയില്‍ ഉള്ള അചേതനപദാര്‍ത്ഥങ്ങള്‍ എല്ലാം തന്നെ രാസപദാര്‍ത്ഥങ്ങള്‍ (Chemical substances) ആണ്. മണ്ണ് എന്ന് പറയുന്നത് പാറകള്‍ പൊടിഞ്ഞ് ഉണ്ടായ രാസപദാര്‍ത്ഥങ്ങളാണ്. കാലക്രമേണ സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങള്‍ ചീഞ്ഞ് അളിഞ്ഞതും സൂക്ഷ്മജീവികളും എല്ലാം ചേര്‍ന്ന് രൂപപ്പെട്ടതാണ് കൃഷിക്ക് ഉപയുക്തമായ ഫലഭൂയിഷ്ടമായ മണ്ണ്.  മണ്ണില്‍ നിക്ഷേപിക്കപ്പെടുന്ന ജന്തു-സസ്യ അവശിഷ്ടങ്ങള്‍ ചീഞ്ഞ് വീണ്ടും അത് മൂലകങ്ങളായി മാറുന്നു.  അങ്ങനെ മാറുന്ന മൂലകങ്ങളും രാസപദാര്‍ഥങ്ങള്‍ തന്നെ.  ജൈവവസ്തുക്കള്‍ ചീയുന്നത് മൈക്രോ ഓര്‍ഗാനിസം എന്ന് പറയുന്ന സൂക്ഷജീവികളുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് അറിയാമല്ലൊ. സൂക്ഷ്മജീവികള്‍ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ ഒന്നും തന്നെ ചീഞ്ഞ് ലഘുമൂലകങ്ങളായി പിരിയുകയില്ലായിരുന്നു.

സാധാരണഗതിയില്‍ കൃഷി ചെയ്യാന്‍ മണ്ണില്‍ ആവശ്യത്തിനുള്ള മൂലകങ്ങളും  ജൈവപദാര്‍ത്ഥങ്ങളും സൂക്ഷ്മജീവികളും മതി.  എന്നാല്‍ കൂടെക്കൂടെ കൃഷി ചെയ്യുമ്പോള്‍ ചില മൂലകങ്ങള്‍ കുറഞ്ഞോ ചിലപ്പോള്‍ തീരെ ഇല്ലാതെയോ ആകാം. അത്തരം ഘട്ടങ്ങളില്‍ അങ്ങനെ ഇല്ലാതായ മൂലകങ്ങള്‍  മണ്ണില്‍ ചേര്‍ക്കുന്നതിനാണ്  രാസവളം.  അതിനര്‍ത്ഥം ആവശ്യമില്ലാത്ത മൂലകങ്ങളും  വെറുതെ കണ്ടമാനം ചേര്‍ക്കണം എന്നല്ല.  ഉദാഹരണത്തിന്  ചിലപ്പോള്‍  സസ്യങ്ങളുടെ ഇലയ്ക്ക് പച്ചപ്പ് നഷ്ടപ്പെട്ട്  മഞ്ഞ നിറം വ്യാപിക്കുന്നത് കാണാം.  എന്താണതിന് കാരണം ? അവിടെ മണ്ണില്‍ മെഗ്നീഷ്യം എന്ന മൂലകം കുറവാണ് എന്നതാണ് കാരണം.  അപ്പോള്‍ മെഗ്നീഷ്യം ഉള്ള രാസവളം ചേര്‍ക്കുകയാണ് വേണ്ടത്.  പച്ചിലകളില്‍ ധാരാളം മെഗ്നീഷ്യം ഉണ്ട്. എന്ന് വെച്ച് അവിടെ തൂപ്പ് (പച്ചിലകള്‍) ഇട്ട് കൊടുത്താല്‍ അതില്‍  സൂക്ഷ്മജീവികള്‍ പ്രതിപ്രവര്‍ത്തിച്ച് അതിലെ മെഗ്നീഷ്യം വേര്‍തിരിക്കുമ്പോഴേക്കും സസ്യങ്ങള്‍ എല്ലാം നശിച്ചിരിക്കും.

മെഗ്നീഷ്യത്തിന്റെ പ്രാധാന്യം അറിയാമോ?  സസ്യങ്ങളുടെ ഇലകള്‍ക്ക് പച്ചനിറം ഉണ്ടാകുന്നത് അതിലെ ക്ലോറോഫില്‍ എന്ന സംയുക്തം നിമിത്തമാണ്.  നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിനും ക്ലോറോഫില്ലിനും ഒരേ രാസഘടനയാണ്.

ഹീമോഗ്ലോബിലുള്ള  ഇരുമ്പിന്റെ സ്ഥാനത്ത് ക്ലോറോഫില്ലില്‍ ഉള്ളത് മെഗ്നീഷ്യം ആറ്റം. അതാണ് വ്യത്യാസം. ഹീമോഗ്ലോബിന് ചുകപ്പ് നിറം നല്‍കുന്നത് ഇരുമ്പ് ആണെങ്കില്‍ ക്ലോറോഫില്ലിന് പച്ചനിറം നല്‍കുന്നത് മെഗ്നീഷ്യം ആണ്.  ഹീമോഗ്ലോബിനാണ് നാം ശ്വസിക്കുന്ന പ്രാണവായുവിനെ (ഓക്സിജന്‍ )  ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും എത്തിക്കുന്നത്. ക്ലോറോഫില്‍ ആണ്  ഇലകളില്‍ വെച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍‌ഡൈയോക്സൈഡും  മണ്ണില്‍ നിന്ന് വലിച്ചെടുക്കുന്ന ജലവും  സൂര്യപ്രകാശവും ഉപയോഗിച്ചു അവയ്ക്ക് ആവശ്യമായതും  എല്ലാ ജീവരാശികള്‍ക്കുമാവശ്യമായതുമായ ആഹാരം(അന്നജം) നിര്‍മ്മിക്കുന്നത്. അതായത് ആഹാരം നിമ്മിക്കാനുള്ള കഴിവ് പ്രകൃതിയില്‍ പച്ചിലകള്‍ക്ക് മാത്രമേയുള്ളൂ. അത് നിര്‍വ്വഹിക്കുന്നത് ഇലകളിലെ ക്ലോറോഫില്‍ എന്ന സംയുക്തവും.

(രക്തത്തെ പറ്റി ഒരു തമാശ. നിങ്ങള്‍ക്ക് ശരീരത്തില്‍ രക്തം കുറവാണെന്ന് ഡോക്ടര്‍ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എങ്കില്‍ അത് ശരിയല്ല. രക്തം ആര്‍ക്കും ഒരിക്കലും കുറയില്ല. കുറവ് വന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശമാണ്. അത്കൊണ്ടാണ് ഡോക്ടര്‍ അയേണ്‍ ഗുളിക എഴുതിത്തരുന്നത്.  ഇരുമ്പ് കുറയുമ്പോള്‍ ഹീമോഗ്ലോബിന്റെ അളവ് കുറയും. ഹീമോഗ്ലോബിന്‍ കുറഞ്ഞാല്‍ ശരീരകോശങ്ങളില്‍ എത്തുന്ന ഓക്സിജന്റെ അളവ് കുറയും. ഫലം വിളര്‍ച്ച അഥവാ അനീമിയ. ഇതൊന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല എന്നത്കൊണ്ടായിരിക്കണം ഡോക്ടര്‍ നാട്ടുനടപ്പ് അനുസരിച്ച് രക്തം കുറവ് എന്ന് പറയുന്നത്.)

സസ്യങ്ങള്‍ക്ക്  അവയുടെ നിലനില്‍പ്പിന് 16 തരം മൂലകങ്ങള്‍  വേണം.  ഇതിനെ അത്യാവശ്യമൂലകങ്ങള്‍ എന്ന് പറയും. ഏതെങ്കിലും ഒന്ന് കുറഞ്ഞ്പോയാല്‍ സസ്യത്തിന്റെ വളര്‍ച്ച ആരോഗ്യകരമായിരിക്കില്ല.  ആവശ്യത്തില്‍ അധികമായി ഒന്നും സസ്യത്തില്‍ എത്തുകയില്ല എന്നും മനസ്സിലാക്കണം. നമ്മള്‍ അധികം എന്തെങ്കിലും ഇട്ടുകൊടുത്താല്‍ അതൊന്നും സസ്യം സ്വീകരിക്കുകയില്ല. ആന്തരികമായ പരിസ്ഥിതി സസ്യങ്ങളില്‍ എപ്പോഴും ഒരേ പോലെയായിരിക്കും എന്നര്‍ത്ഥം.  എന്തൊക്കെയാണ് ഈ 16 മൂലകങ്ങള്‍ ?  അവ ഇംഗ്ലീഷില്‍ എഴുതാം: Carbon(C), hydrogen(H), oxygen(O), nitrogen(N), phosphorous(P), sulphur(S), potassium(K), calsium(Ca),magnesium(Mg), iron(Fe), manganese(Mn), zinc(Zn), copper(Cu), molybdenum(Mb), boron(B) and chlorine(Cl) . ഇതില്‍  കാര്‍ബണ്‍ , ഹഡ്രജന്‍ , ഓകിസിജന്‍ , നൈട്രജന്‍ , പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ്,മെഗ്നീഷ്യം, സല്‍ഫര്‍ തുടങ്ങിയ ഒന്‍പത് മൂലകങ്ങളെ  മാക്രോന്യൂട്രിയന്റ്സ് എന്നാണ് പറയുക.  അവ കൂടിയ അളവില്‍ സസ്യങ്ങള്‍ക്ക് വേണം. അതിലും ഓക്സിജനും ഹൈഡ്രജനും ജലത്തില്‍ നിന്നും കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്നും ലഭിക്കും. ബാക്കി വരുന്ന ആറ് മൂലകങ്ങളാണ് മണ്ണില്‍ ഇട്ടുകൊടുക്കേണ്ടത്. ഇവിടെയാണ് രാസവളങ്ങളുടെ ആവശ്യം വരുന്നത്. സ്വാഭാവികമായി അളവില്‍ കൂടാതെ ഇവ സസ്യങ്ങള്‍ക്ക് ഇട്ടുകൊടുക്കുന്നതില്‍ ഗുണമില്ലാതെ ദോഷമേയില്ല.   പിന്നെ വരുന്ന ഇരുമ്പ്(iron) , ക്ലോറിന്‍ , കോപ്പര്‍ , മാംഗനീസ്, സിങ്ക്, മൊളീബ്‌ഡിനം, ബോറോണ്‍ മുതലായ ഏഴ് മൂലകങ്ങള്‍ മൈക്രോ ന്യൂട്രിയന്റ്സ് ആണ്. അവ നേരിയ തോതിലേ ആവശ്യമുള്ളൂ എന്നതിനാല്‍ അവയുടെ കുറവ് മണ്ണില്‍ വരാന്‍ സാധ്യതയില്ല.

( തുടരും)